Current Date

Search
Close this search box.
Search
Close this search box.

ഡോക്യുമെന്ററി: ബി.ബി.സിക്കെതിരെ വീണ്ടും മാനനഷ്ടക്കേസിന് സമന്‍സ് അയച്ച് ഡല്‍ഹി കോടതി

ഡല്‍ഹി: ബി.ബി.സി പുറത്തുവിട്ട ഡോക്യുമെന്ററിക്കെതിരെ പുതിയ സമന്‍സ് അയച്ച് ഡല്‍ഹി ഹൈക്കോടതി. ബി.ബി.സിക്ക് പുറമെ എന്‍.ജി.ഒയായ വിക്കിമീഡിയയ്ക്കും ഡിജിറ്റല്‍ ലൈബ്രറി ഇന്റര്‍നെറ്റ് ആര്‍ക്കൈവിനും ഡല്‍ഹി കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കപ്പെടുന്ന എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. ബി.ജെ.പി അംഗം ബിനയ് കുമാര്‍ സിംഗ് നല്‍കിയ മാനനഷ്ട പരാതിയില്‍ ഡോക്യുമെന്ററി ഇന്ത്യയില്‍ ഔദ്യോഗികമായി റിലീസ് ചെയ്തിട്ടില്ലെന്നും ആരോപിച്ചു.

ഡോക്യുമെന്ററി കാണാനുള്ള ലിങ്കുകള്‍ വിക്കിപീഡിയ പേജ് നല്‍കുന്നുവെന്നും കൂടാതെ അതിന്റെ ഉള്ളടക്കം ഇപ്പോഴും ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ ലഭ്യമാണെന്നും ആരോപിച്ചാണ് മറ്റു രണ്ടു പേര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്. വിക്കിമീഡിയ ഫൗണ്ടേഷനാണ് വിക്കിപീഡിയ വെബ്‌സൈറ്റിന് ഫണ്ട് നല്‍കുന്നത്. വിക്കിമീഡിയയും ഇന്റര്‍നെറ്റ് ആര്‍ക്കൈവും അമേരിക്കന്‍ കമ്പനികളാണ്. ബിബിസി ഒരു ബ്രിട്ടീഷ് മാധ്യമ സ്ഥാപനവുമാണ്.

നേരത്തെ മെയ് 3 ന്, കോടതി ആദ്യം സമന്‍സ് അയച്ചപ്പോള്‍, യു.എസിലും യു.കെയിലും ആസ്ഥാനമായുള്ള രണ്ട് വിദേശ സ്ഥാപനങ്ങളുടെ അഭിഭാഷകര്‍, തങ്ങള്‍ക്കെതിരായ മാനനഷ്ടക്കേസ് കൈകാര്യം ചെയ്യാന്‍ അധികാരമില്ലെന്ന് പറഞ്ഞിരുന്നു.

ഹേഗ് കണ്‍വെന്‍ഷന്റെയും ഇന്ത്യാ ഗവണ്‍മെന്റിന്റെയും നിയമങ്ങള്‍ അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കോ ഉള്ള സമന്‍സുകളോ നോട്ടീസുകളോ നിയമകാര്യ വകുപ്പ് മുഖേന മാത്രമേ നടപ്പിലാക്കാന്‍ കഴിയൂ എന്നും അഡീഷണല്‍ ജില്ലാ ജഡ്ജി രുചിക സിംഗ്ല ചൂണ്ടിക്കാട്ടി. അതിനാല്‍, രണ്ടും വിദേശ സ്ഥാപനങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര നിയമ-നീതി മന്ത്രാലയം മുഖേന വെള്ളിയാഴ്ച പുതിയ സമന്‍സ് അയക്കുകയായിരുന്നു.

‘ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍’ എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് ജനുവരി 17നാണ് ബിബിസി പുറത്തിറക്കിയിരുന്നത്. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച ഒരു സംഘം, അക്രമത്തിലേക്ക് നയിച്ചതിന്റെ ഉത്തരവാദി അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മോദിയാണെന്ന് കണ്ടെത്തിയതായി ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

 

Related Articles