Jumu'a Khutba

ഉണർന്നിരിക്കേണ്ട രാവുകൾ

നമ്മുടെ കർമ്മങ്ങൾ വിലയിരുത്തപ്പെടുന്നത് അവസാനം പരിഗണിച്ചാണ്. ആദ്യവേളകളിൽ എന്തുചെയ്തു എന്നല്ല,അവസാനവേളകളിൽ ചെയ്യുന്നതാണ് കൂടുതൽ പരിഗണനീയം. കോർട്ടറിലും, സെമിയിലും ജയിച്ചത് കൊണ്ട് കാര്യമില്ല.  ഫൈനൽ റൗണ്ടിൽ ജയിക്കണം. എന്നാൽ കപ്പടിക്കാം. ഇത്പോലെ റമദാനിൻെറ അവസാനം നന്നാക്കാൻ പരിശ്രമിക്കണം. ഒന്നാമത്തെ പത്തും,രണ്ടാമത്തെ പത്തും കാരുണ്യവും,പാപമോചനവും നേടിയെന്ന് സമാധാനിക്കാതെ നരകവിമോചനത്തിന് വേണ്ടി ഉറക്കമൊഴിക്കേണ്ട ദിനങ്ങളാണ് ഇനി നമ്മുടെ മുമ്പിലുള്ളത്.

പ്രവാചകൻെറ ഒരു പ്രാർത്ഥന ഇങനെയാണ്. “എൻെറ ആയുസ്സിൽ ശ്രേഷ്ഠമായ ഭാഗം അതിൻെറ അവസാന വേളയാക്കേണമേ,കർമ്മങ്ങളിൽ അത്യുത്തമം അതിൻെറ അന്ത്യഘട്ടമാക്കേണമേ.എൻെറ ദിവസങ്ങളിൽ ഏറ്റവും നല്ല ദിവസം നിന്നെ ഞാൻ കണ്ടുമുട്ടുന്ന ദിവസമാക്കേണമേ”

കർമ്മങ്ങൾ പരിഗണിക്കുക അവയുടെ അന്ത്യം പരിഗണിച്ചാണെന്ന് പ്രാവാചകൻ പഠിപ്പിക്കുന്നുണ്ട്. പ്രവാചകനോടൊപ്പമുള്ള യുദ്ധത്തില്‍ ശത്രുക്കളില്‍ ഓരോരുത്തരെയും വെട്ടിവീഴ്ത്തി മുന്നേറുന്ന ഒരു യോദ്ധാവിന്റെ മുന്നേറ്റത്തെ സ്വര്‍ഗത്തിലേക്കുള്ള മുന്നേറ്റമായി വിശേഷിപ്പിച്ച് ചില സഹാബികള്‍ അഭിനന്ദിച്ചു. ആ സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ) പറഞ്ഞു അയാള്‍ പോകുന്നത് നരകത്തിലേക്കാണ്. വിചിത്രമായ ഈ പ്രസ്താവന കേട്ട് ഒരു സഹാബി ആ യോദ്ധാവിനെ പിന്തുടര്‍ന്നു. ശത്രു നിരയിലേക്ക് കുറേ മുന്നോട്ട് പോയപ്പോള്‍ അയാള്‍ക്ക് ഒരു വെട്ടേറ്റു. അതിന്റെ വേദന സഹിക്കാനാവാതെ സ്വന്തം വാള്‍ മണ്ണില്‍ കുത്തി നിര്‍ത്തി അതില്‍ വീണ് അയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇത് കണ്ട് അയാളെ നിരീക്ഷിച്ച സഹാബി റസൂലിന്റെ അടുക്കലെത്തി പറഞ്ഞു: താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്നതിന് ഇതില്‍പരം തെളിവുകളൊന്നും വേണ്ടതില്ല. എന്തുകൊണ്ട് അയാള്‍ നരകാവകാശിയായി എന്നത് എനിക്ക് മനസ്സിലായി.

Also read: എളുപ്പത്തിനുമേൽ എളുപ്പം

കർമ്മങ്ങളുടെ അവസാനം നന്നാക്കുക.  വിശുദ്ധ റമദാനിലെ അവസാന നാളുകളെയും നന്നാക്കുക.  റമദാൻ മാസത്തിൻെറ അവസാന ദിവസം ഉപയോഗപ്പെടുത്തുന്നതനുസരിച്ചായിരിക്കും അതിൻെറ ഫലപ്രാപ്തി.  അതുകൊണ്ട് പ്രവാചകൻ നന്നായി ഒരുങ്ങിയിരുന്നു.
ആയിശ റ പറയുന്നു,  റമദാനിലെ അവസാന പത്ത് ദിവസങളിൽ മറ്റൊന്നിലും ഇല്ലാത്തത്ര കഠിനമായി പ്രവാചകൻ പരിശ്രമിക്കാറുണ്ടായിരുന്നു. തൻെറ കുടുമ്പത്തേയും ഒരുക്കിനിർത്തുമായിരുന്നു.

ആയിശ (റ) പറയുന്നു. റമദാനിൻെറ അവസാന പത്തിൽ പ്രവാചകൻ രാത്രിയെ സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണർത്തുകയും ചെയ്യാറുണ്ടായിരുന്നു. റമദാനിൻെറയും ലൈലത്തുൽ ഖദറിൻെറയും അനുഗ്രഹങ്ങൾ കുടുബത്തിനും കിട്ടണമെന്ന ആഗ്രഹം പ്രാചകനെപോലെ നമുക്കും വേണം.

ഉമ്മുസലമ (റ) പറയുന്നു,  റമദാനിലെ അവസാനപത്തായാൽ നബി തൻെറ കുടുബത്തിലെ എഴുന്നേറ്റ് നമസ്ക്കരിക്കാൻ ശേഷിയുള്ള ഒരാളെയും എഴുന്നേൽപ്പിക്കാതെ വിടാറുണ്ടായിരുന്നില്ല.

സ്വന്തത്തോടൊപ്പം സ്വന്തക്കാരേയും അല്ലാഹുവിൻെറ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുക എന്നതാണ് ഖുർആനിക പാഠം.

വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്നിയില്‍നിന്ന് കാത്തുരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. അതിന്റെ മേല്‍നോട്ടത്തിന് പരുഷപ്രകൃതരും ശക്തരുമായ മലക്കുകളാണുണ്ടാവുക. അല്ലാഹുവിന്റെ ആജ്ഞകളെ അവര്‍ അല്‍പംപോലും ലംഘിക്കുകയില്ല. അവരോട് ആജ്ഞാപിക്കുന്നതൊക്കെ അതേപടി പ്രാവര്‍ത്തികമാക്കുന്നതുമാണ്. (Sura 66 : Aya 6)

കുടുബത്തോട് നമസ്ക്കരിക്കാൻ കൽപ്പിക്കുക സ്വയം അതിൽ നിഷ്ടനാവുകയെന്ന് ഖുർആൻ മറ്റൊരിടത്തും പറയുന്നുണ്ട്.

ദമ്പതികൾ പരസ്പ്പരം വിളിച്ചുണർത്തണം. പ്രവാചക പാഠം അതാണ്. അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: “തിരുനബി(സ) പഠിപ്പിക്കുന്നു:  `ഒരാളെ അല്ലാഹു അനുഗ്രഹിക്കട്ടെ. അയാള്‍ രാത്രി എഴുന്നേറ്റ്‌ നമസ്‌കരിച്ചു. ശേഷം ഭാര്യയെ വിളിച്ചുണര്‍ത്തി. അങ്ങനെ അവളും എഴുന്നേറ്റ്‌ നമസ്‌കരിച്ചു. അവള്‍ ഉണരാന്‍ മടിച്ചാല്‍ അയാള്‍ അവളുടെ മുഖത്ത്‌ സ്‌നേഹത്തോടെ വെള്ളം കുടയും. ഒരു സ്‌ത്രീയെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവള്‍ രാത്രി എഴുന്നേറ്റ്‌ നമസ്‌കരിച്ചു. പിന്നീട്‌ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. അയാളും എഴുന്നേറ്റ്‌ നമസ്‌കരിച്ചു. അയാള്‍ ഉണരാന്‍ മടിക്കുമ്പോള്‍, അവള്‍ അയാളുടെ മുഖത്ത്‌ വെള്ളം കുടയുന്നു.” (ഇമാം അഹ്‌മദ്‌ 7410)
രണ്ട്പേരുടേയും പാപങ്ങൾ അല്ലാഹു പൊറുക്കും.

Also read: വിശുദ്ധ റമദാനിലും ഇബ്‌ലീസിന്റെ സൈന്യം രംഗത്തുണ്ട്!

നോമ്പ് കാലം തഖ്‌വയുടെ ഉറവിടകാലവും ഉത്സവ കാലവുമാണ്. മുത്തഖിയാവേണ്ടത് പുരുഷന്‍ മാത്രമല്ല. പുരുഷന്മാരും സ്ത്രീകളുമുള്‍പ്പെടെ വിശ്വാസി സമൂഹമാണ്. യഥാര്‍ഥത്തില്‍ എന്താണ് നമ്മുടെ വീടുകളില്‍ സംഭവിക്കുന്നത്? റമദാനില്‍ സ്ത്രീകളെ അടുക്കളയിൽ നിന്ന് മോചിപ്പിക്കണം. പ്രവാചക പാഠത്തിന് നാം ചെവികൊടുക്കുക. ” ആരെങ്കിലും തൻെറ അതീനതയിലുള്ളവർക്ക് റമദാനിൽ ജോലി ഭാരം ലഘൂകരിച്ചാൽ അല്ലാഹു അയാൾക്ക് പാപമോചനവും നരക വിമോചനവും നൽകും”.

അല്ലാഹു രാത്രി നമസ്ക്കരിക്കുന്നവനെ കുറിച്ച് ആശ്ചര്യപ്പെടുകയും അഭിമാനത്തോടെ മലക്കുകളോട് ഇപ്രകാരം പറയുകയും ചെയ്യുന്നു: ‘എന്റെ ഈ അടിമയിലേക്ക് നിങ്ങള്‍ നോക്കൂ. തന്റെ വിരിപ്പും പുതപ്പും വിട്ട് തന്റെ ഓമനക്കും ഭാര്യക്കുമിടയില്‍ നിന്ന് നമസ്‌കാരത്തിലേക്കായി അവന്‍ എഴുന്നേറ്റിരിക്കുന്നു. എന്റെ പക്കലുള്ളതില്‍ പ്രതീക്ഷിച്ചും എന്റെ അടുക്കലുള്ളതിനെക്കുറിച്ച് ഭയന്നും.’ (അത്തര്‍ഗീബ്)

ഈ രാവുകളിൽ അല്ലാഹു നമ്മെ കാത്തിരിക്കുകയാണ്. അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നമ്മുടെ നന്മ നിറഞ്ഞ രക്ഷിതാവ് എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊരു ഭാഗം അവശേഷിക്കുന്ന സമയത്ത് ആകാശത്തിലേക്ക് ഇറങ്ങി വരും. അവന്‍ ചോദിക്കും. വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഉത്തരം ഞാന്‍ നല്‍കും. വല്ലവനും എന്നോട് ചോദിക്കുന്ന പക്ഷം ഞാനവന് നല്‍കും. വല്ലവനും എന്നോട് പാപ മോചനത്തി-നായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഞാന്‍ പൊറുത്തു കൊടുക്കും.(ബുഖാരി:1145)

സൂറത്തുല്‍ മുസ്സമ്മലിന്റെ ആദ്യ നാല് ആയത്തുകളുടെ അവതരണത്തോടെ, നബി(സ)യും സ്വഹാബത്തും ഒരു വര്‍ഷക്കാലം നിര്‍ബന്ധമെന്ന നിലക്ക് നമസ്‌ക്കരിക്കുകയും പിന്നീട് അതേ സൂറഃയിലെ ഇരുപതാമത്തെ ആയത്തിന്റെ അവതരണത്തോടെ ഐഛികമായി ലഘൂകരിക്കപ്പെടുകയും ചെയ്ത ശ്രേഷ്ഠ നമസ്‌ക്കാരമാണ് ഖിയാമുല്ലൈല്‍ അഥവാ, രാത്രി നമസ്‌കാരം.

. ‘റമദാനിലെ അവസാന പത്തു ദിവസങ്ങള്‍ ആഗതാമായാല്‍ നബി (സ) രാത്രിയെ ജീവിപ്പിക്കുമായിരുന്നു. തന്റെ കുടുംബത്തെ വിളിച്ചുണര്‍ത്തും. അരയും തലയും മുറുക്കും’. ഇവിടെ ‘അരയും തലയും’ എന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്. ഇബാദത്തുകള്‍ക്ക് വേണ്ടി സുസജ്ജമാകുക എന്നാണ് അതിന്റെ അര്‍ത്ഥം. ഭാര്യമാരെ വിട്ടു നില്‍ക്കുന്നതിനും അവരുമായി സംസര്‍ഗത്തില്‍ നിന്നും മാറി നില്‍ക്കുന്നതിനുമുള്ള ആലങ്കാരിക പ്രയോഗമാണിതെന്നും അഭിപ്രായമുണ്ട്.

Also read: എല്ലാം അറിയുക

ഹദീസിലെ മറ്റൊരു പദം ‘രാത്രിയെ ജീവിപ്പിച്ചു’ എന്നതാണ്. നമസ്‌കാരവും മറ്റു ഇബാദത്തുകളുമായി ഉറക്കമൊഴിച്ചിരിക്കുന്നതിനാണ് ഈ പദം പ്രയോഗിച്ചത്. ആയിശ (റ) വില്‍ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ‘രാത്രി മുഴുവന്‍ നബി (സ) ഖുര്‍ആന്‍ ഓതുന്നതും, പ്രഭാതം വരെ നിന്ന് നമസ്‌കരിക്കുന്നതും, ഒരു മാസം പൂര്‍ണ്ണമായും നോമ്പെടുക്കുന്നതും, റമദാന്‍ മാസത്തിലല്ലാതെ ഞാന്‍ കണ്ടിട്ടില്ല’. രാത്രിയെ സജീവമാക്കുകയെന്നതു കൊണ്ടര്‍ത്ഥമാക്കുന്നത് രാത്രിയുടെ ഭൂരിഭാഗം സമയവും എന്നതാണ്. ഇശാഇന്റെയും അത്താഴത്തിന്റെയും മറ്റു വേളകളിലൊഴിച്ച്  മുഴുവന്‍ സമയവും നബി (സ) പ്രാര്‍ത്ഥനാ നിരതനായിരുന്നുവെന്നര്‍ത്ഥം.
‘തന്റെ കുടുംബത്തെ വിളിച്ചുണര്‍ത്തി’ അഥവാ തന്റെ ഭാര്യമാരെ നമസ്‌കാരത്തിന് വേണ്ടി വിളിച്ചുണര്‍ത്തി. വര്‍ഷം മുഴുവനും നബി (സ) അങ്ങനെ ചെയ്തിരുന്നുവെങ്കിലും, റമദാനല്ലാത്തപ്പോള്‍ അത് ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതമായിരുന്നു. സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീസില്‍ കാണാം. ‘സുബ്ഹാനല്ലാഹ്! എന്താണ് അവന്‍ ഈ രാത്രിയില്‍ ഇറക്കിയത്? അവന്റെ ഖജനാവില്‍ നിന്ന് ഇറക്കിയത് എന്താണ് ? തങ്ങളുടെ ശയന മുറികളില്‍ കിടന്നുറങ്ങുന്നവരെ ആരാണ് ഉണര്‍ത്തുക ? ദുന്‍യാവില്‍ വസ്ത്രം ധരിച്ചു നടന്നവര്‍ ഒരുപക്ഷെ, ആഖിറത്തില്‍ നഗ്‌നരായേക്കാം’.

അപ്രകാരം നബി (സ) ആയിശ (റ) യെ വിത്ര്‍ നമസ്‌കാരത്തിന് വേണ്ടി വിളിച്ചുണര്‍ത്തിയിരുന്നു. എന്നാല്‍ റമദാനിലെ അവസാന പത്തുകളില്‍ നബി (സ) യുടെ വിളിച്ചുണര്‍ത്തല്‍ മറ്റേതു സന്ദര്‍ഭത്തേക്കാളും പ്രത്യേകതയുള്ളതാണ്. നബി (സ) യുടെ റമദാനിലെ തയ്യാറെടുപ്പുകള്‍ തന്റെ സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള ഉള്‍ക്കടമായ ആഗ്രഹത്തെ കുറിക്കുന്നുണ്ട്. ആയുഷ് കാലത്തിലെ ഏറ്റവും ശ്രേഷ്ഠകരമായ ദിനരാത്രങ്ങളെ അല്‍പം പോലും പാഴാക്കാതെയായിരുന്നു നബി (സ)ഉപയോഗപ്പെടുത്തിയിരുന്നത്. മാനവകുലത്തിന്റെ ഉത്തമ മാതൃകയായ നബി (സ) യെ പിന്‍പറ്റുകയാണ് നമ്മള്‍ മുസ്‌ലിംകളുടെ കടമ. ഇനിയൊരവസരം കൂടി നമുക്ക് ലഭ്യമാകുമോ ഇല്ലേയെന്ന് നമുക്ക് അറിയില്ല. മരണം ഏതു സമയത്തും നമ്മെ കൂട്ടികൊണ്ടു പോകാം. മരണ വേളയില്‍ ഖേദിച്ചതു കൊണ്ട് ഒരു പ്രയോജനവുമില്ലല്ലോ.

Facebook Comments
Related Articles

Check Also

Close
Close
Close