Current Date

Search
Close this search box.
Search
Close this search box.

വിചിന്തനത്തിന് വഴിയൊരുക്കുന്ന വ്യക്തിത്വങ്ങൾ

വ്യക്തിത്വം എല്ലാവർക്കുമുണ്ട്, വാസ്തവത്തിൽ വ്യക്തിത്വം ഇല്ലാത്ത ഒരാൾ പോലും ഈ ലോകത്ത് ഇല്ല. മാത്രമല്ല ഓരോ വ്യക്തിത്വവും,  മറ്റൊന്നിനോട് എപ്പോഴും വ്യക്തവും കൃത്യവുമായ വ്യത്യസ്ഥത പുലർത്തുന്നതും കാണാൻ കഴിയും. ഇരട്ടകുട്ടികളായി പിറന്നവരിൽ തന്നെ അച്ഛനമ്മമാർക്ക് ആണെങ്കിൽ അനായാസം, ഇനി പുറത്ത് നിന്നുള്ള ഒരാൾക്ക് ആണെങ്കിൽ നിരീക്ഷണത്തിലൂടെ അറിയാൻ സാധിക്കും അവർ തമ്മിൽ അനിഷേധ്യമായ സമാനതകൾ പുലർത്തുമ്പോഴും നല്ലതും അല്ലാത്തതുമായ വിവിധ ഗുണങ്ങളാലും കാരണങ്ങളാലും അതുല്യവും അനന്യവുമായിരിക്കും രണ്ടുപേരുടെയും വ്യക്തിത്വങ്ങൾ. ഒരിക്കലും ആർക്കും മറ്റൊരാളെപ്പോലെ ആവാൻ കഴിയില്ല. ആവാനും പാടില്ല. ചില ഗുണങ്ങൾ, ചര്യകൾ, ആദർശങ്ങൾ, ആശയങ്ങൾ, നിലപാടുകൾ, ഇടപെടുന്ന രീതികളെല്ലാം നമുക്ക് മറ്റൊരാളിൽ നിന്ന് പരമാവധി സ്വീകരിക്കാം. ഒരു വ്യകിത്വത്തെ മൊത്തമായി സ്വീകരിക്കാൻ കഴിയില്ല.

ആകർഷണീയമായ വ്യക്തിത്വത്തിന് നല്ല ശരീരഘടനയും ബാഹ്യസൗന്ദര്യവുമെല്ലാം അടിസ്ഥാന ഘടകങ്ങളിൽ ചിലതായി വരുന്നുണ്ടെങ്കിലും അന്തരീക ഗുണങ്ങൾകൊണ്ട് ആകർഷണീയനായ ഒരാളുടെ വ്യക്തിത്വത്തിൽ ബാഹ്യസൗന്ദര്യത്തിന്റെ പ്രാധാന്യം കുറഞ്ഞ് വരുന്നതായിട്ടാണ് കാണപ്പെടുന്നത്. സ്വീകാര്യതയേറിയ വ്യക്തിത്വം സ്വത്വബോധത്തിൽ നിന്നുണ്ടായതും സുദൃഢവും സത്യസന്ധവും സുന്ദരവും മനോഹരവുമായിരിക്കും. ജനസമ്മതിയും ആളുകളാൽ അംഗീകരിക്കപ്പെടുന്നതുമായ ഒരു വ്യക്തിത്വത്തിന് അറിവും ബോധവും തിരിച്ചറിവും കൂടിയേ തീരൂ. എന്നാൽ
എന്തിനാണ് എല്ലാവരും നമ്മെ അംഗീകരിക്കുന്നത്? അതിന്റെ അവശ്യമെന്താണ്? എന്നൊക്കെയുള്ള ഒരു ചോദ്യം മനസ്സിൽ ഉയർന്നേക്കാം. അതിന്റെ ആവശ്യവും പ്രയോജനവും മറ്റാരേക്കാളും ആത്യന്തികമായി എടുത്ത് നോക്കിയാൽ അവനവന് തന്നെയാണ്.

അതിൽ സുപ്രധാനമായ ഒരു കാര്യം അത്തരം വ്യക്തിത്വങ്ങൾ ചില പ്രത്യേക സ്വഭാവ സവിശേഷതകൾ കൊണ്ടും സ്വഭാവഗുണങ്ങൾകൊണ്ടും സമ്പന്നമായിരിക്കും. അവർ നാടിനും സമൂഹത്തിനും എന്നും എപ്പോഴും ഒരു മുതൽക്കൂട്ടായിരിക്കും. സമൂഹത്തിൽ ഉയർന്ന സ്ഥാനവും പദവിയും മാന്യതയും ആദരവും അവർ നേടിയെടുക്കും. മാത്രമല്ല അവരുടെ ആദർങ്ങളും ജീവിതരീതികളും കണ്ട് സ്വയം സ്വാധീനിക്കപ്പടുകയും അവരെ മാതൃകയാക്കാനും അപ്പറഞ്ഞ ഗുണങ്ങളെയെല്ലാം ജീവിതത്തിൽ പിന്തുടർന്ന് ജീവിത സാഫല്യം കണ്ടെത്താൻ ഒരുപാട് ആളുകൾക്ക് സാധിക്കും. ശാസനകൾക്കോ, ഉപദേശസ്വരങ്ങൾക്കോ, വേദവാക്യങ്ങൾക്കോ ആളുകൾ അധികം ചെവി കൊടുക്കാറില്ല, അവകൊണ്ട് മനുഷ്യരെ നന്നാക്കിയെടുക്കാൻ ശ്രമിച്ചാലും അതിനൊക്കെ ഒരു പരിധിയുണ്ട്. കാരണം അടിസ്ഥാനപരമായി മനുഷ്യർ പൊതുവെ ഉപദേശങ്ങളെ ഇഷ്ടപ്പെടാത്തവരാണ്. പിന്നെ സ്വാധീനിക്കപ്പെടണമെന്നുണ്ടെങ്കിൽ മേൽപ്പറഞ്ഞപോലെയുള്ള അപൂർവ്വം വ്യക്തിത്വങ്ങൾക്കെ അതിൽ വല്ലതും ചെയ്യാൻ പറ്റുന്നുള്ളൂ. സ്വന്തം ജീവിതംകൊണ്ട് ഒട്ടേറെ പേർക്ക് വഴിവിളക്കായി, മാതൃകയായി മാറുന്നവരാണ്. എന്നെന്നും മനുഷ്യഹൃദയങ്ങളിൽ ജീവിച്ചിരിക്കുന്നവരാണ് ഇവർ.

Also read: നീതി സത്യമാണ്, പക്ഷെ വൈകി വരുന്നതോ ?

വ്യക്തിത്വത്തിന് എപ്പോഴും സ്വീകാര്യതയേറുന്നത് ഓരോന്നിനോടും അയാൾ പുലർത്തുന്ന മനോഭാവത്തിന്റെ നിലവാരത്തെയും മഹത്വത്തെയും അടിസ്ഥാനപ്പെടുത്തിയാവും. ഒരാളിലെ മനോഭാവമാണ് അയാൾ ഏത് തരത്തിലുള്ള വ്യക്തിയാണെന്ന് നിർണ്ണയിക്കാൻ സഹായിക്കുന്നത്. പോസിറ്റീവ് മനോഭാവമുള്ള ഒരു വ്യക്തിയിലേക്ക് ആളുകൾ അടുത്തുകൂടുന്നത് അതിസാധാരണമെന്നെ പറയാൻ പറ്റുള്ളൂ. നന്മകൾ കണ്ടെത്തിയും ജീവിതത്തിൽ പകർത്തിയും സ്നേഹം, മമത, കാരുണ്യം, അനുകമ്പ എന്നിവകൊണ്ട് ആളുകളുടെ മനസ്സിൽ ഇടംകണ്ടെത്തിയുമാണ് അവർ മറ്റുള്ളവരുടെയെല്ലം ഹൃദയം കവർന്നെടുക്കുന്നത്. ഇത്തരത്തിൽ തന്റെ വ്യക്തിപ്രഭാവം കാത്ത് സൂക്ഷിക്കുന്ന ഒരാൾക്ക് അയാൾ ഉദ്ദേശിക്കുന്ന ഏത് കാര്യവും അനായാസം നടത്തികിട്ടും കാരണം ആളുകൾക്ക് അത്രയേറെ പ്രിയപ്പെട്ട ഒരാൾ തന്നെയാണ് അവർ. അവർക്കായി നിരുപാധികം എന്ത് ചെയ്യാനും സന്നദ്ധരായ കുറേപ്പേർ കൂടെ ഉണ്ടാവും.

