Counter Punch

ഇന്ത്യയിലെ ലോക്ക് ഡൗണ്‍ പ്രാവര്‍ത്തികമായില്ല; ഇനി എന്ത് ചെയ്യനാകും ?

കോവിഡ് പകര്‍ച്ചവ്യാധിയിലേക്ക് ഇന്ത്യ വൈകിയാണ് ഉണര്‍ന്നത്. മാര്‍ച്ച് മാസത്തില്‍ അണുബാധ നിരവധി രാജ്യങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയുടെ0 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുറന്നിട്ടതായിരുന്നു. രാജ്യത്തേക്ക് കോവിഡ് ബാധിച്ച് ആളുകള്‍ കൂടുതല്‍ എത്താന്‍ ഇത് കാരണമായി. എന്നിരുന്നാലും, ലോകത്തെ ഏറ്റവും കഠിനമായ ലോക്ക് ഡൗണിലൂടെ കോവിഡ് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചു. മാര്‍ച്ച് 24ന് രാജ്യം സമ്പൂര്‍ണമായി അടച്ചിടുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അണുബാധയുടെ വ്യാപനം ആളുകളിലേക്ക് എത്തുന്നത് തടയുകയായിരുന്നു ഇതിലൂടെ ഉദ്ദേശിച്ചത്. ഈ ലോക്ക് ഡൗണ്‍ 75 ദിവസം നീണ്ടു നിന്നു. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയെങ്കിലും കോവിഡ് കേസുകള്‍ നിയന്ത്രിക്കാന്‍ ഇന്ത്യ പാടുപെട്ടു. കഴിഞ്ഞ ആഴ്ചകളായി ലോകത്ത് ഏറ്റവും കൂടുതല്‍ കേവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയില്‍ കേസുകള്‍ വര്‍ധിക്കുന്നത് കണ്ടില്ലെന്ന് മാത്രമല്ല, ഭൂമിശാസ്ത്രപരമായി കോവിഡ് വ്യാപിക്കുന്നത് തടയാനും ലോക്ക് ഡൗണ്‍ കൊണ്ട് സാധിച്ചില്ല.

ഉദാഹരണത്തിന്, ഏപ്രില്‍ 6ന് ഇന്ത്യയിലെ 417 ജില്ലകളില്‍ ഒന്നിലും തന്നെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തില്ലായിരുന്നു. രണ്ടു മാസം കൊണ്ട് ഇത് 49 ആയി ചുരുങ്ങി. വലിയ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രാവര്‍ത്തികമല്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഇതു സംബന്ധിച്ച് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ‘ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. പൊതുജന പങ്കാളിത്തത്തോടെ പ്രാദേശികമായി പദ്ധതികള്‍ നടപ്പാക്കാനും നടപടികള്‍ സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും’ രോഗപര്യവേക്ഷകനായ ജയപ്രകാശ് മുളിയില്‍ പറഞ്ഞു. ‘യു.കെ പോലുള്ള രാജ്യങ്ങളില്‍ നിന്നും നമ്മള്‍ ലോക്ക്ഡൗണ്‍ അന്ധമായി കടം കൊള്ളുകയായിരുന്നുവെന്നാണ്’ പ്രമുഖ വൈറോളജിസ്റ്റായ ജേക്കബ് ജോണ്‍ പറയുന്നത്.

Also read: സവര്‍ക്കറെ ആദരിക്കുന്ന കര്‍ണാടക ഗവണ്‍മെന്റ്

‘വാസ്തവത്തില്‍, ലോക്ക്ഡൗണ്‍ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് സര്‍ക്കാരിന് അറിയില്ലായിരുന്നു. അതീവ നിരുത്തരവാദപരമായ പ്രവൃത്തിയായിരുന്നു അത്. കേസുകള്‍ വര്‍ധിക്കുമ്പോള്‍ ലോക്ക്ഡൗണില്‍ ഇളവ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലോക്ക് ഡൗണിന്റെ മൂര്‍ച്ചയുള്ള ഉപകരണം ഉപയോഗിക്കുന്നതിന് പകരം ഇന്ത്യ സ്മാര്‍ട് ആയുള്ള നിലപാടാണ് സ്വീകരിക്കേണ്ടിയിരുന്നത്. സാമൂഹിക ഇടപെടലാണ് കുറക്കേണ്ടിയിരുന്നത്. സാമൂഹിക ഇടപെടലിലൂടെയാണ് ഇത് വ്യാപിക്കുന്നത്. അത് തടയാനുളള സംവിധാനമാണ് ചെയ്യേണ്ടതെന്നും’ അദ്ദേഹം പറഞ്ഞു.

‘കോളറ പടരുന്നത് ജലത്തിലൂടെയാണ്, എന്ന് കരുതി ജലവിതരണം പൂര്‍ണമായി തടസ്സപ്പെടുത്തുകയല്ല ചെയ്യാറുള്ളത്. നമ്മള്‍ ജല ശുദ്ധീകരണം നടത്തുകയാണ് ചെയ്യുക. ജേക്കബ് ജോണ്‍ പറഞ്ഞു. എല്ലായിടത്തും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയാല്‍ അത് ലോക്ക് ഡൗണിനേക്കാള്‍ ഫലം ചെയ്യും. ലോക്ക് ഡൗണ്‍ നീക്കിയാല്‍ മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുവായ വിദ്യാഭ്യാസം നല്‍കുകയാണ് ചെയ്യേണ്ടത്. മാസ്‌ക് ധരിക്കുന്ന ആളുകളെ കുറച്ചേ ഞാന്‍ കാണാറുള്ളൂ’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.കെയിലെ കാംബ്രിഡ്ജ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത് സാര്‍വത്രികമായി മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയാല്‍ കോവിഡ് തടയാനാകുമെന്നാണ്. ഇങ്ങനെ ചെയ്താല്‍ 75 ശതമാനം വരെ ഫലപ്രാപ്തിയുണ്ടാകുമെന്നും മറ്റൊരു പഠനത്തില്‍ പറയുന്നു. യു.കെയില്‍ ഇങ്ങനെ ചെയ്തത് ഫലമായി ഗണ്യമായ അളവിലാണ് കോവിഡിനെ തടയാനായത്. ‘ലോക്ക് ഡൗണിനെ ഒരിക്കലും ‘നിരസിക്കാന്‍’ കഴിയില്ല, പക്ഷേ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് ഉറപ്പില്ലെന്ന്’ ദേശീയ ആരോഗ്യ റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ടി സുന്ദരാമന്‍ പറഞ്ഞു.

Also read: ഒരു നാടിനെ ചേർത്ത് പിടിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ

‘വെള്ളത്തില്‍ പൊങ്ങുതടി ഉപയോഗിക്കുന്നതുപോലുള്ള ഒരു താല്‍ക്കാലിക നടപടിയാണ് ലോക്ക്ഡൗണ്‍. നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ പൊങ്ങുതടിയില്‍ സ്ഥിരമായി നില്‍ക്കാന്‍ കഴിയില്ല. എല്ലാവരേയും നിയന്ത്രിക്കാന്‍ ലോക്ക്ഡൗണ്‍ ഉപയോഗിക്കുന്നതിന് പകരം രോഗലക്ഷണമുള്ള രോഗികളെ തിരിച്ചറിയുന്നതിനായിരുന്നു സര്‍ക്കാരുകള്‍ പ്രധാന ശ്രദ്ധാകേന്ദ്രമായി പ്രവര്‍ത്തിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ടാക്റ്റ് ട്രെയ്‌സിംഗും അണുബാധയുള്ള ആളുകളെ ഐസൊലേറ്റ് ചെയ്യാനും ആയിരിക്കണം പ്രധാന ശ്രദ്ധ വേണ്ടത്. രോഗമുള്ള ആളുകള്‍ പരിചരണം തേടി പുറത്തിറങ്ങിയാല്‍ രോഗം പടരും. കോവിഡ് 19 രോഗലക്ഷണമുള്ള രോഗികള്‍ ചുറ്റും കറങ്ങിനടക്കുന്നു,ഇതാണ് ഞാന്‍ ആശങ്കപ്പെടുന്നത്’.

‘കോവിഡ് കേസുകള്‍ കുറയ്ക്കുന്നതില്‍ ഇന്ത്യയുടെ ലോക്ക്ഡൗണ്‍ സ്വാധീനം ചെലുത്തിയെന്നാണ് ഹരിയാനയിലെ അശോക സര്‍വകലാശാല പ്രൊഫസര്‍ ഗൗതം മേനോന്‍ വാദിക്കുന്നത്. എന്നാല്‍ ഇന്ത്യ വീണ്ടും രാജ്യവ്യാപകമായി മറ്റൊരു ലോക്ക്ഡൗണ്‍ പരിഗണിക്കരുത്. ഒരു പ്രത്യേക പ്രദേശത്ത് കേസുകള്‍ നിയന്ത്രണാതീതമാക്കാന്‍ വേണ്ടി ലോക്ക് ഡൗണുകള്‍ ഉപയോഗിക്കാം. ആശുപത്രികളുടെ കിടക്കകള്‍, ഐ.സി.യു മുതലായവയെ നേരിടാനുള്ള ആ പ്രദേശത്തിന്റെ കഴിവ് കണക്കിലെടുത്താണ് അത് തീരുമാനിക്കേണ്ടത്. രാജ്യവ്യാപകമായി പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ നിയന്ത്രണങ്ങളെക്കുറിച്ചുള്ള എല്ലാ തീരുമാനങ്ങളും പ്രാദേശിക തലത്തിലാണ് എടുക്കേണ്ടതുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവലംബം: scroll.in
വിവ: സഹീര്‍ വാഴക്കാട്‌

Facebook Comments
Related Articles
Close
Close