Onlive Talk

21 വർഷം മുമ്പ് ഒരു റമദാൻ 22 നായിരുന്നു അലീമിയാൻ വിട വാങ്ങിയത്

21 വർഷം മുമ്പ് ഇത് പോലുള്ള ഒരു റമദാൻ 22 ന് വെള്ളിയാഴ്‌ച്ച ദിവസമാണ് ആധുനിക ഇന്ത്യ,ലോകത്തിന് സംഭാവന ചെയത മഹാ പണ്ഡിതൻമാരിൽ ഒരാളായ അലീമിയാൻ എന്ന് സുഹ്യത്തുക്കൾ ബഹുമാന പുരസ്സരം വിളിച്ച മൗലാന അബുൽ ഹസൻ നദ് വി ഈ ലോകത്ത് നിന്ന് വിട വാങ്ങിയത്. ഇംഗ്ലിഷ് കലണ്ടർ പ്രകാരം കഴിഞ്ഞ നൂറ്റാണ്ടിൻ്റെ അവസാന മാസത്തിൽ അവസാന ദിവസത്തിൽ.
അലീമിയാൻ്റെ ശിഷ്യനാകാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. റായ് ബറേലിയിലെ അലീമിയാൻ്റെ വീട്ടിൽ ഒരാഴ്ച്ച നീണ്ട് നിന്ന ക്ലാസിൽ വെച്ച് “ഇലൽ ഇസ് ലാമി മിൻ ജദീദ് “, അത്വരീഖു ഇലൽ മദീന “തുടങ്ങിയ മൗലാനയുടെ തന്നെ ചില ക്യതികളും പിന്നെ ബൂഖാരിയിലെ ഏതാനും ഹദീഥുകളുമാണ് ആ മഹാ ഗുരുവിൽ നിന്ന് പഠിക്കാൻ ഭാഗ്യമുണ്ടായത്. അതിനാൽ ഗുരുസ്മരണ യായി ഈ അവസരത്തിൽ ചിലത് കുറിക്കുകയാണ്

അറബ്-ഇസ്‌ലാമിക ലോകത്ത് ഏറെ പ്രശസ്തനായ, ഇരുപതാം നൂറ്റാണ്ട് ജന്മം നല്‍കിയ പ്രതിഭാധനനായ ഇന്ത്യന്‍ പണ്ഡിതനാണ് ‘അലിമിയാന്‍’ എന്ന് സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി. അറബി ഭാഷയിലുള്ള, അറബികളെപ്പോലും അതിശയിപ്പിച്ച അത്യപൂര്‍വ രചനാപാടവമാണ് അദ്ദേഹത്തിന്റെ ആ പ്രശസ്തിക്കുള്ള പ്രധാന നിദാനം. ഒപ്പം നദ്‌വത്തുല്‍ ഉലമ എന്ന ഭുവനപ്രശസ്തമായ ഒരു വിദ്യാകേന്ദ്രത്തിന് നാല് ദശാബ്ദത്തോളം നല്‍കിയ നേതൃത്വവും.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പാണ്ഡിത്യത്തിനും ഇസ്‌ലാമിക ജിഹാദിനും പേര് കേട്ട സയ്യിദ് കുടുംബത്തില്‍ 1913-ലാണ് അലിമിയാന്റെ ജനനം. ഇന്ത്യയില്‍ കൊളോണിയലിസത്തിനെതിരെ ജിഹാദ് നയിക്കുകയും അതിനായി ഒരു പ്രസ്ഥാനം രൂപവത്കരിക്കുകയും ചെയ്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ഇമാം അഹ്മദ് ശഹീദ് ഈ കുടുംബത്തിലെ അംഗമാണ്. ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാരെക്കുറിച്ചും ഇന്ത്യയിലെ ഇസ്‌ലാമിക സംസ്‌കാരത്തെക്കുറിച്ചും വിജ്ഞാനകോശ സമാനമായ ഗ്രന്ഥമെഴുതിയ അബ്ദുല്‍ ഹയ്യുല്‍ ഹസനിയാണ് പിതാവ്; ഖുര്‍ആന്‍ പണ്ഡിതയും കവയിത്രിയുമായ സയ്യിദ് ഖൈറുന്നിസ മാതാവും. ചെറുപ്പത്തിലേ പിതാവ് മരിച്ചതിനാല്‍ സഹോദരന്‍ ഡോക്ടര്‍ അബ്ദുല്‍ അലിയുടെ സംരക്ഷണത്തിലാണ് അലിമിയാന്‍ വളര്‍ന്നത്. ഔപചാരിക
പഠനത്തിനായി കോളേജില്‍ ചേരുന്നതിന് മുമ്പുതന്നെ വീട്ടില്‍വെച്ച് ട്യൂട്ടര്‍മാരിലൂടെ അറബിഭാഷ നന്നായി പഠിക്കുകയും ഖുര്‍ആന്‍ മനഃ
പാഠമാക്കുകയും ചെയ്തിരുന്നു. ഔപചാരിക പഠനം ലഖ്‌നൗ നദ്‌വത്തുല്‍ ഉലമാ, ലഖ്‌നൗ യൂണിവേഴ്‌സിറ്റി, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നിവിടങ്ങളിലായിരുന്നു. സയ്യിദ് സുലൈമാന്‍ നദ്‌വി, ഹുസൈന്‍ അഹ്മദ് മദനി, മുഹമ്മദ് തഖിയ്യുദ്ദീന്‍ ഹിലാലി, ശൈഖ് ഖലീലുല്‍ യമാനി തുടങ്ങിയവര്‍ പ്രധാന അധ്യാപകരാണ്. ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ അറബി അധ്യാപകന്‍ ശൈഖ് ഖലീലുല്‍ യമാനി, നദ്‌വയിലെ അറബി ഭാഷാധ്യാപകനായിരുന്ന മൊറോക്കോക്കാരന്‍ മുഹമ്മദ് തഖിയ്യുദ്ദീന്‍ ഹിലാലി, സന്തതസഹചാരിയും അറബി ഭാഷയില്‍ അതീവ നിപുണനുമായിരുന്ന മൗലാനാ മസ്ഊദ് ആലം നദ്‌വി തുടങ്ങിയവരുമായുള്ള സഹവാസത്തോടാണ് തന്റെ അറബി ഭാഷാ പ്രാവീണ്യത്തിന് കടപ്പെട്ടിരിക്കുന്നതെന്ന് അലിമിയാന്‍ തന്നെ എഴുതിയിട്ടുണ്ട്. ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി, അല്ലാമഃ ഇഖ്ബാല്‍, സയ്യിദ് മൗദൂദി, മൗലാനാ മുഹമ്മദ് ഇല്‍യാസ് തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ അലിമിയാനെ സ്വാധീനിച്ചിരുന്നു. സൂഫി ഗുരുക്കന്‍മാര്‍ എന്ന നിലയില്‍ അബ്ദുല്‍ ഖാദിര്‍ റായ്പൂരി, മൗലാനാ സകരിയ്യാ കാന്ദലവി തുടങ്ങിയവരും മൗലാനയെ സ്വാധീനിച്ചു. ഇവര്‍ രണ്ടു പേരില്‍ നിന്നും അലീമിയാന്‍ തസ്വവ്വുഫില്‍ ബൈഅത്ത് സ്വീകരിച്ചിരുന്നു. ഹദീസില്‍ ഇജാസ (നിവേദനാനുവാദം) സ്വീകരിച്ചത് ദയൂബന്ദിലെ ശൈഖുല്‍ ഹദീസ് ഹുസൈന്‍ അഹ്മദ് മദനിയില്‍ നിന്നാണ്.

Also read: ഉളളുലക്കുന്ന കാഴ്ചകളാണ് ചുറ്റിലും

പരന്ന വായന ചെറുപ്പത്തിലേ ഹോബിയായിരുന്ന അലിമിയാന്, അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയിലും പരി
ജ്ഞാനമുണ്ടായിരുന്നു. എന്നാല്‍ മൗലാനയുടെ അറബി ഭാഷയിലെ എഴുത്തിന്റെ സൗന്ദര്യം മാതൃഭാഷയായ ഉര്‍ദുവിലെ എഴുത്തിനുപോലും ഇല്ല എന്നത് പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. മൗലാനയുടെ സാഹിത്യവാസനയും പ്രസിദ്ധമാണ്. അറബി, പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളിലെ പൗരാണികവും ആധുനികവുമായ കവിതകള്‍, മഖാമകള്‍, നോവലുകള്‍ എന്നിവയെല്ലാം അലിമിയാന്‍ തേടിപ്പിടിച്ച് വായിച്ചിരുന്നു. ചെറുപ്പത്തിലേയുള്ള അദ്ദേഹത്തിന്റെ സാഹിത്യകമ്പം കാരണം അലിമിയാന്റെ തട്ടകം സര്‍ഗാത്മക സാഹിത്യമാകുമോ എന്ന ഭയം സഹോദരന്‍ ഡോ. അബ്ദുല്‍ അലിക്കുണ്ടായിരുന്നുവത്രെ. കുടുംബത്തിന്റെ മതപാരമ്പര്യത്തോട് അത് ഇടയുമെന്നതിനാലായിരുന്നു സഹോദരന്റെ ഭയം. അതിനാല്‍ പ്രവാചകനെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ കൂടുതലായി വായിക്കാന്‍ സഹോദരന്‍ അദ്ദേഹത്തില്‍ പ്രേരണചെലുത്തി. അത് ഫലംചെയ്യുകയും ചെയ്തു. ചെറുപ്പത്തിലേ മതബോധവും പ്രവാചകസ്‌നേഹവും അത് അലിമിയാനില്‍ വളര്‍ത്തി. തീരെ ചെറുപ്പത്തില്‍ മുഹമ്മദ് സുലൈമാന്‍ മന്‍സൂര്‍പൂരിയുടെ റഹ്മത്തുന്‍ല്ലില്‍ ആലമീന്‍ എന്നഗ്രന്ഥം തപാലില്‍ വരുത്താനുള്ള പൈസക്ക് ഉമ്മയുമായി വാശിപിടിച്ച കാര്യം, പില്‍ക്കാലത്ത് തന്നെ സ്വാധീനിച്ച ഗ്രന്ഥം എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ മൗലാന അനുസ്മരിച്ചിട്ടുണ്ട്. ഏതായാലും ഈ സാഹിത്യവാസനയു ടെ ഫലമായി മൗലാനയുടെ, പ്രത്യേകിച്ച് അറബിയിലെ എഴുത്ത് മറ്റു മതപണ്ഡിതന്മാരില്‍നിന്നു വ്യത്യസ്തവും മനോഹരവുമായ വായനാനുഭവം
നല്‍കുന്നുവെന്നത് നിസ്തര്‍ക്കമാണ്. അറബി ഭാഷയിലെ ശില്‍പഭദ്രമായ ഗദ്യ-പദ്യങ്ങള്‍ തെരഞ്ഞെടുത്ത് മുഖ്താറാത്ത് എന്ന സമാഹാരം പുറത്തിറക്കാനും അല്ലാമഃ ഇഖ്ബാലിന്റെ കവിതകളെ നിരൂപണംചെയ്തുകൊണ്ട് റവാഇയെ ഇഖ്ബാല്‍ എന്ന പേരില്‍ പുസ്തകം എഴുതാനും മതപണ്ഡിതനായ അലീമിയാന് സാധിച്ചതും ഈ സാഹിത്യവാസന കൊണ്ടു തന്നെ. അതിനാല്‍ അദ്ദേഹത്തിന്റെ എഴുത്തില്‍, അതില്‍ ഉള്ളടങ്ങിയ ചിന്തയെക്കാള്‍ ഭാഷാപരവും ശൈലീപരവുമായ സൗന്ദര്യമാണ് അനുവാചകരെ പിടിച്ചിരുത്തുക. ഇസ്‌ലാമിനെത്തന്നെ ഒരു വിചാരശില്‍പം എന്നതിനെക്കാള്‍ സംസ്‌കാരവും നാഗരികതയുമായിട്ടാണ് മൗലാന വായിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലുള്ള അഗാധമായ പാണ്ഡിത്യം അതിന് അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.

അലിമിയാന്റെ ആദ്യരചനയും അറബിയിലായിരുന്നു. റശീദ് രിദായുടെ പത്രാധിപത്യത്തില്‍ ഈജിപ്തില്‍നിന്ന് പുറത്തിറങ്ങിയിരുന്ന അല്‍മനാറിലായിരുന്നു അത്. ‘ഇദാ ഹബ്ബത്ത് രീഹുല്‍ ഈമാന്‍’ (വിശ്വാസത്തിന്റെ കാറ്റടിച്ചപ്പോള്‍) എന്ന ശീര്‍ഷകത്തില്‍ അഹ്മദ് ശഹീദിനെക്കുറിച്ചായിരുന്നു അത്. 14 വയസ്സ് മാത്രമേ അന്ന് പ്രായമുണ്ടായിരുന്നുള്ളൂ. പീന്നീടത് വിപുലീകരിച്ച് സീറത്ത് അഹ്മദ് ശഹീദ് എന്നപേരില്‍ ഉര്‍ദുവില്‍ രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. ഇസ്‌ലാമിനു വേണ്ടി തുടിക്കുന്ന ഒരു യുവ വിപ്ലവകാരിയുടെ എല്ലാ വൈകാരികതയും പുസ്തകത്തിലുണ്ട്. അത്തരമൊരു യുവാവ് അക്കാലത്ത് ഇസ്‌ലാമിനെ ഒരു വിപ്ലവപ്രസ്ഥാനമായും സംസ്‌കാരമായും തന്റെ ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും അവതരിപ്പിച്ച, തന്നെക്കാള്‍ പത്ത് വയസ്സിന് മൂപ്പുണ്ടെങ്കിലും അപ്പോഴും യുവാവായിരുന്ന മൗദൂദിയാല്‍ സ്വാധീനിക്കപ്പെടുക സ്വാഭാവികമാണ്. മൗദൂദിയുടെ അല്‍ജിഹാദ് ഫില്‍ ഇസ്‌ലാം, പര്‍ദ, സൂദ് തുടങ്ങിയ പുസ്തകങ്ങളും പാശ്ചാത്യ വിമര്‍ശനങ്ങളടങ്ങിയ ലേഖനസമാഹാരമായ തന്‍ഖീഹാതുമാണ് അലിമിയാനെ ആകര്‍ഷിച്ചതും സ്വാധീനിച്ചതും. അതുകൊണ്ടുതന്നെ സീറത്ത് അഹ്മദ് ശഹീദിനു ശേഷം അലിമിയാന്‍ അറബിയിലെഴുതിയ മാദാ ഖസിറല്‍ ആലം ബി ഇന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍ എന്ന തന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥത്തില്‍ മൗദൂദിയെ പല സ്ഥലത്തും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ഈ പുസ്തകം പുറത്തുവന്നതോടെ അറബ് ലോകത്ത്, പ്രത്യേകിച്ച് അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ് വാനുല്‍ മുസ്‌ലിമൂന്‍ വൃത്തങ്ങളില്‍ അലിമിയാന്‍ വ്യാപകമായി വായിക്കപ്പെട്ടു. പുസ്തകത്തിന്റെ ആദ്യ പതിപ്പിന് അവതാരിക എഴുതിയത് ആധുനിക അറബി ഗദ്യത്തില്‍ സമശീര്‍ഷര്‍ അധികമില്ലാത്ത അഹ്മദ് അമീന്‍ ആയിരുന്നു. തുടക്കക്കാരനായ ഒരു അനറബിയുടെ കൃതിയെന്ന നിലയില്‍ അല്‍പം കരുതലോടു കൂടിയ പ്രശംസയേ അഹ്മദ് അമീന്‍ ഗ്രന്ഥത്തിന് നല്‍കിയിട്ടുള്ളൂ. എന്നാല്‍ അതിന്റെ രണ്ടാം പതിപ്പില്‍ അഹ്മദ് അമീന്റെ അവതാരികക്ക് പകരം സയ്യിദ് ഖുത്ബിന്റെ പ്രൗഢമായ അവതാരികയാണുള്ളത്. ഒരു കലവറയും കരുതിവെപ്പുമില്ലാത്ത പ്രശംസ സയ്യിദ് ഖുത്ബ് ഗ്രന്ഥത്തിന് നല്‍കി. വൈക്കം മുഹമ്മദ് ബശീറിന്റെ ബാല്യകാല സഖിയെ നിരൂപകനായിരുന്ന എം. പി. പോളിന്റെ അവതാരിക പ്രശസ്തമാക്കിയതു പോലെ മാദാ ഖസിറക്ക് അറബ് ലോകത്ത് കിട്ടിയ സ്വീകാര്യതക്ക് സയ്യിദ് ഖുത്ബിന്റെ അവതാരികക്ക് അനല്‍പമായ പങ്കുണ്ട്.

Also read: നരക വിമുക്തിക്കായി പത്ത് കാര്യങ്ങള്‍ ചെയ്യാം

പഠനാനന്തരം നദ്‌വയില്‍ ഖുര്‍ആന്‍ അധ്യാപകനായും അദ്ദിയാഅ് അറബി പത്രത്തില്‍ മസ്ഊദ് ആലം നദ്‌വിയുടെ അസിസ്റ്റന്റായും ജോലി ചെയ്യുന്ന കാലത്ത് സയ്യിദ് മൗദൂദിയെ നദ്‌വയിലേക്ക് ക്ഷണിച്ചു വരുത്തി വിദ്യാര്‍ഥികളെയും അധ്യാപകരെയും അഭിമുഖീകരിച്ച് പ്രബന്ധമവതരിപ്പിക്കാന്‍ അവസരമൊരുക്കുന്നതിന് മുന്‍കൈയെടുത്തതും അലിമിയാനാണ്.

ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കുന്നതിന് മുമ്പായിരുന്നു അത്. 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കപ്പെട്ടപ്പോള്‍ സ്വാഭാവികമായും അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയില്‍ ചേരുകയും അതിന്റെ കേന്ദ്രശൂറയില്‍ അംഗമാകുകയും ചെയ്തു. ലഖ്‌നൗ പ്രാദേശിക അമീറും അദ്ദേഹമായിരുന്നു. എന്നാല്‍, സംഘടന രൂപവത്കരിച്ച് ഒരു വര്‍ഷം കഴിയുന്നതിന് മുമ്പുതന്നെ അലിമിയാന്റെ അടുത്ത സുഹൃത്തായിരുന്ന മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മതപണ്ഡിതന്മാര്‍ പാര്‍ട്ടി പിരിച്ചുവിടാന്‍ നീക്കം നടത്തിയപ്പോള്‍ അലിമിയാന്‍ മൗദൂദിയോടൊപ്പം ഉറച്ചുനിന്നു. എന്നാല്‍, വൈകാതെ അലിമിയാനും പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചു. തബ്‌ലീഗീ ജമാഅത്തിനോടും അതിന്റെ നേതാവായ ഇല്‍യാസ് മൗലാനയോടുമുള്ള ആഭിമുഖ്യം കാരണം മാനസിക സംഘര്‍ഷത്തില്‍പ്പെട്ട അലീമിയാനോട് ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുക എന്ന മൗദൂദിയുടെ തന്നെ ഉപദേശം മാനിച്ചാണ് അദ്ദേഹം ജമാഅത്ത് വിട്ട് തബ്‌ലീഗില്‍ ചേരുന്നത്. പിന്നീട് മരണം വരെ മൗലാന തബ്‌ലീഗ് ജമാഅത്തുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. സ്വന്തം ആശയങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുക പതിവില്ലാത്ത തബ്‌ലീഗീ ജമാഅത്തിനെ ഇസ്‌ലാമിക ചിന്താപരിസരത്ത് ഒരു പ്രസ്ഥാനമായി സ്ഥാനപ്പെടുത്തിയത് അതിന്റെ സ്ഥാപകനായ മൗലാനാ മുഹമ്മദ് ഇല്‍യാസിനെക്കുറിച്ച് അലീമിയാന്‍ എഴുതിയ മൗലാന ഇൽയാസ് ഔർ ഉസ്കി ദീനി ദഅവത്ത് എന്ന ക്യതിയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല.. മൗലാന വളര്‍ന്നുവന്ന സൂഫിപശ്ചാത്തലവും ജമാഅത്ത് വിടാന്‍ കാരണമായിട്ടുണ്ടാകാം. കാരണം, തര്‍ബിയത്തിനെക്കുറിച്ച് മൗദൂദിയുടെ കാഴ്ചപ്പാട് സൂഫി വിരുദ്ധമായിരുന്നില്ലെങ്കിലും സൂഫിസത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നതും ആയിരുന്നില്ലല്ലോ. എന്നാല്‍, മൗദൂദിയോടുള്ള ആശയപരമായ ചില വിയോജിപ്പുകള്‍ തുറന്നു പറയുന്ന ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനം എന്ന പുസ്തകം അലിമിയാന്‍ രചിക്കുന്നത് അദ്ദേഹം ജമാഅത്ത് വിട്ടതിനു ശേഷം ദീര്‍ഘമായ മുപ്പത്തി ഏഴ് സംവല്‍സരം കഴിഞ്ഞിട്ടാണെന്ന കാര്യം പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു. 1979-ലാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. മൗദൂദി ആ വര്‍ഷം മരിക്കുകയും ചെയ്തു. മൗലാനാ മന്‍സൂര്‍ നുഅ്മാനി, മൗലാനാ സകരിയ്യാ കാന്ദലവി തുടങ്ങിയവരുടെ സമ്മര്‍ദം ഈ പുസ്തകത്തിന് പിറകിലുണ്ടത്രെ. ഇതില്‍ മന്‍സൂര്‍ നുഅ്മാനി അലീമിയാന്റെ അടുത്ത സുഹൃത്തും സകരിയ്യാ കാന്ദലവി അദ്ദേഹത്തിന്റെ ആത്മീയ ഗുരുവുമാണ്. രണ്ടു പേരും മൗലാനാ മൗദൂദിയെ വിമര്‍ശിച്ച് പുസ്തകമെഴുതിയവരാണ്. ഗുരുതരമായ ചില ആരോപണങ്ങള്‍ ഈ വിമര്‍ശനത്തിലുണ്ടെങ്കിലും അതിന്റെ ഭാഷയും ശൈലിയും അങ്ങേയറ്റം മാന്യവും മാതൃകാപരവുമാണ്.

Also read: പെരുന്നാൾ പുടവ പുത്തനാവണമോ?

ജമാഅത്ത് വിട്ടതിനു ശേഷവും റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാം പോലുള്ള ലോക മുസ്‌ലിം പൊതുവേദികളിലും മദീനാ യൂണിവേഴ്‌സിറ്റിയുടെ സിലബസ് കമ്മിറ്റിയിലും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. സയ്യിദ് മൗദൂദിയും അലിമിയാനും റാബിത്വയുടെ സ്ഥാപകാംഗങ്ങളായിരുന്നു. തന്റെ ഒരു പാകിസ്താന്‍ സന്ദര്‍ശന വേളയില്‍ മൗദൂദിയെ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോയി കണ്ട കാര്യവും മൗലാന തന്റെ ഫീ മസീറത്തില്‍ ഹയാത്ത് എന്ന ആത്മകഥയില്‍ പറയുന്നുണ്ട്. ജമാഅത്ത് വിട്ടിട്ടും ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതാക്കളുമായി മരിക്കുന്നതു വരെ അദ്ദേഹം സജീവ ബന്ധം നിലനിര്‍ത്തിയിരുന്നു. ഈ അടുപ്പവും സൂഫീ ശൈലി അന്തര്‍ധാരയായി വര്‍ത്തിക്കുമ്പോഴും ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോള്‍ ഇസ്‌ലാമിസ്റ്റ് ശൈലിയോട് അലിമിയാന്റെ രചനകളും എഴുത്തും താദാത്മ്യപ്പെടുന്നതു കാരണമായി പൊതുവെ അറബ് ലോകത്തെ ഇസ്‌ലാമിസ്റ്റ് പണ്ഡിതന്‍മാരും എഴുത്തുകാരും പ്രവര്‍ത്തകരും അലിമിയാനെ സ്ഥാനപ്പെടുത്തുന്നത് ഹസനുല്‍ ബന്നയുടെയും ഖുത്ബിന്റെയും മൗദൂദിയുടെയും ധാരയില്‍ തന്നെയാണ്. അതിനാല്‍, അലിമിയാന്റെ മൗദൂദി വിമര്‍ശനം അവരില്‍ പലരെയും അമ്പരപ്പിക്കുകയും ചിലരെല്ലാം അതിന് മറുപടി നല്‍കുകയും ചെയ്തു. അഹ്മദ് മുഹമ്മദ് ജമാല്‍ അപ്രകാരം മറുപടി എഴുതിയ ആളാണ്. അലീമിയാന്റെ വിമര്‍ശനത്തിന് പാത്രമായ സയ്യിദ് മൗദൂദിയുടെ അല്‍മുസ്ത്വലഹാതുല്‍ അര്‍ബഅ എന്ന കൃതിയെ മുക്തകണ്ഠം പ്രശംസിച്ചു കൊണ്ട് പ്രമുഖ പണ്ഡിതനായ അലി ത്വന്‍ത്വാവി എഴുതിയ ലേഖനം പരോക്ഷമായി അലിമിയാനുള്ള മറുപടിയായിരുന്നു. ഡോക്ടര്‍ യൂസുഫുല്‍ ഖറദാവിയും അലിമിയാന്റെ പുസ്തകത്തിന്റെ പേരിലുള്ള അസാംഗത്യം ചൂണ്ടിക്കാട്ടിയിരുന്നു. ഉര്‍ദുവില്‍ അലിമിയാന്റെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് മൗലാനാ ഉറൂജ് ഖാദിരിയുടെ അസ്വ്‌റെ ഹാദിര്‍ മേം ദീന്‍ കീ തഫ്ഹീം വ തശ്‌രീഹ് പര്‍ എക് നള്ര്‍.

