Current Date

Search
Close this search box.
Search
Close this search box.

റമദാനിനൊരുങ്ങുക, കാപട്യം സൂക്ഷിക്കുക

ആയിരം മാസത്തേക്കാൾ പുണ്യകരമായ രാത്രിയും നന്മകളുടെ വസന്തവും സ്ഥിതിചെയ്യുന്ന അനുഗ്രഹീതമായ മാസം നമ്മിലേക്ക് വരികയാണ്. ഏത് അളവിൽ നാം ആ വസന്തകാലത്തെ സ്വീകരിക്കാൻ ഒരുങ്ങിയിട്ടുണ്ട്? നാം ഇപ്പോൾ വലിയ പ്രയാസത്തിലാണ്.കോവിഡുമായി ബന്ധപ്പെട്ട് പള്ളികൾ അടഞ്ഞു കിടക്കുന്നു. റമദാനിൽ വേണ്ടത്പോലെ ഉപയോഗപ്പെടുത്താൻ കഴിയില്ലല്ലോ എന്ന നിരാശ നമുക്കുണ്ടാവും. എന്നാൽ സത്യവിശ്വാസിക്ക് നിരാശക്ക് വകുപ്പില്ല.

നബി തിരുമേനി പറയുന്നത് കാണുക. വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ !! അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണം ചെയ്യുന്നു. ഒരു സത്യവിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കും അതാവില്ല. സന്തോഷകരമായ വല്ലതും അവനുണ്ടായാല്‍ അവന്‍ അല്ലാഹുവിന് നന്ദി ചെയ്യുകയായി, അതവന് ഗുണകരമായി മാറുന്നു. ദോഷകരമായ വല്ലതും അവനെ ബാധിച്ചാല്‍ അവന്‍ ക്ഷമ അവലംബിക്കും, അതും അവന് ഗുണകരമായി മാറുന്നു.’ 1

വലിയൊരു തത്വമാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. സുഖത്തിലും ദുഃഖത്തിലും ഇഹലോകത്ത് മനസ്സമാധാനവും പരലോകത്ത് പുണ്യവുമാണ് വിശ്വാസിക്ക് ലഭിക്കുന്നത്. നന്മ കൈവരുമ്പോള്‍ അത്യാഗ്രഹവും അതിമോഹവും അലട്ടിക്കൊണ്ടിരിക്കുകയും, നിരാശകൊണ്ട് പൊറുതിമുട്ടുകയും ചെയ്യുന്നവര്‍ക്ക് പരലോകത്ത് പോകട്ടെ, ഇഹലോകത്ത് പോലും എന്ത് സുഖമാണനുഭവിക്കാന്‍ കഴിയുക? ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍മാരാണ് അത്തരക്കാര്‍ എന്ന കാര്യത്തില്‍ സംശയമില്ല. ക്ഷമിച്ചാല്‍ വിജയവും, രോഗവും തളര്‍ച്ചയും, അല്ലലും അലട്ടലുമില്ലാത്ത സ്വര്‍ഗം സമ്മാനമായി ലഭിക്കും. അതിനാല്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് നന്നായി ക്ഷമിക്കുക തന്നെ. ക്ഷമയോടെ കര്‍മ്മരംഗത്തിറങ്ങിയാല്‍ വിജയം സുനിശ്ചിതമാണ്.

Also read: ഗാർഹികവിദ്യാഭ്യാസം വലിയ സാധ്യതയാണ്

ഖുര്‍ആന്‍ പറയുന്നത് കാണുക: ‘സത്യവിശ്വാസികളെ, നിങ്ങള്‍ ക്ഷമിക്കുകയും, ക്ഷമയില്‍ മികവ് കാണിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം’. (ആലു ഇംറാന്‍:200)

