Current Date

Search
Close this search box.
Search
Close this search box.

ഒരു കന്യാസ്ത്രീ ഖുര്‍ആന്‍ വായിച്ചപ്പോള്‍

ഇന്തോനേഷ്യയിലെ ഒരു കത്തോലിക്കന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. സമ്പന്നമായ കുടുംബമായതുകൊണ്ടുതന്നെ ഏറ്റവും നല്ല വിദ്യാഭ്യാസം എനിക്കു ലഭിച്ചു. ഇന്തോനേഷ്യയിലെ ബഹുഭൂരിപക്ഷം വരുന്ന മുസ് ലിംകളെന്നാല്‍ എനിക്ക് ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ ഒരു കൂട്ടമായിരുന്നു. ഞങ്ങള്‍ കൃസ്ത്യാനികള്‍ വളരെ സമ്പന്നരും അഭ്യസ്തവിദ്യരും മുന്തിയ ഷൂസുകള്‍ ധരിക്കുന്നവരുമാണെന്ന കാഴ്ചപ്പാടില്‍ ഞാനെത്തിച്ചേര്‍ന്നു. ഒരുപാട് കാലത്തിനുശേഷം, ഒരു കത്തോലിക്കന്‍ കന്യാസ്ത്രീ ആയിത്തീരാനുള്ള പഠനകാലത്താണ് ഇതൊരു പൊള്ളയായ കാഴ്ചപ്പാടാണെന്ന് എനിക്ക് മനസിലായത്.

ജീവിതത്തെ ദൈവത്തിന് സമര്‍പ്പിക്കുന്നു
ചെറുപ്പം മുതല്‍ തന്നെ എനിക്ക് മതനിര്‍ദേശങ്ങള്‍ കിട്ടിത്തുടങ്ങിയിരുന്നു. കൗമാരക്കാരിയായപ്പോള്‍ ഞാന്‍ ചര്‍ച്ചിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങി. അന്നേ കന്യാസ്ത്രീയായിത്തീരാനുള്ള മോഹമുണ്ടായിരുന്നു ഉള്ളില്‍.
ഐഹിക ജീവിതമുപേക്ഷിച്ച് ഒരു മഠത്തില്‍ കഴിഞ്ഞുകൂടുകയെന്നതാണ് ഒരു സഭാവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തരമായ വഴി. ഞാനും എന്റെ ജീവിതത്തെ ദൈവത്തിന് സമര്‍പ്പിക്കാനാഗ്രഹിച്ചു. ഹൈസ്‌കൂള്‍ പഠനശേഷം ദൈവവിളി പിന്തുടര്‍ന്ന് ഒരു സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു.

മതതാരതമ്യപഠനം
എന്റെ തീരുമാനം കേട്ട മാതാപിതാക്കള്‍ തെല്ലൊന്നമ്പരന്നു. അഞ്ചു മക്കളിലെ ഏക പെണ്‍തരിയായ ഞാന്‍ എപ്പോഴും കൂടെയുണ്ടാവണമെന്നാണ് അവരാഗ്രഹിച്ചത്. പക്ഷേ അവസാനം എന്റെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ അവര്‍ വഴങ്ങി.
പള്ളിയിലെ പരിശീലനകാലം ഒട്ടും ദുഷ്‌കരമായിരുന്നില്ല. മഠത്തിന് പുറത്ത് സംഘടിപ്പിക്കപ്പെട്ട പ്രത്യേക പരിശീലനങ്ങള്‍ക്കും ഞാന്‍ തെരെഞ്ഞെടുക്കപ്പെട്ടു. ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മതതാരതമ്യപഠനമാരംഭിച്ച ഞാന്‍ ഇസ് ലാമിനെക്കുറിച്ച് പഠിക്കാനാണ് നിയോഗിക്കപ്പെട്ടത്. മുസ് ലിം ഭൂരിപക്ഷ രാഷ്ട്രത്തിലാണ് ജനിച്ചുവീണതെന്നതൊഴിച്ചാല്‍ ഞാന്‍ ഇസ് ലാമിനെ അടുത്തുപരിചയപ്പെടുന്നത് അക്കാലത്താണ്. മുസ് ലിംകളെക്കുറിച്ച് പണ്ടേ കേട്ടിരുന്ന മുന്‍വിധികളെയാണ് എനിക്കിവിടെയും കാണാനായത്. ഇരുപത് വയസുമാത്രമുള്ള എനിക്ക് അത് സ്വീകരിക്കാനാകുമായിരുന്നില്ല. ഞാന്‍ എന്റേതായ രീതിയില്‍ പഠനമാരംഭിച്ചു.

