Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആനിന്റെ സ്വാധീനം നമ്മെ വിട്ടുപോയിരിക്കുന്നു!

വിശുദ്ധ ഖുർആനിനും, അതിന്റെ മഹത്വത്തിനും കീഴൊതുങ്ങുന്ന, പാരായണം ചെയ്യുമ്പോൾ കണ്ണിൽനിന്ന് കണ്ണുനീർ പൊഴിക്കുന്ന ഭക്തിസാന്ദ്രമായ വിനീതമായ മനസ്സുകൾ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ നമ്മിൽ അധികമാളുകളും വർഷത്തിലൊരിക്കൽ, റമദാൻ മാസത്തിലല്ലാതെ വിശുദ്ധ ഖുർആനെ സമീപിക്കുന്നില്ല. അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കുന്ന സമയത്ത് ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാത്ത നിർജീവമായ മനസ്സുകളെയാണ് നാം കാണുന്നത്. അല്ലാഹുവിന്റെ അത്ഭുത-കഴിവുകളിൽ പെട്ടതാകുന്നു അവന്റെ വചനമെന്നത്. അത് നമ്മുടെ ഹൃദയങ്ങൾക്ക് കൈമാറിയിരിക്കുന്നു. ആ വചനങ്ങൾ കേട്ടുകഴിയുമ്പോൾ മനസ്സുകളെ സ്വാധീനിക്കുകയും, കീഴ്പ്പെടുത്തുകയും ചെയ്യുന്ന എന്തൊന്നില്ലാത്ത സ്വസ്ഥതയും, ശാന്തതയും നാം അനുഭവിക്കുന്നു, നമുക്ക് ചുറ്റുമുള്ളതെല്ലാം സ്തബധമാകുന്നു, നമ്മെ ഇല്ലാതാക്കുന്ന മോശമായ വിചാരങ്ങൾ വിട്ടുപോകുന്നു. തീർച്ചയായും, നമ്മിൽ ഓരോരുത്തരും വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ പ്രയാസപ്പെടുന്ന അസാധാരണ സ്വാധീനം വിശുദ്ധ ഖുർആനിനുണ്ട്!

വിശുദ്ധ ഖുർആൻ ദുരിതമനുഭവിക്കുന്ന മനസ്സുകൾക്ക് സമാധാനം നൽകുന്നു, ദുഃഖമനുഭവിക്കുന്നവരുടെ ദുഃഖങ്ങൾ നീക്കുന്നു, മനഃശ്ശാന്തി പ്രദാനം ചെയ്യുന്നു, പതിയെ പതിയെ മനസ്സിൽ സ്വസ്ഥതയും, സമാധാനവും പകരുന്നു. അവിശ്വാസികൾക്ക് വരെ മനസ്സമാധാനം ലഭിക്കുന്നുവെങ്കിൽ വിശ്വാസികളുടെ കാര്യം പറയേണ്ടതില്ലല്ലോ. അവിശ്വാസികളായിരുന്ന ധാരാളം പേർ ഇസ് ലാമിലേക്ക് വന്നതിന്റെ കാരണം വിശുദ്ധ ഖുർആൻ തന്നെയാണ്. അറബി ഭാഷയറിയില്ലെങ്കിലും, വിശുദ്ധ ഖുർആൻ കേൾക്കുന്ന മാത്രയിൽ അവരെ സ്വാധീനിച്ചിരുന്നു. ചിന്തകളെ അസ്വസ്ഥപ്പെടുത്തിയ, വ്യഖ്യാനിക്കുന്നതിന് പണ്ഡിതർ പ്രയാസപ്പെട്ട വിശുദ്ധ ഖുർആനിന്റെ സ്വാധീനത്തിലേക്കാണ് ഇതെല്ലാം മടങ്ങുന്നത്. മനുഷ്യ മനസ്സുകളിൽ അതിന്റ സ്വാധീനം അവശേഷിപ്പിക്കുന്നു. പാരായണം നടത്തുകയോ കേൾക്കുകയോ ചെയ്യുമ്പോഴേക്ക് നമ്മ സ്വാധീനിച്ച് കണ്ണിൽനിന്ന് കണ്ണുനീർ വീഴ്ത്താൻ കഴിയുന്നത് വിശുദ്ധ ഖുർആന് മാത്രമാണ്. അൽഹശർ അധ്യായത്തിൽ അല്ലാഹു പറയുന്നു: ‘ഈ ഖുര്‍ആനിനെ നാം ഒരു പര്‍വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വതം) വിനീതമാകുന്നതും, അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു.’ ഇതാണ് നിർജീവമായ വസ്തുക്കളുടെ അവസ്ഥയെങ്കിൽ, നിർജീവമായ ഏതെങ്കിലുമൊരു വസ്തുവല്ല, കൊടും കാറ്റിൽ ഇളകാത്ത പർ വതങ്ങളാണ് പേടിച്ച് വിറകൊള്ളുന്നത്. പിന്നെ നമ്മൾ മനുഷ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ.