എല്ലാം കഴിഞ്ഞതിന് ശേഷം, സംഭവിക്കേണ്ടതെല്ലാം സംഭവിച്ചശേഷം ക്ഷമിക്കുക എന്നതല്ല ഇസ്‌ലാമിലെ ക്ഷമ. ആപത്ത് വരുന്ന ആദ്യഘട്ടത്തിലാണല്ലോ കൂടുതല്‍ അസഹ്യത അനുഭവപ്പെടുന്നത്. ആ സന്ദര്‍ഭത്തില്‍ ക്ഷമിക്കുന്നതാണ് ഇസ്‌ലാമിലെ ക്ഷമ. നബി (സ) പറയുന്നു: ‘ഒന്നാമത്തെ പ്രഹരമേല്‍ക്കുമ്പോഴാണ് ക്ഷമ കൈകൊള്ളേണ്ടത്.’ (ബുഖാരി). 2

രക്താസാക്ഷിയുടെ പ്രതിഫലം പ്രവാചകൻ(സ) വാഗ്ദാനം ചെയ്യുന്നുണ്ട്. എന്താണ് പ്ലേഗ് എന്ന ചോദ്യത്തിന് നബി (സ) നല്‍കിയ വിശദീകരണം. ഒട്ടകത്തെ ബാധിക്കുന്ന കാലി വസന്ത പോലെയുള്ള ഒരു രോഗമാണത്. പകരുന്നത് ഒഴിവാക്കാന്‍ അതുള്ളേടത്തുനിന്നു പുറത്തുപോകാതിരിക്കുന്നയാള്‍ രക്തസാക്ഷിയെപോലെയാണ്’. നിര്‍ദേശം അവഗണിച്ച് ഓടിപ്പോകുന്നയാള്‍ യുദ്ധത്തില്‍നിന്ന് ഓടിപ്പോകുന്നവനെ പോലെയാണ്’ – (അഹ്മദ്).

വീട്ടിൽ കഴിയുകയാണ് നാം. പള്ളികൾ നമ്മുടെ മുമ്പിൽ തുറന്നിട്ടില്ല. എന്നാലും മുൻകരുതൽ പാലിച്ച് വീട്ടിൽ ഇരുന്ന് ഇഖ് ലാസോടെ കർമ്മങ്ങൾ ചെയ്താൽ രക്തസാക്ഷ്യത്തിൻെറ പ്രതിഫലമാണ്. അതിനാൽ നമുക്ക് നിരാശ ആവശ്യമില്ല.

Also read: അംഗീകരിക്കപ്പെടേണ്ടതുണ്ട് ഓരോ മനുഷ്യനും

പകർച്ചവ്യാധിയെ കുറിച്ച് ആയിശ (റ )നബിയോട് ചോദിച്ചു അതിന് പ്രവാചകൻ പറഞ്ഞ മറുപടി ഇങ്ങിനെയാണ്.’അല്ലാഹു ഉദ്ദേശിച്ചവർക്ക് അത് ശിക്ഷയും, വിശ്വാസികൾക്ക് അത് അനുഗ്രഹവുമാണ് ‘. 3
ഒരേ സമയം ശിക്ഷയും,കാരുണ്യവും വിശ്വാസി ഇത്തരം സംന്ദർഭങ്ങളെ പോസിറ്റീവായി കാണും.

എങ്ങിനെ ഇത് റഹ്മത്താകും എന്ന് ഇമാം ഇബ്നുഹജർ( റ) വിശദീകരിച്ചുതരുന്നുണ്ട്. പകർച്ചവ്യാധികൊണ്ട് വിശ്വാസിക്ക് നാല് ഗുണങ്ങൾ ലഭിക്കും,  1)ആഗ്രഹങ്ങളെ ചുരുക്കും. 2)കർമ്മങൾ നന്നാക്കും. 3)അശ്രദ്ധയിൽ നിന്ന് ഉണർവ്വ്. 4)അന്ത്യയാത്രക്കുള്ള പാഥേയും സ്വീകരിക്കും.

കൊറോണകാലത്ത് ഈപറഞ്ഞ നാല് കാര്യവും നമ്മുടെ മുമ്പിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഏതായാലും നാം റമദാനിലേക്ക് പ്രവേശിക്കുകയാണ് . അല്ലാഹു ആദരിച്ചവയെ ആദരിക്കുക എന്നത് വിശ്വാസിയുടെ രീതിയാണ്. ഖുർആൻ ഇങ്ങിനെ പറയുന്നു.

