Current Date

Search
Close this search box.
Search
Close this search box.

വ്യക്തിത്വവും വിശാലമനസ്കതയും

വിശാലമനസ്സ് എന്നാൽ വിശാലചിന്താഗതിയോടും പോസിറ്റീവ് മനോഭാവത്തോടും കൂടിയ അതിമഹത്തായതും എന്നാൽ സ്വപ്രയത്നത്താൽ മാത്രം നേടിയെടുക്കാവുന്നതുമായ ഒരു ക്വാളിറ്റിയാണ്. ഇത്തരത്തിലുള്ള അപൂർവ്വ വ്യക്തിത്വങ്ങളിൽ ചിലരെയെങ്കിലും കണ്ടുമുട്ടാനോ അവരുമായി കുറച്ചു നാളെങ്കിലും സമ്പർക്കത്തിൽ നിൽക്കാനോ ഒരിക്കലെങ്കിലും അവസരം ലഭിച്ചിട്ടുണ്ടെങ്കിൽ അതിദീർഘമായ ഒരു വിശദീകരണമൊന്നും ആർക്കും ആവശ്യമായി വരില്ല. മനസംഘർഷങ്ങളോ മനസമ്മർദ്ദമോ കൂടാതെ ശാന്തസുന്ദരവും റിലാക്സ്ഡായതുമായ ഒരു ജീവിതം ആഗ്രഹിക്കുന്നെങ്കിൽ വിശാലചിന്താഗതിയ്ക്ക് ഉടമയാവാൻ പരിശീലിച്ചാൽ മതി. അവനവനിലേക്ക് നോക്കാതെ മറ്റുള്ളവരിലേക്ക് മാത്രം നോക്കി ജീവിക്കുന്ന ഒരാൾക്കും ഇതൊന്നും സ്വപ്നം കാണാൻ പോലും കഴിയില്ല എന്നുള്ള ഒരു വസ്തുതയും നാം അറിഞ്ഞിരിക്കുക. കാരണം ആത്മബോധം കൂടാതെ ഇതൊന്നും പ്രായോഗിക തലത്തിലേക്ക് എത്തിക്കാൻ തന്നെ കഴിയില്ല എന്നതാണ് മറ്റൊരു സത്യം. മനുഷ്യത്വപരമായ ആശയങ്ങളെ മുറുകെ പിടിക്കാൻ കൂട്ടുനിൽക്കുന്ന ചിന്താഗതികൊണ്ടും ആദർശങ്ങൾകൊണ്ടും ആശയങ്ങൾകൊണ്ടും സുശകതവും സുദൃഢവുമായ ഒരു വ്യക്തിത്വത്തിന് ഉടമ തന്നെയാണ് ആത്മനിർവൃതിയോടെയും ആത്മസംതൃപ്തിയോടെയും ഈ ഭൂമുഖത്ത് ജീവിക്കാൻ എന്തുകൊണ്ടും യോഗ്യൻ.

വിശാലമനസ്ക്കനായ ഒരാളെ പരിചയപ്പെടുമ്പോഴും അവരുമായുള്ള സംസർഗ്ഗത്തിലും നാം എപ്പോഴും അതീവ സന്തോഷവാന്മാരായിട്ട് ഇരിക്കുന്നതിൽ അധികം അതിശയിക്കാനൊന്നും ഇല്ല. തനിയ്ക്ക് ചുറ്റിനുമുള്ളവരെ അത്രയും കംഫർട്ടബിൾ ആക്കി നിർത്താൻ അവർക്ക് അറിയാം. എല്ലാവരുടെയും ഇഷ്ടവും പ്രീതിയും പിടിച്ചുപറ്റുന്ന, അവരുടെയെല്ലാം സ്നേഹപാത്രമായ ആ വ്യക്തിയോട് ചില അവസരങ്ങളിലെങ്കിലും നമ്മുടെയുള്ളിൽ അസൂയ ജനിപ്പിക്കുന്നതും സാധാരണം. അവരെപ്പോലെ ആവാൻ കഴിയാത്തതിന്റെ പേരിൽ നന്മ നിറഞ്ഞ അത്തരം മനുഷ്യരെക്കുറിച്ച് അപവാദം പറഞ്ഞു പരത്തി സായൂജ്യമടയുന്ന ഒരു കൂട്ടരെയും നമുക്കിടയിൽ കാണാൻ സാധിക്കും. എന്നാൽ മറ്റൊരു കൂട്ടർ ചെയ്യുന്നത് എന്താണ്? മനുഷ്യരായാൽ അവരെപ്പോലെ വേണം എന്ന ഭാവത്തിൽ നിരന്തരം ആ വ്യക്തിയെക്കുറിച്ച് എടുത്ത് പറഞ്ഞ് വാചലരാവുകയും അതേസമയം ബാക്കിയുള്ളവരൊന്നും പോര എന്നുള്ളൊരു അർത്ഥത്തിൽ അവരെയെല്ലാം വിമർശനത്തിന് ഇരയാക്കുകയും ചെയ്യുന്നു.

Also read: ‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല

ഇവിടെ മറ്റൊരു ചിന്തയ്ക്ക് വളരെയേറെ പ്രസക്തിയുണ്ട്. തിരിച്ച് നമ്മെക്കുറിച്ച് മറ്റുള്ളവർ ചിന്തിക്കുന്നത് എന്താണ്? ഇതേപോലെ തന്നെയാവില്ലേ? എന്നും കൂടെ ഒന്ന് ചിന്തിക്കാം. അവന്റെ/അവളുടെ സുഹൃത്ത് കൊള്ളാം എന്ത് നല്ലൊരു വ്യക്തി എന്നാൽ അവളെ/അവനെ നോക്കിയേ ഒന്നിനും കൊള്ളില്ല ഇതാണല്ലോ പൊതുവെ നമ്മുടെ രീതി. ഈ സ്ഥിരപല്ലവി ഒന്ന് നിർത്തി നമുക്ക് നമ്മിലേക്കൊന്നു നോക്കാം. നമുക്ക് ആത്മബോധം വരാത്തിടത്തോളം അന്യന്റെ കുറ്റങ്ങൾ കണ്ടെത്താൻ അല്ലാതെ അവനവന്റെ തെറ്റുകളും പിഴവുകളും തിരുത്താൻ നാം പഠിക്കില്ല എന്ന കാര്യം ഓർമ്മയിൽ വെയ്ക്കാം. ഇവിടെയാണ് വ്യക്തിത്വത്തിന് പ്രസക്തിയേറുന്നത്. സഹിഷ്ണുത, തുറന്ന ഇടപഴകൽ, അയവുള്ള മനസ്സ്, സ്വതന്ത്രമായ കാഴ്ചപ്പാടുകൾ അങ്ങനെ ഒട്ടേറെ ഗുണങ്ങളും മേന്മയും നിറഞ്ഞതാണ് വിശാല ചിന്താഗതിക്കാരായ വ്യക്തികൾ.

ഒരാൾ എല്ലാ മനുഷ്യരെയും തന്നെപ്പോലെ തന്നെ ഒരാളായി കാണാനും മുൻവിധിയോടെയോ മുൻധാരണയോടെയോ അല്ലാത്ത ഒരു സമീപനവും സാധ്യമാവുന്നത് അയാൾ വിശാല ചിന്താഗതി കൈവരിക്കുമ്പോഴാണ്. മാഹാത്മ്യമുള്ള വ്യക്തിത്വം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് ഒരിക്കലും പേരും പെരുമയും പ്രശസ്തിയും പ്രസിദ്ധിയുമൊന്നുമല്ല. കൂലിപ്പണിക്കാരനായാലും പാടത്ത് പണിയെടുക്കുന്ന ഒരു കൃഷിക്കാരനായാലും തെരുവ് തൂത്തുവാരുന്ന ആളായാലും attitudeകൊണ്ട് അതായത് ചിന്താഗതികൊണ്ട് മറ്റെല്ലാവരെയുടെയും മുകളിലായി ഉയർന്ന് നിൽക്കാൻ അയാൾക്ക് സാധിക്കും. ചെയ്യുന്ന ജോലി നോക്കിയിട്ടല്ല വ്യക്തിത്വത്തെ വിലയിരുത്തേണ്ടത് അയാളിൽ കാണുന്ന ഗുണങ്ങൾ, കഴിവുകൾ അല്ലെങ്കിൽ ക്വാളിറ്റി കൊണ്ടാവണം. അവനവനെ സ്വയം നാം തന്നെ വിലയിരുത്തുമ്പോഴും നിർവ്വചിക്കുമ്പോഴും ശ്രദ്ധിക്കണം കഴിയുന്നതും പോസിറ്റീവ് വാക്കുകൾ കൊണ്ട് വേണം അത് ചെയ്യാൻ. മറ്റുള്ളവരുടെ മുന്നിൽ അവനവനെ നിലവാരം കുറച്ച് കാണിക്കുകയും തരം താഴ്ത്തും വിധം സംസാരിക്കുകയും അരുത്. ഇത്തരം പ്രയോഗങ്ങളുടെയൊക്കെ പാർശ്വഫലങ്ങൾ ഭാവിയിൽ അറിയാതെ നെഗറ്റീവ് ആയിട്ട് നമ്മുടെ ജീവിതത്തെ ബാധിക്കുന്നുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കേണ്ടിവരും. അതുകൊണ്ട് മറ്റുള്ളവർ നമ്മെ നെഗറ്റീവ് ആയിട്ട് നിർവ്വചിക്കും മുന്നേ അവനവനെ നിർവ്വചിക്കാനായി വളരെ നല്ലൊരു പോസിറ്റീവായ നിർവ്വചനം നാം സ്വയം കണ്ടെത്തണം. ആ നിർവ്വചനത്തെ സാധൂകരിക്കുന്നതാവണം നമ്മുടെ വ്യക്തിത്വം.

പരമ്പരാഗതമായി പിന്തുടർന്ന് പോരുന്ന നിഷ്ഠകൾ, ചര്യകൾ, ആചാരങ്ങൾ മാമൂലുകൾ അവയിൽ മാനവികവിരുദ്ധമായവയോ, ഉപയോഗശൂന്യമായതോ ഉണ്ടെങ്കിൽ പോലും അതേപോലെ ഇന്നത്തെ ലോകത്ത് അതിന് യാതൊരു പ്രാധാന്യവും ഇല്ലെങ്കിൽ തന്നെയും ആരെയൊക്കെയോ സംതൃപ്‌തിപെടുത്താനോ പ്രീതിപ്പെടുത്താനോ എന്നോണം ഇവയൊക്കെ പുലർത്തിപോരുന്നത് നാം എപ്പോഴും നമ്മുടെ കംഫർട് സോണിൽ തന്നെ നിൽക്കാൻ താത്പര്യപ്പെടുന്നത്കൊണ്ടാണ്. സത്യങ്ങളെയും ശരികളെയും യുക്തിഭദ്രവും ബുദ്ധിപരവുമായ ചിന്തകൾകൊണ്ട് തിരഞ്ഞെടുക്കുന്ന ഒരാൾ എന്നാൽ ആ കംഫർട് സോണിൽ നിന്ന് അല്പം മാറി നിന്ന് ചിന്തിക്കാൻ തുടങ്ങുന്നവരാണ്. വസ്തുതകളെ നാം ദർശിക്കുന്ന ദൃഷ്ടികോണിലൂടെ മാത്രമല്ല കണ്ടെത്തേണ്ടത്, ആയിരം ആളുകൾ ഉണ്ടെങ്കിൽ ആയിരം ശരികളുടെയും ന്യായീകരണങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും പകർപ്പ് എടുക്കാവുന്നതാണ്. എന്നുവെച്ചാൽ ആയിരം പേർക്ക് ആയിരം ശരികളുമുണ്ട്. നമ്മുടെ ശരികൾ അത് നമ്മുടെ മാത്രം ശരിയാണ് സത്യത്തിൽ നമ്മുടേതും അല്ല, അവകാശവാദങ്ങൾ ഉന്നയിക്കാൻ പോലും പറ്റാത്ത വിധം ആരോ ചൊല്ലിപഠിപ്പിച്ച ശരികൾ മാത്രം.

Also read: അമേരിക്ക ഇനി തോന്നിയ പോലെയാവില്ല ?