Also read: വൈറല്‍ പാട്ടുകാരന്‍

ചോദ്യംചെയ്യലുകള്‍
മുസ് ലിംകള്‍ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളെക്കുറിച്ച് പഠിച്ച എനിക്ക് ദാരിദ്ര്യവും വിദ്യാഭ്യാസവും പോലുള്ള പ്രശ്‌നങ്ങള്‍ അവിടെയും കണ്ടെത്താനായി. ഇന്ത്യ, ചൈന, ഫിലിപ്പൈന്‍സ് തുടങ്ങി രാഷ്ട്രങ്ങളെപ്പറ്റിയാണ് ഞാന്‍ പഠിച്ചത്.
അധ്യാപകന്റെ അടുത്തുചെന്ന ഞാന്‍ എനിക്കു കിട്ടിയ വിവരങ്ങള്‍ കൈമാറി. ഇസ് ലാമിനെക്കുറിച്ചു പഠിക്കാന്‍ ഞാന്‍ അനുവാദം ചോദിക്കുകയും ചെയ്തു. ഇസ് ലാമിലെ ദൗര്‍ബല്യങ്ങളും പ്രശ്‌നങ്ങളും കണ്ടത്തണമെന്ന നിബന്ധനയോടെ അദ്ദേഹം സമ്മതം മൂളി.

ആദ്യമായി ഖുര്‍ആന്‍ വായിക്കുമ്പോള്‍
ഞാനെന്റെ ദൗത്യം ആരംഭിച്ചു. എന്തെങ്കിലും കുറവുകള്‍ കണ്ടെത്തണമെന്ന ലക്ഷ്യത്തോടെ മറുകയ്യില്‍ വിവര്‍ത്തനവും പിടിച്ച് ഞാന്‍ ഖുര്‍ആന്‍ വായനയാരംഭിച്ചു. ഖുര്‍ആന്‍ വലത്തുനിന്നാണ് ആരംഭിക്കുന്നതെന്ന് എനിക്കപ്പോഴാണ് മനസിലായതെങ്കിലും മറ്റേതൊരു പുസ്തകവും പോലെ ഞാനതിന്റെ വായന തുടങ്ങി. ‘പറയുക, അല്ലാഹു ഏകനാണ്. അവനിലാണ് പരമമായ അഭയം. അവന് സന്താനങ്ങളില്ല. അവനെയാര്‍ക്കും സൃഷ്ടിക്കാനുമാകില്ല. അവന് സമന്മാരായും ആരുമില്ല’-സൂറത്തുല്‍ ഇഖ്‌ലാസ്.
ഈ അധ്യായം എന്നെ അത്ഭുതപ്പെടുത്തി. എന്റെ ഹൃദയം ആ വാദത്തോട് യോജിക്കുകയും എന്നിലത് ഇളക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

Also read: ടെക്‌നോളജിയുടെ മതം

ത്രിയേകത്വത്തെ ചോദ്യംചെയ്യുന്നു
സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്ത ശേഷം ഞാന്‍ പാതിരിയുടെ അടുത്തേക്കാണ് പോയത്. ദൈവത്തിന്റെ ഉണ്മയെപ്പറ്റിയുള്ള സംശയങ്ങളായിരുന്നു എന്റെ മനസുനിറയെ. അതെനിക്കൊട്ടും മനസിലായതുമില്ല. എങ്ങനെയാണ് ദൈവത്തിന് ഏകനും അതേസമയം ത്രിത്വസ്വഭാവമുള്ളവനും ആവാന്‍ കഴിയുന്നത്? ദൈവം ഏകനാണെന്നും എന്നാല്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ അവതാരങ്ങളും ഏകനായ ദൈവത്തിനുണ്ടെന്നുമുള്ള മറുപടിയാണ് എനിക്ക് ലഭിച്ചത്. ഇതാണ് ത്രിയേകത്വം- അദ്ദേഹം പറഞ്ഞുനിര്‍ത്തി.
ആ വിശദീകരണത്തില്‍ സംതൃപ്തയായി മടങ്ങിയ എന്റെ മനസിനെ സൂറത്തുല്‍ ഇഖ്‌ലാസ് പിന്നെയും കൊളുത്തിവലിച്ചു. നേരം വെളുത്തയുടനെ ഞാന്‍ അധ്യാപകനടുത്തേക്കാണ് പോയത്. ത്രിയേകത്വം മനസിലാക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. നേരെ ഒരു ബോര്‍ഡിനടുത്തു ചെന്ന അദ്ദേഹം ഒരു ത്രികോണം വരച്ച ശേഷം അതിലെഴുതി: AB=BC=CA. ത്രികോണം ഒന്നാണെങ്കിലും അതിന് മൂന്ന് കോണുകളുണ്ട്. ദൈവത്തിന്റെ കാര്യത്തിലും ത്രിയേകത്വത്തി്‌ന്റെ കാര്യത്തിലും അതിനു സമാനമാണ് കാര്യങ്ങള്‍-അദ്ദേഹം വിശദീകരിച്ചു.

നിയമങ്ങളെ അനുസരിക്കുക
കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍, ഒരു ദിവസം ദൈവം നാലു കോണുകളുളള ചതുരമായിക്കൂടേയെന്നായിരുന്നു എന്റെ അടുത്ത സംശയം. അതു സാധ്യമല്ലെന്ന് അധ്യാപകന്‍ വാദിച്ചു. എന്തുകൊണ്ടെന്നായി ഞാന്‍. ക്ഷമകെട്ട അയാള്‍ വീണ്ടും പറഞ്ഞു: കാരണം തീര്‍ത്തും അസാധ്യമായ കാര്യമാണത്. വീണ്ടും ചോദ്യം ചോദിക്കുന്നത് തുടര്‍ന്ന എനിക്ക് അവസാനം മറുപടി കിട്ടി: ‘കാര്യമെന്തെന്ന് മനസിലായില്ലെങ്കിലും നിയമങ്ങള്‍ അനുസരിച്ചാല്‍ മാത്രം മതി. അത് സ്വീകരിച്ച് മനസില്‍ ദഹിപ്പിക്കുക എന്നതുമാത്രമാണ് മാര്‍ഗം. അതിനെ ചോദ്യംചെയ്താല്‍ നീ കുറ്റക്കാരിയാകും.’ എനിക്കതൊരിക്കലും ദഹിക്കുകയോ ഞാനത് സ്വീകരിക്കുകയോ ചെയ്തില്ല. രാത്രികളില്‍ ഞാന്‍ ഖുര്‍ആന്‍ വായന തുടര്‍ന്നു. സൂറത്തുല്‍ ഇഖ്‌ലാസ് എന്റെ ഹൃദയത്തെ പിടിച്ചുലച്ചുകൊണ്ടിരുന്നു. ദൈവം ഏകനാണെന്നും അവനെയാരും സൃഷ്ടിക്കുകയോ അവന്‍ സന്താനങ്ങള്‍ക്ക് ജന്മം നല്‍കുകയോ ഇല്ല. എനിക്ക് കാര്യങ്ങള്‍ വ്യക്തമായി. ത്രിയേകത്വം എന്ന ആശയം തന്നെ മനുഷ്യനിര്‍മിതമാണെന്ന് സ്വന്തമായ രീതിയില്‍ ഗവേഷണം നടത്തിയ എനിക്ക് മനസിലാക്കാനായി. എഡി 325-ലെ നികിയ സുനഹദോസിലാണ് ആ ആശയം അവതരിപ്പിക്കപ്പെട്ടത്. ഈ സത്യങ്ങള്‍ എന്റെ കത്തോലിക്കന്‍ സ്വത്വത്തില്‍ ആഴത്തിലുള്ള മുറിവുകളാണുണ്ടാക്കിയത്. കണ്മുന്നില്‍ എല്ലാം മാറിമറിയുകയായിരുന്നു.

Also read: കലയും ജ്യാമിതീയ കലാ രൂപങ്ങളും

എന്റെ അവസാന അഭയം
പിന്നെയും ആറുവര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഒരു മുസ് ലിമാവാനും എന്റെ മതവിശ്വാസം പരസ്യപ്പെടുത്താനുമുള്ള ധൈര്യം കൈവന്നത്. ശഹാദത്തെടുക്കാനായി സമീപിച്ച പണ്ഡിതന്‍ ചോദിച്ചത് ഇതിന്റെ പരിണിതഫലങ്ങള്‍ സഹിക്കാന്‍ തയ്യാറല്ലേയെന്നാണ്. മതംമാറ്റം എളുപ്പമാണ്. ശേഷമുള്ള ജീവിതം മുഴുക്കെ നീണ്ടുനില്‍ക്കുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാനാണ് പണിപ്പെടേണ്ടിവരിക-അദ്ദേഹം എന്നോട് പറഞ്ഞു.
ഞാന്‍ മാനസികമായി തയാറായി. എനിക്കെന്നെയും ആത്മാവിനെയും രക്ഷപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഇനിയും തെറ്റായ വിധിവിലക്കുകളെ മുറുകെപ്പിടിച്ച് ജീവിക്കുക സാധ്യമല്ല. മതംമാറ്റത്തോടെ എനിക്കെന്റെ കുടുംബത്തെ നഷ്ടമായി. എന്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ട് ഞാന്‍ ഏകയായി മാറി. മുന്നോട്ടുള്ള വഴി ദുഷ്‌കരമായിരുന്നെങ്കിലും ദൈവം എന്നോടൊപ്പമുണ്ടായിരുന്നു. അവനിലായിരുന്നു എന്റെ അഭയം. പരമമായ അഭയം.
ഇവിടെ ദൈവത്തോടടുക്കാന്‍ എനിക്ക് ഐഹിക ജീവിതത്തെ പാടെ വെടിയേണ്ടിവന്നില്ല. കാരണം, ഞാന്‍ ചെയ്യുന്നതെന്തും ദൈവപ്രീതി കാംക്ഷിച്ചാണ്. എന്റെ ജീവിതം തന്നെ ദൈവത്തിനു വേണ്ടിയായിത്തീര്‍ന്നിരിക്കുന്നു. ദൈവത്തിന് സ്തുതി.

Also read: മരുഭൂമി വിഴുങ്ങുന്ന ശിൻഖീത്തിലെ ലൈബ്രറികൾ

(ഐറീന ഹന്ദോനോ ഇന്തോനേഷ്യയിലെ പ്രശസ്തയായ പുതുമുസ് ലിമാണ്. അവര്‍ പുതുവിശ്വാസികളെ പിന്തുണക്കുകയും ഇസ് ലാമിന്റെ സന്ദേശം ഏവരിലുമെത്തിക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്നു. 1983-ല്‍ ഇസ് ലാം സ്വീകരിച്ച അവര്‍ പുതുവിശ്വാസികള്‍ക്കായി സ്ഥാപിച്ച ഐറീന സെന്ററിന്റെ മേധാവിയാണ്.)

വിവ. അഫ്‌സല്‍ പിടി മുഹമ്മദ്

Related Articles