Current Date

Search
Close this search box.
Search
Close this search box.

മകനെ, അതിഥികളെ ആദരവോടെ സ്വീകരിച്ചിരുത്തി ഉചിതമായ രീതിയില്‍ പരിഗണിക്കണം

ഖാബൂസ്‌നാമ - 7

മകനെ, അപരിചിതര്‍ക്ക് ദിവസവും വിരുന്നൊരുക്കരുത്. കാരണം, കുറച്ചു കഴിഞ്ഞാല്‍ ഉചിതമായ രീതിയില്‍തന്നെ നിനക്കത് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞെന്നു വരില്ല. ഒരു മാസം എത്ര തവണ താന്‍ വിരുന്നൊരുക്കുന്നുണ്ടെന്ന് നോക്കുക. അതില്‍ ഓരോ അഞ്ചിനെയും ഒന്നിലേക്ക് ചുരുക്കുക. ആ അഞ്ചെണ്ണത്തിനു വേണ്ടി നീ ചിലവഴിക്കുന്നത് ആ ഒന്നിന് മാറ്റിവക്കുക. നീ ഒരുക്കുന്ന വിരുന്നില്‍ പോരായ്മകളില്ലാതിരിക്കാനും പരദൂഷണക്കാരുടെ വായ അടപ്പിക്കാനും അതാണ് നല്ലത്. വീട്ടിലേക്ക് അതിഥികള്‍ എത്തിക്കഴിഞ്ഞാല്‍ അവര്‍ എത്ര പേരാണെങ്കിലും ഓരോരുത്തരെയും ആദരവോടെ സ്വീകരിച്ച് ഇരുത്തുക. ഉചിതമായ രീതിയില്‍ പരിഗണിക്കുകയും സല്‍ക്കരിക്കുകയും ചെയ്യുക.
അബൂശകൂറുല്‍ ബല്‍ഖിയുടെ ഒരു കവിതയുണ്ട്:
‘സ്‌നേഹിതനാകിലും അല്ലെങ്കിലും
അതിഥിയെങ്കില്‍പിന്‍ ആദരിക്കുക,
രാപകലറിയാതെ!’
തീന്മേശയിലേക്ക് പഴവര്‍ഗങ്ങള്‍ കൊണ്ടുവരപ്പെട്ടാല്‍ നീ കഴിക്കുംമുമ്പ് അവരുടെ മുന്നിലേക്ക് നീക്കിവക്കുക. ആദ്യ അവര്‍ കഴിക്കട്ടെ. അല്‍പ്പം താമസിച്ചേ മറ്റു ഭക്ഷണങ്ങള്‍ കൊണ്ടുവരാവൂ. അതിഥികള്‍ വിളിക്കാതെ നീ അവരോടൊപ്പം കഴിക്കാന്‍ ചെന്നിരിക്കരുത്. പകരം ‘ഞാന്‍ നിങ്ങളെ സേവിച്ചോട്ടെ’ എന്ന് സ്‌നേഹവാക്ക് പറയുക. നിര്‍ബന്ധിച്ചാല്‍ മാത്രം കൂടെയിരുന്ന് കഴിക്കുക. അതുതന്നെ എല്ലാവരും ഇരുന്നെന്ന് ഉറപ്പായതിന് ശേഷം മാത്രം. ഇനി അതിഥികള്‍ ഒരുപാടുണ്ടെങ്കില്‍ അവര്‍ക്കൊപ്പം ഇരിക്കാതിരിക്കുന്നതാണ് നല്ലത്. അതിഥികളോട് ഒരിക്കലും ക്ഷമാപണം നടത്തരുത്. അത് അങ്ങാടി വാണിഭക്കാരുടെ സ്വഭാവമാണ്. ‘നന്നായി കഴിക്കൂ… ഓഹ്, തീരെ കഴിക്കുന്നില്ലല്ലോ… ഒട്ടും മടിക്കേണ്ട, വേണ്ടത് എടുത്തോളൂ… നിങ്ങളെ വേണ്ടപോലെ സല്‍ക്കരിച്ചോ എന്ന് എനിക്കറിയില്ല… അടുത്ത തവണ ഒന്നുകൂടെ നന്നാക്കാം…’ എന്നിങ്ങനെ കൂടെക്കൂടെ പറയുന്നത് ഒഴിവാക്കണം. അതത്ര നല്ല കാര്യമൊന്നുമല്ല. ദശകങ്ങളിലൊരിക്കല്‍ മാത്രം വിരുന്ന് ഒരുക്കുന്നവനാണ് അങ്ങനെ സ്‌നേഹവാക്ക് പറയുക. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം വാക്കുകള്‍ ഭയങ്കര അലോസരമാണുതാനും. അത് അവരില്‍ മടുപ്പ് സൃഷ്ടിക്കുകയും വയറ് നിറയും മുന്നേ അവര്‍ തീന്മേശ വിട്ട് എഴുന്നേല്‍ക്കുകയും ചെയ്യും.
