Current Date

Search
Close this search box.
Search
Close this search box.

സഞ്ചാര സാഹിത്യം തുറക്കുന്ന വൈജ്ഞാനിക സാധ്യതകള്‍

വ്യക്തിയുടെ ജീവിതത്തിൽ ഒന്നോ അതിലധികമോ ബ്രഹത് ഗ്രന്ഥങ്ങൾ വായിച്ചു ലഭിക്കുന്നതിനേക്കാൾ പതിന്മടങ്ങ് അറിവ് സമ്പാദനം സാധ്യമാകുന്ന മേഖലയാണ് ‘യാത്രകൾ’. ലോകത്തെ അറിയാൻ മനുഷ്യൻ നിരന്തരമായി നടത്തിയിട്ടുള്ള യാത്രകളും, പര്യവേഷണങ്ങളുമാണ് അഞ്ജാതമായി കിടന്നിരുന്ന അറിവിൻറെ വ്യത്യസ്ത തലങ്ങളെ പുതു തലമുറകൾക്ക് സമ്മാനിച്ചതെന്ന് നിസ്സംശയം പറയാം. പ്രസ്തുത യാത്രകൾ മനുഷ്യൻറെ കണ്ടെത്തലുകൾക്ക് കൂടുതൽ കരുത്തും വിശ്വാസ്യതയും ഉറപ്പു വരുത്തി. അതിൻറെ ചുവടുപിടിച്ച് നിരവധി വൈജ്ഞാനിക മുന്നേറ്റങ്ങളും ലോകത്ത് വിപ്ലവം സൃഷ്ടിച്ചു. എന്നാൽ അതിൻറെ ഫലമനുഭാവിക്കാൻ മാത്രം വിധിക്കപെട്ടവരല്ല നമ്മളെന്ന ബോധ്യത്തിൽ നിന്നാണ് സഞ്ചാര സാഹിത്യങ്ങൾ ആധുനിക വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമാവേണ്ടത് എന്ന ചർച്ച ഉയർന്നു വരുന്നത്. ലോകത്ത് നിലവിലുള്ള മുഴുവൻ പഠനശാഖകളും ഉയർന്നു വന്നതും, പുതുമകളെ അവതരിപ്പിക്കാൻ ശ്രമങ്ങൾ നത്തിയിട്ടുള്ളതും കേവലമായ വൈജ്ഞാനിക ആലോചനകൾ മാത്രം മാനദണ്ഡമാക്കിയല്ല മറിച്ച് പ്രസ്തുത ആലോചനകൾക്കും തീരുമാനങ്ങൾക്കും കരുത്ത് പകർന്നത് പൂർവികരുടെ യാത്രകളും, സഞ്ചാര സാഹിത്യങ്ങളും അടിസ്ഥാനമാക്കിയാണ്. ലോകത്തെ വ്യത്യസ്ത വൈജ്ഞാനിക സരണികളെയും പുതുമയുള്ള വിദ്യാഭ്യാസ വിശകലനങ്ങളെയും പരസ്പരം അടുത്തറിയാനും ഉൾകൊള്ളാനും അന്നും ഇന്നും മനുഷ്യന് ഉപയോഗപ്പെടുത്തി വരുന്ന ഉപാധിയും ഉപകരണവുമാണ് (tool) ‘യാത്രകൾ ‘.

