Youth

സ്വയം വളരാനുള്ള വഴികള്‍

ഒരു വ്യക്തിയുടെ സ്വഭാവവും കഴിവുകളും ക്രമപ്രവൃദ്ധമായി വികസിപ്പിച്ച്കൊണ്ട് വരുന്ന പ്രക്രിയക്കാണ് ആത്മവികസനം അഥവാ സ്വയം വളര്‍ച്ച എന്ന് പറയുന്നത്. ഇത്തരത്തിലുള്ള വളര്‍ച്ചയും അഭിവൃദ്ധിയുമുണ്ടാവനാണ് നാം വിദ്യാഭ്യാസം നേടുന്നത്. വിവിധ വിജ്ഞാനങ്ങളുടെ നിധികള്‍ തുറക്കാനുള്ള അറിവ് അങ്ങനെ നാം കരസ്ഥമാക്കുന്നു. വിജ്ഞാനം ശക്തിയാണെന്നും അത് ജീവിതാവസാനം വരേ തുടരേണ്ടതാണെന്നും വിദ്യാലയങ്ങളില്‍ നിന്ന് മനസ്സിലാക്കിയിരുന്നുവെങ്കിലും, ജീവിത തിരക്കിനിടയില്‍ നാമത് വിസ്മരിച്ച് പോവാറുണ്ട്.

അറിവ്, നൈപുണ്യം, സര്‍ഗ്ഗാത്മക കഴിവ് എന്നീ മൂന്ന് കാര്യങ്ങള്‍ ചേര്‍ന്നതാണ് നമ്മുടെ വിജ്ഞാനത്തിന്‍റെ ലോകം. ഒരു വ്യക്തിക്ക് എങ്ങനെയാണ് വികസിക്കാന്‍ കഴിയുക? ജീവിതകാലം മുഴുവന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണല്ലോ നമുക്ക് വളരാന്‍ കഴിയുക. കലാലയങ്ങളില്‍ നിന്നും പടിയിറങ്ങിയതിന് ശേഷം പുസ്തകത്തിന്‍റെ ഒരു പേജ് പോലും മറിച്ച് നോക്കാത്ത എത്രയോ പേരെ നമുക്ക് ചുറ്റും കാണാം. തനിക്ക് ലഭിച്ച അതുല്യമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിലൊ ജീവിതത്തിന്‍റെ മൂലധനമായ സമയം കൃത്യമായി ഉപയോഗപ്പെടുത്താതെ കാലയാപനം ചെയ്യുന്നവര്‍. അവസാനം സഞ്ചരിച്ച സ്ഥലത്ത് തന്നെയായിരിക്കും അയാള്‍ കറങ്ങിത്തിരിയുക.

Also read: ബറാഅത്ത് രാവ് ശ്രേഷ്ഠ രാവ് തന്നെ

ബിലെയാമിന്‍റെ കഥ
ഇതൊരു സാങ്കല്‍പിക കഥയാവാം. ദൈവം മൂന്ന് പ്രാര്‍ത്ഥനകള്‍ക്ക് വരം നല്‍കിയ ഒരു വ്യക്തിയുടെ കഥ? ബിലേയാം എന്നായിരുന്നു പേര്. ബിലെയാമിന് ഒരു ഭാര്യയും മൂന്ന് മക്കളുമുണ്ടായിരുന്നു. ഭര്‍ത്താവിന് വരം ലഭിച്ച വിവരമറിഞ്ഞ സഹധര്‍മ്മിണി പറഞ്ഞു: അങ്ങക്ക് മുന്ന് പ്രാര്‍ത്ഥനക്കുള്ള വരം ലഭിച്ചിരിക്കുകയാണല്ലോ? അതിലൊന്ന് ഈയുള്ളവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ സന്മസ്സ് കാണിച്ചാലും.

സഹധര്‍മ്മിണിയല്ലേ ചോദിക്കുന്നത് എന്ന നിലക്ക് ബിലെയാം സമ്മതം മൂളി. ശരി. ഒരു പ്രാര്‍ത്ഥന നിന്‍റെ ആവശ്യപൂര്‍ത്തീകരണത്തിനാവട്ടെ. നീ ആഗ്രഹിക്കുന്നത് പറഞ്ഞോളൂ. ബിലേയാമിന്‍റെ ഭാര്യയുടെ ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇസ്രായേല്‍ സമുദായത്തിലെ അതീവ സുന്ദരിയായ സ്ത്രീയാവാന്‍ പ്രാര്‍ത്ഥിക്കണം. ഭാര്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ബിലെയാം പ്രാര്‍ത്ഥിച്ചു. പെടുന്നനെ അവള്‍ അതീവ സുന്ദരിയായ തരുണീയായി മാറി.

സൗന്ദര്യത്തിന്‍റെ നിറകുടമായിത്തീര്‍ന്ന അവളുടെ സ്വഭാവം മാറി. അസഹനീയമായിതോന്നിയപ്പോള്‍ ബിലേയാമിന് ദൈവം നല്‍കിയ രണ്ടാമത്തെ വരം ഉപയോഗിക്കേണ്ടി വന്നു. അദ്ദേഹം പ്രാര്‍ത്ഥിച്ചു: ദൈവമേ! നീ എനിക്ക് നല്‍കിയ രണ്ടാമത്തെ വരം ഞാന്‍ ഇത് വരേ ഉപയോഗിച്ചിരുന്നില്ല. ഭാര്യയുടെ അഹങ്കാരം അതിര്കടക്കുന്നതായി അങ്ങ് കാണുന്നുണ്ട്. അങ്ങ് നല്‍കിയ രണ്ടാമത്തെ പ്രാര്‍ത്ഥനാ വരവും ഞാന്‍ ഇതാ ഉപയോഗിക്കുകയാണ്. അങ്ങ് അവളെ ഈ നിമിഷം തന്നെ പട്ടിയാക്കിയാലും. പ്രാര്‍ത്ഥന സഫലമായി. അവള്‍ പട്ടിയുടെ രൂപം പ്രാപിച്ചു.

ബിലേയാമിന്‍റെ ഭാര്യ പട്ടിയുടെ വിചിത്ര രൂപം പ്രാപിച്ച വിവരം നാടാകെ പ്രചരിച്ചു. സ്കൂളില്‍ അവരുടെ കുട്ടികളെ പട്ടിയുടെ മക്കള്‍ എന്ന് വിളിച്ച് പരിഹസിക്കാന്‍ തുടങ്ങി. ഇതില്‍ മനംനൊന്ത കുട്ടികള്‍ അമ്മക്ക് പൊറുത്ത് കൊടുക്കാനും അമ്മയെ പൂര്‍വ്വ രൂപത്തിലാക്കുവാനും അഛന് കനിവുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു. മക്കളുടെ അഭ്യര്‍ത്ഥനക്ക് വഴങ്ങുകയല്ലാതെ ബിലേയാമിന് മറ്റു മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. ചുരുക്കത്തില്‍ എന്തും നേടാനുള്ള മഹത്തായ മൂന്ന് വരങ്ങള്‍ ലഭിച്ചിട്ടും ബിലെയാം അതൊന്നും പ്രയോജനപ്പെടുത്തിയില്ല എന്നാണ് ഗുണപാഠം.

Also read: നവോത്ഥാന വഴിയില്‍ വെളിച്ചം വിതറിയ സ്ത്രീ രത്നങ്ങള്‍

ഈ കഥയിലെ മുഖ്യകഥാപത്രമായ ബിലെയാമും നാമൂം തമ്മില്‍ വല്ല ബന്ധവുമുണ്ടൊ? നമുക്ക് ലഭിച്ച മൂന്ന് അമൂല്യമായ വരങ്ങളാണ് ആരോഗ്യവും ആയുസ്സും നൈപുണ്യങ്ങളും. ആധുനിക പഠനമനുസരിച്ച് ഒരു ശരാശരി മനുഷ്യനില്‍ മുപ്പത്തഞ്ച് കഴിവുകളെങ്കിലൂം നിക്ഷിപ്തമായിട്ടുണ്ട്. അതില്‍ മൂന്ന് കഴിവുകള്‍ പോലും പ്രയോജനപ്പെടുത്തുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഫലത്തില്‍ ലോകം തന്നെ കീഴടക്കാനുള്ള മൂന്ന് മഹത്തായ വരങ്ങള്‍ ദൈവം നല്‍കീട്ടും അതൊന്നും ഫലപ്രദമായി ഉപയോഗപ്പെടുത്താനറിയാത്ത ബിലേയാമിനെ പോലെ നാമും അന്ധകാരത്തില്‍ തപ്പിതടയുകയാണ്.

മനുഷ്യന് നല്‍കിയ വരങ്ങള്‍
മനുഷ്യരുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി അവര്‍ക്ക് നല്‍കിയ നാല് വരങ്ങളാണ് ആരോഗ്യം, ആയുസ്സ്,വിജ്ഞാനം,ധനം. ഈ നാല് സുപ്രധാന വിഭവങ്ങളുടെ ഉപയോഗത്തെ അനുസരിച്ചാണ് ഒരാളുടെ ജീവിത വിജയം നിലകൊള്ളുന്നത്. നമ്മെക്കാള്‍ ഉന്നതിയിലത്തെിയവരുടെ കൈവശമുള്ള വിഭവങ്ങളും ഇത് തന്നെയാണ്. പക്ഷെ അവരുടെ ഉപയോഗരീതിയും നമ്മുടേതും തമ്മില്‍ അജഗജാന്തരമുണ്ട്. അതാണ് നാമും അവരും തമ്മിലുള്ള പ്രധാന വിത്യാസം.

പ്രവാചകന്‍ പറഞ്ഞു: രണ്ട് കാര്യങ്ങള്‍ അധിക ജനങ്ങളും അവഗണിക്കുന്നു: ആരോഗ്യവും ഒഴിവ് സമയമാണത്. ലോക പ്രശസ്തരായ മഹാന്മാര്‍ക്ക് ലഭിക്കുന്ന സമയവും നമുക്ക് ലഭിക്കുന്ന സമയവും തമ്മില്‍ അളവില്‍ വിത്യാസമില്ലെങ്കിലും അത് ഉപയോഗപ്പെടുത്തുന്നതിലെ കാര്യക്ഷമതയാണ് നമ്മേയും അവരേയും വ്യതിരിക്തരാക്കുന്നത്. അപ്പോള്‍ സമയത്തിന്‍റെ ബുദ്ധിപൂര്‍വ്വമായ വിനിയോഗമാണ് നമ്മെ വളര്‍ത്തുന്ന ആദ്യ ഘടകം എന്ന കാര്യത്തില്‍ സംശയമില്ല.

Also read: വിശുദ്ധ ഖുർആനിന്റെ സ്വാധീനം നമ്മെ വിട്ടുപോയിരിക്കുന്നു!

സമയം വിനിയോഗിക്കേണ്ട ഏറ്റവും നല്ല രീതി വായനയാണ്. വായന പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കുമെന്ന് പ്രശസ്ത ചിന്തകന്‍ ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞു. ഒരു നല്ല കാര്യം ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഒന്നുകില്‍ വയനയാണ് അല്ലങ്കില്‍ മറ്റൊരാളില്‍ നിന്ന് കേള്‍ക്കുന്ന നല്ല കാര്യങ്ങള്‍ എന്ന് പറഞ്ഞത് അബ്രഹാം ലിങ്കണ്‍. ഇതാണ് നമ്മുടെ മനസ്സിന്‍റെ രണ്ട് വാതായനങ്ങള്‍. വായനക്ക് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ പ്രാധാന്യം സുവിദിതമാണ്. അത്പോലെ ശ്രവണത്തിനും ഖുര്‍ആന്‍ പ്രധാന്യം നല്‍കിയതായി കാണാം: വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യന്നവരാണവര്‍.(സത്യവിശ്വാസികള്‍) അവരത്തെന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ.39:18

അകാദമികമായ തൊഴിലില്‍ മാത്രം അഭിരമിക്കാതെ അഭിരുചിക്കിണങ്ങിയ തൊഴിലുകള്‍ കൂടി ചെയ്യുന്നത് വരുമാനത്തോടൊപ്പം ജീവിതം ആസ്വദിക്കാനുള്ള വഴിയാണ്. എല്ലാ വിജയത്തിന് പിന്നിലും ഒരു സ്കില്‍ ഉണ്ടായിരിക്കും.ഭാവിയില്‍ എന്ത് പഠിക്കണം എന്ന് അറിഞ്ഞിരിക്കുക. സ്വയം വളരാന്‍ ആഗ്രഹിക്കുന്നവര്‍ സംസാരം ഒഴിവാക്കി കര്‍മ്മരംഗത്തേക്ക് പ്രവേശിക്കുകയാണ് ചെയ്യേണ്ടത്. സംസാരിച്ച് കൊണ്ടിരിക്കുന്നതും ഒഴിവ് കഴിവുകള്‍ പറയുന്നതും കാറ്റിനെ പിന്തുടരുന്നത് പോലെ നിഷ്ഫലമാണ്.

നമ്മില്‍ നിലീനമായ സ്വഭാവ ഗുണങ്ങളും നൈപുണ്യങ്ങളും മെച്ചപ്പെടുത്താന്‍ ചെയ്യുന്ന ആസൂത്രണങ്ങളും കര്‍മ്മ പദ്ധതികളുമാണ് സ്വയം വികസനത്തിനുള്ള മാര്‍ഗ്ഗമെന്ന കാര്യത്തില്‍ സംശയമില്ല. അല്‍പം ത്യാഗം സഹിച്ചാല്‍ മാത്രമേ അതിന് സാധിക്കുകയുള്ളൂ. ആ ത്യാഗസന്നദ്ധതയാണ് നമ്മെ വ്യതിരിക്തരാക്കുന്നതും ഉന്നതിയുടെ ശ്രീകോവിലിലത്തെിക്കുന്നതും.

Facebook Comments
Related Articles

ഇബ്‌റാഹിം ശംനാട്

ജനനം 1960 ഏപ്രില്‍ 9, കാസര്‍ഗോഡ് ജില്ലയിലെ ചെംനാട്. 1975- 1983 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ എഫ്.ഡി. കോഴ്‌സിന് പഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. ഇഗ്‌നോയില്‍ നിന്ന് ജേര്‍ണലിസം & പബ്ലിക് റിലേഷന്‍സ് പി. ജി. ഡിപ്‌ളോമയും കരസ്ഥമാക്കി. പങ്കെടുത്ത െ്രെടയിനിംഗുകള്‍: കമ്മ്യുണിറ്റി ഡവലപ്‌മെന്റെ് വര്‍ക്ക്‌ഷോപ്പ് (Conducted by Islamic Development Bank, Jeddah), ടോസ്റ്റ്മാസ്‌റ്റേര്‍സ് ഇന്റെര്‍നാഷണലില്‍ നിന്ന് പ്രസംഗ പരിശീലനം, Basic Pscychology, Neuro Lingistic Program, Transactional Analysis, കൃതികള്‍: പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, ഇസ്ലാമിന്റെ ആവശ്യകത (വിവര്‍ത്തനം). പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയില്‍ എഴുതുന്നു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ്: ബി.എം. ഖദീജബി. ഭാര്യ: സൗജ ഇബ്‌റാഹീം, മക്കള്‍: ഹുദ, ഈമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍
Close
Close