Knowledge

കൊറോണയും ഗുഹകളിലേക്കുള്ള മടക്കവും

കേവലം രണ്ട് മാസം കൊണ്ട് മനുഷ്യനും ലോകവും എട്ടുകാലി വലയേക്കാള്‍ ദുര്‍ബലമായിരിക്കുകയാണ്. എന്നാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പോലുമാകാത്ത സൂക്ഷമജീവിയായ കൊറോണയാണതിന് പിന്നില്‍. രാഷ്ട്രങ്ങള്‍ക്കും മനുഷ്യര്‍ക്കും മനുഷ്യ-പ്രകൃതി ബന്ധങ്ങള്‍ക്കുമിടയിലെ നിലനില്‍ക്കുന്ന പല തത്വങ്ങളെയുമത് മാറ്റിമറിക്കും.

മഹാമാരികളുടെ കഴിഞ്ഞകാല ചരിത്രം പരിശോധിക്കുമ്പോള്‍ നിലവിലെ കണക്കുകള്‍ ഭീതിജനകമൊന്നുമല്ല. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതലാളുകള്‍ പല പകര്‍ച്ച വ്യാധികള്‍ കാരണവും മരണപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2.5 ലക്ഷത്തിലേറെയാളുകളെ ബാധിക്കുകയും പതിനായിരത്തിലേറെ ആളുകളുടെ മരണത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഒമ്പതിനായിരത്തോളമാളുകള്‍ക്ക് ഈ രോഗ്യം സുഖപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശാസ്ത്രവും നാഗരികതയുമെല്ലാം വികസിച്ച തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകത്താണ് നാമുള്ളത്. ഒരു ലക്ഷത്തോളം ആളുകളെ കൊലക്ക് കൊടുത്ത ഏഥന്‍സിലെ പ്ലേഗ് പരന്ന ബി.സി 430ല്‍ അല്ല നാമുള്ളത്. യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനെ ‘കറുത്ത മരണത്തി’ലേക്ക് തള്ളിവിടുകയും ഏഷ്യയിലേക്കും കിഴക്കന്‍ നാടുകളിലേക്കും പടരുകയും ചെയ്ത പ്ലേഗുണ്ടായ 1350ലും അല്ല നമ്മള്‍ ജീവിക്കുന്നത്. ലോക യുദ്ധത്തിന് ശേഷം 500 ദശലക്ഷം ആളുകളെ ബാധിക്കുകയും 50 ദശലക്ഷത്തിനും നൂറ് ദശലക്ഷത്തിനുമിടക്ക് ആളുകളെ കൊലപ്പെടുത്തുകയും ചെയ്ത സ്പാനിഷ് ഫ്‌ളൂ (H1N1)വിന്റെ കാലത്തുമല്ല നാം. ഒന്നാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ടയാളുകളുടെ എണ്ണത്തിന്റെ ഇരട്ടിയാണിത്.

രണ്ട് മാസം മുമ്പാണ് ചൊവ്വയില്‍ വെള്ളത്തിന്റെ സൂചനകള്‍ കണ്ടെത്തിയതായി നാസ അഭിമാനം കൊണ്ടത്. ചൊവ്വയില്‍ പോവാനും അതിനെ കൂടി നശിപ്പിക്കാനുമുള്ള മോഹങ്ങളും അതിനു പിന്നിലുണ്ട്. അമ്പത് വര്‍ഷം മുമ്പാണ് ചന്ദ്രനിലിറങ്ങാന്‍ നീല്‍ ആംസ്‌ട്രോങിനെ നാം അയച്ചത്. രണ്ട് മാസം മുമ്പ് ചൈനയും അത്തരമൊരു യാത്രക്കുള്ള മുന്നൊരുക്കത്തിലായിരുന്നു. കണ്ണുകള്‍ക്ക് അപ്രാപ്യമായ കൊറോണയെ പ്രതിരോധിക്കാനുള്ള വഴി കണ്ടെത്തലാണ് ഇന്നത്തെ വെല്ലുവിളി. എല്ലായിടത്തും സംസാരവിഷയം കൊറോണയാണെന്നതും ആശ്ചര്യകരമാണ്.