കാര്യമിതാണ്. ആരെങ്കിലും അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെ ആദരിക്കുന്നുവെങ്കില്‍ അത് ആത്മാര്‍ഥമായ ഹൃദയഭക്തിയില്‍ നിന്നുണ്ടാവുന്നതാണ്. (Sura 22 : Aya 32)

നമ്മുടെ സൂക്ഷമതാ ബോധത്തിൻെറ അടയാളമാണ് ആ ആദരവ്. റമദാൻ അല്ലാഹുവിന് പ്രിയപ്പെട്ടതാണ്
ആദരവോടെ റമദാനിനെ സമീപ്പിക്കാൻ നമുക്ക് കഴിയണം. അലസത നമ്മെ നശിപ്പിക്കും. തബൂക്കിന് വേണ്ടി ഒരുങ്ങാൻ പറഞ്ഞ സംന്ദർഭം ഖുർആൻ വിശദീകരിക്കുന്നുണ്ട്.

Also read: കൊറോണ കാലത്തെ ഇന്ത്യയിലെ ഇസ്​ലാമോഫോബിയ

അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങി പുറപ്പെടാന്‍ യഥാര്‍ഥത്തില്‍തന്നെ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനായി സജ്ജമാക്കേണ്ട സാമഗ്രികളൊക്കെ ഒരുക്കിവെക്കുമായിരുന്നു. എന്നാല്‍ അവര്‍ ഇറങ്ങിപ്പുറപ്പെടുന്നത് അല്ലാഹുവിന് അനിഷ്ടകരമായിരുന്നു. അതിനാല്‍ അവനവരെ തടഞ്ഞുനിര്‍ത്തി. അവരോടിങ്ങനെ പറയുകയും ചെയ്തു: “ഇവിടെ ചടഞ്ഞിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക.” (Sura 9 : Aya 46)

സാമഗ്രികൾ ഒരുക്കിവെക്കാൻ കൽപ്പനകിട്ടിയിട്ട് മടികാണിച്ച മുനാഫിക്കുകളെ കുറിച്ചാണ് ഈ പരാമർശം.
റമദാൻ പടിവാതിലിൽ എത്തിനിൽക്കുമ്പോൾ എന്ത് ഒരുക്കമാണ് നാം നടത്തിയത്?
പിന്നെയാവാം എന്ന അലസഭാവമാണൊ നമുക്ക്?

മഹാനായ ഇബ്നുൽ ഖയ്യിം വിശദീകരിക്കുന്നു, ഒരുങ്ങാത്തവരെ മടികൊണ്ടും, അലസതകൊണ്ടും ശിക്ഷിക്കും. പിന്നെ സൽക്കർമ്മം ചെയ്യാനുളള മനസ്സുണ്ടാവില്ല. അഥവാ റമദാനിൻെറ അനുഗ്രഹീതമായ നിമിഷങൾ അത്തരം ആളുകൾക്ക് ഉപകാരപ്പെടില്ല. അലസത വെടിഞ്ഞ് ഇപ്പോൾ തന്നെ നാം ആത്മീയമായും ഭൈതികമായും റമദാനിനുവേണ്ടി ഒരുങ്ങുക.

ചില സലഫുസ്വാലിഹുകൾ ആറു മാസം മുമ്പേ ഒരുങ്ങുമായാരുന്നു. പടച്ചവനേ റമദാനിലേക്ക് ഞങ്ങളെ എത്തിക്കണമേ എന്ന് അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. നമ്മുടെ ജീവിതത്തിൽ ഒരു റമദാൻ കിട്ടുക എന്നത് വലിയ ഭാഗ്യം തന്നെയാണ്. ഹദീസ് ഗ്രന്ഥങളിൽ ഇങ്ങിനെ ഒരു സംഭവം കാണാം.