വെറുതെ ഒരാവശ്യവുമില്ലാതെ കാരണങ്ങളൊന്നും തന്നെ ഇല്ലാതെ ചിലരുടെ ഇഷ്ടങ്ങളെ, ജീവിത രീതികളെ, അവർ വിശ്വസിക്കുന്ന ആശയങ്ങളെ, പ്രത്യയശാസ്ത്രത്തെ വെറുക്കുക, നമ്മൾ ഇഷ്ടപ്പെടാത്ത ഒരു കാര്യം മറ്റൊരാൾ ചെയ്യുന്നത് കണ്ടാൽ വെറുക്കുക ചില വിഭാഗങ്ങളെ അവജ്ഞയോടെ അതൃപ്തിയോടെ നോക്കിക്കാണുക ഇവയെല്ലാം സങ്കുചിത മനോഭാവത്തിന്റെ സൂചനകളാണ്. ഒരാൾ നാം വിചാരിക്കുന്ന പോലെ അല്ല എന്നതിനാൽ അയാളെ അവമതിക്കാനോ അവഹേളിക്കാനോ പാടില്ല. അതിപ്പോൾ സ്വന്തം ജീവിതപങ്കാളിയാണെങ്കിൽ തന്നെ അയാൾ ജനിച്ചു ജീവിച്ചു വളർന്ന കുടുബം സാഹചര്യം എല്ലാം പൂർണ്ണമായും വ്യത്യസ്തമാണ്. രണ്ടുപേരും മനസ്സ് തുറന്ന് സംസാരിക്കാൻ തയാറാവണം. എങ്കിലേ ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകുള്ളൂ. ഒട്ടും തുടർന്ന് പോകാൻ കഴിയാത്ത അവസ്ഥയിൽ ഏതൊരു ബന്ധവും തുറന്ന് സംസാരിച്ച് കാര്യങ്ങൾക്ക് തീർപ്പാക്കലാണ് ഉചിതം. ഒന്നുകിൽ ബന്ധത്തിന് അകലമിടാം അല്ലെങ്കിൽ പൂർണ്ണവിരാമം ഇടണം. നമ്മുടെ ചിന്തകളെയും ചെയ്യുന്ന കർമ്മങ്ങളെയും ആത്മബോധത്തോടെ നിരീക്ഷിക്കുമ്പോൾ അവനവനിൽ തന്നെ കാണാം ഒരുപാട് പ്രശ്‌നങ്ങൾ. നാം നമ്മോട് തന്നെ സംവദിക്കുമ്പോൾ മനസ്സാക്ഷിയുടെ മുന്നിൽ നമുക്ക് കൃത്യമായ മറുപടിയും ന്യായീകരണവും നൽകാൻ ഉണ്ടാവണം. അപ്പോഴാണ് നമ്മിൽ വ്യക്തിത്വം വേരുറക്കുന്നത്.

മനസ്സിന്റെ വിശാലതയും സൗന്ദര്യവും ഉത്കൃഷ്ട വ്യക്തിത്വത്തിൻ സുകൃതം തന്നെ. പ്രപഞ്ചത്തെക്കുറിച്ചും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമടങ്ങുന്ന സൗരയൂഥത്തെക്കുറിച്ചെല്ലാം ചിന്തിക്കുന്ന ആളുകളെ എപ്പോഴെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ? അവരുടെ കാഴ്ചപ്പാടുകൾ വാനോളം ഉയർന്നതും അതിവിശാലവും ആയിരിക്കും. സാധാരണ മനുഷ്യർ മനസ്സിലാക്കുന്നതിനൊക്കെ അപ്പുറം ലോകത്തെയും മനുഷ്യരെയും മനസ്സിലാക്കാൻ അവർ ശ്രമിക്കും. പ്രാപഞ്ചിക ശക്തിയ്ക്ക് മുന്നിൽ മനുഷ്യർ എത്രത്തോളം ചെറുതാണ് എന്ന ഉൾബോധം അവരെ സ്വാധീനിച്ചത്കൊണ്ടാണ് അത്. വെറുമൊരു ഉറുമ്പിനെ പോലെയാണ് മനുഷ്യർ. അഹങ്കരിക്കാൻ മാത്രമൊന്നും താൻ ഇല്ല എന്നൊരു ചിന്ത അവരിൽ വർത്തിക്കുമ്പോഴാണ് ലാളിത്യവും എളിമയും നിറഞ്ഞ വ്യക്തിത്വങ്ങളായി അവർ മാറുന്നത്. ലാളിത്യത്തിന്റെ സൗന്ദര്യം മറ്റെന്തിനേക്കാളേറെ ആകർഷണീയവുമാണ്.

Also read: ആൾക്കൂട്ടത്തിൽ തനിയെ

വിശാലമനസ്ക്കരായ ഒരാൾ ഒട്ടും സ്വാർത്ഥത കാണിക്കരുത് എപ്പോഴും മഹാമനസ്ക്കാനായി ജീവിക്കണം എന്ന ചിന്തയും നല്ലതല്ല. സ്വാർത്ഥത ഒരുപരിധി വരെ മനുഷ്യരുടെ നിലനിൽപ്പിന്റെ ഭാഗമാണ്. സഹായം ചോദിച്ചിട്ട് നിറവേറ്റാൻ കഴിയാത്തതിന് ഒരാളെ നാം വെറുക്കുന്നതൊക്കെ ഇടുങ്ങിയ ചിന്താഗതിയാണ്. അയാൾക്ക് അയാളുടേതായ കാരണം ഉണ്ടാവും. സഹായിക്കണമോ വേണ്ടയോ അത് അവരുടെ ചോയ്സ് ആണ്, അവരുടെ താൽപര്യമാണ്.

പലപ്പോഴും പതിവിലുമധികം ഉത്തരവദിത്വം ഏറ്റെടുക്കേണ്ടി വരുന്നവരാണ് വിശാലമനസ്സിനുടമയായവർ. കാരണം അവരെയും അവരുടെ കാഴ്ചപ്പാടുകളെയും സങ്കുചിത ചിന്താഗതിക്കാർക്ക് ഉൾക്കൊള്ളാൻ അത്ര എളുപ്പം കഴിയില്ല എന്നത് തന്നെ. വിസ്തീർണ്ണതയേറിയ വലിയൊരു വട്ടപാത്രത്തിനകത്തേയ്ക്ക് അതേപോലെയുള്ള ചെറിയ പത്രങ്ങൾ എത്ര വേണമെങ്കിലും ഇറക്കി വെയ്ക്കാം. എന്നാൽ തിരിച്ച് ഒരു ചെറിയ വട്ടപാത്രത്തിനകത്തേയ്ക്ക് അതിനേക്കാൾ വലിയ ഓരോറ്റെണ്ണം പോലും കയറ്റി വെയ്ക്കാൻ പറ്റില്ല. വലിയ മനസ്സുള്ളവർ ചെറിയവരെ ഉൾകൊള്ളാൻ പ്രാപ്‌തരാണ് എന്ന് അർത്ഥം. അതേപോലെ തന്നെ പ്രായത്തിൽ ചെറിയവരെക്കാൾ മുതിർന്നവരാണ് എപ്പോഴും കാര്യങ്ങളെ കൂടുതൽ തുറന്ന രീതിയിലും ബ്രോഡ് ആയിട്ടും കാണേണ്ടതും ഉൾക്കൊള്ളേണ്ടതും . അറിവും അനുഭവവും അവർക്കാണ് ഉള്ളത്. ബാഹ്യലോകത്ത് നിന്ന് നേടുന്ന അറിവിലൂടെയും അനുഭവങ്ങൾ നൽകുന്ന തിരിച്ചറിവിലൂടെയും ദാർശനിക ബോധത്തിലൂടെയും ഒരാൾ സ്വായത്തമാക്കുന്നത് ജ്ഞാനമായി പരിണമിക്കും. മനസ്സിന്റെ ചക്രവാളം വിശാലവും വ്യാപ്തിയേറിയതും വ്യക്തിത്വം അത്യാകർഷണീയവും തേജസ്സാർന്നതുമാകുന്നത് അപ്പോഴാണ്.

ഒരേപോലെയുള്ള ട്യൂണിൽ നിന്ന് സംഗീതം സൃഷ്ടിക്കപ്പെടുന്നില്ല. വ്യത്യസ്തമായ ട്യൂണിൽ നിന്ന് അല്ലെങ്കിൽ വ്യത്യസ്തമായ ഉപകരണങ്ങൾ ഉപയോഗിച്ച് മുമ്പേ ചിട്ടപ്പെടുത്തി വെച്ച രാഗത്തിൽ വായിക്കുമ്പോഴാണ് സംഗീതം ജനിക്കുന്നത്. ഓരോ മനുഷ്യരും മറ്റുള്ളവരിൽ നിന്നും രൂപഭാവത്തിലും കഴിവുകൊണ്ടും അതുല്യരാണ്. എല്ലാ മനുഷ്യരും ഒരേപോലെ ആവണമെന്നോ താൻ ആഗ്രഹിക്കുന്ന പോലെ മറ്റൊരാൾ ആവണമെന്നോ ചിന്തിക്കുന്നതോ അതിനായി പരിശ്രമിക്കുന്നതൊക്കെ വിഡ്ഢിത്തമാണ്. അത് ചെയ്യാൻ പാടില്ല. അവരുടെ അസ്തിത്വമറിഞ്ഞു ജീവിക്കാൻ അവരെ അനുവദിക്കണം. അവനവനെ സ്വയം ട്യൂൺ ചെയ്തെടുക്കാൻ അവർ പരിശ്രമിക്കട്ടെ, സ്വയം പര്യാപ്തരാവട്ടെ.

Also read: ചരിത്രം നൽകുന്ന തിരിച്ചറിവുകൾ

ചുറ്റിനും പാറി പാറി നടക്കുന്ന ചിത്രശലഭങ്ങളും വിവിധയിനം പൂക്കൾ, കായ്കൾ, പൂമൊട്ടുകളാൽ വർണ്ണമനോഹരമായതും ഹരിതവർണ്ണത്താൽ അലംകൃതവുമായ ചെടികളും മരങ്ങളും വള്ളിച്ചെടികളും പുൽക്കൊടികളും നിറഞ്ഞു നിൽക്കുന്ന ഒരു പൂന്തോട്ടത്തിലേയ്ക്ക് കടന്ന് ചെല്ലുന്നു എന്ന് ഇരിക്കട്ടെ. ഒരേപോലെയുള്ള ചെടികളും പൂക്കളുമല്ല ആ പൂന്തോപ്പിനെ മനോഹരമാക്കുന്നത്, ഇലകളിലും പൂക്കളിലും കാണുന്ന രൂപ, വർണ്ണ വ്യത്യാസങ്ങൾ ശ്രദ്ധിക്കണം. ഇലകളുടെയും തണ്ടുകളുടെയും വലിപ്പചെറുപ്പത്തിലും ആകൃതിയിലും കാണുന്ന വൈവിധ്യങ്ങൾ നോക്കണം കുറ്റിച്ചെടികൾ, വൃക്ഷങ്ങൾ, വള്ളിച്ചെടികൾ, പുൽവർഗ്ഗങ്ങൾ, പായലുകൾ അങ്ങനെ പ്രകൃതി തന്നെ അതിന്റെ ആകർഷണീയത കാത്തുവെച്ചിരുക്കുന്നത് വൈവിധ്യങ്ങളിലാണ്. ചിലത് പൂക്കളാൽ മറ്റുചിലത് ഇലകളാൽ അല്ലാത്തവ കാണ്ഡങ്ങളാൽ വ്യത്യസ്തവും അതുല്യവും തന്നെ. മനുഷ്യരെയും ഒരേപോലെ സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന് നാം തിരിച്ചറിയുക. ജന്മനാ തന്നെ വ്യത്യസ്തരാണ് ഓരോ മനുഷ്യരും. വൈവിധ്യങ്ങളെ സ്വീകരിക്കാതെ എങ്ങനെയാണ് മനുഷ്യർ ലോകത്തെ ആസ്വദിക്കുന്നത്? അയാൾ എങ്ങനെയാണ് ഒരു മനുഷ്യസ്നേഹി ആയി മാറുന്നത്? തന്നെപ്പോലെ തന്നെ മറ്റുള്ളവരും ചിന്തിക്കണം എന്ന സങ്കുചിത മനോഭാവം വെടിയാൻ ഇനിയും ഉദാഹരണങ്ങൾ വേണ്ടതുണ്ടോ… ?

ഒരാൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാവാൻ പ്രോത്സാഹിപ്പിക്കുക, മനസ്സിൽ തോന്നുന്ന കാര്യങ്ങളെയും വസ്തുതകളെയും തുറന്ന് സംസാരിക്കാൻ അവസരങ്ങൾ ഒരുക്കുക, yes പറയുന്ന പോലെ തന്നെ Sorry No.. ക്ഷമിക്കണം ഇല്ല, അല്ല, ഇത് എനിയ്ക്ക് ഇഷ്ടമില്ല എന്ന് നിർഭയം തോന്നലുകളെയും വിചാരങ്ങളെയും ആരെയും വ്രണപ്പെടുത്താത്ത വിധം സത്യസന്ധമായി പ്രകടിപ്പിച്ച് വളരാൻ സാഹചര്യം ഒരുക്കുക, ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം
മനസ്സിനെ വളരെയധികം റിലാക്സ്ഡ് ആക്കും. വീടുകളിൽ മക്കളെ വ്യക്തികളായി പരിഗണിക്കുകയും ജീവിതത്തിൽ പകർത്തേണ്ട മൂല്യങ്ങളെ കുഞ്ഞിലേ ശീലിപ്പിച്ച് എടുക്കുകയും സ്വതന്ത്രമായി ചിന്തിക്കാൻ പഠിപ്പിക്കുകയും ചെയ്യുമ്പോൾ അവർ അതിഗംഭീരവും ഉജ്വലവുമായ വ്യക്തിത്വത്തിന് അധിപന്മാരായി മാറുമെന്നതിൽ ഒരു സംശയവും വേണ്ട.

Related Articles