Current Date

Search
Close this search box.
Search
Close this search box.

കോവിഡ് കാലത്തെ നാസ്തിക വൈറസ്സുകളോട്

ത്വഊനു ഉംവാസ്, ഉമർ (റ) വിന്റെ ഭരണ കാലത്ത് ബൈത്തുൽ മുഖദ്ദസിനും റാമല്ലക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു പ്രദേശം. അവിടെ ഒരു പകർച്ച വ്യാധി പടർന്നു പിടിച്ചു. തൊട്ടടുത്ത പ്രദേശമായ ശാമിലെ ജനങ്ങളെയും അത് അപകടപെടുത്തി.ആ സമയത്തു അവിടെ മുസ്ലിം സൈന്യത്തിന്റെ നേതാവായി സേവനം അനുഷ്ഠിച്ചിരുന്നത് അബു ഉബൈദത്തു ബ്നു ജർറാഹ് (റ) ആയിരുന്നു. പകർച്ച വ്യാധി വ്യാപിക്കുന്ന വിവരമറിഞ്ഞ ഉമർ (റ) അദ്ദേഹത്തെ മദീനയിലേക്ക് തിരിച്ചു വിളിച്ചു. എന്നാൽ അബു ഉബൈദത്തു ബ്നു ജർറാഹ് (റ)വിന്റെ മറുപടി: ഞാൻ മദീനയിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ല. ഇവിടെ എന്റെ സഹപ്രവർത്തകരോടൊപ്പം നിലകൊള്ളാൻ ആണ് ആഗ്രഹിക്കുന്നത്. മറുപടി കത്തായി വന്ന ഈ സന്ദേശം വായിച്ചിട്ട് ഉമർ (റ) പൊട്ടി കരഞ്ഞു. ഇതു കണ്ട സ്വഹാബികൾ ചോദിച്ചു: അമീറുൽ മുഅമിനീൻ, അബു ഉബൈദത്തു ബ്നു ജർറാഹ് (റ) മരണപ്പെട്ടോ?. ഉമർ (റ) മറുപടി പറഞ്ഞു: ഇല്ല, താമസിയാതെ അദ്ദേഹവും മരണപ്പെടും. കുറച്ചു നാളുകൾക്ക് ശേഷം രോഗം പിടിപെട്ട് അദ്ദേഹവും മരിച്ചു വീണു. ശേഷം ചുമതല ഏറ്റെടുത്തത് മുആദ് ബിനു ജബൽ(റ) ആയിരുന്നു. അദ്ദേഹത്തിനും രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. കൈവെള്ളയിൽ രോഗ ലക്ഷണങ്ങൾ കണ്ടപ്പോൾ അദ്ദേഹം കൈമുത്തികൊണ്ട് ഇങ്ങനെ പാടി.
مرحبا بالموت مرحبا، زائر بعد غياب حبيب وفد على شوق
മരണത്തിനു സ്വാഗതം. കാലങ്ങൾക്ക് ശേഷം എന്നെ സന്ദർശിക്കുവാൻ എത്തിയതാണ്. അങ്ങേയറ്റത്തെ ആഗ്രഹത്തോടെ കടന്നു വന്നതാണ്. അതിനാൽ നിനക്ക് സ്വാഗതം.

ഇസ്ലാമിക ചരിത്രത്തിലെ ഒരു വലിയ ദുരന്തമായി ഇതിനെ കണക്കാക്കപ്പെടുന്നു. പ്രമുഖരായ പല സ്വഹാബികളും ഇതു മൂലം മരണപെട്ടു. അബു ഉബൈദത്തു ബ്നു ജർറാഹ് (റ), മുആദ് ബിനു ജബൽ (റ), ബിലാൽ ഇബ്നു റബാഹ് (റ), തുടങ്ങിയവർ അതിൽ പെടുന്നു. പ്രശസ്ത ചരിത്രകാരൻ അബ്ദുള്ള അൽ വാക്കിബി പറയുന്നു : ഏകദേശം 25000 മുസ്‌ലിംകൾ പകർച്ച വ്യാധിയാൽ മരണപെട്ടു. ഒരു ഗോത്രം ഒന്നടങ്കം മരണപ്പെട്ടപ്പോൾ അവരുടെ അനന്തര സ്വത്ത് വീതം വെക്കേണ്ടത് എങ്ങനെയെന്ന് അവിടത്തെ നേതാക്കന്മാർക്ക് അറിയാതെപോയി. അവർ ഉമർ (റ) വിനോട് ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അവിടെ ജീവിച്ചിരിക്കുന്നവർക്ക് അത് വീതിച്ചു നൽകുക.

