History

ബാർബറോസ: കടൽക്കൊള്ളക്കാരൻ അഡ്മിറലായ കഥ

ഈജിയൻ കടലിലെ ലെസ്ബോസ് ദ്വീപ് ഇന്ന് ഗ്രീസിന്റെ ഭാഗമാണെങ്കിലും 1462-നും 1912-നും ഇടയ്ക്ക് ഏകദേശം നാലര നൂറ്റാണ്ടു കാലം ഒട്ടോമൻ ആധിപത്യത്തിൻ കീഴിലായിരുന്നു. 1470-കളിൽ ഇതേ ദ്വീപിലാണ് ഒട്ടോമൻ ചരിത്രത്തിലെ എക്കാലത്തെയും വീരനായകന്മാരിൽ ഒരാളായി എണ്ണപ്പെടുന്ന ഖൈറുദ്ദീൻ ബാർബറോസ (Heyreddin Barbarossa) ജനിച്ചത്. മെഡിറ്ററേനിയൻ കടലിൽ ഒരു കടൽക്കൊള്ളക്കാരനായി അറിയപ്പെട്ടു തുടങ്ങിയ ബാർബറോസയുടെ യഥാർത്ഥ നാമം ഖിള്ർ എന്നായിരുന്നു. “ബാർബറോസ” എന്ന ഇറ്റാലിയൻ പദത്തിനർഥം ചുവന്ന താടിക്കാരൻ എന്നാണ്. ഖൈറുദ്ദീന്റെ സഹോദരനും മറ്റൊരു അറിയപ്പെട്ട കടൽക്കൊളളക്കാരനുമായിരുന്ന അറൂജിനെ (Aruj) ആളുകൾ വിളിച്ചിരുന്നത് ബാബാ അറൂജ് എന്നായിരുന്നു. അതിനെ തെറ്റിദ്ധരിച്ച് യുറോപ്യന്മാർ ബാർബറോസ എന്ന് വിളിച്ചതാണെന്നും അതല്ല ഖൈറുദ്ദീനും അറൂജിനും ചുവന്ന താടിയുണ്ടായിരുന്നതായും, അതിനാലാണ് ആ പേര് സിദ്ധിച്ചതെന്നും രണ്ട് അഭിപ്രായമുണ്ട്.

1492-ൽ ഇസ്ലാമിക് സ്പെയിനിലെ അവസാന ശക്തികേന്ദ്രമായ ഗ്രനാഡയും ക്രിസ്ത്യൻ സ്പെയിൻ പിടിച്ചെടുക്കുമ്പോൾ മെഡിറ്ററേനിയൻ കടലിലെ പഴക്കവും തഴക്കവും വന്ന കടൽക്കൊള്ളക്കാരായി മാറിയിരുന്നു ബാർബറോസ സഹോദരന്മാർ. ഗ്രനാഡയുടെ പതനത്തോടെ സ്പെയിനിൽ നിന്ന് വലിയ തോതിൽ ഉത്തരാഫ്രിക്കൻ നാടുകളിലേക്ക് മുസ്ലിം അഭയാർത്ഥി പ്രവാഹമുണ്ടായി. 1505-ഓടു കൂടി ഉത്തരാഫ്രിക്കയിലേക്ക് കൂടി തങ്ങളുടെ അധീശത്വം വ്യാപിപിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിന്റെ ഭാഗമായി പോർച്ചുഗീസുകാരും സ്പാനിയാർഡുകളും ഉത്തരാഫ്രിക്കയിലെ തീരദേശ പട്ടണങ്ങൾ ആക്രമിക്കാനരംഭിച്ചു. ഈ ആക്രമണങ്ങൾക്ക് തടയിടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഖിള്റും അറൂജും ഒട്ടോമൻ സുൽത്താൻ ബായസീദ് രണ്ടാമന്റെ മകൻ കോർകുദിന് കീഴിൽ രൂപീകരിച്ച കടൽക്കൊള്ള സംഘത്തിൽ ചേരാൻ തീരുമാനിച്ചത്. പോർച്ചുഗീസ്, സ്പാനിഷ് വാണിജ്യ കപ്പലുകളെ ആക്രമിച്ച് ഉത്തരാഫ്രിക്കൻ അധിനിവേശത്തിൽ നിന്ന് അവരുടെ ശ്രദ്ധതിരിക്കുക എന്നതായിരുന്നു തന്ത്രം.

