Current Date

Search
Close this search box.
Search
Close this search box.

കാവി പതാകയും ദേശീയ പതാകയും

തദ്ദേശ തെരഞ്ഞെടുപ്പ് ഫലമുയര്‍ത്തിയ ചര്‍ച്ചകളും വിവാദങ്ങളും ഇപ്പോഴും കേരളത്തില്‍ കെട്ടടങ്ങിയിട്ടില്ല. വിവിധ തരത്തിലുള്ള വിവാദങ്ങളാണ് രാഷ്ട്രീയ കേരളത്തില്‍ ഇത്തവണ ഉണ്ടായിട്ടുള്ളത്. അതില്‍പെട്ട ഒന്നായിരുന്നു ബി.ജെ.പി തുടര്‍ച്ചയായി രണ്ടാം തവണയും അധികാരം നിലനിര്‍ത്തിയ പാലക്കാട് നഗരസഭയുമായി ബന്ധപ്പെട്ടത്. പാലക്കാട് നഗരസഭ നിലനിര്‍ത്തിയ ബി.ജെ.പി-സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഫലപ്രഖ്യാപനത്തിനു പിന്നാലെ ആദ്യം തന്നെ ചെയ്തത് നഗരസഭ കാര്യാലയത്തിനു മുകളില്‍ കാവി പതാകയും ജയ് ശ്രീറാം എന്നെഴുതിയ ബാനറും തൂക്കുക എന്ന പ്രവൃത്തിയായിരുന്നു.

ഒരു ജനാധിപത്യ സ്ഥാപനത്തെ പാര്‍ട്ടി കാര്യാലയം പോലെയാണ് അവര്‍ കൈകാര്യം ചെയതത്. ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതേ മുനിസിപ്പാലിറ്റി കെട്ടിടത്തിന് മുകളില്‍ കയറി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതോടെ വിഷയം വീണ്ടും ചൂടുപിടിച്ചു. ഒന്നാമത്തെ സംഭവത്തിനെതിരെ നഗരസഭ സെക്രട്ടറി തന്നെ നേരിട്ട് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കാര്യമായ നടപടികള്‍ ഒന്നും പൊലിസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സംഭവം പരിശോധിക്കുമെന്നും അന്വേഷണം നടത്തുമെന്നുമുള്ള പതിവ് പല്ലവിയാണ് പൊലിസ് പറയുന്നത്. അതേസമയം, ദേശീയ പതാക ഉയര്‍ത്തിയതിനെതിരെ സംഘ്പരിവാറും പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത് പതാകയോടുള്ള അവഹേളനമാണെന്നും അവരുടെ പ്രവൃത്തി നിയമലംഘനവും വര്‍ഗ്ഗീയത ഉണ്ടാക്കുന്നതുമാണെന്നും പരാതിയില്‍ ഉന്നയിക്കുന്നു. രണ്ട് പരാതികളെയും എങ്ങിനെ സമീപിക്കുമെന്നും ആര്‍ക്കൊക്കെ എതിരെ കേസെടുക്കുമെന്നും നമുക്ക് വരും ദിവസങ്ങളില്‍ കാത്തിരുന്നു കാണാം. ആഭ്യന്തര വകുപ്പും പൊലിസും സംഘ്പരിവാര്‍ അനുകൂല സമീപനങ്ങള്‍ കൈകൊള്ളുന്നത് ഈ സര്‍ക്കാരിനു കീഴില്‍ പുതിയ സംഭവമല്ല. ഏതെങ്കിലും കേസുകളില്‍ ഒരു ഭാഗത്ത് സംഘ്പരിവാര്‍ വരുമ്പോള്‍ സംഭവത്തെ ലളിതവത്കരിക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നതും നടപടികള്‍ കടലാസിലൊതുങ്ങുന്നതും കഴിഞ്ഞ നാലു വര്‍ഷമായി നാം കാണുന്നതാണ്. അതിനാല്‍ തന്നെ ഈ കേസിലും വലിയ നടപടികള്‍ ഒന്നും ഉണ്ടാകുമെന്ന് വലിയ പ്രതീക്ഷ വേണ്ടെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

2015ല്‍ പാലക്കാട് ബി.ജെ.പി വിജയിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്യാത്ത സംഘ്പരിവാര്‍ 2020ല്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. അക്കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വിവിധ നിരീക്ഷണത്തില്‍ നമുക്ക് ചെന്നെത്താന്‍ കഴിയും. അതില്‍ ഒന്നാമത്തേത്, കേന്ദ്രത്തില്‍ മോദി ഭരണകൂടം സംഘ്പരിവാറിനും പ്രവര്‍ത്തകര്‍ക്കും ഇത്തരത്തിലുള്ള മാതൃക കാണിച്ചു നല്‍കുന്നു എന്നതാണ്. ഇന്ത്യയിലൊട്ടാകെ സംഘ്പരിവാറിന് വളരാനും വെറുപ്പിന്റെയും വര്‍ഗ്ഗീയതയുടെയും രാഷ്ട്രീയം പ്രചരിപ്പിക്കാനുമുള്ള അവസരങ്ങള്‍ തുറന്നിട്ട് നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിവിധ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരുമെല്ലാം ഇത്തരത്തിലുള്ള പ്രസ്താവനകളും പ്രവൃത്തികളും ചെയ്ത് പ്രവര്‍ത്തകര്‍ക്ക് മാതൃകയായിട്ടുണ്ട്.

