Current Date

Search
Close this search box.
Search
Close this search box.

‘ക്വാറന്റൈൻഡ്’ ഗസ്സയിലെ കൊറോണ വൈറസ്

സങ്കീർണവും അങ്ങേയറ്റം ഭീതിജനകവുമാണ് ഗസ്സയിലെ സാഹചര്യങ്ങൾ. വികസിത രാജ്യങ്ങളായ ഇറ്റലി, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഷ്ടപ്പെടുമ്പോൾ, ഇസ്രായേലി സയണിസ്റ്റ് സർക്കാറിന്റെ ഉപരോധത്തിനു കീഴിൽ ദുരിതമയമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഫലസ്തീനികളുടെ കാര്യം എന്താവുമെന്ന് ഊഹിക്കാൻ മാത്രമെ കഴിയൂ.

ഔദ്യോഗിക ഫലസ്തീനിയൻ റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 8-15 തിയ്യതികൾക്കിടയിൽ ഫലസ്തീൻ സന്ദർശിച്ച സൗത്ത് കൊറിയൻ സംഘത്തിന്റെ കൂടെ കൊറോണ വൈറസ് ഫലസ്തീനിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത കൊറിയൻ സംഘം ജറൂസലേം, നാബുലസ്, ജെറിച്ചോ, ഹെബ്രോൺ, ബെത്ത്ലഹേം തുടങ്ങിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളും സന്ദർശിച്ചിട്ടുണ്ട്.

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, കൊറോണ വൈറസിനെ പ്രതിരോധിക്കുക എന്നത് എളുപ്പം സാധ്യമായ കാര്യമല്ല. കൂറ്റൻ സിമന്റു മതിലുകൾക്കും മിലിറ്ററി ചെക്ക്പോസ്റ്റുകൾക്കും പിന്നിലേക്ക് ഇസ്രായേലി സയണിസ്റ്റ് സർക്കാറിനാൽ മാറ്റിനിർത്തപ്പെട്ടരാണ് ഫലസ്തീനികൾ. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ‘ഏരിയ സി’യിൽ കഴിയുന്ന പതിനായിരക്കണക്കിനു ഫലസ്തീനികൾക്കു വേണ്ടി എന്താണ് ഫലസ്തീൻ അതോറിറ്റിക്കു (പി.എ) ചെയ്യാൻ സാധിക്കുക? ഫലസ്തീനികളുടെ ക്ഷേമത്തിൽ യാതൊരു താൽപര്യവുമില്ലാത്ത ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണത്തിനു കീഴിലാണ് പ്രസ്തുത പ്രദേശം മുഴുവൻ. ഫലസ്തീനികൾക്കിടയിലെ ‘ആരോഗ്യ അസമത്വങ്ങൾ’ എന്ന ലോകാരോഗ്യ സംഘടനയുടെ പരാമർശം ഈ സാഹചര്യത്തിലാണ് പ്രസക്തമാവുന്നത്.

മറ്റൊരു തരത്തിൽ, ഒരു ഫലസ്തീൻ സമൂഹങ്ങൾ ഇപ്പോൾ തന്നെ ഇസ്രായേലിന്റെ ‘കോറന്റൈനിനു’ കീഴിലാണ് കഴിയുന്നത്. ആരോഗ്യപരമല്ല, മറിച്ച് രാഷ്ട്രീയപരമാണ് അതിന്റെ കാരണങ്ങൾ. ഈ സമൂഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ വൈറസ് പകർന്നാൽ, പ്രത്യേകിച്ച് കാര്യക്ഷമമായ ആരോഗ്യ സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലാത്തത് പരിഗണിച്ചാൽ, അതൊരു വൻ ദുരന്തം തന്നെയായിരിക്കും.

കഴിഞ്ഞ 12ലധികം വർഷമായി ഇസ്രായേലി സയണിസ്റ്റുകളുടെ ഉപരോധത്തിലാണ് ഗസ്സ, അതിനിടെ നിരവധി തവണ ഇസ്രായേൽ ഗസ്സക്കു മേൽ നടത്തിയ ബോംബാക്രമണങ്ങളുടെയും യുദ്ധങ്ങളുടെയും ഫലമായി നിരവധി പേർ കൊല്ലപ്പെടുകയും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ‘ജീവിക്കാൻ സാധ്യമല്ലാത്ത’ ഇടമായി ഐക്യരാഷ്ട്ര സഭ ഗസ്സയെ പ്രഖ്യാപിച്ചിരുന്നു.

Also read: വിചിന്തനത്തിന് വഴിയൊരുക്കുന്ന വ്യക്തിത്വങ്ങൾ

ഗസ്സയുടെ ‘തുടർച്ചയായ കറന്റ് കട്ട്, മാനസികാരോഗ്യ, സാമൂഹികക്ഷേമ സേവനങ്ങൾ ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളുടെ ദൗർലബ്ബ്യം, അവശ്യ മരുന്നുകളുടെ കുറവ്’ എന്നിവയെ കുറിച്ച് അധിനിവിഷ്ട ഫലസ്തീന്റെ യു.എൻ മനുഷ്യാവകാശ കോർഡിനേറ്റർ മിസ്റ്റർ ജാമി മക്ഗോൾഡ്റിക്ക് കഴിച്ച മാർച്ചിൽ പരിതപിക്കുകയുണ്ടായി.