നിസ്സാരമായൊരു വൈറസ് എല്ലാറ്റിനെയും നിശ്ചലമാക്കിയിരിക്കുന്നു. ഭൂഗോളത്തെ തന്നെയത് മാസ്‌ക് ധരിപ്പിക്കുകയും രാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തികള്‍ അടക്കുകയും ചെയ്തിരിക്കുന്നു. ലോക യുദ്ധങ്ങളുണ്ടായപ്പോള്‍ പോലും സമാനമായ അവസ്ഥയുണ്ടായിട്ടില്ല. ലോകത്തെ എയര്‍പോര്‍ട്ടുകളെല്ലാം നിശ്ചലമായിരിക്കുന്നു. ഗൂഗിള്‍ നല്‍കുന്ന വിവരമനുസരിച്ച് ദിവസവും അഞ്ച് ലക്ഷത്തോളം ആളുകളുടെ യാത്രയാണ് തടയപ്പെട്ടിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ അമ്പത് ദശലക്ഷം പേരെ ക്വാറന്റൈനിലാക്കിയ ഈ വ്യാധി ലോകത്തിന്റെ മിക്ക പ്രദേശങ്ങളെയും സമാനമായ അവസ്ഥയിലേക്ക് അയക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ശാസ്ത്രത്തിന്റെ വളര്‍ച്ചയിലൂടെ ലോകത്തെ ഒരു മുറിയുടെ വലുപ്പത്തിലേക്ക് ചുരുക്കാന്‍ കഴിഞ്ഞുവെന്ന് നാം അഭിമാനത്തോടെ പറയാറുണ്ട്. എന്നാല്‍ ഈ വൈറസ് ജനങ്ങളെയെല്ലാം മുറിയിലാക്കി കൊണ്ടിരിക്കുകയാണ്. വന്യജീവികളെ പേടിച്ച് നമ്മുടെ പൂര്‍വികര്‍ ഗുഹകളില്‍ ജീവിച്ചതിനും വീട്ടിലും മുറിയിലും നാം ഒറ്റക്ക് കഴിയുന്നതും തമ്മിലെന്ത് വ്യത്യാസമാണുള്ളത്? കൊറോണയെന്ന ഈ സൂക്ഷമജീവിക്ക് നാമെല്ലാവരിലേക്കും നുഴഞ്ഞുകയറാനും ഒരു ടൈംബോബിനെ പോലെ വ്യാപക മരണങ്ങളുണ്ടാക്കാനും സാധിക്കും.

ലോകാരോഗ്യ സംഘടയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രനോസ് അദനോം കൊറോണയെ മനുഷ്യകുലത്തിന്റെ ശത്രുവായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതേസയം മനുഷ്യരാശിയുടെ പൊതുശത്രുവിനെതിരെ അണിനിരക്കാനുള്ള അഭൂതപൂര്‍വമായ അവസരവും ഇതൊരുക്കുന്നു. എന്നാല്‍ ചൈനയിലും മിലാനിലും നാം പരിചയിച്ച മാനവികതയുടെ അടയാളങ്ങളും മുദ്രകളുമായിരുന്നില്ല പ്രകടമായത്. എല്ലാവരും കണ്ടത് പോലെ കണ്ണീരിലും ദുഖത്തിലും കുതിര്‍ന്ന് ചൈനീസ് ഇറ്റാലിയന്‍ ഡോക്ടര്‍മാരെ ഭീകരചിത്രങ്ങള്‍ കാണുന്ന പോലെ ഞാനും കണ്ടിരുന്നു. മനുഷ്യകുലത്തിന്റെ പുരോഗതിയുടെ കാലത്തും ഡോക്ടര്‍മാരായിരിക്കെ ആരാചാരുടെയും ശവക്കുഴിയൊരുക്കുന്നവരുടെയും ദൗത്യം നിര്‍വഹിക്കേണ്ടി വന്നവരാണവര്‍. തങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ട പ്രതീക്ഷയില്ലാത്ത രോഗബാധിതരെ മരണത്തിന് വ്ിട്ടുകൊടുക്കാന്‍ തീരുമാനിക്കേണ്ടി വന്നവരാണവര്‍. രക്ഷപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ആശുപത്രിയില്‍ സ്ഥലമൊരുക്കാന്‍ വേണ്ടിയായിരുന്നു അത്.

Also read: വിചിന്തനത്തിന് വഴിയൊരുക്കുന്ന വ്യക്തിത്വങ്ങൾ

എന്തൊരു ഭീകരമായ അവസ്ഥയാണിത്! മൂന്ന് നൂറ്റാണ്ടിന്റെ നാഗരികത തകര്‍ന്നടിയുന്നത് പോലെയാണിത്. രോഗബാധിതരെ തന്നെ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്ന ആശുപത്രി കവാടങ്ങളില്‍ ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ രോഗികളുടെ ബന്ധക്കളും വളരെയേറെ പ്രയാസപ്പെടുന്നു. ആശുപത്രി കവാടങ്ങളിലെ മരണങ്ങള്‍ എത്ര കഠിനമാണ്! കനംകൂടിയ സുരക്ഷാ വസ്ത്രങ്ങള്‍ക്കടിയില്‍ കുട്ടികള്‍ക്കുള്ള ഡയപ്പര്‍ ഉപയോഗിച്ചാണ് ചൈനയിലെ വുഹാനില്‍ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍. ടോയ്‌ലറ്റില്‍ പോകാന്‍ പോലും അവര്‍ക്ക് സമയമുണ്ടായിരുന്നില്ല എ്ന്നതാണ് കാരണം.

കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ വളരെയധികം പണം ആവശ്യമായിരിക്കെ ക്രൂരമായ രാഷ്ട്രീയ കൊള്ളയുടെ ഫലമായി വലിയ സാമ്പത്തിക ബാധ്യതയില്‍ കഴിയുന്ന ലബനാന്‍ പോലുള്ള രാജ്യങ്ങളില്‍ നമുക്കെന്താണ് ചെയ്യാന്‍ കഴിയുക? ലബനാനിലെ മുഴുവന്‍ ആശുപത്രികളിലുമായി 300 കൃത്രിമ ശ്വസനോപകരണങ്ങള്‍ മാത്രമാണുള്ളതെന്ന് കഴിഞ്ഞ ദിവസം ഞാന്‍ വായിച്ചു.

കഴിഞ്ഞ അഞ്ചാം തിയ്യതി ന്യൂയോര്‍ക്കിലെ ഫിഫ്ത് അവന്യൂ റോഡില്‍ ഉദ്യാഗസ്ഥര്‍ ഓഫീസ് വിട്ടിറങ്ങുന്ന സമയത്ത് കണ്ടത് പോലൊരു കണ്ണെത്താ ദൂരത്തിലുള്ള ഒരു ജനസമുദ്രം ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. എന്നാല്‍ വെള്ളമെല്ലാം വറ്റിയ ഒരു നദി പോലെയാണ് ഇന്നലെ എനിക്കതിനെ കാണാനായത്. ബീജിംഗിലെയും ലോകത്തെ തിരക്കേറിയ മറ്റു നഗരങ്ങളിലെയും ശൂന്യത നിങ്ങള്‍ കണ്ടില്ലേ? ജനലക്ഷങ്ങള്‍ എവിടെ പോയി? നമ്മുടെ വിശപ്പ് തീര്‍ക്കാന്‍ ഈ ഭൂമിയുടെ ഒന്നരയിരട്ടി കൂടി വിശാലതയുള്ള ഗ്രഹം വേണമെന്ന് പറഞ്ഞ് ഇവിടെയെല്ലാം തിങ്ങിനിറഞ്ഞിരുന്ന ലക്ഷങ്ങള്‍ എവിടെയാണ് പോയി മറഞ്ഞത്? പുരോഗതിയുടെയും ശാസ്ത്ര വളര്‍ച്ചയുടെയും കണ്ടുപിടുത്തങ്ങളുടെയും നാഗരികതയുടെയും മൂന്ന് നൂറ്റാണ്ട് നമ്മുടെ മുമ്പിലുണ്ട്. എന്നാല്‍ പുതിയൊരു പാതയുടെ തുടക്കത്തില്‍ അശക്തനായി നില്‍ക്കുന്നവനെ പോലെയാണ് നാമിന്ന്. പ്രകൃതിക്ക് മാറ്റം വന്നിരിക്കുന്നു, മനുഷ്യരും മാറിക്കൊണ്ടിരിക്കുന്നു. സ്റ്റേഡിയങ്ങള്‍, അവിടത്തെ ആരവങ്ങള്‍, തിയേറ്ററുകള്‍, ബാങ്കുകള്‍, റെസ്റ്റോറന്റുകല്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങി എല്ലായിടത്തും കാണുന്ന ശൂന്യതയെ കുറിച്ച് നമുക്കോര്‍ക്കാം. ഗുഹകളില്‍ ജാഗ്രതയും സ്വര്‍ത്ഥതയുമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് നമുക്ക് ഓര്‍ക്കാം. എന്നാല്‍ നാമിന്ന് ഹസ്തദാനം ചെയ്യാതെയും ആലിംഗനത്തില്‍ നിന്ന് വിട്ടുനിന്നും സ്വന്തത്തിലേക്ക് ചുരുങ്ങി ജാഗ്രത പുലര്‍ത്തുന്നവരാണ്.

കൊറോണ നീയെന്താണ് ചെയ്യുന്നത്? 850 ദശലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് അവരുടെ പഠനം നഷ്ടമായിരിക്കുന്നത്. ടെലിവിഷനിലിലൂടെയുള്ള പഠനമുണ്ടെങ്കിലും മനുഷ്യകുലത്തെ സംബന്ധിച്ച് വലിയൊരു ഇടിവാണിത്. അഥവാ ക്ലാസ്സിലിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയിലെ ഇണക്കവും സൗഹൃദവും ദുര്‍ബലപ്പെടുന്നു. പുറത്തിറങ്ങാന്‍ കഴിയാത്തതിന്റെ സമ്മര്‍ദം മാതാപിതാക്കളെയും ഞെരുക്കുന്നു. ഭയവും വീട്ടില്‍ നിന്നിറങ്ങാന്‍ കഴിയാത്തതും വിവാഹമോചന നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നു എന്ന് പറയുന്നത് തമാശയല്ല. എല്ലാവരും പ്രയാസത്തിലും പൊട്ടിത്തെറിയുടെ വക്കിലുമാണ്. രണ്ടാഴ്ച്ചക്കാലത്തെ ഹോം ക്വാറന്റൈന്‍ പിന്നിടുമ്പോള്‍ 300 പേര്‍ വിവാഹമോചനം ആവശ്യപ്പെട്ട് സമീപിച്ചതായിട്ടാണ് ചൈനയിലെ സിച്‌വാന്‍ പ്രവിശ്യയിലെ ദാസ്വോ നഗരത്തില്‍ വിവാഹ രെജിസ്‌ട്രേഷന്‍ മേധാവി വെളിപ്പെടുത്തുന്നത്. ചൈനയിലെ ഫൂജിയാനില്‍ നിത്യേന ശരാശരി 14 വിവാഹമോചന അപേക്ഷകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Also read: ‘ക്വാറന്റൈൻഡ്’ ഗസ്സയിലെ കൊറോണ വൈറസ്

നിലവില്‍ 160 നാടുകളിലാണ് ഈ രോഗം എത്തിയിരിക്കുന്നത്. മനുഷ്യരെ പോലെ സാമ്പത്തിക രംഗവും ആടിയുലയുകയാണ്. കൊറോണയുടെ വ്യാപനം സാമ്പത്തിക മേഖലക്ക് നേരെയുള്ള യഥാര്‍ത്ഥ വെല്ലുവിളിയായിരിക്കുന്നു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രം പറയുന്നത്. 50 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ പറയുന്നത്. അറബ് ലോകത്ത് 17 ലക്ഷം പേരുടെ തൊഴില്‍ ഭീഷണിയിലാണെന്നാണ് ESCWA (United Nations Economic and Social Commission for Western Asia) പറയുന്നത്.

തന്റെ രാജ്യം കൊറോണക്കെതിരെയുള്ള വാകിസിന്റെ നിര്‍മാണത്തിലാണെന്നും സിയാറ്റിനില്‍ ആളുകളില്‍ അത് പരീക്ഷിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ചൊവ്വാഴ്ച്ച പറഞ്ഞിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, ജര്‍മന്‍ കമ്പനിയായ ക്യുവര്‍വാക് സി.ഇ.ഒ എന്നിവര്‍ വൈറ്റ്ഹൗസില്‍ നടത്തിയ മീറ്റിംഗിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തുന്നത്.

വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിക്ഷേപം നടത്താനുള്ള മത്സരമാണ് ഉത്കണ്ഠയുണ്ടാക്കുന്നത്. ജര്‍മന്‍ ലബോട്ടറിയായ ക്യുവര്‍വാകിന് മേല്‍ കൈവെക്കാനും വാക്‌സിന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡാനിയല്‍ മെനിഷെല്ല അടക്കമുള്ള ജര്‍മന്‍ ശാസ്ത്രജ്ഞരെ ആകര്‍ഷിക്കാനും ട്രംപ് ശ്രമിക്കുന്നുണ്ടെന്നാണ് ജര്‍മന്‍ പത്രമായ ഡൈ വെല്‍റ്റ് എഴുതുന്നത്. പ്രലോഭനകരമായ വാഗ്ദാനങ്ങള്‍ ട്രംപ് അവര്‍ക്ക് മുമ്പില്‍ വെച്ചിട്ടുണ്ടാവും. ഒരു വിഭാഗത്തിന്റെ ദുരിതങ്ങള്‍ മറ്റൊരു വിഭാഗത്തിന്റെ നേട്ടങ്ങള്‍ എന്ന് പറയാവുന്ന ഒരു ലോകത്തായിരിക്കാം നാമുള്ളത്. എന്തൊക്കെയാണെങ്കിലും 25ല്‍ പരം കമ്പനികള്‍ ഭൂഗോളത്തിന്റെ മുഖത്തെ മാസ്‌ക് അഴിച്ചു കളയാനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള മത്സരത്തിലാണ്. ലോകത്തിന്റെയും നമ്മുടെയും കാര്യങ്ങളില്‍ കൊറോണ നിരവധി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments
Related Articles
Tags
Close
Close