Current Date

Search
Close this search box.
Search
Close this search box.

ഇമാം ഹസനുല്‍ ബന്നയുടെ രാഷ്ട്രീയ ഫത്‌വകള്‍

കഴിഞ്ഞ ലേഖനത്തില്‍ ഇമാം ഹസനുല്‍ ബന്നയുടെ ഫിഖ്ഹീ ശേഷി (മലകഃഫിഖ്ഹിയ്യ) യെ കുറിച്ചാണ് പറഞ്ഞത്. ഇസ്‍ലാമിക പ്രസ്ഥാനങ്ങളെ കുറിച്ച് പഠിക്കുകയും നിരന്തരം ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ പോലും പ്രസ്തുത വിഷയത്തെ കുറിച്ച് അജ്ഞരാണ് എന്ന കാര്യം അവിടെ നാം സൂചിപ്പിച്ചിരുന്നു. മറ്റൊരു കാര്യം അവിടെ നാം പറഞ്ഞത്, ആധുനിക ലോകത്തെ ഏറ്റവും ശ്രദ്ധേയനായ, പരമ്പരാഗത ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ മുഖം നല്‍കിയ പണ്ഡിതന്റെ രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ടാണ്. അതിനാല്‍ തന്നെ, ഇമാം ബന്നയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഫിഖ്ഹീ വീക്ഷണങ്ങളെ കുറിച്ചറിയല്‍ വളരെ പ്രധാനമാണ്.

ഇമാം ഹസനുല്‍ ബന്നയുടെ രാഷ്ട്രീയ ചിന്തകളെ കുറിച്ച് പറയാനല്ല ഈ കുറിപ്പ് കൊണ്ടുദ്ദേശിക്കുന്നത്. അതിനെ കുറിച്ചെല്ലാം എമ്പാടും പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ഒരുപാട് ചര്‍ച്ചാവേദികളില്‍ അവ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. ഇവിടെ നാം പറയാന്‍ ശ്രമിക്കുന്നത്, ഈജിപ്റ്റിലെ ഭരണകൂടത്തോടുള്ള ബന്നയുടെ നിലപാടും അധിനിവേശത്തോടുള്ള നിലപാടും അതിനോട് എന്ത് നയം സ്വീകരിക്കണമെന്നുള്ള അദ്ദേഹത്തിന്റെ അഭിപ്രായം തുടങ്ങിയ കാര്യങ്ങളാണ്.

രാഷ്ട്ര സംബന്ധിയായ വിഷയങ്ങളില്‍ ഇമാം ബന്ന ഉപരിപ്ലവമായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത് എന്ന് അദ്ദേഹത്തെ കുറിച്ച് പൊതുവെ പറയപ്പെടാറുണ്ട്. പക്ഷേ, സൂക്ഷ്മമായ വായനയില്‍ അതത്ര ശരിയായ അഭിപ്രായമല്ല എന്ന് ബോധ്യപ്പെടും. ഒരു ശറഈ വ്യവസ്ഥ പിന്തുടരുന്നവര്‍ എന്ന നിലക്ക് ഈജിപ്തിലെ ഭരണകൂടവുമായി ഇമാം സഹകരിച്ചിട്ടുണ്ട്. എന്നിട്ട് പോലും ചെറുതോ വലുതോ ആയ പല വിഷയങ്ങളിലും ഇമാം ബന്ന ഭരണകൂടത്തോട് എതിരഭിപ്രായം പുലര്‍ത്തിയിട്ടുമുണ്ട്.

ഹസനുല്‍ ബന്നയുടെ വിവാദം നിറഞ്ഞ ഒരു ഫത്‌വ, ഇഖ്‌വാനുല്‍ മുസ്്‌ലിമൂന്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഹദ്ദ് (ഇസ്‍ലാമിലെ ശിക്ഷാ നടപടികള്‍) നടപ്പാക്കണമെന്നതായിരുന്നു. ഇതേക്കുറിച്ച് ബന്നയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:’ നമ്മളിങ്ങനെ ഉപരിപ്ലവമായി കാര്യങ്ങളെ സമീപിക്കുന്നവരാവരുത്. ഓരോരുത്തരും തങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് ധാരണയുള്ളവരായിരിക്കണം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. തെറ്റുകള്‍ ചെയ്യുമ്പോള്‍ ഇത്തരമൊരു സമീപനം ഉണ്ടാവുക വഴി കുറ്റക്കാരനായ ആള്‍ പരലോകത്ത് അല്ലാഹുവിന്റെയടുക്കല്‍ രക്ഷപ്പെടും.’ ഇഖ്‌വാന്‍ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ അതുവഴി കാരണമായേക്കാം എന്നും ഇമാം ബന്ന നിരീക്ഷിക്കുന്നത് കാണാം.

അധിനിവേശകര്‍ എന്ന മാലിന്യം

മുസ്‍ലിം നാടുകള്‍ അധിനിവേശം നടത്തുന്ന ശക്തികളെ കുറിച്ച് ‘ഭൗതികവും ആത്മീയവുമായ മാലിന്യങ്ങള്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ‘കാലം മാറുന്നതനുസരിച്ച് ഫത്‌വയും മാറു’ മെന്ന ഫിഖ്ഹീ തത്വത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഈയൊരു അഭിപ്രായപ്രകടനം നടത്തിയത്. കാരണം ഖുര്‍ആനില്‍ മുശ്‌രിക്കുകളെ കുറിച്ച് പറയുന്നിടത്ത്, ‘വിശ്വാസികളേ, തീര്‍ച്ചയായും ബഹുദൈവാരാധകര്‍ മാലിന്യമാകുന്നു’ എന്ന ആയത്ത് കാണാം. ഇവിടെ മുശ്‌രിക്കുകള്‍ ഭൗതികവും ആത്മീയവുമായ മാലിന്യമാകുന്നു എന്ന് ചില പണ്ഡിതര്‍ ആഭിപ്രായപ്പെട്ടതായി ഇമാം ബന്ന പറയുന്നുണ്ട്. ഇബ്‌നു അബ്ബാസ്, ഹസന്‍ ബസ്വരി, ഇമാം മാലിക്, ളാഹിരീ മദ്ഹബിലെയും ശീഈ പണ്ഡിതന്മാരിലെ ഭൂരിപക്ഷമാളുകളും ഇങ്ങനെയാണ് പറയുന്നതെന്ന് ഇമാം ഹസനുല്‍ ബന്ന സൂചിപ്പിക്കുന്നുണ്ട്.

എന്നാല്‍ തദ്വിഷയകമായി നേരെ മറിച്ചുള്ള നിലപാടാണ് നാല് മദ്ഹബുകളിലെയും ഉള്‍പ്പടെ ഭൂരിപക്ഷം പണ്ഡിതന്മാര്‍ക്കുള്ളത്. അവരുടെ അഭിപ്രായത്തില്‍ ആത്മീയമായ മാലിന്യം എന്നേ ഈ ആയത്തിന് അര്‍ത്ഥമുള്ളൂ എന്നാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മുസ്‍ലിം നാടുകളിലേക്കുള്ള ശത്രുക്കളുടെ അധിനിവേശം തുടരുന്ന പക്ഷം ആയത്തിന് ആദ്യം പറഞ്ഞ വ്യാഖ്യാനം   നെല്‍കേണ്ടി വരും.

ഇമാം ഹസനുല്‍ ബന്നയുടെ ബഹിഷ്‌കരണാഹ്വാനങ്ങള്‍

ഇമാം ബന്നയുടെ ഫിഖ്ഹീപരമായ നൈപുണി വിളിച്ചോതുന്ന മറ്റൊരു പ്രധാന മേഖലയായിരുന്നു അധിനിവേശ ശക്തികളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനശൈലി. ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്നതിനേക്കാള്‍ അത് പറയാനുപയോഗിച്ച അദ്ദേഹത്തിന്റെ ശൈലിയായിരുന്നു പ്രധാനം. ഉഹ്ദ് യുദ്ധാനന്തരം ആസ്വിം (റ) മുശ് രിക്കുകള്‍ക്കെതിരെ നടത്തിയ ബഹിഷ്‌കരണ മാതൃകയില്‍ നിന്നുമാണ് ഇമാം ബന്ന അധിനിവേശകരുടെ ഉല്‍പന്നങ്ങള്‍ നിരസിക്കാന്‍ ഇഖ്‌വാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. ‘ വിശ്വാസികളേ, ആദ്യത്തെ ജിഹാദ് വര്‍ജ്ജിക്കലാണ്. അതിനാല്‍ നിങ്ങള്‍ ബഹിഷ്‌കരിക്കുക. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിച്ചാല്‍ അല്ലാഹു നിങ്ങളെ സംരക്ഷിക്കും.’

അധിനിവേശ രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കല്‍

അധിനിവേശ രാജ്യത്ത് നിന്നും പൗരത്വം സ്വീകരിക്കുന്നതിനെ വളരെ നിശിതമായി വിമര്‍ശിച്ചയാളാണ് ഇമാം ഹസനുല്‍ ബന്ന. ഈ ചോദ്യം ഒരുപാട് ഉയര്‍ന്നു വന്നത് 1930 കളിലായിരുന്നു. ഇമാം അതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു:’ മുസ്‍ലിമായ ഒരാള്‍ അനിസ്‍ലാമിക രാജ്യത്തെ പൗരത്വം സ്വീകരിക്കുന്നത് വന്‍പാപങ്ങളില്‍ പെട്ട കാര്യമാകുന്നു. അല്ലാഹുവിന്റെ കോപവും ശാപവും അയാളുടെ മേലുണ്ടാവും.’ ഇതിന് തെളിവായി ഇമാം ബന്ന തെളിവായി ഉദ്ധരിക്കുന്നത് സൂറ ആലുഇംറാനിലെ ‘സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കി വെക്കരുത്’ എന്ന ആയത്താണ്. എന്നിരിക്കെ, ആ രാജ്യങ്ങളില്‍ ചെന്ന് പൗരത്വം സ്വീകരിക്കുന്നതിനെ പറ്റി നിഷിദ്ധമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നാണ് ഇമാം ബന്ന ചോദിക്കുന്നത്. വല്ല ഗതിയുമുണ്ടെങ്കില്‍ അത്തരം രാജ്യങ്ങളില്‍ ചെന്നുപെടാതിരിക്കുക എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ഇവ്വിഷയകമായി ഇമാം ഹസനുല്‍ ബന്ന മാത്രമല്ല ഫത്‌വ പുറപ്പെടുവിച്ചത്. സമാനമോ അതിലേറെയോ രൂക്ഷമായി പ്രതികരിച്ച വേറെയും പണ്ഡിതരുണ്ട്. ഇബ്‌നു ആശൂര്‍, റശീദ് രിദ, ശൈഖ് യൂസുഫുല്‍ ഖറദാവി തുടങ്ങിയവര്‍ സമാനഭിപ്രായക്കാരാണ്.

എന്നാല്‍ ശൈഖ് ഖറദാവി നിബന്ധനകളോടെ പൗരത്വമാവാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. പണ്ഡിതന്മാര്‍ മറിച്ച് അഭിപ്രായക്കാരാവാനുള്ള കാരണമായി അദ്ദേഹം പറയുന്നത്, അധിനിവേശ നാടുകളിലെ അപ്പോഴത്തെ അവസ്ഥയെ മുന്‍നിര്‍ത്തിയാണ് അവരങ്ങനെ പറഞ്ഞത് എന്നാണ്. എന്നാല്‍ കാലവും സാഹചര്യങ്ങളും മാറുകയും ആളുകള്‍ അന്യോന്യം ആശ്രിതരായതുമെല്ലാം മുന്‍നിര്‍ത്തിയാണ് ശൈഖ് ഖറദാവി തന്റേതായ നിലപാട് പറയാനുള്ള കാരണം.

പക്വമായ രാഷ്ട്രീയ ഫത്‌വകള്‍

ഇമാം ഹസനുല്‍ ബന്നയുടെ ഫത്‌വകളിലൂടെ കണ്ണോടിച്ചാല്‍ നമുക്ക് മനസ്സിലാവുന്ന പ്രധാന കാര്യം, അവയെല്ലാം വിശുദ്ധ പ്രമാണങ്ങളില്‍ ആഴത്തില്‍ വേരാഴ്ത്തിയതും അതാത് സാഹചര്യങ്ങളോട് ചേര്‍ന്നുനിന്നുമുള്ള ഫത്‌വകളാണ് എന്നതാണ്. രാഷ്ട്രീയ മേഖലയില്‍ ഫത് വ നല്‍കുമ്പോള്‍ സാധാരണ പണ്ഡിതര്‍ക്ക് വരാറുള്ള അബദ്ധമോ കൈമോശമോ ഇമാം ബന്നയുടെ ഫത്‌വകളില്‍ കാണാനാവില്ല എന്നതും അദ്ദേഹത്തിന്റെ പക്വമായ ജ്ഞാന വൈഭവത്തെ കുറിക്കുന്നതാണ്.

Related Articles