Current Date

Search
Close this search box.
Search
Close this search box.

മറവിയുടെ മദാഇൻ പാഠങ്ങൾ

‘യാത്രികരായ പ്രവാചകന്മാർ’! – ഇബ്രാഹിം നബി (അ) യെയും മുഹമ്മദ് നബി (സ) യെയും കുറിച്ച് പുണ്യ ഭൂമിയിൽ നേരിട്ട് വന്നപ്പോഴുണ്ടായ അനേകം തിരിച്ചറിവുകളിലൊന്ന് അതായിരുന്നു. “സീറൂ ഫിൽ അർള് “എന്ന ഖുർആനികാധ്യാപനത്തിൻ്റെ ആൾരൂപങ്ങൾ!! (അവരെക്കുറിച്ച് മാത്രമല്ല, ഒരുവേള, മൂസ നബി (അ) യെയും യുസുഫ് നബി (അ) യെയും മുഴുവൻ നബിമാരെയും കുറിച്ച് തന്നെയും) സ്ഥലകാല ദൂരങ്ങളുടെയും സമയത്തിൻ്റെയും ഏത് ആപേക്ഷികത വെച്ച് അളന്നാലും അവരന്നു താണ്ടിയ ദൂരങ്ങളുടെ പെരുപ്പമോർത്ത് അത്ഭുതപ്പെടാനേ നിവൃത്തിയുള്ളൂ. ഏറ്റവും ആധുനികമായ സൗകര്യങ്ങൾ ഒരുക്കിയിട്ടു പോലും ദിവസങ്ങളോ അതിൻ്റെ പകുതിയെങ്കിലുമോ വേണം ഇന്നും അവിടേക്കൊക്കെ എത്തിപ്പെടാൻ.

അതുകൊണ്ടാണ്, ഇബ്രാഹിം നബി (അ) യെയും മുഹമ്മദ് നബി (സ) യെയും അറിയാനുള്ള തീർഥ യാത്ര, മദാഇൻ സ്വാലിഹ് പോയാലേ പൂർത്തിയാവൂ എന്ന് തീരുമാനിച്ച് പുറപ്പെട്ടു പോയത്. മദീനയിൽ നിന്ന് തബൂക്കിലേക്കും ശ്യാമിലേക്കുമുള്ള വഴിയിൽ 400 ഓളം കിലോമീറ്ററുകൾ അപ്പുറത്താണ് മദാഇൻ സ്വാലിഹ്. ദൈവ നിഷേധികളും അഹങ്കാരികളുമായ, കരുത്തുറ്റ ഒരു ജനതയെ നശിപ്പിച്ചു കളഞ്ഞ, പോയി നോക്കാൻ ഭയം തോന്നുന്ന സ്ഥലം. ഫിർഔൻ്റെ ശരീരം പോലെ, പിന്നീട് വരുന്ന മനുഷ്യകുലത്തിന് പാഠമാവാൻ റബ്ബ് ബാക്കി വെച്ച ഇടം.

