Current Date

Search
Close this search box.
Search
Close this search box.

ഇങ്ങനെ സംസാരിക്കുന്നവരാണ് നിങ്ങളുടെ കൂട്ടത്തിലുള്ളതെങ്കില്‍  ഒരാളെപ്പോലും ഞാന്‍ വധിക്കുമായിരുന്നില്ല!

സ്ത്രീവിശേഷങ്ങള്‍(അഖ്ബാറുന്നിസാഅ്) എന്ന ഗ്രന്ഥത്തില്‍ ഇബ്‌നുല്‍ ജൗസി രേഖപ്പെടുത്തുന്നു:’ചരിത്രം പറയുന്നു. ഹജ്ജാജ്, അബ്ദുറഹ്മാന്‍ ബ്ന്‍ അശ്അസിനെ വധിക്കുകയും കൂടെയുള്ളവരെ ബന്ധിയാക്കി വധിക്കാന്‍ ഉത്തരവിടുകയും ചെയ്ത സമയത്ത് കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു: അമീര്‍, ഞാന്‍ നിങ്ങളോടൊരു കാര്യം പറയാനുദ്ദേശിക്കുന്നു. ഒരിക്കല്‍ ഞാന്‍ അബ്ദുറഹ്മാന്‍ ബ്ന്‍ അശ്അസിന്റെ കൂടെയിരിക്കുമ്പോള്‍ താങ്കളുടെ അഭിമാനത്തെകുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. അന്ന് ഞാനെഴുന്നേറ്റുനിന്ന് താങ്കളെ പ്രതിരോധിച്ചും സംസാരിച്ചിരിച്ചിരുന്നു! ഇപ്പറഞ്ഞതിന് സാക്ഷി വല്ലതുമുണ്ടോയെന്നു ചോദിച്ചപ്പോള്‍ കൂട്ടത്തില്‍ നിന്നൊരാള്‍ മുന്നോട്ടുവന്ന് അയാള്‍ പറഞ്ഞത് സത്യമാണെന്ന് സമ്മതിച്ചു. അതോടെ അയാളെ വെറുതെ വിട്ടു. ശേഷം സാക്ഷിനിന്ന മനുഷ്യനോടായി ഹജ്ജാജ് ചോദിച്ചു: നിങ്ങളും അദ്ദേഹത്തെപ്പോലെ ആവില്ലേ? നിങ്ങളോടുള്ള ദേഷ്യം കാരണം അങ്ങനെയൊന്ന് പറയാന്‍ എനിക്കു തോന്നിയില്ല എന്നായിരുന്നു അയാളുടെ മറുപടി. സത്യം പറഞ്ഞതിന്റെ പേരില്‍ അയാളെയും വെറുതെ വിടാന്‍ ഹജ്ജാജ് ആഹ്വാനം ചെയ്തു. കൂട്ടത്തിലെ മറ്റൊരു മനുഷ്യന്‍ കൂടെ മുന്നോട്ടുവന്ന് പറഞ്ഞു: തെറ്റിന്റെ വിഷയത്തില്‍ നമുക്കൊക്കെ പിഴവു വന്നു പോയെങ്കില്‍ മാപ്പിന്റെ വിഷയത്തില്‍ താങ്കളൊരിക്കലും നല്ലതല്ല ചെയ്തത്! ശേഷം മരിച്ചയാളെ നോക്കി ഹജ്ജാജ് പറഞ്ഞു: ഈ മൃതദേഹത്തിന് നാശം. അല്ലാഹുവാണ, ഇങ്ങനെ സംസാരിക്കുന്ന ആള്‍ക്കാരാണ് നിങ്ങളുടെ കൂട്ടത്തിലുള്ളതെങ്കില്‍ നിങ്ങളില്‍ ഒരാളെപ്പോലും ഞാന്‍ വധിക്കുമായിരുന്നില്ല!’

ഗുണപാഠം 1
മനുഷ്യന്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ അന്ധനായിരിക്കും. ഭ്രാന്തമായി സ്‌നേഹിക്കുമ്പോഴും ശക്തമായി വെറുക്കുമ്പോഴും. സ്‌നേഹിക്കുമ്പോള്‍ നാം കുറവുകള്‍ കാണില്ല, വെറുക്കുമ്പോള്‍ നന്മകളും. പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുള്ളൊരു രസകരമായ കഥയുണ്ട്. സുലൈമാന്‍ നബി ഒരിക്കല്‍ മൂങ്ങക്കൊരു മാല നല്‍കിയിട്ട് പറഞ്ഞ:’ഏറ്റവും സുന്ദരിയായൊരു പക്ഷിക്ക് ഈ മാല ഇട്ടുകൊടുക്കൂ’. ആ മൂങ്ങ സ്വന്തം കുട്ടിയുടെ കഴുത്തില്‍ അതണിയിച്ചു! വികാരങ്ങളുടെ വിഷയത്തില്‍ പരിധിവിടല്‍ മോശം കാര്യംതന്നെയാണ്, സ്‌നേഹമായാലും ദേഷ്യമായാലും. പക്ഷേ, സ്‌നേഹത്തിന്റെ വിഷയത്തിലെ അതിപ്രസരം നാം മനസ്സിലാക്കുന്നു, കാരണം അതൊരു നല്ല വികാരമാണല്ലോ. ദേഷ്യത്തിന്റെ വിഷയത്തിലെ അതിപ്രസരത്തോട് നാം ശക്തമായ നിലപാടെടുക്കുകയും ചെയ്യുന്നു, അതൊരു ദുഷിച്ച വികാരമാണെന്നതു തന്നെ കാരണം.

അതിരുകള്‍ ഭേദിക്കുന്ന സ്‌നേഹം വിശദീകരിക്കാന്‍ യഅ്ഖൂബ് നബിയെ ഉദാഹരണമായെടുക്കാം. തനിക്ക് വേറെയും മക്കളുണ്ടെന്ന കാര്യം മറന്നുപോകുംവിധം യൂസുഫ് നബിയെ സ്‌നേഹിച്ചവരായിരുന്നു യഅ്ഖൂബ് നബി. ശരിയാണ്, യഅ്ഖൂബ് നബി പ്രവാചകനും പാപമുക്തനുമാണ്. പക്ഷേ, ഈ പാപമുക്തിയെന്ന നബിമാരുടെ ഗുണം ദീനിന്റെ വിഷയത്തിലും പ്രബോധന വിഷയങ്ങളിലും മാത്രമാണ്. ദുനിയാവിന്റെ കാര്യത്തിലാണെങ്കില്‍ അവരില്‍ നിന്ന് ചെറിയ പിഴവുകള്‍ ചിലപ്പോള്‍ വന്നു പോകാം, പ്രവാചകത്വത്തിന്റെ മഹത്വത്തിന് കോട്ടംതട്ടാത്ത വിധത്തിലുള്ളവ. അവരുടെ പിഴവുകളാണെങ്കില്‍ ജനങ്ങള്‍ക്ക് പലതും പഠിക്കാനുള്ളവയാകും. യൂസുഫ് നബിയെ മാത്രം സ്‌നേഹിക്കുന്ന വിഷയത്തില്‍ യഅ്ഖൂബ് നബിക്ക് പിഴവുപറ്റിയെന്നു പറയാം. യൂസുഫ് നബിയുടെ സഹോദരന്മാര്‍ക്കുണ്ടായ തിക്താനുഭവങ്ങളുടെ കാരണം അതായിരുന്നുവല്ലോ. ഖുര്‍ആന്‍ പറയുന്നതനുസരിച്ച്, പിതാവിനെ തങ്ങള്‍ക്ക് തനിച്ചു കിട്ടാന്‍, പിതാവിന്റെ കൂടം ഒഴിഞ്ഞിരിക്കാന്‍ നേരം കിട്ടാന്‍ വേണ്ടിയായിരുന്നു യൂസുഫ് നബിയെ വധിക്കാന്‍ സഹോദരങ്ങള്‍ ആലോചിച്ചത്. പിതാവിന്റെ ഹൃദയത്തിലേക്ക് നമുക്ക് കടക്കാന്‍ സഹോദരന്‍ യൂസുഫ് ഒരു കാരണമാണെന്ന് അവര്‍ക്കു തോന്നിയെന്നര്‍ഥം! മക്കള്‍ക്കിടയില്‍ വേര്‍തിരിവു പാടില്ലെന്നു പഠിപ്പിക്കുകയാണിതിലൂടെ അല്ലാഹു. മക്കളില്‍ ഒരാളോട് മാത്രം കൂടുതല്‍ സ്‌നേഹമുണ്ടാവുകയെന്നത് സ്വാഭാവികമാണ്. പക്ഷേ അതിനെ ഹൃദയത്തില്‍ മാത്രം സൂക്ഷിച്ച് പുറത്തുകൊണ്ടുവരാതെ സൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. നമ്മുടെ വികാരങ്ങളെ പെരുമാറ്റങ്ങളാക്കി മാറ്റണം. കാരണം, നമ്മളൊന്നും ചോദ്യം ചെയ്യപ്പെടുക വികാരങ്ങളെച്ചൊല്ലിയാവില്ല, കര്‍മങ്ങളെച്ചൊല്ലിയാവും. അതുകൊണ്ട് ഒരു മകനോട് കൂടുതല്‍ ചായ്‌വുണ്ടാകുന്നത് വലിയൊരു കാര്യമല്ല, പക്ഷേ പെരുമാറ്റത്തില്‍ നീതിയില്ലാതെ വരുന്നത് വലിയ കാര്യംതന്നെയാണ്!

അതേസമയം, ശക്തമായ ദേഷ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇബ്‌ലീസിന്റെ ഉദാഹരണം മാത്രംമതി. സ്വര്‍ഗത്തിലായിരിക്കുമ്പോള്‍ അല്ലാഹുവിന്റെ കല്‍പനം ലംഘിക്കുന്നു. ശേഷം, മനുഷ്യരെയെല്ലാം പിഴപ്പിച്ച് അവരെയൊക്കെ നരകത്തിലേക്കെത്തിക്കാന്‍ വേണ്ടി മാത്രം ശക്തമായ ഒരു പ്രതിജ്ഞയെടുക്കുന്നു! മനുഷ്യന്റെ കയ്യില്‍ എപ്പോഴും തന്റെ ഹൃദയത്തിന്റെ കടിഞ്ഞാണുണ്ടാവണം. സ്‌നേഹിക്കുമ്പോഴും കോപിക്കുമ്പോഴും ഒരു മിതത്വം അതിലുണ്ടാവണം. ഒരാളെ സ്‌നേഹിക്കുന്നു എന്നതിന്റെ പേരില്‍ മാത്രം അയാളുടെ തെറ്റുകളെ നാം കണ്ടില്ലെന്നു നടിക്കല്‍ നല്ലതല്ല. നാം ദേഷ്യപ്പെടുന്നു എന്നതിന്റെ പേരില്‍ മാത്രം ഒരാളുടെ നന്മയെ അംഗീകരിക്കാതിരിക്കലും നല്ലതല്ല. ബുദ്ധിയുള്ളവര്‍ അങ്ങനെയാണ്,സ്‌നേഹിതരുടെ ഭാഗത്തു നിന്നായാലും അവര്‍ തെറ്റിനെ ന്യായീകരിക്കില്ല. ശത്രുക്കളുടെ ഭാഗത്തു നിന്നായാലും സത്യത്തെ നിരാകരിക്കുകയുമില്ല.

ഹജ്ജാജിന്റെ ആത്മാഭിമാനം പ്രതിരോധിച്ച് സംസാരിച്ച ഗ്രാമീണന്‍ ബുദ്ധിയുള്ള മനുഷ്യനായിരുന്നു. അതേസമയം അയാള്‍ തന്റെ ശത്രുവാണെന്നും തന്റെ മുന്നില്‍ വാളുയര്‍ത്തി നില്‍ക്കുകയാണൈന്നും അയാള്‍ക്കറിയാമായിരുന്നു. പക്ഷേ, അഭിമാനത്തിന്റെ വിഷയത്തില്‍ ഹജ്ജാജ് പഴിക്കപ്പെടുന്നത് അയാളിഷ്ടപ്പെട്ടില്ല. ശത്രുത ഒന്നും കുലീനത മറ്റൊന്നുമാണെന്ന് അയാള്‍ മനസ്സിലാക്കിയിരുന്നു എന്നര്‍ഥം! അയാളുടെ കുലീനത കാരണം ശത്രുവിന്റെ അഭിമാനം തൊട്ടു കളിക്കാന്‍ അയാള്‍ തയ്യാറായതില്ല. ഹജ്ജാജാണെങ്കില്‍, എന്തൊക്കെ ഉണ്ടായാലും നന്മക്ക് നന്മ പകരം ചെയ്യണമെന്ന മര്യാദയില്‍ തനിക്ക് നന്മ ചെയ്തവന്റെ കൂടെ തന്റെ ശത്രുവുണ്ടെന്ന കാര്യം നോക്കാതെ നന്മ തിരിച്ചുകൊടുക്കുകയും ചെയ്തു.

ഗുണപാഠം 2
കാപട്യമേതുമില്ലാത്തൊരു കൂട്ടരായിരുന്നു അവര്‍. വാള്‍ത്തലപ്പിനു മുന്നിലായാലും മനസ്സാക്ഷിക്ക് വിരുദ്ധമായി അവരൊരിക്കലും ഒന്നും പറഞ്ഞില്ല. വളരെ വ്യക്തമായി മാത്രം സ്‌നേഹിക്കുകയും വ്യക്തമായി മാത്രം വെറുക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ വല്ലവരും പരസ്പരം സ്‌നേഹിക്കുകയാണെങ്കില്‍ അറേബ്യയിലെ മണല്‍തരികള്‍ പോലും ആ സ്‌നേഹം അറിഞ്ഞിരുന്നു, അനുഭവിച്ചിരുന്നു. അവര്‍ പരസ്പരം വെറുത്തുകഴിഞ്ഞാലും അവിടത്തെ ഈന്തപ്പനമരത്തിന്റെ മടലുകള്‍ പോലും അക്കാര്യം അറിഞ്ഞിരുന്നു! സ്‌നേഹം പറയുന്ന വിഷയത്തില്‍ അവര്‍ ലജ്ജിക്കുകയോ ഇഷ്ടക്കേട് പറയുന്ന വിഷയത്തില്‍ അവര്‍ പേടിക്കുകയോ ചെയ്തില്ല!

ഗുണപാഠം 3
നല്ല സംസാരങ്ങളാണ് നല്ല ഫലങ്ങളിലേക്കു നയിക്കുന്നത്. വാക്കുകളാണ് മനുഷ്യരുടെ വാഹനങ്ങള്‍. ജീവിതത്തിന്റെ വെള്ളക്കെട്ട് എല്ലാവരും കടക്കുന്നത് തങ്ങളുടെ വാഹനത്തിന്റെ തോതനുസരിച്ചാവും. ബുദ്ധിയുള്ള ഒരാള്‍ പ്രസംഗിക്കുമ്പോള്‍ അയാളുടെ അടിമമോചനം സാധ്യമാവുന്നു. വിഡ്ഢി പ്രസംഗിക്കുമ്പോള്‍ അവന്‍ സ്വന്തത്തെത്തന്നെ നശിപ്പിക്കുന്നു. ബുദ്ധിയുള്ളവന്‍ പ്രസംഗിക്കുമ്പോള്‍ വാളുകള്‍ ഉറയിലേക്കു മടങ്ങുന്നു. അതേസമയം, വിഡ്ഢി പ്രസംഗിക്കുമ്പോള്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. ബുദ്ധിയുള്ളവന്‍ സംസാരിക്കുമ്പോള്‍ മുറിവ് ശമിക്കുന്നു. അതേസമയം, ധൃതിയുള്ളവന്‍ സംസാരിക്കുമ്പോള്‍ ഒരു ഭാര്യ മൊഴിചൊല്ലപ്പെടുന്നു.

വിവ: മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles