Current Date

Search
Close this search box.
Search
Close this search box.

കൊറോണയേക്കാൾ വേഗത്തിൽ പടരുന്ന ഇസ് ലാമോഫോബിയ

മർകസിൽ നിന്നുള്ള വാർത്തകൾ പുറത്തുവന്ന് അൽപസമയത്തിനകം തന്നെ ഇസ്ലാമോഫോബിക്ക് മുസ്ലിം വിരുദ്ധ ഹാഷ്ടാഗുകൾ പരക്കാൻ തുടങ്ങിയിരുന്നു. മാർച്ച് ആദ്യം ഡൽഹിയിൽ വാർഷിക സമ്മേളനം നടത്തിയ ഒരു മുസ്ലിം പ്രബോധക സംഘടനയുമായി (തബ് ലീഗ്) കോവിഡ് 19 കേസുകൾ ഇന്ത്യൻ അധികൃതർ ബന്ധിപ്പിച്ചിരുന്നു, പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം പുലർത്തിയവരെ തേടിപ്പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ.

കൊറോണ വൈറസ് ഭീതിയും മതത്തിന്റെ പേരിലുള്ള സംഘർഷവും ഇതിനകം തന്നെ ഇന്ത്യയിൽ പനി പോലെ പടർന്ന അവസ്ഥയിലായിരുന്നു, രണ്ടു ശക്തികളും പരസ്പരം കൂടിച്ചേരാൻ അധികം സമയം വേണ്ടിവന്നില്ല. പോലീസുകാർക്കെതിരെ തുപ്പുന്ന തബ്ലീഗ് പ്രവർത്തകർ എന്ന പേരിലും മറ്റും പ്രചരിച്ച തെറ്റായ വീഡിയ ദൃശ്യങ്ങൾ, ഇതിനകം തന്നെ അപകടകരമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന മുസ്ലിംകളുടെ അവസ്ഥ കൂടുതൽ ദുരിതമയമാക്കി. “കൊറോണ വൈറസ് പ്രശ്നം ഇസ്ലാമോഫോബിയയായി മാറ്റപ്പെട്ടു.” ജെ.എൻ.യുവിലെ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ആമിർ അലി പറഞ്ഞു.

Also read: ചെറുത്തുനിൽപ്പിന്റെ കാലത്തെ കവിത

ഡിജിറ്റൽ ഹ്യൂമൻ റൈറ്റ്സ് സംഘടനയായ ‘ഇക്വാലിറ്റി ലാബ്സ്’ പുറത്തുവിട്ട കണക്കു പ്രകാരം, മാർച്ച് 28 മുതൽക്ക്, ഏകദേശം 300,000 തവണയാണ് #CoronaJihad എന്ന ഹാഷ്ടാഗോടു കൂടിയ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടത്, ട്വിറ്ററിൽ ഏകദേശം 165 മില്ല്യൺ ആളുകൾ അതു കണ്ടിരുന്നു.

ഡൽഹിയിൽ 36 മുസ്ലിംകൾ മരണപ്പെടാൻ ഇടയാക്കിയ ഹിന്ദു ദേശീയവാദികൾ സംഘടിപ്പിച്ച വംശഹത്യ നടന്ന് കേവലം ആഴ്ചകൾ കഴിയും മുമ്പ്, വിദ്വേഷ ട്വീറ്റുകളുടെ എണ്ണത്തിലുണ്ടായ കുതിപ്പ് വൈറസിനെ കുറിച്ചുള്ള ഉത്കണ്ഠകൾ ഇന്ത്യയിലെ ദീർഘകാല ഇസ്ലാമോഫോബിയയുമായി എങ്ങനെ ലയിച്ചു എന്ന് കാണിക്കുന്നു.

“ഇന്ത്യയിൽ വളരെക്കാലമായി നിലനിൽക്കുന്ന മുസ്ലിം വിരുദ്ധ വികാരത്തിന്റെ ഒരു പ്രധാന സവിശേഷത, മുസ്ലിംകൾ സ്വയം തന്നെ ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിലെ ഒരു തരം അണുബാധയാണ് എന്ന ആശയമാണ്,” ഇന്ത്യൻ രാഷ്ട്രീയത്തിൽ പഠനം നടത്തുന്ന ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ മീഡിയ, കൾച്ചർ, കമ്മ്യൂണിക്കേഷൻ പ്രൊഫസർ അർജുൻ അപ്പാദുരൈ പറയുന്നു. “അതിനാൽ വളരെകാലമായി നിലനിൽക്കുന്ന ഈ ചിത്രവും കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള പുതിയ ഉത്കണ്ഠകളും തമ്മിൽ ഒരു തരം ബന്ധമുണ്ട്.

