Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിന്റെ മാഹാത്മ്യം

എന്റെ ഇന്നത്തെ പ്രഭാഷണവിഷയം “ഇസ്ലാം ബ്രഹ്മവിദ്യയുടെ വെളിച്ചത്തിൽ’ എന്നതാണ്. ആദ്യമായി, ബ്രഹ്മവിദ്യക്ക് ലോകത്തെ പ്രമുഖ മതങ്ങളോടുള്ള സമീപനം എന്താണെന്ന് നോക്കാം. “ബ്രഹ്മവിദ്യ’ എന്നാൽ “ദിവ്യജ്ഞാനം’ എന്നാണ് അർഥമാക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയും. ഇൗ നാമം ലോകത്തുള്ള എല്ലാ മതങ്ങളുടെയും അടിസ്ഥാനത്തെ ദ്യോതിപ്പിക്കുന്നു. ബ്രഹ്മജ്ഞാനമാണ് എല്ലാ മതങ്ങളുടെയും അടിവേര്. ദിവ്യജ്ഞാനത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ടിട്ടുള്ള ഇൗ സിദ്ധാന്തം മനുഷ്യകുലത്തെ ഉയർത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുള്ള എല്ലാ മതങ്ങളെയും പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ഒരു പ്രത്യേക മതമല്ല, പ്രത്യുത മതങ്ങളുടെ ആത്മാവാകുന്നു.

“ബ്രഹ്മവിദ്യ’ ക്രിസ്തുമതത്തിന്റെ ശത്രുവാണെന്ന് ചില കൈ്രസ്തവ സഹോദരങ്ങൾ ധരിച്ചിരിക്കുന്നു. ഇതൊരു തെറ്റിദ്ധാരണയാണ്. കടന്നാക്രമണങ്ങളെ ചെറുക്കാൻ പൗരസ്ത്യമതങ്ങളെ ശക്തിപ്പെടുത്തിയതും ഹൈന്ദവ -ബൗദ്ധ മതങ്ങളിൽ മനുഷ്യർ നടത്തിയ കൈക്കടത്തലുകൾ പോലെ, ക്രിസ്തുമതത്തിലും അതിന്റെ അനുയായികൾ വരുത്തിയ മാറ്റത്തിരുത്തലുകൾ ആ മതത്തെ കളങ്കപ്പെടുത്തിയിട്ടുണ്ട് എന്ന വസ്തുത തുറന്നു പറഞ്ഞതുമായിരിക്കാം കൈ്രസ്തവ സഹോദരങ്ങൾ ഇൗ പ്രസ്ഥാനത്തെ തെറ്റിദ്ധരിക്കാൻ കാരണം. പൗരസ്ത്യമതങ്ങളെ മാത്രമല്ല, പാശ്ചാത്യൻ മതങ്ങളെയും സംരക്ഷിക്കാൻ “ബ്രഹ്മവിദ്യ’ എന്നും സന്നദ്ധമായിട്ടുണ്ട്.

മതങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങൾ പൂർവ്വാധികം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, അതിനെ പ്രതിരോധിക്കേണ്ടത് ഒരു യഥാർഥ ബ്രഹ്മവിദ്യാർഥിയുടെ കടമയാണ്. പൗരസ്ത്യദേശങ്ങളിൽ, വിശേഷിച്ചും ഹൈന്ദവ-ഇസ്ലാം മതങ്ങൾ സജീവമായി നിലനിൽക്കുകയും അവയുടെ അനേകം അനുയായികൾ വസിക്കുകയും ചെയ്യുന്ന ഇന്ത്യയിൽ, പ്രസ് തുത മതങ്ങൾ ആക്രമിക്കപ്പെട്ട ഘട്ടങ്ങളിലെല്ലാം ബ്രഹ്മവിദ്യ അതിനെ ചെറുക്കുകയും രക്ഷാകവചമായി നിൽക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പ്രസ്തുത മതങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുകയും അവയെ കൂടുതൽ പ്രോജ്വലമാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദു, സൗരാഷ്ട്ര, ഇസ്ലാം മതങ്ങൾക്ക് ബ്രഹ്മവിദ്യ എത്രകണ്ട് സേവനം ചെയ്തുവോ അത്രതന്നെ പാശ്ചാത്യ ലോകത്ത് ക്രിസ്തുമതത്തിനും സേവനം ചെയ്തിട്ടുണ്ട്. അവിടെ ഇതര മതങ്ങളുടെ ആക്രമണങ്ങളോടല്ല, മറിച്ച്, ഭൗതികത്വം, ആത്മീയാദർശം നഷ്ടപ്പെട്ട ശാസ്ത്രചിന്ത എന്നിത്യാദികളോട് സമരം ചെയ്തുകൊണ്ടാണ് കൈ്രസ്തവതയെ അത് സേവിച്ചത് എന്ന സത്യം പാശ്ചാത്യലോകം ഇന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.

ഇന്ത്യയിൽ ഒരു വലിയ വിഭാഗം ജനങ്ങൾ മുഹമ്മദ്നബിയുടെ അനുയായികളായിട്ടുണ്ട്. ഏതാണ്ട് ഏഴു കോടി* വരുന്ന ഇവർ അദ്ദേ ഹത്തെ പ്രവാചകന്മാരിൽ പ്രധാനിയായി കരുതുന്നു. സ്വാഭാവികമായും ഇൗ ഘട്ടത്തിൽ ആ മതാനുയായികളെ സഹായിക്കാൻ ബ്രഹ്മവിദ്യ മുന്നോട്ടുവരുന്നു. ഇതര ലോകമതങ്ങളിൽ ഇസ്ലാമിനുള്ള സ്ഥാനം യഥായോഗ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ദിവ്യജ്ഞാനത്തെ ബോധനം ചെയ്യുന്ന മതമാണ് ഇസ്ലാം എന്നിരിക്കെ ഒരു വലിയ വിഭാഗം ആളുകളും അതർഹിക്കുന്ന സ്ഥാനം ഇന്നും നൽകുന്നില്ല. ഒരു മതമെന്ന നിലയിൽ ഇസ്ലാം പലരുടെയും അന്യായമായ അവഹേളനത്തിന് പാത്രമായിട്ടുണ്ട്. ഇത് പ്രവാചകന്റെ മാഹാത്മ്യത്തെയും അദ്ദേഹം ലോകത്തിന് പ്രദാനം ചെയ്ത ഉൽകൃഷ്ടമായ ഉപദേശങ്ങളെയും കുറിച്ചുള്ള തെറ്റി ദ്ധാരണ നിമിത്തമാകുന്നു. ഇസ്ലാം പുരോഗതിക്ക് തടസ്സം നിൽക്കുന്നു, സ്ത്രീകൾക്ക് അർഹിക്കുന്ന സ്ഥാനം നൽകുന്നില്ല, വിജ്ഞാനത്തിനും ശാസ്ത്രത്തിനും ബൗദ്ധിക പുരോഗതിക്കും പ്രോത്സാഹനം നൽകുന്നില്ല. ഇങ്ങനെ പോകുന്നു പാശ്ചാത്യരുടെ ആക്ഷേപങ്ങൾ. മേൽപറഞ്ഞ മൂന്നു ആരോപണങ്ങളാണ് സാധാരണ ഇസ്ലാമിന് നേരെ പാശ്ചാത്യർ തൊടുത്തുവിടുന്നത്. യഥാർഥത്തിൽ ഇൗ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതങ്ങളാണ്. ഇസ്ലാം ലോകത്തിന് ചെയ്തിട്ടുള്ള സേവനങ്ങൾ ഇൗ ആരോപണങ്ങളെ ശക്തിയായി ഖണ്ഡിക്കുന്നു. ഇൗ വിഷയങ്ങളാണ് ഇന്നത്തെ പ്രസംഗത്തിൽ ഞാൻ സമർഥിക്കാനാഗ്രഹിക്കുന്നത്. വിജ്ഞാനത്തെ മുസ്ലിംകൾ ഇന്ന് വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് ശരിയാണ്. പക്ഷേ, അത് ഇസ്ലാമിക അധ്യാപനങ്ങളുടെ കുറ്റം മൂലമല്ല, പ്രത്യുത അവയെ തിരസ്കരിച്ചതുമൂലമാണ്. പ്രവാചക അധ്യാപനങ്ങൾ പാലിക്കാത്ത അനുയായികളുണ്ടായപ്പോൾ ഇതര മതങ്ങളെപ്പോലെ ഇസ്ലാമും തെറ്റിദ്ധരിക്കപ്പെട്ടു.

വളരെ മർമപ്രധാനമായ ഒരു വിഷയത്തിൽ ഇസ്ലാം മറ്റുമതങ്ങളിൽനിന്നും വേറിട്ടുനിൽക്കുന്നു. മറ്റു മതാചാര്യന്മാരെ ചുറ്റിപ്പറ്റിയുള്ളതുപോലെ മുഹമ്മദ്നബിയുടെ ജീവചരിത്രത്തിൽ കെട്ടുകഥകൾ സ്ഥലം പിടിച്ചിട്ടില്ല. ചരിത്ര കാലഘട്ടം എന്നറിയപ്പെടുന്ന ഒരു ദശയിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടിൽ, ചരിത്രദൃഷ്ട്യാ സൂക്ഷ്മമായി അറിയാവുന്ന ഒരു രാജ്യത്ത് അദ്ദേഹം ജനിച്ചുവളർന്നു.
അദ്ദേഹത്തിന്റെ ജീവിതം ചരിത്രദൃഷ്ട്യാ എത്രമാത്രം പ്രകാശമാന മാണ്! ചരിത്രപുരുഷനായ മുഹമ്മദ്നബ ിയെ ആക്ഷേപിക്കുന്നവരുടെ അറിവില്ലായ്മയെക്കുറിച്ച് എന്ത് പറയാൻ! പലർക്കും അദ്ദേഹത്തിന്റെ ജീവചരിത്രം തന്നെ അറിയില്ല. എത്ര സരളവും ഉൽകൃഷ്ടവും ധീരോ ദാത്തവുമാണ് ആ ജീവിതം! ചരിത്ര പുരുഷന്മാർക്കിടയിലെ ആ മഹോന്നതൻ ആപൽക്കരമായ ഒരു ഘട്ടത്തിലാണ് ജനിച്ചത്.

അന്ധവിശ്വാസത്തിൽ ആണ്ടുകിടന്ന ഒരു സമൂഹത്തിൽ അദ്ദേഹം ജീവിച്ചു. അതിന്റെ ദുഷ്ഫലങ്ങൾ ആ സമൂഹത്തെ വരിഞ്ഞുമുറുക്കിയിരുന്നു. പ്രവാചകൻ പരിവർത്തിപ്പിച്ച, അദ്ദേഹത്തെ ദൈവദൂതനായി അംഗീകരിച്ച സമകാലീനരുടെ സാക്ഷ്യം രജതരേഖയായി ചരിത്രത്തിൽ നാം കാണുന്നു. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ്തന്നെ അദ്ദേഹം അന്ധകാരത്തിലെ ദീപമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം എത്ര പരിശുദ്ധവും ഉൽകൃഷ്ടവുമായിരുന്നുവെന്ന് മനസ്സിലാക്കുന്ന പക്ഷം തന്റെ ചുറ്റുമുള്ളവർക്ക് ദിവ്യസന്ദേശം എത്തിക്കാൻ ദൈവം അദ്ദേഹത്തെ തന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാകും. അൽഅമീൻ (വിശ്വസ്തൻ) എന്നായിരുന്നു മക്കയിലെ ജനങ്ങൾ അദ്ദേത്തിന് നൽകിയ ഒാമനപ്പേർ. ബാല്യം മുതൽ തങ്ങളുടെ ഇടയിൽ ജീവിച്ചിരുന്ന പ്രവാചകന് ജനങ്ങൾ നൽകിയ ഇൗ പേരിനേക്കാൾ ഉത്തമവും മഹത്തരവുമായ മറ്റൊരു നാമവും ഞാൻ കാണുന്നില്ല. അതെ, അദ്ദേഹം ഉത്തമനും വിശ്വസ്തനുമാണ്.

തെരുവിലൂടെ നടക്കുമ്പോൾ കുട്ടികൾ അദ്ദേഹത്തിന്റെ പിന്നാലെ കൂടി ആ പുണ്യപുരുഷന്റെ കൈയിലും കാലിലും തൂങ്ങുക പതിവായിരുന്നു. ഒരേ പോലെ കൊച്ചു കുട്ടികളുടെയും മുതിർന്നവരുടെയും മനം കവർ ന്നിരുന്നു അദ്ദേഹം. ഒരു ധീരന്റെയും ഒരു നേതാവിന്റെയും ഒരു മതാചാര്യന്റെയും ഗുണങ്ങൾ മുഹമ്മദ്നബിയിൽ സമ്മേളിച്ചിരുന്നു.

എത്ര ഉൽകൃഷ്ടമാണ് അദ്ദേഹത്തിന്റെ ജീവചരിത്രം! ജീവിത വ്യവഹാരങ്ങൾക്ക് ശേഷം മരുഭൂമിയിലെ ഒരു ഗുഹയിൽ ധ്യാനനിരതനും ചിന്താവൃതനുമായി ഏകാന്തജീവിതം നയിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. നാൽപതാം വയസ്സിൽ അദ്ദേഹത്തിന് ദൈവിക സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി. ആദ്യമായി സന്ദേശം ലഭിച്ച ദിവസം ഭയവിഹ്വലനായി സ്വഗൃഹത്തിലെത്തിയ പ്രവാചകനെ പ്രിയപത്നി സമാശ്വസിപ്പിച്ചു: “”ഭയപ്പെടാതിരിക്കൂ, നിങ്ങൾ വിശ്വസ്തനല്ലയോ? മനുഷ്യർ വിശ്വസിക്കുന്ന ഒരാളെ ദൈവം കൈവെടിയുകയില്ല.” അദ്ദേഹത്തിന്റെ ജീവിതത്തോട് ഏറ്റവും അടുത്തു പെരുമാറിയ ഭാര്യ അദ്ദേഹത്തിന്റെ സ്വഭാവം നിരൂപ ണം ചെയ്യുകയാണ് ഇൗ വാചകത്തിലൂടെ. ഇതിനേക്കാൾ മഹത്തായൊരു സാക്ഷ്യം ഒരാചാര്യനും നേടിയിട്ടില്ല. തന്റെ ദൗത്യവുമായി ജനമധ്യത്തിലിറങ്ങിയ നബിയുടെ പ്രഥമശിഷ്യ അദ്ദേഹത്തോടൊപ്പം പതിനഞ്ചുവർഷം ജീവിതം പങ്കുവെച്ച പ്രിയ പത്നിയത്രെ.

ഒരു പ്രവാചകനെയും സ്വന്തം നാട്ടുകാർ വേണ്ടത്ര മാനിച്ചിട്ടില്ലെന്ന് ചിലർ ആക്ഷേപമുന്നയിക്കാറുണ്ട്. പക്ഷേ, ഇൗ പ്രവാചകന്റെ കാര്യം വ്യത്യസ്തമാണ്. തന്റെ കുടും ത്തിലും രാജ്യത്തുതന്നെയും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. ബന്ധുക്കളുടെ ഹൃദയങ്ങളിൽ അദ്ദേഹം ആദരണീയനായിരുന്നു. അവരിൽ നിന്ന് തന്നെയാണ് അദ്ദേഹത്തിന് അനുയായികളെ അധികം ലഭിച്ചത്. ആദ്യം സ്വപത്നി, തുടർന്ന് അടു ത്ത രക്തന്ധുക്കളും ഉറ്റ സുഹൃത്തുക്കളും. മൂന്നു വർഷത്തെ പൂർണമായ ശ്രമങ്ങൾക്ക് ശേഷം മുപ്പതുപേർ അദ്ദേഹത്തെ ദൈവദൂതനായി അംഗീകരിച്ചു. എത്ര ലളിതവും ആഡംഭരരഹിതവുമായിരുന്നു അദ്ദേഹ ത്തിന്റെ ജീവിതം! സ്വയം ചെരിപ്പു നന്നാക്കുന്നു, വസ്ത്രങ്ങൾ തുന്നുന്നു. അനേകായിരം അനുയായികളുണ്ടായിരുന്ന അന്ത്യദശയിലും ഇൗ ശീലം അദ്ദേഹം കൈവെടിഞ്ഞില്ല. എത്ര മഹോന്നതവും നിർമലവുമായിരുന്നു ആ ജീവിതം!