Also read: വിശുദ്ധ ഖുർആനിന്റെ സ്വാധീനം നമ്മെ വിട്ടുപോയിരിക്കുന്നു!

പ്രഭാതമായപ്പോൾ സുഹൃത്ത് മറ്റൊരുവനോട് താങ്കൾ പ്രഭാതം വരെ ജീവിച്ചിരുന്നല്ലോ എന്നും വൈകുന്നേരം ആയാൽ ‘വൈകുന്നേരം വരെ ജീവിച്ചിരുന്നല്ലോ’ എന്നും ചോദിച്ചുപോകുമായിരുന്നു. അത്രത്തോളം മരണം ഭീതി വിതച്ച നാളുകൾ ആയിരുന്നു അത്.
ഈ ചരിത്രം ഇന്നത്തെ കാലവുമായി വളരെയധികം ബന്ധം പുലർത്തുന്നു. കൊറോണ വൈറസ് ഇന്ന് ലോകത്തിൽ പിടി മുറുക്കിയിരിക്കുന്നു. ഈ സമയത്തു മനുഷ്യന്റെ മനസ്സുകളിലേക്ക് നോട്ടമിടുന്ന ചില വൈറസുകൾ ഉണ്ട്. മത നിരാസത്തിന്റെ, ദൈവനിഷേധത്തിന്റെ വൈറസുകൾ ആണിവ. അവർ ചില ചോദ്യങ്ങൾ ചോദിക്കുന്നു. ആരാധനാലയങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഉംറയും ജമാഅത്ത് നമസ്കാരങ്ങളും നിർത്തിവെക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ആരാധിച്ചു കൊണ്ടിരുന്ന ദൈവം എവിടെയാണ്? നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്ന ദൈവം എവിടെപ്പോയി?. ആരാധനകൾ നിർത്തലാക്കിയിട്ടും ലോകത്തിനു ഒന്നും സംഭവിച്ചില്ലല്ലോ? എന്നതാണ് അവരുടെ ചോദ്യം.

അടിസ്ഥാന പരമായി മനസ്സിലാക്കേണ്ടത്, ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ ആരാധനകൾ അനുഷ്ഠിച്ചു കൊണ്ടിരുന്നാൽ രോഗം വരികയില്ലെന്നും കഷ്ടതകൾ പിടികൂടുകയില്ലെന്നുമുള്ള വിചാരങ്ങൾ ഇല്ല. ആരാധനകൾ എന്നാൽ, എനിക്ക് ഒരു ദൈവമുണ്ടെന്നും അവനാണ് ഈ ലോകം മുഴുവനും മനുഷ്യരെ ഉൾപ്പെടെ സൃഷ്ടിച്ചതെന്നും നമ്മെ പരിപാലിക്കുന്നതും എന്നുമവൻ വിശ്വസിക്കുന്നു. ആ ദൈവത്തിനുള്ള കൃതജ്ഞതയാണ് ഇബാദത്ത്. അതു കൊണ്ടാണ് വിശുദ്ധ ഖുർആൻ മനുഷ്യരോട് ഇബാദത്ത് ചെയ്യുന്നതിനെ സംബന്ധിച്ച് പറയുന്ന സ്ഥലത്തു ഇപ്രകാരം കല്പിച്ചത്.
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ () الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ()} [البقرة : 21-22]
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.