മാർക്കോ പോളോ, മഗല്ലൻ, ക്രിസ്റ്റഫർ കൊളംബസ്, ഇബ്നു ബതൂത്ത, ഹെറഡോട്ടസ്, ജോൺ കബോട്ട്…തുടങ്ങിയ സഞ്ചാരികൾ തങ്ങളുടെ യാത്രകളിലൂടെ അവിസ്മരണീയ മുഹൂർത്തങ്ങൾ ലോകത്ത് സമ്മാനിച്ചവരാണ്, അത് കൊണ്ടാണ് ചരിത്രം പോലും മേല്പരാമർശിക്കപെട്ട വ്യക്തികളുടെ സഞ്ചാര സാഹിത്യങ്ങൾ ലോകത്തെ മികച്ച വൈജ്ഞാനിക സംഭാവനകളുടെ പട്ടികയിൽ പ്രഥമ സ്ഥാനം നൽകി ആദരിച്ചതും. knowledge subotage (വൈജ്ഞാനിക വിസ്ഫോടനം) നടക്കുമ്പോൾ മാത്രമാണ് വ്യത്യസ്തമായ അറിവിൻറെ ഉറവിടങ്ങൾ ഒരു വിദ്യാർഥിയുടെ മുമ്പിൽ തുറക്കപ്പെടുകയുള്ളൂ എന്നത് പുതുമയുള്ള സിദ്ധാന്തമൊന്നുമല്ല. അതിന് കാരണഹേതുവാകുന്ന അവലംബങ്ങൾ വിദ്യാർഥിക്ക് സാധ്യമാക്കുകയാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രഥമമായി ചെയ്യേണ്ട വിദ്യാഭ്യാസ കർത്തവ്യം.

‘യാത്ര’ ഒരു വിദ്യാർഥിയുടെ കരിയർ സാധ്യതകളെ സജീവമാകി നിലനിർത്തുന്ന പ്രധാന ഘടകമാണ്. ഭാഷ, വേഷം, ഭക്ഷണരീതികൾ, സംസ്കാര ചിന്താ വൈവിധ്യങ്ങൾ എന്നിങ്ങനെയുള്ള വ്യത്യസ്തതകളെ അനുഭവിക്കാനും ആസ്വദിക്കാനും വിദ്യാർഥികൾക്ക് അവസരങ്ങൾ നൽകേണ്ടത് പുതിയ വൈജ്ഞാനിക സാധ്യതകളിൽ മുന്നിട്ട് നില്കുന്ന പഠന പ്രക്രിയകളാണ്. ഒരു സ്ഥാപനത്തിൽ പഠനമാരംഭിക്കാൻ തയ്യാറെടുക്കുന്ന വിദ്യാർഥിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. പുതുമയുള്ള കോഴ്സുകൾ അവതരിപ്പിക്കപ്പെടുന്നതിലൂടെ മാത്രം സാധ്യമാവുന്ന വിദ്യാഭ്യാസ സമവാക്യങ്ങൾ എന്നോ ലോകത്ത് നിന്ന് മാഞ്ഞു പോയിരിക്കുന്നു. പുതിയ പ്രവണതകളെ പ്രാവർത്തികമാക്കുന്നിടത്ത് സ്ഥാപനങ്ങൾ സ്വീകരിക്കുന്ന നയസമീപനങ്ങൾ വിദ്യാർഥികൾക്ക് ആകർശണീയത നല്കുന്നതല്ലെങ്കിൽ വിപരീത ഫലമായി പ്രസ്തുത പുതുമകൾ മാറുമെന്ൻ മാത്രമല്ല സ്ഥാപനത്തിൽ അവയെല്ലാം വേച്ചുകേട്ടലുകളായി അനുഭവപ്പെടും. യഥാർത്ഥത്തിൽ, സ്ഥാപനത്തിൽ പ്രാവർത്തികമാക്കുന്ന രീതികൾ ഓരോ വിദ്യാർഥിയുടെയും ഉള്ളിൽ അന്തർലീനമായ കഴിവുകളെ (In-born Quality) പുറത്തേക്കെടുക്കാൻ കഴിയുന്നതായിരിക്കണം.

Also read: ട്രംപിന് പഠിക്കുന്ന ഇമ്മാനുവൽ മക്രോൺ

‘യാത്ര’ ഒരു വിദ്യാർഥിയുടെ ചിന്താ വൈവിധ്യങ്ങളെ ഉത്തേജിപ്പിക്കുന്നതാണെന്ന കാര്യത്തിൽ ആധുനികനിക കാലത്ത് വിദ്യാഭ്യാസത്തെ നിർവചിക്കുന്നവർക്ക് പോലും സംശയമില്ല. ഉദാഹരണമായി, ദിവസവും വീട്ടിൽ നിന്ന് സ്കൂളിലേക്ക് പുറപ്പെടുന്ന ഒരു വിദ്യാര്ഥിക്ക് നാലു ചുവരുള്ള ക്ലാസ്സ്മുറികള നല്കുന്നതിനേക്കാൾ എത്രെയോ നിറമുള്ള അറിവുകളും അനുഭവങ്ങളുമായിരിക്കും വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള യാത്രയിൽ അവൻ കണ്ടുമുട്ടുന്ന വ്യക്തികളും, അവൻ കടന്നു പോകുന്ന കവലകളും ഓരോ ദിവസവും അവന് നല്കുന്നത്.

‘Travelling is the best teacher in the world’ എന്നത് ഏതൊരാൾക്കും നിരാകരിക്കാനോ തള്ളിക്കളയാനോ കഴിയുന്ന വാചകമല്ല. വിദേശ രാജ്യങ്ങൾ സ്കൂൾ തലം മുതൽ ഗവേഷണ തലം വരെയും തങ്ങളുടെ കരിക്കുലത്തിൽ അഭിവാജ്യ ഘടകമായി യാത്രകൾ അവലംബമാക്കിയുള്ള വിദ്യാഭ്യാസ രീതികൾ എന്നോ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ക്ലാസ്സ്‌ റൂമിൽ പറയപ്പെട്ട വിഷയങ്ങളുടെ പ്രയോഗവൽകരണത്തിനായി യാത്രകളെ എങ്ങനെയാണ് പാശ്ചാത്യലോകം ഉപയോഗപ്പെടുത്തന്നതെന്ൻ നാം ചിന്തിക്കേണ്ടതുണ്ട്. സൈക്കിളിംഗ്, ഓഫ്‌ റോഡ്‌ മത്സരങ്ങൾ തുടങ്ങി സാഹസിക യാത്രകൾ വരെ പഠനപ്രക്രിയയുടെ ഭാഗമാക്കി, യാത്രയുടെ വേറിട്ട അവസ്ഥകളെ അനുഭവിക്കാൻ വിദ്യാർഥികൾക്ക് അവസരങ്ങൾ നൽകുന്നുവെന്നത് പാശ്ചാത്യ വിദ്യാഭ്യാസ രീതിയുടെ ഒരു പൊതു സ്വഭാവമാണ്.

