പടിഞ്ഞാറൻ ആഫ്രിക്കയിലെ മൗറിത്താനിയയിലുള്ള ശിൻഖീത്ത് (Chinguetti) ഇന്നൊരു പ്രേത നഗരമാണ്. ഏറെക്കുറെ സഹാറാ മരുഭൂമിയാൽ വിഴുങ്ങപ്പെട്ട നിലയിൽ മരുമണ്ണിൽ പുതഞ്ഞാണ് അതിന്റെ കിടപ്പ്. വർഷം 30 മൈൽ എന്ന തോതിൽ തെക്കോട്ട് വികസിക്കുന്ന സഹാറയുടെ മണലാക്രമണം സഹിക്കാനാവാതെ ശിൻഖീത്തിലെ വീടുകളും തെരുവുകളും ഇന്ന് വിജനമാണ്. ആയിരക്കണക്കിന് അപൂർവ പുസ്തകങ്ങൾ പേറുന്ന ലൈബ്രറികളടങ്ങുന്ന ഈ വൈജ്ഞാനിക നഗരം ഏതാനും തലമുറകൾക്കകം തന്നെ പൂർണമായും മണ്ണിനടിയിലാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
മധ്യകാല ലോകത്തെ പുകൾപെറ്റ നഗരമായിരുന്ന ശിൻഖീത്തിൽ 20,000-ത്തോളം ആളുകൾ താമസിച്ചിരുന്നു. മതവും നിയവും വൈദ്യവും ഗണിതവും ജ്യോതിശ്ശാസ്ത്രവും സപര്യയാക്കിയ അനേകം പണ്ഡിതന്മാരുടെ സന്ദർശനയിടമായിരുന്നു ഇവിടുത്തെ വൈജ്ഞാനിക കേന്ദ്രം. മക്കയിലേക്ക് ഹജ്ജ് തീർത്ഥാടനത്തിനായി പോകുന്ന ആളുകൾ ഇടത്താവളമായി ശിൻഖീത്ത് നഗരം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ലൈബ്രറികളുടെ നഗരമെന്ന അതിന്റെ ഖ്യാതി ഇസ്ലാമിലെ ഏഴാമത്തെ വിശുദ്ധ നഗരമെന്ന രീതിയിൽ പരിഗണിക്കപ്പെടാൻ ഇടയാക്കി.
ഒരു കാലത്ത് വൈജ്ഞാനിക നഗരമായും വിശുദ്ധ നഗരമായും വിളങ്ങിയ ശിൻഖീത്തിൽ ഇന്ന് അവശേഷിക്കുന്നത് വിജനമായ തെരുവുകളും നിലംപൊത്താറായ മൺകെട്ടിടങ്ങളുമാണ്. ഇവിടം ഭരിച്ചിരുന്ന മൂറിഷ് സാമ്രാജ്യത്തിന്റെ അടയാളങ്ങൾ നേർത്ത രേഖകളായി ചില കെട്ടിടങ്ങളിൽ ഇന്നും കാണാം. എന്നാൽ, അത്ഭുതമെന്ന് പറയട്ടെ, ഇടിഞ്ഞു വീഴാറായ ഈ മതിലുകൾക്കുള്ളിൽ 6,000 പുസ്തകങ്ങൾ നിദ്രയിലാണ്ട് കിടക്കുന്നു. അവയിൽ കുറച്ചെണ്ണം ഒമ്പതാം നൂറ്റാണ്ടു മുതൽ യാതൊരു കേടുപാടും കൂടാതെ ആധുനിക കാലം വരെയും നിലനിൽക്കുന്നവയാണ്. മരുഭൂമിയിലെ വരണ്ടുണങ്ങിയ കാലാവസ്ഥ പുസ്തകങ്ങൾ നശിക്കാതെ നിൽക്കാൻ സഹായകമായി.
1950-കൾ വരെ ഏകദേശം 30-ഓളം ലൈബ്രറികൾ പല കുടുംബങ്ങളുടെ ഉടമസ്ഥതയിലായി ശിൻഖീത്ത് നഗരത്തിൽ ഉണ്ടായിരുന്നു. എന്നാൽ നിരന്തരമായി വേട്ടയാടിയ കടുത്ത വരൾച്ചകൾ മൂലം നഗരവാസികൾ ഇവിടെ നിന്ന് പലായനം ചെയ്തു. തലമുറകൾ കൈമാറി ലഭിച്ച തങ്ങളുടെ പുസ്തകശേഖരങ്ങളും അവർ ശിൻഖീത്തിൽ നിന്ന് കൂടെ കൊണ്ടുപോയി. പൗരാണിക നഗരത്തിൽ ഇന്ന് അവശേഷിക്കുന്നത് കഷ്ടിച്ച് പത്ത് ലൈബ്രറികളാണ്. ഈ വഴി കടന്നുപോകുന്ന വിജ്ഞാന കുതുകികളും വിനോദസഞ്ചാരികളുമാണ് നാമമാത്രമായെങ്കിലും ഈ വൈജ്ഞാനിക ഗേഹങ്ങളിൽ ഇന്ന് സന്ദർശകരായുള്ളത്. പൗരാണിക ഗ്രന്ഥശേഖരങ്ങൾ കാണുക, മരുഭൂമിയിലെ പ്രാചീന ഗോത്ര ആതിഥ്യ മര്യാദകൾ അനുഭവിച്ചറിയുക എന്നതാണ് സന്ദർശകരെ പ്രധാനമായും ശിൻഖീത്തിലേക്ക് ആകർഷിക്കുന്നത്.
