Current Date

Search
Close this search box.
Search
Close this search box.

ജനതയെ മാറ്റാനാവാത്ത തിരഞ്ഞെടുപ്പുകള്‍

ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഘട്ടങ്ങള്‍ ഓരോന്നോരോന്നായി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ ശ്രദ്ധിച്ചില്ലേ, ഇരുപതില്‍ ഇരുപതും അടിച്ചെടുക്കുമെന്ന് ഓരേ സമയം കേരളത്തിലെ ഇരുമുന്നണികളുടെ നേതാക്കളും അവകാശപ്പെടുന്നു. ദേശീയ നേതാക്കളും സമാനമായ പ്രസ്താവനകള്‍ നടത്തുന്നത് കാണാം. രാഷ്ട്രീയ, കക്ഷി നേതാക്കളുടെ സ്വാഭാവിക അവകാശ വാദങ്ങള്‍ മാത്രം എന്ന് അത്തരം പ്രസ്താവനകളെ സാമാന്യമായി പറയാം. ഏതെല്ലാം സീറ്റുകള്‍ തങ്ങള്‍ക്ക് സുനിശ്ചിതങ്ങളാണ്, ഏതെല്ലാം നഷ്ടപ്പെടാനിരിക്കുന്നു , എവിടെയല്ലാമാണ് പ്രവചനാതീതമായ സാഹചര്യമുള്ളത് എന്നതിനെ സംബന്ധിച്ചെല്ലാം എറെക്കുറെ കൃത്യമായ കണക്കുകള്‍ അവരുടെ കൈവശമുണ്ട്. അവരത് അടക്കം പറയുകയും ചെയ്യും. പക്ഷെ, വലിയ പ്രതീക്ഷകളോടെയാണവര്‍ സംസാരിക്കുക.

അതത്ര ചെറിയ കാര്യമല്ല. കാരണം. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തി യാഥാര്‍ഥ്യം വിളിച്ചു പറയുക എന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല. ഒരു ശാസ്ത്രീയ പ്രവര്‍ത്തനമാണ്. ജനതക്ക് പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടിരിക്കുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. പ്രതീക്ഷകളെ കൈവിടാതിരിക്കുക എന്നതാണ് രാഷ്ട്രീയ ബോധം.

വോട്ടെണ്ണുമ്പോള്‍ ഇന്ത്യയുടെ വിധി എന്താകും? കഴിഞ്ഞ പത്തവര്‍ഷത്തെ അനുഭവത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു യാഥാര്‍ഥ്യത്തിലേക്ക് രാജ്യം സഞ്ചരിക്കുമോ? അതിനുള്ള സാധ്യതകള്‍ എത്രയാണ്? പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ധാരാളമുണ്ട്. പ്രതീക്ഷകള്‍ യുക്തിസഹമെന്നല്ല, അതിനേക്കാള്‍ കൂടുതലായി മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന, മേല്‍പറഞ്ഞ രാഷ്ട്രീയബോധം നല്‍കുന്ന പ്രത്യാശയാണത്.

ഘനാന്ധകാരം പേടിപ്പെടുത്തുമ്പോഴും ചെറുകിരണങ്ങള്‍ അങ്ങിങ്ങായി മിന്നിമറിയുന്നത് കാണാനാവുന്നവര്‍ക്കേ തന്നെയും തന്റെ കൂടെയുള്ളവരെയും മുന്നോട്ട് നയിക്കാനാവൂ. ഒരുപക്ഷേ, ജനാധിപത്യ ഇന്ത്യ ഇപ്പോഴും ജനതക്കായി അവശേഷിപ്പിച്ച ആകാശക്കീറുകളിലൊന്നാണ് തിരഞ്ഞെടുപ്പ്. അതിനെ ഒരിക്കല്‍ കൂടി അഭിമുഖീകരിക്കാനവസരം ലഭിച്ചിരിക്കുന്നു എന്ന ആഹ്ലാദമാണ് ഈ പ്രത്യാശക്കാധാരം. ഇപ്പോള്‍ ബി.ജെ.പി തോറ്റാല്‍ നമുക്കിനിയും പോളിംഗ് ബൂത്തിലെത്താം. ഇല്ലെങ്കില്‍ നമുക്കിനി ഈ വഴി വരേണ്ടിവരില്ലെന്ന് കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനായി വരി നിന്നപ്പോള്‍ തൊട്ടുപിറകിലും മുന്നിലുമുള്ളവരോട് എത്രയധികം പേര്‍ ഹാസ്യഭാവത്തില്‍ ആശങ്ക പങ്കുവെച്ചിട്ടുണ്ടാവും!

കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നരേന്ദ്രമോദിയും സംഘ്പരിവാറും ചേര്‍ന്ന് ഇന്ത്യയെ കൊണ്ടെത്തിച്ചിടത്തുനിന്നുമാണ് ഇന്ത്യക്ക് കയറിവരാനുള്ളത്. അതാകട്ടെ ആഴമുള്ള ഗര്‍ത്തവുമാണ്. സ്വതന്ത്ര മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നുവീഴുന്നത് കണ്‍മുമ്പില്‍ നാം കണ്ടു. വെറുപ്പിന്റെയും ഹിംസയുടെയും വ്യാപനം, അധികാര ദുരുപയോഗം, മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തല്‍, ജനാധിപത്യ സ്ഥാപനങ്ങളുടെ വരിയുടക്കല്‍ അങ്ങനെ തുടങ്ങി, ഹിന്ദുത്വഫാഷിസത്തിന്റെ വിഷം ഓരോ രോമകൂപങ്ങളിലൂടെയും രാഷ്ട്രശരീരത്തില്‍ പ്രവേശിച്ചു. വിയോജിക്കുന്നവര്‍ നാനതരം പീഡനപര്‍വങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നു.

ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യമോ? ഭരിക്കുന്ന കക്ഷിക്ക് മുസ്‌ലിം എം.പിമാരോ എം.എല്‍.എമാരോ പേരിന് പോലുമില്ലാത്ത സ്ഥിതി. വിദ്വേഷവും വിവേചനവും ഭരണകൂടരൂപമാര്‍ജിച്ചു. നിസ്സഹായതയുടെ ആഴങ്ങളിലേക്ക് ഇരുപത് കോടി കവിയുന്ന രാജ്യത്തെ വലിയ ന്യൂനപക്ഷ സമുദായം അനുദിനം താഴ്ന്നുപോയിക്കൊണ്ടിരിന്നു. അവര്‍ക്കൊപ്പം നില്‍ക്കുന്നത് വോട്ട് നഷ്ടപ്പെടാന്‍ കാരണമാകുമെന്നതിനാല്‍ പാര്‍ട്ടികള്‍ അവരുടെ പേരുച്ഛരിക്കുന്നില്ല. അത് വളര്‍ന്ന് വികസിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുസ്‌ലിം ലീഗ് കൊടി പോലും കഴിയില്ലെന്ന അവസ്ഥ കേരളത്തിലുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ നാസി ജര്‍മനിയെയും ഇറ്റലിയെയും ഓര്‍മിപ്പിക്കുന്ന വാര്‍ത്തകള്‍ ഇന്ത്യയെ സംബന്ധിച്ച് ആഗോള മാധ്യമങ്ങളില്‍ സാധാരണമായി. ബാബരി മസ്ജിദ് അടക്കമുള്ള വിഷയങ്ങളിലെ വിധികള്‍ നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷയര്‍പ്പിക്കാനാവാത്ത സാഹചര്യമുണ്ടാക്കി.

മുസ്‌ലിം ആരാധനാലയങ്ങള്‍ക്കും മതജീവിതത്തിനും നേരെ നടന്ന കയ്യേറ്റങ്ങള്‍, ഹിജാബ് നിരോധനം, ബീഫ് കൊലകള്‍, പാര്‍ലമെന്റിനെ വെറും നോക്കുകുത്തി മാത്രമാക്കിയ സന്ദര്‍ഭങ്ങള്‍, പൗരത്വനിയമം, ആക്ടിവിസ്റ്റുകള്‍ക്കും പ്രതിപക്ഷത്തെ നേതാക്കള്‍ക്കും നേരെയുള്ള നിയമനടപടികള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരെ രാജ്യദ്രോഹക്കേസുകള്‍ ചുമത്തിയത്, മാധ്യമമേഖലയിലെ കൈകടത്തലുകള്‍, വെറുപ്പും ഹിംസാത്മക മതദേശീയതയും പ്രചരിപ്പിക്കാന്‍ മാത്രമായി പടച്ചുവിട്ട സിനിമകള്‍, സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ ഭരണം, ഫെഡറലിസത്തിനു നേരെയുള്ള കയ്യേറ്റം, കുല്‍സിതമായ വിദ്യാഭ്യാസനയം, മിത്തുകളെ ചരിത്രവസ്തുതകളാക്കുന്ന നീചനീക്കങ്ങള്‍, ചരിത്രത്തില്‍ നടത്തിയ കൈക്രിയകള്‍, മുത്തലാഖ് നിയമത്തിലൂടെ മുസ്‌ലിം സമുദായത്തിന്റെ മാത്രം വിവാഹമോചനത്തെ കുറ്റകരമാക്കിയ നടപടി, രാഷ്ട്രീയ രംഗത്ത് നടന്ന കുതിരക്കച്ചവടത്തിലൂടെ സംസ്ഥാനങ്ങളില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചത്, പൗരന്മാരില്‍ ഒരു വലിയ വിഭാഗത്തെ വെറുപ്പിന്റെയും ഹിംസയുടെയും ആള്‍രൂപങ്ങളാക്കി, പൗരന്‍മാര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് താഴുന്നു. അദാനിയുടെയും അംബാനിയുടെയും സ്വത്ത് നാള്‍ക്കുനാല്‍ അതിവേഗം വര്‍ധിക്കുന്നു. സമത്വസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 123 ആണ്.. ഈ പട്ടികയെ എത്രവേണമെങ്കിലും നീട്ടിക്കൊണ്ടുപോകാവുന്നതാണ്. ഭീതിയാണ് രാജ്യത്തെ ചൂഴ്ന്നുനില്‍ക്കുന്ന വികാരം. ചുരുക്കത്തില്‍, ആരിലും എല്ലാം അവസാനിച്ചു എന്ന ആത്മഗതം സൃഷ്ടിക്കാന്‍ മതിയായ അവസ്ഥയാണ് ഇന്ത്യയില്‍.

ഇത്രയൊക്കെയായിട്ടും വര്‍ഗീയാന്ധത ബാധിച്ച ജനതക്ക് ഒരു വീണ്ടുവിചാരമുണ്ടോ? രാജ്യത്തെ ഇക്കോലത്തലെത്തിച്ച നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഭരണവ്യവസ്ഥയും ഇപ്പോഴും ജനപ്രിയമാണത്രെ. അതിനേക്കാള്‍ ഉപരി ജനതയ്ക്കിഷ്ടം സ്വോഛാധിപത്യവും പട്ടാളഭരണവുമൊക്കെയാണത്രെ. പ്യൂ റിസര്‍ച്ച് സെന്‍ററിന്‍റെ  2023 ലെ ആഗോള മനോഭാവ സര്‍വേ  അനുസരിച്ച് പ്രാതിനിധ്യ ജനാധിപത്യ ഭരണസംവിധാനത്തിന് പകരം ജനാധിപത്യവിരുദ്ധ ഭരണത്തെ പിന്തുണക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. 77 ശതമാനം പേര്‍ ജനാധിപത്യത്തോട് താല്‍പര്യമുള്ളവരാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ ഭരണരീതികളോട് 59 ശതമാനം പേര്‍ക്കും യോജിപ്പില്ല.

സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 85 ശതമാനവും മിലിറ്ററി ഭരണം അല്ലെങ്കില്‍ സ്വോഛാധിപതിയായ ഓരാള്‍ ഭരിക്കുന്നതിനെ ഇഷ്ടപ്പെടുന്നുവത്രെ. 2017ല്‍ മികച്ച ഭരണരീതി പ്രാതിനിധ്യ ജനാധിപത്യം മികച്ച ഭരണരീതിയാണ് എന്ന് അഭിപ്രായപ്പെട്ടവര്‍ 44 ശതമാനമായിരുന്നു. 2023 ല്‍ അത് 36 ശതമാനമായി കുറഞ്ഞിരിക്കുന്നു. 67 ശതമാനം പേര്‍ക്കും സ്വോഛാധിപത്യഭരണത്തെയും 72 ശതമാനം പേര്‍ പട്ടാളഭരണത്തെയും പിന്തുണക്കുന്നു എന്നാണ് സര്‍വേ പറയുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന കാര്യത്തിലും ഭൂരിപക്ഷത്തിനും യോജിപ്പില്ല.

സര്‍വേ ഫലം അല്‍ഭുതപ്പെടുത്തുന്നുണ്ടാവാം. അതുകൊണ്ട് തന്നെ അതിന്റെ സാമ്പ്ലിങ്ങിനെ സംബന്ധിച്ചും ഘടനയെ സംബന്ധിച്ചും മൗലികതയെ കുറിച്ചും സംശയങ്ങളാവാം. അതേസമയം, പ്രോജ്വലമായ ജനാധിപത്യ ഭരണസംവിധാനവും അനുഭവവുമുള്ള ജനത എന്ന് ആഗോളതലത്തില്‍ വിലയിരുത്തപ്പെടുമ്പോഴും അകമേ ജനാധിപത്യ വിരുദ്ധരാകുന്നതിന്റെ കാരണം എന്തെന്ന അന്വേഷണം പ്രസക്തമാണ്. ജാതിചിന്തയും രാജഭരണത്തിന്റെയും അധിനിവേശത്തിന്റെയും അനുഭവങ്ങളും ഇന്ത്യന്‍ ജനതയിലുണ്ടാക്കിയ മാറ്റങ്ങള്‍ ആഴമുള്ളതും വ്യാപ്തിയുള്ളതും സങ്കീര്‍ണവുമാണ്. അതില്‍നിന്നും ജനതയെ മോചിപ്പിക്കാനും അവരില്‍ യഥാര്‍ഥ ജനാധിപത്യബോധം വളര്‍ത്തിയെടുക്കാനും കഴിഞ്ഞ 75 വര്‍ഷത്തിലൂടെ നമുക്കായിട്ടില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്.

അതല്ല, ജനാധിപത്യവും ജനതയെ അടിമകളാക്കിയോ? നമ്മളിപ്പറയുന്ന ജനാധിപത്യത്തിന് തന്നെ മൗലികമായ കുഴപ്പമുണ്ടോ? ജനാധീപത്യത്തിന്റെ അടിമയാവുന്നതിനേക്കാള്‍ എന്തെളുപ്പം ഒരു സ്വോഛാധിപതിയുടെ അടിമയായിരിക്കാന്‍, എന്ന് ജനത ചിന്തിച്ചു കാണുമോ? ജനങ്ങളെ പിരിച്ചുവിട്ട് പുതിയൊരു ജനതയെ തിരഞ്ഞെടുക്കുന്നതല്ലേ മെച്ചമെന്ന ചോദ്യം ബര്‍തോള്‍ഡ് ബ്രഹ്തിന്റെതാണ്. ഇങ്ങനെയൊക്കെയുള്ള ചിന്ത സങ്കീര്‍ണതയിലേക്ക് നയിക്കും. അതിനാല്‍ നാം ലളിതമായി, ഭരണകൂടത്തെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷകളും പ്രത്യാശകളുമര്‍പ്പിക്കുന്നു. നമ്മുടെ പരമിതിയും അതാണ്.

Related Articles