Current Date

Search
Close this search box.
Search
Close this search box.

എന്താണ് ഫലസ്തീൻ – ഇസ്രായേൽ സംഘർഷം? 

Download PDF

പതിനായിരക്കണക്കിന് ജീവൻ അപഹരിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്ത ഒരു നൂറ്റാണ്ടിലേറെ മുമ്പ് നടത്തിയ കൊളനിവൽക്കരണത്തിൽ വേരുകളുള്ള ഒന്നാണ് ഇസ്രായേൽ-ഫലസ്തീൻ സംഘർഷം.

ഒക്ടോബർ 7 ശനിയാഴ്ച ഫലസ്തീൻ സായുധ ഗ്രൂപ്പായ ഹമാസിന്റെ അഭൂതപൂർവമായ ആക്രമണത്തിന് ശേഷം ഇസ്രായേൽ ഗസ്സ മുനമ്പിൽ യുദ്ധം പ്രