Current Date

Search
Close this search box.
Search
Close this search box.

കലയും ജ്യാമിതീയ കലാ രൂപങ്ങളും

ഇസ്ലാമിക വിജ്ഞാന ശാഖകളിൽ കലാ രൂപങ്ങൾക്ക് എന്നും വമ്പിച്ച സ്വീകാര്യതയാണ് ലോകത്ത് ലഭിച്ചിട്ടുള്ളത്. ആശയ സമ്പുഷ്ടമായ രൂപ മാത്രകകൾ സ്രഷ്ടിച്ച് കലയുടെ ഭാഷക്ക് പുത്തനുണർവ് നൽകാൻ എവിടെയും പരിശ്രമിച്ചവരാണ് ലോകത്തെ മുസ്ലിം ഭരണാധികാരികൾ. മുസ്ലിം ഭരണം നിലനിന്ന പ്രദേശങ്ങളെ വ്യക്തമായി പഠനവിധേയമാക്കിയാൽ ഇനിയും അദ്ഭുതപ്പെടുത്തുന്ന വ്യത്യസ്തങ്ങളായ കലാവൈവിധ്യങ്ങൾ ഉയർന്നു വരാം. വ്യത്യസ്ത പ്രദേശങ്ങളിൽ ഉയർത്തപ്പെട്ട പൈതൃകങ്ങളുടെ പെരുപ്പം മാത്രം മതിയാവും കലാപരമായ പ്രവണതകളെ ഇസ്ലാം എത്രമാത്രം പരിഭോഷിപ്പിക്കുന്നു എന്ന് മനസ്സിലാക്കാൻ.

സംസകാര വൈവിധ്യങ്ങളുടെ കൂടിച്ചേരൽ എന്ന് ഒറ്റവാക്കിൽ ഇസ്ലാമിലെ ജ്യാമിതീയ കലാരൂപങ്ങളെ വിശേഷിപ്പിക്കാം. ഗ്രീക്ക്, റോമൻ, ഇറാൻ സംസകാരങ്ങളിലൂടെ വളർന്ന ഇസ്ലാമിക ജ്യാമിതീയ കല പിന്നീട് ഏറെ അഭിവൃന്ദി പ്രാപിച്ചത് എട്ടാം നൂറ്റാണ്ടിലാണ്. ഇന്നത്തെ സ്പെയിനിലെ മുസ്ലിം അവശേഷിപ്പുകളിൽ അതി സുന്ദര നിർമ്മിതികൾ നിലനിൽക്കുന്ന പ്രദേശമാണ് ഗ്രാനഡ. ഗ്രാനഡയിലെ അലഹാംബ്ര പാലസ് ലോകത്തെ തന്നെ ജ്യാമിതീയ രൂപങ്ങളുടെ വിശേഷപ്പെട്ട നിർമ്മിതിയായി കണക്കാക്കപ്പെടുന്നുണ്ട്. മറ്റാന്നായ ഇറാനിലെ ഇസ്ഫഹാൻ നഗരം മുസ്ലിം പൈതൃകങ്ങളിലെ ഇസ്ലാമിക കലയുടെ ഈറ്റില്ലമാണ്. ഉസ്ബെക്കിസ്ഥാനിലെ സമർഖന്ദിലെ പൗരാണിക നിർമ്മിതികളിലെ ജ്യാമിതീയ രൂപങ്ങൾ അതിവിശേഷപ്പെട്ട കലാ സൃഷ്ടികളാണ്.

Also read: മരുഭൂമി വിഴുങ്ങുന്ന ശിൻഖീത്തിലെ ലൈബ്രറികൾ

ഇസ്ലാമിലെ ജ്യാമിതീയ ശൈലികളും ഗണിത ശാസ്ത്രവും

പൗരാണിക കാലം മുതൽക്ക് ഗണിത ശാസ്ത്ര ശാഖ ഇസ്ലാമിക വൈജ്ഞാനിക ചുറ്റുപാടുകളെ വളരെയേറെ സ്വാധീനിച്ച് മുന്നോട്ട് പോയിട്ടുണ്ട്. ലോകത്ത് ബീജഗണിത ശാസ്ത്ര ശാഖക്ക് (Algebra) അടിത്തറ പാകിയ മുസ്ലിം ഗണിത ശാസ്ത്രജ്ഞൻ അൽ -ഖവാരിസിമി, അബൂ യൂസഫ് യാഖൂബ് ബിൻ ഇസ്ഹാഖ് അൽ കിന്ദി, ത്രിമാന ഗണിത (trigonometry) ശാഖയുടെ പിതാവ് അൽ ബട്ടാണി, പ്രശസ്ത ചരിത്രകാരൻ അൽ ബിറൂണി, അൽ-കറാജി തുടങ്ങിയ പ്രമുഖർ ഇസ്ലാമിക വിജ്ഞാനീയങ്ങളെ ഗണിത ശാസ്ത്രവുമായി ചേർത്ത് വായിച്ച് യൂറോപ്പിന് പോലും മാതൃകകൾ സൃഷ്ടിച്ചവരാണ്. ഇസ്ലാമിക കലയും ശാസ്ത്രവും വമ്പിച്ച വിപ്ലവങ്ങൾ ലോകത്ത് കൊണ്ട് വന്നപ്പോൾ ഗണിതം എന്ന വിജ്ഞാന ശാഖ എല്ലാ വിജ്ഞാനീയങ്ങളുടെ അടിസ്ഥാന മാനദണ്ഡമായി കണക്കാക്കപ്പെട്ടു. ഗോള ശാസ്ത്രം, മാപ്പ് നിർമ്മാണം, സാമൂഹ്യ ശാസ്ത്ര മടക്കുള്ള നിരവധി വിജ്ഞാന ശാഖകളിൽ ഗണിത ശാസ്ത്രം ഇസ്ലാമിന് പുത്തനുണർവുകൾ സമ്മാനിച്ചു.

വൃത്തരൂപങ്ങളാണ് ജ്യാമിതീയ കലയുടെ അടിസ്ഥാനമായി വർത്തിക്കുന്നത്. പിന്നീട് പ്രസ്തുത വൃത്താകൃതി ഗണിത ശാസ്ത്രവുമായി യോജിപ്പിച്ച് വ്യത്യസ്ത രൂപഭാവങ്ങളോടെ വികസിപ്പിച്ചെടുക്കുന്ന രീതിയാണ് ജ്യാമിതീയ കലാവിഷ്കാരങ്ങളിൽ കാണാൻ കഴിയുന്നത്.
ജ്യാമിതീയ രൂപങ്ങളുടെ ഉപജ്ഞാതാവായി ലോകത്ത് അറിയപ്പെടുന്ന വ്യക്തിയാണ് ഗ്രീക്ക് ചിന്തകനും ഗണിത ശാസ്ത്രജ്ഞനുമായ യൂക്ലിഡ്. ഗ്രീക്ക് ചിന്താ ധാരയിൽ നിന്ന് ജ്യാമിതീയ രൂപങ്ങൾ ഇസ്ലാമിക കല ഏറ്റെടുത്തതോടെ പുതിയ പ്രവണതകൾ അതിൽ പ്രകടമാവാൻ തുടങ്ങി. പിന്നീടുള്ള ഇസ്ലാമിക കലയുടെ സുവർണ്ണ കാലഘട്ടം ജ്യാമിതീയ കലാവിഷ്കാരങ്ങളെ പരിഭോഷിപ്പിച്ച് മുന്നോട്ട് പോവുന്നതാണ് ലോകം കണ്ടത്.
ജ്യാമിതിയ കലാവിഷ്കാരങ്ങളെ ആശയ സമ്പുഷ്ടമാക്കി വളർത്തി എടുത്തതിലൂടെ പ്രസ്തുത കലയെ ഏറ്റവും വൈജ്ഞാനിക മുഖത്തോടെ സമീപിക്കാൻ ഇസ്ലാം തലമുറകളെ പഠിപ്പിച്ചു. ഇസ്ലാമിക കാലത്തെ പൗരാണിക നിർമ്മിതികളുടെ നിർമ്മാണ വൈവിധ്യങ്ങൾ (architecture) ആധുനിക വാസ്തുവിദ്യ ശാസ്ത്രത്തെ പോലും അതിശയിപ്പിക്കുമെന്ന് തീർച്ചയാണ്. പൗരാണിക കെട്ടിട നിർമ്മിതികളിൽ അലങ്കാര സ്വഭാവത്തോടെ നിർമ്മിക്കപ്പെട്ട ഇസ്ലാമിക കലാ രൂപങ്ങളിൽ ഏറ്റവം പ്രധാനപ്പെട്ട മേഖലയാണ് ജ്യാമിതീയ ശൈലികൾ (geometric pattern). ലോക മുസ്ലിം നിർമ്മിതികളിൽ അതി വിശേഷപ്പെട്ട നിർമ്മിതിയായ ഇന്ത്യയിലെ താജ്മഹൽ കേവലം പുറം സൗന്ദര്യം കൊണ്ട് മാത്രമല്ല ലോക ശ്രദ്ധയാകർഷിച്ചത് മറിച്ച് ജ്യാമിതീയ രൂപങ്ങളിലെ പ്രധാന ശൈലികളെ അവതരിപ്പിച്ചതിലൂടെയാണ്.