Also read: സ്വയം വളരാനുള്ള വഴികള്‍

ഒരു മനുഷ്യനും രോഗം മാറാൻ വേണ്ടിയോ കഷ്ടതകൾ നീങ്ങി പോകാൻ വേണ്ടി മാത്രമോ ഇബാദത്ത് ചെയ്യുന്നില്ല. കഷ്ടതകൾ ബാധിക്കുമ്പോൾ മാത്രം ദൈവത്തിലേക്ക് തിരിയുന്നവരെ ഖുർആൻ അപലപിക്കുകയാണ് ചെയ്യുന്നത്.
وَإِذَا مَسَّ الْإِنسَانَ الضُّرُّ دَعَانَا لِجَنبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَن لَّمْ يَدْعُنَا إِلَىٰ ضُرٍّ مَّسَّهُ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا يَعْمَلُونَ} [يونس : 12]

മനുഷ്യന് കഷ്ടത ബാധിച്ചാല്‍ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവന്‍ നമ്മോട് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ അവനില്‍ നിന്ന് നാം കഷ്ടത നീക്കികൊടുത്താല്‍, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തില്‍ നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തില്‍ അവന്‍ നടന്നു പോകുന്നു. അതിരുകവിയുന്നവര്‍ക്ക് അപ്രകാരം, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു.

ഒരു മനുഷ്യൻ ദൈവത്തിന് ആരാധനകൾ അർപ്പിക്കുന്നത്, ദൈവമാണ് തന്റെ ഉൺമക്ക് കാരണം എന്നതുകൊണ്ടാണ്.അതു കൊണ്ടുതന്നെ മനുഷ്യന്റെ ജീവിതാവസാനം വരെ അവൻ ദൈവത്തിന് ആരാധന അർപ്പിക്കണം എന്നാണ് വിശുദ്ധ ഖുർആന്റെ കൽപന.
{وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ} [الحجر : 99]
ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.

രോഗം എന്നത് ആരെയും ബാധിക്കാം. റസൂൽ (സ) യുടെ അനുയായികൾ അഥവാ സ്വഹാബാക്കൾ, വിശുദ്ധ ഖുർആൻ പേരെടുത്ത് പരാമർശിച്ച മഹത്തുക്കൾ അവർക്കൊക്കെയും രോഗം ബാധിച്ചിട്ടുണ്ടെന്നും അതിന്റെ പേരിൽ അവരിലെ ധാരാളം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ചരിത്രം പഠിപ്പിക്കുന്നു. മാത്രമല്ല വിശുദ്ധ ഖുർആൻ രോഗം ബാധിക്കപ്പെട്ട ഒരു പ്രവാചകനെ പരിചയപ്പെടുത്തുന്നുണ്ട്. അയ്യൂബ് നബി (അ). ജനങ്ങൾക്ക് നേർമാർഗം കാണിച്ചു കൊടുക്കാൻ അല്ലാഹു തന്നെ നിയോഗിച്ച പ്രവാചകനെ മാരകമായ രോഗം കൊണ്ട് അള്ളാഹു പരീക്ഷിച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വീട്ടു തടങ്കലിൽ കഴിഞ്ഞു അദ്ദേഹം. ഇത്തരത്തിൽ പല പ്രവാചക്കന്മാരെയും കടുത്ത രീതിയിൽ അള്ളാഹു പരീക്ഷിച്ചതായി വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നു. റസൂലിന്റെ അനുയായികളെ അള്ളാഹു പരീക്ഷിച്ചിട്ടുണ്ടെങ്കിൽ, പണ്ഡിതന്മാരെ പരീക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇസ്ലാമിലെ ആരാധനകൾ എന്നത് രോഗം സുഖപ്പെടുത്തുക എന്നതിലുപരി അതെല്ലാം തന്നെ ദൈവത്തിനുള്ള നന്ദി പ്രകാശനമാണ് എന്നു വ്യക്തമാണ്.

ഇസ്ലാമിക ലോകത്തെ അറിയപ്പെടുന്ന പണ്ഡിതന്മാർ, താജുദ്ദീൻ സുബുക്കി എന്ന പണ്ഡിതൻ ത്വഊൻ(പകർച്ച വ്യാധി) ബാധിച്ചാണ് മരണപ്പെട്ടത്. ഇമാം ഇബ്നു ഹജർ അസ്ഖലാനിയുടെ മൂന്ന് മക്കൾ രോഗം ബാധിച്ചാണ് മരണപ്പെട്ടത്. ഇവിടെ മനസ്സിലാക്കേണ്ടത് വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വിത്യാസം രോഗവുമായി ബന്ധമുള്ളതല്ല. വിശ്വാസിയായ ഒരു മനുഷ്യൻ ഇബാദത്ത് ഉപേക്ഷിക്കുന്നത് ഖുർആന്റെയും തിരു സുന്നത്തിന്റെയും വെളിച്ചത്തിൽ ആണെങ്കിൽ ഇബാദത്തുകൾ ഉപേക്ഷിക്കുന്നത് തന്നെ ഇബാദത്ത്. ഉംറകൾ നിർത്തിവെക്കുമ്പോൾ ചിലർക്ക് വിഷമം തോന്നിയേക്കാം. എന്നാൽ ആവശ്യം വന്നാൽ മസ്ജിദുൽ ഹറം അടച്ചു പൂട്ടേണ്ടി വരും. ഹജ്ജ് പോലും നിര്ബന്ധമല്ലാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ട്. ഹജ്ജിനെ കുറിച്ചു പരാമർശിക്കുന്ന സന്ദർഭത്തിൽ ഇങ്ങനെ കാണാം.
من استطاع اليه سبيلا
കഴിവുണ്ടെങ്കിൽ മാത്രം നിര്ബന്ധമാകുന്ന ഒന്നാണ് ഹജ്ജ് . നിങ്ങൾക്ക് കഴിവുണ്ടാക്കുന്ന സാഹചര്യം നിലനിൽക്കുമ്പോൾ മാത്രമാണ് ഹജ്ജ് ചെയ്യേണ്ടതുള്ളു എന്നാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്. മസ്ജിദുകൾ അടച്ചു വെക്കുന്നതും തുറന്നു വെക്കുന്നതും അല്ലാഹുവിന്റെ അനുമതി പ്രകാരം ആണെങ്കിൽ അതാണ് ഇബാദത്ത്.

Also read: കൊറോണയേക്കാൾ വേഗത്തിൽ പടരുന്ന ഇസ് ലാമോഫോബിയ

രോഗം ബാധിച്ച വിശ്വാസിയും രോഗം ബാധിച്ച ദൈവനിഷേധിയും തമ്മിലുള്ള വ്യത്യാസം മുൻ ഉദ്ധരിച്ച ചരിത്ര ശകളങ്ങളിൽ നിന്ന് വ്യക്തമാണ്. മുആദ് ബിൻ ജബൽ (റ) രോഗം ബാധിച്ചപ്പോൾ കൈവെള്ള മുത്തികൊണ്ട് മരണത്തെ സന്തോഷ പൂർവമാണ് സ്വീകരിച്ചത്. സന്തോഷ വേളയിലും സന്താപ വേളയിലും തനിക്ക് ബാധിച്ച എല്ലാത്തിൽ നിന്നും നന്മ മാത്രം പ്രതീക്ഷിക്കാൻ കഴിയുന്നത് വിശ്വാസിക്ക് മാത്രമാണ്.

അബു ദുഹൈബുൽ ഖുദലിയുടെ ചരിത്രമുണ്ട്. അദ്ദേഹം ജാഹിലിയ്യ കാലത്തെ കവിയായി ജീവിക്കുകയും പിൽകാലത്ത് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ആഫ്രിക്കയിലെ യുദ്ധം ജയിച്ചതിനു ശേഷം മടങ്ങി വരുന്ന വേളയിൽ പകർച്ച വ്യാധി പിടിപെട്ടു കൊണ്ട് അദ്ദേഹത്തിന്റെ 5 മക്കൾ മരണപെട്ടു. മക്കളുടെ മരണവാർത്ത അറിഞ്ഞ അദ്ദേഹം സങ്കടപെടുകയല്ല ചെയ്തത്,മറിച്ച് കവിത പാടുകയാണ് ചെയ്തത്.
أَمِنَ المَنونِ وَريبِها تَتَوَجَّعُ
وَالدَهرُ لَيسَ بِمُعتِبٍ مِن يَجزَعُ
وَلَقَد حَرِصتُ بِأَن أُدافِعَ عَنهُمُ
فَإِذا المَنِيِّةُ أَقبَلَت لا تُدفَعُ
وَإِذا المَنِيَّةُ أَنشَبَت أَظفارَها
أَلفَيتَ كُلَّ تَميمَةٍ لا تَنفَعُ
എന്റെ മക്കളെ സംരക്ഷിക്കണം എന്നാണ് ആഗ്രഹം. എന്നാൽ മരണം സമീപിച്ചാൽ വേറെയൊന്നും സംഭവഹിക്കുകയില്ല.ഒരു പ്രതിരോധവും മരണത്തിനു മുന്നിൽ വിലപോവുകയില്ല.
എന്നാണ് അദ്ദേഹം ചൊല്ലിയത്. വിശ്വാസിക്ക് രോഗം ബാധിക്കുമ്പോൾ റസൂൽ (സ) യുടെ വചനം ആശ്വാസം എന്ന നിലയിൽ ഓടിയെത്തുന്നു.
عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” الْمَبْطُونُ شَهِيدٌ، وَالْمَطْعُونُ شَهِيدٌ
യുദ്ധത്തിൽ മരണപ്പെട്ട രക്തസാക്ഷിയെ പോലെയാണ് പകർച്ച വ്യാധികളിൽ പെട്ട് മരണപ്പെടുന്നവർ.

വിശ്വാസിക്ക് എന്തെങ്കിലും വിപത്ത് ബാധിച്ചാൽ അവൻ ആകാശത്തുള്ളതിനെയും ഭൂമിയിലുള്ളതിനെയും ചേർത്തു വെക്കുന്നു.എല്ലാം തന്റെ നന്മക്ക് വേണ്ടിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവ നിഷേധിയായ നാസ്തികനായ ഒരുവന് വിപത്ത് ബാധിച്ചാൽ അവൻ ഭൂമിയിലുള്ളതിനെ മാത്രമേ കൂട്ടുപിടിക്കുകയുള്ളൂ.ശാസ്ത്രത്തെ മാത്രമേ ഭരമേൽപ്പിക്കുകയുള്ളൂ. ആ വഴി അവന്റെ മുന്നിൽ കൊട്ടിയടക്കപ്പെട്ടാൽ തേങ്ങലടിച്ചു കരയുകയും നിലവിളിക്കുകയും ചെയ്യുന്നു.

ഒരു കുറുക്കൻ സിംഹവുമായി ചെങ്ങാത്തത്തിലായ ഒരു കഥ ഇങ്ങനെയാണ്. മറ്റു ജീവികളിൽ നിന്ന് തന്നെ സംരക്ഷിക്കണമെന്ന് കുറുക്കൻ സിംഹത്തോട് പറഞ്ഞു. ഒരുനാൾ, ഒരു ഗരുഡനെ കണ്ട കുറുക്കൻ സിംഹത്തിന്റെ മുകളിൽ കയറി ഇരുന്നു. ഗരുഡൻ കുറുക്കനെ റാഞ്ചി എടുത്തു. ആ സമയത്തു കുറുക്കൻ സിംഹത്തോട് പറഞ്ഞു. വന്യ ജീവികളിൽ നിന്ന് സംരക്ഷിച്ചുകൊള്ളാമെന്നു നീ എനിക്ക് വാക്ക് തന്നതല്ലേ. അപ്പോൾ സിംഹം പറഞ്ഞു : കാട്ടിലെ വന്യ ജീവികളിൽ നിന്ന് സംരക്ഷണം നൽകാം എന്നു മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ആകാശത്തിലുള്ളതിൽ നിന്ന് രക്ഷപെടുത്താം എന്ന് എന്റെ കരാറിൽ ഇല്ല.

 

തയ്യാറാക്കിയത്: ഹാഫിസ് ബഷീർ

Related Articles