Current Date

Search
Close this search box.
Search
Close this search box.

അംഗീകരിക്കപ്പെടേണ്ടതുണ്ട് ഓരോ മനുഷ്യനും

തനിക്ക്‌ ചുറ്റിനുമുള്ള ആളുകളാൽ താൻ അംഗീകരിക്കപ്പെടുക എന്നത് മറ്റേതൊരു കാര്യവും പോലെ തന്നെ ചിന്താശേഷിയും കഴിവുമുള്ള മാനവകുലത്തിൽ പിറന്ന ഏതൊരാളും ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ഓരോ മനുഷ്യന്റെയും ഉള്ളിൽ അംഗീകാരത്തിന് (acceptance) വേണ്ടിയുള്ള തൃഷ്ണയും അംഗീകരിക്കപ്പെടാനുള്ള അതിയായ ആഗ്രഹവും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് മനുഷ്യർ സാമൂഹികമായ ഇടപെടലുകൾ നടത്തുമ്പോഴും അതേപോലെ കുടുംബ ചുറ്റുപാടുകളുമായി ഇടകലരുമ്പോഴും മറ്റുള്ളവരിൽ മതിപ്പ് ഉളവാക്കത്തക്ക രീതിയിലോ, താൻ പ്രത്യേകം ശ്രദ്ധിയ്ക്കപ്പെടത്തക്ക രീതിയിലോ അതുമല്ലെങ്കിൽ ആളുകളിൽ ഉന്മേഷവും സന്തോഷം പകരുന്നതോ ആയ ചില കാര്യങ്ങളൊക്കെ ചെയ്യാൻ ഉത്സാഹം കാണിക്കുന്നത്. ചിലപ്പോഴെല്ലാം മാതൃകാപരമായ പെരുമാറ്റ രീതികളും (behaviour) മര്യാദകളും (manners) കൊണ്ട് അവരുടെ പ്രീതി പിടിച്ചുപറ്റാൻ നോക്കുന്നത്. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ് എന്ന കാര്യം നമുക്ക് അറിയാമല്ലോ. കുടുംബസാമൂഹിക പരിസ്ഥിതികളിൽ അവൻ/അവൾ വേണ്ട വിധത്തിൽ സ്വീകാര്യർ അല്ലാതെയായി പോകുന്നത്, എപ്പോഴും മറ്റുള്ളവരാൽ താൻ നിരാകരിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം സംജാതമാകുന്നത് അയാളെ മാനസികമായി തളർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യും. ഈ അവസ്ഥയിൽ അരക്ഷിതബോധം അയാളെ കീഴടക്കാൻ അധികം വൈകില്ല എന്ന് പറയേണ്ടതില്ലല്ലോ. ഒന്നുകിൽ ആ മനുഷ്യൻ തന്നിലേക്ക് മാത്രമായി ചുരുങ്ങിപ്പോകും, അല്ലെങ്കിൽ സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടി മറ്റൊരിടം കണ്ടെത്തും. അതല്ലെങ്കിൽ മാനസ്സിക സമ്മർദ്ദം താങ്ങാൻ കഴിയാതെ വിഷാദരോഗം പിടിപെടും, ആത്മഹത്യക്ക് വരെ വഴിയൊരുക്കും

അംഗീകാരത്തിന് മനശാസ്ത്രപരമായ ഒരു വശം കൂടെയുണ്ട്. ഒരു കുഞ്ഞിന്റെ മാനസിക വളർച്ചയ്ക്കും വികാസത്തിനും അവിഭാജ്യമായൊരു ഘടകം കൂടെയാണ് അംഗീകാരം, അതുകൊണ്ട് അതിനെ നമ്മൾ ഒരിക്കലും അത്ര ചെറുതായി കാണണ്ട. കുഞ്ഞുങ്ങൾ അവർക്ക് പറ്റുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യുമ്പോൾ വെറുതെ ജസ്റ്റ് ഒന്ന് പറഞ്ഞാൽ മതി, ഹായ് എന്റെ കുട്ടിയാണോ ഇത് ചെയ്തത്? എന്നിട്ട് സ്നേഹത്തോടെ കവിളിൽ ഒരു മുത്തം വെച്ചുകൊടുക്കുക. ആ നേരത്ത് നമ്മുടെ മുഖത്ത് അത്രയ്ക്കും സന്തോഷം പ്രകടമാവണം. അവർ അഭിമാനപൂരിതരാകും, ഉള്ളിൽ സന്തോഷം വന്ന് തളംകെട്ടും. അവൻ/അവൾ ചെയ്ത ഒരു കാര്യത്തെ അവരുടെ അച്ഛനും അമ്മയും അംഗീകരിച്ച സംതൃപ്തിയാണ് അവരെ അപ്പോൾ അഭിമാനം കൊള്ളിച്ചത്.