ജനുവരിയിൽ, ഗസ്സ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു ആരോഗ്യ പ്രതിസന്ധിയെ കുറിച്ച് ഇസ്രായേലി അവകാശ സംഘടനയായ ബെത്ത്സലേം സംസാരിച്ചിരുന്നു. കൊറോണ വൈറസോ മറ്റു പകർച്ചവ്യാധികളോ അല്ല അതിനു കാരണം. ഇസ്രായേലി സൈനികരുടെ വെടിയേറ്റ് പരിക്കേറ്റ ആയിരക്കണക്കിനു ആളുകളെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ നിലവിൽ പരിതാപകരമായ അവസ്ഥയിൽ നിൽക്കുന്ന ഗസ്സയിലെ ആശുപത്രികളിൽ ഇല്ല എന്നതാണ് വസ്തുത. ‘ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ’ന്റെ ഭാഗമായി ഗസ്സയുടെ അതിർത്തിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ഫലസ്തീനികൾക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേലി സൈനികർ വെടിയുതിർത്തിരുന്നു. ആയിരക്കണക്കിനു പേർക്കാണ് അന്നു പരിക്കേറ്റത്. ‘സമാധാനപരമായി നടത്തുന്ന പ്രകടനങ്ങൾക്കു നേരെ വെടിയുതിർക്കുന്ന ഇസ്രായേലിന്റെ നയം ഭയാനകമായ അനന്തരഫലങ്ങളാണ് ഉണ്ടാക്കുന്നത്.” ബെത്ത്സലേം റിപ്പോർട്ട് ചെയ്തു.

ലോക ആരോഗ്യ സംഘടനയുടെ ഏകദേശ കണക്കു പ്രകാരം, 2019 അവസാനത്തോടെ, 155 ഫലസ്തീനികളുടെ കാൽമുട്ടുകൾക്കു താഴെ ഗസ്സയിലെ ഫിസിഷ്യൻമാർക്കു മുറിച്ചു മാറ്റേണ്ടി വന്നിട്ടുണ്ട്, ഇതിൽ 30 പേർ കുട്ടികളാണ്. നട്ടെല്ലിനു പരിക്കേറ്റതിനെ തുടർന്ന് ശരീരം തളർന്നു കിടപ്പിലായ ഫലസ്തീൻ പ്രക്ഷോഭകരുടെ കണക്കുകൾ വേറെ തന്നെയുണ്ട്. സമാധാനപരമായി പ്രകടനങ്ങൾ നടത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ള ഫലസ്തീനികളെ അംഗവൈകല്യത്തിലേക്ക് നയിക്കുന്ന തരത്തിൽ വെടിവെക്കുക എന്നത് ഇസ്രായേലി സൈനികരുടെ ഒരു ദൈനംദിന വിനോദമായി മാറിയിട്ടുണ്ട്.

പകർച്ച വ്യാധികൾ മാത്രമല്ല, ജലജന്യ രോഗങ്ങളും ഗസ്സയെ സംബന്ധച്ചിടത്തോളം വലിയ ഭീഷണിയാണ്. ലോകാരോഗ്യ സംഘടനയുടെ പഠനം പ്രകാരം, ഗസ്സയിലെ 97 ശതമാനം ജലവും മനുഷ്യഉപയോഗത്തിനു അനുയോജ്യമല്ല. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയിൽ പോലും ശുദ്ധ വെള്ളം കിട്ടാനില്ലാത്ത ഒരു സാഹചര്യത്തിൽ, ഗസ്സയിലെ ആശുപത്രികൾ എങ്ങനെയാണ് കൊറോണ വൈറസിനെ നേരിടുക?

കൊറോണ വൈറസ് നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗസ്സയിലെ പ്രാദേശിക ഭരണകൂടവുമായി സഹകരിക്കുമെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിച്ചിരുന്നു. പക്ഷേ ഒരു ദശാബ്ദക്കാലത്തോളമായി ഇത്തരം പ്രസ്താവനകൾ നടത്തുകയല്ലാതെ യഥാർഥ പ്രശ്നത്തെ അഭിമുഖീകരിക്കാൻ ലോകാരോഗ്യ സംഘടനക്കോ ഐക്യരാഷ്ട്രസഭക്കോ സാധിച്ചിട്ടില്ല. ഇസ്രായേലിന്റെ മനുഷ്യവിരുദ്ധവും ക്രൂരവുമായ ഉപരോധവും അതിനോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനവുമാണ് ഗസ്സയിലെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. ഇസ്രായേലിന്റെ അധിനിവേശത്തിൽ നിർബന്ധിത ‘കോറന്റൈനിൽ’ നിന്നും ഫലസ്തീൻ ജനതയുടെ വിമോചനം മാത്രമാണ് ഏക പോംവഴി.

വിവ.അബൂ ഈസ

Related Articles