Current Date

Search
Close this search box.
Search
Close this search box.

ആനിബസന്റ്

വനിതാ വിമോചനം, സാമൂഹികപരിഷ്കരണം, തൊഴിലാളി പ്രസ്ഥാനം, ഫേബിയൻ സോഷ്യലിസം, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ബ്രഹ്മവിദ്യാ സംഘം Theosophical Society എന്നീ പല പ്രവർത്തന മേഖലകളിലും സജീവമായി പങ്കെടുക്കുകയും അവയ്ക്ക് നേതൃത്വം നൽകുകയും ചെയ്ത പ്രഗൽഭയായ ഇംഗ്ലീഷ് വനിതയാണ് ആനിബസന്റ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ആദ്യത്തെ പ്രഗൽഭയായ വനിത-പ്രത്യേകിച്ചും ശത്രുപക്ഷത്തിൽ ജനിച്ച ഒരു വിദേശ വനിത – എന്ന നിലക്ക് ഇന്ത്യക്കാരുടെ പ്രത്യേക ബഹുമാനാദരവുകൾ നേടിയ വ്യക്തി കൂടിയാണവർ. 1847 ഒക്ടോബർ 1-ന് ഇംഗ്ലണ്ടിൽ ജനിച്ചു. ചാൾസ് ബ്രാഡ്ലായുടെ സ്വതന്ത്രചിന്താ പ്രസ്ഥാന (Free Thougth) ത്തിന്റെ ഒാഫീസ് സെക്രട്ടറിയും അതിന്റെ മുഖപത്രത്തിന്റെ (National Reformer) ചീഫ് എഡിറ്ററുമായി. ബർണാഡ്ഷായോടൊപ്പം ഫേബിയൻ സമൂഹത്തിന്റെ പ്രചാരകയായി. 1885-ൽ പ്രസിദ്ധമായ തന്റെ ഫേബിയൻ ഉപന്യാസങ്ങൾ എഴുതി. പിന്നീട് അതിൽനിന്നകന്ന് മാർക്സിസ്റ്റ് സോഷ്യൽ ഡമോക്രാറ്റിക് ഫെഡറേഷനിൽ ചേർന്നു. ഭൗതികവാദവും മാർക്സിസവും ഉപേക്ഷിച്ച അവർ ആധ്യാത്മിക രംഗത്തേക്ക് തിരിയുകയും 1907-ൽ അന്താരാഷ്ട്ര ബ്രഹ്മവിദ്യാസംഘത്തിന്റെ അധ്യക്ഷയാവുകയും ചെയ്തു. 1893-ൽ ഇന്ത്യയിലെത്തിയ അവർ തന്റെ ആസ്ഥാനമായി മദ്രാസിലെ അഡയാർ തെരഞ്ഞെടുത്തു. 1916-ൽ ഹോംറൂൾ പ്രസ്ഥാനം തുടങ്ങി. 1917-ൽ കൽക്കത്തയിൽ കൂടിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആനിബസന്റായിരുന്നു. മഹാത്മാഗാന്ധി ഇന്ത്യൻദേശീയ പ്രസ്ഥാനത്തിന്റെ എല്ലാമായിത്തീരുന്നത് വരെ ദേശീയ രംഗത്ത് ഏറ്റവുമധികം വെട്ടിത്തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു അവർ. 1933 സെപ്റ്റംബർ 20-ന് അഡയാറിൽ അന്തരിച്ചു.

Related Articles