Book Review

‘കൂടികാഴ്ച’, ‘ഇസ്‌ലാം വിമർശനങ്ങളും മറുപടിയും’

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ രണ്ട് കൃതികൾ

മലയാളത്തിലെ ഇസ്‌ലാമിക സാഹിത്യ ലോകത്ത് സുപരിചിതനാണ് ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി. ആശയപരമായി വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും ഇസ്‌ലാമിക സമൂഹത്തിന് അദ്ദേഹം ചെയ്ത സേവനങ്ങളെ വിലമതിക്കാതിരിക്കാനാവില്ല. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനും, കാലികമായും ബൗദ്ധികമായും ഇസ്‌ലാമിനെ അവതരിപ്പിക്കാനും, യുക്തിപൂർണവും ചിന്താപരവുമായ മറുപടികളിലൂടെ ഇസ്‌ലാം വിമർശനങ്ങളുടെ മുനയൊടിക്കാനും സവിശേഷമായ പ്രാപ്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. പ്രഭാഷണത്തേക്കാൾ രചനാലോകത്തായിരുന്നു അദ്ദേഹത്തിന്റെ മികവ്. ഇനിയും പുതുമ നശിച്ചിട്ടില്ലാത്ത ഈടുറ്റ നിരവധി കൃതികൾ കൈരളിക്ക് സമർപ്പിച്ചുകൊണ്ടാണ്, ഈയുള്ളവന്റെ ഗുരുനാഥൻ കൂടിയായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി നാഥന്റെ വിളിക്ക് ഉത്തരം നൽകിയത്. (അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.)

പൊതുസമൂഹത്തെ അഡ്രസ്സ് ചെയ്യുന്നതും വൈജ്ഞാനിക നിലവാരം കൊണ്ട് ശ്രദ്ധേയമായതും ബൗദ്ധികമായും ചിന്താപരമായും വിഷയങ്ങളെ സമീപിക്കുന്നതുമായ, ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ രണ്ട് കൃതികളെയാണ് ഈ കുറിപ്പിൽ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.

Also read: ബാർബറോസ: കടൽക്കൊള്ളക്കാരൻ അഡ്മിറലായ കഥ

‘കൂടിക്കാഴ്ച’ എന്ന പേരിൽ 2002 നവംബറിൽ ‘നിച്ച് ഓഫ് ട്രൂത്ത്” പ്രസിദ്ധീകരിച്ച 125 പേജ് മാത്രം വരുന്ന ചോദ്യോത്തര സമാഹാരമാണ്‌ അതിൽ ഒന്നാമത്തേത്. ‘സ്നേഹ സംവാദം’ മാസികയിലേക്ക് ആളുകൾ എഴുതിച്ചോദിച്ചിരുന്ന, ഇസ്‌ലാമുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കും സംശയങ്ങൾക്കും നൽകപ്പെട്ട മറുപടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവയാണ് ‘കൂടിക്കാഴ്ച’യുടെ ഉള്ളടക്കം. ഹ്രസ്വമെങ്കിലും മറുപടികൾ മൊത്തത്തിൽ വായനക്കാരെ തൃപ്തിപ്പെടുത്തുന്നതാണ്. ശൈലികൊണ്ട് ഏറെ ആകർഷകവും. ‘ഖുർആൻ ഒരു സത്യാന്വേഷിയുടെ മുന്നിൽ’ എന്ന, ലഘുവെങ്കിലും ശ്രദ്ധേയമായ പുസ്തകത്തിലേത് പോലെത്തന്നെ, ‘മതപണ്ഡിതൻ’ എന്നതിലുപരി ശാസ്ത്രീയ വിഷയങ്ങളിലും ആംഗലേയ സാഹിത്യത്തിലുമുള്ള ഹമീദ് മദനിയുടെ പ്രാവീണ്യം ഈ കൃതിയിലും തെളിഞ്ഞുകാണാം.

”സ്രഷ്ടാവും സൃഷ്ടികളും’, ഇസ്‌ലാമും യുക്തിവാദവും’, ‘ഖുർആനും വിമർശനങ്ങളും’, ‘ഇസ്‌ലാമും വിമർശനങ്ങളും’, ‘ഇസ്‌ലാമിക പ്രബോധനം’ എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി തിരിച്ച പുസ്തകം ആകെ അമ്പത്തിയെട്ട് ചോദ്യങ്ങളും മറുപടികളുമുൾക്കൊള്ളുന്നു. ചില ചോദ്യോത്തരങ്ങൾ വായിച്ചപ്പോൾ, ഇതെന്തുകൊണ്ട് ഈ തലക്കെട്ടിന് കീഴിൽ ഉൾപ്പെടുത്തി എന്ന് സംശയിച്ചുപോയി. മറുപടിയിലെ ഊന്നലോ വിഷയാധിഷ്ഠിതമായി വേർതിരിക്കാൻ കഴിയാത്തവിധം ചോദ്യങ്ങളുടെ ഉള്ളടക്കം പരസ്പരം ചേർന്നതോ ആയിരിക്കും അങ്ങനെ ചെയ്യാൻ ഗ്രന്ഥകാരനെ/ പ്രസാധകരെ പ്രേരിപ്പിച്ചത് എന്ന് മനസ്സിലാക്കുന്നു.

‘ആകസ്മിക വാദവും ദൈവാസ്തിത്വവും’, ‘കുട്ടികളെ വികലാംഗരും രോഗികളുമാക്കുന്ന അല്ലാഹു കാരുണികനോ’, ‘ഭൂമിയുടെ ഗോളാകൃതിയും ഖുർആനും’, ‘ഇസ്‌ലാമും അടിമത്തവും’… തുടങ്ങിയ ചോദ്യോത്തരങ്ങൾ പ്രത്യേക പരാമർശമർഹിക്കുന്നു.

Also read: മൗലികതയും മൗലവികതയും

2002 ഡിസംബറിൽ ‘യുവത ബുക്ക് ഹൗസ്’ പ്രസിദ്ധീകരിച്ച, ‘ഇസ്‌ലാം വിമർശനങ്ങളും മറുപടിയും’ എന്നതാണ് ചെറിയമുണ്ടത്തിന്റെ ശ്രദ്ധേയമായ മറ്റൊരു കൃതി. കെട്ടും മട്ടും അത്ര ആകർഷകമല്ലെങ്കിലും ഉള്ളടക്കം കൊണ്ട് ‘കൂടിക്കാഴ്ച’യേക്കാൾ ഏറെ വിപുലമാണിത്. ‘ദൈവം, മതം, വേദം, പ്രവാചകൻ’ എന്നിങ്ങനെ നാല് തലക്കെട്ടുകൾക്ക് കീഴിലായി 120 ചോദ്യങ്ങളും ഉത്തരങ്ങളും ഉൾക്കൊള്ളുന്നതാണീ കൃതി. വായനക്കാരുടെ ആർത്തി ശമിപ്പിക്കും വിധം ചില മറുപടികൾ സാമാന്യം വിശദമാണ്‌ താനും. ‘ശബാബ്’ വാരികയിലെ ‘മുസ്‌ലിം’ എന്ന പേരിലുള്ള ചോദ്യോത്തര പംക്തിയിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളിൽ നിന്നും, ദൈവനിഷേധികളും, ഇസ്‌ലാമിനെയും പ്രവാചകനെയും വിമർശിക്കുന്നവരും, യുക്തിവാദികളും, കമ്യൂണിസ്റ്റുകളും, ഖാദിയാനികളും ഉന്നയിക്കാറുള്ള വിഷയങ്ങൾ പ്രത്യേകമായി ക്രോഢീകരിച്ചതാണ് ‘ഇസ്‌ലാം വിമർശനങ്ങളും മറുപടിയും’. പ്രസാധകർ അവകാശപ്പെടുന്നപോലെ, ‘നന്മയാഗ്രഹിക്കുന്ന ഏത് മതപ്രവർത്തകനും വലിയൊരു മുതൽകൂട്ടാ’ണ് ഈ പുസ്തകം.

‘മനുഷ്യനും പരീക്ഷണങ്ങളും’, ‘ദൈവകാരുണ്യം: ഇഹത്തിലും പരത്തിലും’, ‘ബയോ ടെക്‌നോളജിയും ഇസ്‌ലാമും’, ‘മൃഗബലിയും ക്രൂരതയും’, ‘അടിമത്തവും പീഡനവും ഇസ്‌ലാമും’, ‘ഉത്പതിഷ്ണുക്കളും സ്ത്രീവിരുദ്ധ സമീപനങ്ങളും’, ‘പുരുഷാധിപത്യവും പർദ്ദയും’, ‘ഹദീസ് ക്രോഡീകരണവും നബി(സ)യുടെ വാക്കും’… തുടങ്ങിയ അദ്ധ്യായങ്ങളാണ് കൂടുതൽ ആകർഷകമായും ചിന്താപരമായും അനുഭവപ്പെട്ടത്. ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ടതും പൊതുസമൂഹത്തിൽ ചർച്ചയാവേണ്ടതുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനിടയിൽ മുജാഹിദ് പ്രസ്ഥാനവുമായി ഏതോ നിലക്ക് ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് -അതിന് വേറെത്തന്നെ പുസ്തകങ്ങൾ ഉണ്ടായിരിക്കെ- കല്ലുകടിയായി.

‘ഉള്ളടക്ക’ത്തിൽ അധ്യായങ്ങളുടെ പേരിന് നേരെ പേജ് നമ്പർ നൽകാതിരുന്നത് മേൽപറഞ്ഞ രണ്ട് പുസ്തകങ്ങളുടെയും പോരായ്മയായി തോന്നി. വരും പതിപ്പുകളിൽ പ്രസാധകർ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്‌ലാം വിമർശനം സോഷ്യൽ മീഡിയയിലേക്ക് കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്ന ഇക്കാലത്ത് ഈ പുസ്തങ്ങളിലെ ശ്രദ്ധേയമായ മറുപടികൾ മലയാളം യൂനിക്കോഡ് രൂപത്തിൽ ഓൺലൈനിൽ ലഭ്യമാക്കിയിരുന്നെങ്കിൽ നന്നായേനേ.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker