Current Date

Search
Close this search box.
Search
Close this search box.

മൗലികതയും മൗലവികതയും

കാര്യം ഏറ്റവും നന്നായി ചെയ്യാനുള്ള മാർഗമവലംബിക്കുക എന്ന ഒരു വാചകമുണ്ട് തോമസ് എഡിസണിന്റേതായി, ഡേവിഡ് സർനോഫിന്റേതാണ് ആ വാചകമെന്നും അഭിപ്രായമുണ്ട്. ചെയ്യുന്ന പണി വൃത്തിയായി കൂടുതൽ ഫലപ്രദവും സമ്പൂർണവുമായി (Effective & Perfective) നിർവഹിക്കുക എന്നത് എല്ലാം യാന്ത്രികമായി ചെയ്തുപോരുന്ന തലമുറയിൽ എത്രമാത്രം പ്രായോഗികമാവും എന്ന് സംശയമുണ്ട്. ഏതു ജോലിയും രണ്ടു രീതിയിൽ ചെയ്യാം. ഒന്ന് യാന്ത്രികമായി സാമ്പ്രദായിക രീതിയിൽ , മറ്റൊന്ന് മൗലികമായി സക്രിയമായ മാതൃകയിലും .

ഒരേ കാട്ടിൽ ഒരേ ദിവസം മരം വെട്ടാൻ പോയ രണ്ടാളുകളുടെ കഥയുണ്ട് , ഒരാൾ മണിക്കൂറുകൾക്കകം തനിക്ക് ഉയർത്താവുന്നതിന്റെ പരമാവധി മരക്കഷ്ണവുമായി കാടിറങ്ങി. രണ്ടാമനാവട്ടെ, ഇരുളാകും വരെ വെട്ടിയിട്ടും ഒരാൾക്ക് രണ്ട് കൈകൾ കൊണ്ട് കൂട്ടിപ്പിടിച്ച് കൊണ്ടു പോകാവുന്നതേ വെട്ടാൻ കഴിഞ്ഞുള്ളൂ. രണ്ടു പേരുടേയും തിരിച്ചു വരവുകളുടെ സമയവും അധ്വാനഫലവും നേരിട്ടറിഞ്ഞ അയൽവാസി അവരോട് രണ്ടു പേരുടേയും പ്രവർത്തന രീതിയിൽ വല്ല വ്യത്യാസവുമുണ്ടോ എന്നറിയാൻ ചോദിച്ചു. രണ്ടാമൻ പറഞ്ഞത് ഞാൻ രാവിലെ മുതൽ വൈകുന്നേരം വരെ എന്റെ അച്ഛൻ വെട്ടുന്ന പോലെ വെട്ടുന്നു. കിട്ടുന്നതുമായി വീടു പിടിക്കുന്നു എന്നാണ്. എന്നാൽ ഒന്നാമൻ വെട്ടി കിട്ടിയ വിറക് ചന്തയിൽ കൊണ്ടുപോയി വിറ്റ് ആവശ്യ സാധനങ്ങളുമായി വീട്ടിലെത്തുന്നതു വരെ കാത്തിരുന്നു. അയാളോടും രണ്ടാമനോട് ചോദിച്ച ചോദ്യമാവർത്തിച്ചു . അതിനയാൾ നല്കിയ മറുപടിയാണ് ശ്രദ്ധേയം: “ഓരോ കൊമ്പും വെട്ടിയതിന് ശേഷം എന്റെ മഴു മൂർച്ച കൂട്ടുന്നു ” എന്നാണ്. അഥവാ രണ്ടാമനും ഒന്നാമനും ചെയ്യുന്ന പണി ഒന്നാണെങ്കിലും രണ്ടു പേരും അവലംബിക്കുന്ന രീതികൾ വ്യത്യസ്തമാണെന്ന് സാരം.