ആതിഥ്യത്തില്‍ ഗീലാനുകാരായ നമുക്ക് പ്രത്യേക ശൈലി തന്നെയുണ്ട്. അതിഥികള്‍ തീന്മേശക്ക് ചുറ്റും ഇരുന്നു കഴിഞ്ഞാല്‍ ഒത്ത നടുവിലായ് വെള്ളത്തിന്റെ കൂജ കൊണ്ടുവന്നു വക്കും. എന്നിട്ട് ആതിഥേയനും വീട്ടുകാരും അകലേക്ക് മാറിനില്‍ക്കും. അവര്‍ക്ക് ഭക്ഷണങ്ങളും പാത്രങ്ങളും വച്ചുകൊടുക്കാന്‍ വേണ്ടി മാത്രം ഒരാളെ നിയമിക്കും. അതുകഴിഞ്ഞാല്‍ അയാളും പിന്മാറും. അതിഥികള്‍ക്ക് സമാശ്വാസത്തോടെ ആവോളം ഭക്ഷിക്കാന്‍ വേണ്ടിയാണത്. കൈകഴുകി കഴിഞ്ഞാല്‍ പനിനീരും സുഗന്ധവും കൈമാറും.
അതിഥികളെ അവര്‍ ആഗ്രഹിക്കുംപോലെ പരിഗണിക്കാനും സേവിക്കാനും നിനക്ക് സാധ്യമാകണം. കാരണം, പുറത്ത് നിന്റെ പ്രശസ്തിയുടെ വളര്‍ച്ചയും വിളര്‍ച്ചയുമെല്ലാം അവരിലൂടെയാണ്. അതിഥിമുറിയില്‍ പിനിനീര്‍പൂവും റൈഹാന്‍ പുഷ്പവും ധാരാളമായി വക്കുക. പറ്റുമെങ്കില്‍ സദസ്സിലേക്ക് നല്ല ഗായകരെ കൊണ്ടുവരിക. അതിഥികള്‍ക്ക് വീഞ്ഞു പകര്‍ന്നുനല്‍കുന്നത് നല്ലതാണോ എന്ന് ഒരുവേള ആലോചിക്കുക. ചില അതിഥികളെ സംബന്ധിച്ചിടത്തോളം വീഞ്ഞും സംഗീതവുമായിരിക്കും അവരെ സന്തുഷ്ടരാക്കുന്നത്. അവിടെ മാത്രം നിന്റെ ആതിഥ്യത്തിന്റെ ന്യൂനത മറയ്ക്കാന്‍ അവ രണ്ടും തരപ്പെടുത്തുക.
മദ്യപാനം പാപമാണ്. സംഗീതം ആസ്വദിക്കുന്നുവെങ്കില്‍ ഹൃദയഹാരിയായവ മാത്രം കേള്‍ക്കുക.  ഞാന്‍ മേല്‍സൂചിപ്പിച്ച കാര്യങ്ങളെല്ലാം ചെയ്തുകഴിഞ്ഞാല്‍ നീ അതിഥികളോടുള്ള ബാധ്യതകളെല്ലാം നിര്‍വഹിച്ചുകഴിഞ്ഞു. ആതിഥേയനായ നിന്നോടും അവര്‍ക്ക് ചില ബാധ്യതകളുണ്ടെന്നതുകൂടി നീ മനസ്സിലാക്കി വക്കുക.