1961-ല്‍ സഹോദരന്‍ ഡോക്ടര്‍ അബ്ദുല്‍ അലിയുടെ മരണത്തെ ത്തുടര്‍ന്ന് അദ്ദേഹം നദ്‌വയുടെ റെക്ടറായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നദ്‌വത്തുല്‍ ഉലമ അറബ്‌ലോകത്ത് കൂടുതല്‍ അറിയപ്പെട്ടു. മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ രൂപവത്കരണത്തിന് നേതൃപരമായ പങ്കുവഹിക്കുകയും പിന്നീട് മുഹമ്മദ് ഖാരി ത്വയ്യിബിന്റെ മരണശേഷം മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ അധ്യക്ഷനായി ഉയര്‍ത്തപ്പെടുകയും ചെയ്തതോടെ അലിമിയാന്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതു നേതാവായി ഉയര്‍ന്നു. ശാബാനു കേസിനെ തുടര്‍ന്ന് ഏക സിവില്‍കോഡ് കൊണ്ടുവരാന്‍ നീക്കമുണ്ടായപ്പോള്‍ ശരീഅത്ത് സംരക്ഷണത്തിനായി അലിമിയാന്റെ നേതൃത്വത്തില്‍ ബോര്‍ഡ് നേതാക്കള്‍ ഇന്ത്യയിലുടനീളം പര്യടനം നടത്തി. അക്കാലത്ത് ഇന്ത്യന്‍ മുസ്‌ലിംകളുടെ ഐക്യത്തിന്റെ ഏറ്റവും വലിയ ഐക്കണായിരുന്നു അലിമിയാന്‍. കേരളത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ജമാഅത്ത്-മുജാഹിദ്-സുന്നി നേതാക്കള്‍ ആദ്യമായി ഒന്നിച്ചിരുന്നതും അക്കാലത്താണ്. അലിമിയാന്റെ ലളിതജീവിതവും സൗമ്യപ്രകൃതവും വിശാലവീക്ഷണവും കാരണം എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും അദ്ദേഹം സ്വീകാര്യനായിരുന്നു. രാഷ്ട്രീയ നേതൃത്വവും അദ്ദേഹത്തോട് ആദരവോടും ബഹുമാനത്തോടും കൂടിയാണ് പെരുമാറിയിരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകാഭിമുഖ്യം പുലര്‍ത്താത്ത അലിമിയാന്‍ അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായി നിലപാട് സ്വീകരിച്ചതായി പറപ്പെടുന്നു. ഇന്ദിരഗാന്ധിയുടെ പരമ്പരാഗത മണ്ഡലവും അലീമിയാന്റെ ജന്മനാടുമായ റായ്ബറേലിയില്‍ അടിയന്തരാവസ്ഥക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ശ്രീമതി ഇന്ദിരഗാന്ധിയുടെ തോല്‍വിയില്‍ അലിമിയാന്റെ ഈ നിലപാടും പങ്കുവഹിച്ചിട്ടുണ്ടാകാം. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുന്നതിനായി വിവിധ മതവിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ‘പൈഗാമെ ഇന്‍സാനിയത്ത്’ എന്ന ഒരു മാനവിക വേദിക്കും അലിമിയാന്‍ നേതൃത്വം കൊടുത്തിരുന്നു.

Also read: ഉണർന്നിരിക്കേണ്ട രാവുകൾ

അറബിയിലും ഉര്‍ദുവിലുമായി നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അലിമിയാന്‍. മാദാ ഖസിറല്‍ ആലം, രിജാലുല്‍ ഫിക്‌രി വദ്ദഅ്‌വ, നബിയ്യുര്‍റഹ്മ, അല്‍മുര്‍തദ, റവാഇയെ ഇഖ്ബാല്‍, അര്‍കാനെ അര്‍ബഅ തുടങ്ങിയവ അവയില്‍ മികച്ചുനില്‍ക്കുന്നു. ഇസ്‌ലാമിന്റെ യഥാര്‍ഥ കൊടിവാഹകരായി അറബികള്‍ ലോക ഇസ്‌ലാമിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരണമെന്നതായിരുന്നു അലിമിയാന്‍ മനസ്സില്‍ താലോലിച്ചിരുന്ന ഏറ്റവും വലിയ സ്വപ്നം. അറബികളെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴും എഴുതുമ്പോഴും ഈ സ്വപ്നം അദ്ദേഹം അവരുമായി നിരന്തരം പങ്കുവെച്ചു. അതോടൊപ്പം ഇന്ത്യയിലെ മുസ്‌ലിം പാരമ്പര്യത്തിലും അദ്ദേഹം അഭിമാനംകൊണ്ടു. അല്‍ മുസ്‌ലിമൂന ഫില്‍ ഹിന്ദ് എന്ന കൃതിയിലും മറ്റനേകം ലേഖനങ്ങളിലും ആ അഭിമാന ബോധം വായനക്കാര്‍ക്ക് അനുഭവിക്കാനാകും. പ്രവാചക സ്‌നേഹമാണ് അദ്ദേഹത്തിന്റെ എഴുത്തിലും പ്രസംഗത്തിലും നിറഞ്ഞുനിന്നിരുന്ന മറ്റൊരു വികാരം. അദ്ദേഹത്തിന്റെ നബിയ്യുര്‍റഹ്മ എന്ന പ്രവാചകചരിത്ര ഗ്രന്ഥം അതിന്റെ മികച്ച ദൃഷ്ടാന്തമാണ്. കവിതയിലെ പ്രവാചക സ്‌നേഹിയാണ് ഇഖ്ബാലെങ്കില്‍ ഗദ്യത്തിലെ പ്രവാചക സ്‌നേഹിയാണ് അലിമിയാന്‍. ഇതേ സ്‌നേഹ വികാരത്തിന്റെ ഒരു പങ്ക് അദ്ദേഹം വരച്ച ഇസ്‌ലാമിലെ പരിഷ്‌കര്‍ത്താക്കളുടെയും സൂഫികളുടെയും തൂലികാചിത്രങ്ങളിലും കാണാം. അലിമിയാന്റെ രചനകളില്‍ നല്ലൊരു പങ്ക് ഇത്തരം ജീവചരിത്രങ്ങളാണ്. വാഴ്ത്തലുകള്‍ക്കപ്പുറം ഒട്ടും നിരൂപണാത്മകമല്ല എന്നത് അലിമിയാന്‍ എഴുതിയ ജീവചരിത്രങ്ങളുടെ പോരായ്മയായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ മൗലാനാ മസ്ഊദ് ആലം നദ്‌വി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിരൂപണത്തെ ഭയപ്പെടുന്ന ഭക്തി തന്റെ സുഹൃത്തിനെ സ്വാധീനിച്ചതാണ് അതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

1999 ഡിസംബര്‍ 31-ന് അലീമിയാന്‍ മരിച്ചു. അലീമിയാനെ പോലുള്ള ഒരു നേതാവിൻ്റെ അഭാവം അത്യന്തം പ്രതിസന്ധി നിറഞ്ഞ വർത്തമാനകാല മുസ്ലിം ഇന്ത്യ വല്ലാതെ അനുഭവിക്കുന്നുവെന്നതും വലിയൊരു സത്യമാണ്. അല്ലാഹു അദ്ദേഹത്തിൻ്റെ മഹത്തായ സൽകർമ്മങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ

Facebook Comments

കെ.ടി. ഹുസൈന്‍

1969-ല്‍ മലപ്പുറം ജില്ല വേങ്ങര പഞ്ചായത്തിലെ കുറ്റൂരില്‍ ജനനം. പിതാവ് കോട്ടത്തൊടിക മുഹമ്മദ് മുസ്‌ലിയാര്‍. മാതാവ് വലിയാക്കത്തൊടി ഖദീജ. ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പഠനശേഷം ലഖ്‌നൗ നദ്‌വതുല്‍ ഉലമായില്‍നിന്ന് 'ആലിമിയ്യത്ത്' ബിരുദവും അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഇസ്‌ലാമിക വിജ്ഞാനകോശം അസിസ്റ്റന്റ് എഡിറ്റര്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, സോളിഡാരിറ്റി പത്രിക എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഐ.പി.എച്ച് അസിസ്റ്റന്റ് ഡയറക്ടറാണ്. പ്രബോധനം, ജനപക്ഷം എന്നിവയുടെ പത്രാധിപ സമിതി അംഗമാണ്. കൃതികള്‍: ആള്‍ദൈവങ്ങളുടെ മതവും രാഷ്ട്രീയവും, ഫാഷിസം തീവ്രവാദം പ്രതിരോധത്തിന്റെ മാനവികത, തിരുകേശം തെറ്റും ശരിയും, ഇസ്‌ലാമിലേക്കുള്ള പാത (എഡിറ്റര്‍). വിവര്‍ത്തനകൃതികള്‍: മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍, നമുക്കും വിജയിക്കേണ്ടേ?, ജിഹാദ്, ഹസ്‌റത് അലി, പ്രസ്ഥാനവും പ്രവര്‍ത്തകരും, ജമാഅത്തെ ഇസ്‌ലാമി മുന്‍ഗണനാക്രമം, തഖ്‌വ, ജനസേവനം. ഭാര്യ: നബീല കെ. അഹ്മദ്, മക്കള്‍: അഫ്‌നാന്‍ ഹുസൈന്‍, അഫ്‌ലഹ് ഹുസൈന്‍, അംന ഹുസൈന്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker