Current Date

Search
Close this search box.
Search
Close this search box.

യുക്തിവാദ ചിന്തകളുടെ പിന്നാമ്പുറം ഇസ്ലാം വിരുദ്ധത ?!

യുക്തിവാദം എന്നതിന്റെ അടിസ്ഥാനം ഒരു സംഗതിയെ ശാസ്ത്രീയമായി അംഗീകരിക്കുക എന്നതാണല്ലോ. അധിക മത വിശ്വാസത്തിന്റെയും അടിസ്ഥാനം ദൈവ വിശ്വാസമാണ്. ഏക ദൈവമാണോ അതോ അനേകം ദൈവങ്ങളാണോ എന്നതാണ് മതങ്ങൾക്കിടയിലുള്ള അടിസ്ഥാന വ്യത്യാസം. ഈ ലോകത്തിനു ഒരു സൃഷ്ടാവുണ്ട്. എല്ലാം ആ ഏകനായ ദൈവത്തിന്റെ സൃഷ്ടികളാണ്. അത് കൊണ്ട് ആ ഏകനായ ദൈവത്തെ അനുസരിച്ചു കൊണ്ട് ജീവിക്കലാണ് ഭൂമിയിൽ മനുഷ്യൻ ചെയ്യേണ്ടത് എന്ന് മുസ്ലിംകൾ അംഗീകരിക്കുന്നു. ദൈവത്തെ ആർക്കും കാണാൻ കഴിഞ്ഞിട്ടില്ല എന്നതിനാലും ദൈവം ഒരു ശാസ്ത്രത്തിന്റെ ഭാഗമല്ല എന്നത് കൊണ്ടും യുക്തിവാദികൾ ദൈവത്തെ നിരാകരിക്കുന്നു. നമുക്കതിൽ എതിർപ്പില്ല. ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനുമുള്ള അവകാശം മനുഷ്യനു ദൈവം തന്നെ നൽകിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അവസാന ദിനം വരെ വിശ്വാസി അവിശ്വാസി എന്നീ രണ്ടു വിഭാഗം നാട്ടിൽ നിലനിൽക്കുന്നതും.

അങ്ങിനെ വന്നാൽ എല്ലാ മതങ്ങളും യുക്തിവാദികൾക്ക് ഒരേപോലെയാകണം. അവരുടെ ഭാഷയിൽ എല്ലാ മതങ്ങളും യുക്തിഹീനമാണ്. പക്ഷെ അങ്ങിനെയാണ് വർത്തമാന കാലത്ത് യുക്തിവാദം പ്രവർത്തിക്കുന്നത് എന്ന് നമുക്ക് പറയാൻ കഴിയില്ല. യുക്തിവാദികൾ ഇന്ന് ചെയ്ത് കൊണ്ടിരിക്കുന്ന ,മുഖ്യ കാര്യം ലോകാടിസ്ഥാനത്തിൽ- സാമ്രാജത്വ ശക്തികളും സയനിസ്റ്റ്കളും ഇന്ത്യയിൽ സംഘ പരിവാറും ചെയ്തു കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ തന്നെയാണ്. ഇടതു ലിബറൽ പിന്തുണ ലഭിക്കുന്നതോട് കൂടി കേരളത്തിലും അതിന്റെ പ്രവർത്തന മണ്ഡലം കൂടുതൽ സുഖകരമാകുന്ന കാഴചയാണ്‌ നാം കാണുന്നത്. യുക്തിവാദ ചിന്തകളുടെ പിന്നാമ്പുറം അന്വേഷിച്ചു ചെന്നാൽ കാണാൻ കഴിയുക മത വിരുദ്ധത എന്നതിനേക്കാൾ കൂടുതൽ ഇസ്ലാം വിരുദ്ധത എന്നതാണ്.

Also read: വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം

സംഘ പരിവാർ മുന്നോട്ട് വെക്കുന്ന ഹിന്ദുത്വം ഒരു ദേശീയതയുടെ പേരാണ്. മതം ദൈവം എന്നതിനേക്കാൾ വംശീയതയാണ് അതിന്റെ അടിസ്ഥാനം. അത് കൊണ്ട് തന്നെ മത നിഷേധികളും അതിന്റെ ഭാഗമാണ്. മുസ്ലിം വിരോധം എന്ന അടിസ്ഥാന വിഷയത്തിൽ അവർക്കും യുക്തിവാദികൾക്കുമിടയിലുള്ള ബന്ധം ശക്തമാണ്. അത് കൊണ്ട് തന്നെയാണ് പല യുക്തിവാദി നേതാക്കളുടെ വാദങ്ങളും സംഘ പരിവാരിന്റെ വാദങ്ങളും ഒത്തു വരുന്നത്. ഭൂമിയിലുള്ള എന്തിനോടും നിലപാടുണ്ട് എന്നതാണ് ഇസ്ലാമിന്റെ പ്രത്യേകത. അത് മനസ്സിലാക്കാതെ പോയി എന്നതാണ് മത വിരുദ്ധരുടെ കുഴപ്പവും.

ഒരു മുസ്ലിം പേരുള്ള വ്യക്തി ഒരു നായയെ കാറിന്റെ പിറകിൽ കെട്ടിവലിച്ചു എന്നതാണ് പുതിയ വിവാദങ്ങളുടെ തുടക്കം. മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും മറ്റു ജീവികളോടും പ്രകൃതിയോടും എങ്ങിനെ ഇടപെടണം എന്നത് കൂടി ഇസ്ലാം പഠിപ്പിക്കുന്നു. ഇസ്ലാം മുന്നോട്ട് വെക്കുന്ന ദൈവം കാരുണ്യമാണ്. വിശ്വാസികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ദൈവ നാമവും “ കാരുണ്യവാൻ കരുണാനിധി” എന്നൊക്കെയാണ്. അതിന്റെ പിന്നിൽ മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. കരുണാവാരിധിയായ ദൈവത്തിന്റെ അടിമകൾ കാരുണ്യം എന്ന ഗുണമുള്ളവരാകണം. “ നിങ്ങൾ ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കു” എന്നതാണ് പ്രവാചക വചനം. ഭൂമിയിൽ എന്നത് കൊണ്ട് ഉദ്ദേശ്യം കേവലം മനുഷ്യരല്ല എല്ലാ ജീവനുള്ളതും ഇല്ലാത്തവയും ഉൾപ്പെടുന്നു. അകാരണമായി ഒന്നിനെയും നശിപ്പിക്കാൻ വിശ്വാസികൾക്ക് അനുവാദമില്ല. അകാരണമായി ഒരാളെ കൊന്നവനെ കുറിച്ചുള്ള ഇസ്ലാമിന്റെ നിലപാട് അയാൾ മനുഷ്യ കുലത്തെ മൊത്തമായി കൊന്നവൻ എന്നാണ്.

മൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന രീതി പണ്ട് മുതലേയുണ്ട്. ചില മൃഗങ്ങളെ ഇസ്ലാമും ഭക്ഷ്യവസ്തുവായി കണക്കാക്കുന്നു. അറവു നടത്തി വേണം അതിനെ ഭക്ഷണമായി ഉപയോഗിക്കാൻ. അപ്പോഴും ഇസ്ലാം നൽകുന്ന നിർദ്ദേശം “ നിങ്ങൾ അറവു നന്നാക്കുക” എന്നതാണ് . അറവു മൃഗത്തെ കൂടുതൽ പീഡിപ്പിക്കുന്ന രീതി ഇസ്ലാം എതിർക്കുന്നു. പൂച്ചയെ കെട്ടിയിട്ടു കൊന്നതിനെ നരക പ്രവേശനത്തിന് കാരണമായി ഇസ്ലാം എണ്ണുന്നു. നായക്ക് വെള്ളം നൽകുക എന്നത് സ്വർഗ്ഗ പ്രവേശനത്തിനുള്ള കാരണമായും ഇസ്ലാം പറയുന്നു. യുദ്ധ സമയത്ത് പോലും അകാരണമായി മരം മുറിക്കുന്നതിനെ ഇസ്ലാം വെറുക്കുന്നു. അന്ത്യദിനം ഉറപ്പായാൽ പോലും കയ്യിലുള്ള ചെടി ഭൂമിയിൽ നടാതെ പോകരുതെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നു. ഇതൊക്കെയാണു ഇസ്ലാമിന്റെ പൊതുവേയുള്ള നിലപാടുകൾ. അതെ സമയം ഇസ്ലാമിനെ ക്രൂരതയുടെ പര്യായമായി എണ്ണാൻ ശത്രുക്കൾ തക്കം പാർക്കുകയും ചെയ്യുന്നു.

Also read: കോറഡോ ഓഗിയാസിന് ഒരു ബിഗ് സല്യൂട്ട്

നായയോടുള്ള ഇസ്ലാമിന്റെ നിലപാടും കൃത്യമാണ്. അതെ സമയത്ത് തന്നെ നായയെ കാവൽ ജോലിക്കും വേട്ടക്കുമായി ഉപയോഗപ്പെടുത്തുന്നതിനെ ഇസ്ലാം എതിർക്കുന്നില്ല. വേട്ട പഠിപ്പിക്കുക എന്ന് ഖുർആൻ എടുത്തു പറഞ്ഞ വാക്ക് “ തകലീബ്” എന്നാണ്. നായയുടെ “ കല്ബ്” എന്നതിൽ നിന്നാണ് ഈ പദം ഉത്ഭവിക്കുന്നത്. വേട്ട പഠിപ്പിച്ച നായ വേട്ടയാടി കൊണ്ട് വരുന്നതും ഭക്ഷിക്കാം എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. എന്നിരിക്കെ നായയെ പീഡിപ്പിച്ചു കൊല്ലണം എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്ന ആരോപണം ആരെ സന്തോഷിപ്പിക്കാൻ?.

കേരളത്തിലെ യുക്തിവാദി നേതാവ് ഈ വിഷയത്തെ ഇസ്ലാമുമായി ബന്ധിപ്പിക്കാനാണ്‌ ശ്രമിച്ചത്. മുസ്ലിംകൾ എന്ത് ചെയ്യുന്നു എന്നതല്ല പകരം ഇസ്ലാം എന്ത് പറയുന്നു എന്നതാണ് പരിഗണിക്കേണ്ടത്. ഇസ്ലാം നിരോധിച്ച പലതും മുസ്ലിം നാമധാരികൾ കൊണ്ട് നടക്കുന്നു. അതിനു ആരെ കുറ്റം പറയണം എന്നത് സാമാന്യ ബുദ്ധിയുടെ വിഷയമാണ്‌. ഇസ്ലാമിന്റെ പേരിൽ ഇല്ലാത്ത ആരോപണം ഉണ്ടാക്കി ഭീതി പരത്തുക എന്നതിനെ ഇസ്ലാമോഫോബിയ എന്ന് വിളിക്കപ്പെടുന്നു. നാടൻ ഭാഷയിൽ അതിനെ ആടിനെ പട്ടിയാക്കുക എന്നും പറയും. യുക്തിവാദി നേതാവ് ശ്രീ രവി ചന്ദ്രൻ പലപ്പോഴും സംഘ പരിവാർ നിലപാടിനോട് ചേർന്ന് നിന്നാണു അഭിപ്രായം പറയാറ്. സംവരണം കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ അത് നാം കണ്ടതാണ്. യുക്തിവാദം ലിബറലിസം എന്നിവയെ സമർത്ഥമായി ഉപയോഗിക്കാൻ സംഘ പരിവാരിനു സാധിക്കുന്നു. ഇസ്ലാം വിരുദ്ധത എന്ന മുഖ്യ ഘടകത്തിൽ എല്ലാവരെയും ഒന്നിപ്പിക്കാൻ അവർക്ക് കഴിയുന്നു.

Also read: സൗമ്യനാകൂ …. സമാധാനം നേടൂ

ദൈവം മതം പ്രവാചകന്മാർ പരലോകം എന്നിവയിലാണ് പലപ്പോഴും മത വിശ്വാസികളും യുക്തിവാദികളും സംവാദം നടത്താറുള്ളത്. ആശയ തലത്തിലുള്ള സംവാദത്തിൽ നിന്നും യുക്തിവാദ സംഘങ്ങൾ പിറകോട്ടു പോകുന്നു. പകരം അവർ പ്രകോപനപരമായ രീതികൾ പരീക്ഷിക്കുന്നു. അതാണു യൂറോപ്പിൽ വലതു പക്ഷ തീവ്രവാദികൾ നടത്തുന്നത്. അത് തന്നെയാണ് ഇന്ത്യയിൽ സംഘ പരിവാറും നടത്തുന്നത്. ഇസ്ലാം വിരുദ്ധതയുടെ കാര്യത്തിൽ എല്ലാവര്ക്കും യോജിക്കാൻ കഴിയുന്നു എന്നത് കൊണ്ട് നായയും ഒരു ഉപകരണമായി എന്ന് കരുതാം.

Related Articles