മഹാനായ ഇബ്‌നു മുഖല്ല, നസ്വ്ര്‍ ബ്ന്‍ മന്‍സൂര്‍ അത്തമീമിയെ ബസ്വറയുടെ ചുങ്കപ്പിരിവുകാരനായി നിയമിച്ചു. തൊട്ടടുത്ത വര്‍ഷം അദ്ദേഹത്തോട് തന്റെ മുന്നില്‍വന്ന് എല്ലാ കണക്കുകളും ബോധിപ്പിക്കാന്‍ കല്‍പ്പിച്ചു. നസ്വ്ര്‍ ഒരു സമ്പന്നനായിരുന്നു. അത് മനസ്സിലാക്കിയ ഖലീഫ അത്യാര്‍ത്തി കാണിച്ചു. ഖലീഫ അദ്ദേഹത്തോടെ വലിയൊരു തുക കൂടുതലായി ആവശ്യപ്പെട്ടു.
‘ഒന്നുകില്‍ പറയപ്പെട്ട തുക നല്‍കുക അല്ലെങ്കില്‍ ജയിലില്‍ പോകുക’  ഇബ്‌നു മുഖല്ല അദ്ദേഹത്തെ അറിയിച്ചു.
‘അങ്ങുന്നേ, പറയപ്പെട്ട തുക എന്റെ അടുത്തുണ്ട്. പക്ഷെ, ഞാന്‍ അത് ഇങ്ങോട്ട് കൊണ്ടുവന്നിട്ടില്ല. എനിക്ക് ഒരു മാസത്തെ കാലതാമസം തരണം. അതിനുള്ളില്‍ തുക നല്‍കി ജയില്‍വാസത്തില്‍നിന്ന് ഞാന്‍ രക്ഷപ്പെട്ടോളാം.’ നസ്വ്ര്‍ അപേക്ഷിച്ചു.
ഖലീഫ ആവശ്യപ്പെട്ട ഭീമമായ തുക നസ്വ്‌റിനെ സംബന്ധിച്ചിടത്തോളം ഒരു വിഷയവുമല്ലെന്ന് ഇബ്‌നു മുഖല്ലക്ക് അറിയാവുന്നതുകൊണ്ടും അദ്ദേഹം സത്യസന്ധനാണെന്നതിനാലും ഇബ്‌നു മുഖല്ല പറഞ്ഞു: ‘തുക എത്തിക്കുംവരെ നിന്നെ പറഞ്ഞുവിടാന്‍ ഖലീഫക്ക് ഭാവമില്ല. തല്‍ക്കാലം ഈയൊരു മാസം എന്റെ വീട്ടില്‍ അതിഥിയായി കഴിയാം.’
‘എനിക്ക് സമ്മതമാണ്. ഇബ്‌നു മുഖല്ലയുടെ വീട്ടില്‍ ഒരു ബന്ധിയെപ്പോലെ ഞാന്‍ കഴിയാം.’ നസ്വ്ര്‍ സമ്മതിച്ചു.
റമദാന്‍ മാസമായിരുന്നു അത്. സന്ധ്യാസമയമായപ്പോള്‍ ഇബ്‌നു മഖല്ല ഉത്തരവിട്ടു:
‘തടവുകാരനെ കൊണ്ടുവരൂ. ഈ മാസം മുഴുവന്‍ എനിക്ക് അദ്ദേഹത്തോടൊപ്പം നോമ്പ് തുറക്കണം.’
റമാദാന്‍ മുഴുവന്‍ ഇബ്‌നു മുഖല്ലയോടൊപ്പം നസ്വ്ര്‍ നോമ്പു തുറന്നു. ഒടുവില്‍ പെരുന്നാള്‍ ആഘോഷവും കഴിഞ്ഞ് പിന്നെയും ദിവസങ്ങള്‍ നീണ്ടു. അതോടെ തുക എത്തിക്കാത്തതിന്റെ കാരണം അന്വേഷിക്കാന്‍ ഇബ്‌നു മുഖല്ല നസ്വ്‌റിനരികിലേക്ക് തന്റെ ഭൃത്യനെ പറഞ്ഞുവിട്ടു.