മാതാപിതാക്കൾ മക്കളെ വളർത്തുമ്പോൾ തീർച്ചയായും അവരെ നന്മകൾ കണ്ടെത്താൻ ശീലിപ്പിച്ചു തന്നെ വളർത്തണം. മനുഷ്യരിലെ നന്മകളെയും, ലോകത്തിന്റെ നന്മയെയും കാണാനുള്ള ഒരു കണ്ണ് അച്ഛനമ്മമാർ അവർക്ക് നൽകണം. നന്മയുള്ള വ്യക്തിത്വങ്ങളെ ചൂണ്ടിക്കാണിച്ച്, അവരുടെ ജീവിതങ്ങൾ, അനുഭവ കഥകൾ എല്ലാം മക്കൾക്ക് പറഞ്ഞു കൊടുക്കണം. അത്തരം ആളുകളുമായി ഇടപഴകാൻ കഴിയുമെങ്കിൽ ഇടയ്ക്കൊക്കെ അവസരം ഒരുക്കി കൊടുക്കണം. അവരെക്കുറിച്ച് കേൾക്കെ  കുഞ്ഞുങ്ങളുടെ ഉള്ളിൽ അവരോട് ആദരവും ആരാധനയും തോന്നിത്തുടങ്ങും. അവരെപ്പോലെ ആവാനുള്ള തീക്ഷ്ണമായ ത്വര പതിയെ  കുട്ടികൾക്കുള്ളിൽ ഉറഞ്ഞ്‌ കൂടും. അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അതായത് കുഞ്ഞുങ്ങൾ ഈ ലോകത്തെ തിന്മകൾ മാത്രം നോക്കിക്കണ്ടുകൊണ്ടാണ് വളരുന്നതെങ്കിൽ നെഗറ്റീവ് മനോഭാവത്തിന് അടിമയായി മാറുകയും അവരുടെ ജീവിതം തന്നെ നിഷേധാത്മക ചിന്തകളാൽ നിറയുകയും നാശത്തിലേയ്ക്ക് വഴിതെളിയ്ക്കാനും അത് ഹേതുവാക്കപ്പെടും. തങ്ങളുടെ കുഞ്ഞിന് നല്ലൊരു ഭാവി ഉണ്ടാകണമെങ്കിൽ, ലോകത്തെ ഇതുപോലെ മനോഹരമായി കാണാനുള്ള നല്ലൊരു കണ്ണ് അവർക്ക് ക്രിയേറ്റ് ചെയ്തു നൽകേണ്ടത് മാതാപിതാക്കൾ തന്നെയാണ്. അത് അവർ സ്വന്തം അനുഭവങ്ങളിൽ നിന്ന് രൂപപ്പെടുത്തിയെടുത്തതാവണം.