ഒരിക്കൽ പ്രവാചകൻ പ്രമുഖരായ ചില നേതാക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. തദവസരത്തിൽ അവിടേക്ക് കടന്നു വന്ന ഒരു അന്ധൻ നബിയോട് ഇങ്ങനെ അപേക്ഷിച്ചു. “”ദൈവദൂതരേ, എനിക്ക് മോക്ഷത്തിനുള്ള മാർഗം പഠിപ്പിച്ചു തന്നാലും.” സംഭാഷണത്തിൽ ലയിച്ചിരുന്ന പ്രവാചകൻ അന്ധന്റെ അപേക്ഷ ശ്രദ്ധിച്ചില്ല. അയാൾ വീണ്ടും അപേക്ഷിച്ചു. “”നബിയേ, മോക്ഷത്തിനുള്ള മാർഗം പഠിപ്പിച്ചു തന്നാലും.” ആ സമയം അന്ധൻ അവിടേക്ക് വന്നതിൽ പ്രവാചകന് അൽപം നീരസം തോന്നി. അത് മുഖത്ത് പ്രകടമാവുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തെ ശാസിച്ചുകൊണ്ട് ലോകാവസാനം വരെ നിലനിൽക്കുന്ന ഒരു ദൈവവാക്യം പിറ്റേദിവസം അവതരിച്ചു; പ്രവാചകന്റെ സത്യസന്ധതക്കും വിനയത്തിനും തെളിവായി. “”അന്ധൻ തന്റെ (നബിയുടെ) അടുത്ത് വന്ന പ്പോൾ അദ്ദേഹം മുഖം ചുളിക്കുകയും തിരിഞ്ഞുകളയുകയും ചെയ്തു. താങ്കൾക്കെന്തറിയാം, ഒരു വേള അയാൾ നന്നായിത്തീർന്നേക്കാം. അഥവാ, ഉപദേശം ശ്രദ്ധിക്കുകയും അത് അയാൾക്ക് ഫലപ്പെടുകയും ചെയ്തേക്കാം. സ്വയം പോന്നവനായി ചമയുന്നവനാരോ അവനെ താങ്കൾ ശ്രദ്ധി ക്കുന്നു. താങ്കളുടെ അടുക്കൽ ഒാടിയെത്തുകയും ദൈവത്തെ ഭയപ്പെ ടുകയും ചെയ്തവനോ അവനോട് താങ്കൾ വൈമുഖ്യം കാട്ടുന്നു.” (ഖുർആൻ: 80: 1-10)

തന്നെക്കുറിച്ചുള്ള ആക്ഷേപം പുറത്ത് പറയാൻ വളരെ കുറച്ചു പേർക്കേ ധൈര്യമുണ്ടാവുകയുള്ളൂ, പക്ഷേ, പ്രവാചകൻ മുഹമ്മദ് എത്ര മഹാത്മാവാണദ്ദേഹം! എത്ര സത്യസന്ധൻ! പിന്നീട് അന്ധനായ പ്രസ്തുത മനുഷ്യനെ കാണുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു. “”സ്വാഗതം, താങ്കൾക്കുവേണ്ടിയാണ് ദൈവം എന്നെ ശാസിച്ചത്.” സ്നേ ഹത്തിനോ കാരുണ്യത്തിനോ അല്പമെങ്കിലും കുറവ് തന്നിൽ നിന്നുണ്ടായി എന്നു ബോധ്യപ്പെട്ടാലുടൻ അത് തിരുത്താൻ അദ്ദേഹം ശ്രദ്ധി ക്കുമായിരുന്നു. താൻ ശാസിക്കപ്പെടാൻ കാരണക്കാരനായ അന്ധനെ അദ്ദേഹം അത്യന്തം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരു ന്നു. ഇപ്രകാരമുള്ള വ്യക്തിയെ തനിക്ക് ചുറ്റുമുള്ളവർ ആത്മാർഥമായി സ്നേഹിച്ചെല്ലെങ്കിൽ എന്താണത്ഭുതം?

തന്റെ അനുയായികൾക്ക് പ്രവാചകനോടുണ്ടായിരുന്ന സ്നേഹം ലോകചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. അദ്ദേഹത്തിന്റെ അനുയായികൾ നിഷ്ഠൂരമായ പീഡനങ്ങൾക്ക് വിധേയമാക്കപ്പെട്ടു. അഗ്നികുണ്ഡം പോലെ കത്തിക്കാളുന്ന സൂര്യന് താഴെ ചുട്ടുപഴുത്ത മണലാരണ്യത്തിൽ ബലം പ്രയോഗിച്ചു കിടത്തി ദേഹം പൊള്ളിക്കുന്നു. നെഞ്ചിൽ ഭാരമേറിയ കല്ലുകളുമായി മണിക്കൂറുകളോളം ഇൗ പീഡനം സഹിക്കേണ്ടി വരിക. ഉമിനീരല്ലാതെ വറ്റിവരണ്ട നാവുകൾ നനക്കാൻ ഒരു തുള്ളി വെള്ളം ശത്രുക്കൾ നൽകുന്നില്ല. ഇനിയും ചിലരെ കീറിമുറിക്കുന്നു. ചിലരെ ജീവനോടെ തൊലിയുരിക്കുന്നു. അസ്ഥികളിൽനിന്ന് മാംസം വാർന്നെടുക്കുന്നു. പാരവശ്യത്തിന്റെ ഇൗ ഘട്ടത്തിൽ ശത്രുക്കൾ അവരോടു ചോദിക്കുന്നു: “”നിങ്ങൾ നിങ്ങളുടെ ഭവനങ്ങളിലിരിക്കുകയും പകരം പ്രവാചകൻ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതല്ലെ നിങ്ങൾക്ക് നല്ലത്? ഇപ്പോഴും നിങ്ങൾ അയാളിൽ വിശ്വാസം പുലർത്തുന്നുവോ?” കഠോര വേദനയാൽ മരിച്ചു കൊണ്ടിരിക്കുന്ന ആ മനുഷ്യൻ പറയുന്നത് നോക്കുക. “”പ്രവാചകനെ ഒരു മുള്ളുകുത്തുവാൻ അനുവദിച്ചുകൊണ്ട് വീട്ടിൽ പുത്രകളത്രാദികളോടൊപ്പം സുഖിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. ദൈവമാണ് എന്റെ സാക്ഷി.” തന്റെ അനുയായികൾ പ്രവാചകനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന് ഇൗ ഉദാഹരണം തന്നെ മതിയാകും.

ഒരു യുദ്ധത്തിനു ശേഷമുണ്ടായ ഹൃദയസ്പൃക്കായ ഒരു സംഭവം: യുദ്ധമുതൽ ധാരാളമുണ്ടായിരുന്നു. പ്രവാചകൻ അവ അനുയായികൾക്ക് ഭാഗിച്ചുകൊടുത്തു. പക്ഷേ, തന്നോട് ഏറ്റവും അടുത്തവരും അത്യുത്തമ സഹായികളുമായിരുന്നവർക്ക് യാതൊന്നും നൽകിയില്ല. അൽപം വിഷമത്തോടെ അവർ പിറുപിറുത്തു. അദ്ദേഹം അവരെ അരികിൽ വിളിച്ച് ഇപ്രകാരം പറഞ്ഞു. “”നിങ്ങളുടെ സംസാരത്തെ സംബന്ധിച്ച് ഞാനറി ഞ്ഞു. ഞാൻ നിങ്ങളിൽ വന്നപ്പോൾ നിങ്ങൾ അന്ധകാരത്തിലായിരുന്നു. ദൈവം നിങ്ങൾക്ക് വഴി കാണിച്ചു. നിങ്ങൾ കഷ്ടപ്പെടുന്നവരായിരുന്നു. അവൻ നിങ്ങൾക്ക് ക്ഷേമം നൽകി. നിങ്ങൾ കലഹപ്രിയരായിരുന്നു. അവർ നിങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹം നിറച്ചു. നിങ്ങൾക്ക് വിജയം നൽകി. യാഥാർഥ്യം ഇതല്ലയോ, പറയുക.” “”അതെ, താങ്കൾ പറയുന്നത് വാസ്തവം തന്നെ. ഒൗദാര്യവും അനുഗ്രഹവും ദൈവത്തോടും അവന്റെ പ്രവാചകനോടും ഒപ്പമാകുന്നു.” ഇതായിരുന്നു അവരുടെ മറുപടി. പ്രവാചകൻ തുടർന്നു. “”എങ്കിൽ നിങ്ങളുടെ പ്രതികരണം തീർച്ചയായും ഇപ്രകാരമാകേണ്ടിയിരുന്നു. സ്വസമൂഹത്തിൽ നിന്ന് ബഹിഷ്കൃതനായി താങ്കൾ ഞങ്ങളുടെ ഇടയിൽ വന്നു. ഞങ്ങൾ വിശ്വസിച്ചു. നിസ്സഹായനായ അഭയാർഥിയായി വന്നു. ഞങ്ങൾ സഹായിച്ചു. ദരിദ്രനും ബഹിഷ്കൃത നുമായി വന്നു. ഞങ്ങൾ താങ്കൾക്കഭയം നൽകി; കഷ്ടതയോടെ വന്നു. ആശ്വാസം നൽകി എങ്കിൽ ഞാൻ അതിന് സാക്ഷിയാവുകയും ചെയ്യുമായിരുന്നു. ഭൗതിക സ്വത്തുകൾ കണ്ട് നിങ്ങൾ എന്തിന് ചഞ്ചലപ്പെടുന്നു?
മറ്റുള്ളവർ ഒട്ടകങ്ങളെയും ആട്ടിൻ പറ്റങ്ങളെയും കൊണ്ടുപോകുമ്പോൾ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് എന്നെയും കൂട്ടി പോകുന്നതിൽ തൃപ്തിപ്പെടുന്നില്ലയോ?” ഇത്രയുമായപ്പോൾ അവരുടെ കണ്ണുകളിൽ നിന്ന് അശ്രുകണങ്ങൾ പൊഴിഞ്ഞു. “”ദൈവദൂതരേ, ഞങ്ങൾക്ക് കിട്ടിയ ഒാഹരികൾ കൊണ്ട് ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു.” അവർ ഒറ്റസ്വര ത്തിൽ പ്രതിവചിച്ചു. ഇതാണ് പ്രവാചകനോടുള്ള അവരുടെ സ്നേഹ ത്തിന്റെ ആഴം. അജ്ഞതയുടെ അന്ധകാരത്തിൽ കഴിഞ്ഞിരുന്ന അവർക്ക് പ്രകാശം നൽകിയതാണ് പ്രവാചകനോട് അനുയായികൾക്ക് ഇത്ര ത്തോളം സ്നേഹത്തിന് കാരണം.

