Current Date

Search
Close this search box.
Search
Close this search box.

വൈറല്‍ പാട്ടുകാരന്‍

ഒരുപാട്ട് ഒരാളെ പ്രശസ്തനാക്കുന്നു. ആ പാട്ട് കാരണം ഇന്ന് സോഷ്യൽ മീഡിയയിലും മാപ്പിളപ്പാട്ട് ലോകത്തും മറ്റും നിറഞ്ഞു നിൽക്കുന്നു. അതാണ് ‘വിടൽ കെ മൊയ്തു’ എന്ന കക്കടവത്ത് മൊയ്തു. 1947 ൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ച മൊയ്തുവിന് ചെറുപ്പം തൊട്ടേ പാട്ടുകളോട് പ്രത്യേകിച്ച് മാപ്പിളപ്പാട്ടുകളോട് അടങ്ങാത്ത മോഹമായിരുന്നു. ആ മോഹം പൂത്തുലഞ്ഞ് ഇന്നും മൊയ്തുവിൽ നിറഞ്ഞു നിൽക്കുന്നു.. ആ മൊട്ടിട്ട മോഹത്തിന് ഇന്ന് അൻപതോളം വർഷങ്ങൾ പഴക്കമുണ്ട്. സ്വന്തമായി പാട്ടെഴുതുകയും അത് പാടുകയും ചെയ്യുക പതിവാണ്. ഏത് വിഷയവും അദ്ദേഹത്തിന്‍റെ അടുത്തെത്തിയാല്‍ പാട്ടായി മാറും. ആയിരത്തോളം മനപ്പാഠമുള്ള ഇശലുകൾ അദ്ദേഹത്തിന്‍റെ പാട്ട് ശേഖരത്തിലുണ്ട്.

ഖിസ്സപ്പാട്ടുകൾ, കെസ്സുപാട്ടുകൾ, തുടങ്ങി ഹൈന്ദവ ഭക്തിഗാനങ്ങൾ വരെ മൊയ്തു പാടാറുണ്ട്. പാട്ടുകളധികവും മനപ്പാഠമാക്കി പാടാറാണ് പതിവ്. സ്വന്തമായി എഴുതുന്ന പതിവുള്ളതിനാല്‍ തന്നെ എവിടേയെങ്കിലും പാടാന്‍ പോയാല്‍ ആ പ്രദേശത്തെക്കുറിച്ചും പാട്ടെഴുതി പാടുന്നതും പതിവാണ്.  ഹൈന്ദവ ഭക്തിഗാനങ്ങൾ പോലും സ്വന്തമായി രചന നിർവഹിച്ചിട്ടുണ്ട്. ഓരോ പ്രദേശത്ത് പോകുമ്പോൾ അവിടുത്തെ സ്ഥിതി വിശേഷങ്ങള്‍ നോക്കിയാവും പാടുക. ഓരോ സ്ഥലത്തിനും സമൂഹത്തിനും യോചിച്ച പാട്ടുകള്‍ തെരഞ്ഞെടുത്തു പാടും. അദ്ദേഹത്തിന്‍റെ രചനകള്‍ ഏറെയും കാര്യ ഗൗരവമുള്ളതും ഹാസ്യ രീതിയിലുള്ളതും കേൾക്കാൻ ഏറെ ഇമ്പമുള്ളവയാണ്. ഇവയിൽ മീൻ പാട്ട്, നാടൻ പച്ചമരുന്ന് പാട്ട്, ഓട്ടോകാരുടെ വിഷമം തുടങ്ങിയവ ഏറെ പ്രശസ്തവും ബഹുരസവും നിറഞ്ഞതാണ്.
മൊയ്തുവിൻറെ പാട്ടുകൾക്കും വരികൾക്കും പ്രത്യേകതകൾ ഏറെയുണ്ട്. പാടുന്നതും എഴുതുന്നതും മാപ്പിളപ്പാട്ടുകളാണെങ്കിലും മാപ്പിളപ്പാട്ട് നിയമങ്ങള്‍ പാലിച്ചവയല്ല ഭൂരിപക്ഷം പാട്ടുകളും. നിയമങ്ങളുണ്ടെന്ന് അറിയാഞ്ഞിട്ടല്ലാ. പാടുന്ന വരികളിൽ കമ്പിയും കഴുത്തും വാൽകമ്പിയും വാലിന്മേൽ കമ്പിയും വാലില്ലാകമ്പിയും തുടങ്ങിയ പ്രാസ നിയമങ്ങളോ സംഗതി ചിട്ട വട്ടങ്ങളോ ഇല്ലാതെത്തന്നെ വളരെ മനോഹരമായ പാട്ടുകൾ എഴുതിയും പാടിയും ജനമനസ്സുകളിലേക്ക് ഇട്ട് കൊടുക്കുകയാണ് അദ്ദേഹം.

Also read: കാലഹരണപ്പെടാത്ത വിളക്കും വെളിച്ചവും

വിടൽ മൊയ്തു എന്ന പേര് വരാനും കാരണമുണ്ട്. വർഷങ്ങൾക്ക് മുമ്പ് പതിനെട്ട് പത്തൊമ്പത് വയസ് കലത്ത് എന്തെങ്കിലും ഒരു ജോലി തേടിയുള്ള യാത്രയിൽ വിജനമായ ഒരു സ്ഥലത്ത് രാത്രി നേരത്ത് യാത്രാ ക്ഷീണവും വിശപ്പിന്‍റെ കാഠിന്യവും അസഹ്യമായപ്പോൾ ഇനി നേരം വെളുത്തിട്ട് പോകാമെന്ന് കരുതി ഒരു ബസ് സ്റ്റോപ്പിൽ കയറികിടന്നു. ആ വഴിവന്ന ഒരാള്‍ കാര്യങ്ങള്‍ തിരക്കി. മൊയ്തുവിൻറെ കഥകൾ കേട്ട് കനിവ് തോന്നിയ ആ മാന്യദേഹം അദ്ദേഹത്തേയും കൂട്ടി ആത്മീയ നേർച്ച നടക്കുന്ന ഒരു വീട്ടിലേക്ക് പോയി. ഭക്ഷണ ശേഷം എല്ലാവരും കൂടിയിരുന്നു. അപ്പുറത്ത് ഒരു സൂഫിവര്യൻ ഇരിക്കുന്നുണ്ട്. അവിടെ കൂടിയിരിക്കുന്നവരോടായി അദ്ദേഹം പാട്ട് പാടാൻ ആവശ്യപ്പെട്ടു. പാട്ടുകളോട് ഏറെ ഇഷ്ടമുള്ള ആ സൂഫി വര്യന്‍ പാട്ട് പാട്ടുക എന്ന് പറയുന്നതിന് പകരം ‘പാട്ട് വിടുക’ എന്നാണ് പ്രയോഗിച്ചു വന്നിരുന്നത്. മുഹ് യുദ്ദീൻ ശൈഖിനെ കുറിച്ച് പാടാന്‍ പറഞ്ഞപ്പോള്‍ ഞാൻ പാടാം എന്ന് മൊയ്തു പറഞ്ഞു. എങ്കില്‍ നീ ‘വിടൂ’ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൊഹ് യുദ്ദീൻ ശൈഖിനെ കുറിച്ച് നേരത്തെ പഠിച്ച് വെച്ച ഒരു നല്ല ഖവാലി മൊയ്തു അങ്ങോട്ട് പാടി വിട്ടു. വളരെ ഭംഗിയോടെ പാടിയ ഖവാലി എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെട്ടു. ഇത് പോലെയുള്ള വിടൽ നാളേയും നിങ്ങൾ വിടണം എന്ന് മൊയ്തുവിനോടായ് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.

തുടര്‍ന്ന് എട്ട് മാസത്തോളം മൊയ്തു മറ്റു ജോലികളൊന്നും നോക്കാതെ പാട്ടുകൾ പാടിയും മറ്റുമായി അദ്ദേഹത്തോടൊപ്പം സഹവസിക്കുകയും ചെയ്തു. ശേഷം സ്ഥിരമായി മറ്റെന്തെങ്കിലും ഒരു ജോലി ലഭിക്കണമെന്ന മോഹം വന്നപ്പോള്‍ സൂഫിയോട് പറഞ്ഞു.
മൊയതൂ നീ വേറെ ജോലി നോക്കേണ്ടതില്ല. കവലകളിലെല്ലാം പാട്ടു വിടുന്ന (പാടുന്ന) ജോലിതന്നെ മതിയെല്ലോ എന്ന് പറഞ്ഞ് യാത്രയാക്കി. അങ്ങിനെ പാട്ടുകാരന്‍ മൊയ്തു എന്ന അര്‍ഥത്തില്‍ വിടല്‍ മൊയ്തു എന്ന് സൂഫി വിളിച്ചത് പിന്നീട് നാട്ടുകാരും ഏറ്റെടുത്തു.

സംഗീതമോ താളമേളങ്ങളുടെ അകമ്പടിയോ ഇല്ലാത്ത മൊയ്തുവിൻറെ പാട്ട് അര നൂറ്റാണ്ട് പിന്നിട്ടു. തൃശൂർ മുതൽ കാസർഗോഡ് മഞ്ചേശ്വരം വരെ പാടിയിട്ടുണ്ട്. മലബാറിലും വടക്കൻ ജില്ലകളിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും അദ്ദേഹം സുപരിചിതനാണ്. വലിയ പട്ടണങ്ങളിൽ പാടാറില്ല. ട്രാഫിക് ജാമും പോലീസ് നിയന്ത്രണവുമാണ് അതിന് കാരണം പറയുന്നത്. എങ്കിലും മലബാറിൻറെ ഒട്ടുമിക്ക ഗ്രാമാന്തരങ്ങളും അദ്ദേഹത്തിന്‍റെ പാട്ട് ‘വിടൽ’ നുകർന്നവരാണ്. ആദ്യം കാല്‍നടയായും പിന്നീട് ഉച്ചഭാഷിണിയും ബാറ്ററിപ്പെട്ടിയും വാങ്ങിയപ്പോള്‍ സൈക്കിളിലുമായിരുന്നു പാട്ടുവഴി താണ്ടിയിരുന്നത്. വീട്ടില്‍ നിന്നും ഒരിക്കല്‍ ഇറങ്ങിയാല്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ മാസങ്ങള്‍ കഴിഞ്ഞേ തിരിച്ചെത്താറുള്ളൂ.

Also read: അഫ്സൽ ഗുരു തൂക്കിലേറ്റപ്പോൾ പൊട്ടിക്കരഞ്ഞ തീഹാർ ജയിലർ

ഭാരമുള്ള സാധനങ്ങളുമായി കയറ്റവും ഇറക്കവും താണ്ടിയുള്ള സൈക്കിൾ യാത്ര ദുഷ്കരമായ പശ്ചാതലത്തില്‍ ചിലർ ഓട്ടോറിക്ഷ സംഘടിപ്പിക്കാൻ അദ്ദേഹത്തോട് പറഞ്ഞത്. ആരുടെയൊക്കെ സഹായം കൊണ്ടും മറ്റും ഓട്ടോ വാങ്ങി ഡ്രൈവിങ് പഠിച്ചെടുത്ത് ഇന്നത്തെ പാട്ട് വിടൽ യാത്രകൾ വളരെ അന്തസ്സോടേയും അഭിമാനത്തോടേയും തുടർന്നു കൊണ്ടിരിക്കുന്നു.  മൊയ്തു പാട്ടുമായി മുന്നോട്ട് തന്നെ. ഈ പാട്ടുകളല്ലാതെ കുടുംബം പുലർത്താൻ മറ്റൊരു മാർഗത്തെ കുറിച്ചും ഇത് വരെ ആലോചിച്ചിട്ടില്ല. ഒരുപാട് ജീവിത പ്രാരാബ്ദങ്ങളും കഷ്ടതകളും സഹിച്ച് സ്വയം ഭക്ഷണം കഴിച്ചില്ലങ്കിലും കിട്ടുന്ന പൈസകൾ സ്വരൂപിച്ച് അത് കുട്ടികൾക്കും കുടുംബത്തിലേക്കും എത്തിക്കാൻ ശ്രദ്ധിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നു. ഇന്ന് ആൺകുട്ടികൾ വളർന്ന് ചെറിയ ജോലികൾക്ക് പോയി തുടങ്ങിയത് മാത്രമാണ് മൊയ്ദുവിന് ചെറിയൊരാശ്വാസം.

പട്ടാമ്പി ടൗൺ കക്കടവത്ത് ആലിക്കുട്ടിയുടേയും ബീകുട്ടിയുടേയും മൂത്ത മകനായി ജനിച്ച മൊയ്തു വിശപ്പിനെ അതിജയിക്കാൻ കണ്ടെത്തിയ മാർഗം ഇത് വരെ ചതിച്ചിട്ടില്ലായെന്ന് ഉറപ്പിച്ച് പറയുന്നു. ഇപ്പോൾ പട്ടാമ്പി ഓങ്ങല്ലൂർ പഞ്ചായത്തിലെ കൊണ്ടൂർകരയിൽ കുടുംബ സമേതം കഴിയുന്നു. ഭാര്യയും ഒമ്പത് കുട്ടികളുമാണുള്ളത്. മൂന്ന് ആൺകുട്ടികളും ആറ് പെൺകുട്ടികളും. ഇപ്പോൾ വയസ് 73 ആയി. ഇതിനിടയിൽ വന്ന താരപദവി തെല്ലൊന്നുമല്ല സന്തോഷം പകരുന്നത്. ദിവസവും അനുമോദനങ്ങളും പിന്തുണയുമായി സാമൂഹ്യ പ്രവർത്തകരും കലാ തത്പരരും മാപ്പിളപ്പാട്ട് സ്നേഹികളും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. മൊയ്ദുവിന് ഇന്ന് തിരക്കാണ്. പാട്ട് പാടി ജീവിതം തള്ളിനീക്കുന്നതിനടയിൽ വന്ന പെട്ട പൗരത്വ ഭേദഗതി നിയമം അദ്ദേഹത്തേയും ആശങ്കയിലാക്കിയിരുന്നു. നാടും നഗരവും സന്തോഷത്തിൽ നിന്നും പ്രയാസങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും തിരിയുന്നത് തിരിച്ചറിഞ്ഞ് തത്കാലം പാട്ട് ‘വിടൽ’ നിർത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിനിടയിലാണ് സ്കൂൾ കലോത്സവത്തിലും മറ്റും ട്രഡീഷണൽ ഗാനങ്ങൾ എഴുതി വിദ്യാർഥികൾക്ക് ചരിത്ര വിജയം നേടികൊടുത്ത പ്രശസ്ത അധ്യാപകനും കവിയും രചയിതാവുമായ ബദ്റുദ്ദീൻ പാറന്നൂരിന്‍റെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ഒരു ഗാനം പാടണമെന്ന ആവശ്യവുമായെത്തുന്നത്. തത്കാലം പാട്ട് നിർത്തിയിരുന്ന മൊയ്തു ഇത് പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരമാണല്ലോ എന്ന് കരുതി വേഗം സമ്മതം നൽകുകയും ഉടൻ പാടി നൽകുകയും ചെയ്തു. ഈ പാട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയും ”ഇഷ്ടം മീഡിയ” വന്ന് സ്റ്റുഡിയോ റികാർഡിങ് ചെയ്യുകയും ചെയ്തതോടെ വൻ ഹിറ്റാകുകയും വൈറലാകുകയും ചെയ്തു. പൗരത്വ ഭേദഗതി കാലമാണെങ്കിലും ഇത് മൊയ്തുവിന് അൽപം ആശ്വാസവും സാമ്പത്തികം നൽകുകയും ചെയ്തു. ഇന്ന് മൊയ്തുവിന് തിരക്കാണ്.. നാട്ടിലുടനീളം നടന്നു വരുന്ന സമരപന്തലുകൾക്ക് അദ്ദേഹത്തിന്‍റെ പ്രതിഷേധ സമര പ്പാട്ടുകളും വേണം. അതോടൊപ്പം ഏറെ നാളായി മനസ്സില്‍ താലോലിച്ച് നടന്നിരുന്ന ഉംറ ചെയ്യുക എന്ന ആഗ്രഹവും സഫലമാവുകയാണ്. എല്ലാ ചിലവുകളും വഹിച്ച് കൊണ്ട് പോവാന്‍ തയ്യാറായി സുമനസ്സുകള്‍ തയ്യാറുണ്ട്. കരുവാരക്കുണ്ടിലുള്ള ഒരു ഗ്രൂപ്പും കോഴിക്കോട് ഉള്ള കേരള ഹജ്ജ് ഗ്രൂപ്പും തയ്യാറായി അദ്ദേഹത്തെ വിവരമറിയിച്ചു. എല്ലാറ്റിനും കാരണം പടച്ചതമ്പുരാൻറെ കൃപയാണെന്നും സഹായിച്ച എല്ലാവരോടും ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം ഉള്‍പുളകത്തോടെ പറയുന്നു.

 

Related Articles