മതവും ശാസ്ത്രവും സാഹിത്യവുമൊക്കെ കൈകാര്യം ചെയ്യുന്ന ഇസ്ലാമിക ലോകത്തെ ഈ അപൂർവ കയ്യെഴുത്തു പ്രതികൾ മാനിൻ തോലിൽ എഴുതി ആട്ടിൻതോലിൽ പൊതിഞ്ഞ രീതിയിലാണ് കാണപ്പെടുന്നത്. ശിൻഖീത്തിലെ മുഹമ്മദ് ഹബ്ബോട്ട് കുടുംബത്തിന്റെ കയ്യിലാണ് ഇസ്ലാമിന്റെ തന്നെ ഏറ്റവും
പൗരാണികവും സമ്പന്നവുമായ പുസ്തക ശേഖരമുള്ളത്. ഈ ശേഖരത്തിലെ 1600 പുസ്തകങ്ങൾ ഇരുമ്പു ഷെൽഫുകളിൽ വളരെ വ്യവസ്ഥാപിതമായാണ് അടുക്കി വെച്ചിരിക്കുന്നത്. റീഡിങ് ഡെസ്ക്കുകളും ലൈബ്രേറിയൻ സംവിധാനവുമൊക്കെ മരുഭൂമിയുടെ വിരിമാറിലാണ് ഇത് കുടികൊള്ളുന്നതെന്ന ബോധ്യത്തിൽ നിന്ന് നമ്മെ ഒരുവേള തടയും. ആധുനിക നഗരങ്ങളിൽ നിലനിൽക്കുന്ന പരമ്പരാഗത ലൈബ്രറികളുടെ എല്ലാ മട്ടും ഭാവവും അവയിൽ കാണാം.
ശിൻഖീത്തിലെ മറ്റു കുറച്ചു ലൈബ്രറികൾ അവ നിർമിക്കപ്പെട്ട മധ്യകാല അന്തരീക്ഷത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവാൻ ഉതകുന്നവയാണ്., മണ്ണുകൊണ്ടു നിർമിച്ച തുറന്ന ഷെൽഫുകളിൽ ഒരൊറ്റ ചട്ടയിൽ സൂക്ഷിച്ചിരിക്കുന്ന ഈ ഗ്രന്ഥങ്ങൾ നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥാ വ്യതിയാനം വളരെ മാരകമായി ബാധിച്ച പ്രദേശങ്ങളിൽ ഒന്നായ ശിൻഖീത്തിൽ ഇടക്കിടെ ഉണ്ടാകുന്ന വെള്ളപൊക്കവും ശക്തിയായ മണൽക്കാറ്റും ത്വരിത ഗതിയിലുള്ള മരുഭൂവൽക്കരണവും ലൈബ്രറികളുടെ സംരക്ഷണം അസാധ്യമാക്കുന്നു.
പൊടിയും വെളിച്ചവും തട്ടാതെ ഭദ്രമായി സൂക്ഷിക്കുക എന്നതാണ് ഈ പൗരാണിക ഗ്രന്ഥങ്ങൾ ജീവനോടെ നിലനിർത്താനുള്ള ഏക പോംവഴി. എന്നാൽ വിനോദസഞ്ചാരം ജീവിതോപാദിയായി മാറിയ ഇവിടുത്തെ അവശേഷിക്കുന്ന താമസക്കാരും നാടോടികളായ ലൈബ്രേറിയന്മാരും സന്ദർശകർക്ക് മുന്നിൽ പുസ്തകങ്ങൾ പ്രദർശിപ്പിക്കാൻ നിർബന്ധിതരാണ്. എന്നാൽ ഓരോ തവണ കാറ്റും വെളിച്ചവും തട്ടുമ്പോഴും ഈ പുസ്തകങ്ങൾ മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. പരിപൂർണ നാശത്തിലേക്ക് നീങ്ങുന്ന ശിൻഖീത്തിനെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ പെടുത്തുകയുണ്ടായി. നഗരത്തിന് സമീപത്തായി കണ്ടെടുക്കപ്പെട്ട ശിലായുഗ കാലത്തെ ഗുഹാചിത്രങ്ങളിൽ നിന്ന് വായിക്കാൻ കഴിയുന്നത് ഒരു കാലത്ത് നിബിഡമായി പച്ചപ്പുള്ളതായിരുന്നു ഈ പ്രദേശം എന്നാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങളെ ഫലപ്രദമായി ചെറുക്കുന്ന തരത്തിൽ ആധുനിക സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ ശിൻഖീത്തിലെ പൗരാണിക ലൈബ്രറികളുടെ കാര്യത്തിൽ നമുക്ക് പ്രതീക്ഷ വെച്ചുപുലർത്താവുന്നതാണ്.