ഉത്തരേന്ത്യയിലും മറ്റും മുസ്ലിം പള്ളികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളും കൈയേറി കാവി പതാകയും അവരുടെ രാഷ്ട്രീയം പറയുന്ന ബാനറുകളും ഉയര്‍ത്തുന്നത് നാം വാര്‍ത്തകളില്‍ കാണാറുണ്ട്. അത് അവിടങ്ങളില്‍ സാധാരണമാണ്. എന്നാല്‍ മതനിരപേക്ഷതക്കും മതസൗഹാര്‍ദ്ദത്തിനും വലിയ വില നല്‍കുന്ന സാക്ഷര കേരളത്തില്‍ അത്തരം വര്‍ഗ്ഗീയ ശക്തികളെയും ചിന്തകളെയും നാം നിരന്തരം എതിര്‍ത്തുതോല്‍പ്പിക്കാറാണ് പതിവ്. എന്നാല്‍ ചരിത്രത്തിലാദ്യമായി സംഘ്പരിവാറിന് കേരള നിയമസഭയിലേക്ക് ഒരു സീറ്റ് ലഭിച്ചതോടെ കേരളത്തിലും ഈ ശക്തികള്‍ വേരുറപ്പിക്കാന്‍ ശ്രമമാരംഭിച്ചു. രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഏതു വിധേനയും കേരളം പിടിക്കുക എന്ന അജണ്ട ശക്തിയുക്തം നടപ്പിലാക്കാന്‍ സംഘ്പരിവാര്‍ നേതൃത്വം കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ സംഘ്ശക്തികള്‍ ലക്ഷ്യമിടുന്ന വര്‍ഗ്ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും തടഞ്ഞുനിര്‍ത്തുന്നതില്‍ കേരള ജനത എല്ലായിപ്പോഴും പക്വത കാണിച്ചിട്ടുണ്ട്.

കേരളത്തില്‍ ഒരു നഗരസഭ ഭരണം പിടിച്ചപ്പോഴേക്കും ഇക്കൂട്ടരുടെ പ്രവൃത്തികള്‍ അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മറനീക്കി പുറത്തുവരുന്നു എന്നാണ് കാണിക്കുന്നത്. ഇതിന് പിന്തുണ നല്‍കുകയും ന്യായീകരിക്കുകയുമാണ് അവരുടെ നേതാക്കള്‍ ചെയ്യുന്നത്. പാലക്കാട് കേരളത്തിലെ ഗുജറാത്താണെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവന അതാണ് കാണിക്കുന്നത്. അവര്‍ ലക്ഷ്യമിടുന്ന രാജ്യവും നാടുമെല്ലാം ഒരു പ്രത്യേക മതത്തിനും ആദര്‍ശത്തിനും പ്രാധാന്യം നല്‍കുന്നതാണെന്ന് ജയ് ശ്രീറാം വിളികളിലൂടെ അവര്‍ തന്നെ ആണയിടുകയാണ്. അതിനു വേണ്ടി ഇന്ത്യന്‍ ഭരണഘടനയെ വരെ വളച്ചൊടിക്കാനും അവര്‍ക്ക് വേണ്ട വിധത്തില്‍ എഡിറ്റ് ചെയ്യാനുമാണ് അവര്‍ ശ്രമിക്കുന്നത്. ഇക്കാര്യങ്ങള്‍ കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യന്‍ ജനത കണ്ടുകൊണ്ടിരിക്കുകയാണ്.

അതിനാല്‍ തന്നെ കേരളത്തിന്റെ പടിവാതില്‍ക്കലെത്തിയ സംഘ് ഭീകരതയെ തടഞ്ഞുനിര്‍ത്താന്‍ രാഷ്ട്രീയമായ വിവേകം കൈകൊള്ളുക എന്നതാണ് കേരള ജനത കാണിക്കേണ്ട നിലപാട്. അതിന് കാര്യമായി ചെയ്യാനാവുക ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്നെയാണ്. സംഘ്പരിവാറിന് ഇടം നല്‍കാതിരിക്കും അവര്‍ക്ക് തടയിടാനും പര്‌സപരം വിട്ടുവീഴ്ചകള്‍ ചെയ്ത് ഒന്നിച്ചു നില്‍ക്കുക എന്ന യുക്തി സ്വീകരിക്കാന്‍ കേരളത്തിലെ ഇരു മുന്നണികളും ഇനിയെങ്കിലും പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടത്. അതിനിയും വൈകാന്‍ പാടില്ല. അതില്ലാത്തിടത്തോളം കാലം അവരുടെ വളര്‍ച്ചയെ തടയിടാന്‍ ഒരു പക്ഷേ കേരള ജനതക്ക് കഴിഞ്ഞെന്നിരിക്കില്ല. അത്തരം തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ സാക്ഷര കേരളം തയാറാകും എന്നതില്‍ നമുക്ക് ഒട്ടും സംശയവും വേണ്ട.

Related Articles