Also read: നവോത്ഥാന വഴിയില്‍ വെളിച്ചം വിതറിയ സ്ത്രീ രത്നങ്ങള്‍

സ്വഹീഹ് ബുഖാരിയിൽ ഇപ്രകാരം കാണാവുന്നതാണ്. അബൂബക്കർ(റ) തന്റെ വീടിന്റെ മുറ്റത്ത് ഒരു മസ്ജിദ് നിർമിക്കുകയും, ജനങ്ങളിൽ നിന്ന് അകന്ന് അവിടെ നമസ്കരിക്കുകയും, ഖുർആൻ പാരായണം നടത്തുകയും ചെയ്യുമായിരുന്നു. ആ സമയം മുശ് രിക്കുകളായ സ്ത്രീകളും, അവരുടെ കുട്ടികളും അവിടെ തടിച്ചുകൂടി അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കുമായിരുന്നു. അബൂബക്കർ(റ) ഖുർആൻ പാരായണം ചെയ്താൽ കരയുമായിരുന്നു. പാരായണം ചെയ്യുമ്പോൾ തന്റെ  കണ്ണിൽ നിന്ന് ഉതിർന്നുവീഴുന്ന കണ്ണീർ അദ്ദേഹത്തിന് അടക്കി നിർത്താനാകുമായിരുന്നില്ല. സത്യനിഷേധികളായ നേതാക്കന്മാരെ ഇത് ഭയപ്പെടുത്തിയിരുന്നു. ഖുർആനിന്റെ സ്വാധീനം എത്രത്തോളമുണ്ട് എന്നത് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. സത്യനിഷേധികളായവർ അത്തരം ആളുകൾക്കിടിയിൽ നിന്ന് അകന്നുനിൽക്കുകയും, വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് കേട്ടാൽ ഓടിയകലുകയും ചെയ്യുന്നില്ലായെങ്കിൽ, അവർ വിശുദ്ധ ഖുർആനിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടരാകുമായിരുന്നു.

ഈയൊരു പ്രതിഭാസം മനുഷ്യ വിചാരങ്ങളെ വിറകൊള്ളിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അസ്ഥികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന
ആ അസാധാരണമായ വിറ നമ്മുടെ അവയവങ്ങളെയോ, മനസ്സിനെയോ മാത്രമല്ല സ്വാധീനിക്കുന്നത്. മറിച്ച്, അതിനെല്ലാം അപ്പുറമാണ് അതിന്റെ സ്വാധീനം. അത് നമ്മെ ഭൂമിയിൽ വിനയാന്വിതരാക്കുകയും ചെയ്യുന്നു. അല്ലാഹു ഇസ്റാഅ് അധ്യായത്തിൽ പറയുന്നു: ‘(നബിയേ) പറയുക: നിങ്ങള്‍ ഇതില്‍ (ഖുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (ദിവ്യ) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ച് കൊണ്ട് മുഖം കുത്തി വീഴുന്നതാണ്‌.’ ജുബൈർ ബിൻ മുത്ഇം പറയുന്നു: നബി(സ) മഗ് രിബിന് ത്വൂർ അധ്യായം ഓതുന്നത് ഞാൻ കേൾക്കുകയുണ്ടായി. അപ്പേോൾ ഈ സൂക്തങ്ങൾ എത്തിയപ്പോൾ,  “أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ(35) أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ ۚ بَل لَّا يُوقِنُونَ (36) أَمْ عِندَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ (37)” എന്റെ മനസ്സ് പാറിപറക്കുകയാണോ എന്ന് തോന്നി. അല്ലാഹുവിന്റെ പ്രവാചകന് അവതീർണമായ വിശുദ്ധ ഖുർആൻ മുശ് രിക്കായ ജുബൈർ ബിൻ മുത്ഇമിന് പോലും പ്രത്യേകമായ ഒരു അനുഭൂതി മനസ്സിലുണ്ടാക്കി. തന്റെ മനസ്സ് പാറിപറക്കുകയാണോ എന്ന് മുത്ഇമിന് അനുഭവപ്പെടുകയും ചെയ്തു. ഈയൊരു പ്രതിഭാസം ശാസ്ത്രീയമായ ഒരു കണ്ടുപിടുത്തമോ അല്ലെങ്കിൽ പ്രത്യേകമായ ഒരു വിഭാഗത്തിന് മാത്രമുണ്ടാകുന്ന തോന്നലോ അല്ല, ഇത് അല്ലാഹുവിന്റെ അമാനുഷികതകളിൽപെട്ടതാകുന്നു. വിശുദ്ധ ഖുർആനിൽ വ്യത്യസ്ത സ്ഥലങ്ങളിലായി അല്ലാഹു പറയുന്നു: ‘അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല.’ (അൽമാഇദ: 23). ‘റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്‍റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.’ (അൽമാഇദ: 83).

ഇതാണ് വിശുദ്ധ ഖുർആനെ ഇതര ഗ്രന്ഥങ്ങളിൽ നിന്നും രചനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അല്ലാഹുവിന്റെ ദിവ്യവചനങ്ങൾ നമ്മെ വിറകൊള്ളിക്കുകയും, ഹൃദയങ്ങളെ ഭയചകിതമാക്കുകയും, കരയിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ദിവ്യവചനങ്ങളെ ഉപേക്ഷിക്കുകയെന്നത് നമുക്ക് യോജിച്ചതാണോ? പ്രത്യേകിച്ച്, ഖുർആൻ എല്ലാ രോഗത്തിനുമുള്ള മരുന്നാണെന്ന് നാം മനസ്സലാക്കിയിരിക്കെ. എന്നാൽ, ചിലർ തങ്ങളുടെ ദിനേനയുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും, അല്ലാഹുവിന്റെ വചനങ്ങൾ മനഃപാഠമാക്കുന്നിതൽ മുന്നേറുകയും, അത് പാരായണം ചെയ്ത് പൂർത്തീകരിക്കുകയും, അവന്റെ സൂക്തങ്ങളെ  ഭയപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇതിനെതിരായി, അല്ലാഹുവിന്റെ വചനം ഒരു നിലക്കും സ്വാധീനിക്കാതിരിക്കുകയും, നോവലുകളും, ചിന്താപരമായ പുസ്തകങ്ങളും മാത്രം സ്വാധീനം ചെലുത്തുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഒറ്റ രാത്രി കൊണ്ട് വായിച്ചുതീർത്ത പുസ്തകങ്ങളുടെ കണക്കുകളിൽ അവർ അഭിമാനം കൊള്ളുകയും, അല്ലാഹുവിന്റെ വചനത്തെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അവസാനമായി അവർ വിശുദ്ധ ഖുർആൻ തുറന്ന് നോക്കിയത് ഒരു മാസമോ അല്ലെങ്കിൽ രണ്ട് മാസങ്ങൾക്കോ മുമ്പായിരിക്കും. അതുമല്ലെങ്കിൽ മാസങ്ങളായി കാണും. ലേഖനങ്ങൾ മറിച്ചുനോക്കിയും, സാമൂഹ്യ മാധ്യമങ്ങളിൽ സമയം ചെലവഴിച്ചും, പുസ്തകങ്ങൾ വായിച്ചാസ്വദിച്ചും, അവർ രാത്രിയിൽ കഴിഞ്ഞകൂടുന്നു. ഒരു നിമിഷമെങ്കിലും വിശുദ്ധ ഖുർആൻ വായിച്ച് ചിന്തിക്കുന്നതിന് അവരുടെ ഹൃദയങ്ങൾ തുടിക്കുന്നില്ല. അവർ കുറച്ചെങ്കിലും ഖുർആൻ പാരായണം ചെയ്തിരുന്നുവെങ്കിൽ. ഇത്തരക്കാരെ കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു: ‘അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ് ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?) എന്നാല്‍ അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.’ (അസ്സുമർ: 22).

Also read: മധ്യായുസ്സ് പ്രതിസന്ധി എല്ലാവരിലുമുണ്ടാകുമോ?

രാത്രിയിൽ അല്ലാഹുവിന് വിധേയപ്പെട്ട് ദിവ്യസൂക്തങ്ങൾ പാരായാണം ചെയ്യുന്ന ആളുകളെ കുറിച്ച് നമ്മൾ കേൾക്കുന്നു. അതുപോലെ, ചിന്താപരമായ പുസ്തകങ്ങൾക്കും, നവ സാമൂഹ്യ മാധ്യമങ്ങൾക്കും വിധേയപ്പെട്ട് രാത്രിയെ തള്ളിനീക്കുന്ന ആളുകളെ കുറിച്ചും നമ്മൾ കേൾക്കുന്നു. എന്നാൽ, ഇത് നമ്മെ ഒരുപാട് സങ്കടപ്പെടുത്തുന്നു. രാത്രിയുടെ അന്ത്യയാമങ്ങളിൽ ഈ വചനങ്ങൾ പാരായണം ചെയ്യുന്നിതന്റെ മഹത്വം നാം അറിഞ്ഞിരുന്നുവെങ്കിൽ! ഉസൈദ് ബിൻ ഹുദൈർ പറയുന്നു: ഞാൻ രാത്രിയിൽ സൂറത്തുൽബഖറ പാരായണം ചെയ്യുകയായിരുന്നു. അപ്പോൾ തല ഞാൻ ആകാശത്തേക്ക് ഉയർത്തി. മേഘങ്ങൾക്കിടയിൽ വിളക്കിൽനിന്നപോലെ വെളിച്ചം. ഞാൻ പുറത്തേക്ക് ഇറങ്ങി. അപ്പോൾ അത് കാണുന്നില്ല. അല്ലാഹുവിന്റെ റസൂൽ ചോദിച്ചു: അതെന്താണ് എന്ന് താങ്കൾക്കറിയാമോ? ഞാൻ പറഞ്ഞു: ഇല്ല. പ്രവാചകൻ(സ) പറഞ്ഞു: അത്,  മാലാഖമാർ നിന്റെ ശബ്ദത്തിലേക്ക് (ഖുർആൻ പാരായണത്തിലേക്ക്) വന്നെത്തിയതാണ്. താങ്കൾ പാരായണം തുടർന്നിരുന്നുവെങ്കിൽ അത് മാഞ്ഞുപോകുമായിരുന്നില്ല. ജനങ്ങൾ അത് നോക്കി നിൽക്കുമായിരുന്നു.

ഒരിക്കൽ പ്രവാചക മജ്ലിസിൽ പ്രവാചക അനുചരൻ ശുറൈഹ് ഹദറമി സ്മരിക്കപ്പെട്ടു. ഇമാം നസാഈ റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: ആ മനുഷ്യൻ ഖുർആൻ തലയണയാക്കിയിരുന്നില്ല (പാരായാണം ചെയ്യുമ്പോൾ ഉറങ്ങുമായിരുന്നില്ല). എന്റെ പ്രിയ വായനക്കാരെ, നോവലുകളും, വ്യത്യസ്തമാർന്ന മറ്റു പല പുസ്തകങ്ങളും വായിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകി, അവയുടെ ആസ്വാദനത്തിൽ മുഴുകുന്ന വിഭാഗമായി നിങ്ങൾ തീരരുത്. ഈ വായന ഉറക്കത്തിൽ നിന്ന് അവരെ തടഞ്ഞ് നിർത്തുന്നുവെങ്കിൽ, ഖുർആൻ പാരായാണം അവരെ ഉറക്കത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഉറങ്ങാൻ സമയമുണ്ടായിട്ടും അവർ വിശുദ്ധ ഖുർആനിന് മുന്നിൽ ഉറങ്ങുന്നു. അല്ലാഹു പറയുന്നു: ‘എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്‌.’ (ത്വാഹ: 124).

Also read: വേഷങ്ങളുടെ ഭാഷകൾ

നിങ്ങളുടെ മനസ്സിൽ ഇത് അല്ലാഹുവിനെ ബോധിപ്പിക്കാൻ വേണ്ടിയാണ് എന്ന് തോന്നേണ്ടതില്ല. അല്ലാഹുവിന് നമ്മളെയോ, നമ്മൾ ഇബാദത്ത് ചെയ്യേണ്ടതിന്റെയോ ആവശ്യമില്ല. മറിച്ച് നമുക്കാണ് ആവശ്യമായി വരുന്നത്. അല്ലാഹുവിലേക്ക് അടുക്കുന്നതിന്  അനുസരണയോടെ ഇബാദത്ത് ചെയ്ത് നാം മുന്നേറേണ്ടതുണ്ട്. അവിവേകികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ, അനുസരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ അവന്റെ അനുഗ്രഹത്തിന് നം നന്ദി കാണിക്കേണ്ടതുമുണ്ട്. ഇബാദത്ത് ചെയ്യുന്നതിന് മുമ്പും ശേഷവുമുള്ള ഇബാദത്താണ്, അല്ലാഹുവിന് ഇബാദത്ത് ചെയ്യുക എന്നതുകൊണ്ട് ആവശ്യപ്പെടുന്നത്. ആദ്യത്തിൽ അവനോട് സഹായം ചോദിക്കുകയും, തുടർന്ന് അവന് നന്ദി കാണിക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാഹു പറയുന്നു: ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.’ അല്ലാഹുവിനോട് സഹായം ചോദിക്കുമ്പേൾ വിജയത്തിന്റെയും എളുപ്പത്തിന്റെയും വാതിലുകൾ നമുക്ക് മുന്നിൽ തുറക്കപ്പെടുകയാണ് ചെയ്യുന്നത്.

വിവ: അർശദ് കാരക്കാട്

Related Articles