Current Date

Search
Close this search box.
Search
Close this search box.

പൗരത്വബോധവും വ്യക്തിത്വവും

ഒരു സാമൂഹിക ജീവി എന്ന നിലയ്ക്ക് സമൂഹത്തിൽ വ്യക്തിപരമായി ഒരാൾക്ക് ഉണ്ടാവേണ്ട ഉത്തരവാദിത്വവും നിറവേറ്റപ്പെടേണ്ട കടമകളെക്കുറിച്ചും അറിഞ്ഞിരിക്കൽ അനിവാര്യമാണ്. സാമൂഹിക പ്രതിബദ്ധതയും (social commitment) സാമൂഹിക അവബോധവും (social awareness) നമ്മിൽ ഓരോ വ്യക്തിയിലും നിർബ്ബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങളാണ്. അതേസമയം ഇവ രണ്ടിനും അനുപൂരകമായിട്ട് വരുന്ന മറ്റൊന്നും കൂടെയുണ്ട് അതാണ് പൗരബോധം (citizenship). മാതാപിതാക്കൾ മക്കളെ വളർത്തുമ്പോൾ നിർബ്ബന്ധമായും ഓർമയിൽ വെക്കേണ്ട സംഗതികളാണ് ഇവയെല്ലാം. മക്കൾ സഹജീവി ക്ഷേമത്തിനും സമൂഹിക നന്മയ്ക്കും വേണ്ടി നിലകൊള്ളുന്നവരും മറ്റുള്ളവരുടെ നന്മയും സുഖജീവിതവും കാംക്ഷിക്കുന്നവരും അതിനായ് പ്രവൃത്തിക്കുന്നവരും കൂടെയാവുമ്പോൾ അത് പരോക്ഷമായി രക്ഷിതാക്കൾക്ക് തന്നെയാണ് ഗുണം ചെയ്യുന്നത്. മനുഷ്യത്വവും ഉയർന്ന മൂല്യങ്ങളും അത്രയ്ക്കും ആഴത്തിൽ സ്വാധീനിച്ചത്കൊണ്ടാണല്ലോ അവരിൽ ഇത്രയും ഗുണങ്ങൾ വന്നു ചേർന്നത്. മാതാപിതാക്കളെയും അവർ ഒറ്റപ്പെടുത്തില്ല. നമ്മുടെ പൂർവ്വികർ പിന്തുടർന്ന് പോന്നിരുന്ന സിസ്റ്റത്തിൽ ഒരു കാലം വരെ സാമൂഹികപരമായ ചിന്തകൾക്കൊന്നും വലിയ സ്ഥാനമോ പ്രസക്തിയോ ഇല്ലായിരുന്നു. ഇന്നത്തെ ജീവിത രീതിയുമായി വെച്ചുനോക്കുമ്പോൾ അന്ന് കുടുംബത്തെ മാത്രം കേന്ദ്രബിന്ദുവാക്കി ചലിക്കുന്ന ഒരു സിസ്റ്റമായിരുന്നു അത്.

പുതുതലമുറയ്ക്ക് വേണ്ടി രക്ഷിതാക്കൾ പഴമയിൽ കാണുന്ന അപര്യാപ്തതയെ നികത്താൻ അവനവനെ സ്വയം അപ്‌ഗ്രേഡ് ചെയ്തെടുക്കണം. കാലത്തിന്റെ പോക്കും ഗതിയും മാറുമ്പോൾ വ്യക്തികളുടെ തൊഴിൽ മണ്ഡലം, വളരുന്ന അല്ലെങ്കിൽ ജീവിക്കുന്ന പരിതസ്ഥിതികൾ, ജീവിത രീതികൾ അവരോട് മറ്റെന്തൊക്കെയോ ആവശ്യപ്പെടുന്നുണ്ട്. കുട്ടികൾക്ക് കാലത്തോടൊപ്പം സഞ്ചരിച്ചെ പറ്റു. കാലത്തിനൊപ്പം സഞ്ചരിക്കാതെ, അപ്‌ഡേറ്റഡ് ആവാതെ മാറി നിൽക്കുന്നവർ എവിടെയും പിന്തള്ളപ്പെടും. ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിയും വരും. മുമ്പത്തെ പോലെയല്ല ഇന്ന് ടെക്ക്നോളജിയുടെ ലോകം, വിശാലമായ ലോകം, അനന്തമായ സാധ്യതകൾ, ന്യൂതനമായ പഠനങ്ങളും ഗവേഷണങ്ങളും പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ, തിരക്ക് പിടിച്ച ജീവിതം, സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ഇറങ്ങി, പൊതുജീവിതത്തിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വർദ്ധിച്ചു വന്നു. വീട്ടമ്മമാർക്കും തന്നെ മക്കൾക്ക് ഗൈഡൻസ് നൽകാൻ കാലത്തിനൊത്ത അറിവും പരിജ്ഞാനവും ആവശ്യമായി തുടങ്ങി. ആർക്കും നൽകാൻ ആരുടെയും കൈയിൽ സമയമില്ലെന്നായി. സ്വന്തം കാര്യങ്ങൾ നോക്കാൻ തന്നെ സാധിക്കാത്ത അവസ്ഥ. ഈ അവസരത്തിൽ രക്ഷിതാക്കൾ എന്തായാലും കൂടുതൽ ബോധവാന്മാർ ആവണം.

തങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് പരിധിവിട്ട് ചിന്തിക്കുമ്പോഴാണ് കുട്ടികളുടെ ലോകത്തെ രക്ഷിതാക്കൾ വീടുമായി ബന്ധപ്പെട്ട ചുരുക്കം ചില ഉത്തരവാദിത്വങ്ങളിലേക്കായി ഒത്തുക്കിക്കളയുന്നത്. ചിലപ്പോൾ സ്വാർത്ഥതയായൊക്കെ തോന്നിയേക്കാം. അതാണെങ്കിലോ അവരെ സംബന്ധിച്ചിടത്തോളം വലിയൊരു ബാദ്ധ്യതയായി മാറുന്നു. പ്രത്യേകിച്ചും കുടുംബമൂല്യങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും അറിയാത്ത തലമുറയ്ക്ക് അങ്ങനെയാണ്. വ്യക്തിയെന്ന നിലയിൽ അവർക്ക് പടർന്ന് പന്തലിക്കാൻ അവസരം നൽകാത്ത വിധം ഒരുതരം ബന്ധനങ്ങളായിട്ടാണ് അവർ ബന്ധങ്ങളെ വിലയിരുത്താൻ തുടങ്ങുന്നത്. കുടുംബത്തെ ഭദ്രമാക്കാൻ സ്വയം പര്യാപ്തത നേടാൻ കഴിയും വിധത്തിൽ മക്കളെയും ജീവിതപങ്കാളിയെയും പരുവപ്പെടുത്തിയെടുക്കാൻ ഗൃഹനാഥൻ/നാഥ ശ്രമിക്കണം. ആരും അമിതമായി ആരെയും ആശ്രയിക്കാതെ. അത്തരം ഒരു ജീവിതത്തിലേക്ക് മക്കളെയും എക്‌സ്പോസ്ഡ് ആക്കണം. എങ്കിൽ സ്വന്തം കാര്യം നോക്കി ജീവിച്ചോളും. കുടുംബനാഥന്റെ ചുമലിലേക്ക് ഭാരം വരില്ല. മക്കൾക്ക് രക്ഷിതാക്കൾ വലിയൊരു ചുമതലയായി തോന്നുകയുമില്ല. എല്ലാവർക്കും സ്വതന്ത്രരായി ജീവിക്കാൻ സാധിക്കും. പാരസ്പര്യത്തോടെയും ഒരുമയോടെയും മുന്നോട്ട് പോകാൻ കഴിഞ്ഞാൽ മതി.

