Current Date

Search
Close this search box.
Search
Close this search box.

ആറടി മണ്ണ് യാചിക്കേണ്ടി വന്ന രാജാവ്

ഇന്ന് ലോകമെങ്ങും കാണപ്പെടുന്ന ഇസ്ലാമിക മുന്നേറ്റത്തിന് വഴിയൊരുക്കിയ വിപ്ലവകാരിയാണ് ഹസനുൽ ബന്നാ. 1906 ഒക്ടോബർ 14 ന്  ഈജിപ്തിലെ ബഹീറ പ്രവിശ്യയിലെ മഹമൂദിയയിൽ ജനിച്ചു.. 1928 മാർച്ചിൽ അദ്ദേഹം ഇഖ് വാനുൽ മുസ്ലിമൂൻ എന്ന ഇസ്ലാമിക പ്രസ്ഥാനത്തിന് രൂപം  നൽകി.അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്  പ്രവർത്തിക്കുന്ന സംഘടനകൾ ലോകത്തിലെ എൺപതിലേറെ രാജ്യങ്ങളിൽ ഇന്നുണ്ട്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകൾക്കിടയിൽ അദ്ദേഹത്തെപ്പോലെ പ്രഗല്ഭനായ  മുസ്ലിം നേതാവിനേയോ പരിഷ്കർത്താവിനെയോ ലോകം കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അന്നാട്ടിലെ ഇസ്ലാമിൻറെ എതിരാളികൾ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായി കണ്ടത് അദ്ദേഹത്തെയായിരുന്നു. ഭരണാധികാരികളാണ് അവരുടെ മുന്നണിയിലുണ്ടായിരുന്നത്.അദ്ദേഹത്തെ വധിക്കാൻ ഭരണകൂടം ശ്രമിച്ചു കൊണ്ടേയിരുന്നു. അവസാനം1949 ഫെബ്രുവരി 12ന് രാത്രി ഗവൺമെന്റിന്റെ ഏജന്റുമാർ കൈറോ തെരുവിൽ വെച്ച് അദ്ദേഹത്തെ വെടിവച്ചുകൊന്നു. ഈജിപ്തിലെ അക്രമിയായ ഭരണാധികാരി  ഫാറൂഖ് രാജാവായിരുന്നു അതിൻറെ പിന്നിൽ.  അദ്ദേഹത്തിൻറെ ഭരണകൂടം ശഹീദ് ഹസനുൽ ബന്നായുടെ മൃതദേഹത്തോട് പോലും കടുത്ത അനീതി കാണിച്ചു.അത് ഏറ്റുവാങ്ങാൻ പിതാവിന് മാത്രമാണ് അനുമതി നൽകിയത്. സഹായത്തിനു പോലും ആരെയും കൂടെ കൂട്ടാൻ അനുവദിച്ചില്ല . അന്ത്യ കർമങ്ങളിൽ പങ്കെടുക്കാനും ആർക്കും അനുമതി നൽകിയില്ല.  അതിനാൽ പിതാവ് ശൈഖ് അബ്ദുറഹ്മാനും സ്ത്രീകളും മാത്രമാണ് അദ്ദേഹത്തിന്റെ മരണാനന്തര കർമങ്ങൾ നിർവഹിച്ചത്. എന്നാൽ അദ്ദേഹം ഉയർത്തിവിട്ട ഇസ്ലാമിക മുന്നേറ്റത്തെ തടയാൻ ആർക്കുംസാധിച്ചില്ല. സാധിക്കുകയുമില്ല.മറുവശത്ത് അദ്ദേഹത്തിനെതിരെ എല്ലാ അതിക്രമങ്ങളും കാണിച്ച ഫാറൂഖ് രാജാവിന്റെ അന്ത്യം അത്യധികം അപമാനകരമായിരുന്നു. അന്ത്യ വിശ്രമത്തിന് ആറടിമണ്ണ്   അയാൾക്ക് യാചിച്ചു  വാങ്ങേണ്ടിവന്നു. അതും ആവശ്യപ്പെട്ടിടത്ത് കിട്ടിയില്ല.

Also read: ട്രംപിന് പഠിക്കുന്ന ഇമ്മാനുവൽ മക്രോൺ

ലോകം കണ്ട ഏറെ ആർഭാട പ്രിയരായ ഭരണാധികാരികളിൽ ഒരാളായിരുന്നു ഫാറൂഖ് രാജാവ് .1920 ഫെബ്രുവരി 11 ന് കൈറോവിലാണ്  അദ്ദേഹം ജനിച്ചത്. പിതാവ് അഹമ്മദ് ഫുആദ് ആണ്. മാതാവ് നെസലി സ്വാബ്റിയും. രാജകൊട്ടാരത്തിൽ രാജകുമാരനായാണ് വളർന്നത്. ആഢംബര ജീവിതത്തിന് അറിയപ്പെട്ട ആളാണദ്ദേഹം. അയാൾക്ക് ആയിരക്കണക്കിന് ഏക്കർ ഭൂമിയുണ്ടായിരുന്നു . ഡസൻ കണക്കിന് കൊട്ടാരവും നൂറുക്കണക്കിന് കാറുകളും ഫാറൂഖ് രാജാവ് സ്വന്തമാക്കിയിരുന്നു. സാധനങ്ങൾ വാങ്ങാൻ വേണ്ടി മാത്രം യൂറോപ്പിലേക്ക് പോകുമായിരുന്നു. ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ വാങ്ങി അതിന് ചുവപ്പ് നിറം നൽകി .മറ്റാർക്കും ആ നിറത്തിലുള്ള കാർ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഭാര്യ ഫരീദാ രാഞ്ജിയും ആർഭാട പ്രിയ യായിരുന്നു.  രാജാവ് അവർക്ക് വേണ്ടിഏറ്റവും വില  കൂടിയ മുത്തും പവിഴവും വാങ്ങിക്കൂട്ടി.

അതോടൊപ്പം ഫാറൂഖ് രാജാവ് ജനങ്ങളെ കഠിനമായി ചൂഷണം ചെയ്തു . അവരുടെ വിഭവങ്ങൾ കൊള്ളയടിച്ചു .നാട്ടിലെ ഇസ്ലാമിക മുന്നേറ്റത്തെ ശക്തമായി എതിർത്തു. സാധ്യമാകുന്ന തടസ്സങ്ങളൊക്കെയും സൃഷ്ടിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തിൻറെ ആവശ്യ പ്രകാരവുംആഞ്ജ പ്രകാരവുമാണ് അദ്ദേഹം ഇതൊക്കെയുംചെയ്തിരുന്നത്.

അതു കൊണ്ടുതന്നെ  ജനങ്ങൾ അദ്ദേഹത്തെ വെറുത്തു. 1948 ൽ നടന്ന  അറബ് _ഇസ്രായേൽ യുദ്ധത്തിലെ പരാജയം ജനങ്ങളുടെ വെറുപ്പിന് ആക്കംകൂട്ടുകയും ചെയ്തു. ഈ അവസരം ഉപയോഗിച്ച്  ജനറൽ മുഹമ്മദ് നജീബിൻറെയും  ജമാൽ അബ്ദുൽ നാസറിൻറെയും നേതൃത്വത്തിൽ രൂപംകൊണ്ട ഫ്രീ ഓഫീസേഴ്സ് മൂവ്മെൻറ് എന്ന സൈനിക സംഘം 1952 ജൂലൈ 23 ന് അയാളെ സ്ഥാന ഭ്രഷ്ടനാക്കി. നാടു വിടേണ്ടി വന്ന ഫാറൂഖ് രാജാവിന് ആദ്യം മൊറോക്കോവിലേക്കും പിന്നെ റോമിലേക്കും പോകേണ്ടിവന്നു. വിദേശത്തായിരിക്കെ അദ്ദേഹത്തിന് ,തന്നെ മറവു ചെയ്യാൻ ജന്മനാട്ടിലെ അൽരിഫാ പള്ളി പരിസരത്ത് ആറടിമണ്ണ് അനുവദിച്ചു തരണമെന്ന്   ഈജിപ്ഷ്യൻ ഭരണകൂടത്തോട് യാചിക്കേണ്ടി വന്നു. ജമാൽ അബ്ദുൽ നാസർ ആറടി മണ്ണ് അനുവദിച്ചെങ്കിലും അദ്ദേഹം ചോദിച്ചിടത്ത് കൊടുത്തില്ല. 1965 മാർച്ച് 15ന് ഇറ്റലിയിൽ വെച്ച് മരിച്ച ഫാറൂഖ് രാജാവിന്റെ മൃതദേഹം  മാർച്ച് 31ന് ഈജിപ്തിലെ ഇബ്രാഹിം ശ്മശാനത്തിലാണ് അടക്കം ചെയ്തത്.. അതും അർദ്ധരാത്രിയിൽ ,ആരുമറിയാതെ. ഹസനുൽ ബന്നയുടെ മൃതദേഹത്തോട് ചെയ്ത ക്രൂരത  ഓർമിപ്പിക്കുന്ന കാവ്യ നീതി.

Also read: സഞ്ചാര സാഹിത്യം തുറക്കുന്ന വൈജ്ഞാനിക സാധ്യതകള്‍

ഫാറൂഖ് രാജാവിനെക്കുറിച്ച് നല്ലത് പറയുന്ന ആരുമില്ലാത്ത ലോകത്ത് ഹസനുൽ ബന്നായെ ജനകോടികൾ ആദരവോടെ ഓർക്കുന്നു .അവർ അദ്ദേഹത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ജീവിതത്തെ കർമ്മനിരതമാക്കി ക്കൊണ്ടേയിരിക്കുന്നു.അതോടൊപ്പം അവരൊക്കെയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Related Articles