ഡൽഹി സമ്മേളനത്തിൽ പങ്കെടുത്ത ഒരു മുസ്ലിം പുരുഷൻ മറ്റൊരാളുടെ ദേഹത്ത് മനഃപൂർവം തുപ്പുന്നു എന്ന് അവകാശപ്പെട്ടു കൊണ്ട്, കൊറോണ ജിഹാദ് എന്ന ഹാഷ്ടാഗോടു കൂടിയും, ‘നീച മനസ്സുള്ള ആളുകൾ’ എന്ന് മുസ്ലിംകളെ വിശേഷിപ്പിക്കുന്ന തലക്കെട്ടോടു കൂടിയും ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ട ദൃശ്യം പക്ഷെ യഥാർഥത്തിൽ തായ്ലാന്റിൽ വെച്ച് പകർത്തിയതായിരുന്നു, വീഡിയോയിൽ കാണപ്പെട്ട ആൾ ദൽഹി സമ്മേളനത്തിൽ പങ്കെടുത്തതിന് യാതൊരു തെളിവുമില്ല. മുസ്ലിംകൾ മനപൂർവ്വം ആളുകളുടെ മേൽ തമ്മുന്നു എന്ന് ആരോപിച്ചു കൊണ്ട് ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിപ്പിക്കപ്പെട്ട ദൃശ്യം വ്യാജമാണെന്ന് തെളിയുകയുണ്ടായി.

“ഹിന്ദുക്കളെ ലക്ഷ്യം വെച്ച് കൊറോണ വൈറസിനെ മുസ്ലിംകൾ ആയുധമായി ഉപയോഗിക്കുകയാണെന്ന പുതിയ ആശയമാണ് കൊറോണ ജിഹാദ്,” ഇക്വാലിറ്റി ലാബ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ തേൻമൊഴി സൗന്ദരാജൻ ട്വിറ്ററിൽ കുറിച്ചു. നിയമലംഘനം ചൂണ്ടികാട്ടി ട്വിറ്റർ പ്രസ്തുത ട്വീറ്റ് നീക്കം ചെയ്തു. അതേസമയം കൊറോണ വൈറസിനെ മുസ്ലിംകളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള കാർട്ടൂണുകൾ ഷെയർ ചെയ്യപ്പെട്ടു കൊണ്ടേയിരുന്നു.

Also read: വിശുദ്ധ ഖുർആനിന്റെ സ്വാധീനം നമ്മെ വിട്ടുപോയിരിക്കുന്നു!

“മുസ്ലിംകളെ അപരൻമാരായും അപകടകാരികളായും ചിത്രീകരിക്കാൻ ലഭിച്ച മറ്റൊരു അവസരം മാത്രമാണ് കൊറോണ വൈറസ്,” എന്ന് പ്രൊഫസർ ആമിർ അലി ചൂണ്ടികാട്ടി. “മാധ്യമങ്ങൾ അച്ചടിക്കുകയും സോഷ്യൽ മീഡിയ പടർത്തുകയും, ആളുകൾ സന്തോഷപൂർവം സ്വീകരിക്കുകയും ചെയ്ത വ്യത്യസ്ത തരം ‘ജിഹാദ്’ പരമ്പരയിലെ ഏറ്റവും പുതിയവയാണ് ‘ബയോ ജിഹാദും, കൊറോണ ജിഹാദും’. ഹിന്ദു ദേശീയവാദികളുടെ പ്രചാരണങ്ങളിൽ ഒന്നായിരുന്നു ‘ജനസംഖ്യാ ജിഹാദ്’, അതായത് ഹിന്ദുക്കളേക്കാൾ വേഗതയിൽ പ്രത്യുത്പാദനം നടത്തിയ ഇന്ത്യയെ ഒരു മുസ്ലിം രാഷ്ട്രമാക്കി മാറ്റാനാണ് മുസ്ലിംകൾ ശ്രമിക്കുന്നത് എന്ന വാദം. ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷൻമാർ പ്രണയത്തിലൂടെ വലയിൽ വീഴ്ത്തി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതായിരുന്നു ‘ലൗ ജിഹാദ്’. ‘കൊറോണ ജിഹാദാണ് ഇതുവരെയുള്ളതിൽ ഏറ്റവും അപകടകരവും ക്രൂരവും, കാരണം ആളുകൾ ശരിക്കും രോഗബാധിതരാവുകയും മരണപ്പെടുകയും ചെയ്യുന്നുണ്ട്.” അലി പറഞ്ഞു.

വൈറസിനേക്കാൾ വേഗതയിലാണ് വൈറസുമായി ബന്ധപ്പെടുത്തിയുള്ള മതവിദ്വേഷ പ്രചാരണം സോഷ്യൽ മീഡിയയിൽ ഒരു പകർച്ചവ്യാധിയായി പടർന്നുപിടിക്കുന്നത്. ഇതിനു തടയിടാൻ കഴിഞ്ഞില്ലെങ്കിൽ വിദ്വേഷ പ്രചാരണം ഹിംസയിലേക്ക് തിരിയാൻ താമസമുണ്ടാവില്ല എന്നതിന് സമീപകാ ചരിത്രം തെളിവാണ്. 2017ൽ മ്യാൻമറിൽ റോഹിഗ്യൻ മുസ്ലിംകൾക്കെതിരെ ബുദ്ധമത ദേശീയവാദികൾ നടത്തിയ വംശഹത്യക്കു മുന്നോടിയായി ഫേസ്ബുക്കിൽ റോഹിഗ്യൻ മുസ്ലിംകൾക്കെതിരെ വ്യാപകമായ രീതിയിൽ വംശീയ വിദ്വേഷ പ്രചാരണം നടന്നിരുന്നു.