Also read: ടെക്‌നോളജിയുടെ മതം

ഒരു വൃത്തവും അതിലൂടെ കടന്ന് പോകുന്ന സമാന്തര രേഖയുമാണ് ജ്യാമിതീയ കലാരൂപങ്ങളുടെ അടിസ്ഥാന നിദാനമായി വർത്തിക്കുന്നത് എന്ന് മേൽ വിവരിച്ചതിൽ നിന്ന് മനസ്സിലാക്കാം. വൃത്താകൃതിയുടെ അവസാന അറ്റം/അഗ്രം എവിടെയെന്ന് ചോദിച്ചാൽ അങ്ങനെയൊന്ന് ഇല്ല എന്ന് തന്നെയാണ് അതിന്റെ ഉത്തരം അതായത് അവസാനിക്കാതെ അനശ്വരമായി തുടർന്ന് കൊണ്ടിരിക്കുന്ന പ്രക്രിയ എന്ന് പറയുന്നതാവും ശരി. ഇവിടെ വൃത്തം ദൈവശക്തിയെയും വൃത്താകൃതിയുടെ കേന്ദ്ര സ്ഥാനം ലോകത്തിന്റെ തന്നെ മധ്യസ്ഥാനമായ മക്കയുമായിട്ടാണ് ജ്യാമിതീയ കലയെ മുസ്ലിം ഗണിത ശാസ്ത്രജ്ഞർ വിലയിരുത്തിയത്. ലോകത്തെ എല്ലാ മുസ്ലിം മത വിശ്വാസികളും പ്രാർത്ഥനക്കായി തങ്ങളുടെ മുഖങ്ങൾ തിരിക്കുന്നതാവട്ടെ പ്രസ്തുത മക്കയെ ലക്ഷ്യമാക്കിയും. പിന്നീട് പ്രസ്തുത വൃത്താകൃതിക്ക് ഗണിത വാക്യ-സിദ്ധാന്തങ്ങളിലൂടെ വ്യത്യസ്ത രൂപഭാവങ്ങൾ കൈവരുന്നു. ഷഡ്ഭുജ കോൺ (hexogan), സമഭുജം (square), അഷ്ടകോൺ (octagon), പഞ്ച കോൺ (pentagon) നക്ഷത്രകോൺ (Star) തുടങ്ങിയ രൂപങ്ങളിലേക്ക് വ്യത്യസ്ത നിറങ്ങളും കൂടി ചേരുമ്പോൾ ജ്യാമിതീയ കലാരൂപങ്ങൾ ആശയ സമ്പന്നമാകുന്നു എന്ന് വേണം പറയാൻ. വൃത്താകൃതിയിൽ നിന്ന് രൂപപ്പെടുന്ന ത്രികോണം (triangle) ഇസ്ലാമിക കലയുടെ അടിസ്ഥാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.

ജ്യാമിതീയ രൂപങ്ങളിൽ ഉപയോഗിക്കുന്ന പ്രധാന നിറങ്ങളാണ് പച്ച, നീല, മഞ്ഞ/സ്വർണ്ണം. പ്രവാചകന് ഏറ്റവും ഇഷ്ട്ടപ്പെട്ട നിറങ്ങളിലൊന്നായ ‘പച്ച’ മനുഷ്യന്റെ ജീവിതഗതിയെ സൂചിപ്പിക്കുന്നു. സ്വർഗത്തെ നമ്മുക്ക് പരിചയപ്പെടുത്തുന്ന ഖുർആനിക ആയത്തുകളിൽ മുഴച്ച് നിൽകുന്ന സ്വർഗ്ഗവർണ്ണനകൾ അധികവും പ്രകൃതിയോട് ഇണങ്ങി ചേർന്ന് നിൽക്കുന്നതായത് കൊണ്ട് തന്നെ സ്വർഗ്ഗത്തിന്റെ നിറം പച്ചയെന്ന അഭിപ്രായങ്ങളും ഇസ്ലാമിക കലാ ലോകത്ത് വ്യവഹരിക്കപ്പെട്ടിട്ടുണ്ട്.മറ്റ് നിറങ്ങൾക്കും വ്യത്യസ്ത ആശയങ്ങൾ ഇസ്ലാമിക കലാ വിഷ്കാരങ്ങളിൽ കാണാം.

ഇസ്ലാമിക ജ്യാമിതീയ രൂപങ്ങളിലെ ഖ്വാസി ക്രിസ്റ്റ്ൽ ശൈലികൾ വിലയിരുത്തപ്പെടുമ്പോൾ:

പൗരാണിക ഇസ്ലാമിക കലയിലെ പ്രധാന മേഖലകളായ വാസ്തുവിദ്യ, കലിഗ്രഫി, ജ്യാമിതീയ രൂപ ശൈലികൾ എന്നിവയുടെ പ്രചാരകരായി ലോകത്ത് അറിയപ്പെടുന്നവരാണ് മധ്യേഷ്യയിൽ ഭരണം നടത്തിയിരുന്ന മുസ്ലിം ഭരണാധികാരികൾ. എന്നാൽ ഇസ്ലാമിക വാസ്തുവിദ്യയുടെ തനത് ശൈലികളെ ഇപ്പോഴും പാശ്ചാത്യർ പോലും പഠിക്കുന്നത് വടക്കൻ ആഫ്രിക്കൻ (Northern Africa) രാജ്യങ്ങളിൽ നിന്നാണ്. മൊറോക്കോ, ഈജിപ്ത്, ലിബിയ, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളും ജ്യാമിതീയ കലാ ശൈലികളിൽ പുതുമകൾ അവതരിപ്പിച്ചിരുന്നു. ഫെസ്, മൊറോക്കോയുടെ തലസ്ഥാന നഗരത്തെ മാത്രം പഠനവിധേയമാക്കിയാൽ ഒരു പക്ഷെ ഇസ്ലാമിക കലയുടെ വൈവിധ്യങ്ങളായ രൂപഭാവങ്ങളെ അടുത്തറിയാം. Quasicrystal patterns എന്ന ജ്യാമിതീയ കലയിലെ പുതിയ പ്രവണതകൾ/ചലനങ്ങൾ ഈയടുത്ത് നടന്നത് പ്രസ്തു മൊറോക്കൻ നഗരത്തിലെ മദ്റസ – അത്താരിൻ എന്ന പൗരാണിക നിർമ്മിതിയുടെ ഉൾഭാഗത്തെ ഭിത്തിയിൽ സഫടിക/പദാർത്ഥ (Crystal) സ്വഭാവത്തോടെ നിർമ്മിക്കപ്പെട്ട ജ്യാമിതീയ രൂപങ്ങളിലായിരുന്നു. ഇസ്ലാമിക ജ്യാമിതീയ രൂപങ്ങളിൽ ധാരാളം ഇടം കൊടുക്കാതെ തീർത്തും അടുത്തടുത്തായി യോജിപ്പിച്ച രീതിയിൽ നിർമ്മിക്കപ്പെട്ട കലാവിഷ്കാരങ്ങളാണ് ഖ്വാസി ക്രിസ്റ്റൽ രൂപങ്ങൾ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
2011 ൽ ഖ്വാസി ക്രിസ്റ്റൽ രൂപങ്ങളെ വസ്തു നിഷ്ഠമായ പഠനങ്ങളിലൂടെ കണ്ടെത്തിയ ഇസ്രയേലി ഗവേഷകൻ ഡാൻ സ്റ്റെയ്ച്ച്മെന് (ടെക്‌നിയൻ യൂണിവേഴ്സിറ്റി) രസതന്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. എന്നാൽ പാശ്ചാത്യ ഗവേഷകർ രസതന്ത്രത്തിലെ പദാർത്ഥ (solid) സ്വഭാവത്തെ പഠിച്ചപ്പോൾ കണ്ടെത്തിയ മൂന്നാമത്തെ പദാർത്ഥ രൂപമായ ഖ്വാസി ക്രിസ്റ്റൽ 500 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇസ്ലാമിക ജ്യാമിതീയ കലാശൈലികളിലൂടെ ലോകത്ത് പ്രചാരം സിദ്ധിച്ചതാണെന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല. ഹാർവേർഡ് യൂണിവേഴ്സിറ്റി ഫിസിക്ക്സ് ബിരുദധാരിയായ പീറ്റർ ജെ. ലു എന്ന വിദ്യാർത്ഥിയുടെ പ്രസ്തുത വിഷയത്തിലെ പഠനം ശ്രദ്ധേയമാണ്. ഉസ്ബെക്കിസ്ഥാനിലെ ഇസ്ലാമിക വൈജ്ഞാനിയങ്ങളുടെ കേന്ദ്രമായി അറിയപ്പെട്ട ബുഖാറയിൽ പതിനഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിതമായ മദ്രസയുടെ ഭിത്തിയിൽ കാണപ്പെട്ട ജ്യാമിതീയ കലാശൈലികളിൽ മേൽ വിവരിച്ച ഖ്വാസി ക്രിസ്റ്റലിന്റെ രൂപങ്ങളോട് അങ്ങേയറ്റം സാദൃശ്യം തോന്നുന്ന ശൈലികൾ കണ്ടതായി തെളിവ് സഹിതം ഇദ്ദേഹം വിവരിക്കുന്നു.