മുഹമ്മദ്നബിയുടെ ആഗമനത്തിന് മുമ്പുള്ള അറേബ ്യൻ ജനതയുടെ അവസ്ഥയും ഇസ്ലാം അവരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റവും സം ബന്ധിച്ച അനുചരന്മാരുടെ സാക്ഷ്യം ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ദിവ്യസന്ദേശത്താൽ പ്രുദ്ധരായ അനുയായികൾ ഒരു പ്രവാചകനെന്ന നിലക്ക് എങ്ങനെയാണ് അദ്ദേഹത്തെ വീക്ഷിച്ചിരുന്നതെന്ന് ചരിത്രത്തിൽ നമുക്ക് കണ്ടെത്താൻ കഴിയും. ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒരു നിവേദനത്തിൽ ഇപ്രകാരം കാണാം. “”ഞങ്ങൾ ബിംബങ്ങളെ ഉപാസിച്ചു. ദുർമാർഗികളായി ജീവിച്ചു. ശവങ്ങൾ ഭക്ഷിച്ചു. നികൃഷ്ടമായി സംസാരിച്ചു. വിദ്വേഷം വളർത്തി. മനുഷ്യത്വം വിസ്മരിച്ചു. ആഥിത്യമര്യാദയും അയൽവാസികളോടുള്ള കടമകളും മറന്നു. കയ്യൂ ക്കുള്ളവൻ കാര്യക്കാരൻ എന്ന നിയമമല്ലാതെ മറ്റൊന്നും ഞങ്ങൾക്കില്ലായിരുന്നു. ഇൗ ഘട്ടത്തിൽ ഞങ്ങളിൽ ഒരാളെ ദൈവം പ്രവാചകനായി ഉയർത്തി. അദ്ദേഹത്തിന്റെ ജനനം, സത്യസന്ധത, വിശുദ്ധി ഇവയെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. അദ്ദേഹം ഞങ്ങളെ ഏക ദൈവത്തി ങ്കലേക്ക് ക്ഷണിച്ചു. അവനോടുള്ള വിധേയത്വത്തിൽ മറ്റൊന്നിനെയും പങ്കുചേർക്കാൻ പാടില്ലെന്ന് ഉപദേശിച്ചു. ബിംബാരാധന നിരോധിച്ചു. സത്യം പറയാൻ ഉപദേശിച്ചു. സത്യസന്ധതയും കാരുണ്യവും വളർത്തി. അയൽവാസികളുടെ അവകാശങ്ങൾ കൊടുക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നു പഠിപ്പിച്ചു. സ്ത്രീകളെ സംന്ധിച്ച് അപവാദം ആരോപി ക്കുന്നത് നിരോധിച്ചു. അനാഥകളുടെ ധനം അന്യായമായി ഭക്ഷിക്കു ന്നത് വിലക്കി. ദുർമാർഗത്തിൽ നിന്നും പൈശാചികതയിൽനിന്നും ഒാടിയകലാൻ നിർദേശിച്ചു. പ്രാർഥിക്കാനും ധർമം നൽകാനും വ്രതം അനുഷ്ഠിക്കാനും ആജ്ഞാപിച്ചു. ഞങ്ങൾ അദ്ദേഹത്തിൽ വിശ്വസിച്ചു. അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ സ്വീകരിച്ചു.”

ഒരിക്കൽ പ്രവാചകൻ തന്റെ ചില പുതിയ അനുയായികളിൽ നിന്ന് ഒരു വാഗ്ദാനപത്രം വാങ്ങുകയുണ്ടായി. ചരിത്രാതീതമായ ഒരു കാല ത്തല്ല ഇൗ സംഭവമുണ്ടായത്. മറിച്ച്, ഒാരോ സംഭവവും ചരിത്രത്തിന്റെ താളുകളിൽ പ്രത്യേകം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏഴാം നൂറ്റാണ്ടിലാണെന്ന് ഒാർക്കണം. പ്രസ്തുത വാഗ്ദാനപത്രം കാണുക. “”ഞങ്ങൾ ദൈവത്തോട് മറ്റൊന്നിനെയും പങ്കുചേർക്കുകയില്ല. മോഷ്ടിക്കുകയോ വ്യഭിചരിക്കു കയോ ഇല്ല. ശിശുഹത്യ നടത്തുകയില്ല. വ്യാജാരോപണവും പരദൂഷണവും ഉപേക്ഷിക്കും. പ്രവാചകനെ എല്ലാ വിഷയത്തിലും അനുസരിക്കും. സന്തോഷത്തിലും സന്താപത്തിലും അദ്ദേഹത്തോട് കൂറുപുലർത്തും.”

അദ്ദേഹം കൈപിടിച്ചുയർത്തിയ സമൂഹത്തിന്റെ അവസ്ഥ പ്രസ്തുത ഉടമ്പടിയിലെ ഒാരോ പദവും വ്യക്തമാക്കുന്നുണ്ട്. ഏതൊക്കെ ശീലങ്ങൾ ഉപേക്ഷിക്കുമെന്നാണോ അവർ കരാർ ചെയ്തത്, അതിൽ നിന്നു തന്നെ അവരുടെ പൂർവ്വകാല ജീവിതം എന്തായിരുന്നു എന്നനുമാനിക്കാം. നര ബലി സാധാരണമായിരുന്നു. വ്യഭിചാരവും മറ്റു ദുർവൃത്തികളും നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹം നടപ്പിലാക്കിയ സാന്മാർഗികതത്ത്വങ്ങൾ എത്രത്തോളം കാലോചിതമായിരുന്നു എന്നാലോചിച്ചു നോക്കുക.

ഇസ്ലാമിലെ സഹിഷ്ണുത, വനിതകളുടെ സ്ഥാനം എന്നിവ സംബന്ധിച്ച് ഞാൻ പിന്നീട് പ്രതിപാദിക്കുന്നുണ്ട്. ഉൽകൃഷ്ടങ്ങളായ സാന്മാർഗിക തത്ത്വങ്ങളുടെ ആണിക്കല്ല് അജ്ഞരായ തന്റെ ജനങ്ങളുടെ മധ്യ ത്തിൽ അദ്ദേഹം എങ്ങനെ സ്ഥാപിച്ചു എന്നതാണ് ഞാനിവിടെ വ്യക്ത മാക്കാൻ പോകുന്നത്. ധർമത്തെക്കുറിച്ച് അദ്ദേഹം എന്ത് ഉപദേശി ക്കുന്നുവെന്നും അതിന് അദ്ദേഹം കൊടുക്കുന്ന നിർവ്വചനമെന്തെന്നും ആലോചിക്കുക! ധർമം എന്നാൽ എന്താകുന്നു? സാധുക്കൾക്ക് ധനം കൊടുക്കുക, ചിലർ പറയുന്നത് അങ്ങനെയാണ്.. പക്ഷേ, യാഥാർഥ്യം മറിച്ചാണ്. എല്ലാ സുകൃതങ്ങളും ധർമത്തിൽപ്പെടുന്നുണ്ട്. തന്റെ സഹോ ദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നത് ധർമമാകുന്നു. സൽകർമ ത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത് ധർമാകുന്നു. വഴിതെറ്റിയ യാത്രക്കാരന് മാർഗം കാണിക്കുന്നത് ധർമമാകുന്നു. അന്ധനെ സഹായിക്കുന്നത് ധർമമാകുന്നു. എത്രത്തോളം പ്രായോഗികവും ലളിതവുമാണ് അദ്ദേ ഹത്തിന്റെ അധ്യാപനങ്ങൾ മനുഷ്യന്റെ കടമകളെ കുറിച്ച നിർവ്വചനം എത്രത്തോളം പ്രോജ്വലമാണ്. സൽഗുണങ്ങളെക്കുറിച്ച പ്രഖ്യാപനം ശ്രദ്ധിക്കുക. “”കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം തിരിക്കുന്നതിലല്ല പുണ്യം. ദൈവത്തിലും അന്ത്യദിനത്തിലും മലക്കുകളിലും വേദങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും ദൈവത്തോടുള്ള സ്നേഹത്താൽ തങ്ങളുടെ ധനം ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾക്കും യാത്രക്കാർക്കും സഹായമർഥിക്കുന്നവർക്കും അടിമമോചനത്തിനും ചെലവഴിക്കുകയും നമസ്കാരം നിലനിർത്തുകയും സക്കാത്ത് നൽകുകയും ഉടമ്പടി പാലിക്കുകയും പ്രതിസന്ധിയിലും വിപത്തിലും സത്യാസത്യ സംഘട്ടന വേളയിലും സഹനമവലംബിക്കുകയും ചെയ്യുന്നവരാകുന്നു പുണ്യവാന്മാർ” (ഖർആൻ: 2:177)

ലോകം വിചാരിക്കുന്ന വിധത്തിലുള്ള വിദ്യാഭ്യാസം പ്രവാചകനുണ്ടായിരുന്നില്ല. നിരക്ഷരൻ എന്ന് ഖുർആൻ അദ്ദേഹത്തെ അടിക്കടി പരിചയപ്പെടുത്തുന്നു. പക്ഷേ, അറബി സാഹിത്യത്തിൽ അഗ്രിമസ്ഥാനമർഹിക്കുന്ന ഖുർആൻ അനശ്വരവും അമാനുഷികവുമാണ്. മാത്രമല്ല, താൻ കേവലമൊരു ദൈവദൂതൻ മാത്രമാണെന്ന് മുഹമ്മദ്നബിയുടെ പ്രഖ്യാപനത്തെ സാധൂകരിക്കുക കൂടി ചെയ്യുന്നു. നിരക്ഷരനെങ്കിലും വിജ്ഞാന ത്തിൽ അദ്വിതീയനായിരുന്നു പ്രവാചകൻ. ജ്ഞാനത്തിന് പ്രഥമ സ്ഥാന മാണ് അദ്ദേഹം നൽകിയത്. പ്രവാചകൻ പറയുന്നു: “”വിദ്യ സമ്പാദിക്കുക, ദൈവത്തിന്റെ തൃപ്തി ആഗ്രഹിച്ചു അതു സമ്പാദിക്കുന്നത് ആരാധനയാകുന്നു. വിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നവൻ ദൈവത്തെ പുകഴ്ത്തുന്നു. അത് അന്വേഷിക്കുന്നവൻ അവനെ ഉപാസിക്കുന്നു. വിദ്യ പഠിപ്പിക്കുന്നവൻ ധർമം കൊടുക്കുന്നു. അർഹതപ്പെട്ടവർക്ക് അത് പകർ ന്നു കൊടുക്കുന്നവൻ ദൈവത്തെ പ്രണമിക്കുന്നു. നല്ലതും ചീത്തയും തിരിച്ചറിയുവാൻ വിജ്ഞനു കഴിയുന്നു. ജ്ഞാനം സ്വർഗത്തിലേക്ക് വഴി കാണിക്കുന്നു. മണലാരണ്യത്തിൽ അത് നമ്മുടെ സ്നേഹിതനാകുന്നു, ഏകാന്തതയിൽ ആത്മസുഹൃത്തും. സന്തോഷത്തിലേക്ക് വഴികാണി ക്കുന്നു. വിപത്തിൽ തുണക്കുന്നു. ശത്രുക്കൾക്കെതിരെ കവചമാകുന്നു. ഇഹത്തിൽ ഉൽകൃഷ്ടതയും പരലോകത്ത് പരമോന്നത സ്ഥാനവും നൽകുന്നു.” മറ്റൊരു നിവചനം ശ്രദ്ധിക്കുക. “”രക്തസാക്ഷിയുടെ രക്ത ത്തേക്കാൾ വിലയേറിയതാണ് പണ്ഡിതന്റെ പേനയിലെ മഷി.” മുസ്ലിം കൾ സ്ഥാപിച്ച മുഴുവൻ വിദ്യാലയങ്ങളിലും ഇൗ വാക്യം തങ്കലിപിയിൽ എഴുതിവെക്കേണ്ടതാണ്. രക്തസാക്ഷിത്വത്തോടുള്ള അടങ്ങാത്ത ആഗ്രഹവുമായി ഇസ്ലാമിന്റെ സന്താനങ്ങൾ പോർക്കളത്തിൽ ചാടിവീഴാൻ എന്നും സന്നദ്ധരായിട്ടുണ്ടെങ്കിലും പണ്ഡിതന്മാരോടുള്ള ആദരവിന് ഇക്കഴിഞ്ഞ നൂറ്റാണ്ടുകളിൽ കുറവ് സംഭവിച്ചിട്ടുണ്ട്.

പ്രവാചകന്റെ പ്രിയങ്കരനായ ജാമാതാവ് ഹസ്രത്ത് അലി ശാസ്ത്ര ത്തിന് മഹത്തായ ഒരു നിർവ്വചനം നൽകി. “”ഹൃദയത്തിന്റെ പ്രകാശമാണ് ശാസ്ത്രത്തിന്റെ സത്ത, സത്യമാണതിന്റെ അടിസ്ഥാന ലക്ഷ്യം, പ്രചോദനമാണതിന്റെ വഴികാട്ടി, യുക്തിയാണതിന്റെ സ്വീകർത്താവ്, ദൈവമാണ് പ്രചോദകൻ, മനുഷ്യന്റെ വാക്കുകളിലൂടെയാണ് അത് പുറത്ത് വരുന്നത്.” ആദ്യകാല മുസ്ലിംകളെ തത്ത്വശാസ്ത്രത്തിലേക്കും ശാസ്ത്രജ്ഞാനത്തിന്റെ അത്യുന്നതിയിലേക്കും നയിച്ചത് വിജ്ഞാനത്തെ സംന്ധിച്ച ഇൗ മഹത്തായ വീക്ഷണമാണ്. ഇസ്ലാം പുരോഗമനാത്മകമല്ലെന്നും അതിന്റെ അനുയായികൾ ശാസ്ത്ര വിജ്ഞാനീയങ്ങളിൽ മറ്റു സമൂഹങ്ങളെ അപേക്ഷിച്ചു പിന്നാക്കം പോയിട്ടുണ്ടെന്നും ആരോ പിക്കുന്നവർ ചരിത്രത്തെ അവഗണിക്കുകയാണ്. പിൽക്കാലത്തുണ്ടായ മുരടിപ്പിനു കാരണം മതമല്ല മറ്റെന്തോ ആണെന്നു കരുതേണ്ടിയിരിക്കുന്നു. പ്രവാചകൻ അടിത്തറ പാകിയ വൈജ്ഞാനിക തൃഷ്ണ അറേബ്യൻ ലോകത്ത് നൂറ്റാണ്ടുകളോളം നിലനിന്നു. അത് നിശബ്ദമായ പുരോഗതിക്കു നാന്ദി കുറിച്ചു. തുടർന്ന് അത് മൂറുകളിലൂടെ സ്പെയിനിലെത്തി. യൂറോപ്പിൽ പ്രകാശം പോലെ പരന്നു. കൈ്രസ്തവ ലോകത്തിന്നതുവഴി പുതുജീവൻ പകർന്നു. അറേബ്യയിലെയും ഇൗജിപ്തിലെയും ബാഗ്ദാദിലെയും കൈറോയിലെയും കലാശാലകളിലൂടെ ഒരു പുതിയ പ്ലാറ്റോണിയൻ യുഗത്തിന് ജന്മം നൽകി. മുസ്ലിംകൾ തങ്ങൾ സഞ്ചരിച്ച വഴികളിലെല്ലാം വിജ്ഞാനത്തിന്റെ പ്രഭ വിതറിക്കൊണ്ടാണ് കടന്നുപോയത്. ഇസ്ലാമിക സാമ്രാജ്യങ്ങളിലുടനീളം യൂണിവേഴ്സിറ്റികളുയർന്നു.

വാനശാസ്ത്രവും രസതന്ത്രവും ഗണിതശാസ്ത്രവുമെല്ലാം കൈ്രസ്തവ ലോകത്തിനന്യമായ ഒരു കാലത്ത് യൂറോപ്പിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾ കൂട്ടം കൂട്ടമായി ഇസ്ലാമിക കലാലയങ്ങളിലേക്ക് കടന്നുവന്നു. പോപ്പ് സിൽവെസ്റ്റർ രണ്ടാമൻ കൊർദോവ സർവകലാശാലയിൽനിന്നാണ് ശാസ്ത്ര വിഷയങ്ങൾ അഭ്യസിച്ചിരുന്നത്. ഇൗ വിജ്ഞാനമാണ് പിൽക്കാലത്ത് തന്റെ അന്ധമായ പൗരോഹിത്യ കാല ഘട്ടത്തിലെ ഭീകരതയെ സംന്ധിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. യൂറോപ്പിലേക്ക് അറബികൾ കൊണ്ടുവന്ന ശാസ്ത്രത്തെ പരാമർശിച്ച് ഞാൻ മുമ്പൊരിക്കൽ പറഞ്ഞത് ഇവിടെ ഉദ്ധരിക്കുകയാണ്. “”അവർ ഭാരതീയരിൽ നിന്നും ഗ്രീക്കുകാരിൽ നിന്നും ഗണിതശാസ്ത്രം പഠിച്ചു.

ദ്വിമാന സമവാക്യവും ക്വോഡ്രാറ്റിക് സമവാക്യവും കണ്ടുപിടിച്ചു. ബൈനോമിയൽ സിദ്ധാന്തവും ട്രിഗണോമെട്രിയിലെ സൈനും കോസൈനും കണ്ടെത്തി. ആദ്യത്തെ ടെലസ്കോപ്പ് നിർമിച്ചു. നക്ഷത്രങ്ങളെക്കുറിച്ചു പഠിച്ചു. ഭൂമിയുടെ വലിപ്പവും അളന്നു. ഒരു പുതിയ വാസ്തുശിൽപ്പത്തി നും സംഗീതത്തിനും രൂപം നൽകി. ശാസ്ത്രീയ കൃഷിരീതി ലോകത്തിന് പരിചയപ്പെടുത്തി. ഉൽപന്നങ്ങളെ ഗുണമേന്മയുടെ ഒൗന്നത്യത്തിലെത്തി ച്ചു.” യൂറോപ്പിനു മാത്രമല്ല മുസ്ലിംകൾ സംഭാവനകൾ നൽകിയത്. മുഗളരുടെ വാസ്തുശിൽപം ഇന്ത്യക്കു സുപരിചിതമാണല്ലോ. “അവർ അതികായന്മാരെ പോലെ പണിതുയർത്തി സ്വർണ്ണപ്പണിക്കാരെപ്പോലെ അലങ്കരിച്ചു’ എന്ന് അവരെപ്പറ്റി വിശേഷിപ്പിക്കുന്നത് എത്ര വാസ്തവം! ഇന്ത്യയിലെ ശിൽപവേലയിൽ ഏറിയ പങ്കും മുസ്ലിംകളുടേതാണ്. വില പിടിച്ച ഇൗ രത്നങ്ങൾ ഭാരതത്തിന്റെ മടിത്തട്ടിൽ കോരിച്ചൊരിഞ്ഞ് അവർ ഇൗ നാടിനെ സമ്പുഷ്ടമാക്കി. ഹൈന്ദവശിൽപ്പ വേലയിൽപോലും ഇസ്ലാമിക വാസ്തുശിൽപ്പത്തിന്റെ സ്വാധീനം കാണാൻ കഴിയും. കല ക്ക് ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തടസ്സമാവില്ലല്ലോ.

രസകരമായ ഒരു വിഷയം ഇവിടെ പ്രസ്താവിക്കാം. പ്രവാചകനായ മുഹമ്മദിന്റെ തണലിലാണ് ശാസ്ത്രം യൂറോപ്പിലേക്ക് കടന്നുവന്നത് എന്ന ഒരു ധാരണയുണ്ടായിരുന്നതുകൊണ്ടാണ് കൈ്രസ്തവർക്ക് ശാസ്ത്രത്തോട് തീർത്താൽ തീരാത്ത പകയുണ്ടായത്. കൈ്രസ്തവരുടെ ദൃഷ്ടിയിൽ സയൻസ് മതവിരുദ്ധവും നാസ്തികവുമായിരുന്നു. ഒരു യാഥാസ്ഥിതിക ക്രിസ്ത്യാനിയെ സംന്ധിച്ചിടത്തോളം ശാസ്ത്രം ക്രിസ് തുമതവിരുദ്ധമായ ഒന്നാണ്. വെറുപ്പോടും ഉൽകണ്ഠയോടും കൂടിയാണ് കൈ്രസ്തവ ലോകം ശാസ്ത്രത്തെ വീക്ഷിച്ചത്. മുഹമ്മദ്നബിക്കുനേരെ കൈ്രസ്തവർ തൊടുത്തുവിട്ട ആക്ഷേപങ്ങൾക്ക് പരിധിയില്ല. അദ്ദേഹത്തിന്റെ പേരിൽ കൈ്രസ്തവലോകത്ത് കടന്നുവന്ന സർവവും ക്രിസ്തീയ പാതിരിമാരുടെ നിഷ്കരുണമായ ആക്ഷേപത്തിന് വിധേയമായിട്ടുണ്ട്. ഇസ്ലാമിന്റെ ആദിമദശയിൽ ജീവനും ശരീരവും സ്വാതന്ത്ര്യവും ബലി കഴിക്കാൻ സന്നദ്ധനായ ഒരാൾക്കേ കൈ്രസ്തവലോകത്ത് ശാസ്ത്രത്തെ ക്കുറിച്ച് സംസാരിക്കാൻ കഴിയുമായിരുന്നുള്ളൂ. സ്പെയിൻ അധഃപതി ക്കാനുണ്ടായ കാരണം മുസ്ലിംകളെ നിഷ്കരുണം അവിടെനിന്നും പുറ ത്താക്കിയതായിരുന്നു. ഇൗ കാലത്ത് ആത്മീയ-ഭൗതിക രംഗങ്ങളിൽ ലോകം അതുവരെ കണ്ടിട്ടില്ലാത്ത ചിന്തകന്മാരെയും ശാസ്ത്രപടുക്കളെയും ഇസ്ലാം ലോകത്തിനു സംഭാവന ചെയ്തു.

ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തെ സംന്ധിച്ച് അൽപം ചിന്തി ക്കാം.
പാശ്ചാത്യർ ഇസ്ലാമിനെതിരെ സാധാരണയായി തൊടുത്തുവിടാറുള്ള ആക്ഷേപങ്ങളിലൊന്ന് സ്ത്രീകൾക്ക് ആത്മാവില്ലെന്ന് ഇസ്ലാം പറയുന്നുവെന്നുള്ളതാണ്. തികച്ചും വാസ്തവ വിരുദ്ധമാണ് ഇൗ ആക്ഷേപം. വിശുദ്ധ ഖുർആൻ പറയുന്നു.
“”തിന്മ ചെയ്യുന്നവനാരോ അവന് അതിന്റെ ഫലം ലഭിക്കും. അവന് ദൈവത്തിനെതിരിൽ ഒരു രക്ഷകനേയോ തുണയേയോ കണ്ടെത്താനാവുന്നതല്ല. വല്ലവരും സത്യവിശ്വാസിയായിക്കൊണ്ട് സൽക്കർമമനുഷ്ഠി ക്കുന്നുവെങ്കിൽ സ്ത്രീയായാലും പുരുഷനായാലും അവർ സ്വർഗത്തിൽ പ്രവേശിക്കുന്നവരാകുന്നു. അവർ അണുഅളവ് പോലും അനീതി ചെയ്യ പ്പെടുകയില്ല.” (ഖുർആൻ: 4: 123, 124)

“”നിശ്ചയം, ദൈവത്തിന് കീഴ്പ്പെടുന്നവരും വിശ്വാസികളും വണക്ക മുള്ളവരും സത്യസന്ധരും സഹനശീലരും ദൈവത്തോട് ഭയഭക്തിയുള്ളവരും ദാനശീലരും വ്രതമനുഷ്ഠിക്കുന്നവരും തങ്ങളുടെ ഗുഹ്യ ഭാഗങ്ങൾ സൂക്ഷിക്കുന്നവരും ദൈവത്തെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീ പുരുഷന്മാർ ആരോ, അവർക്ക് ദൈവം പാപമുക്തിയും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്.” (ഖുർആൻ: 33:35)

മതപരമായ വിഷയങ്ങളിൽ പുരുഷനും സ്ത്രീക്കും തുല്യ സ്ഥാന മാണ് ഇസ്ലാം നൽകിയത്. പക്ഷേ, ഇസ്ലാം ബഹുഭാര്യത്വം അംഗീകരിക്കുന്നു. രണ്ടു യാഥാർഥ്യങ്ങളെ ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഒന്ന് ചരിത്രപരമാണ്. ഇസ്ലാം ഉദയം ചെയ്ത ദേശത്തുള്ള ജനങ്ങളുടെ ജീവിതം കുത്തഴിഞ്ഞതായിരുന്നു. പാതിവ്രത്യം എന്നത് അവർക്ക് അന്യമായ ഒന്നായിരുന്നു. ഏകഭാര്യാവ്രതത്തിലേക്ക് അവരെ ക്ഷണിച്ചാൽ അത് ഫലം ചെയ്യുമായിരുന്നില്ല. ക്രമേണയുള്ള മനശാസ്ത്ര പരമായ സമീപനമേ വിജയിക്കുമായിരുന്നുള്ളൂ. അതിനാൽ ബഹുഭാര്യാത്വത്തിനു ചില നിയന്ത്രണങ്ങളും പരിധികളും നിർണയിച്ച് നാലിൽ പരിമിതപ്പെടുത്തി. ഭാര്യമാർക്കിടയിൽ നീതിയോടെ വർത്തിക്കാൻ കഴിയുമെങ്കിൽ മാത്രമേ അതിനു തയ്യാറാകാൻ പാടുള്ളൂ എന്ന നിബന്ധനകൂടി വെച്ചു. തദ്ഫലമായി മുസ്ലിംകളിൽ ഇന്ന് ബഹുഭാര്യത്വം വളരെ വിരളമാണ്.
പരിഷ്കൃത രാജ്യങ്ങളിലെ സ്ത്രീ പുരുഷന്ധമാണ് രണ്ടാമത്തെ വിഷയം. ഏകപത്നീവ്രതം ആദർശമാക്കിയ പല രാജ്യങ്ങളുമുണ്ട്.

പക്ഷേ, പ്രയോഗതലത്തിൽ അത് പാലിക്കുന്നവർ വിരളമാണ്. ഇസ്ലാം ബഹുഭാര്യത്വത്തെ അനുവദിക്കുന്നു. ക്രിസ്തുമതം അതനുവദിക്കുന്നില്ല. പക്ഷേ, നിയമപരമായി ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടെങ്കിലേ ക്രിസ്തുമ തത്തിനെതിർപ്പുള്ളൂ. ഇത് കേവലം സങ്കൽപത്തിലുള്ള ഏകപത്നീവ്രതമാണ്. പാശ്ചാത്യർ ഏകഭാര്യത്വം പാലിക്കുന്നതായി സ്വയം നടിക്കുന്നു. എന്നാൽ നിയമത്തിന്റെ പരിധിയിൽപ്പെടാത്ത ബഹുഭാര്യത്വം പാശ്ചാത്യ ലോകത്ത് പരക്കെയുണ്ടുതാനും. തന്നോടൊപ്പമുള്ള സ്ത്രീയിൽ വിരക്തി തോന്നുമ്പോൾ അയാൾ അവളെ പരിത്യജിക്കുന്നു. ഭാവിജീവിതം പാഴായിത്തീർന്ന അവൾ ക്രമേണ തെരുവിൽ അലയുന്നു. ബഹുഭാര്യത്വം സ്വീകരിച്ച ഒരു ഗൃഹത്തിലെ സുരക്ഷിതയായ സഹധർമിണിയേക്കാളും മാതാവിനേക്കാളും പതിന്മടങ്ങ് നികൃഷ്ടയായിത്തീരുന്നു അവൾ. പാശ്ചാത്യലോകത്ത് പട്ടണങ്ങളിൽ രാത്രികാലങ്ങളിൽ വന്നുകൂടുന്ന അഗതികളും ഭാഗ്യഹീനകളുമായ വനിതകളെ കാണുമ്പോൾ ഇസ്ലാമിന്റെ ബഹുഭാര്യത്വസങ്കൽപ്പത്തെ ആക്ഷേപിക്കാൻ പാശ്ചാത്യർക്ക് എന്തർഹതയാണുള്ളത്? ഏകഭാര്യാവ്രതത്തെ സ്വീകരിച്ചു എന്നഭിമാനിക്കുന്ന ഒരാളുടെ അഭിലാഷത്തിന് പൂർത്തിവരുത്തി, അവസാനം തെരുവിൽ ത്യജിക്കപ്പെട്ട്, നിയമദൃഷ്ടിയിൽ പിതാവില്ലാത്ത കുട്ടികളെയും കയ്യിലേന്തി നിസ്സഹായയായി വഴിവിട്ട ജീവിതം നയിക്കുന്ന ഒരുവളേക്കാളും ഇസ്ലാമിന്റെ ബഹുഭാര്യത്വം അംഗീകരിച്ച് ഒരേ ഒരു പുരുഷന്റെ ഭാര്യയായി അയാളുടെ നിയമവിധേയമായ കുട്ടിയെയും കയ്യിലെടുത്ത് അഭിമാനത്തോടെ ജീവി ക്കുന്ന സ്ത്രീയാണ് മാന്യയും സന്തുഷ്ടയുമെന്നതിൽ സംശയമില്ല. ഏക ഭാര്യത്വത്തെ ആദർശമാക്കുന്നത് നല്ലതു തന്നെ. പക്ഷേ, നിയമദൃഷ്ട്യാ ഏകഭാര്യത്വത്തെ അംഗീകരിക്കുകയും നിയമത്തിന്റെ ദൃഷ്ടിയിൽപ്പെ ടാത്ത അനേകം സ്ത്രീകളോടൊത്ത് രമിക്കുകയും ചെയ്യുന്ന ഒരുവൻ ഏകഭാര്യത്വ സങ്കൽപ്പത്തെ ചെളിവാരി എറിയുകയാണ് ചെയ്യുന്നത്. പാശ്ചാത്യന്റെ നിയമവിധേയമല്ലാത്ത ബഹുഭാര്യത്വത്തേക്കാൾ ഇസ്ലാമിന്റെ നിയമവിധേയമായ ബഹുഭാര്യത്വമാണ് ഉത്തമം. ഒന്നിൽ കാപട്യവും മറ്റേതിൽ നിഷ്കളങ്കതയും കുടികൊള്ളുന്നു. അപഥസഞ്ചാരിയേക്കാൾ ഒരു സഹഭാര്യയാകുന്നതാണ് മാന്യതയും അന്തസ്സും.

ഇതിന് പറമെ, നിയമത്തിന്റെ ദൃഷ്ടിയിൽ പാശ്ചാത്യവനിതകളേ ക്കാൾ പരിരക്ഷ മുസ്ലിം സ്ത്രീകൾക്കാണുള്ളത്. ഇൗ അടുത്ത കാലം വരെ, വിവാഹകർമം ഒരു കൊടുംപാപമാണന്നു തോന്നുമാറ് വിവാഹി തയുടെ സ്വത്ത്, ഇംഗ്ലീഷ് നിയമപ്രകാരം കണ്ടുകെട്ടപ്പെട്ടിരുന്നു.സ്വന്തം സമ്പാദ്യത്തിന് തന്നെ അവർ അനർഹയായി തീർന്നിരുന്നുവെന്നു മാത്രമല്ല, സ്വന്തം സന്താനങ്ങളിൽപോലും അവർക്ക് യാതൊരവകാശവും ഉണ്ടായിരുന്നില്ല. എന്നാൽ ഇസ്ലാം അവളുടെ സ്വത്തിന് പൂർണ സുരക്ഷി തത്വം നൽകി. മുസ്ലിം രാജ്യങ്ങളിൽ വനിതകൾ ഭരണകർത്രികളായും രാഷ്ട്ര തന്ത്രജ്ഞകളായും രംഗത്ത് വന്നു എന്നത് സ്മരണീയമത്രെ. പക്ഷേ, ഇസ്ലാം വാളിനെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നുവല്ലോ എന്നു ചിലർ വിമർശിക്കാറുണ്ട്. രക്തചൊരിച്ചിലിനും വമ്പിച്ച പീഡനങ്ങൾക്കും മിക്ക മതങ്ങളും കാരണമായിട്ടുണ്ടെന്നു സമ്മതിക്കാതെ തരമില്ല. ഇസ്ലാമിന്റെ അനുയായികളും ഇതര മതാനുയായികളെപ്പോലെ പ്രവാചകന്റെ അധ്യാപനങ്ങളെ വികലമാക്കിയിട്ടുണ്ടാകാം. ദൈവവാക്യമെന്ന് കൈ്രസ്തവ സമൂഹം വിശ്വസിക്കുന്ന പഴയ നിയമത്തിൽ കാണുന്നത്ര ക്രൂരവും അസഹിഷ്ണുതാപരവുമായ പരാമർശങ്ങൾ ഖുർആനിൽ കാണുക സാധ്യമല്ല.

മുഹമ്മദ്നബി പ്രഖ്യാപിച്ചു; ലോകത്ത് ഒരൊറ്റ മതമേയുള്ളൂ. ഇസ്ലാം മാത്രം. ഇസ്ലാം എന്നാൽ ദൈവത്തിനു പൂർണമായി കീഴ്പ്പെടുക എന്നർഥം. ഇൗ തത്ത്വം പ്രബോധനം ചെയ്തവരായിരുന്നു മുൻകഴിഞ്ഞ മുഴുവൻ പ്രവാചകന്മാരും. ജീവിതം മുഴുവനൂം പ്രപഞ്ചനാഥനായ ദൈവത്തിനു സമർപ്പിച്ച സകല മനുഷ്യരും ഇസ്ലാമിന്റെ വീക്ഷണത്തിൽ അതിന്റെ അനുയായികളാണ്. മറ്റൊരർഥത്തിൽ എല്ലാ നല്ല വിശ്വാസങ്ങളും ഇസ്ലാമിന്റെതാണ്. വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു: “ദൈവദൂതൻ തന്റെ നാഥനിൽനിന്നു തനിക്ക് അവതരിച്ചു കിട്ടിയതിൽ വിശ്വസിച്ചിരിക്കുന്നു. ഇൗ ദൂതനിൽ വിശ്വസിക്കുന്നവരാരോ അവരും ഇൗ മാർഗദർശനത്തെ മനസാ അംഗീകരിച്ചിരിക്കുന്നു. അവരെല്ലാവരും ദൈവത്തിലും മാലാഖമാരിലും വേദങ്ങളിലും ദൂതന്മാരിലും വിശ്വസിക്കുന്നു. അവരുടെ വചന ങ്ങളിപ്രകാരമാകുന്നു. ഞങ്ങൾ ദൈവദൂതന്മാരിൽ ആരോടും വ്യത്യാസം കൽപ്പിക്കുന്നില്ല.” (ഖുർആൻ: 2:285)

“”പ്രഖ്യാപിക്കുക: ഞങ്ങൾ ദൈവത്തിലും ഞങ്ങൾക്ക് അവതരിച്ചു കിട്ടിയ സന്മാർഗത്തിലും അബ്രഹാം, ഇശ്മായേൽ, ഇസ്ഹാഖ്, യാക്കോബ് സന്തതികൾ എന്നിവർക്കവതീർണമായതിലും മോശക്കും യേശുവിനും നൽകപ്പെട്ടതിലും ഇതര പ്രവാചകന്മാർക്ക് അവരുടെ നാഥനിൽനിന്നു നൽകപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു. അവർക്കിടയിൽ ഞങ്ങൾ വിവേ ചനം കൽപ്പിക്കുന്നില്ല.” (വിശുദ്ധ ഖുർആൻ: 2:136)

“”ദൈവത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും അവർക്കിടയിൽ വിവേചനം കൽപ്പിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്കു നാം അവരുടേതായ പ്രതിഫലം നൽകുന്നതാകുന്നു. ദൈവം പൊറുക്കു ന്നവനും ദയാപരനുമത്രെ.” (വിശുദ്ധ ഖുർആൻ: 4:152)

ഒരു ഘട്ടത്തിൽ “നിഷധികളോട് യുദ്ധം ചെയ്യുക’ എന്ന് ദൈവ കൽപ്പന വന്നത് വാസ്തവം തന്നെ. പക്ഷേ, നിഷേധി ആരാണെന്നു ഖുർആൻ വിശദീകരിച്ചു. നിങ്ങളെ ആക്രമിക്കുകയും നിങ്ങളുടെ മതാധ്യാപനങ്ങ ളനുസരിച്ച് ജീവിക്കുന്നത് വിലക്കുകയും ചെയ്യുന്നവരത്രെ “നിഷേധി’. ഖുർആൻ തുടരുന്നു: “”നിങ്ങളെ എതിർക്കുന്നതിൽ നിന്നും അവർ പിന്തിരിയുന്ന പക്ഷം മുമ്പ് കഴിഞ്ഞത് ക്ഷമിക്കപ്പെട്ടിരിക്കുന്നു.” (8:38)

ഇസ്ലാം പഠിപ്പിക്കുന്നു: “”ദൈവമാർഗത്തിലേക്ക് യുക്തിയോടും സദുപദേശത്തോടും ജനങ്ങളെ ക്ഷണിക്കുക. ഏറ്റവും ഉൽകൃഷ്ടമായ രീതിയിൽ ജനങ്ങളോടു സംവദിക്കുക. ദൈവമാർഗത്തിൽ ചലിക്കുന്നവരെയും വ്യതിചലിച്ചവരെയും കൂടുതൽ നന്നായി അറിയുന്നവൻ നിന്റെ നാഥൻ തന്നെയാകുന്നു.’ (വിശുദ്ധ ഖുർആൻ: 16:125)

“”മതത്തിൽ ബലപ്രയോഗമില്ല.” (2:256)
“”ചോദിക്കുക! നിങ്ങൾ ദൈവത്തിനുള്ള അനുസരണവും അടിമത്തവും സ്വീകരിച്ചുവോ? സ്വീകരിച്ചുവെങ്കിൽ അവർ സന്മാർഗം പ്രാപിച്ചു. പിന്തിരിഞ്ഞുകളയുന്നുവെങ്കിലോ, അവർക്ക് സന്ദേശം എത്തിക്കേണ്ട ബാധ്യതയേ താങ്കൾക്കുള്ളൂ.” (വിശുദ്ധ ഖുർആൻ: 3:20)

ഇന്ന് സാർവ്വത്രികങ്ങളെന്ന് വ്യാഖ്യാനിക്കപ്പെടുന്ന പ്രവാചകന്റെ ചില ഉപദേശങ്ങൾ യഥാർഥത്തിൽ ഒരു സൈന്യത്തലവനെന്ന നിലയിൽ അത്യാപൽപകരമായ യുദ്ധക്കളത്തിൽ ഇറങ്ങി പോരാടുന്ന തന്റെ അനുയായികളെ ഉന്മേഷഭരിതരും ധീരോദാത്തരും ആക്കി തീർക്കുവാൻ വേണ്ടിയുള്ളതായിരുന്നു. ഒരാളുടെ പ്രവർത്തനങ്ങളിൽ നിന്നാണ് അധ്യാപനങ്ങളുടെ വ്യാഖ്യാനം മനസ്സിലാക്കേണ്ടത്.

യുദ്ധത്തിൽ പിടിക്കപ്പെടുന്ന തടവുകാരെ വധിക്കുക എന്ന സാർവത്രികമായ പതിവ് അദ്ദേഹം നിർത്തൽ ചെയ്തത് നാം കാണുന്നു. മാത്രമല്ല, തടവുകാരായ ശത്രുക്കളോട് ഏറ്റവും മാന്യമായി പെരുമാറാൻ തന്റെ അനുയായികളെ അദ്ദേഹം പഠിപ്പിക്കുകയും ചെയ്യുന്നു. ഖുർആൻ പറയുന്നതു ശ്രദ്ധിക്കുക. “”അവർ ആരാധിക്കുന്നവയെ നിങ്ങൾ ആക്ഷേപി ക്കാൻ പാടില്ലാത്തതാകുന്നു. എന്തുകൊണ്ടെന്നാൽ, വിദ്വേഷത്തോടു കൂടി അജ്ഞതയാൽ അവർ ദൈവത്തെ ആക്ഷേപിക്കാൻ ഇടയായി ക്കൂടാ” (വിശുദ്ധ ഖുർആൻ: 6:108)

“”നാം നിങ്ങളിൽ എല്ലാവർക്കും ഒരു നിയമവും കർമമാർഗവും നിശ്ചയിച്ചുതന്നിട്ടുണ്ട്. ദൈവം ഇച്ഛിച്ചിരുന്നുവെങ്കിൽ നിങ്ങളെല്ലാവരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാൽ ഇങ്ങനെ ചെയ്തത് നിങ്ങ ൾക്ക് അവൻ നൽകിയതിൽ നിങ്ങളെ പരീക്ഷിക്കുന്നതിനായിട്ടത്രെ. ആയ തിനാൽ നന്മയിൽ ഒാരോരുത്തരും മറ്റുള്ളവരെ മുൻകടക്കുവാൻ ശ്രമിക്കുവിൻ. അവസാനം നിങ്ങളെല്ലാവരും ദൈവത്തിങ്കലേക്ക് മടങ്ങേണ്ടവരാകുന്നു.” (വിശുദ്ധ ഖുർആൻ: 5:48)

അവസാനമായി ഒരു വാക്ക് കൂടി; നാമെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്. ഒാരോരുത്തരും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കണം. സ്വന്തം വിശ്വാസത്തെ സ്നേഹിക്കുന്നതോടൊപ്പം അതനുസരിച്ചു ജീവിക്കുകയും വേണം. ഒപ്പം, നാം ജീവിക്കുന്ന ഇൗ ഭൂമിയിൽ സമാധാനത്തോടെ കഴിയുകയും വേണം. അല്ലാഹുവെന്നോ ഇൗശ്വരനെന്നോ യഹോവയെന്നോ വിളിക്കുക. നാമങ്ങൾ പലതാണെങ്കിലും ദൈവം ഒന്നേയുള്ളൂ.

വിവ- കെ. മുഹമ്മദലി

Related Articles