‘സോഷ്യൽ മീഡിയ കമ്പനികൾക്ക് ഇതിനെ സംബന്ധിച്ച് വ്യക്തമായ അറിവുണ്ട്. അവ വൈറലാവാൻ അവർ അനുവദിക്കുന്ന പക്ഷം അതിന്റെ ഉത്തരവാദം അവർക്കു മാത്രമാണ്.” ഇക്വാലിറ്റി ലാബ് എക്സിക്യുട്ടീവ് ഡയറക്ടർ തേൻമൊഴി സൗന്ദരാജൻ പറഞ്ഞു. (ഇതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോൾ പ്രതികരിക്കാൻ ഫേസ്ബുക്ക് ഇതുവരെ തയ്യാറായിട്ടില്ല)

“വൈറസ് എവിടെ നിന്നാണെന്ന് ഉത്ഭവിച്ചതെന്ന് നമുക്ക് അറിയാം. ലോകത്തു പടർന്നു കൊണ്ടിരിക്കുന്നത് ഒരു പകർച്ചവ്യാധിയാണെന്നും നമുക്കറിയാം. മതന്യൂനപക്ഷങ്ങളിൽ നിന്നും വരുന്ന ഒന്നല്ല അത്. നിർഭാഗ്യകരമെന്നു പറയട്ടെ ലോകത്തിന്റെ വിവധ ഭാഗത്തിൽ ഒരുതരം പഴിചാരൽ പ്രവണതയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സർക്കാറുകൾ അതിനു തടയിടേണ്ടതുണ്ട്, അതല്ല കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് വളരെ വ്യക്തമായി തന്നെ പറയേണ്ടതുണ്ട്.” അന്താരാഷ്ട്ര മതസ്വാതന്ത്ര്യ അംബാസഡർ സാം ബ്രൂക്ക് വ്യക്തമാക്കി.

Also read: സ്വയം വളരാനുള്ള വഴികള്‍

മതസമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്തണം, അവരെ കുറ്റക്കാരായി മുദ്രകുത്തരുത്, അവരെ നിരീക്ഷണത്തിൽ പാർപ്പിക്കുകയാണ് വേണ്ടത്. മതവും ദേശവും നോക്കിയല്ല വൈറസ് ബാധിക്കുന്നത്. വിഭാഗീയ അജണ്ടകളല്ല, മറിച്ച് ശാസ്ത്രീയ അന്വേഷണത്തിലൂടെയും മാനവിക ഐക്യത്തിലൂടെയും മാത്രമേ ഇതിനു പരിഹാരം കാണാൻ സാധിക്കൂ.

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച കൊറോണ വൈറസ് ലോക്ഡൗണിനിടയിൽ സമ്മേളനം നടത്തി കുടുങ്ങി പോയ എണ്ണമറ്റ മതവിഭാഗങ്ങളിൽ ഒന്നു മാത്രമാണ് തബ്ലീഗ് ജമാഅത്ത് എന്നതാണ് ഈ വിവാദത്തിന്റെ (ക്വാറന്റൈൻ ലംഘിച്ചതിന് ഈ സംഘത്തിലെ ചിലരുടെ മേൽ നാഷണൽ സെക്യൂരിറ്റ് ആക്ട് പ്രകാരം കേസെടുക്കുമെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചതിനു ശേഷം, ഏപ്രിൽ 3നാണ് വിവാദം ആളിപ്പടരുന്നത്.) അന്തിമ വിരോധാഭാസം.

“നല്ല അർഥത്തിൽ പരിധികൾ ലംഘിച്ച ഇന്ത്യയിലെയും ലോകത്തിലെ മറ്റു ഭാഗങ്ങളിലെയും ആളുകളിൽ നിന്ന് ഒട്ടും വ്യത്യസ്തരല്ല അവരും. പക്ഷേ, കൊറോണ ഇല്ലെങ്കിൽ ഇന്ത്യ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വളരെ അപകടം പിടിച്ച ഒരു സ്ഥലം തന്നെയാണ്. ഇപ്പോൾ സംഭവിച്ച തരത്തിലുള്ള കാര്യങ്ങൾ മാത്രമാണ് അത് ആവശ്യപ്പെടുന്നത്.” അപ്പാദുരൈ പറഞ്ഞു.

വിവ. അബൂ ഈസ

Related Articles