Also read: ഗാർഹികവിദ്യാഭ്യാസം വലിയ സാധ്യതയാണ്

വളർന്നു പ്രായപൂർത്തിയെത്തി കൗമാരത്തിലേയ്ക്ക് കടക്കുമ്പോൾ ഇക്കാര്യം ഒന്നുകൂടെ ശ്രദ്ധിക്കണം. ഒരു കുട്ടി തന്നിലെ “തന്നെ” അറിയാൻ തുടങ്ങുന്ന, അവരിലെ വ്യക്തിത്വത്തെ (individuality)ക്കുറിച്ച് ബോധം വെച്ച് തുടങ്ങുന്ന ഒരു കാലഘട്ടമാണ് കൗമാരം. തന്നെ, തന്റെ അഭിപ്രായങ്ങളെ, ഇഷ്ടങ്ങളെ, തീരുമാനങ്ങളെ ആരും വിലകല്പിക്കുന്നില്ല, താൻ അംഗീകരിക്കപ്പെടുന്നില്ല എന്ന തോന്നൽ അവരിൽ ഉണ്ടായാൽ അവരെ സംബന്ധിച്ചിടത്തോളം അത് അസഹനീയമാണ്, ചില അവസരങ്ങളിൽ പ്രകോപിതരാവും. ശബ്ദമുയത്തി സംസാരിക്കുന്നുണ്ടാവും അവർ മാതാപിതാക്കളുടെ മുന്നിൽ. ഈ കുട്ടിയെ തനിയ്ക്ക് നിയന്ത്രിയ്ക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് മാതാപിതാക്കൾ ടെൻഷനിലാവും. പക്ഷെ വെറീഡ് ഒന്നും ആവേണ്ട, ഇത്രയും മനസ്സിലാക്കിയാൽ മതി, മക്കൾക്ക് വേണ്ടത് അംഗീകാരമാണ്. അവരെ കേൾക്കാൻ, അറിയാൻ, മനസ്സിലാക്കാൻ അവരെ അവരായി തന്നെ അംഗീകരിക്കാൻ അല്ലെങ്കിൽ ഉൾക്കൊള്ളാനുള്ള ഒരു മനസ്സാണ് വേണ്ടത്. മിക്ക കൗമാരപ്രായക്കാരുടെയും പരാതി അച്ഛനമ്മമാർ മനസ്സിലാക്കുന്നില്ല എന്നതാണ്, അച്ഛനമ്മമാർക്ക് പറയാനുള്ളതും മറ്റൊന്നുമല്ല ഇത് തന്നെയാണ്. കൗമാരം സാമൂഹിക അംഗീകാരത്തെ(social acceptance)ക്കുറിച്ച് വരെ ആകുലപ്പെടാൻ തുടങ്ങുന്ന കാലമാണ്. തന്നെ ആളുകൾക്ക് ഇഷ്ടമാവുന്നുണ്ടോ, തനിക്ക് ഭംഗി പോരല്ലോ എന്നിങ്ങനെ ഒട്ടേറെ പ്രശനങ്ങൾ അവരെ അലട്ടുന്നുണ്ട്. അതെല്ലാം മറികടക്കാൻ അവരിൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കും, അനുഭവങ്ങളും അതിൽ നിന്നുള്ള പാഠങ്ങളും അവരെ സഹായിക്കുമെങ്കിലും നമ്മൾ അവരെ മനസ്സിലാക്കാതെ പോവരുത്. അതുവരെ വീട്ടിലും സ്‌കൂളിലും അദ്ധ്യാപകരാലോ, കൂട്ടുകാരാലോ അംഗീകരിക്കപ്പെടാതെ പോകുമ്പോൾ പരിഗണന ലഭിക്കാതെ പോകുമ്പോൾ ഒരുപക്ഷേ ആഴത്തിൽ വേദന അനുഭവപ്പെട്ടിരിക്കാം പക്ഷെ ഇത്രത്തോളം അവരെ അത് അലോസരപ്പെടുത്തി കാണില്ല. ഇന്ന് അവർ അംഗീകരിക്കപ്പെടുന്നില്ല എന്ന ചിന്ത അവരിൽ മാനസികസംഘർഷം സൃഷ്ടിക്കാൻ ഇടയുണ്ട്.

