Current Date

Search
Close this search box.
Search
Close this search box.

സുഡാൻ : ജനാധിപത്യ പ്രക്ഷോഭങ്ങൾക്കും ആഭ്യന്തര കലാപങ്ങൾക്കും മധ്യേ

സുഡാനിലെ ആഭ്യന്തര സംഘർഷം രാജ്യത്തെ രൂക്ഷമായ മാനുഷിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. 25 മില്യണിലധികം ജനങ്ങൾ പ്രാഥമിക സഹായങ്ങൾ പോലും ലഭിക്കാതെ പ്രയാസപ്പെടുകയാണ്. 8.6 മില്യൺ സുഡാനികൾ നിലവിൽ അഭയാർഥികളായി മാറിയിട്ടുണ്ട്. സുഡാനിന്റെ തലസ്ഥാനം ഖാർത്തുനിൽ ആരംഭിച്ച സംഘർഷം ദാർഫുർ, കൊർദോഫാൻ, ബ്ലൂ നൈൽ പ്രദേശങ്ങൾ അടക്കം മിക്ക പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിൻറെ 37 ശതമാനത്തിലധികം ജനങ്ങൾ അരക്ഷിതാവസ്ഥയിലും പ്രാഥമിക ആവശ്യങ്ങൾ പോലും തിരസ്കരിപ്പെട്ട അവസ്ഥയിലാണെന്നും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

പതിനാലായിരത്തിലധികം സുഡാനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 730,000 ലധികം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. 20 മില്ല്യണിലധികം കുട്ടികൾക്കും വിദ്യാദ്യാസം മുടങ്ങിയിരുന്നു. ആഭ്യന്തര സംഘർഷം രാജ്യത്ത്  കാർഷികമേഖലയിൽ തളർച്ച സൃഷ്ടിക്കുകയും ഭക്ഷ്യ സുരക്ഷയിലും  സാമ്പത്തിക ഭദ്രതയിലും കനത്ത നാശം വിതക്കുകയും ചെയ്‌തെന്ന ആംനസ്റ്റിയുടെ പഠനം പ്രസക്തമാണ്. 2019 ലെ പ്രതിവിപ്ലവനാന്തരം രാജ്യത്തിൻറെ ജി.ഡി.പി വളരെ താഴ്ന്ന നിലയിലെത്തുകയും ലോക ദരിദ്ര രാജ്യങ്ങളിൽ എണ്ണപ്പെടുകയും ചെയ്തു. 

സുഡാനിലെ ആഭ്യന്തര സംഘർഷം

2023 ഏപ്രിലിൽ ജനറൽ അബ്ദുൽ ഫത്താഹ് അൽബുർഹാനിന്റെ നേതൃത്വത്തിലുള്ള സുഡാനീസ് ആർമ്ഡ് ഫോഴ്‌സും (എസ്.എ.എഫ്) ജൻജാവീദ് നേതാവായ ജനറൽ മുഹമ്മദ് ഹംദാൻ ദഖ്‌ലൂ ഹമീദതീയുടെ നേതൃത്വത്തിലുള്ള റാപിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.ഫ്) നടക്കുന്ന ആഭ്യന്തരയുദ്ധം രാജ്യത്ത് രൂക്ഷമായ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. എസ്.എ.എഫ് ഖാർത്തൂൺ അടക്കമുള്ള പ്രദേശങ്ങൾ മുമ്പ്  പിടിച്ചെടുത്തിരുന്നെങ്കിലും ആർ.എസ്.എഫിന് 2024 ന്റെ തുടക്കത്തിൽ തന്നെ തിരിച്ചെടുക്കാൻ സാധിച്ചിരുന്നു. ദി ജസ്റ്റിസ് ആൻഡ് ഇക്വാലിറ്റി മൂവ്മെന്റ്, സുഡാൻ ലിബറേഷൻ മൂവ്മെന്റ് തുടങ്ങി മറ്റു ചില ചെറിയ വിമത പ്രസ്ഥാനങ്ങളും ആർ.എസ്.എഫിനെതിരെ പ്രക്ഷോഭമുഖത്തുണ്ട്. സുഡാനീസ് ലിബറേഷൻ മൂവ്മെന്റ് പിളർത്തി സ്വതന്ത്ര സംഘടനയുണ്ടാക്കിയ മിന്നി മിനാവി എന്ന പേരിൽ പ്രസിദ്ധനായ  സുലൈമാൻ ആർക്കു മിനാവി എസ്.എ.എഫിനോടൊപ്പം വിമതർക്കെതിരെ പോരാടുന്നുണ്ട്.

സമകാലിക ആഭ്യന്തര യുദ്ധം രണ്ടു പട്ടാള മേധാവികൾ തമ്മിലുള്ള യുദ്ധമെന്നതിനേക്കാളുമപ്പുറം 1956 ൽ ബ്രിട്ടീഷ് അധിവേശത്തിൽ നിന്നും മോചിതമായതിന്‌ ശേഷവും ദേശീയ ഭരണ സംവിധാനത്തിൽ രൂഢമൂലമായ പ്രതിസന്ധിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന സുഡാനീ പണ്ഡിതൻ മഹ്ദി എ ഹസന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.

49 മില്യൺ ജനസംഖ്യയുള്ള സുഡാനിൽ 19 എത്നിക് വിഭാഗങ്ങളും നൂറുകണക്കിന് വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന  597  ഉപ വിഭാഗങ്ങളുമുണ്ട്. എഴുപത് ശതമാനം അറബ് വംശജരാണ്  ഏറ്റവും വലിയ ഭൂരിപക്ഷം. അറബ് വംശീയതയിലൂന്നിയ രാഷ്ട്രീയ ക്രമമാണ്  രാജ്യത്ത് സാമൂഹിക- രാഷ്ട്രീയ അസന്നിഗ്ദാവസ്ഥകൾക്കു നിമിത്തമാകുന്നതെന്നു പ്രാദേശിക നിരീക്ഷകർ അഭിപ്രായപ്പെടുന്നു. സ്വാതന്ത്ര്യാനന്തരം 35 തവണ പട്ടാള അട്ടിമറി ശ്രമങ്ങളാണ് നടന്നിട്ടുള്ളത്. 56 വർഷം നീണ്ടു നിന്ന പ്രക്ഷോഭാനന്തരം 2011 ൽ  അമേരിക്കയുടെയും മറ്റു പാശ്ചാത്യ ശക്തികളുടെയും സഹായത്തോടെ കൃസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ ദക്ഷിണ സുഡാൻ ഒരു രാജ്യമായി പിളർന്നു മാറ്റപ്പെട്ടത് സുഡാൻ നേരിട്ട മറ്റൊരു പ്രധാന പ്രാദേശിക പ്രതിസന്ധി ആയിരുന്നു.

1989 ൽ ഇഖ്വാനുൽ മുസ്ലിമൂനിന്റെ സഹായത്തോടെ പട്ടാള അട്ടിമറി നടത്തിയ ഉമറുൽ ബഷീർ പക്ഷെ പിന്നീട് സംഘടനയുമായി ഇടയുകയും തന്റെ രാഷ്ട്രീയ ഗുരു ഹസനുൽ തുറാബിയെ ജയിലിലടക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കെത്തി. 2003 ൽ ഉമറുൽ ബഷീർ, ജൻജാവീദ് മിലിഷ്യയെ ദാർഫുരിലെ സംഘർഷം അടിച്ചമർത്താൻ ഉപയോഗിച്ചതും പിന്നീട് 2013 ൽ ഈ ഗോത്ര സായുധ സംഘങ്ങളെ റാപിഡ് സപ്പോർട് ഫോഴ്‌സ് ആയി നിയോഗിക്കുകയും ചെയ്തത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിരുന്നു. കേന്ദ്ര ഭരണകൂടം സുഡാനിലെ അനറബ് വിഭാഗങ്ങൾക്കെതിരെ വിഭജന നിലപാട് സ്വീകരിക്കുന്നു എന്ന വാദിച്ചു തുടങ്ങിയ പ്രതിഷേധങ്ങളെ ഉമറുൽ ബഷീർ അടിച്ചമർത്തുകയാണുണ്ടായത്. 

രാജ്യത്തിൻറെ ബഹുസ്വരതയെ അവഗണിച്ചു കൊണ്ടുള്ള ഭരണ രീതികളും സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ അസമത്വവുമെല്ലാം ഈ സംഘർഷങ്ങളുടെ പ്രധാന കാരണങ്ങളാണ്.  ദേശീയ സുരക്ഷയും ആയുധ സമ്പത്തും കൈമുതലായതോടെ ഈ വിഭാഗങ്ങളുടെ  അധികാര ദുർവിനിയോഗത്തിൻറെ വാർത്തകൾ വരാൻ തുടങ്ങി. 2017 ൽ സുഡാൻ പാർലമെന്റ് റാപിഡ് സപ്പോർട് ഫോഴ്സിനെ നിയമം മൂലം സ്ഥിരപ്പെടുത്തിയതിലൂടെ കൂടുതൽ അധികാരം അവരുടെ കൈകളിലായി. ഉമറുൽ ബഷീർ, ജനറൽ മുഹമ്മദ് ഹംദാൻ ദഖ്‌ലൂ ഹമീദതീയെ ആർ എസ് എഫിന്റെ മേധാവിയായി നിയോഗിച്ചു.

2019 ലെ പ്രക്ഷോഭനാന്തരം നിലവിൽ വന്ന പട്ടാള ഭരണകൂടങ്ങൾക്കും ഇടക്കാല ജനകീയ ഭരണകൂടത്തിനും  അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ 2021 ൽ  പരമാധികാര സഭയുടെ വൈസ് പ്രസിഡന്റായി ഉയർന്ന മുഹമ്മദ് ഹംദാൻ ദഖ്‌ലൂ ദേശീയ ജനാധിപത്യ പ്രക്രിയയിലും സ്വാധീനമുണ്ടെന്ന് തെളിയിച്ചു. 2021 ൽ ജനറൽ അബ്ദുൽ ഫത്താഹ് അൽ- ബുർഹാൻ പട്ടാള അട്ടിമറി നടത്തി അധികാരം കൈക്കലാക്കുകയും ആർ.എസ്.എഫിനെ പിരിച്ചുവിടുകയും ജനറൽ ഹമീദതീയെ അരികുവല്കരിക്കുകയും രാഷ്ട്രീയ മേഖലയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്ചു. അതോടെ പ്രതികാര ബുദ്ധിയാൽ ആർ.എസ്.എഫ് രാജ്യത്തെ തന്ത്രപ്രധാന പ്രദേശങ്ങളും സാമ്പത്തിക സ്രോതസ്സുകളും പിടിച്ചെടുക്കുകയുണ്ടായി. 

പ്രധാന ആർ.എസ്.എഫ് നേതാക്കളെല്ലാം ദാർഫുരിലെ ഗോത്രങ്ങളിൽ നിന്നുള്ളവരാണ്. അറബ് വംശീയ ബോധം പേറുന്ന ഈ നേതാക്കൾ സുഡാനിലെ വിവിധ ഭാഷ-എത്നിക് വിഭാഗങ്ങളോട് പ്രതിലോമപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ആർ.എസ്.എഫിന്റെ സ്വർണ കച്ചവടം നിയന്ത്രിക്കുന്ന  അൽ-ഫഖർ അഡ്വാൻസ്ഡ് വർക്സ് , അവരുടെ സാമ്പത്തിക ഇടപാടുകൾ നയിക്കുന്ന അൽ ഖലീജ് ബാങ്ക് കമ്പനി എന്നിവ സുഡാനിലെ വിമതരുടെ പ്രധാന ചാലക ശക്തികളാണ്. പ്രാദേശിക ശക്തികളുമായും രാജ്യത്തെ മറ്റു തത്പര കക്ഷികളുമായും ആയുധ-സാമ്പത്തിക ക്രയവിക്രയങ്ങൾക്കു നേതൃത്വം നൽകുന്ന ഇവർക്ക് സുഡാനിലെ സംഘർഷത്തിൽ സുപ്രധാന പങ്കാണുള്ളത്. എസ്.എ.എഫിന്റെ പ്രധാന സാമ്പത്തിക സ്രോതസ് സദ്‌ന ഇന്റർനാഷണൽ കോ. ആണ്. അൽ ഫഖർ അഡ്വാൻസ്ഡ് വർക്സ് , അൽ ഖലീജ് ബാങ്ക് കമ്പനി എന്നിവയെപ്പോലെ തന്നെ ആഭ്യന്തര പ്രതിസന്ധിയിൽ  സദ്‌നക്കു പ്രധാന പങ്കുണ്ട്. 

പ്രാദേശിക ശക്തികളും സുഡാനി രാഷ്ട്രീയവും

ചൈന സുഡാനിന്റെ സുപ്രധാന വാണിജ്യ പങ്കാളിയെന്ന നിലയിൽ തന്നെ ദേശീയ ഭരണക്കൂടത്തെ പിന്തുണക്കുന്നു. എണ്ണ സ്രോതസുകളുടെ വികസനം എഫ്.ഡി.ഐ , മാനുഷിക സഹായം തുടങ്ങിയ മേഖലകളിലെല്ലാം ചൈന സാന്നിധ്യമറിയിച്ചു അവരുടെ പ്രാദേശിക താത്പര്യം സംരക്ഷിക്കുന്നുണ്ട്. സുഡാനിന്റെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതിയിനം സ്വർണമായതിനാൽ (മുഴുവൻ കയറ്റുമതിയുടെ 70 %) ഈ അധികാര വടംവലിയിൽ ഭൗമരാഷ്ട്രീയത്തിന്റെ സമവാക്യങ്ങളും ദൃശ്യമാണ്. ചെനീസ് ദേശീയ പ്രെട്രോളിയം കോർപ്പറേഷൻ സുഡാനിലെ നാല്പത് ശതമാനം എണ്ണ വ്യവസായത്തെ നിയന്ത്രിക്കുന്നു എന്നത് ശ്രദ്ധേയമാണ്.സുഡാനിലെ ഒട്ടുമിക്ക എണ്ണയുത്പാദന കേന്ദ്രങ്ങളിലും നിക്ഷേപമിറക്കുന്നുണ്ട് അവർ. 

സാമ്പത്തികാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ പ്രത്യേകിച്ചും, എണ്ണ, അറബി പശ , പരുത്തി എന്നിവയുടെ സാന്നിധ്യ പ്രദേശങ്ങളും അധീനതയിലാക്കുക എന്നതും ഈ സംഘർഷത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. റഷ്യയുടെ പ്രാദേശിക സാന്നിധ്യവും പ്രസക്തമാണ്.  രാജ്യത്തിൻറെ ആയുധക്കച്ചവത്തിൽ  87 ശതമാനവും റഷ്യക്കാണ് പങ്കുള്ളത്. 2019 ൽ സുഡാനി തുറമുഖങ്ങൾ റഷ്യൻ നാവിക സേനക്ക് തുടന്നുകൊടുക്കുന്ന കരാർ പോലും സുഡാൻ ഒപ്പു വെക്കുകയുണ്ടായി. പ്രാദേശിക ശക്തിയായ തുർക്കിയും സുഡാനി കേന്ദ്ര  ഭരണകൂടത്തെ അനുകൂലിക്കുന്നുണ്ട്. ഗൾഫ് രാഷ്ട്രങ്ങളിൽ സുഡാനിന്റെ ഏറ്റവും പ്രധാന വാണിജ്യ പങ്കാളിയെന്ന നിലയിൽ  യു.എ.ഇ യുടെ പ്രാദേശിക സാന്നിധ്യം വിവാദപരമാണ്. കേന്ദ്ര ഭരണകൂടത്തിനെതിരെ  ആർ.എസ്.എഫിനെ സായുധപരമായി യു.എ.ഇ സഹായിക്കുന്നു എന്ന യു.എൻ രേഖ വാർത്ത പ്രാധാന്യമുള്ളതായിരുന്നു. 

പശ്ചിമേഷ്യൻ-ഉത്തരാഫ്രിക്കൻ  രാഷ്ട്രീയത്തിൽ അധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്ന അമേരിക്കയും സുഡാനി ആഭ്യന്തര രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ നടത്തുന്നു. ചൈന, റഷ്യ അടക്കമുള്ള യു.എസ് വിരുദ്ധ വൃന്തങ്ങളുടെ സ്വാധീനം നിയന്ത്രിക്കാൻ അവർ ശ്രമിക്കുന്നു. 2005 ന് ശേഷം അഞ്ചു ബില്യൺ ഡോളർ ആണ് അമേരിക്ക സുഡാനിനു സാമ്പത്തിക സഹായം നൽകിയത്.

ഇസ്രായേലിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തും എന്ന ഉപാധിയോടുകൂടി മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഭീകര പട്ടികയിൽ നിന്നും 2017 ൽ ഒഴിവാക്കപ്പെട്ടതോടെ സാമ്പത്തിക ഉപരോധവും നീക്കപ്പെട്ടു. എന്നാൽ ഇസ്രായേലിന്റെ ധാർഷ്ട്ര്യത്തിന്റെ മുമ്പിൽ വഴങ്ങേണ്ട സാഹചര്യം സംജാതമായി എന്നതായിരുന്നു അനന്തരഫലം. ഈജിപ്തും സുഡാനി കേന്ദ്ര ഭരണകൂടത്തെ സൈനികമായും സായുധപരമായും സഹായിക്കുന്നു. ഈജിപ്ഷ്യൻ പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് സീസിയും അൽ ബുർഹാനും തമ്മിലുള്ള അടുത്ത ബന്ധം ഉഭയകകഷി ബന്ധത്തെ സുദൃഢമാക്കുന്നു.

ഇഖ്‌വാനുൽ മുസ്‌ലിമൂനിന്റെ സമീപനം

ഇഖ്‌വാനുൽ മുസ്ലിമൂനും അബ്ദുൽ ഫത്താഹ് അൽ ബുർഹാനെയാണ് പിന്താങ്ങുന്നത്. രക്തരൂക്ഷിത കലാപങ്ങൾ ഒഴിവാക്കാനും രാജ്യത്തിൻറെ അഖണ്ഡതയെ സംരക്ഷിക്കാനും വേണ്ടി  കേന്ദ്ര ഭരണകൂടത്തെ അംഗീകരിക്കാൻ ഇഖ്‌വാനുൽ മുസ്ലിമൂൻ ആർ.എസ്.എഫിനോട് ആവശ്യപ്പെടുന്നുണ്ട്. പ്രക്ഷുബ്ധമായ സാഹചര്യത്തിലും ദേശീയ രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യവും സ്വാധീനവും ഉറപ്പിക്കാൻ ഇഖ്‌വാൻ ശ്രമിക്കുന്നതായി കാണാം. മനുഷ്യാവകാശ ലംഘനങ്ങൾ, സ്ത്രീ പീഡനങ്ങൾ, എത്നിക് വിഭാഗങ്ങൾക്കെതിരെയുള്ള വിവേചനം എന്നിവ അവസാനിപ്പിക്കുക, ദേശീയ അഖണ്ഡത പുനർസ്ഥാപിക്കുകസൈനിക ഐക്യം രൂപപപ്പെടുത്തുകജനകീയ ഭരണത്തിനായി തെരെഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി സംഘടിപ്പിക്കുക, സായുധ സംഘങ്ങളെ രാഷ്ട്രീയത്തിൽ നിന്നും മാറ്റുക എന്നിവയെല്ലാം ഇഖ്‌വാൻ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളാണ്. 2020 സെപ്റ്റംബറിൽ സുഡാനി ഗവർമെന്റ് മത-രാഷ്ട്രീയ വിഭജനം അംഗീകരിക്കുകയും സുഡാനെ സെക്കുലർ രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തത് രാജ്യ ചരിത്രത്തിൽ നടാടെയായിരുന്നു. ഉമറുൽ ബഷീറിന്റെ ഏകാധിപത്യ ഭരണത്തിനോടുള്ള പ്രതികരണമായിരുന്നു അത്. സുഡാനെ സെക്കുലർ രാഷ്ട്രമായി പ്രഖ്യാപിച്ചതിൽ ഇഖ്‌വാന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ വിശ്വാസമുറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. 

സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള ഒട്ടുമിക്ക പ്രാദേശിക ശക്തികളും വരും കാല സുഡാനി ദേശീയ രാഷ്ട്രീയത്തിൽ ഇഖ്‌വാനിന്റെ സ്വാധീനം ഇല്ലാതാവാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും മിലിറ്ററി നേതാക്കൾ ഇഖ്‌വാനുൽ മുസ്ലിമൂനിന്റെ ജനകീയ പിന്തുണ അവരുടെ രാഷ്ട്രീയ നിയമ സാധുതയെ ഉറപ്പിക്കും എന്ന് മനസ്സിലാക്കുന്നതിനാൽ പ്രസ്ഥാനത്തെ കൂടെ നിർത്തുമെന്നതിൽ സംശയമില്ല.

ദാർഫുർ ദക്ഷിണ കൊർദോഫാൻ, നുബാ പർവ്വതനിരകളിലെ ജനതയുടെ കേന്ദ്ര ഭരണവുമായുള്ള ബന്ധം, അധികാര പ്രാധിനിത്യം, സാമൂഹിക നീതി, മതവും ഭരണകൂടവും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളെല്ലാം നിലവിലെ  സായുധ പോരാട്ടങ്ങളുടെ മൂലകാരണങ്ങളാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഗൗരവതാരമ്യ ശ്രദ്ധ സുഡാനിന്റെ കാര്യത്തിൽ അനിവാര്യമായി വന്നിരിക്കുന്നു. പ്രാന്തവൽക്കരിക്കപ്പെട്ട ജനതയുടെ പ്രയാസങ്ങൾക്ക് ചെവികൊടുക്കാതെയുള്ള എല്ലാ പരിഹാരശ്രമങ്ങളും പരാജയപ്പെടുമെന്നത് സുഡാനിലെ പ്രതിസന്ധികൾ വെളിവാക്കിത്തരുന്നു

Related Articles