Columns

നീതി സത്യമാണ്, പക്ഷെ വൈകി വരുന്നതോ ?

ഇന്നലെ രാത്രി വളരെ വൈകിയാണ് ഉറങ്ങിയത്. നിര്‍ഭയ കേസിലെ പ്രതികള്‍ വീണ്ടും ഊരിപ്പോകുമോ എന്ന ഭയമായിരുന്നു. പ്രതികള്‍ക്ക് തക്ക സമയത്ത് തന്നെ തക്കതായ ശിക്ഷ കിട്ടുന്നില്ല എന്നതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ശാപം. എന്ത് തെറ്റ് ചെയ്താലും നിയമത്തിന്റെ പഴുതിലൂടെ ഊരിപ്പോകാം എന്ന ധൈര്യത്തിലാണ് കുറ്റവാളികള്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിര്‍ഭയ കേസില്‍ നാം കണ്ടതും. പ്രതികള്‍ കുറ്റം ചെയ്തു എന്നത് തെളിയിക്കപ്പെട്ടിട്ടു കാലമേറെയായി. സമൂഹം ആ വിഷയം മറക്കുന്നതിനു മുമ്പ് തന്നെ ശിക്ഷ നല്‍കിയാല്‍ മാത്രമേ ശിക്ഷയുടെ ഫലം സമൂഹത്തിനു ലഭിക്കൂ.

കുറ്റം ചെയ്യുന്നത് ഒരു വ്യക്തിയാണെങ്കിലും അതിന്റെ പാഠം ലഭിക്കേണ്ടത് സമൂഹത്തിനാണ്. അത് കൊണ്ട് കൂടിയാണ് ഇസ്ലാം പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട് എന്ന് പറഞ്ഞതും. ഓരോ മനുഷ്യന്റെയും ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കപ്പെടണം എന്നതാണ് ഇസ്ലാമിക പാഠം. അത് ഭരണ കൂടത്തിന്റെ കൂടി ബാധ്യതയാണ്. അത് ലംഘിക്കപ്പെടുമ്പോള്‍ പ്രതികളുടെ മേല്‍ ശിക്ഷ നടപടികള്‍ സ്വീകരിക്കല്‍ ഭരണ കൂടത്തിന്റെ നിര്‍ബന്ധ കടമയായി കൂടി ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. നമ്മുടെ നാട്ടില്‍ ഒരാള്‍ കുറ്റവാളിയാകുന്നത് അയാള്‍ കുറ്റം ചെയ്യുമ്പോഴല്ല. പകരം അത് തെളിയിക്കുമ്പോള്‍ മാത്രമാണ്. പല കുറ്റവാളികളും തങ്ങളുടെ സ്വാദീനം ഉപയോഗിച്ച് പല തെറ്റുകളും മായ്ച്ചു കളയുന്നു. പ്രത്യക്ഷത്തില്‍ അയാള്‍ കുറ്റവാളിയാണെങ്കിലും നിയമത്തിന്റെ കണ്ണില്‍ അയാള്‍ മാന്യനാണ്.

നിര്‍ഭയ കേസിലെ പ്രതികളെ കൊന്നു കളഞ്ഞാല്‍ മരിച്ച പെണ്‍കുട്ടി തിരിച്ചു വരുമോ എന്ന് ഒരാള്‍ ചോദിച്ചിരുന്നു. മറ്റു നാല് ജീവന്‍ കൂടി ഇല്ലാതായി എന്നത് മാത്രമല്ലേ വാസ്തവത്തില്‍ സംഭവിക്കുന്നത്‌ എന്നും അദ്ദേഹം ചോദിക്കുന്നു. ശിക്ഷയുടെ സാമൂഹിക വശം പരിഗണിക്കാതെ നോക്കിയാല്‍ ആ ചോദ്യം പ്രസക്തമാണ്‌. പ്രതികള്‍ക്ക് ന്യായമായ ശിക്ഷ ലഭിക്കാന്‍ സമയ ദൈര്‍ഘ്യം വരുന്നതും ഒരു കാരണമാണ്. നമ്മുടെ നാട്ടില്‍ വധ ശിക്ഷ വിധി വന്ന ഒട്ടനവധി കേസുകളുണ്ട്. മൊത്തം കേസുകളുടെ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് അവസാന വിധി നടപ്പാക്കിയിട്ടുള്ളത്. ശിക്ഷ ലഭിക്കുന്നത് പ്രതിക്കാണെങ്കിലും അതിന്റെ ഗുണപാഠം ലഭിക്കുന്നത് സമൂഹത്തിനാണ്. കുറ്റങ്ങള്‍ക്ക് അനുസൃതമായ ശിക്ഷ ലഭിക്കും എന്ന് വന്നാല്‍ കുറ്റവാളികള്‍ പുറകോട്ടു പോകാന്‍ സാധ്യത വളരെ കൂടുതലാണ്. നമ്മുടെ നാട്ടിലെ പല ക്രിമിനലുകളും വിദേശ രാജ്യങ്ങളില്‍ മാന്യരായി തീരുന്നത് ഇത്തരം നിലപാട് കാരണമാണ്.

Also read: അസമത്വത്തെ കുറിച്ച് കൊറോണ പഠിപ്പിക്കുന്നത്

നീതി എന്നത് അടിസ്ഥാന മൂല്യമാണ്. മനുഷ്യരുടെ വലുപ്പ ചെറുപ്പം അതിനു തടസ്സമല്ല. ഇന്ത്യയില്‍ ഇതുവരെ തൂക്കിക്കൊല നടപ്പാക്കിയ കേസില്‍ ഒരു ധനികനുമില്ല എന്ന ഒരു വാര്‍ത്തയുണ്ട്. ധനികർ തെറ്റ് ചെയ്യാത്തത് കൊണ്ടാകില്ല. നീതിയുടെ തുലാസ് അവരുടെ മുന്നില്‍ അറിയാതെ താഴ്ന്നു പോകുന്നു എന്നത് കൊണ്ടാകാം. “ The capital punishment can be given only in rarest of rare case” എന്നതാണ് ഇന്ത്യന്‍ നിയമം പറയുന്നത്. അത് കൊണ്ട് തന്നെ സാധാ കൊലകള്‍ നിയമത്തിനു മുന്നില്‍ അപ്രസക്തമാകുന്നു. കുറ്റവാളിയുടെ ബാക്കി ജീവിതം ജയിലില്‍ തന്നെ കഴിയണം എന്നതാണ് ജീവപര്യന്തം ശിക്ഷയുടെ കാതല്‍. അതും പതിനാലു എന്ന് നാം മനസ്സിലാക്കി വെച്ചിരിക്കുന്നു. പലപ്പോഴും ഈ കാലയളവ്‌ പോലും നീണ്ടു പോകുന്നില്ല എന്നത് മറ്റൊരു കാര്യം.

കുറ്റകൃത്യത്തിന് ശിക്ഷ നല്‍കുമ്പോള്‍ പരിധി ലംഘിക്കരുത് എന്നത് ഒരു പൊതു തത്വമാണ്. ഇസ്ലാമും അത് ഊന്നി പറയുന്നു. അതെ സമയം കുറ്റവാളിയോട് മൃദു സമീപനം സ്വീകരിക്കുന്നതും ഇസ്ലാം ആഗ്രഹിക്കുന്നില്ല. പ്രതിക്രിയയില്‍ നീതിയാണ് ഇസ്ലാം ഉറപ്പിച്ചു പറയുന്നത്. പ്രതിക്രിയയില്‍ ജീവിതമുണ്ട് എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇങ്ങിനെ വായിക്കാം “ …………. ഒരു വിഭാഗം പ്രതികാര നടപടിയില്‍ അതിര് കവിഞ്ഞിരുന്നതുപോലെ മറ്റൊരു വിഭാഗം വിട്ടുവീഴ്ചയുടെ വശത്തിലും അതിര് കവിഞ്ഞിരുന്നു. അവര്‍ വധശിക്ഷക്കെതിരായി നടത്തിയ പ്രചാരവേലയുടെ ഫലമായി വെറുക്കപ്പെടേണ്ട ഒരു ദുഷ്‌കൃത്യമാണതെന്ന് വളരെപ്പേര്‍ ധരിച്ചുതുടങ്ങി; ലോകത്ത് എത്രയോ രാഷ്ട്രങ്ങള്‍ വധശിക്ഷാ നിയമം റദ്ദ് ചെയ്തു. അതിനെക്കുറിച്ചാണ് ബുദ്ധിയും വിവേകവുമുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത്, പ്രതിക്രിയാ നിയമത്തില്‍ സമൂഹത്തിന്റെ ജീവിതമാണ് നിലകൊള്ളുന്നതെന്ന്. മനുഷ്യജീവനെ മാനിക്കാത്തവരുടെ ജീവനെ മാനിക്കുന്ന സമൂഹം തങ്ങളുടെ മടിത്തട്ടില്‍ സര്‍പ്പത്തെ വളര്‍ത്തുകയാണ്. ഒരു ഘാതകന്റെ ജീവനെ രക്ഷിച്ചുകൊണ്ട് എത്രയോ നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുകയാണവര്‍.”

അത് കൊണ്ട് തന്നെ ശിക്ഷ നടപടികളിലൂടെ ആഗ്രഹിക്കുന്നത് സമൂഹത്തിനു വെളിച്ചം നല്‍കലാണെങ്കില്‍ നാം ഇനിയും ഒരു പാട് മുന്നോട്ടു പോകണം. കുറ്റം തെളിഞ്ഞാല്‍ പിന്നെ സാങ്കേതികതയുടെ പേരില്‍ അത് നീണ്ടു പോകരുത്. കുറ്റവും ശിക്ഷയും തമ്മില്‍ അകലം കുറക്കണം. കുറ്റത്തിന് അനുസരണമായ ശിക്ഷ നല്‍കുന്നു എന്ന് ഉറപ്പു വരുത്തണം. അത്തരം നിലപാടുകള്‍ സമൂഹത്തിനു ജീവന്‍ നല്‍കുന്ന ശിക്ഷാ നടപടികളായി മാറും. അല്ലെങ്കില്‍ ചിലര്‍ക്ക് ആഘോഷവും മറ്റു ചിലര്‍ക്ക് പ്രതിഷേധവുമായി ശിക്ഷയുടെ നിറം കെട്ടുപോകും എന്നുറപ്പാണ്.

നിര്‍ഭയ കേസില്‍ പ്രതികളെ ഇത്രയും കാലം രക്ഷിച്ചു നിര്‍ത്തിയത് നമ്മുടെ നിയമത്തിലെ സാങ്കേതികതയാണ് എന്ന് പറഞ്ഞാല്‍ അത് തെറ്റാകില്ല. അത് കൊണ്ട് തന്നെ കുറ്റം തെളിഞ്ഞിട്ടും ശിക്ഷ വരാന്‍ പിന്നെയും കാലമെടുത്തു. “ വൈകി വന്ന നീതി അനീതിയാണ്” എന്ന ആപ്ത വാക്യവും അതാണു സൂചിപ്പിക്കുന്നത്

Facebook Comments
Related Articles
Close
Close