Columns

മുഹമ്മദ് ഹമാം: എഴുത്ത് കല ജീവിതമാക്കിയ മഹാപ്രതിഭ

അറബി കലിഗ്രഫി മേഖലയിൽ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച മഹാ പ്രതിഭ മുഹമ്മദ് മഹ്മൂദ് അബ്ദുൽ ആൽ ഹമാം ( 17-4-2020) ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു എന്ന വാർത്ത വളരെ ദുഃഖത്തോടെയാണ് കേൾക്കാനിടയായത്.

60 വർഷത്തെ തൻെറ എഴുത്ത് ജീവിതം വ്യത്യസ്തതകൾ കൊണ്ട് ധന്യമാക്കിയ ആ വലിയ കലാകാരൻ അറബ് ലോകത്തെ എഴുത്തിൻെറ കുലപതിയായിട്ടാണ് അറിയപ്പെടുന്നത്. 1935 ൽ ഈജിപ്തിലെ കൈറോയിലാണ് അദ്ദേഹത്തിൻെറ ജനനം. പതിനൊന്നാമത്തെ വയസ്സിൽ ഖുർആൻ മനപാഠമാക്കി എഴുത്ത് മേഖലയിലേക്ക് തിരിഞ്ഞ അദ്ദേഹം പതിയെ ഈജിപ്തിൽ പേരെടുത്ത അറബി കലിഗ്രഫറായി മാറാൻ തുടങ്ങുകയായിരുന്നു. തൻെറ മേഖല എഴുത്താണെന്ന് മനസ്സിലാക്കി അദ്ദേഹം 1953 ൽ എഴുത്ത് കലയെ കൂടുതൽ സ്വയത്തമാക്കാൻ കലിഗ്രഫി പഠിച്ചു തുടങ്ങി.

Also read: ഗാർഹികവിദ്യാഭ്യാസം വലിയ സാധ്യതയാണ്

1959ൽ ഈജിപഷ്യൻ വാർത്താ ചാനലിൽ അദ്ദേഹം ജോലിയിൽ കയറി. പിന്നീട് ചാനലിൽ നിന്ന് ഇറങ്ങി 1961 ൽ എഴുത്തിന് വേണ്ടി സ്വന്തമായി കലിഗ്രഫി ഡിപ്പാർട്ട്മെൻറ് ആരംഭിച്ചു. ഈജിപ്തിലെ പ്രധാന പത്രങ്ങളിലൊന്നായ ‘അൽ അഹ്റാം’ മിലെ എഴുത്ത് വിഭാഗത്തിൽ 1961 മുതൽ 1968 വരെ ജോലി ചെയ്തു.

പിന്നീട് ലിബിയയിലേക്ക് പോയ അദ്ദേഹം വിവര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ‘طرابلس الغرب’ എന്ന ലിബിയയിലെ തന്നെ അറിയപ്പെട്ട അറബി പത്രത്തിൽ അറബി എഴുത്ത് വിഭാഗത്തിൽ ജോലി ചെയ്തു. ലിബിയയിലെ പ്രമുഖ കലിഗ്രഫി വിദഗ്ദർ ലിബിയയിലെ വിദ്യാർത്ഥികൾക്ക് എഴുത്ത് പരിശീലനം നൽകാൻ തെരഞ്ഞെടുത്തത് ഇദ്ദേഹത്തെയായിരുന്നു. പ്രസ്തുത കോഴ്സിലൂടെ അധ്യാപകനായ അദ്ദേഹം നിരവധി ആർട്ടിസ്റ്റുകളെയും കലിഗ്രഫേഴ്സിനെയും ലിബിയക്ക് സംഭാവന ചെയ്തു. മൂന്ന് ബാച്ച്  പ്രസ്തുത കോഴ്സ് വിജയകരമായി പൂർത്തിയാക്കി. രണ്ട് വർഷമായിരുന്നു കോഴ്സിൻെറ കാലാവധി. ഈ കോഴ്സിൻെറ ഫലമായിട്ടാണ് ലിബിയയിൽ അദ്ദേഹം ‘ഇബ്നു മുഖില്ല’ എന്ന പേരിൽ അറബി കലിഗ്രഫി സെൻറര്‍ സ്ഥാപിക്കുന്നത്.

1977 ൽ ഈജിപ്തിലേക്ക് മടങ്ങിയ അദ്ദേഹം ‘مجلة أكتوبر’ എന്ന മാഗസിനിൽ ജോലിയിൽ പ്രവേശിച്ചു. നിരവധി എക്സിബിഷനുകളിൽ അദ്ദേഹത്തിൻെറ വരകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബഹറൈനിലേക്ക് നാല് ലഘു എഴുത്ത് പുസ്തകങ്ങൾ തയ്യാറാക്കി നൽകി. ബ്രിട്ടീഷ് ഗവൺമെൻ്റിൻെറ കീഴിൽ അറബി സംസാരിക്കാനറിയാത്തവർക്കായുള്ള സംരംഭത്തിനായി പ്രത്യേക ഗ്രന്ഥവും എഴുതി നൽകിയതോടെ ലോകത്ത് അറബി കലിഗ്രഫിയിൽ തൻ്റേതായ ഇടം അദ്ദേഹം കണ്ടെത്തി. 2010 ൽ ഈജിപ്ത് ഫ്രാൻസിൽ സംഘടിപ്പിച്ച കലിഗ്രഫി എക്സിബിഷനിൽ അദ്ദേഹം പ്രത്യേക സാന്നിധ്യമായി. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട്, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ സംഘടിപ്പിക്കപ്പെട്ട അറബി കലിഗ്രഫി എക്സിബിഷനുകളിലൂടെ അദ്ദേഹം കൂടുതൽ അറിയപ്പെടുകയായിരുന്നു. ബാഹ്യ സൗന്ദര്യത്തേക്കാൾ അറബി എഴുത്ത് കലയിൽ ഓരോ അക്ഷരത്തിൻ്റെയും വ്യത്യസ്ത ഭാവ വ്യത്യാസങ്ങളാണ് കലിഗ്രഫിയിലൂടെ മനസ്സിലേക്ക് വരേണ്ടതെന്ന് തീർച്ചയാണ്.

ക്ലാസ്സിക്കൽ അറബി കലിഗ്രഫിയെ തന്മയ് ഭാവത്തോടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻെറ കഴിവ് എടുത്തു പറയേണ്ടതാണ്. എഴുത്ത് കല കേവലമായ പെയിൻ്റ് രീതിയല്ലെന്ന് അദ്ദേഹം പ്രവർത്തിപഥത്തിലൂടെ വരച്ചു കാട്ടി. സാങ്കേതിക സംവിധാനങ്ങളുടെ കടന്നു വരവിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. പ്രാചീന എഴുത്ത് രീതികളെ ഖത്താത്തിൻെറ വിരലുകൾക്ക് പരിചയമുണ്ടാവുന്നത് പോലെ കമ്പ്യൂട്ടറുകൾക്ക് കഴിയില്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ഇന്ന് ലോകത്ത് പരമ്പരാഗത ഖത്താത്തുകൾ കൂടുതലുള്ള രാജ്യങ്ങളാണ് ഈജിപ്ത്, മൊറോക്കോ, അൾജീരിയ, ലിബിയ തുടങ്ങിയവ. കമ്പ്യൂട്ടർ വിപ്ലവത്തോടെ ഈജിപ്തിലെ എന്നല്ല ലോകത്തെ പരമ്പരാഗത ഖത്താത്തീങ്ങളും അവരുടെ ക്ലാസിക്കൽ നിർമ്മിതികളും നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി എന്നത് വാസ്തവമാണ്.

പ്രാർത്ഥനയോടെ… അല്ലാഹു അദ്ദേഹത്തിൻെറ ഖബർ ജീവിതം സ്വർഗീയമാക്കിത്തീർക്കട്ടെ…. ആമീൻ

Facebook Comments
Related Articles

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.
Close
Close