വളരെ ചെറുപ്പത്തിലെ അംഗീകാരം ലഭിച്ചു വളർന്ന ഒരു കുഞ്ഞിൽ മറ്റു കുഞ്ഞുങ്ങളെ അപേക്ഷിച്ച് സമ്പുഷ്ടമായ മനസികാരോഗ്യം നിലനിൽക്കും മാനസിക വളർച്ചയുടെയും വികാസത്തിന്റെയും തോത് താരതമ്യേന കൂടുതലും ആയിരിക്കും. അംഗീകാരം എന്നാൽ തെറ്റിദ്ധരിക്കരുത് അത് ഒരിയ്ക്കലും കൊച്ചുകുട്ടികളെ വലിയ മനുഷ്യരെ പോലെ കാണലോ, പരിഗണിക്കലോ, ലാളന നൽകി തലയിൽ കയറ്റി നിർത്താലോ, അവരുടെ താളത്തിനൊത്ത് തുള്ളലോ ഒന്നുമല്ല എന്ന് മുൻകൂർ പറഞ്ഞു വെയ്ക്കുന്നു കാരണം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. ഒരു കൊച്ചുകുട്ടി അവന്റെ പ്രായത്തേക്കാൾ പക്വത കാണിക്കുന്നതൊക്കെ കൊള്ളാം പക്ഷെ അത് ഷോ ഓഫ് ആയി മാറുന്നത് അരോചകമാണ്. കുട്ടികൾ അവരുടെ പ്രായത്തിനൊത്ത പക്വത കാണിക്കുന്നോ എന്നുള്ളതാണ് ഉറപ്പ് വരുത്തേണ്ടത്. കേൾക്കുന്ന, അറിയുന്ന, അനുഭവിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും അത് മനസ്സിലാക്കി പെരുമാറാനുള്ള വിവേകവും കുഞ്ഞിൽ വർക്ക് ഔട്ട് ആവുന്നോ എന്നത് ഉറപ്പ് വരുത്തണം.

ഒരാൾ അവനവനെ തന്നെ അംഗീകരിക്കേണ്ടതുണ്ട് അല്ലാത്തപക്ഷം അയാളിൽ മാനസികപരമായ അസ്വാരസ്യം അനുഭവപ്പെടും. അപകർഷതാബോധം അലട്ടും. അവനവനെ ഇഷ്ടപ്പെടാനും സ്നേഹിക്കാനും സാധിക്കാതെ വരികയും അത് അയാളെ സ്വയം വെറുക്കുന്ന അവസ്‌ഥയിൽ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യും.. മനസ്സിൽ അവനവനെക്കുറിച്ച് നല്ലൊരു മതിപ്പ് ഇല്ലാതാവുന്നതൊക്കെ ഇതാണ് കാരണം. ആ വ്യക്തിയ്ക്ക് ആരെയും സ്നേഹിയ്ക്കാൻ സാധിക്കാതെ വരും. ലോകത്തോട് തന്നെ ഒരു നെഗറ്റിവ് മനോഭാവം വെച്ചുപുലർത്തുന്ന ആളായി മാറും ഒരാളെ അംഗീകരിക്കാനോ അയാളുടെ കഴിവുകളെയോ ഗുണങ്ങളെയോ തിരിച്ചറിയാൻ ഇത്തരം ആളുകൾ പൊതുവെ തയാറാവാറില്ല.

Also read: മനസ്സിൽ നിന്നും മനസ്സിലേക്കൊഴുകുന്ന ഉൽപന്നങ്ങളുടെ ഒരു മഹാപ്രവാഹമാണ് സകാത്ത്

1) അതുകൊണ്ട് അവനവനെ സ്വയം അംഗീകരിക്കാൻ പഠിക്കുക എന്നതാണ് ആദ്യ സ്റ്റെപ്പ്. അച്ഛനമ്മമാർ സ്വന്തം മക്കൾക്ക് അവരവരെക്കുറിച്ച് ഒരു പൊസിറ്റിവ് ഇമ്പ്രെഷൻ ഉണ്ടാക്കി കൊടുക്കണം.

ഇതിന് രക്ഷിതാക്കൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ, അവർക്ക് അവരെ അംഗീകരിക്കാൻ തക്ക രീതിയിൽ അവരെ മോൾഡ് ചെയ്യാൻ അവരെ സഹായിക്കുക, കൂടെ നിൽക്കുക എന്നുള്ളതാണ്.

2) പൊതുഇടങ്ങളിൽ ആളുകൾക്കിടയിൽ ആർക്കും മതിപ്പ് ഉളവാക്കുന്ന രീതിയിലുള്ള പെരുമാറ്റവും ശരീരഭാഷയും സംസാരവും അവരിൽ ഉണ്ടാവുന്നത് വളരെ ഉപകരിക്കും. അത് വീട്ടിൽ നിന്ന് തന്നെ ശീലമാക്കി എടുക്കാം. പക്ഷെ നിർബ്ബന്ധിക്കരുത് ഒന്നിനും. സൗഹൃദപരമായി പറഞ്ഞുകൊടുക്കുന്നതാണ് ഉത്തമം.