Also read: ബാർബറോസ: കടൽക്കൊള്ളക്കാരൻ അഡ്മിറലായ കഥ

ഉരുവിനെ അറുക്കുമ്പോൾ കത്തിക്ക് മൂർച്ച കൂട്ടാൻ പ്രവാചകൻ (സ)പഠിപ്പിച്ചതിന്റെ യുക്തിയും അതുതന്നെയാണ്.അറുക്കപ്പെടുന്ന ഉരുവിന് ആശ്വാസവും അറുക്കുന്നവന് പ്രയാസരഹിതവുമാവാൻ കത്തി ഉപകരിക്കുമെന്നർഥം. മഴു മൂർച്ച കൂട്ടുന്നത് ആയാസരഹിതമായി, വേഗതയിൽ തന്റെ പണി തീർക്കുവാൻ രണ്ടാമൻ ചെയ്തതുപോലെ ചെയ്യുന്ന ജോലി ആസ്വദിച്ച് , നൂതനമായ രീതിയിലും ഭാവത്തിലും ചെയ്യാം.

“ഞാൻ അന്ധനാണ് , എന്നെ സഹായിക്കൂ ” എന്ന ബോർഡുമായി റോഡരുകിൽ ഭിക്ഷാടനം നടത്തിയിരുന്ന കഥ മോട്ടിവേഷൻ ക്ലാസുകാർ പറയുന്നത് ഒരുപാട് തവണ കേട്ടിട്ടുള്ളവരാണ് നാം. “ഈ ലോകം എത്ര സുന്ദരം,പക്ഷേ ഞാനതറിയുന്നില്ല ” എന്ന രീതിയിലേക്ക് ആ ബോർഡ് തിരുത്തി എഴുതിയ കുട്ടിയുടെ ക്രിയാത്മകതക്ക് പേർസണാലിറ്റി ഡവലപ്മെന്റ് ട്രാൻസ്ഫോമിസ്റ്റുകൾ അതിനെ ക്രിയേറ്റിവിറ്റി / ഇന്നൊവേഷൻ എന്നൊക്കെയാണ് വിളിക്കുന്നതെങ്കിൽ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ ഇഹ്സാൻ/ ഇത്ഖാൻ എന്നൊക്കെയാണ് പറയുക.

അല്ലാഹു ഇഷ്ടപ്പെടുന്നവർ എന്ന് വിശുദ്ധ ഖുർആൻ 2:195, 3:134, 148 , 5:13,93 തുടങ്ങി പല സ്ഥലത്തായി പറയുന്ന ഈ ഇഹ്സാൻ ഇസ്ലാം ദീക്ഷിക്കുന്ന ക്രിയാത്മകതയുടേയും നൂതനാവിഷ്കാരങ്ങളേയും ചിത്രീകരിക്കാൻ പോന്ന സാങ്കേതിക സംജ്ഞയാണ്.
ആരും കാണുന്നില്ലെങ്കിലും നാഥൻ കാണുന്നുവെന്ന നിലക്ക് അവനെ ആരാധിക്കുക എന്നതാണ് ഇഹ്സാൻ എന്ന് പഠിപ്പിച്ചതിൽ കർമ്മങ്ങളെ ഏറ്റവും നന്നായി പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. അവസാനമായി നമസ്കരിക്കുന്നവന്റെ നമസ്കാരം പോലെ നിർവ്വഹിക്കുക എന്ന് നബി (സ) ഓരോ നമസ്കാരത്തിന് മുമ്പും ഓർമ്മപ്പെടുത്തിയിരുന്നതും ഈ ആശയത്തിലാണ്.

Also read: “കോവിഡാനന്തര ലോകം” മനുഷ്യത്വത്തിൻെറ മധുരം നിറഞ്ഞതാവും

ദേബശിഷ് ചാറ്റർജി പറയും പോലെ സർഗാത്മകത നവ സാക്ഷരതയുടെ രൂപമാണ്. ഒരു ശില്പിയുടെ കൈയ്യിൽ കിട്ടുന്ന തടി അയാൾ ചെത്തിയും വെട്ടിയും ശില്പമാക്കുകയാണ്. പുറമെ നിന്ന് വീക്ഷിക്കുന്നവന് തടി ഇല്ലാതാവുന്നു , അത്രമാത്രം. എന്നാൽ ശില്പി അതിനെ ചെത്തി വാർത്തെടുക്കുന്നത് അതിലെ കലാമൂല്യത്തെയാണ്. ആധുനിക വിദ്യാഭ്യാസ സങ്കല്പമനുസരിച്ച് സൃഷ്ടിപരത, സർഗാത്മകത എന്നൊക്കെ പറയുന്നത് ശാസ്ത്രവും ഗണിതവും കലയും സൗന്ദര്യശാസ്ത്രവുമെല്ലാം ഒരുമിച്ച് ചേർന്നതിന്റെ പേരാണ് . ഉദ്ഗ്രഥിതം /Integration എന്നാണ് പള്ളിക്കൂടങ്ങളിലതിനെ വിളിക്കുന്നത്. കുളത്തിന്റെ കഥയിൽ നിന്നും ഭാഷയും സാമൂഹ്യ ശാസ്ത്രവും അടിസ്ഥാന ഗണിതവും ആവാസ വ്യവസ്ഥയെ കുറിച്ച ബോധവും സാമൂഹ്യ ജീവിയായ നാം ഭൂമിയുടെ അവകാശികളായ മറ്റു ജീവജാലങ്ങളേയും പരിഗണിക്കേണ്ടതുണ്ട് എന്ന ജീവിത നൈപുണികളുമാണ് ഒരേ സമയം പഠിതാക്കളിൽ വാർത്തെടുക്കുന്നത്.

ഇപ്പറഞ്ഞവ കേവലം ക്ലാസ് റൂമിൽ നിന്നല്ല ,ഒരു പഠിതാവ് ചെയ്യുന്ന / ഇടപെടുന്ന എല്ലാ മേഖലകളിൽ നിന്നും സാധ്യമാവേണ്ടതുണ്ട്. എന്നാൽ 2018 ഏപ്രിൽ മുതൽ മാത്രമാണ് യു എൻ ആരംഭിച്ച ഇത്തരം ക്രിയാത്മക / മൗലികാവിഷ്കാര ദിന (#WCID) ചിന്ത വഹ് യിന്റെ ആദ്യ ദിനം മുതൽ പ്രവർത്തിപഥത്തിൽ കൊണ്ടുവന്ന നബവീ മാതൃക ഇന്നും സർഗാത്മകവും നിത്യനൂതനവുമായി നിലനിൽക്കണമെങ്കിൽ സംഗതികളെ മൗലികമായി (മൗലവികമായല്ല ) കാണുകയും വായിക്കുകയും ചെയ്യുന്ന അനുയായി വൃന്ദം ഉണ്ടാവേണ്ടതുണ്ട്.

കിട്ടിയ ലോക്ക്ഡൗൺ ചക്കക്കുരു ഷേക്കുണ്ടാക്കാൻ സമയം ചെലവഴിച്ചവരും അവ തീരെ സങ്കോചമില്ലാതെ വാട്സപ്പ് ഗ്രൂപ്പുകളിൽ നിക്ഷേപിച്ചവരും മൂന്നാഴ്ചകൾക്കകം കുടുംബത്തിന്റെ മൊത്തം കലാവിഷ്കാരങ്ങളടങ്ങിയ ‘നിലാവ്’ മാസിക ഉണ്ടാക്കിയവരും ഈയ്യുള്ളവന്റെ പരിചിത വൃത്തത്തിലുണ്ട്. കിട്ടിയ സമയത്തെ സഫലവും സാർഥകവും ക്രിയാത്മകവുമാക്കിയവർ; അത്തരക്കാർക്കേ അവർ ചെയ്യുന്ന പണി അടക്കത്തോടെയും ഒതുക്കത്തോടെയും പൂർണമായി, ക്രിയാത്മകമായി നിർവ്വഹിക്കാൻ കഴിയൂ

(ഏപ്രിൽ 21 ആഗോള ക്രിയാത്മക – നൂതനവൽകരണ ബോധവൽകരണ ദിനം )

Related Articles