Current Date

Search
Close this search box.
Search
Close this search box.

മകനുമായുള്ള നൂഹ് നബിയുടെ സംഭാഷണം

 ﴿وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَى نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَابُنَيَّ ارْكَبْ مَعَنَا وَلَا تَكُنْ مَعَ الْكَافِرِينَ* قَالَ سَآوِي إِلَى جَبَلٍ يَعْصِمُنِي مِنَ الْمَاءِ قَالَ لَا عَاصِمَ الْيَوْمَ مِنْ أَمْرِ اللَّهِ إِلَّا مَنْ رَحِمَ وَحَالَ بَيْنَهُمَا الْمَوْجُ فَكَانَ مِنَ الْمُغْرَقِينَ﴾ [هود: 42- 43].

‘മലപോലുള്ള തിരമാലകള്‍ക്കിടയിലൂടെ കപ്പല്‍ ഓടിക്കൊണ്ടിരിക്കുകയാണ്. നൂഹ് നബി(അ) തന്‍റെ പുത്രന്‍ കന്‍ആനെ-അവന്‍ അകലെയൊരിടത്തായിരുന്നു- വിളിച്ചു പറഞ്ഞു: പ്രിയ പുത്രാ, ഞങ്ങളൊന്നിച്ചു കയറൂ; സത്യനിഷേധികളുടെ കൂടെ നീ ആയിപ്പോകരുത്. അവന്‍ പ്രതികരിച്ചു: ജലപ്രളയത്തില്‍ നിന്നു സംരക്ഷിക്കുന്ന ഒരു മലയില്‍ ഞാനഭയം തേടുന്നതാണ്. നബി പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്നു സംരക്ഷണം തരുന്ന ഒരാളും-അവന്‍റെ കാരുണ്യവിധേയരൊഴികെ- ഇന്നുണ്ടാവില്ല. (പെട്ടെന്ന്) തിരമാല ഇരുവര്‍ക്കുമിടയില്‍ മറയിട്ടു. അവന്‍ മുങ്ങിനശിച്ചവരിലകപ്പെട്ടു'(ഹൂദ്: 42,43).

1- മലപോലുള്ള തിരമാലകള്‍ക്കിടയിലൂടെ കപ്പല്‍ ഓടിക്കൊണ്ടിരിക്കുകയാണ്:

ശക്തമായ കാറ്റില്ലാതെ കടലിലെ തിരമാലകളൊരിക്കലും പര്‍വ്വതങ്ങളെപ്പോലെ ഉയര്‍ന്നതാവുകയില്ല. അതിനാല്‍ തന്നെ ശക്തമായ കാറ്റ് കാരണം തിലമാലകള്‍ പര്‍വ്വതങ്ങളെപ്പോലെയായി എന്ന് പറയുന്നതിന് പകരം തിരമാലകളെ പര്‍വ്വതങ്ങളെപ്പോലെയായി എന്നുമാത്രം ഖുര്‍ആന്‍ വിശേഷിപ്പിച്ചു. പര്‍വ്വതങ്ങളെപ്പോലയായി എന്ന് പറഞ്ഞാല്‍ തന്നെ അതിനുള്ള കാരണവും ഏതൊരു വ്യക്തിക്കും നിസ്സംശയം മനസ്സിലാക്കാവുന്നതേയുള്ളൂ. ഉയര്‍ന്ന മലകള്‍ക്ക് സമാനമായി വെള്ളം ഉയര്‍ന്ന് കഴിഞ്ഞാല്‍ സ്വാഭാവികമായും താഴ്വാരങ്ങള്‍ മുഴുവനും അതു മൂടിക്കളയും.

ഖുര്‍ആന്‍ പറഞ്ഞ പ്രളയത്തില്‍ വെള്ളം ഉയര്‍ന്ന മലനിരകളിലെ വീടുകളിലേക്ക് വരെ എത്തിയിരുന്നു. നൂഹ് നബിയുടെ കപ്പല്‍ പൂര്‍ണ്ണമായും അല്ലാഹുവിന്‍റെ നിയന്ത്രണത്തിലായിരുന്നു എന്നതിലേക്കുള്ള സൂചനയാണ് ‘മലപോലുള്ള തിരമാലകള്‍ക്കിടയിലൂടെ കപ്പല്‍ ഓടിക്കൊണ്ടിരിക്കുകയാണ്’ എന്ന ദൈവിക വചനം. അതിനാലാണ് ഉയരത്തിലും വലിപ്പത്തിലും കൂറ്റന്‍ പര്‍വ്വതങ്ങള്‍ പോലെയെന്ന് തിരമാലയെ അല്ലാഹു വിശേഷിപ്പിച്ചത്. എത്ര വലുതും ശക്തവുമായ കപ്പലായിരുന്നാലും അവകളെയെല്ലാം മൂടിക്കളയാന്‍ മാത്രം ശേഷിയുള്ള തിരമാലകളായിരുന്നിട്ടും നൂഹ് നബിയുടെ കപ്പലിന് മാത്രം ഒരു പോറലുമേറ്റില്ല. നൂഹ് നബിയുടെ കപ്പലിനെ തിരമാലകള്‍ ശക്തിയായി ഇടിക്കുകയോ ഇളക്കിമറിക്കുകയോ ചെയ്തില്ല. മറിച്ച്, പര്‍വ്വതങ്ങള്‍ക്ക് സമാനമായ തിരമാലകള്‍ക്കും മീതെ വേഗത്തില്‍ കപ്പല്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. ജൂദി പര്‍വ്വതത്തിലേക്കു അല്ലാഹു വരച്ചിട്ട അതിന്‍റെ യാത്രാവഴിയില്‍ വലിയ തിരമാലകള്‍ കപ്പലിനെ ഇളക്കുകയോ വഴി തടസ്സപ്പെടുത്തുകയോ ചെയ്തില്ല. പര്‍വ്വതങ്ങള്‍ക്ക് സമാനമായി ക്ഷോഭിച്ച് നില്‍ക്കുന്ന തിരമാലകള്‍ക്കിടയിലൂടെയുള്ള ഒരു കപ്പലിന്‍റെ സഞ്ചാരം നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. തിരമാലകള്‍ അതിനെ വിഴുങ്ങിയില്ലെങ്കില്‍ കൂടി അതിന് വേഗതിയില്‍ സഞ്ചരിക്കാനാകില്ല. പക്ഷെ, നൂഹ് നബിയുടെ കപ്പല്‍ നിയന്ത്രിച്ചിരുന്നത് അല്ലാഹുവായിരുന്നു. അതുകൊണ്ട് ഒരുതരത്തിലുമുള്ള കടല്‍ക്ഷോഭത്തെയും അതിന് നേരിടേണ്ടി വന്നില്ല.

Also read: സ്ത്രീ രൂപത്തോട് പുരുഷ മസ്തിഷ്‌കം പ്രതികരിക്കുന്നതെങ്ങനെ?

2- നൂഹ് നബി(അ) തന്‍റെ പുത്രന്‍ കന്‍ആനെ-അവന്‍ അകലെയൊരിടത്തായിരുന്നു- വിളിച്ചു പറഞ്ഞു:

പ്രിയ പുത്രാ, ഞങ്ങളൊന്നിച്ചു കയറൂ; സത്യനിഷേധികളുടെ കൂടെ നീ ആയിപ്പോകരുത്: ‘നൂഹ് നബി തന്‍റെ മകനെ വിളിക്കുന്നു’; ഭയാനകമായ ആ സന്ദര്‍ഭത്തില്‍ നൂഹ് നബി ചുറ്റും നോക്കുന്നു. അന്നേരം വിദൂരതയില്‍ തങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന മകനെ കാണുന്നു. അതോടെ മകനെ രക്ഷിക്കാന്‍ സ്നേഹനിധിയായ പിതാവിന്‍റെ മനസ്സുണരുന്നു. ദുശ്ശാഠ്യക്കാരനായ മകനെ കപ്പലിലേക്ക് വിളിക്കുന്നു.

‘അവന്‍ അകലെയൊരിടത്തായിരുന്നു’; വെള്ളം ഉയരുന്നത് കാരണം നൂഹ് നബിയുടെ വിളിപ്പുറത്ത് നിന്നും വിദൂരത്തൊരിടത്തായിരുന്നു കന്‍ആന്‍. നൂഹ് നബിയുടെ കുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നുംഅകന്ന് ദൂരത്തെവിടെയോ തന്‍റെ സത്യനിഷേധത്തെ മറച്ചുവെച്ച് ജീവിക്കുകയായിരുന്നു കന്‍ആന്‍ എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. ദൂരെ മറ്റൊരു സമൂഹത്തോടൊപ്പം ജീവിക്കുകയായിരുന്ന കന്‍ആന്‍ പിതാവിനെ അനുഗമിക്കാന്‍ താല്‍പര്യപ്പെട്ടില്ലെന്ന് മാത്രമല്ല തന്‍റെ സമൂഹത്തില്‍ നിന്ന് തന്നെമാത്രം സഹായിക്കുന്നതില്‍ അവന്‍ തൃപ്നുമായിരുന്നില്ല എന്ന് പറയുന്നവരുമുണ്ട്.
‘പ്രിയ പുത്രാ, ഞങ്ങളൊന്നിച്ചു കയറൂ’; സ്നേഹവും വാത്സല്യവും കാരുണ്യവും ലാളനയും നന്മയും ഉള്‍ചേര്‍ന്ന വിളിയായിരുന്നു നൂഹ് നബിയുടേത്. തങ്ങളോടൊപ്പം ഈ രക്ഷാ പേടകത്തില്‍ കയറി വിജയിച്ച സത്യവിശ്വാസികളില്‍ പെട്ടവനാകാനായിരുന്നു നൂഹ് നബി വാത്സല്യപൂര്‍വം തന്‍റെ മകനെ വിളിച്ചത്.

‘സത്യനിഷേധികളുടെ കൂടെ നീ ആയിപ്പോകരുത്’; സത്യനിഷേധികളില്‍ ‘പെട്ടവനാ’കരുത് എന്ന് പറയുന്നതിനു പകരും അവരുടെ ‘കൂടെ’യാകരുത് എന്നാണ് നൂഹ് നബി പറഞ്ഞത്. തന്‍റെ വിളിക്ക് മകന്‍ ഉത്തരം നല്‍കാനുള്ള അതിയായ ആഗ്രഹത്തെ വ്യക്തമാക്കുന്നതാണ് ആ വാക്ക്. അങ്ങേയറ്റം സ്നേഹം വെളിവാക്കുന്ന വാക്കാണത്. അല്ലാഹുവിന്‍റെ അനുഗ്രഹംകൊണ്ട് നീ സത്യനിഷേധികളില്‍ പെട്ടവനല്ലെന്നും അവരില്‍ അകപ്പെട്ട് പോകുന്നതില്‍ നിന്നും ഞാന്‍ കാവല്‍ ചോദിക്കുന്നുവെന്നും പറഞ്ഞതിന് ശേഷം ഈയൊരു സന്ദര്‍ഭത്തില്‍ മാത്രമാണ് നീ അവരുടെ കൂടെ നില്‍ക്കുന്നതെന്നും അതിനാല്‍ അവരെവിട്ട് സുരക്ഷിതരായ ആളുകളില്‍ പെട്ടവനാകണമെന്ന് മകനെ ഗുണദോഷിക്കുകയാണ് നൂഹ് നബി.

Also read: നിർഭയർ

നൂഹ് നബിക്ക് തന്‍റെ മകന്‍ സത്യനിഷേധികളില്‍ പെട്ടവനാണെന്ന് അറിയുമായിരുന്നില്ലെന്നും അതിനാലാണ് അവരുടെ ‘കൂടെ’യാകരുത് എന്ന് പറഞ്ഞതെന്നും അല്ലെങ്കില്‍ ഇബ് ലീസിന്‍റെ കാര്യത്തില്‍ ‘അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരുന്നുവെന്ന്'(ബഖറ: 34) കന്‍ആനെ കുറിച്ചും പറയുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. അത്തരത്തിലാണ് അന്ത്യനാളില്‍ അല്ലാഹു സത്യനിഷേധികളെ അഭിസംബോധന ചെയ്യുകയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്; ‘അതെ, എന്‍റെ സൂക്തങ്ങള്‍ നിനക്ക് ലഭിക്കുക തന്നെ ചെയ്തു. എന്നാല്‍ നീ അവ വ്യാജമാക്കുകയും അഹന്ത നടിക്കുകയും നിഷേധികളില്‍ ഉള്‍പെടുകയുമാണുണ്ടായത്'(സുമര്‍: 59).

3- അവന്‍ പ്രതികരിച്ചു:

ജലപ്രളയത്തില്‍ നിന്നു സംരക്ഷിക്കുന്ന ഒരു മലയില്‍ ഞാനഭയം തേടുന്നതാണ്: സ്നേഹപൂര്‍ണമായ പിതൃത്വത്തിന് പലപ്പോഴും നന്ദികെട്ട പുത്രഭാവം വഴിപ്പെടണമെന്നില്ല. അഹങ്കാരികളായ യുവത്വത്തെ ഭയാനകമായ ഭീതിയും പിടികൂടിയെന്ന് വരില്ല. പിതാവ് നൂഹ് നബിയുടെ വാക്കിനെയും സ്നേഹത്തെയും മുഖവിലക്കെടുക്കാതെ വിദൂരതയിലിരുന്നാണ് മകന്‍ കന്‍ആന്‍ ‘ജലപ്രളയത്തില്‍ നിന്നു സംരക്ഷിക്കുന്ന ഒരു മലയില്‍ ഞാനഭയം തേടുന്നതാണ്’ എന്ന് മറുപടി കൊടുക്കുന്നത്. അഥവാ, പ്രകൃതി ദുരന്തങ്ങളില്‍ നിന്നും പ്രകൃതിയില്‍ തന്നെ സംരക്ഷണം തേടുമെന്ന്, അത് മഹാപ്രളയമാണെങ്കിലും ശരി. എന്നാല്‍, അഭയം തേടുന്ന പര്‍വ്വതങ്ങളുടെ പ്രകൃതത്തെക്കാള്‍ ശക്തമായ മറ്റൊന്നുണ്ട്, നിരീശ്വരവാദം. മൂക്കിന് പിന്നിലുള്ളതല്ലാതെ മുന്നില്‍ നടക്കുന്നതൊന്നും അവരുടെ നിരീശ്വരവാദികളുടെ കണ്ണുകളില്‍ പെടില്ല. അതേസമയം, മകന്‍റെ വാക്കുകളോടുള്ള നൂഹ് നബിയുടെ പ്രതികരണം വളരെ സങ്കടം നിറഞ്ഞതായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുള്ളത്. അതില്‍ ദൈവവിശ്വാസത്തെക്കുറിച്ചുള്ള ഉപദേശവും നിരീശ്വരവാദത്തിനും സത്യനിഷേധത്തിനുമുള്ള ശക്തമായ മറുപടിയുമുണ്ടായിരുന്നു.

Also read: ജോര്‍ജ്ജസ് ഇബ്രാഹിം അബ്ദുല്ല; തടവറയില്‍ 36 വര്‍ഷം പിന്നിടുമ്പോള്‍

4- നബി പറഞ്ഞു:

അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്നു സംരക്ഷണം തരുന്ന ഒരാളും-അവന്‍റെ കാരുണ്യവിധേയരൊഴികെ- ഇന്നുണ്ടാവില്ല: അല്ലാഹുവിന്‍റെ കല്‍പന പ്രകാരമുണ്ടായ മഹാപ്രളയത്തില്‍ നിന്നും അല്ലാഹു കരുണ ചെയ്തവര്‍ക്കല്ലാതെ മറ്റാര്‍ക്കുമായില്ല. അല്ലാഹുവിന്‍റെ കാരുണ്യം ലഭിച്ചവരുടെ ഏക ആശ്രയം തന്നെ നൂഹ് നബിയുടെ കപ്പല്‍ മാത്രമായിരുന്നു. പക്ഷെ, നൂഹ് നബിയുടെ മകന്‍ കന്‍ആന്‍ ആ അവസാനത്തെ അഭയകേന്ദ്രവും സ്വീകരിക്കാന്‍ തയ്യാറായില്ല. കാരണം, അകമേ അവന്‍ സത്യവിശ്വാസിയല്ലായിരുന്നു. അവന്‍ അവന്‍റെ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. പിതാവിനും മകനുമിടയിലെ സംഭാഷണം അധിക നേരം നീണ്ടുനിന്നില്ല. വിശ്വാസത്തിന്‍റെ കാര്യത്തില്‍ തന്‍റെ മകന്‍റെ നിലപാട് എന്താണെന്ന് നൂഹ് നബിക്ക് മനസ്സിലാക്കാനുമായില്ല. പെട്ടെന്ന് തന്നെ അവര്‍ക്കിടിയില്‍ കൂറ്റന്‍ തിരമാല മറയിട്ട് അവരുടെ സംഭാഷണത്തെ മുറിച്ചുകളഞ്ഞു. തിരമാല കപ്പലുമായി ദൂരേക്ക് സഞ്ചരിച്ചു. കന്‍ആന് പെട്ടെന്ന് തന്നെ മലമുകളിലേക്ക് ഓടിക്കയറാനായില്ല. അങ്ങനെ അവന്‍ മുങ്ങിനശിച്ചവരിലകപ്പെട്ടു.

5- (പെട്ടെന്ന്) തിരമാല ഇരുവര്‍ക്കുമിടയില്‍ മറയിട്ടു. അവന്‍ മുങ്ങിനശിച്ചവരിലകപ്പെട്ടു:

ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറവും ആ മഹാപ്രളയത്തെ നാം നേരില്‍കാണുന്നതായി സങ്കല്‍പിക്കുന്നു. മലകള്‍പോലെയുള്ള തിരമാലകളിലൂടെ കപ്പല്‍ വിശ്വാസികളുമായി സഞ്ചരിക്കുന്നു. വാത്സല്യനിധിയായ പിതാവ് നൂഹ് നബി മകനെ കപ്പലിലേക്ക് പലതവണയായി വിളിക്കുന്നു. നന്ദികെട്ട മകന്‍ കന്‍ആന്‍ ക്ഷണത്തെ നിരസിക്കുന്നു. വലിയൊരു തിരമാല മിന്നല്‍ വേഗത്തില്‍ വന്ന് മകനെ മൂടിക്കളയുന്നതോടെ എല്ലാം പെടുന്നനെ അവസാനിക്കുന്നു. പിന്നീട് വിളിയും അതിനുള്ള ഉത്തരവുമില്ല. പ്രകൃതിയിലെ ഭയാനകതയുടെ വ്യാപ്തിക്കനുസരിച്ച് തന്നെയാണ് ജീവനുള്ള ശരീരത്തിലെ(പിതാവിനും മകനുമിടയില്‍) ഭയത്തിന്‍റെ വ്യാപ്തിയെയും ഇവിടെ അളക്കുന്നത്. താഴ്വാരങ്ങള്‍ക്ക് ശേഷം തിരമാലകള്‍ കൊടുമുടികള്‍ കീഴടക്കുന്നു. തിരമാലകളും കൊടുമുടികളും ഒരേ ഉയരത്തിലെത്തുന്നു. പ്രകൃതിയിലും മനുഷ്യാത്മാവിലും അതിന്‍റെ ഭയാനകത ഒരുപോലെയാണ്. വിശ്വാസത്തിനും നിരീശ്വരവാദത്തിനുമിടയിലെ സംഭാഷണത്തിനിടയിലെ മറയായിട്ടുകൂടിയാണ് ‘തിരമാല ഇരുവര്‍ക്കുമിടയില്‍ മറയിട്ടു’ എന്ന് അല്ലാഹു പറയുന്നത്. എല്ലാം അറിഞ്ഞിട്ടും അജ്ഞത നടിക്കുന്നതിലെ ദൈവ കോപത്തിന്‍റെ തീക്ഷ്ണതയാണ് ഈ വാക്യത്തില്‍ ഞാന്‍ കാണുന്നത്. നിരീശ്വരവാദത്തെക്കുറിച്ചുള്ള എല്ലാ വ്യര്‍ഥ ഭാഷണങ്ങളും ഉപേക്ഷിച്ചു സത്യമാര്‍ഗത്തിലേക്ക് തിരികെ വരാനുള്ള ഏറ്റവും വലിയ അടയാളമാണ് അല്ലാഹു അവന് കാണിച്ചു കൊടുത്തത്. എന്നിട്ടും അവന്‍ അതിനോട് കണ്ണടച്ച് തനിക്ക് അഭയം കണ്ടെത്താനാകുന്ന പര്‍വ്വതങ്ങളെ മാത്രം തിരഞ്ഞു. അതോടെ ഒരു തിരമാലകൊണ്ട് പെട്ടെന്നുതന്നെ അല്ലാഹു അവനെ മുക്കിക്കളഞ്ഞ് അവിടെ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ലെന്നത് പോലെയാക്കി.

Also read: ശത്രുവും മിത്രവും

ഖുര്‍ആന്‍ പ്രളയത്തെ വിശദീകരിച്ച രീതികള്‍:
1- പര്‍വ്വതങ്ങള്‍ പോലെയുള്ള തിരമാലകളില്‍ സഞ്ചരിക്കുന്ന കപ്പല്‍
2- നൂഹ് നബിക്കും ഒറ്റപ്പെട്ട മകനുമിടയില്‍ മറ സൃഷ്ടിച്ച തിരമാല.
3- ആകാശവാതിലുകളില്‍ നിന്നും തുള്ളിയായി ഇറങ്ങുന്ന വെള്ളം ഭൂമിയിലെ നദികളില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വെള്ളവുമായി കണ്ടുമുട്ടുന്നു.

പ്രളയാനന്തര രംഗങ്ങള്‍:
1- ഭൂമി അതിന്‍റെ ജലത്തെ വീണ്ടും വിഴുങ്ങുന്നു.
2- ആകാശം അതിന്‍റെ മേഘങ്ങളെ മായ്ക്കുന്നു.
3- കപ്പല്‍ ജൂദി പര്‍വ്വതത്തില്‍ നങ്കൂരമിടുന്നു.

അവലംബം:
1- അഹ്മദ് നൗഫല്‍, തഫ്സീറു സൂറത്തി ഹൂദ്, പേ. 162.
2- ഡോ. അലി മുഹമ്മദ് സ്വലാബി, നൂഹ് വ ത്വൂഫാനുല്‍ അളീം, പേ. 309-312.
3- സയ്യിദ് ഖുത്വുബ്, ഫീ ളിലാലില്‍ ഖുര്‍ആന്‍, 4/1878.
4- മുഹമ്മദ് ജമാലുദ്ദീന്‍ ബ്നു ഖാസിമുല്‍ ഹല്ലാഖുല്‍ ഖാസിമി, മഹാസിനുത്തഅ്വീല്‍, പരിഷ്കരിച്ചത്: മുഹമ്മദ് ബാസില്‍ ഉയൂനുസ്സൂദ്, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ബയ്റൂത്ത്, ലബനാന്‍, ആദ്യ പതിപ്പ്, ഹി. 1418, 6/96.
5- മുഹമ്മദ് സഈദ് റമളാന്‍ ബൂത്വി, മിന്‍ റവാഇഇല്‍ ഖുര്‍ആന്‍. പേ. 273.
6- മുഹമ്മദ് മുതവല്ലി അശ്ശഅ്റാവി, ഖസസുല്‍ അമ്പിയാഅ്, 1/55.
7- അല്‍മയ്ദാനി, നൂഹ് വ ഖൗമുഹു ഫില്‍ ഖുര്‍ആനില്‍ മജീദ്, പേ. 29, 121, 122, 162.
8- അഹ്മദുല്‍ കബീസി, മിന്‍ അമ്പാഇല്‍ ഖുറാ, ബര്‍നാമിജു അഹ്സനുല്‍ ഖസസ്, പ്രിന്‍റ്: ഫാത്വിമ മുഹമ്മദ് സിത്തൂന്‍, മുഅസ്സസത്തു രിസാല, ആദ്യ പതിപ്പ്, 2007, പേ. 146.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles