Your Voice

നരക വിമുക്തിക്കായി പത്ത് കാര്യങ്ങള്‍ ചെയ്യാം

ഓരോ പ്രഭാതം വിടരുമ്പോഴും കിഴക്കുതിക്കുന്ന സൂര്യന്‍ നമ്മുടെ ബോധമണ്ഡലത്തിന് എത്രമാത്രം സുഗ്രാഹ്യമാവുന്നുണ്ടൊ, അത്പോലെ സുവ്യക്തമായ കാര്യമാണ് മരണവും അനന്തര പ്രക്രിയകളും. ജനനം,ശൈശവം,യൗവ്വനം,വാര്‍ധക്യം എന്നിവ പിന്നിട്ട് ജീവിതത്തിന്‍റെ അടുത്ത ഘട്ടമാണ് മരണം. ഈ ഘട്ടങ്ങള്‍ തരണം ചെയ്യാതെയും മരണത്തെ അഭിമുഖീകരിച്ചേക്കാം. മരണത്തില്‍ നിന്ന് ബര്‍സഖീ ജീവിതം. അവിടെ നിന്ന് നമ്മുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. അതിന് ശേഷം വിചാരണ. വിചാരണയുടെ ഭാഗമായി നമ്മുടെ കര്‍മ്മങ്ങളും വാക്കുകളും സ്വഭാവങ്ങളും വിലയിരുത്തപ്പെടുന്നു. ആ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഫലമായി നമുക്ക് സ്വര്‍ഗ്ഗമൊ നരകമൊ ലഭിക്കുക.

ഇത് മനുഷ്യര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണെങ്കില്‍, അന്ത്യദിനത്തില്‍ പ്രപഞ്ചത്തിന് സംഭവിക്കുന്ന ഗതിവിഗതികളെ കുറിച്ച് തഫ്ഹീമുല്‍ ഖുര്‍ആനില്‍ അധ്യായം 6:73ന്‍റെ വിശദീകരണത്തില്‍ ഇങ്ങനെ കാണാം: ഖിയാമത് നാളില്‍ ദൈവാജ്ഞ പ്രകാരം ഒന്നാമത്തെ തവണ കാഹളമൂതപ്പെടും. അത് വഴി സകലതും നശിക്കും. പിന്നെ എത്ര കഴിഞ്ഞാണെന്ന് അല്ലാഹുവിനേ അറിയൂ.രണ്ടാം തവണയും കാഹളമൂതപ്പെടും. അതോടെ മുന്‍ഗാമികളും പിന്‍ഗാമികളുമായ എല്ലാവരും വീണ്ടും എഴുന്നേല്‍പിക്കപ്പെടുകയും മഹ്ശറയില്‍ ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യും. ആദ്യത്തെ കാഹളമൂത്ത് കൊണ്ട് പ്രപഞ്ച വ്യവസ്ഥ മുഴുവന്‍ താറുമാറാകും. രണ്ടാമത്തെ കാഹളമൂത്ത് കൊണ്ട് മറ്റൊരു വ്യവസ്ഥ പുതിയ രൂപത്തില്‍ പുതിയ നിയമങ്ങളോടെ നിലവില്‍ വരുകയും ചെയ്യും.

Also read: ഉണർന്നിരിക്കേണ്ട രാവുകൾ

മരിച്ച്പോയ ഒരാള്‍ പുനര്‍ജനിച്ച് ഇതിന് വിരുദ്ധമായ കാര്യങ്ങള്‍ പറയാത്തേടുത്തോളം നമ്മുടെ മനസ്സില്‍ രൂഡമൂലമായിരിക്കേണ്ട സുപ്രധാനമായ കാര്യങ്ങളാണിത്. അതിനാല്‍ നമ്മെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുകയും നരഗത്തില്‍ നിന്ന് മോചിതമാക്കുകയും ചെയ്യുന്ന കര്‍മ്മങ്ങളെ കുറിച്ച് അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്. ആരാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത് ഇങ്ങനെ: പുണ്യവന്മാര്‍ തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ തന്നെയായിരിക്കും. കുറ്റവാളികള്‍ ആളിക്കത്തുന്ന നരകത്തീയിലും. 82:13,14

നരഗത്തില്‍ നിന്ന് അകറ്റപ്പെടുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തവര്‍ വിജയിച്ചു എന്നും വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നരക മോചത്തിനുള്ള ലളിതവും മനസ്സ്വെച്ചാല്‍ അനുഷ്ടിക്കാന്‍ പ്രയാസമില്ലാത്ത, പ്രവാചകന്‍ പഠിപ്പിച്ച പത്ത് കാര്യങ്ങളാണ് ചുവടെ. മനസ്സിനെ ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മങ്ങള്‍.

അതില്‍ ഏറ്റവും പ്രഥമ ഗണനീയം ഫജ്റ്-അസര്‍ നമസ്കാരങ്ങള്‍ തന്നെ. അല്‍പം ത്യാഗ മനസ്ഥിതി ഇല്ലാതെ ഈ നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കുക സാധ്യമല്ല. നബി (സ) പറഞ്ഞു: സൂര്യോദയത്തിന് മുമ്പും അസ്തമയത്തിനും മുമ്പായി നമസ്കരിച്ച ഒരാളും നരകത്തില്‍ പ്രവേശിക്കുകയില്ല. ഫജ്റ്-അസര്‍ നമസ്കാരങ്ങള്‍ ആണ് ഇത് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കീട്ടുണ്ട്.

നരക മോചനത്തിനുള്ള രണ്ടാമത്തെ കാര്യം സംഘടിത നമസ്കാരത്തില്‍ ജാഗ്രത പാലിക്കുക എന്നതാണത്. നബി (സ) പറഞ്ഞു: “ഒരാള്‍ നാല്‍പത് ദിവസം ഒന്നാം തക്ബീറത്തുല്‍ ഇഹ്റാം മുതല്‍ ജമാഅത്തായി നമസ്കരിച്ചു. അയള്‍ക്ക് രണ്ട് പുണ്യം രേഖപ്പെടുത്തിക്കഴിഞ്ഞു. നരകാഗ്നിയില്‍ നിന്നുള്ള മോചനവും കാപട്യത്തില്‍ നിന്നുള്ള മോചനവുമത്രെ അത്.” നാല്‍പത് ദിവസം ഒരു കാര്യം പതിവായി ചെയ്താല്‍ അത് നമ്മുടെ ജീവിതചര്യയുടെ ഭാഗമാവുമെന്നാണ് ആധുനിക മന:ശ്ശാസ്ത്രം പഠിപ്പിക്കുന്നത്.

Also read: ക്ഷാമകാലത്തെ ക്ഷേമപൂർണമാക്കാൻ!

നരകാഗ്നിയില്‍ നിന്ന് രക്ഷ പ്രാപിക്കാനുള്ള മൂന്നാമെത്തെ കാര്യമാണ് ദാനം ചെയ്യല്‍. അല്ലാഹു നല്‍കിയ എല്ലാ അനുഗ്രങ്ങളും അതില്‍ ഉള്‍പ്പെടും എന്നാണ് പണ്ഡിത മതം. അല്ലാഹുവിന്‍റെ ഏതെങ്കിലും തരത്തിലുള്ള അനുഗ്രഹം ലഭിക്കാതെ പോയവര്‍ നമ്മില്‍ ആരാണുള്ളത്? അത് സമ്പത്തൊ അറിവൊ ആരോഗ്യമൊ ഒക്കെയാവാം. ഒരു പക്ഷെ നമുക്ക് തന്നെ തിരിച്ചറിയാന്‍ കഴിയാത്ത അനുഗ്രഹവുമാവാം. പ്രവാചകന്‍ പറഞ്ഞു: ഒരു കാരക്ക ചീള് കൊണ്ട് നരക വിമുക്തി കൈവരിക്കാന്‍ നിങ്ങളില്‍ ആര്‍ക്ക് സാധിക്കുന്നുവൊ, അദ്ദേഹം അങ്ങനെ പ്രവൃത്തിച്ചു കൊള്ളട്ടെ.

ശരീരത്തില്‍ എത്ര അസ്ഥികളുണ്ടൊ അത്രയും ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. തങ്ങള്‍ക്ക് അതിന് ശേഷിയില്ല എന്ന് ദരിദ്രരായ പ്രവാചക അനുചരന്മാര്‍ പരാതിപ്പെട്ടപ്പോള്‍, ഒരു പുഞ്ചിരി.ഒരു പുണ്യ കര്‍മ്മം. ഒരു സഹായ ഹസ്തം. എല്ലാം ദാനധര്‍മ്മങ്ങള്‍ തന്നെ എന്ന് അദ്ദേഹം വിശദീകരിച്ചു.

നരക മുക്തിക്ക് സഹായകമായ നാലാമത്തെ കാര്യമാണ് ളുഹറ് നമസ്കാരത്തിലെ സുന്നത്ത്. അവിടന്ന് പറഞ്ഞു: നാല് റകഅത് ളുഹറ് നമസ്കാരത്തിന് മുമ്പും നാല് റകഅത് ളുഹറ് നമസ്കാരത്തിന് ശേഷവും പതിവായി നമസ്കരിച്ചാല്‍ അല്ലാഹു അവനെ നരഗത്തില്‍ നിന്ന് തടയുന്നതാണ്.

അഞ്ചാമത്തെ കാര്യമാണ് അല്ലാഹുവിനെ ഭയപ്പെട്ട് കൊണ്ട് കണ്ണീര്‍ വാര്‍ക്കുക. നബി (സ) പറഞ്ഞു: മൃഗങ്ങളില്‍ നിന്ന് കറന്നെടുത്ത പാല് അതിന്‍റെ അകിടിലേക്ക് മടങ്ങാത്തത് പോലെ അല്ലാഹുവിനെ ഭയപ്പെട്ട് കൊണ്ട് കരയുന്ന ഒരാളേയും നരകം സ്പര്‍ഷിക്കുകയില്ല. അത്പോലെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലെ പൊടിപടലങ്ങളും നരകത്തിലെ പുകയും യോജിക്കുകയില്ല.

Also read: എന്താണ് ലൈലത്തുൽ ഖദ്റിന്റെ അടയാളം?

നരകത്തില്‍ നിന്ന് വിമുക്തി നേടാനുള്ള ആറാമത്തെ കാര്യമാണ് സല്‍സ്വഭാവിയായിരിക്കുക എന്നത്. മതാനുഷ്ടാനങ്ങളിലൂടെ ഒരു വ്യക്തിക്ക് ലഭിക്കേണ്ട ഫലങ്ങളിലൊന്നാണ് സഹജീവികളോട് ഉത്തമ സ്വഭാവത്തോടെ പെരുമാറല്‍. പലപ്പോഴും മതത്തിന്‍റെ ആളുകള്‍ക്ക് സാധിക്കാതെ പോവുന്ന കാര്യവും ഇത് തന്നെ. ഹാക്കിം ഉദ്ധരിച്ച ഒരു ഹദീസില്‍ അവിടന്ന് അരുളി: ആര്‍ മൃദുലനാവുകയും സൗമ്യനാവുകയും അടുത്ത് പെരുമാറുകയും ചെയ്തുവൊ, അല്ലാഹു അവനെ നരകത്തില്‍ നിന്ന് സംരക്ഷിക്കുന്നതാണ്.

നരകത്തില്‍ നിന്ന് മോചനം നേടാനുുള്ള ഏഴാാമത്തെ കാര്യമാണ് അടിമമോചനം. സാമ്പത്തികമായ നഷ്ട പരിഹാരം കൊടുക്കാന്‍ കഴിയാതെ ജയിലുകളില്‍ കഴിയുന്ന തടവുകാരെ ഇങ്ങനെ പരിഗണിച്ച് മോചിപ്പിക്കാന്‍ മുന്നോട്ട് വരുന്ന ധാരാളം സുമനസ്സുകളെ ഗള്‍ഫ് നാടുകളില്‍ കാണാം. യുദ്ധതടവുകാരായ അടിമകള്‍ മാത്രമല്ല ഇതിലുള്‍പ്പെടുക എന്നത്രെ ഇത് വ്യക്തമാക്കുന്നത്. നബി (സ) പറഞ്ഞു: സത്യവിശ്വാസിനിയായ ഒരു അടിമയെ ആര്‍ മോചിപ്പിക്കുന്നുവൊ അയാള്‍ക്കുള്ള പ്രതിഫലം നരകത്തില്‍ നിന്നുള്ള വിമുക്തിയത്രെ.

നരക മോചനത്തിനുള്ള എട്ടാമത്തെ കാര്യമത്രെ റമദാന്‍ മാസത്തിലെ വൃതാനുഷ്ടാനം. നബി (സ) പറഞ്ഞു: വൃതം ഒരു പരിചയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ഒരു കോട്ടയുമാണത്.

അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കാവലിരിക്കലാണ് നരക മോക്ഷത്തിനുള്ള ഒമ്പതാമത്തെ കാര്യം. അവിടന്ന് പറഞ്ഞു: രണ്ട് കണ്ണുകളെ നരകം സ്പര്‍ഷിക്കുന്നതല്ല. അല്ലാഹുവിനെ ഭയപ്പെട്ട് കണ്ണീര്‍വാര്‍ത്ത കണ്ണും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഉറക്കമൊഴിച്ച് കാവലിരുന്ന കണ്ണും നരകം സ്പര്‍ഷിക്കുന്നതല്ല.

Also read: പെരുന്നാൾ പുടവ പുത്തനാവണമോ?

ഐഛികമായ നോമ്പനുഷ്ടാനമാണ് പത്താമത്തെ കര്‍മ്മം. അത് മനസ്സിനെ കടഞ്ഞാണിട്ട് വ്യക്തമായ ജീവിത ലക്ഷ്യത്തോട് അടുപ്പിക്കാന്‍ സഹായിക്കും. നബി (സ) പറഞ്ഞു: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വൃതമനുഷ്ടിച്ച അടിമ. ആ ദിനത്തിന്‍റെ ശ്രേഷ്ടതകൊണ്ട് എഴുപത് സംവല്‍സരക്കാലം അല്ലാഹു അവനെ നരകത്തില്‍ നിന്ന് അകറ്റുന്നതാകുന്നു.

റമദാനിന്‍റെ ഈ വിശിഷ്ട പുണ്യദിനങ്ങളില്‍ മാത്രമല്ല ജീവിതത്തിലൂടനീളം മുകളില്‍ വിവരച്ച സദ്പ്രവൃത്തനങ്ങള്‍ ചെയ്ത് തുടങ്ങാം. അതിലൂടെ ദൈവഭക്തി കൈവരിക്കാനും നരകത്തില്‍ നിന്ന് മോചനം നേടാനും സാധിക്കുമെന്ന് നബി തിരുമേനി നമുക്ക് ഉറപ്പ് നല്‍കിയിരിക്കുന്നു.

Author
ഇബ്റാഹീം ശംനാട്
Facebook Comments
Related Articles

ഇബ്‌റാഹിം ശംനാട്

ജനനം 1960 ഏപ്രില്‍ 9, കാസര്‍ഗോഡ് ജില്ലയിലെ ചെംനാട്. 1975- 1983 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ എഫ്.ഡി. കോഴ്‌സിന് പഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. ഇഗ്‌നോയില്‍ നിന്ന് ജേര്‍ണലിസം & പബ്ലിക് റിലേഷന്‍സ് പി. ജി. ഡിപ്‌ളോമയും കരസ്ഥമാക്കി. പങ്കെടുത്ത െ്രെടയിനിംഗുകള്‍: കമ്മ്യുണിറ്റി ഡവലപ്‌മെന്റെ് വര്‍ക്ക്‌ഷോപ്പ് (Conducted by Islamic Development Bank, Jeddah), ടോസ്റ്റ്മാസ്‌റ്റേര്‍സ് ഇന്റെര്‍നാഷണലില്‍ നിന്ന് പ്രസംഗ പരിശീലനം, Basic Pscychology, Neuro Lingistic Program, Transactional Analysis, കൃതികള്‍: പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, ഇസ്ലാമിന്റെ ആവശ്യകത (വിവര്‍ത്തനം). പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയില്‍ എഴുതുന്നു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ്: ബി.എം. ഖദീജബി. ഭാര്യ: സൗജ ഇബ്‌റാഹീം, മക്കള്‍: ഹുദ, ഈമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍

Check Also

Close
Close
Close