Current Date

Search
Close this search box.
Search
Close this search box.

ബില്‍ക്കീസ് ദാദി; പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം!

കഴിഞ്ഞ ദിവസം ടൈം മാഗസിന്‍ പുറത്തുവിട്ട 2020ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഷാഹിന്‍ബാഗ് സമരനായിക ബില്‍ക്കീസ് ദാദി ഇടംപിടിച്ചത് പുതിയൊരു ചരിത്രമാവുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹിന്‍ബാഗില്‍ ആരംഭിച്ച പ്രതിഷേധക്കൂട്ടായ്മയില്‍ മുന്‍നിരയില്‍ നിന്ന് സമരം നയിച്ച എണ്‍പത്തിരണ്ടുകാരിയാണ് ബില്‍ക്കീസ് ദാദി. തന്റെ പ്രായവും ഡല്‍ഹിയിലെ മരം കോച്ചുന്ന തണുപ്പും മഴയും വകവെക്കാതെയാണ് ഷാഹിന്‍ബാഗിന്റെ ദാദി എന്ന് വിശേഷിപ്പിക്കപ്പെട്ട ബില്‍ക്കീസ് 101 ദിവസം സി.എ.എ വിരുദ്ധ സമരത്തില്‍ നൂറുക്കണക്കിന് സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കി കുത്തിയിരിപ്പ് സമരം നടത്തിയത്. തുല്യനീതിക്ക് വേണ്ടിയുള്ള സമകാലിക ഇന്ത്യയുടെ പോരാട്ടത്തിന്റെ മുഖമാണ് ബില്‍ക്കീസ്. 82-ാം വയസ്സിലും തന്റെയും തന്റെ ചുറ്റുമുള്ളവരുടേയും പൗരത്വം സംരക്ഷിക്കാന്‍ സമരമുഖത്തേക്കിറങ്ങേണ്ടി വന്നത് ഫാഷിസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പോരാട്ടചരിത്രത്തില്‍ എക്കാലത്തും ഓര്‍മിക്കപ്പെടേണ്ട അധ്യായമാണ്!. ഭൂരിപക്ഷരാഷ്ട്രീയം സ്ത്രീകളുടേയും ന്യൂനപക്ഷങ്ങളുടേയും ശബ്ദങ്ങള്‍ ആസൂത്രിതമായി ഇല്ലായ്മ ചെയ്യുന്ന ഒരു രാജ്യത്ത് ചെറുത്തുനില്‍പ്പിന്റെ പ്രതീകമാകാനും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമാകാനും ബില്‍ക്കീസിന് കഴിഞ്ഞുവെന്ന് ടൈം മാഗസിന് വേണ്ടി ബില്‍ക്കീസിന്റെ പ്രൊഫൈല്‍ തയ്യാറാക്കിയ പ്രമുഖ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് വിശേഷിപ്പിച്ചു.

ഒരു കൈയ്യില്‍ തസ്ബീഹ് മാലയും മറു കൈയ്യില്‍ ദേശീയപതാകയുമേന്തി രാവിലെ മുതല്‍ അര്‍ധരാത്രി വരെ സമരത്തിന്റെ ഭാഗമായിരുന്ന ബില്‍ക്കീസ് നേരത്തെത്തന്നെ വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഠിനമായ ഈ ശൈത്യകാലത്ത് ഈ പ്രായത്തിലും പകലും രാത്രിയും ഇങ്ങനെ തുറന്ന സ്ഥലത്ത് സമരം ചെയ്യുന്നതെന്തിനാണെന്ന ചോദ്യങ്ങള്‍ക്ക് ബില്‍ക്കീസ് നല്‍കിയ ഉത്തരം എല്ലാ സമരപോരാളികള്‍ക്കും വലിയ ആത്മവിശ്വാസം നല്‍കുന്നതും പ്രചോദനം നല്‍കുന്നതുമായിരുന്നു. ഞങ്ങള്‍ക്ക് പ്രായമുണ്ട്, എന്നാല്‍ ഇത് നമുക്ക് വേണ്ടി മാത്രം ചെയ്യുന്ന സമരമല്ല. ഇത് ഈ രാജ്യത്തിലെ കുട്ടികള്‍ക്കുള്ളതാണ്. ഈ രാജ്യത്തിലെ കുട്ടികള്‍ സമത്വത്തിന്റെയും നീതിയുടേയും വായു ശ്വസിക്കുന്നതിനായി തന്റെ ഞരമ്പുകളിലെ രക്തയോട്ടം നിലക്കുന്നതുവരെ, അവസാനശ്വാസം വരെ താന്‍ ഈ സമരം തുടരുമെന്നായിരുന്നു അന്ന് അവര്‍ സമരപ്പന്തലില്‍ നിന്നും ഉറക്കെ പ്രഖ്യാപിച്ചിരുന്നത്.

Also read: ഇഖ്‌വാനുൽ മുസ്‌ലിമൂൻ ജോർദാൻ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ!

ജനുവരി 26 റിപ്പബ്ലിക്ക് ദിനാഘോഷത്തിനായി നൂറുക്കണക്കിന് ആളുകള്‍ ഷാഹിന്‍ ബാഗില്‍ ഒരുമിച്ച് കൂടിയപ്പോള്‍ രോഹിത് വെമുലയുടേയും ജുനൈദ് ഖാന്റെയും അമ്മമാരോടൊന്നിച്ച് ബില്‍ക്കീസ് ആയിരുന്നു ദേശീയ പതാക ഉയര്‍ത്തിയിരുന്നത്. അന്നവിടെ ഷാഹിന്‍ ബാഗിന്റെ ദാദിയെക്കുറിച്ചുള്ള കവിതകളും വിപ്ലവഗാനങ്ങളും ഗ്രാഫിറ്റി ആര്‍ട്ടുകളുമൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നു. ഫെബ്രുവരിയില്‍ ഷാഹിന്‍ ബാഗ് സമരപ്പന്തലിനടുത്ത് സായുധസംഘത്തിന്റെ വെടിവെയ്പ് ഉണ്ടായ സമയത്ത് പോലും ബില്‍ക്കീസ് വിറച്ചിരുന്നില്ല. ബുള്ളറ്റുകള്‍ കൊണ്ട് ഞങ്ങളെ ഭയപ്പെടുത്താനാവില്ലെന്നായിരുന്നു അന്ന് അവര്‍ ധീരമായി പ്രഖ്യാപിച്ചത്. ആ പോരാട്ടവീര്യത്തിനുള്ള അംഗീകരമാണ് ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ബില്‍ക്കീസിനെയും ഉള്‍പ്പെടുത്തി ടൈം മാഗസിന്‍ നല്‍കിയിട്ടുള്ളത്.

ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമാക്കി പ്രസിദ്ധീകരിച്ചുവരുന്ന അമേരിക്കന്‍ പ്രതിവാര വാര്‍ത്താമാസികയാണ് ടൈം. 1923ലാണ് ടൈം മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. എന്നാല്‍ 1999ലാണ് അമേരിക്കയിലെ പ്രമുഖരായ അക്കാദമീഷ്യന്‍സ്, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്കിടയില്‍ നടന്ന ഒരു സംവാദത്തിന്റെ ഫലമെന്നോണം ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ വാര്‍ഷിക പട്ടിക ആദ്യമായി ടൈംസ് പുറത്തിറക്കുന്നത്. പിന്നീട് അത് ലോകത്ത് വലിയ പ്രചാരമുള്ള ഒരു വാര്‍ഷിക ഇവന്റ് ആയി മാറുകയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കലാകാരന്മാര്‍, നേതാക്കള്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റ്, സംരംഭകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഓരോ വര്‍ഷവും ഏറ്റവും മികച്ച 100 പേരുടെ പട്ടിക തയ്യാറാക്കുന്നത്. 2014ല്‍ അധികാരത്തില്‍ വന്നതിന് ശേഷം മോദി നാല് തവണ പട്ടികയില്‍ പ്രത്യക്ഷെപ്പെടുകയുണ്ടായി. 2014, 2015, 2017 വര്‍ഷങ്ങളില്‍ പട്ടികയില്‍ പ്രധാനമന്ത്രി മോദിയുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം പട്ടികയിലുള്ള മോദിയെപ്പറ്റി ടൈം മാഗസിന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് കാള്‍ വിക് എഴുതിയ കുറിപ്പ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഏഴ് പതിറ്റാണ്ടിലേറെയായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നിലകൊണ്ട ഇന്ത്യയുടെ ജനാധിപത്യസംവിധാനങ്ങളെ മോദി എങ്ങനെയാണ് തകര്‍ത്തതെന്നും ബഹുസ്വരതയെ മോദി എങ്ങനെയാണ് തകിടം മറിച്ചതെന്നതുമൊക്കെയാണ് കുറിപ്പില്‍ പറയുന്നത്.

Also read: ബിൽകീസും മോഡിയും ടൈം മാഗസിന്റെ നൂറിൽ എണ്ണുമ്പോൾ

ഇന്ത്യയില്‍ നിന്നും അഞ്ച് പേരാണ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാന, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ, പ്രഫസര്‍ രവീന്ദ്ര ഗുപ്ത എന്നിവരാണ് മറ്റുള്ളവര്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ്, ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍ പിംഗ് തുടങ്ങിയവരൊക്കെ പട്ടികയിലുണ്ട്.

Related Articles