Current Date

Search
Close this search box.
Search
Close this search box.

എന്തൊരു ധൂർത്താടോ ?

പ്രവാചക സഖാക്കളിൽ പ്രമുഖനായ സഅദി (റ) നോട് അദ്ദേഹത്തിന്റെ വുദുവിന്റെ വെള്ളത്തിലെ ഉപഭോഗം കണ്ടപ്പോൾ നബി (സ) ചോദിച്ച ചോദ്യം എന്നോടും നിങ്ങളോരോരുത്തരോടുമുള്ള ചോദ്യമാണെന്ന് മനസ്സിലാക്കാത്തേടത്തോളം എല്ലാ സംഗതികളിലേയും പോലെ വെള്ളത്തിലെ ധൂർത്തും നാം അനുസ്യൂതം തുടരും . നമ്മുടെ മുന്നിൽ ലഭ്യമായിരിക്കുന്ന ജലം നമ്മുടേത് മാത്രമാണെന്ന ധാരണ തിരുത്തുവോളം ഈ തലവാചകം അസ്വസ്ഥത ഉണ്ടാക്കും; ഉണ്ടാക്കണം.

മനുഷ്യ ശരീരത്തിലെ 70% വും ജലമാണ്. ഭൂമിയുടെ മുക്കാല്‍ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടതാണ്. ഭൂമിയുടെ ആവാസ വ്യവസ്ഥക്ക് ഇളക്കം തട്ടാതെ പരിപാലിച്ച് പോരുന്നത് അല്ലാഹുവിന്‍റെ കരുണയുടെ ഏറ്റവും വലിയ പ്രതീകമായ മഴയും ജലസ്രോതസ്സുകളുടെ സംവിധാനങ്ങളുമാണെന്നതിൽ സംശയമില്ല. വെള്ളം ഈ ഭൂമിയിലേക്കിറക്കിയത് അല്ലാഹുവിന്റെ വലിയ അനുഗ്രഹം തന്നെ. അതിലേറെ അത്ഭുതങ്ങളും വെള്ളത്തിലൊളിപ്പിച്ചു. വെള്ളം അവസാനിക്കുന്നിടത്ത് ജീവന്‍ ഇല്ലാതാവുമെന്ന് ചുരുക്കം. അതിനാൽ സകല വസ്തുക്കളിലും മധ്യമരീതി എന്നത് ആദ്യമായി വെള്ളത്തിൽ നാം പരിശീലിക്കുക.

എല്ലാത്തിനും പകരമായി പലതും ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ടെങ്കില്‍ കൂടി വെള്ളത്തിന് പകരമായി ഇന്നേവരെ മറ്റൊന്നും കണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടുപിടിക്കുകയുമില്ല.
ഇവിടെയാണ് വെള്ളത്തിന്റെ വില മനസ്സിലാവുന്നത്. ആയിരക്കണക്കിന് രൂപയാണ് ഒരു ലോഡ് വെള്ളത്തിന് വെള്ള മാഫിയകൾ മാർച്ച് തുടക്കത്തിലേ വാങ്ങുന്നത്. വരൾച്ച കൂടുകയാണെങ്കിൽ ആ തുക വീണ്ടുമിരട്ടിയാവും.

Also read: നീതി സത്യമാണ്, പക്ഷെ വൈകി വരുന്നതോ ?

നമ്മെ സംബന്ധിച്ചിടത്തോളം വെള്ളം ഒരു കാലത്തും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. നമ്മെപടച്ചതുതന്നെ വെള്ളത്തിൽ നിന്നാണ് (നൂർ: 45). ഭൂമിയുടെയും മനുഷ്യ ശരീരത്തിന്റെയും തലച്ചോറിന്റെയും മൂന്നില് രണ്ടു ഭാഗവും വെള്ളമാണ്.”പാനീയം പ്രാണിനാം പ്രാണം” (വെള്ളം ജീവികളുടെ ജീവനാണ്) എന്നാണല്ലോ ചൊല്ല്. പ്രമുഖ പ്രകൃതി ജീവനാചാര്യനായ ഡോ. വർമ പറയുന്നു: “മഴ നനയാന് മടിക്കുന്ന ഒരേയൊരു ജീവി സംസ്കൃത മനുഷ്യന് മാത്രമാണ്. നമ്മുടെ ഞരമ്പുകളുടെ മൂന്നില് ഒന്നും ചർമത്തിൽ അവസാനിക്കുന്നതുകൊണ്ട് വെള്ളം നനയൽ ഒരു വേദനാ സംഹാരിയും നിരവധി രോഗങ്ങൾക്കുള്ള ചികിത്സയുമാണ് “. ഇതാണ് ജലചികിത്സ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പ്രവാചകൻ (സ) ആദ്യമഴ നനയാറുണ്ടായിരുന്നുവെന്ന് ഹദീസുകളിൽ കാണാം. അത്തരം മഴകൊള്ളലുകൾ ( Rain bath) പരിഷ്കാരത്തിന്റെ പേരിൽ എന്നോ നാം ഉപേക്ഷിച്ചു കഴിഞ്ഞു.

ഒരു മുദ്ദു കൊണ്ട് വുദൂ ചെയ്യുകയും ഒരു സ്വാഉകൊണ്ട് കുളിക്കുകയും ചെയ്ത നബിയുടെ പിൻമുറക്കാരുടെ പള്ളികളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളം കണ്ടാൽ മതി നമ്മിലോരോരുത്തരുടെ കൂടെയും ഒന്നിൽ കൂടുതൽ വലഹാനുകൾ (വസ് വാസ് സൃഷ്ടിക്കുന്ന പിശാചുകൾ) ഉണ്ടെന്ന് ബോധ്യപ്പെടാൻ . ഇത്രമാത്രം വെള്ളം പാഴാക്കുന്ന മറ്റൊരു സമുദായമുണ്ടോ എന്ന് ഒരു ലിബറൽ പ്രകൃതിസ്നേഹി ചോദിച്ചാൽ നമുക്കെന്താണ് മറുപടിയുണ്ടാവുക!?

44 നദികളും ചതുരശ്രകിലോമീറ്ററിൽ ശരാശരി 200 കിണറുകളും ധാരാളം കുളങ്ങളും തോടുകളും കൊണ്ടു സമ്പന്നമായ നമ്മുടെ നാട്ടിൽ കുടിവെള്ളം തേടി ആളുകൾ പരക്കം പായുകയാണെന്നു പറഞ്ഞാൽ, ആ നാടിനും നാട്ടുകാർക്കും എന്തോ പ്രശ്നമുണ്ടെന്ന് ഉറപ്പാണ്. ഉറക്കമെഴുന്നേറ്റത് മുതൽ ഉറങ്ങാൻ പോവുന്നത് വരെ ജല ബന്ധിതമാണ് ഓരോ മലയാളിയുടേയും ജീവിതം.

ഇത്രമേൽ നമ്മോട് ബന്ധപ്പെട്ടു കിടക്കുന്ന ഈ വെള്ളത്തിന്റെ കഠിനമായ ക്ഷാമമാണ് വരുന്ന രണ്ടു മൂന്നു മാസങ്ങളിൽ നമ്മെ കാത്തിരിക്കുന്നതെന്ന് കൊറോണയെ പേടിച്ച് കൈകഴുകുമ്പോൾ പോലും നാമോർക്കണം. കൊടിയവേനലിനെ മറികടക്കാൻ നാം ചില ശാസ്ത്രീയ മുൻകരുതലുകള് എടുക്കേണ്ടതുണ്ട്. ക്ഷാമം മുൻകൂട്ടിക്കണ്ട് ആവശ്യമായ ജാഗ്രതകൾ നേരത്തെത്തന്നെ എടുക്കണമെന്നാണല്ലോ യൂസുഫ് നബിയുടെ ചരിത്രം നല്കുന്ന ഒരു പാഠം. (യൂസുഫ്: 46-50)

ഒന്നാമതായി നാം ശ്രദ്ധിക്കേണ്ടത് ഉള്ള/ ലഭ്യമായ വെള്ളം പരമാവധി സംഭരിച്ച് വെക്കലാണ്. ഇതിനു വേണ്ടിയാണ് നാം കിണറുകൾ, കുളങ്ങൾ, തോടുകൾ എന്നീ ജല സ്രോതസുകൾ ബോധപൂർവ്വം സംരക്ഷിക്കേണ്ടതുണ്ട് എന്ന് പറയുന്നത് തന്നെ. യഥാർത്ഥത്തിൽ ദേശീയ ശരാശരിയെക്കാൾ മൂന്നിരട്ടി അധികം നമുക്ക് മഴ ലഭിക്കുന്നുണ്ട്. നമ്മുടെയത്ര മഴ ലഭിക്കാത്ത തമിഴ്‌നാട് യാതൊരു ജലക്ഷാമവുമില്ലാതെ മുന്നോട്ടു പോകുമ്പോൾ നാം മൂന്നു മാസം വെള്ളമില്ലാതെ പ്രയാസപ്പെടുന്നതിനു ഒരു കാരണമുണ്ട്; കേരളം പതിനഞ്ച് 15-20 ഡിഗ്രി ചെരിഞ്ഞ് നില്ക്കുന്നതു കൊണ്ട് ഇവിടെ പെയ്യുന്ന മഴ വെള്ളമെല്ലാം നേരെ അറബിക്കടലിലേക്ക് ഒലിച്ചു പോകുന്നുവെന്നാണ് നമ്മുടെ ന്യായീകരണം. ഈ വാദം ശരിയാണെങ്കിൽ തന്നെ ഈ ഒഴുക്ക് തടയണമെങ്കിൽ ഇവിടെ വർഷിക്കുന്ന മഴയെ നാം മഴക്കുഴികൾ മുഖേന പരമാവധി പിടിച്ചുവെക്കുക.രണ്ടാമതായി നമുക്ക് ചെയ്യാവുന്ന ഒന്ന്, ആളുകള് വെള്ളത്തിന് പ്രയാസമനുഭവിക്കുമ്പോൾ ഉള്ളവർ ഇല്ലാത്തവർക്ക് ജാതി – മത – വംശ പരിഗണനകളില്ലാതെ പരമാവധി ദാനം ചെയ്യലാണ്. വെള്ളം എല്ലാവര്ക്കും ഉപയോഗിക്കാവുന്ന പൊതു സ്വത്താണെന്നാണ് ഇസ്‌ലാമിക പാഠം. ഈ വറുതിയുടെ കാലം മുതലെടുത്ത് സ്വന്തം കിണറ്റിലെ വെള്ളം മിനറൽ വാട്ടർ കമ്പനികൾക്കും മറ്റാവശ്യക്കാർക്കും കച്ചവടം ചെയ്യുന്ന ചിലരെയെങ്കിലും കാണാം. ഇത് നല്ല പ്രവണതയല്ല. ഖുർആൻ പറഞ്ഞ മാഊൻ(നിസാരമായ  സഹായം )എന്നതിനെ വെള്ളം എന്നു വ്യാഖ്യാനിച്ച പണ്ഡിതന്മാർ ഉണ്ട് .

Also read: അസമത്വത്തെ കുറിച്ച് കൊറോണ പഠിപ്പിക്കുന്നത്

മൂന്നാമതായി, വിശ്വാസികളായ നാം ശ്രദ്ധിക്കേണ്ടത് അവശേഷിക്കുന്ന വെള്ളക്കെട്ടുകളെ മലിനമാക്കാതിരിക്കുക എന്നതാണ്. മലിനജലം എന്നൊന്നില്ല, നമ്മൾ മലിനമാക്കുന്ന ജലമേ ഉള്ളൂ എന്ന് കാരണവന്മാർ പറഞ്ഞ് കേട്ടിട്ടുണ്ട്.സാധാരണ നാട്ടിൻപുറങ്ങളിൽ പുഴയിലും കുളത്തിലും മറ്റുമൊക്കെ വെള്ളം കുറയുമ്പോൾ വിഷം കലക്കി / തോട്ട പൊട്ടിച്ച് മീന് പിടിക്കുന്നതും മറ്റുമൊക്കെ നാം കണ്ടുവരാറുള്ളതാണ്. ഇങ്ങനെ പൊതുവായ ജലസ്രോതസ്സുകളെ മലിനമാക്കുന്നത് – ആരായാലും – ശരിയല്ല. ജല സ്രോതസ്സുകളിൽ മൂത്രമൊഴിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികൾ അത്തരം ക്രൂരമായ വിനോദങ്ങളിൽ നിന്നും പിന്തിരിയുക തന്നെ വേണം.ലോകത്തെ ആകെ രോഗങ്ങളിൽ മിക്കതും മലിന ജലത്തിൽ നിന്നാണ്  വരുന്നത് എന്നാണ് ഭിഷഗ്വര മതം. ശുദ്ധ ജലം മലിനമാവുന്നതും വറ്റി (ഗൗർ ) അടിഭാഗമാവുന്നതും അന്ത്യനാളിന്റെ അടയാളമാണെന്ന് സകല മതഗ്രന്ഥങ്ങളിലും കാണാം.

ജലം പറഞ്ഞാൽ തീരില്ല, അത് കൊണ്ട് പലതും ഇനിയുമുണ്ട്. മനുഷ്യ സംസ്കാരങ്ങൾ വിരിഞ്ഞ നദീതടങ്ങൾ, ജ്ഞാനസ്നാനം, സംസം ജലം , സമുദ്രജലത്തിന്റെ ഘോരതയെ മുറിച്ച് കടന്ന അധിനിവേശങ്ങൾ, അങ്ങിനെ വെള്ള സംബന്ധിയായ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. ലഭ്യമായ ശുദ്ധജലം എത്രയൊ തുച്ഛമെന്നും, അടുത്ത ലോക യുദ്ധങ്ങൾ അതിന് വേണ്ടിയെന്നും പറയപ്പെടുന്നു. ജനന കാരണം ജലം, പക്ഷെ അത് തന്നെ മരണ കാരണവുമാവുമോ, അഹങ്കാര ബുദ്ധിയായ മനുഷ്യന്റെയെങ്കിലും ?

 

(മാർച്ച് 22: ആഗോള ജല ദിനം )

Related Articles