യഥാർത്ഥത്തിൽ സാമൂഹികപരമായ ബന്ധങ്ങളും സൗഹൃദങ്ങളും വാർദ്ധക്യത്തിൽ ഏതൊരു മനുഷ്യനും മാനസികമായി റിലാക്സേഷൻ നൽകും. ഇത്തരം നല്ല ബന്ധങ്ങൾ നാം ഓരോരുത്തരും കഴിയും വിധത്തിൽ ഉണ്ടാക്കിയെടുക്കണം. ചില രക്ഷിതാക്കൾ ഉണ്ട് പ്രായമായാൽ ഞങ്ങളെ നോക്കണ്ടത് നിങ്ങളാണെന്ന് പുട്ടിന് പീര ഇടുന്ന പോലെ പറഞ്ഞുകൊണ്ടെ ഇരിക്കും എന്നിട്ട് അവനവനെ സ്വയം ഒരു ഭാരമായി കാണുകയും ചെയ്യും. ഇതിൽ നിന്നെല്ലാം സ്വയം തന്നെ സ്വതന്ത്രരാവണം, സ്വന്തമായ ഒരു ലോകം സോഷ്യലൈസിങ്ങിലൂടെ നിർമ്മിച്ചെടുക്കാം. എങ്കിലേ മക്കൾക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാൻ കഴിയുള്ളൂ. സ്വാതന്ത്ര്യം എന്നാൽ ലക്ക്കെട്ട ജീവിതമല്ല. മനസ്സിനെ ആധിയിൽ നിന്നും ഭീതിയിൽ നിന്നും മോചിപ്പിച്ച് ആത്മവിശ്വാസത്തോടെ, നല്ലൊരു ജീവിത വീക്ഷണത്തോടെ ജീവിക്കലാണ്.

Also read: കാവി പതാകയും ദേശീയ പതാകയും

ആദ്യം വേണ്ടത് സ്വന്തം മനസ്സിനെ ഒന്ന് ശാന്തമാക്കുക, അവനവനെക്കുറിച്ച് പരിധിക്കപ്പുറം ചിന്തിക്കാതെ ഇരിക്കുക, മക്കളെ നല്ല മനുഷ്യനാക്കി വളർത്താനുള്ള എല്ലാ വഴിയും ചിന്തിക്കുക എന്നതാണ്. ചിറകിനടിയിൽ നിർത്താതെ സമൂഹത്തിലേക്ക് ഇറക്കണം. മനുഷ്യരെ അറിയട്ടെ മനുഷ്യരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കഷ്ടപ്പാടുകളും അറിയട്ടെ അവർ. ഉത്തരവാദിത്വമുള്ള, ബോധമുള്ള, ഉന്നതമായ ചിന്താശേഷിയും കാഴ്ചപ്പാടുകളുമുള്ള, വ്യക്തിത്വമായി, നല്ലൊരു പൗരനായി നാടിനും കുടുംബത്തിനും രാജ്യത്തിനും ഉതകുന്ന ഒരാളായി ജീവിക്കാൻ അവരുടെ ഉൾക്കണ്ണുകൾ തുറക്കപ്പെടട്ടെ. മൂല്യങ്ങൾ നഷ്ടപ്പെടാതെ മക്കളെ വളർത്തലാണ് രക്ഷിതാക്കൾ വെല്ലുവിളിയായി കാണേണ്ടത്. പിന്നെ അവരുമായി നല്ല രീതിയിലുള്ള വൈകാരികമായ ഒരു അടുപ്പം ബിൾഡ് അപ്പ് ചെയ്തെടുക്കണം.

ഒരു ഉത്തരവാദിത്വബോധമുള്ള പൗരൻ എന്ന് അവകാശപ്പെടാൻ കഴിയണമെങ്കിൽ സാമൂഹികാവബോധവും സാമൂഹ്യപ്രതിബദ്ധതയും കൂടിയെ തീരുള്ളൂ. എന്നാൽ സാമൂഹികമായ ഉത്തരവാദിത്വങ്ങൾക്കുമപ്പുറം ഒരു രാജ്യത്തെ പൗരനെന്ന നിലയ്ക്ക് ഒരു വ്യക്തിയിൽ അധിഷ്ഠിതമാകുന്ന വേറെ കുറച്ച് കാര്യങ്ങളും കൂടെയുണ്ട്. ആ രാജ്യത്തോടും ആ രാജ്യത്തെ നിവാസികളോടും കാണിക്കേണ്ട പ്രതിബദ്ധതയാണ്. അതേപോലെ രാജ്യത്തെ നിയമങ്ങൾ കൃത്യമായി പാലിക്കണം, പ്രസ്തുത രാജ്യത്ത് പിറന്നുവീണ ഒരു വ്യക്തിയ്ക്ക് അല്ലെങ്കിൽ പൗരന് സ്വന്തം മാതൃരാജ്യത്തോട് അതായത് അയാൾ പ്രതിനിധീകരിക്കുന്ന, സ്വന്തം ദേശത്തോട്, സ്നേഹവും കൂറും പ്രതിബദ്ധതയും ഉണ്ടാവുന്നതാണ് യഥാർത്ഥ ദേശീയത. അനിവാര്യമായി വരുന്നിടത്തെല്ലാം അതൊരു വികാരമായി പ്രതിഫലിക്കുകയും വേണം.

ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ പൊതുഇടങ്ങളിൽ പാലിക്കേണ്ട നിയമങ്ങളും പെരുമാറ്റചട്ടങ്ങളും (social norms) അറിഞ്ഞിരിക്കികയും അത് അതേപോലെ കൃത്യമായി ഫോളോ ചെയ്യുകയും പൊതുമുതൽ നശിപ്പിക്കാതെ ഇരിക്കുകയും ചെയ്യുക എന്നതൊക്കെ ഒരു ഉത്തമ പൗരനിൽ കാണേണ്ട ലക്ഷണങ്ങളിൽ ചിലതാണ്. പൗരാവകാശം എന്തെന്ന് അറിഞ്ഞിരിക്കുകയും ഏതൊരാളുടെയും പൗരാവകാശത്തെ മാനിക്കാനും പൗരാവകാശ സംരക്ഷണത്തിനായി കൂടെ നിൽക്കാനും കഴിയണം. എന്നാൽ പൗരാവകാശ ലംഘനത്തിന് കൂട്ട് നിൽക്കാൻ പാടില്ല, അത് ശക്തമായി എതിർക്കപ്പെടണം. അപരന്റെ സ്വകാര്യജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നതോ കൈകടത്തലുകൾ നടത്തുന്നതോ നല്ലൊരു പൗരന് ചേർന്നതല്ല.

സാമൂഹിക നന്മ ആഗ്രഹിക്കുന്ന, പൗരത്വബോധമുള്ള വ്യക്തികളാണ് ഒരു സമൂഹത്തിന്റെ കെട്ടുറപ്പിന് അടിസ്ഥാനവും ആധാരവും. ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനും ഭദ്രമായും സുരക്ഷിതമായും നിലനിർത്തുന്നതും അദൃശ്യ ശക്തികളായ ഇവർ തന്നെയാണ്‌. സാമൂഹിക ഉന്നമനത്തിനും പുരോഗതിയ്ക്കും വളർച്ചയ്ക്കും അതിന്റെ പിന്നിൽ നിദാനമായി പ്രവൃത്തിക്കുന്ന ഇവർ ചെയ്യുന്നത് അതിമഹത്തായ കാര്യങ്ങളാണ്. ഒരു നല്ല വ്യക്തിത്വത്തിൽ സാഹചര്യത്തിനും സന്ദർഭത്തിനും അനുസരിച്ച് ഇത്തരം ക്വാളിറ്റികൾ തെളിഞ്ഞു കാണാം. മനുഷ്യരെ ബാധിക്കുന്ന പ്രശ്നങ്ങൾ വ്യക്തിപരം, കുടുംബപരം, സാമൂഹികപരം, ആഭ്യന്തരം അല്ലെങ്കിൽ ദേശീയം ആഗോളപരം അല്ലെങ്കിൽ അന്തർദേശീയം ഇങ്ങനെയെല്ലാം വേർതിരിക്കാം. മന്യഷ്യൻ അവരുടെ ലോകം expand ചെയ്യുമ്പോൾ അതിവിസ്തീർണ്ണമുള്ളത് ആക്കാൻ തയാറാവുമ്പോൾ അതായത് വിശാലചിന്താഗതിയിലേക്ക് ഉയരുമ്പോൾ കേവലം വ്യക്തിപരം കുടുംബപരം എന്നതിൽ നിന്നും മാറി സാമൂഹികപരമായും ദേശീയപരമായും എല്ലാം ചിന്തിച്ചു തുടങ്ങുന്നത് വളരെ സ്വാഭാവികം തന്നെ.

Also read: വഴിയറിയാതെ യാത്ര തിരിക്കുന്ന 80 മില്യൺ

വിശ്വമാനവികത (universal love)
എന്ന മഹത്തായ കൺസെപ്റ്റ്‌ ജാതി, മത, ദേശ, ഭാഷ ഭേദമന്യേ മനുഷ്യരെയും സർവ്വ ചാരാചാരങ്ങളെയും സ്നേഹിക്കാനും നന്മചെയ്യാനും പ്രേരിപ്പിക്കുന്നു. ആകാശം പോലെ, അതിരുകൾ ഇല്ലാത്ത വിശാലമായ മനസ്സുള്ളവർക്കെ അതിന് സാധിക്കുള്ളൂ. ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയം എന്തെന്ന് വെച്ചാൽ രാഷ്ട്രബോധമില്ലാതെ, രാഷ്ട്രീയബോധമില്ലാതെ കുഞ്ഞുങ്ങളെ സത്യത്തിൽ വളർത്തരുത്. രാഷ്ട്രീയം അത്ര മോശം കാര്യമല്ല. നല്ലൊരു രാഷ്ട്രീയനേതാവ് അല്ലെങ്കിൽ ഭരനാധികരിയാവാൻ യോഗ്യനാവുക, രാജ്യത്തിന്റെ പരമോന്നത സ്ഥാനം അലങ്കരിക്കാനൊക്കെ മക്കളിൽ ഒരാൾക്ക് കഴിയുക എന്നതൊക്കെ ഭാഗ്യമല്ലേ? രക്ഷിതാക്കൾക്ക് അഭിമാനിച്ചുകൂടെ? ഇന്നത്തെ രാഷ്ട്രീയവും നേതാക്കളും ദുർഭരണവും കണ്ടുമടുത്തതെന്നു വെച്ച് നല്ലൊരു നാളേക്ക് പരവതാനി വിരിക്കാൻ നമ്മുടെ മക്കളിലൂടെ സ്വപ്നം കാണുന്നതിൽ എന്താണ് തെറ്റ്? തിന്മയെ നന്മകൾ കൊണ്ടേ ഇല്ലാതാക്കാൻ കഴിയുള്ളൂ. മാനവിക മൂല്യങ്ങൾക്കും ആദർശങ്ങൾക്കും പ്രതീകമായ ധാർമ്മിക ബോധമുള്ള ഒരു നേതാവ് അല്ലെ രാജ്യത്തിനാവശ്യം. ഉയർന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന, പൗരബോധത്തോടെ, സാമൂഹിക പ്രതിബദ്ധതയോടെ പൊതുമുതൽ സംരക്ഷിക്കാനും ജനക്ഷേമത്തിനായി നിലകൊള്ളുന്ന പ്രജകൾക്ക് സംരക്ഷണം നൽകാൻ കഴിയുന്ന ഒരു വ്യക്തി എന്ത്കൊണ്ടും അതിന് യോഗ്യനല്ലേ? അത്തരമൊരു വ്യക്തിയെ നമ്മുടെ രാജ്യത്തിന് സംഭാവന ചെയ്യാൻ നമുക്ക് സാധിച്ചെങ്കിലോ എന്ന് രക്ഷിതാക്കൾക്ക് ചിന്തിക്കാം

രാഷ്ട്രീയബോധം ഇല്ലാതെ ആരാഷ്ട്രീയവാദികളാക്കി മക്കളെ വളർത്തുമ്പോൾ പൗരന്റെ ഉത്തരവാദിത്വങ്ങളൊന്നും അവർക്ക് അറിയേണ്ട ആവശ്യം വരുന്നില്ല. തിന്മയ്ക്കും അനീതിയ്ക്കും അക്രമങ്ങൾക്കും എതിരെ ശബ്ദിക്കാൻ ആരും കാണില്ല. രാഷ്ട്രീയവും കയ്യാങ്കളിയും തന്റെ തട്ടകമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നതാണ് കാണുക. കൈയുയർത്തേണ്ടിടത്ത് ഉയർന്നിരിക്കണം. ശബ്ദം പൊങ്ങേണ്ടിടത്ത് പൊങ്ങിയിരിക്കണം ഇതൊന്നും തെറ്റല്ല. ഇല്ലെങ്കിൽ നിർദയം ചൂഷണവിധേയരാക്കപ്പെടും. നിശബ്ദരായ ഒരു ജനതയെ മുതലെടുക്കാൻ എളുപ്പമാണ്. പ്രത്യക്ഷത്തിൽ തോന്നില്ലെങ്കിൽ പരോക്ഷമായ അടിമകളെ വാർത്തെടുക്കുന്ന രീതിയാണ് അത്. ഒന്നുമില്ലെങ്കിലും രാജ്യം ഭരിക്കുന്നവരെക്കുറിച്ചും രാജ്യത്തെ നിയമങ്ങളെക്കുറിച്ചും അറിവും ബോധവും ചട്ടങ്ങൾ പാലിക്കുന്ന ശീലമെങ്കിലും നൽകണം കുട്ടികൾക്ക്. ദിനപത്രവും വാർത്തകളും ലോകത്ത് നടക്കുന്ന കാര്യങ്ങളും രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിഗതികളും ഭരണസംവിധാനങ്ങളെ കുറിച്ചും നിയമങ്ങളെക്കുറിച്ചും ഇതുപോലെയുള്ള ഓരോ പൊതുവിഷയങ്ങൾ കുട്ടികളിലേയ്ക്ക് എത്താൻ തക്ക സംവിധാനങ്ങൾ ഒരുക്കണം. കുറഞ്ഞത് അവരുടെ മുന്നിൽ ചർച്ച ചെയ്യുന്നത് കേട്ട് വളരുമ്പോഴെങ്കിലും അവരിൽ സാമൂഹികവും രാഷ്ട്രീയപരവുമായ ബോധം കുഞ്ഞിലെ തന്നെ ഉണരുകയും വ്യത്യസ്തനായ ഒരു വ്യക്തിയായി മാറുകയും ചെയ്യും.

ശബ്ദം ഉണ്ടാവുക വോയ്‌സ് ഉണ്ടാവുക എന്നതാണ് ഒരു ഉത്തമ വ്യക്തിത്വത്തിന്റെ ഏറ്റവും മികച്ച ക്വാളിറ്റിയിൽ ഒന്ന് അല്ലെങ്കിൽ മുഖമുദ്ര എന്നു പറയാം. സ്വന്തമായ ഒരു വോയ്‌സ് അല്ലെങ്കിൽ ശബ്ദം വ്യക്തിപരമായ അഭിപ്രായം അതേപോലെ നിലപാട് അത് അത്ര ചില്ലറക്കാര്യമായി കാണാൻ കഴിയില്ല. നമ്മുടെ സമൂഹവും പൊതുബോധവും അതിനെ പ്രോത്സാഹിപ്പിക്കാറില്ല. ഉത്തമ പൗരന് ചേർന്ന രീതികൾ അവലംബിക്കാനും, വ്യക്തമായ ചിന്തകളിലൂടെ, തന്റെ വ്യക്തിത്വത്തെ നിലനിർത്താൻ സഹായിക്കുന്ന അനുയോജ്യമായ പൊസിറ്റിവ് ആയൊരു ചിന്താഗതിയോടെ മുന്നേറാനും ആരുടെ മുന്നിലും നിലപാട് വ്യക്തമാക്കാനുമുള്ള ധൈര്യം വേണം. നിർഭയരായി ജീവിക്കണം

Also read: ഉമ്മത്താണ് അടിസ്ഥാനം

മാനസിക ശാരീരിക വൈകല്യങ്ങൾ ഒന്നുമില്ലാത്ത ഒരാൾ വാസ്തവത്തിൽ പറഞ്ഞാൽ സ്വയം പര്യാപ്‌തത നേടാൻ എന്ത്കൊണ്ടും ഫിറ്റാണ്. വെറുതെ ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നാം നമ്മുടെ സ്വന്തം വളർച്ചയ്ക്കും ഉയർച്ചയ്ക്കും സ്വയം തന്നെ വില്ല് വെയ്ക്കുന്നതാണ് കാണാറുള്ളത്. ഉള്ളിൽ ആത്മവിശ്വാസം വികസിപ്പിച്ചെടുക്കാൻ അല്ലെങ്കിൽ ബൂസ്റ്റ് ചെയ്തെടുക്കാൻ കഴിഞ്ഞാൽ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരമായി. മാതാപിതാക്കളുടെ സഹകരണവും പിന്തുണയും പങ്കും ഇകാര്യത്തിൽ വളരെ വലുതാണ്. മത, ജാതി, ലിംഗ ഭേദങ്ങളൊന്നും സ്വയം പര്യാപ്‌തത നേടുന്നതിന് ഒരു പ്രതിബന്ധമായി കാണരുത്. പെണ്ണും സ്വയം പര്യാപ്‌തത നേടിയിരിക്കണം. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടത് നമ്മെപ്പോലെയുള്ള ഓരോ പൗരന്റെയും കടമയായി തന്നെ കാണണം. നിരാശ്രയരായ, അധികാരികളാൽ എന്നും ചൂഷണവിധേയമാക്കപ്പെടുന്ന, അവശരായ ജനതയോടൊപ്പം നിൽക്കാനും അവകാശങ്ങൾ നേടിക്കൊടിക്കാനും ഒരു പൗരനെന്ന അർത്ഥത്തിൽ ആർക്കും ചെയ്യാവുന്നതാണ്. സത്യത്തോടൊപ്പവും നേരിനോടൊപ്പവും ജീവിക്കാനും അനീതിയും അക്രമവും ചോദ്യം ചെയ്യാനുമുള്ള ആർജ്ജവം കൂടിയാണ് ശക്തമായൊരു വ്യക്തിത്വത്തിന്റെ അടയാളം. എന്തിനും ഏതിനും അപരനെ ആശ്രയിച്ചു ജീവിക്കുന്ന ഒരാൾക്കും ഒരിക്കലും സ്വന്തം കുടുംബത്തിനോ, സമൂഹത്തിനോ വേണ്ടി യാതൊന്നും സംഭാവന ചെയ്യാൻ കഴിയാറില്ല എന്നതാണ് സത്യം. കാര്യമില്ലാത്ത അതിരുവിട്ട ആശ്രിതത്വം അല്ലെങ്കിലും അസ്തിത്വബോധത്തിൽ ജീവിക്കുന്ന അല്ലെങ്കിൽ വ്യക്തിത്വബോധമുള്ള ഒരാൾക്ക് പറഞ്ഞതല്ല. കാരണം ആത്മവീര്യം കുറഞ്ഞവരായിരിക്കും അപ്പറഞ്ഞ വിഭാഗക്കാർ

Related Articles