Current Date

Search
Close this search box.
Search
Close this search box.

റൂമിയുടെ പിന്മുറക്കാരനായ മുഹമ്മദ് ചെലേബി

വില്ല് എന്നർത്ഥം വരുന്ന കിരിച്ചി എന്നറിയപ്പെടുന്ന സുൽത്താൻ മെഹ്മദ് ചെലേബി ബായസീദിന്റെയും ദൌലത്ത് ഹാത്തൂന്റെയും മകനായി 1389-ലാണ് ജനിച്ചത്. ജലാലുദ്ധീൻ റൂമിയുടെ പേരക്കുട്ടിയായ ദൌലത്ത് ഹാത്തൂൻ അവരെ ചെലേബി എന്നു വിളിച്ചു. ചെലേബി എന്നത് റൂമിയുടെ കുടുംബ പരമ്പരയിൽ വരുന്നവർക്ക് നൽകുന്ന സ്ഥാനപ്പേരാണ്. അങ്ങനെ, ഓട്ടോമൻ സാമ്രാജ്യത്തിന്റെ വംശപരമ്പര ഖലീഫ അബൂബക്കർ (റ) ലേക്കും ഖലീഫ ഉമർ (റ) ലേക്കും പ്രവാചകന്റെ ചെറുമകൻ ഹുസൈനിലൂടെ പ്രവാചകനിലേക്കും ഒടുവിൽ ഖുറൈഷ് ഗോത്രത്തിലേക്കും എത്തിച്ചേർന്നു.

ചുവപ്പ് കലർന്ന വെളുത്ത നിറം, കറുത്ത കണ്ണുകൾ, കറുത്തു വളഞ്ഞ പുരികങ്ങൾ, വളഞ്ഞ മൂക്ക്, കഴുകൻ കണ്ണുള്ള നോട്ടം, കട്ടിയുള്ള താടി, വിശാലമായ നെറ്റി, വിശാലമായ തോളുകൾ, വലിയ നെഞ്ച്, നീണ്ട കൈകൾ ഇതായിരുന്നു ചെലേബിയുടെ ശരീര രൂപം. അദ്ദേഹം സുന്ദരനും എപ്പോഴും നല്ല വസ്ത്രം ധരിച്ചവനുമായിരുന്നു. നീതിമാനും ധീരനും ദയയുള്ളവനുമായിരുന്നു.  സുൽത്താൻ ബായസീദ് വഫാത്തായ അവസരത്തിൽ മെഹ്മദിന് സഹോദരന്മാർ തമ്മിലുള്ള യുദ്ധത്തിന് സാക്ഷിയാകേണ്ടി വന്നു. അങ്ങനെ അദ്ദേഹം ഇസ്താംബൂളിൽ അഭയം പ്രാപിച്ചു.

പക്ഷെ, കാർകശ്യക്കാരനായ മൂസയെ തള്ളി സാമാധാന പ്രിയനായ മെഹ്മദിനെയാണ് തുർക്കിക്കാർ തെരഞ്ഞെടുത്തത്. രാജ്യത്തെ ജനങ്ങളെ ഐക്യപ്പെടുത്താനാണ് സുൽത്താൻ ശ്രമിച്ചത്. ബന്ധം വഷളായിരുന്ന മംലൂക്കുകളുമായി അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചു. ബായസീദിന് നഷ്ടപ്പെട്ട നഗരങ്ങൾ മെഹ്മദ് തിരിച്ചു പിടിക്കാൻ തുടങ്ങി. അദ്ദേഹം കറാമാനികളെ കീഴടക്കി. അദ്ദേഹത്തിന്റെ അമ്മായിയുടെ മകനായ മെഹ്മദായിരുന്നു കറാമാനികളുടെ ഭരണാധികാരി. ഉസ്മാനോഗ്ലുവുമായുള്ള ഞങ്ങളുടെ ശത്രുത തൊട്ടിൽ മുതൽ ശവക്കുഴി വരെ തുടരും എന്നാണ് കരാമാനിദ് മെഹ്മദ് പറഞ്ഞിരുന്നത്. 

സുൽത്താൻ മെഹ്‍മദ് വല്ലാച്ചിയയിലേക്ക് മുന്നേറി. ഹംഗേറിയൻ-വല്ലാച്ചിയൻ സഖ്യസേന  ഉസ്മാനികൾക്കു മുമ്പിൽ പരാജയപ്പെടുകയും വല്ലാച്ചിയയുടെ മേൽ ഓട്ടോമൻ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. ബോസ്നിയയുടെയും അൽബേനിയയുടെയും തെക്കൻ ഭാഗം ഓട്ടോമൻസിന്റെ കൈകളിലായി. ബോസ്നിയക്കാരും അൽബേനിയക്കാരും, ക്രിസ്ത്യാനിറ്റിയുടെ ബോഗോമിൽ വിഭാഗത്തിൽ പെട്ടവരായിരുന്നു. ഹംഗേറിയക്കാരുടെ കത്തോലിക്കാ പ്രചാരണത്തിൽ പ്രയാസപ്പെട്ട അവർ കൂട്ടത്തോടെ ഇസ്‍ലാമിലേക്ക് പരിവർത്തനം ചെയ്യാൻ തുടങ്ങി. 

തന്റെ പിതാവ് ഉപേക്ഷിച്ച ഭൂരിഭാഗം ഭൂപ്രദേശങ്ങളും തിരിച്ചുപിടിച്ചുകൊണ്ട് സുൽത്താൻ മെഹമ്മദ് 870,000 ചതുരശ്ര കിലോമീറ്റർ (335,908 ചതുരശ്ര മൈൽ) വിസ്താരമുള്ള ഒരു രാജ്യം തന്റെ പിൻഗാമികൾക്ക് കൈമാറി. 24 യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുത്ത അദ്ദേഹം അല്ലാഹുവിന്റെ മാർഗത്തിൽ 40 ഓളം മുറിവുകൾ ഏറ്റുവാങ്ങിയിരുന്നു. എന്റെ കുട്ടിക്കാലം മുതൽ ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ ആരും അനുഭവിച്ചിട്ടില്ല എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. 

അമസ്യ ബേ സാഡ്‌ഗെൽഡി അഹമ്മദിന്റെ ചെറുമകൾ കുമ്രു സെഹ്‌സാഡെ ഹാനിം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. ദുൽക്കാദിർ ബെയ്‌ലിക്കിലെ നസ്രെദ്ദീൻ ബേയുടെ മകൾ എമിൻ ഹാനിം രണ്ടാം ഭാര്യയും. അവർക്ക് ഒമ്പത് ആൺമക്കളും ഒമ്പത് പുത്രിമാരും ഉണ്ടായിരുന്നു. മുറാദ് ഒഴികെയുള്ള എല്ലാ മക്കളും അവരുടെ ബാല്യത്തിലോ യൗവനത്തിലോ മരിച്ചുപോയിരുന്നു.

കീഴടക്കലല്ല, സമാധാനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം ഒരു സാമ്രാജ്യത്തെ സമാധാനത്തോടെ ഭരിച്ചു. എതിരാളികൾ സൃഷ്ടിച്ച ഭീകരാന്തരീക്ഷം ഇല്ലാതാക്കി അദ്ദേഹം എല്ലാവരേയും സ്‌നേഹിച്ചു. മെഹ്മദ് ചെലേബി റൂമിയെ പോലെ കരുണയുള്ള, അങ്ങേയറ്റം സൗമ്യനായ ഒരു ഭരണാധികാരിയായിരുന്നു. അദ്ദേഹം വൈദികരുമായും പണ്ഡിതന്മാരുമായും സൗഹൃദബന്ധം സ്ഥാപിച്ചു. തന്റെ അധ്യാപകനായിരുന്ന ബായസീദ് പാഷയെ, സിംഹാസനത്തിലെത്തിയതോടെ തന്റെ വസീറാക്കി നിയമിച്ചു, മരണം വരെ അദ്ദേഹത്തെ അവർ വിട്ടുപോയില്ല. ഓട്ടോമൻ സാമ്രാജ്യത്തിന്റെ രണ്ട് തലസ്ഥാന നഗരങ്ങളായ ബുർസയിലും എഡ്രിയാനയിലും നിർമ്മിച്ച സ്മാരക സൃഷ്ടികൾ വഴി അദ്ദേഹം തന്റെ പേര് അനശ്വരമാക്കി. 

പണ്ഡിതന്മാർക്കും വിധവകൾക്കും അനാഥർക്കും അദ്ദേഹം നിരന്തരം ദാനം ചെയ്യുകയും എല്ലാ വെള്ളിയാഴ്ചകളിലും ദരിദ്രർക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഈ ആചാരങ്ങൾ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവസാനം വരെ തുടർന്നു. പണ്ഡിതന്മാർക്കും വിജ്ഞാനാന്വേഷകര്‍ക്കും വേണ്ടതെല്ലാം അദ്ദേഹം ചെയ്ത് കൊടുത്തു. സുൽത്താൻ നൽകിയ സംഭാവനകൾ മാനിച്ച് പണ്ഡിതന്മാർ അദ്ദേഹത്തിന്റെ പേരിൽ ഗ്രന്ഥങ്ങൾ വരെ പ്രസിദ്ധീകരിച്ചു. മെർദാനിയുടെ മുൻതഖബെ ഫിത്തിബ്ബ് ഒരു ഉദാഹരണം മാത്രം. 

സുൽത്താൻ മെഹ്മദ് ചെലേബി 1421-ൽ മുപ്പത്തിയഞ്ചാം വയസ്സിൽ ഹൃദയാഘാതം മൂലം വഫാത്തായി. രോഗാവസ്ഥയിൽ അദ്ദേഹം പറഞ്ഞു, ‘എന്റെ മകൻ മുറാദിനെ ഉടൻ കൊണ്ടുവരിക, എനിക്ക് ഇനി ഈ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയില്ല, രാജ്യം പ്രക്ഷുബ്ധതയിലേക്ക് വീഴരുത്’. മരിക്കുന്നതിനിടയിലും അദ്ദേഹം തന്റെ രാജ്യത്തെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഈ വാചകങ്ങൾ സൂചിപ്പിക്കുന്നു.

അദ്ദേഹത്തിന്റെ 17 വയസ്സുള്ള മകൻ, അമസ്യയുടെ ഗവർണറായ സെഹ്‌സാദെ മുറാദ് വന്ന് സിംഹാസനം ഏറ്റെടുക്കുന്നതുവരെ സുൽത്താന്റെ മരണം പൊതുജനങ്ങളിൽ നിന്നും സൈനികരിൽ നിന്നും 41 ദിവസത്തേക്ക് മറച്ച് വെച്ചുവത്രെ. ബുർസയിൽ അദ്ദേഹം തന്നെ നിര്‍ദ്ദേശിച്ച മഖ്ബറയില്‍ അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്തു. 

References:

عبد العزيز بن حسام الدين الحسيني قره‌چلبي زاده (1248هـ). روضة الأبرار المُبين بِحقائق أخبار الخافقين. القاهرة: الهيئة العامة لدار الكتب والوثائق القومية.

Fine, John Van Antwerp (1994). The Late Medieval Balkans: A Critical Survey from the Late Twelfth Century to the Ottoman Conquest. University of Michigan Press

https://web.archive.org/web/20180514065058/http://www.biyografya.com/biyografi/16760

 

Related Articles