Also read: കംഗനയെപ്പോലുള്ളവർ പരിഷ്കൃത സമൂഹത്തിന് അപമാനമാണ്

1512-ൽ സുൽത്താൻ ബായസീദിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ മക്കളായ അഹ്മദും സലീമും അധികാരത്തിന് വേണ്ടി പോരു തുടങ്ങി. അഹ്മദിനെ വകവരുത്തി സലീം അടുത്ത സുൽത്താനായി അധികാരമേൽക്കുകയും ചെയ്തു. തന്റെ മറ്റൊരു സഹോദരനായ കോർകുദിനെയും വിശ്വാസത്തിലെടുക്കാതിരുന്ന സലീം അദ്ദേഹത്തെയും കൊലപ്പെടുത്തി തന്റെ അധികാര സ്ഥാനം ഭദ്രമാക്കി. എന്നാൽ കോർകുദിന്റെ കൂട്ടാളികളായി അറിയപ്പെടുന്ന തങ്ങൾക്ക് നേരെയും സുൽത്താൻ സലീം തിരിയാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഖിള്റും അറൂജും ഉത്തരാഫ്രിക്കയിലേക്ക് തങ്ങളുടെ തട്ടകം മാറ്റി. സ്പെയിനിനെതിരെയുള്ള തങ്ങളുടെ പോരാട്ടത്തിന് പുതിയ ദിശ നൽകുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു ബാർബറോസ സഹോദരന്മാരുടെ മനസ്സിൽ.

ഉത്തരാഫ്രിക്കയിൽ കേവലം മൂന്നു വർഷത്തിനുള്ളിൽ തന്നെ സ്വതന്ത്ര കടൽകൊള്ളക്കാരായി പേരെടുത്ത ബാർബറോസ സഹോദരന്മാർ തങ്ങളുടെ സ്പാനിഷ്- പോർച്ചുഗീസ് വേട്ട നിർബാധം തുടർന്നുകൊണ്ടിരുന്നു. 1516-ൽ സ്പാനീഷ് ആധിപത്യത്തിൻ കീഴിലായിരുന്ന അൾജിയേഴ്സ് പട്ടണം ബാർബറോസ സഹോദരന്മാർ പിടിച്ചടക്കി. ഖിള്റും അറൂജും നേടിയ ഈ വിജയം കണക്കിലെടുത്ത് ഉത്തരാഫ്രിക്കൻ നാടുകളിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനായി ഒട്ടോമൻ സാമ്രാജ്യം കരുക്കൾ നീക്കിത്തുടങ്ങി. അതിനായി ബാർബറോസ സഹോദരന്മാർക്ക് എല്ലാവിധ സാമ്പത്തിക- സൈനിക സഹായങ്ങളും വാഗ്ദാനം ചെയ്ത് ഔദ്യോഗികമായി തന്നെ സുൽത്താൻ സലീം മുന്നോട്ടു വന്നു. അറൂജ് അൾജിയേഴ്സിന്റെ ഗവർണറായും ഖിള്ർ പടിഞ്ഞാറൻ മെഡിറ്ററേനിയൻ കടലിന്റെ നാവിക ഗവർണറായും നിയമിതരായി.

Also read: സംവാദത്തിന്റെ തത്വശാസ്ത്രം -നാല്

എന്നാൽ, 1518-ൽ സ്പാനിഷ് നാവികപ്പട അൾജിയേഴ്സ് പട്ടണം തിരിച്ചുപിടിച്ചു. ഈ യുദ്ധത്തിൽ അറൂജ് കൊല്ലപ്പെടുകയും ചെയ്തു. അപ്പോഴേക്കും ഒട്ടോമൻ സുൽത്താനിൽ നിന്ന് ഖൈറുദ്ദീൻ എന്ന സ്ഥാനപ്പേര് കരസ്ഥമാക്കിയ ഖിള്ർ ഖൈറുദ്ദീൻ ബാർബറോസ എന്ന പൂർണ നാമത്തിൽ തന്റെ സഹോദരന്റെ പ്രതികാരത്തിനായി കച്ചകെട്ടിയിറങ്ങി. അടുത്ത പത്തു വർഷത്തിനുള്ളിൽ അൾജിയേഴ്സ് പട്ടണം ഇരുഭാഗങ്ങളിലേക്കും ചാഞ്ഞും ചെരിഞ്ഞും നിന്നെങ്കിലും Regency of Algiers എന്ന പേരിൽ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ആശ്രിതരായി മാറിയ ഒരു ഭരണപ്രദേശം ശക്തിയാർജിച്ചു വന്നു. പിന്നീട് പടിഞ്ഞാറൻ മെഡിറ്ററേനിയനിലെ തങ്ങളുടെ സൈനിക നീക്കങ്ങൾക്കുള്ള പ്രാഥമിക ബേസ് ആയി ഒട്ടോമൻ സൈന്യം ഉപയോഗപ്പെടുത്തിയതും അൾജിയേഴ്സ് ആണ്.

സലീം ഒന്നാമന്റെ മകനും ചരിത്രത്തിൽ നീതിദായകൻ (The Lawgiver) എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്ന സുൽത്താൻ സുലൈമാന്റെ (Suleiman the magnificient) ഭരണകാലത്താണ് ഖൈറുദ്ദീൻ ബാർബറോസ ഒട്ടോമൻ സാമ്രാജ്യത്തിന്റെ വിശ്വസ്തനായി മാറിയത്. 1522-ൽ പുതുതായി ചേർക്കപ്പെട്ട റോഡ്സ് ദ്വീപിന്റെ ഗവർണറായി ബാർബറോസ നിയമിതനായി. 1531-ൽ തൂനിസ് പട്ടണം കീഴടക്കിയ ഖൈറുദ്ദീൻ ബാർബറോസയെ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഗ്രാന്റ് അഡ്മിറലായും ഒട്ടോമൻ നാവികപ്പടയുടെ അഡ്മിറൽ ഇൻ ചീഫ് ആയും സുൽത്താൻ സുലൈമാൻ നിയമിച്ചു.

Also read: “കോവിഡാനന്തര ലോകം” മനുഷ്യത്വത്തിൻെറ മധുരം നിറഞ്ഞതാവും

1538-ലെ പ്രെവേസ യുദ്ധ (Battle of Preveza) വിജയമാണ് ഖൈറുദ്ദീൻ ബാർബറോസയുടെ കരിയറിലെ ഏറ്റവും മിന്നുന്ന വിജയമായി കണക്കാക്കപ്പെടുന്നത്. ക്രിസ്ത്യൻ ലോകത്തെ ഏറ്റവും നിപുണനായ നാവികനായി അന്നറിയപ്പെട്ടിരുന്ന അഡ്മിറൽ ആന്ദ്രേ ഡോറിയയുടെ നേതൃത്വത്തിൽ അണിനിരന്ന സ്പെയിൻ, പോർച്ചുഗൽ, വെനീസ്, ജെനോവ, മാൽട്ടാ അതുപോലെ പോപ്പിന്റെ അധീനതയിലുള്ള പേപ്പൽ രാഷ്ട്രങ്ങൾ എന്നിവയടങ്ങുന്ന സഖ്യസേനയായിരുന്നു എതിരാളികൾ. പോപ്പിന്റെ അനുവാദവും ആശിർവാദവും ഈ സൈന്യത്തിനുണ്ടായിരുന്നു. 300 പായക്കപ്പലുകൾ വിന്യസിച്ച എതിരാളികൾക്ക് മുന്നിൽ വെറും 122 കപ്പലുകൾ മാത്രമേ ഒട്ടോമൻ സൈന്യത്തിന്റെ കൈയ്യിലുണ്ടായിരുന്നുള്ളൂവെങ്കിലും അന്തിമ വിജയം ഒട്ടോമൻ സൈന്യത്തിന് തന്നെയായിരുന്നു. പായക്കപ്പലുകൾക്ക് പകരം തുഴകളുള്ള കപ്പലുകൾ (galleys) യുദ്ധത്തിനായി ഉപയോഗിച്ച ബാർബറോസയുടെ നാവിക മികവിന്റെ വിജയമായിരുന്നു അത്. ഉൾക്കടലിലും അധികം കാറ്റുവീശാത്ത ദ്വീപു പ്രദേശങ്ങളിലും പായക്കപ്പലുകളേക്കാൾ വേഗവും കാര്യക്ഷമതയും തുഴകൾ ഉപയോഗിച്ച് യഥേഷ്ടം നിയന്ത്രിക്കാനാവുന്ന കപ്പലുകൾക്കാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

ഈ യുദ്ധവിജയത്തോടെ ട്രിപോളിയും കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളും ഒട്ടോമൻ സാമ്രാജ്യത്തിന്റെ വരുതിയിലായി. 1543-ലും 44-ലും ഹാപ്സ്ബർഗ് സാമ്രാജ്യത്തിന് എതിരെ ഫ്രഞ്ചുകാരെ സഹായിച്ചതടക്കം ഏതാനും സൈനിക ദൗത്യങ്ങൾ തന്റെ അവസാന കാലത്തും അദ്ദേഹം മുന്നിൽ നിന്ന് നയിക്കുകയുണ്ടായി. 1546-ൽ കോൺസ്റ്റാന്റിനോപ്പിളിൽ വെച്ചാണ് മെഡിറ്ററേനിയൻ സിംഹം എന്നറിയപ്പെട്ട മഹാനായ ആ നാവികത്തലവൻ ഈ ലോകത്തോട് വിട പറഞ്ഞത്. ബോസ്ഫറസ് ഉൾക്കടലിന്റെ യൂറോപ്യൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ബെശിക്താശ് എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ഖബറിടം സ്ഥിതിചെയ്യുന്നത്. ആധുനിക തുർക്കിയിലൊട്ടാകെ നിരവധി കെട്ടിടങ്ങളും പള്ളികളും തെരുവുകളും ഖൈറുദ്ദീൻ ബാർബറോസയുടെ പേരിൽ ഇന്നറിയപ്പെടുന്നവയാണ്. ബെശിക്താശിൽ അദ്ദേഹത്തിന്റെ ശവകുടീരത്തിനടുത്തായി കടലിന് അഭിമുഖമായി ബാർബറോസയുടെ ഒരു കൂറ്റൻ പ്രതിമയും കാണാം.

വിവ: അനസ് പടന്ന
കടപ്പാട്: Encyclopaedia Britannica

Facebook Comments
Related Articles
Tags

Check Also

Close
Close
Close