ഒരിക്കൽ ഖുദാഅ ഗോത്രത്തിലെ രണ്ടാളുകൾ നബിയുടെ അടുത്തുവന്ന് ഇസ്ലാം സ്വീകരിച്ചു.  അവരിൽ ഒരാൾ യുദ്ധത്തിൽ രക്തസാക്ഷിയായി. രണ്ടാമൻ ഒരുവർഷം കഴിഞ് സ്വാഭാവിക മരണവും.  ത്വൽഹ (റ) ഇവരെ സ്വപ്നം കണ്ടു.  രക്തസാക്ഷിയായ സുഹൃത്ത് സ്വർഗത്തിൽ എത്തും മുമ്പെ സ്വാഭാവിക മരണം വരിച്ച സുഹൃത്ത് എത്തിയിരിക്കുന്നു.  ഇതിനെ കുറിച്ച് അദ്ദേഹം നബിയോട് ചോദിച്ചു.  നബി പറഞ്ഞു. ഒരുറമദാൻ മുഴുവൻ അദ്ദേഹത്തിന് കിട്ടി. ആറായിരത്തിൽ പരം റകഅത്തും നമസ്ക്കരിച്ചില്ലെ
അവർക്കിടയിൽ പ്രതിഫലത്തിലും വ്യത്യാസമുണ്ട്.  ആകാശ ഭൂമികൾക്കിടയിലുള്ള വ്യത്യാസം. 4

ഈ അനുഗ്രം നഷ്ടപ്പെടാതിരിക്കാൻ, റമദാനിൻെറ മുഴുവൻ നന്മകളും സ്വന്തമാക്കാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുക. അതുപോലെ തന്നെ നമ്മുടെ ഹൃദയത്തെ ശുദ്ധമാക്കി നിർത്തുക. പകയും വിദ്വേഷവും നിറഞ ഹൃദയത്തിലേക്കല്ല റമദാൻ വിരുന്നു വരേണ്ടത്.
മനുഷ്യരോടുള്ള ബന്ധങ്ങൾ നന്നാകുമ്പോഴാണ് നമ്മുടെ ആരാധനകൾ സ്വീകരിക്കപ്പെടുന്നത്. മനസ്സുകൾ അകന്ന അവസ്ഥയിലുള്ള ആരാധനകൾ ഫലശൂന്യമാണ്.

Also read: മുഹമ്മദ് ഹമാം: എഴുത്ത് കല ജീവിതമാക്കിയ മഹാപ്രതിഭ

പ്രവാചകൻ തീരുമേനി പഠിപ്പിക്കുന്നു. അയല്‍വാസിക്ക് ശല്യം ചെയ്യല്‍ സല്‍ക്കര്‍മങ്ങള്‍ നിഷ്ഫലമാകാനും നരകപ്രവേശത്തിനും ഹേതുവാകുമെന്നും അയല്‍വാസിക്ക് ശല്യം ചെയ്യാതിരിക്കല്‍ സ്വര്‍ഗപ്രവേശത്തിന് കാരണമാകുമെന്നും നബി(സ) പ്രസ്താവിച്ചിരിക്കുന്നു:
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരാള്‍ നബി(സ)യുടെ സന്നിധാനത്തില്‍ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ഇന്ന സ്ത്രീ ധാരാളമായി നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. പക്ഷേ, അവള്‍ തന്റെ അയല്‍വാസികള്‍ക്ക് നാവുകൊണ്ട് ശല്യം ചെയ്യുന്നു.’ നബി(സ) പറഞ്ഞു: ‘അവള്‍ നരകത്തിലാണ്.’ അയാള്‍ തുടര്‍ന്നു; ‘പ്രവാചകരേ, മറ്റൊരു സ്ത്രീ തന്റെ നമസ്‌കാരത്തിന്റെയും നോമ്പിന്റെയും കുറവിന്റെ കാര്യത്തില്‍ അറിയപ്പെടുന്നവളും അല്‍പം പാല്‍ക്കട്ടി കഷ്ണങ്ങള്‍ മാത്രം ദാനം ചെയ്യുന്നവളുമാണ്. പക്ഷേ, അവള്‍ അവളുടെ അയല്‍വാസികള്‍ക്ക് ശല്യം ചെയ്യുകയില്ല.’ തിരുമേനി പറഞ്ഞു: ‘അവള്‍ സ്വര്‍ഗത്തിലാണ്’ (അഹ്മദ്, ഇബ്‌നു ഹിബ്ബാന്‍).