ലോകത്തെ വിജ്ഞാന ശാഖകളെ പഠന വിധേയമാക്കിയാൽ ‘യാത്രകൾ / സഞ്ചാരങ്ങൾ’ പാഠ്യ പദ്ധതിയുടെ പ്രധാന ഘടകമായി തന്നെ മാറുന്നത് കാണാം. ഉദാഹരണമായി ചരിത്രത്തെ (History) പഠിക്കേണ്ടത് ചരിത്ര സ്മരകങ്ങളെ അടുതറിഞ്ഞുള്ള യാത്രകളിലൂടെയാവണം എന്ന തത്വം പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. . പ്രകൃതിയിൽ നിന്ന് പഠിക്കാൻ ഏറെയുണ്ടെന്നത് പാഠപുസ്തകത്തിൽ നിന്നല്ല ഒരു വിദ്യാർത്ഥി മനസ്സിലാക്കേണ്ടത്. ചരിത്രമെന്ന പഠന ശാഖയെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു അവലംബം കാണുക പ്രയാസമായിരിക്കും. മറ്റൊരു വിജ്ഞാന ശാഖയായ പുരാവസ്തു ശാസ്ത്രത്തിൻ്റെയും കാര്യം മേൽ പറഞ്ഞതിൽ നിന്നും ഭിന്നമല്ല. പുരാവസ്തുശാസ്ത്രം ലോകത്ത് വമ്പിച്ച സ്വീകാര്യത നേടിയ വിജ്ഞാന ശാഖയാണ്. അതിൽ പ്രസ്തുത വൈജ്ഞാനിക സാധ്യതകളെ സജീവമാക്കി നിർത്തുന്ന സുപ്രധാന ഘടകമാണ് സഞ്ചാരങ്ങൾ. പര്യവേഷണ സ്വഭാവത്തിലുള്ള യാത്രകൾ നടത്തിയാൽ ലഭ്യമാവുന്ന അനുഭവങ്ങളാണ് പുരാവസ്തുശാസ്ത്ര സിലബസിൻറെ അടിസ്ഥാനമായി മാറുന്നത്. പ്രാചീന ചരിത്ര വിശദാംശങ്ങളിലേക്ക് ഒരു വിദ്യാര്ഥിക്ക് കടന്നു ചെല്ലാൻ പൗരാണിക നിര്മ്മിതികളെ ഒരു വേള നേരിൽ കണ്ടാൽ തന്നെ മതിയാകും. ബ്രഹത്തായ ഒരു ചരിത്ര ഗ്രന്ഥം വായിച്ചു ലഭിക്കുന്നതിനേക്കാൾ ആഴമുള്ള അറിവിൻറെ വാതായനങ്ങൾ അവൻറെ മുന്പിൽ തുറക്കപ്പെടാൻ യാത്രകൾ ഒരു നിതാനമായി വര്ത്തിക്കുന്നു എന്നർത്ഥം. പൗരാണിക കാലത്തെ മനുഷ്യരുടെ സഞ്ചാരങ്ങളെ വിശകലന വിധേയമാക്കിയാൽ മനസ്സിലാക്കാൻ കഴിയുന്ന വൈജ്ഞാനിക പുതുമകളുടെ അനന്ത സാധ്യതകളെ നാം വിലയിരുത്തേണ്ടതുണ്ട്. നക്ഷത്രങ്ങളുടെ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി അക്കാലത്ത് നടത്തിയ യാത്രകളിലൂടെ ഗണിത ശാസ്ത്രം, ഗോളശാസ്ത്രം, വാനശാസ്ത്രം, പ്രകാശ ശാസ്ത്രം എന്നിവയിൽ ലോകത്ത് തന്നെ പ്രശസ്തരും പ്രഗല്ഭാരുമായ മഹത്തുക്കൾ ഉയർന്നു വന്നു. മേല്പരാമര്ശിച്ചത് പോലെ യാത്രകളെ കേവലം അവലംബമായി മാത്രം കാണേണ്ടതല്ല, അതിനപ്പുറം വിദ്യാഭ്യാസ കരിക്കുലത്തിൽ സഞ്ചാര സാഹിത്യങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ വൈജ്ഞാനിക സാധ്യതകളുയർന്നു വരേണ്ടത് അത്യാവശ്യമാണ്.

അടിസ്ഥാന വിദ്യാഭ്യാസം പോലും ജീവിതത്തിൽ നേടാൻ സാധിക്കാത്തവർ വിദ്യ അഭ്യസിച്ചവരേക്കാൾ കൂടുതലും വൃത്തിയായും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ഭാഷ പണ്ഡിതന്മാരായി എങ്ങനെ മാറി? “Language learning outside of the classroom is incredibly powerful” ഭാഷ പഠനത്തിൻറെ രീതിശാസ്ത്രവും ഉപയോഗതലങ്ങളും വിദ്യാർഥിയുടെ ചിന്താ-ബോധ മണ്ഡലങ്ങളെ സ്വാധീനിക്കണമെങ്കിൽ മേൽ പറഞ്ഞത് പോലെ നാല് ചുവരുകൾക്കപ്പുറമുള്ള ഭാഷയുടെ പ്രവർത്തി പഥത്തെകുറിച്ച് ആലോചിക്കേണ്ടതുണ്ട്. ലോകത്ത് സംഭവിക്കുന്ന ഓരോ വിഷയങ്ങളെക്കുറിച്ചും മാസ്റ്റര്ഡിഗ്രിയും, ഡോക്റ്ററേറ്റും എടുത്ത ഗവേഷകനേക്കാൾ മികച്ച കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പങ്ക് വെക്കാൻ ഒരു യാത്രികനെ സജ്ജമാക്കുന്ന ഘടകമെന്തായിരിക്കും?

Also read: ഇനി അഴി മതിയാവില്ല

travel and tourism studies, heritage studies, Archeological Studies തുടങ്ങിയ മേഖലകളിലെ ജോലി സാധ്യതകൾ കൂടി സ്കൂൾ കരിക്കുലത്തിലെ ഗവേഷണാതമക യാത്രാ പഠന പ്രക്രിയകളിലൂടെ എത്തിപ്പിടിക്കാൻ വിദ്യാര്ഥിക്ക് സാധ്യമാവുന്നു. ഇന്ന് ലോകത്ത് നാം നിസാരമെന്നു കരുതുന്ന ഘടകങ്ങൾ പോലും ആധുനിക വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായി വിലയിരുത്തപ്പെടുന്നുണ്ട്. യാത്ര വിവരണ ഗ്രന്ഥങ്ങൾ ഇന്ന് ലോകത്ത് പഠന വിഷയമായി തന്നെ അവതരിപ്പിക്കപെട്ടത്തിൻറെ പിന്നിലെ യുക്തിയെ വിശകലന വിധേയമാക്കിയാൽ നമ്മുടെ പൂർവികർക്ക് ഇനിയും ചെന്നെത്താൻ കഴിയാത്ത അപൂർവമായ അറിവ് ശേഖരങ്ങളിലേക്കെത്തിച്ചേരാൻ നമ്മുടെ തലമുറകളെയും കാത്ത് പത്തേമാരികൾ എന്നോ നങ്കൂരമിട്ടു കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുത മനസ്സിലാക്കാം.

പണ്ഡിതൻ(scholar) എന്ന അവസ്ഥയിലേക്ക് ഒരാൾ പരിവർത്തനം ചെയ്യപ്പെടുന്നത് എപ്പോഴാണ് എന്ന ചോദ്യം പലപ്പോഴും നമ്മെ കുഴക്കുന്നതാണ്. ഏത് മാനദണ്ഡം അനുസരിച്ചായിരിക്കും അതിനെ അളക്കുവാൻ സാധിക്കുന്നത്? ഓരോ മേഖലയും വേർതിരിച്ച് വേണെമെങ്കിൽ നമ്മുക്ക് നിപുണരെ (expert) വളർത്തിയെടുക്കാം അപ്പോഴും ഒഴിഞ്ഞു കിടക്കുന്ന ‘സ്കോളർ’ എന്ന വിശാലമായ തലത്തെ വ്യഖാനിക്കാൻ കഴിയണമെന്നില്ല. എന്നാൽ പ്രസ്തുത പദവി അലങ്കരിക്കാൻ കഴിയുന്നവരിൽ പ്രഥമ സ്ഥാനം നല്കാവുന്ന വിഭാഗമാണ് ഗവേഷണ തല്പരതയോടെ യാത്ര ചെയ്യുന്ന യാത്രികർ(travelers).

യാത്രകളെ വ്യത്യസ്ത മേഖലകളാക്കി തിരിക്കാമെങ്കിലും ഓരോ മേഖലയും തരുന്ന അനുഭവങ്ങളും അറിവുകളും എണ്ണിതിട്ടപ്പെടുത്തുക പ്രയാസകരമായിരിക്കും. ലോകത്തെ ആദ്യത്തെ Space tourism പദ്ധതിയുമായി മുന്നോട്ട് വന്ന റിച്ചാർഡ് ബ്രാൻസൺ എന്ന സംരഭകൻറെ വിർജിൻ ഗാലക്ടിക് കമ്പനിയിലെ സ്പൈസ് പ്രോജക്ടിൽ അംഗമായ പ്രശസ്ത സഞ്ചാരിയും സഫാരി ചാനലിൻറെ സ്ഥപകനും ഏക ഇന്ത്യൻ വംശചനുമായ മലയാളി സന്തോഷ്‌ ജോർജ് കുളങ്ങരയുടെ അനുഭവങ്ങൾ ഈ വിഷയത്തിൽ പ്രത്യേക പരാമർശമർഹിക്കുന്നതാണ്. സഞ്ചാരത്തിനായി താൻ നടത്തിയ ഒരു ട്രെയിൻ യാത്രക്കിടയിൽ അവിചാരിതമായി തൻറെ ബോഗിയിലേക്കു വന്ന് കയറിയ യാത്രികൻ മറന്നു വെച്ച പത്രക്കടലാസിലൂടെ തൻറെ ജീവിത വീക്ഷണങ്ങളെ തന്നെ മാറ്റി മറിച്ച സ്പൈസ് ടൂറിസം പദ്ധതിയുടെ ഭാഗമായ സന്തോഷ്‌ ജോർജ് കുളങ്ങര നമ്മുടെ മുമ്പിൽ തുറന്നു വെക്കുന്ന യാത്രയുടെ അനന്ത സാധ്യതകൾ എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തതാണ്.

ലോകം കാണാൻ പുറപ്പെട്ടവർ ലോകത്തെ നിയന്ത്രിക്കുന്നവരായി മാറിയ കാലം നമ്മുക്ക് മുന്പ് കഴിഞ്ഞു പോയിട്ടുണ്ടെന്ന ബോധ്യപ്പെടുത്തലുകളിലേക്ക് വിദ്യാർഥികളെ നയിക്കാൻ അധ്യാപനത്തിന് കഴിയണം. അങ്ങനെ ‘യാത്ര’കളെ വൈജ്ഞാനിക സമ്പാദനത്തിൻറെ ഒരിക്കലും വറ്റാത്ത ഉറവകളായി പരിവർത്തിപ്പിക്കാൻ വിദ്യാർഥികളെ സജ്ജരാക്കണം. (‘discover yourself’) സ്വന്തത്തെ അടുത്തറിയാനും തിരുത്താനുമാണ് വിദ്യാഭ്യാസം എന്ന പൊതുതത്വം ഇന്ന് നമ്മുടെ പഠനപ്രക്രിയയുടെ ഒരു ഭാഗമേയല്ലതായിരിക്കുന്നു. വിദ്യ നേടുന്നതിനനിസരിച്ച് ഒരു വിദ്യാർത്ഥിയിൽ വളർത്തി കൊണ്ട് വരേണ്ടുന്ന സ്വഭാവ മര്യാദകൾ, ചിട്ടകൾ, പെരുമാറ്റരീതികൾ എന്നീ ഗുണങ്ങൾ ഇന്നത്തെ വിദ്യാഭ്യാസ മൂല്യങ്ങളുടെ പട്ടികയിൽ നിന്ന് തന്നെ എടുത്തു മാറ്റപ്പെട്ടിരിക്കുന്നു. പാഠ പുസ്തകങ്ങളിൽ നിന്നോ തൻറെ അധ്യാപനത്തിൽ നിന്ന് തന്നെയോ ഒരു വിദ്യാർഥിക്ക് ലഭ്യമാക്കാൻ കഴിയുന്ന അറിവുകൾക്ക് പരിതികളുണ്ടെന്ന അധ്യാപകൻറെയും സ്ഥാപനത്തിൻ്റെ തന്നെയും തിരിച്ചറിവുകളിൽ നിന്നാണ് ക്ലാസ്സ്‌ റൂമിന് പുറത്തുള്ള വിദ്യാഭ്യാസത്തിൽ ‘യാത്രക’ളിലൂന്നിയ പഠന-ഗവേഷണങ്ങൾക്ക്‌ പ്രസക്തിയേറുന്നത്.

Related Articles