Current Date

Search
Close this search box.
Search
Close this search box.

ആൾക്കൂട്ടത്തിൽ തനിയെ

ദാർശനിക കവി ഇഖ്ബാൽ തന്റെ കവിതാ രചനയുടെ വസന്തകാലത്തിൽ ഒട്ടും സൗകര്യമില്ലാത്ത ഒറ്റ മുറി വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പരമ്പരാഗത കവികൾക്ക് കവിതകൾ രചിക്കാൻ ഒരു തരത്തിലും യോജിക്കാത്ത അന്തരീക്ഷമായിരുന്നു അവിടം .ഒരു ചന്തയുടെ അടുത്തായത് കൊണ്ട് രാത്രികളിൽ പോലും ബഹളമയം….

പല പ്രമുഖ പ്രസാധകരും പത്രക്കാരും തങ്ങളുടെ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടിയുള്ള രചനകൾ എഴുതി വാങ്ങാൻ അദ്ദേഹത്തെ സന്ദർശിച്ചത് ആ ഒറ്റമുറിയിലായിരുന്നു. ഒരിക്കൽ അവിടം സന്ദർശിച്ച പ്രമുഖ പത്രപ്രവർത്തകൻ
അത്ഭുതപ്പെട്ടു കൊണ്ട് മഹാകവിയോട് ചോദിച്ചു:

“അങ്ങ് ഇവിടെ ഇരുന്ന് എങ്ങിനെ എഴുതുന്നു ? എന്തൊരു ശബ്ദമുഖരിതമാണ് ഈ സ്ഥലം, ഈ ബാസാറിന് നടുവിൽ നിന്നാണോ അങ്ങ് ഇത്ര സുന്ദരമായി സ്വതന്ത്രമായ താങ്കളുടെ കാവ്യലോകം കെട്ടിപ്പടുക്കുന്നത് ? അങ്ങേക്ക് വേണെമെങ്കിൽ നല്ലൊരു വീട് ഞാൻ തരപ്പെടുത്താം, എന്തിന് ഇവിടെ കിടന്ന് നരകതുല്യമായ ജീവിതം നയിക്കുന്നു ??

ഇത് കേട്ട് സദാ സുസ്മേര വദനനായ കവി തന്റെ മോണ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു:
“എനിക്ക് എല്ലാ അർത്ഥത്തിലും ഇവിടെ സുഖകരം ആയത് കൊണ്ടല്ല ഞാൻ ഈ വീട്ടിൽ ജീവിക്കുന്നത്, ഈ വീടിന് ഞാൻ മാസം നൽകുന്ന ചെറിയ വാടക കൊണ്ട് ഈ വീട്ടുകാർ രണ്ട് അനാഥ കുഞ്ഞുങ്ങളുടെ സ്‌കൂൾ ഫീസ് നൽകുന്നുണ്ട് , വാപ്പയും ഉമ്മയും ചെറുപ്പത്തിലെ മരണപ്പെട്ട ആ കുഞ്ഞുങ്ങളുടെ വീടാണ് ഇത് . അവരെ ബന്ധുക്കൾ അവരുടെ വീടുകളിൽ നോക്കുന്നു. ഞാൻ ഇവിടെ നിന്ന് പോയാൽ ഈ വീട് പിന്നെ അത്ര പെട്ടെന്ന് ആരും വാടകക്ക് എടുക്കാൻ ആരുമുണ്ടാവില്ല . അത് മൂലം രണ്ടുപേരുടേയും പഠനം നിൽക്കും ,അത് കൊണ്ട് കഴിയുന്ന കാലം ഞാൻ ഈ വീട്ടിൽ തന്നെ താമസിച്ചോട്ടേ?

ഖൽ വത് ദർ അൻജുമൻ എന്ന സൂഫി -ദാർശനിക ഭാവത്തിന്റെ മികച്ച ഉദാഹരണമാണ് പ്രസ്തുത സംഭവം. അഥവാ സമൂഹത്തിന്റെ വ്യഥകൾ നെഞ്ചിലേറ്റി സമൂഹത്തിന്റെ ഇടയിൽ ഒറ്റക്ക് ജീവിക്കുക എന്ന അതി മഹത്തരമായ സാത്വിക ജീവിതം .ഇഖ്ബാലിന്റെ ആർദ്രവും വിശാലവും ഉത്കൃഷ്ടവുമായ ചിന്തകൾ നമ്മുടെ ഹൃദയങ്ങളെ ഇന്നും കോൾമയിർ കൊള്ളിക്കുന്നതാണ്…..

Also read: ‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല

ശാഇറെ മശരിഖ് (കിഴക്കിന്റെ കവി ) എന്ന വിശേഷണം അല്ലാമ ഇഖ്ബാലിന് മാത്രം അവകാശപ്പെട്ടതാണ്. പടിഞ്ഞാറിലെ പ്രധാന നഗരങ്ങളെല്ലാം ചുറ്റി സഞ്ചരിച്ച് പ്രദർശനത്വര ഉണ്ടാക്കിയ അവനവനിസത്തിൽ നിന്നും മാറി സമുദ്രത്തിന്റെ ഭാഗമായ തിരമാലയായി ഒച്ചപ്പാടില്ലാതെ മാർക്കറ്റിന്റെ ഹൃദയഭാഗത്തുള്ള ഒറ്റമുറി വീട്ടിൽ മറ്റെല്ലാ ദാർശനിക ഗ്രന്ഥങ്ങളും സ്വന്തം തറവാട്ടിലൊഴിവാക്കി ചെറുപ്പത്തിലേ ഓതി വന്ന ഖുർആൻ മാത്രം കയ്യിൽ വെച്ചായിരുന്നു അദ്ദേഹം ജീവിച്ചത്. ഒരുപക്ഷേ ആ ഖുർആനിന്റെ കാവ്യ ഭാഷാന്തരണമായിരുന്നു ഇഖ്ബാലിന്റെ ജീവിതമെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല.

“കോവിഡാനന്തര “കാലത്ത്
എല്ലാവരും താന്താങ്ങളുടെ തുരുത്തുകളിൽ ഒറ്റയാൾ ജീവിതം നയിക്കുമ്പോൾ
പ്രസക്തമാവുകയാണ് ഇഖ്ബാലിന്റെ ഈ ദർശനം. സമൂഹത്തിന്റെ ആവശ്യങ്ങൾ നെഞ്ചിലേറ്റി , സ്വയം ധന്യനായി
ഹൃദയം വിശാലമാക്കി, വേദനിക്കുന്നവരെ ചേർത്തുപിടിക്കുക എന്നതാവണം ഈ ഇഖ്ബാൽ ജന്മദിനത്തിന് നാമെടുക്കുന്ന തീരുമാനം.

فرد قائم ربط ملت سے ہے ، تنہا کچھ نہیں
موج ہے دریا میں اور بیرون دریا کچھ نہیں

വ്യക്തി സമൂഹവുമായാണ് നിലനിൽക്കുന്നത്. സമുദ്രത്തിലാണെങ്കിലെ തിരമാലയാവൂ

ഇഖ്ബാൽ ജീവിതം ഒറ്റ നോട്ടത്തിൽ
ജനനത്തീയതി: 1877, നവംബർ 9
ജനന സ്ഥലം: സീയാൽകോട്, പാകിസ്ഥാൻ
മരണം: 1938, ഏപ്രിൽ 21, ലാഹോര്, പാകിസ്ഥാൻ

(നവം: 9 ഇഖ്ബാൽ ജന്മദിനം / ഉറുദു ദിനം )

Related Articles