എന്താണ് ഇവിടെ സംഭവിച്ചത് ദിക്റുകളും ദുആകളും ഉരുവിടുന്ന അതേ നാവുകൊണ്ട് അയൽവാസിയെ തെറിപറഞ്ഞു, ചീത്തവിളിച്ചു, അവരുടെ ബന്ധം ശരിയല്ല. ഈ അവസ്ഥയിലല്ല നാം റമദാനിലേക്ക് പ്രവേശിക്കേണ്ടത്.
എല്ലാം പറഞ്ഞ് തീർത്ത് പിണക്കം മാറ്റി, കാപട്യവും, അസൂയയും,കുശുമ്പും ഹൃദയത്തിൽ നിന്ന് പിഴുതെറിഞ്ഞ് നല്ല മനസോടെ പ്രവേശിക്കുക. എന്നാൽ ഈ റമദാൻ നമുക്ക് ഉപകാരപ്പെടും തീർച്ച. അടിച്ചു തുടച്ച് വൃത്തിയാക്കിവെച്ച ഹൃദയത്തിലേക്ക് റമദാൻ വിരുന്നുവരട്ടെ.

—————

  1. عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى ، عَنْ صُهَيْبٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ ؛ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ “.
    حكم الحديث: إسناده صحيح على شرط مسلم.
    صحيح مسلم | كِتَابٌ : الزُّهْدُ وَالرَّقَائِقُ | بَابٌ : الْمُؤْمِنُ أَمْرُهُ كُلُّهُ خَيْرٌ

2) عَنْ ثَابِتٍ ، قَالَ : سَمِعْتُ أَنَسَ بْنَ مَالِكٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” الصَّبْرُ عِنْدَ أَوَّلِ صَدْمَةٍ “.

حكم الحديث: إسناده صحيح على شرط الشيخين
سند أحمد |مُسْنَدُ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ.

3) ، عَنْ عَائِشَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، أَنَّهَا أَخْبَرَتْنَا، أَنَّهَا سَأَلَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنِ الطَّاعُونِ، فَأَخْبَرَهَا نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” أَنَّهُ كَانَ عَذَابًا يَبْعَثُهُ اللَّهُ عَلَى مَنْ يَشَاءُ، فَجَعَلَهُ اللَّهُ رَحْمَةً لِلْمُؤْمِنِينَ، فَلَيْسَ مِنْ عَبْدٍ يَقَعُ الطَّاعُونُ، فَيَمْكُثُ فِي بَلَدِهِ صَابِرًا، يَعْلَمُ أَنَّهُ لَنْ يُصِيبَهُ إِلَّا مَا كَتَبَ اللَّهُ لَهُ، إِلَّا كَانَ لَهُ مِثْلُ أَجْرِ الشَّهِيدِ “.
صحيح البخاري | كِتَابُ الطِّبِّ. | بَابُ أَجْرِ الصَّابِرِ فِي الطَّاعُونِ.

4) عَنْ أَبِي هُرَيْرَةَ ، قَالَ : كَانَ رَجُلَانِ مِنْ بَلِيٍّ حَيٍّ مِنْ قُضَاعَةَ أَسْلَمَا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَاسْتُشْهِدَ أَحَدُهُمَا، وَأُخِّرَ الْآخَرُ سَنَةً، قَالَ طَلْحَةُ بْنُ عُبَيْدِ اللَّهِ، فَأُرِيتُ الْجَنَّةَ، فَرَأَيْتُ الْمُؤَخَّرَ مِنْهُمَا أُدْخِلَ قَبْلَ الشَّهِيدِ، فَتَعَجَّبْتُ لِذَلِكَ، فَأَصْبَحْتُ، فَذَكَرْتُ ذَلِكَ لِلنَّبِيِّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أَوْ ذُكِرَ ذَلِكَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ – فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” أَلَيْسَ قَدْ صَامَ بَعْدَهُ رَمَضَانَ، وَصَلَّى سِتَّةَ آلَافِ رَكْعَةٍ – أَوْ كَذَا وَكَذَا رَكْعَةً – صَلَاةَ السَّنَةِ “.

حكم الحديث: إسناده حسن.
مسند أحمد

Related Articles