‘തുക ഞാന്‍ ഏല്‍പ്പിച്ചുവല്ലോ!’ നസ്വ്ര്‍ പറഞ്ഞു.
‘ആരെയാണ് ഏല്‍പ്പിച്ചത്?’ ഇബ്‌നു മുഖല്ല തിരക്കി.
‘നിങ്ങള്‍ക്കു തന്നെ!’
‘ഹേയ്, താങ്കള്‍ എപ്പോഴാണ് എനിക്ക് പണം നല്‍കിയത്?’ ഇബ്‌നു മഖല്ല കോപാകുലനായി.
‘ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ണ നാണയം നല്‍കിയിട്ടൊന്നുമില്ല. പക്ഷെ, കഴിഞ്ഞ റമദാന്‍ മുഴുവന്‍ ഞാന്‍ നിങ്ങളുടെ ഭക്ഷണമാണ് കഴിച്ചത്. നിങ്ങള്‍ക്ക് ഒപ്പമാണ് നോമ്പ് തുറന്നത്. ഇപ്പോഴിതാ പെരുന്നാളും കഴിഞ്ഞിരിക്കുന്നു. ഇനിയും താങ്കള്‍ എന്നോട് പണം ചോദിക്കുന്നത് ശരിയാണോ?’
നസ്വ്‌റിന്റെ മറുപടി കേട്ട് ഇബ്‌നു മുഖല്ല പൊട്ടിച്ചിരിച്ചു.
‘നിനക്കു പോകാം. നിന്നെ ഞാന്‍ മോചിതനാക്കിയിരിക്കുന്നു. നിനക്ക് ആവശ്യമുള്ള തുക നിനക്കു പകരം ഞാന്‍ നല്‍കാം.’
ഈയൊരു ആതിഥ്യംമൂലം തല്‍ക്കാലത്തേക്ക് നസ്വ്ര്‍ രക്ഷപ്പെട്ടു.
അതുകൊണ്ട്, അതിഥികളോട് എപ്പോഴും കൃതജ്ഞതയുള്ളവനായിരിക്കണം. പ്രസന്ന മുഖത്തോടെ സമീപിക്കണം. എന്നാല്‍, അതിഥിക്ക് മുന്നില്‍ കുടിച്ച് ഉന്മത്തനാകരുത്. കൂട്ടുകാരെ മറന്നു പോകരുത്. അവരോടുള്ള പെരുമാറ്റം നല്ല രീതിയിലായിരിക്കണം. പ്രസന്ന വദനത്തോടെയായിരിക്കണം അവരെ സമീപിക്കേണ്ടത്. അവര്‍ക്കിടയില്‍ ഇരുന്ന് അനാവശ്യമായി പൊട്ടിച്ചിരിക്കുന്നവനാകരുത്. അസ്ഥാനത്തുള്ള പൊട്ടിച്ചിരി ഭ്രാന്തിന്റെ ഭാഗമാണ്. എന്നാല്‍, ചിരി കുറക്കുന്നത് രാഷ്ട്രീയ തന്ത്രമാണ്. അതിഥി നന്നായി ഉന്മത്തനായി പോകാന്‍ ഇറങ്ങിയാല്‍ ഒന്നുരണ്ട് തവണ അവനോട് പോകാതിരിക്കാന്‍ അഭ്യര്‍ഥിക്കുക. അവനോട് കൂടുതല്‍ ആദരവ് കാണിക്കുക. മൂന്നാം തവണയും സമ്മതിക്കുന്നില്ലെങ്കില്‍പിന്നെ അവനെ അവന്റെ വഴിക്ക് വിടുക. നിന്റെ സേവകരില്‍നിന്ന് സംഭവിക്കുന്ന പിഴവുകള്‍ക്ക് അതിഥികള്‍ക്ക് മുന്നില്‍വച്ച് അവരോട് മുഖം കറുപ്പിക്കാതിരിക്കുക. അതായിരുന്നു ശരി, അങ്ങനെ ചെയ്താല്‍ മതിയായിരുന്നു എന്നെല്ലാം പറഞ്ഞ് അതിഥികള്‍ക്ക് മുന്നില്‍വച്ച് അവരോട് തര്‍ക്കത്തിലേര്‍പ്പെടരുത്. വല്ല പിഴവുകളും സംഭവിക്കുന്നപക്ഷം അത് തിരുത്തിക്കൊടുക്കുകയും ക്ഷമിക്കുകയും ചെയ്യുക. വന്ന അതിഥി ആയിരം വിഡ്ഢിത്തങ്ങള്‍ ചെയ്താലും അതിനോട് അനിഷ്ടകരമായ രീതിയില്‍ പ്രതികരിക്കരുത്. അവനോടുള്ള ആദരവ് എപ്പോഴും കാത്തു സൂക്ഷിക്കുക.