വ്യകിത്വരൂപീകരണത്തിൽ രക്ഷകർതൃത്വത്തിന്റെ റോൾ ഇനിയും മനസ്സിലാക്കിയിട്ടൊ തിരിച്ചറിഞ്ഞിട്ടോ ഇല്ലാത്തവരാണ് നമ്മളിൽ ബഹുഭൂരിഭാഗവും. നേരിനെ അഥവ സത്യത്തെ തിരിച്ചറിയുകയും അതിനോടൊപ്പം നിൽക്കാനുമുള്ള ആർജ്ജവം മക്കൾക്ക് ഉണ്ടാവുകയും ചെയ്യുന്നത് അച്ഛനമ്മമാർക്ക് അതുപോലെ നല്ലൊരു മാർഗ്ഗദർശിയായി അവരോടൊപ്പം നിൽക്കാനും വേണ്ട ധൈര്യം പകർന്ന് കൊടുക്കാനും കഴിയുമ്പോഴാണ്. അനുകരണങ്ങൾ അമിതമായി പ്രോത്സാഹിപ്പിക്കാൻ പാടില്ല, അവനെപ്പോലെ/അവളെപ്പോലെ ആവാൻ പ്രേരിപ്പിക്കുന്നതൊന്നും അത്ര ഭൂഷണമല്ല. കുഞ്ഞിന് സ്വന്തമായ വ്യക്തിത്വം ഇല്ലാതെയാവും. എല്ലാത്തിൽ നിന്നും നമ്മെ ആകർഷിക്കുന്ന നല്ല ഘടകങ്ങളെയും ഗുണങ്ങളെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും അല്ലാത്തവയെ തള്ളിക്കളയുകയും ചെയ്യാനുള്ള ബോധം അവരിൽ പ്രാവർത്തികമാക്കണം. നമ്മൾ ആളുകൾക്ക് നൽകുന്നത് തന്നെയാണ് നമുക്ക് അവരിൽ നിന്ന് തിരികെ ലഭിക്കുന്നത്. സ്നേഹം നൽകിയാൽ സ്നേഹം ലഭിക്കും ആദരവും ബഹുമാനവും നല്കുമ്പോഴേ അവരും നമ്മെ ആദരവോടെ കാണുകയുള്ളൂ എന്നും എല്ലാ മനുഷ്യരെയും സ്നേഹിക്കാനും ആദരിക്കാനും അവർക്ക് സാധിക്കും വിധം അവരെ മോൾഡ് ചെയ്ത് അഥവാ രൂപപ്പെടുത്തി എടുക്കണം.

Also read: എന്തൊരു ധൂർത്താടോ ?

ഉൾചിന്തയിലൂടെ കുട്ടികളെ സ്വാധീനിക്കുന്നവരാണ് ഉത്തമരായ മാതാപിതാക്കൾ. സ്നേഹവും മനുഷ്യത്വവും അറിഞ്ഞും അനുഭവിച്ചും ജീവിച്ച മക്കൾ അച്ഛനമ്മമാരെ വൃദ്ധസദനത്തിലോ അഗതിമന്ദിരത്തിലോ കൊണ്ടുപോയി വിടാൻ നോക്കിയാലും ഒരു രാത്രി പോലും അവർക്ക് കണ്ണടച്ച് ഒന്നുറങ്ങാൻ കഴിയില്ല. ജീവിതമെന്തെന്നു പഠിപ്പിച്ച, ജീവിതത്തിലുടനീളം തനിയ്ക്ക് മാതൃകയായ അച്ഛനമ്മമാരെ, തന്റെ നിലനിൽപ്പ് തന്നെ എന്നും അവരായിരുന്നു എന്ന് തിരിച്ചറിഞ്ഞ മക്കൾക്ക് എങ്ങനെ തന്നിൽ നിന്ന് അകറ്റാൻ സാധിക്കും? കുഞ്ഞുങ്ങളെ ധർമ്മികതയിലൂന്നിയ ചിന്തകളുടെയും മൂല്യബോധത്തിന്റെയും ഉടമകളാക്കി വളർത്താൻ അച്ഛനമ്മമാർക്ക് കഴിഞ്ഞാൽ തന്നെ അവർക്ക് പ്രതിബദ്ധത എന്ന വാക്ക് എന്താണെന്നും അത് ആരോടൊക്കെ എങ്ങനെ നിറവേറ്റപ്പെടേണ്ടതുണ്ട് എന്നൊക്കെയുള്ള അറിവും ബോധവും ഉണ്ടാവുകയൊള്ളൂ. വീട്ടിനുള്ളിൽ തന്നെ സ്നേഹനിർഭരമായ അന്തരീക്ഷമാണെങ്കിൽ കുഞ്ഞുങ്ങൾ വീടിനോടും ചുറ്റുപാടിനോടും വല്ലാതെ അറ്റാച്ച്ഡ് ആവും. മുറിച്ചു മാറ്റാൻ പറ്റാത്ത അഭേദ്യമായ ബന്ധം മനസ്സിൽ വീടും കുടുംബവുമായി അവർക്ക് എന്നുമുണ്ടാവും.

Related Articles