ഒരു പകുതി ഹൃദയത്തിനാൽ പോയേ തീരൂ എന്ന് ഉറപ്പുള്ളപ്പോഴും മറു പകുതി വിറയാർന്ന പേടിയോടെ വേണ്ട എന്ന് വിലക്കിയിരുന്നു. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. തബൂക്ക് യുദ്ധ സമയത്ത് ഒരിക്കൽ റസൂലുല്ലാഹ് അതുവഴി യാത്ര ചെയ്യാൻ ഇടയായപ്പോൾ മുസ്‌ലിംകൾക്ക് ഈ അവശിഷ്ടങ്ങൾ കാണിച്ച് കൊടുത്തു. അതിൽ നിന്ന് നേടിയെടുക്കേണ്ട ഗുണപാഠം അവരെ ഓർമപ്പെടുത്തി. ഒരു കിണർ ചൂണ്ടിക്കാണിച്ച്, സ്വാലിഹ് നബിയുടെ ഒട്ടകം അതിൽ നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്നും അതല്ലാത്ത മറ്റൊന്നിൽ നിന്നും വെള്ളമെടുക്കരുതെന്നും സ്വഹാബിക്കാളോട് നിർദേശിച്ചു. ഒരു മലയുടെ അടിവാരത്തിലേക്ക് ചൂണ്ടി, ഈ വഴിയിലൂടെയാണ് ഒട്ടകം വെള്ളം കുടിക്കാൻ വന്നിരുന്നത് എന്നും തിരുമേനി പറഞ്ഞു. സമൂദിൻ്റെ നഷ്ടാവശിഷ്ടങ്ങൾക്കിടയിലൂടെ ചുറ്റിക്കറങ്ങിയ സഖാക്കളോട് “അല്ലാഹുവിൻ്റെ ശിക്ഷക്ക് ഇരയായ ഒരു പ്രദേശമാണിത്. ഇതൊരു ഉല്ലാസ വേദിയല്ല, വിലാപ ഭൂമിയാണ്. അതുകൊണ്ട് നമുക്കിവിടെ നിന്ന് വേഗം പോകാം” എന്ന് പറഞ്ഞു.
അങ്ങനെ ഒരിടത്തേക്കാണല്ലോ പോകുന്നത് എന്ന ചിന്ത പോലും ഇടക്കിടെ ഭയപ്പെടുത്തിയിരുന്നു.

പോവുക, കാണുക, ജീവനുള്ള കാലത്തോളം മറക്കാത്ത തൗബയുടെ പാഠങ്ങൾ പഠിച്ച് പെട്ടെന്ന് തിരികെ വരിക. അതായിരുന്നു ഉദ്ദേശ്യം. സഹായികൾ എന്ന് പേരുള്ള ജനത്തിൻ്റെ (അൻസാരികൾ) ഹൃദയ വിശാലത പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നിലങ്ങളും, നെഞ്ചിൽ ആഴത്തിൽ പതിഞ്ഞ വിശ്വാസത്തിൻ്റെ ജബലുകളുമുള്ള മദീനയിലെ വഴിയിലൂടെ മണിക്കൂറുകൾ നീണ്ട പോക്ക്.
ഖുർആൻ മറിച്ച് നോക്കി. എത്ര ആവർത്തിയാണ് സമൂദ് ഗോത്രത്തെ നശിപ്പിച്ചത് അല്ലാഹു പറഞ്ഞിട്ടുള്ളത്!! അവർ പാറകൾ തുരന്ന് വലിയ മണിമാളികകൾ കെട്ടാൻ കരുത്തുണ്ടായിരുന്ന ജനത ആയിരുന്നു എന്നും, അഹങ്കാരവും ദൈവ ധിക്കാരവും കൊണ്ട് ഒരു കണക്കിന് ചോദിച്ചു വാങ്ങിയ ശിക്ഷയാൽ സകലതും നിലം പൊത്തി എന്നും, മുൻകഴിഞ്ഞ സമൂഹത്തിൻ്റെ നഷ്ടങ്ങളിൽ നിന്ന് നിങ്ങൾ പാഠം പഠിക്കുന്നില്ലേ എന്നും…

അറേബ്യയിലെ അതി പുരാതനമായ രണ്ടാമത്തെ സമൂഹമായിരുന്നു സമൂദ്. ആദിനു ശേഷം ഏറ്റവും പ്രബലമായ വിഭാഗം ഇവരായിരുന്നു. അല്ലാഹുവിനെ അനുസരിക്കാത്ത ധിക്കാരികളായ അവരിലേക്കാണ് സ്വാലിഹ് നബി (അ) നിയോഗിതനായത്. ഏകനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് പറഞ്ഞു കൊടുത്ത സ്വാലിഹ് നബിയെ അവർ വിലകൽപ്പിച്ചത് പോലുമില്ല. ഞങ്ങളിൽ തന്നെയുള്ള ഒരാളെ പ്രവാചകനായി അംഗീകരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അവർ ധിക്കാരം തുടർന്നു. ശിക്ഷയെ കുറിച്ച് മുന്നറിയിപ്പ് നൽകപ്പെട്ടപ്പോൾ തങ്ങളുടെ കരുത്തിന് മുന്നിൽ ദൈവ ശിക്ഷ പോലും നിസ്സാരമാകുമെന്ന് അവർ അഹങ്കരിച്ചു. മുഅ്ജിസത്ത് ആയി അല്ലാഹു നൽകിയ പ്രത്യേകമായ ഒട്ടകത്തെ അവർ കൊന്നു കളഞ്ഞു. അങ്ങനെയാണ് അല്ലാഹു ആ ജനതക്കു മേൽ ശിക്ഷയിറക്കിയത്.

അറേബ്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അൽ ഹിജ്ർ പ്രദേശമായിരുന്നു സമൂദ് ഗോത്രത്തിൻ്റെ വാസസ്ഥലം. ഇന്നും ആ പേര് തന്നെയാണ് അതിന്. ഹിജാസ് റെയിൽവേയിലുള്ള മദാഇൻ സ്വാലിഹ് (സ്വാലിഹിൻ്റെ നാട്) എന്ന സ്റ്റേഷൻ ആയിരുന്നു ഈ ജനതയുടെ തലസ്ഥാനം. ആയിരക്കണക്കിന് ഏക്കർ വിസ്തീർണത്തിൽ അത്ഭുതപ്പെടുത്തുമാറ് എണ്ണിയാൽ തീരാത്ത ശിലാ ഭവനങ്ങൾ ഉണ്ട് അവിടെ. (അതുകൊണ്ടുതന്നെ, അവർ അഞ്ചു ലക്ഷത്തോളം ആളുകളുണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നുണ്ട്). ആശ്ചര്യത്തോടെ മാത്രം കാണാനാകുന്ന നിർമിതികളാണൊക്കെയും.

പാറകളുടെ പ്രവേശന കവാടത്തിന് മുകളിൽ അവരുടെ ആരാധനാ മൂർത്തികളുടെ രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. അതിനും മുകളിൽ പരുന്തിൻ്റെ രൂപം. എങ്ങനെയാണെന്നറിവില്ല, അവിടെ കണ്ട ഓരോ പരുന്തിൻ്റെയും തല മുറിഞ്ഞുപോയിരിക്കുന്നു!! ചില ഭാഗത്തെ പാറക്കകത്ത് ഓരോ കുടുംബത്തിൻ്റെയും ശവകുടീരങ്ങളാണ്. അടുക്കുകളായി പദവിയും സ്ഥാനവുമനുസരിച്ച് വ്യത്യാസപ്പെടുന്ന ചെറുതും വലുതുമായ ഖബറിടങ്ങൾ. പാറകൾക്കിടയിലെ കാൽ മൂടുന്ന പൂഴിമണലിലൂടെ നടക്കുമ്പോൾ പെട്ടെന്നാണ് ഒരു വ്യത്യാസം കണ്ടത്. ഒരു ഭാഗത്ത് മണൽ എന്തോ ദ്രാവകം ഒലിച്ചിറങ്ങി ഉറച്ചു നിൽക്കുന്നു. ആരോഗ്യമുള്ളൊരാൾക്ക് പോലും പൊടിച്ച് മാറ്റാനാകാത്ത വിധം!!!

ശപിക്കപ്പെട്ട ആ നഗരമൊന്ന് വീക്ഷിച്ചാൽ അറിയാം എന്തു മാത്രം കരുത്തരും എഞ്ചിനീയറിങ് വിദഗ്ധരുമായിരുന്നു ആ ജനത എന്ന്. ഏറെ ഉയരത്തിൽ തുരന്നുണ്ടാക്കിയ ഒരു ഹാൾ കാണാം അവിടെ. പൊതു പരിപാടികൾക്കായി ഉപയോഗിച്ചിരുന്നതാണത്രെ അത്. അതിനകത്ത് പതിയെ ഒന്നു മിണ്ടിയാൽ പോലും ഉറക്കെ പുറത്തു കേൾക്കാം. അത്രമാത്രം കഴിവും വൈദഗ്ധ്യവുമുണ്ടായിരുന്നവർ. എന്നിട്ടും റബ്ബിന് അത് നശിപ്പിക്കാൻ നിമിഷാർദ്ധം മാത്രം മതിയായിരുന്നു എന്നോർക്കുമ്പോൾ പേടി തോന്നും. തൊണ്ട വരളും, ശ്വാസം വിലങ്ങും, രക്ഷപ്പെടാൻ ആഗ്രഹിക്കും. നഷ്ടക്കാരിൽ പെടുത്തല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചു പോകും.

വിശുദ്ധ ഖുർആൻ ആ ശിക്ഷയെ കുറിച്ച് പല സ്ഥലങ്ങളിലും പല വാക്കുകളാണ് ഉപയോഗിച്ചത്. ചില സ്ഥലത്ത് വിറ കൊള്ളിക്കുന്ന, കുലുക്കമുണ്ടാക്കുന്ന വിപത്ത് എന്നും ചിലയിടത്ത് ഗർജനവും കമ്പനവും എന്നും, അതി ഗുരുതരമായ വിപത്ത് എന്നും ഒരു ഭീകര ശിക്ഷ എന്നും വൈദ്യുതാഘാതം പോലെ പെട്ടെന്ന് വന്നു ഭവിക്കുന്ന അപകടം എന്നുമെല്ലാം അല്ലാഹു പറയുന്നുണ്ട്. ഭയാനകമായ ശബ്ദത്തോട് കൂടിയ ഒരു പ്രകമ്പനത്തിൻ്റെ രൂപത്തിലായിരിക്കാം അത് സംഭവിച്ചിട്ടുണ്ടാവുക. പടുകൂറ്റൻ പാറകൾ വിണ്ടു പിളർന്നതും, ഓരോ മുക്കിലും മൂലയിലും ശിക്ഷയെ ഓർമിപ്പിക്കുമാറ് പാറകൾക്ക് രൂപമാറ്റം സംഭവിച്ചതുമായ ആ പ്രകമ്പനത്തിൻ്റെ ബാക്കി പത്രം ഇന്നും അവിടെ കാണാം.

കരുത്തുറ്റ കൂറ്റൻ പാറകൾ പോലും കൈക്കരുത്തിനാൽ വരുതിയിലാക്കിയ ധിക്കാരികൾ പൊടുന്നനെ ഒന്നാകെ മരിച്ചു വീണു. പിന്നീട് അവർക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ‘കാലിത്തൊഴുത്തിൽ ചവിട്ടി മെതിക്കപ്പെട്ട വൈക്കോൽ പോലെ’ എന്നാണ് റബ്ബ് അതേക്കുറിച്ച് ഖുർആനിൽ പറയുന്നത്. സ്വാലിഹ് നബി (അ) യും വിശ്വാസികളും ശിക്ഷക്ക് മുമ്പ് അവിടെ നിന്ന് പലായനം ചെയ്തത് സീന അർദ്ധദ്വീപിലേക്കായിരുന്നെന്നും പിന്നീടുള്ള ജീവിതം അവിടെ ആയിരുന്നെന്നും ചില മുഫസ്സിറുകൾ അഭിപ്രായപ്പെടുന്നുണ്ട്.

മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വത്തിന്റെ മുമ്പ് തന്നെ ഈ കാര്യങ്ങളെല്ലാം അറബികൾക്ക് സുപരിചിതമായിരുന്നു. എന്നിട്ടും, ആ ചരിത്രമല്ല ഇന്നത്തെ അൽ ഉലാ പ്രോജക്ടിനു കീഴിലെ ഹെഗ്ര ഹെറിറ്റേജ് പദ്ധതിയുടെ (മദാഇൻ സ്വാലിഹിൻ്റെ ഇന്നത്തെ പേര്) ഔദ്യോഗിക വക്താവ് നിങ്ങൾക്ക് പറഞ്ഞു തരിക. യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ഈ ഇടത്തെ കുറിച്ച് വിശദീകരിക്കവെ ദൈവ ശിക്ഷ എന്നൊരു വാക്ക് നിങ്ങൾ കേൾക്കുകയേ ഇല്ല. തിരികെ വരുമ്പോൾ ചരിത്രത്തെ പേരു മാറ്റാതെ അടുത്ത തലമുറക്ക് പകർന്നു കൊടുക്കേണ്ടതിൻ്റെ അത്യാവശ്യകതയെ കുറിച്ചാണ് ഓർത്തത്.

Related Articles