ഖലീഫ മുഅ്തസിം ഒരിക്കല്‍ തന്റെ സന്നിധിയില്‍വച്ച് ഒരു കുറ്റവാളിയെ ഗളച്ഛേദം നടത്താന്‍ ഉത്തരവിട്ടു. ഉടനെ ആ കുറ്റവാളി പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, അല്ലാഹുവിനെയും റസൂലിനെയും വിചാരിച്ച് അല്‍പ്പം ജലംകൊണ്ട് അങ്ങെന്നെ അതിഥിയായി സ്വീകരിക്കണം. അതുകഴിഞ്ഞ് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം. എനിക്ക് അതിയായി ദാഹിക്കുന്നുണ്ട്.’
ഖലീഫ പറഞ്ഞതുപ്രകാരം പരിചാരകര്‍ അദ്ദേഹത്തിന് വെള്ളം നല്‍കി. ദാഹാര്‍ഥനായ കുറ്റവാളി ഉടനെ ഖലീഫക്കുവേണ്ടി പ്രാര്‍ഥിച്ചു: ‘അമീറുല്‍ മുഅ്മിനീന്‍, ഈയൊരു ജലംകൊണ്ട് എന്നെ അങ്ങയുടെ അതിഥി ആക്കിയതിന് അല്ലാഹു അങ്ങയുടെ നന്മ വര്‍ധിപ്പിക്കട്ടെ. തന്റെ അതിഥിയെ വധിക്കുന്നത് പൗരുഷമാണെന്ന് അങ്ങേക്ക് തോന്നുന്നുവെങ്കില്‍ എന്നെ കൊല്ലാന്‍ ഉത്തരവിടൂ. അല്ലായെങ്കില്‍, എനിക്ക് മാപ്പു നല്‍കൂ. അങ്ങ് കാരണം എനിക്ക് പാപമോചനം നേടാനാകും.’
‘ശരിയാണ് നീ പറഞ്ഞത്. അതിഥിയോടുള്ള ബാധ്യത വളരെ വലുതാണ്. ഞാന്‍ നിനക്ക് മാപ്പ് നല്‍കിയിരിക്കുന്നു. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അല്ലാഹുവിനോട് കരഞ്ഞ് പറയുക.’ ഖലീഫ മുഅ്തസിം കുറ്റവാളിയോട് അനുകമ്പ കാണിച്ചു. അയാള്‍ അത് അംഗീകരിക്കുകയും അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്തു.
മകനേ, അതിഥിയോടുള്ള ബാധ്യത വളര പ്രധാനപ്പെട്ട ഒന്നാണെന്ന് നീ അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍, കണ്ട കുറ്റവാളികളെയും തെറ്റുകാരെയും മുഴുവന്‍ അതിഥിയായി സല്‍ക്കരിച്ച് ആദരിക്കാനും ഇതെന്റെ അതിഥിയാണെന്ന് അഹങ്കരിക്കാനും നില്‍ക്കരുത്. ആരോടാണ് അടുപ്പവും മനുഷ്യത്വവും കാണിക്കേണ്ടതെന്ന് നിനക്ക് ശരിയായ ബോധ്യമുണ്ടായിരിക്കണം.
വിളിക്കുന്നവരുടെയെല്ലാം അതിഥിയായി പോകരുത്. അത് നിന്നോടുള്ള ബഹുമാനം നഷ്ടപ്പെടുത്തും. വിശന്നു വലഞ്ഞോ വയറു നിറഞ്ഞോ വിരുന്നിന് പോകരുത്. നീ ഒന്നും കഴിക്കാതിരുന്നാല്‍ അത് ആതിഥേയന് വിഷമമുണ്ടാക്കും. എല്ലാം വാരിവലിച്ചു കഴിച്ചാല്‍ നീ പരിഹാസ്യനാകുകയും ചെയ്യും. സല്‍ക്കാരത്തിന് എത്തിയാല്‍ അതിഥി ഇരുത്തിയ ഇടമാണ് നിന്റെ ഇരിപ്പിടം. നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ വീടാണെങ്കില്‍പോലും അത് പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണവും പാനീയവും കൊണ്ടുവരാന്‍ കല്‍പ്പിക്കരുത്. സ്വന്തം വീടെന്ന പോലെ ‘ഹേയ്, ആ പാത്രം ഇങ്ങോട്ടു വക്കൂ… ഇത് അങ്ങോട്ടു മാറ്റിവക്കൂ…’ എന്നൊന്നും സേവകനെ നോക്കി ഒരിക്കലും പറയരുത്.
ഒരു അതിഥിയെന്ന നിലയില്‍ അമിതാവേശം കാണിക്കരുത്. ആതിഥേയന്റെ ഭക്ഷണത്തോടും പാത്രത്തോടും പരിചിതഭാവത്തോടെ പെരുമാറരുത്. അപ്പുറത്ത് പോയി കഴിക്കാനായി തീന്മേശയില്‍നിന്ന് ഭക്ഷണമെടുത്ത് സേവകന്റെ നേരെ നീട്ടരുത്.  മദ്യപാനം നിന്നെ മനുഷ്യരൂപത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റും.  ലഹരിയും ഭ്രാന്തിന്റെ ഭാഗമാണ്. നിലവിട്ടുള്ള സംസാരം, അമിത കയ്യടി, കാല്‍കൊണ്ടുള്ള നിലം ചവിട്ടല്‍, അനുചിതമായ മുഖഭാവങ്ങള്‍ എന്നിവയെല്ലാം മദ്യാസക്തിയുടെ അടയാളങ്ങളാണ്.  മദ്യാസക്തിയും ഭ്രാന്തുമെല്ലാം സൂക്ഷിക്കുക. ലഹരിയാല്‍ ബോധക്ഷയം വന്ന സാഹചര്യത്തില്‍ ഒരു അപരിചിതനെയും അഭിമുഖീകരിക്കരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ കുടുംബത്തിനോടൊപ്പം മാത്രം കഴിയുക. അന്നേരം ഒരു ഗായകരെക്കൊണ്ടും ലളിതമായ സംഗീതങ്ങള്‍ അവതരിപ്പിക്കരുത്. അത് നിന്റെ ലാഘവത്തെയും നിരര്‍ത്ഥക മനോഭാവത്തെയും പരസ്യപ്പെടുത്തും. യുവാക്കളില്‍ മിക്കവരും ഇതുപോലെ വിഷാദംനിറഞ്ഞ ഗാനങ്ങളാണ് ആവശ്യപ്പെടുക.
തമാശ, ചൂതാട്ടം, ചതുരംഗം
മകനെ, ‘സര്‍വ വേണ്ടാതീനങ്ങളുടെയും മുന്നോടി തമാശയാണ്’ എന്നത് അറബികളെല്ലാം വ്യാപകമായി പറയുന്ന ചൊല്ലാണ്. ആവുന്നത്രയും അത് ഉപേക്ഷിക്കുക. പ്രത്യേകിച്ചും അരോചകമായ തമാശകള്‍. മദ്യാസക്തിയില്‍ ഒരിക്കലും പരിഹസിക്കരുത്. മിക്ക പ്രശ്‌നങ്ങളും ഉടലെടുക്കുന്നത് ലഹരിയില്‍നിന്നാണ്. മദ്യാസക്തിയിലും അല്ലാത്തപ്പോഴും അശ്ലീല തമാശകള്‍ പാടെ ഒഴിവാക്കുക. പ്രത്യേകിച്ചും ചതുരംഗം കളിക്കുന്ന സന്ദര്‍ഭങ്ങളില്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ എതിരാളിയെ ചൊടിപ്പിക്കുന്നതും പരിഹസിക്കുന്നതും സര്‍വ സാധാരണമാണ്.
പകിടയാണെങ്കിലും ചതുരംഗമാണെങ്കിലും അതൊരു ശീലമാക്കി മാറ്റരുത്. അതിയായ താല്‍പ്പര്യം ഉണ്ടാകുമ്പോള്‍ മാത്രം ഒന്നോ രണ്ടോ തവണ കളിക്കുക. അപ്പോഴും അത് പന്തയമാകാതിരിക്കാന്‍ സൂക്ഷിക്കുക. വേണമെങ്കില്‍ വിരുന്നിന് ക്ഷണിക്കണമെന്ന ഉപാധി വച്ച് കളിക്കാം. സ്വര്‍ണത്തിനും വെള്ളിക്കും വേണ്ടി കളിക്കരുത്. പണത്തിനല്ലാതെ കളിക്കുന്നത് ഒരു മാന്യതയാണെന്ന് വെക്കാം. എന്നാല്‍, സ്വര്‍ണവും വെള്ളിയും വച്ച് കളിക്കുന്നത് ശുദ്ധ ചൂതാട്ടമാണ്. ഏതു കളിയും എത്ര നന്നായി കളിക്കാന്‍ അറിയാമെങ്കിലും ചൂതാട്ടത്തില്‍ പേരെടുത്തവനൊപ്പം കളിക്കരുത്. നീയും ചൂതാട്ടത്തിന്റെ പേരില്‍ അറിയപ്പെട്ടു തുടങ്ങും.
നിന്നെക്കാള്‍ ഉന്നതസ്ഥാനീയനൊത്താണ് ചതുരംഗം കളിക്കുന്നതെങ്കില്‍ അദ്ദേഹം തുടങ്ങും മുമ്പ് നീ തുടങ്ങാതിരിക്കലാണ് മാന്യത. മദ്യാസക്തിയിലുള്ളവരോടും ലഹരിയിലുള്ളവരോടുമൊപ്പം ഒരിക്കലും കളിക്കരുത്. അത് അനാവശ്യ തര്‍ക്കത്തിലേക്കായിരിക്കും നിന്നെ കൊണ്ടെത്തിക്കുന്നത്. പന്തയക്കാര്‍ക്കൊപ്പവും കളി വേണ്ട. പകിടയിലെ അടയാളങ്ങളെച്ചൊല്ലി എതിരാളിയോട് തര്‍ക്കിക്കരുത്. സത്യം വച്ച് പ്രസ്തുത വാദം വിജയിച്ചെടുക്കാനും ശ്രമിക്കരുത്. നിന്റെ വാദം ശരിയാണെങ്കില്‍കൂടി കളിയുടെ ആവേശത്തില്‍ നീ പറയുന്നത് കളവാണെന്ന് പറയാന്‍ ആളുകളുണ്ടാകും.
എല്ലാ തിന്മകളുടെയും തര്‍ക്കങ്ങളുടെയും അടിസ്ഥാനം തമാശയാണ്. തമാശ പാപമല്ലെങ്കില്‍കൂടി പറയുമ്പോള്‍ നന്നായി സൂക്ഷിക്കണം. നബി(സ്വ)യും തമാശ പറഞ്ഞിട്ടുണ്ടായിരുന്നു. ഒരിക്കല്‍ ഒരു വയോധിക ആഇശ ബീവിയുടെ വീട്ടില്‍വന്നു. അവിടെ നബി തങ്ങളെ കണ്ട അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ തിരുദൂതരെ, എന്റെ മുഖം സ്വര്‍ഗാവകാശികളുടേതാണോ അതോ നരകാവകാശികളുടേതാണോ?’
‘വൃദ്ധര്‍ ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലല്ലോ!’ തമാശരൂപേണ റസൂല്‍(സ്വ) മറുപടി പറഞ്ഞു.
പക്ഷെ, വൃദ്ധയെ അത് ദുഃഖിതയാക്കി. അവര്‍ കരയാന്‍ തുടങ്ങി. അപ്പോള്‍ നബി(സ്വ) അവരെ ആശ്വസിപ്പിച്ചു: ‘കരയരുത്. ഞാന്‍ പറഞ്ഞത് സത്യമാണ്. വൃദ്ധകള്‍ ഒരിക്കലും സ്വര്‍ഗത്തില്‍ ഉണ്ടാവുകയില്ല. കാരണം, അന്ത്യനാളില്‍ എല്ലാവരും യുവാക്കളായിട്ടായിരിക്കും പുനര്‍ജീവിപ്പിക്കപ്പെടുക.’ തിരുനബിയുടെ മറുപടി കേട്ട് വൃദ്ധക്ക് സന്തോഷമായി.
തമാശ അനുവദനീയമാണ്. അശ്ലീല തമാശകള്‍ നിഷിദ്ധവുമാണ്. നീ പറയുന്നതും ചെയ്യുന്നതുമെല്ലാം ചിന്തയില്‍ നിന്നെക്കാള്‍ താഴ്ന്നവരുടെ മുന്നില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. അവരുടെ നിസാര ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് നിന്റെ മഹത്വവും ഗാംഭീര്യവും നഷ്ടപ്പെടാന്‍ അത് കാരണമാകും. ഇനി പറയാന്‍ നിര്‍ബന്ധിതനായാല്‍ അവന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ പറയുക. അശ്ലീലവും മോശത്തരവും ഇല്ലെങ്കില്‍ എങ്ങനെയും തമാശയാകാം. എന്നിരുന്നാലും, അപ്പോഴെല്ലാം അതില്‍ പരിഹാസം കലരുന്നത് സൂക്ഷിക്കണം.
പറഞ്ഞുപോയാതെല്ലാം പിന്നീട് നീ തന്നെ കേള്‍ക്കാന്‍ ഇടവരും. അപ്പോഴെല്ലാം അതിനോട് സഹനമനോഭാവത്തോടെ പ്രതികരിക്കാന്‍ നിനക്ക് കഴിയണം. ആരുമായും തര്‍ക്കത്തിന് പോകരുത്. മാന്യനായ ഒരാള്‍ക്ക് യോജിച്ചതല്ല അത്. പ്രത്യേകിച്ചും സ്ത്രീകളുമായും കുഞ്ഞുങ്ങളുമായും തര്‍ക്കിക്കരുത്. ഇനി അഥവാ, നിനക്ക് ആരെങ്കിലുമായും തര്‍ക്കത്തില്‍ ഏര്‍പ്പടേണ്ടി വന്നാല്‍ നന്മയുള്ള കാര്യത്തില്‍ മാത്രം തര്‍ക്കിക്കരുത്. അപ്പോഴും അട്ടഹസിച്ച് സംസാരിക്കരുത്. പകരം, തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള കുറുക്കു വഴി എന്താണെന്ന് ആലോചിക്കുക. അക്കാര്യത്തില്‍ കണിശക്കാരനും വാശിക്കാരനുമാകരുത്. സമൂഹത്തില്‍ ഒട്ടും വിലയില്ലാത്തവരുടെ പ്രകൃതമാണത്. സഹനവും ക്ഷമാപണവുമാണ് ഒരാളുടെ ഗുണങ്ങള്‍. അത് അല്ലാഹു നല്‍കുന്ന സമ്മാനമാണ്. സംസാക്കുമ്പോള്‍ ‘ഹേ മനുഷ്യ..’ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയാതെ ശ്രദ്ധിക്കുക. അനാവശ്യമായ അത്തരം അഭിസംബോധന നിന്റെ പൗരുഷത്തെ കെടുത്തിക്കളയും.
തമാശയും മദ്യപാനവും യുവാക്കളുടെ ആനന്ദങ്ങളാണ്. അവയുടെ പരിധിയും അളവും മനസ്സിലാക്കാന്‍ നിനക്ക് സാധിക്കണം. അവ രണ്ടും ഏറ്റവും നന്നായി ചെയ്യാനാകുംപോലെത്തന്നെ ഉപേക്ഷിക്കാനുമാകും. സേക് കുടിച്ച് തമാശ പറയാന്‍ ഇരിക്കുന്നത് നിന്റെ എല്ലാ ഗുണങ്ങളെയും നഷ്ടപ്പെടുത്തിക്കളയും.
( തുടരും )
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles