Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക ഇനി തോന്നിയ പോലെയാവില്ല ?

1789 ലാണ് അമേരിക്കയിലെ ആദ്യത്തെ തിരഞ്ഞെടുത്ത പ്രസിഡന്റായി ജോര്‍ജ് വാഷിംഗ്‌ടണ്‍ അധികാരത്തിലെത്തിയത്. ഇപ്പോള്‍ രാജ്യത്തെ നാല്പത്തിയാറാമത്തെ പ്രസിഡന്‍റ് എന്ന നിലയില്‍ ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടു. അത് പോലെ കമലാ ഹാരിസ് ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് എന്ന സ്ഥാനത്തെക്കും തിരഞ്ഞെടുക്കപ്പെട്ടു. ആദ്യത്തെ വനിതാ എന്നതിനേക്കാള്‍ കറുത്ത വനിത എന്നത് കൂടി ചേര്‍ത്തു വായിക്കണം.

The developed country എന്നാണ് അമേരിക്ക വിളിക്കപ്പെടുന്നത്. നമ്മെക്കാള്‍ ഉന്നതമായ സാമൂഹിക പുരോഗതിയും അവര്‍ നേടിയിട്ടുണ്ട് എന്നും ലോകം സമ്മതിക്കുന്നു. പക്ഷെ രാജ്യത്തെ ഭരണാധികാരികളുടെ ലിസ്റ്റില്‍ സ്ത്രീകള്‍ തീരെയില്ല എന്നതാണ് വസ്തുത. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഒരു പാര്‍ട്ടി ആദ്യമായി ഒരു വനിതയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഹിലാരി ക്ലിന്റനെയായിരുന്നു. അവര്‍ പരാജയപ്പെട്ടതിനാല്‍ ഒരു വനിതാ പ്രസിഡന്റ് എന്നതു നടന്നില്ല. അതെ സമയം വൈസ്‌ പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് വനിതകളെ പ്രമുഖ പാര്‍ടികള്‍ നിര്‍ത്തിയിട്ടുണ്ട്. പക്ഷെ അതില്‍ വിജയം കണ്ടത് കമലാ ഹാരിസ് മാത്രം.

Also read: ‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല

അമേരിക്കന്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കാണുക എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മുഖ്യ ജോലി. ജനാധിപത്യം ഇത്ര ശ്രമകരമായ ഒന്നാണെന്ന് ഈ ദിവസങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തി. അവസാനം ജോ ബൈഡന്‍ അടുത്ത പ്രസിഡന്റ് എന്ന നിലയില്‍ തിരഞ്ഞെടുക്കപ്പെട്ട വിവരം പുറത്തു വരുന്നു. വ്യക്തമായ ഭൂരിപക്ഷം നേടിയാണ്‌ പുതിയ പ്രസിഡന്റ് അധികാരത്തില്‍ വരുന്നത്. 2016 ല്‍ ഇപ്പോഴത്തെ പ്രസിഡന്റും അധികാരത്തില്‍ വന്നത് 304 electoral vote നേടിക്കൊണ്ടായിരുന്നു. അതിനടുത്തു തന്നെ ഈ വിജയവും വരും. അടുത്ത കാലത്തൊന്നും നിലവിലുള്ള പ്രസിഡന്റ് രണ്ടാം തവണ മത്സരിച്ചപ്പോഴും തോറ്റ ചരിത്രം നാം വായിച്ചിട്ടില്ല. പക്ഷെ ഒറ്റത്തവണ കൊണ്ട് തന്നെ ട്രംപിനെ അമേരിക്കന്‍ ജനതയ്ക്ക് മടുത്തു.

എന്ത് കൊണ്ട് ട്രംപ് എന്നത് ഒരു നല്ല ചോദ്യവും ഉത്തരവുമാണ് എന്നാണു ലോക മാധ്യമങ്ങള്‍ പറയുന്നത്. എന്ത് കൊണ്ട് ബൈഡന്‍ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പലരും നല്‍കിയ മറുപടി “ അദ്ദേഹം അമേരിക്കന്‍ ജനതയ്ക്ക് ഒരു അനുഭവമാണ്” എന്നതായിരുന്നു. വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്‍റെ കഴിവുകള്‍ അമേരിക്കന്‍ ജനത മനസ്സിലാക്കിയിട്ടുണ്ട്. ഈ ഭരണമാറ്റം ലോകത്ത് എന്ത് മാറ്റം വരുത്തും എന്നത് കാത്തിരുന്നു കാണാം. ലോകത്ത് തീവ്ര വലതുപക്ഷ ചേരിക്ക് ട്രംപ് നല്‍കിയ ഊര്‍ജം എന്നും ഓര്‍മ്മിക്കപ്പെടും. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ രണ്ടു ദിവസം മുമ്പ് വെസ്റ്റ്‌ ബാങ്കില്‍ ട്രംപിന്റെ വിജയത്തിന് വേണ്ടി വലിയ ഒരു പ്രാര്‍ഥനാ സംഗമം നടന്നത്രേ. ട്രംപിന്റെ മിഡില്‍ ഈസ്റ്റ് നയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ എന്നതാണ് വെസ്റ്റ്‌ ബാങ്കിലെ ജൂത കുടിയേറ്റക്കാരുടെ പ്രത്യേകത.
അടുത്തിടെ ചില അറബ് രാജ്യങ്ങളുമായി ട്രംപിന്റെ സാന്നിധ്യത്തില്‍ ഇസ്രയേല്‍ ഉണ്ടാക്കിയ കരാര്‍ വിളിക്കപ്പെടുന്നത് “ Abraham Accords” എന്നാണ്. തന്റെ മുന്‍ഗാമികള്‍ കണ്ടത് പോലെയല്ല ട്രംപ് ഇസ്രയേലിനെ കണ്ടത്. ഇസ്രായേല്‍ ഒരു രാജ്യം എന്നതിനേക്കാള്‍ വലതു പക്ഷ തീവ്രതയുടെ ഉപകരണം എന്നതായിരുന്നു ട്രംപിനു ഇസ്രയേല്‍.

അവര്‍ ആവശ്യപ്പെട്ട മൂന്നു കാര്യങ്ങളും നടത്തികൊടുക്കാന്‍ ട്രംപിനു കഴിഞ്ഞു. ഒന്ന് ഇറാനെതിരെ ഉപരോധം, രണ്ട് ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുക, മൂന്നാമത്തെ ആവശ്യം പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ അഗീകരിക്കപ്പെടുക എന്നതായിരുന്നു. ഇത് മൂന്നും നടത്തിക്കൊടുക്കാന്‍ ട്രംപിനു കഴിഞ്ഞു. ട്രംപ്‌ നയങ്ങള്‍ കുറെ കാലം കൂടി അമേരിക്കന്‍ ജനത അംഗീകരിക്കും എന്ന ഉറപ്പിലായിരുന്നു ഇസ്രയേല്‍ നേതാക്കള്‍. അതെ സമയം ട്രംപ് പോകേണ്ടത് ഒരു അനിവാര്യതയായി പലസ്തീന്‍ ജനതയും മനസ്സിലാക്കിയിരുന്നു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
തന്റെ മുന്‍ഗാമികള്‍ തുടര്‍ന്ന് വന്ന പലതും വലിച്ചെറിഞ്ഞു കൊണ്ടാണ് ട്രംപ് ഭരണം നടത്തിയത്. അത്ര പെട്ടെന്നൊന്നും ഒരു മാറ്റം അമേരിക്കന്‍ ജനത സമ്മതിക്കില്ല എന്നാണു ലോകം പറയുന്നതും. ബൈഡന്‍ ജയിക്കുക എന്നതിനേക്കാള്‍ ട്രംപ്‌ തോല്‍ക്കുക എന്നതിന് അത് കൊണ്ടാണ് ഫലസ്തീന്‍ ജനതയും നേതാക്കളും പ്രാധാന്യം നല്‍കിയത്. അറബ് ജനത ബൈഡന്‍ വരുന്നതിനെ സ്വാഗതം ചെയ്യുമെങ്കിലും ഭരണാധികാരികള്‍ അങ്ങിനെ ചെയ്യാന്‍ സാധ്യത കുറവാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. ബൈഡന്റെ വിജയം അമേരിക്കന്‍ നയങ്ങളെ ഒബാമ കാലത്തേക്ക് തിരിച്ചു കൊണ്ട് പോകും എന്നുറപ്പാണ്. അപ്പോള്‍ ഇറാന്‍ വിഷയം ട്രംപ്‌ കാലത്തെ പോലെയാകില്ല കൈകാര്യം ചെയ്യുക. യെമന്‍ യുദ്ധത്തിനു ബൈഡന്‍ പച്ചക്കൊടി കാട്ടാന്‍ സാധ്യത കുറവാണ് എന്നും മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്നു.

Also read: മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 1

ഈജിപ്തുമായുള്ള ബന്ധത്തില്‍ കാര്യമായ മാറ്റവും ബൈഡന്‍ കാലത്ത് ലോകം പ്രതീക്ഷിക്കുന്നു. സിസി ഭരണത്തിന് കീഴില്‍ ജനാധിപത്യ മര്യാദകള്‍ പൂര്‍ണമായി അവഗണിക്കപ്പെടുന്നു. മാറ്റി നിര്‍ത്തലല്ല കൂട്ടിപ്പിടിക്കലാണ് ജനാധിപത്യത്തിന്റെ ശക്തി എന്നതാണ് ഒബാമ കാലത്തെ രീതി. ആ രീതി ബൈഡന്‍ തുടരാനാണ് സാധ്യത.

അമേരിക്കന്‍ ജനതയുടെ രണ്ടു ശതമാനം വരുന്ന ജൂത സമൂഹം സെനറ്റില്‍ ആറു ശതമാനം കയ്യടക്കും. അതെ സമയം മുസ്ലിംകളുടെ എണ്ണം രണ്ടക്കം കാണാന്‍ ഇനിയും കാലം പിടിക്കും. അമേരിക്കന്‍ രാഷ്ട്രീയത്തിലെ ജൂത ഘടകത്തെ അവഗണിച്ചു പോകാന്‍ പെട്ടെന്ന് കഴിയില്ല എന്നുറപ്പാണ്. അത് കൊണ്ട് തന്നെയാണ് ഏതു ഭരണകൂടവും അറബ് ഇസ്ലാമിക സമൂഹത്തോട് വളഞ്ഞ വഴി സ്വീകരിക്കുന്നതും. ലോകം കൊറോണ പോലുള്ള മാരക രോഗങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്. കൊറോണ കാരണം ലോകത്തിനു അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങള്‍ അനേകം. കാര്യങ്ങളെ അതിന്റെ ഗൗരവത്തോടെ കണക്കാക്കാന്‍ ട്രംപ് ശ്രമിച്ചില്ല എന്നതാണ് അമേരിക്കന്‍ ജനത ഉയര്‍ത്തിയ മറ്റൊരു ആരോപണം. “ഇപ്പോള്‍ പ്രവചിക്കാനുള്ള സമയമല്ല. എല്ലാം കാത്തിരുന്നു കാണുക എന്നതാണ് ലോകത്തിന്റെ മുന്നിലുള്ളത്”. അതെ പ്രതീക്ഷയാണ് മനുഷ്യനെ ജീവിപ്പിക്കുന്നത്‌.

Related Articles