Also read: അഫ്സൽ ഗുരു തൂക്കിലേറ്റപ്പോൾ പൊട്ടിക്കരഞ്ഞ തീഹാർ ജയിലർ

ഹാർവേർഡ് യൂണിവേഴ്സിറ്റി മ്യൂസിയം ഡയറക്ടർ ടോം ലെൻസിന്റെ നേത്യത്വത്തിൽ വലിയ പഠനങ്ങളാണ് പിന്നീട് ആ മേഖലയിൽ നടന്നത്. യൂറോപ്യൻ യൂണിവേഴ്സിറ്റികളിലെ ആർട്ടിന് കീഴിലുള്ള ഗവേഷണ പ്രബന്ധങ്ങളിൽ മധ്യകാലഘട്ടത്തിലെ ഇസ്ലാമിക് വാസ്തുവിദ്യ മുതൽ ഇങ്ങോട്ട് ഇസ്ലാമിക് ജ്യാമിതീയ കലയിലെ സ്ഥടിക, പദാർത്ഥ രൂപങ്ങളെക്കുറിച്ച് വരെ പഠനങ്ങൾ ഇന്ന് നടന്നു വരുന്നു. ആധുനിക ഗണിത ശാസ്ത്രത്തിൽ അനേക വസ്തുക്കൾ ചേർന്ന (complex pattern), ഖ്വാസി ക്രിസ്റ്റൽ രൂപഘടനയുടെ ആശയം പോലും ലോകത്ത് അവതരിപ്പിക്കപ്പെടുന്നത് 1970കളിൽ മാത്രമാണെന്നത് കൂടീ ചേർത്ത് വായിക്കുമ്പോൾ ഇസ്ലാമിക കലാശൈലികൾ ലോകത്ത് ഏതെല്ലാം തരത്തിൽ വ്യവഹരിക്കപ്പെടുന്നു എന്ന് മനസ്സിലാവുന്നു. ഇതിന്റെ തുടർച്ചയെന്നോണം പീറ്റർ. കെ.ലൂ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഊർജതന്ത്രജ്ഞൻ (physict) പോൾ.ജെ. സെറ്റൈയിൻ ഹാർട്ടുമായി ചേർന്ന് പ്രസ്തു വിഷയത്തിലെ അവരുടെ നിരീക്ഷണങ്ങൾ ‘Science’ എന്ന ജേർണലിൽ എഴുതുകയുണ്ടായി. ഇസ്ലാമിക കല ലോകത്തെ പൊതു ശാസ്ത്ര വിജ്ഞാനീയങ്ങളോട് എത്രത്തോളം ചേർന്നു നിൽക്കുന്നതാണെന്ന് വസ്തുനിഷ്ഠമായി സമർത്ഥിക്കാൻ അവർക്ക് അതിലൂടെ സാധിച്ചു.

കാഴ്ചയിൽ കേവല പ്രത്യക്ഷ ഭംഗി മാത്രമല്ല മേൽ വിവരിച്ച പോലുള്ള രൂപങ്ങൾക്കുള്ളത്. അറിവ് കൈമാറ്റം ചെയ്യപ്പെടുന്നു (knowledge transformation) എന്നതാണ് ജ്യാമിതിയ കലയുടെ എടുത്തു പറയേണ്ട പ്രത്യേകത. ലോക സംസ്കാര വൈവിധ്യങ്ങളെ തിരിച്ചറിയുക, ലോകത്ത് നിലവിലുള്ള വിവിധങ്ങളായ മനുഷ്യ നാഗരിക-സംസ്കാരങ്ങൾ ഉണ്ടായിരിക്കെ മനുഷ്യ കുലത്തിന്റെ ഐക്യ(pattern of unity) ത്തെ കൂടി പ്രസ്തുത രൂപങ്ങൾ വരച്ചിടുന്നുണ്ട്. ലോക പ്രസിദ്ധ മുസ്ലിം തത്ത്വചിന്തകരുടെ അഭിപ്രായത്തിൽ പദാർത്ഥ/ ഭൗതിക ലോകത്തെയും ആത്മീയ ലോകത്തെയും (spiritual world) ബന്ധിപ്പിച്ച് നിർത്തുന്ന സംവിധാനമാണ് ഇസ്ലാമിലെ ജ്യാമിതീയ രൂപങ്ങൾ.

ജ്യാമിതീയ രൂപങ്ങൾ അറബിക് കലിഗ്രഫിയിൽ നിന്ന് പ്രത്യക്ഷത്തിൽ വേറിട്ട് തന്നെയാണ് നിൽക്കുന്നത്. എഴുത്ത് രീതികളിലൂടെ കാലിഗ്രഫി ഇസ്ലാമിക അധ്യാപനങ്ങളെ പ്രതിനിധീകരിക്കുമ്പോൾ ജ്യാമിതീയ കലാവിഷ്കാരങ്ങൾ ഗണിത ശാസ്ത്ര നിബന്ധനകൾ പാലിച്ച് വ്യത്യസ്ത മുദ്രകളും രൂപങ്ങളും പ്രദർശിപ്പിക്കുന്നു. എന്നാൽ ഇസ് ലാമിക നിർമ്മിതികളിൽ ഈ രണ്ട് കലാരൂപങ്ങളെയും പലപ്പോഴും നമ്മുക്ക് അനുഭവിക്കാൻ കഴിയും. പള്ളികൾ, മദ്രസകൾ, മുസ്ലിം കലാലയങ്ങൾ തുടങ്ങിയവയിൽ ലോകത്തിലെ ഇസ്ലാമിക ജ്യാമിതീയ രൂപങ്ങളുടെയും കലിഗ്രഫിയുടെയും ഉത്തമ മാതൃകകൾ നമ്മുക്ക് ഇന്നും ആസ്വദിക്കാം.

Also read: സുരക്ഷിതത്വമേകുന്നതാണോ നമ്മുടെ ഗൃഹാന്തരീക്ഷം ?

ഇന്ത്യയിൽ ഇസ്ലാമിക കലയുടെ മൂർത്ത രൂപങ്ങൾ അവതരിപ്പിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് ഡൽഹി. തുർക്കി പാരമ്പര്യം അവകാശപ്പെടുന്ന മദ്ധ്യേഷ്യയിൽ നിന്നുള്ള മുസ്ലിം പടയോട്ടം ഇന്ത്യ ഉപഭൂഖണ്ഡത്തെ പല നിലക്കും സമ്പന്നമാക്കിയിട്ടുണ്ട്. തുർക്കി വംശജരായത് കൊണ്ട് തന്നെ വാസ്തുവിദ്യ, കാലിഗ്രഫി, ജ്യാമിതീയ കലാവിഷ്കാരങ്ങൾ തുടങ്ങിയവ അതിന്റെ തന്മയ് ഭാവത്തോടെ അവതരിപ്പിക്കാൻ അവസരം ലഭിച്ചവരാണ് ഇന്ത്യയിൽ ഭരണം നടത്തിയ ഡൽഹി, മുഗൾ സുൽത്താന്മാർ. ഡൽഹി കേന്ദ്രീകരിച്ചുള്ള മുസ്ലിം ഭരണങ്ങളുടെ വികാസം ഇസ്ലാമിക കലയുടെ വേറിട്ട കാഴ്ചാനുഭവങ്ങൾ സമ്മാനിക്കുന്നുണ്ട്. മുഗൾ കാലത്തെ ജ്യാമിതീയ രൂപങ്ങളിൽ എടുത്തു പറയേണ്ട പ്രത്യേകത ജാലി രൂപ മാതൃകകളിലൂന്നിയുള്ള പരീക്ഷണങ്ങളായിരുന്നു. (jali) നെറ്റ് രൂപത്തിൽ ജ്യാമിതീയ കലയെ അവതരിപ്പിച്ചതിലൂടെ ഇന്തോ-ഇസ്ലാമിക് വാസ്തു വിദ്യക്ക് പുതിയ മാനങ്ങൾ കൈവന്നു.

ഇന്ന് ലോകത്ത് പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങൾ ഇസ്ലാമിക ജ്യാമിതീയ രൂപങ്ങൾക്ക് വേണ്ടി ഒരുക്കുന്ന പരിശീലന കളരികൾ, ചരിത്ര സെമിനാറുകൾ, കോൺഫറൻസുകൾ തുടങ്ങിയവക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. Classic Islamic Design എന്ന രീതിയിൽ ഇസ്ലാമിക് ആർട്ട് വിജ്ഞാന ശാഖയിലെ പ്രധാന പഠന വിഭാഗമായി യൂറോപ്യൻ യൂണിവേഴ്സിറ്റികൾ ഇസ്ലാമിക് ജ്യാമിതീയ കലയെ (Islamic geometric pattern) അവതരിപ്പിച്ചു കഴിഞ്ഞു.

 

Related Articles