വീട്ടിൽ അതിഥികൾ വരുമ്പോഴോ ഒരു പൊതുസ്ഥലത്ത് പരിപാടികളിൽ പങ്കെടുക്കുമ്പോഴോ പെറ്റുമാറ്റത്തിൽ പിഴവുകൾ കണ്ടെത്തിയാൽ പറഞ്ഞുകൊടുക്കാം. മുഷിപ്പിക്കാതെ വേണം പറഞ്ഞുകൊടുക്കാൻ.

3) കുഞ്ഞിന്റെ ഉള്ളിൽ മൂല്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ബോധം ഉണ്ടാവുന്നത് ഇത്തരം വേളകളിൽ അവരെ ഒരുപാട് സഹായിക്കും.

അവരെ സ്വാധീനിക്കാൻ പലവിധത്തിലുള്ള കഥകൾ പറഞ്ഞുകൊടുക്കാം. സാധാരണ മനുഷ്യരേക്കുറിച്ച് പറയണം മഹാന്മാരെക്കുറിച്ചും പറയണം. കൃഷിക്കാരനായാലും കൂലിവേലക്കാരനായാലും ഡോക്ടറോ അധ്യാപകനോ ഒരു പോലീസ് ഉദ്യോഗസ്ഥനോ ആരുമാവട്ടെ ആ മനുഷ്യനിലെ മഹത്വവും അവനെ ഉന്നതാനാക്കുന്നതും അയാൾ ചെയ്യുന്ന തൊഴിൽ അല്ല, അവനിലെ ചില ഗുണങ്ങൾ ആണെന്ന് ഓർമ്മപ്പെടുത്തി കൊടുക്കണം

4) കുട്ടികൾ അർഹിക്കുന്നത് നേടിയെടുക്കണമെങ്കിൽ അവർക്ക് അവരെക്കുറിച്ച് ഒരു അഭിപ്രായവും ബോധ്യവും വേണം എങ്കിലേ അവർക്ക് അതിന് കഴിയുള്ളൂ. മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ധനമായി മാറുകയാണ് അവർക്ക് ലഭിക്കുന്ന അംഗീകാരം. ഇക്കാര്യത്തിൽ മാതാപിതാക്കൾ നിരാലംബഭാവം പ്രകടിപ്പിക്കരുത്.

5) തനിയ്ക്ക് ലഭിക്കുന്ന ഓരോ അംഗീകാരവും മനുഷ്യരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനാൽ, ഒരു കുട്ടി എന്ത് ചെയ്യുമ്പോഴും ആ കുട്ടിയുടെ കൂടെ നിൽക്കും അവന്റെ/അവളുടെ മനസ്സ്. അത് വലിയ പോസിറ്റിവ് എനർജിയാണ് പകരുന്നത്.

6)മാതാപിതാക്കളും സുഹൃത്തുക്കളും ഗുരുക്കന്മാരും തന്നെ അംഗീകരിക്കുന്നു താൻ നല്ലൊരു വ്യക്തിയാണെന്ന ബോധം നമ്മുടെ കുട്ടിയെ സംതൃപ്‌തനാക്കുന്നതിനാൽ കുഞ്ഞ് തെറ്റായ വഴികളിലേക്ക് പ്രലോഭിപ്പിക്കപ്പെടുന്നതിൽ നിന്ന് മോചിതനാവും. കാരണം ആത്യന്തികമായി മാനുഷ്യൻ അംഗീകാരവും സംതൃപതിയും സന്തോഷവും അത് കഴിഞ്ഞു അല്പം സമാധാനവുമാണ് തേടുന്നത്. വലിയ തെറ്റില്ലാത്ത രീതിയിൽ അവൻ നിൽക്കുന്ന ചുറ്റുപാടിൽ നിന്ന് തന്നെ ഇതൊക്കെ കിട്ടുന്നെങ്കിൽ പ്രലോഭനങ്ങളിൽ ചെന്ന് വീഴാനോ വഴി തെറ്റാനോ ഉള്ള ചാൻസ് കുറവാണ്.

സൗഹൃദപരമായി തിരുത്താൻ കഴിവുള്ള മാതാപിതാക്കൾ ഉണ്ടാവണം. ഒരു പൊസിറ്റിവ് ആയ ഒരു സമീപനം (approach) ആണ് അച്ഛനമ്മമാർ സ്വീകരിക്കുന്നതെങ്കിൽ കുഞ്ഞുങ്ങളും നല്ലൊരു പൊസിറ്റിവ് മനോഭാവമുള്ളവരായി മാറും. അച്ഛനമ്മമാർക്ക് എന്നും അഭിമാനമായി തീരും ഇത്തരം മക്കൾ.

Related Articles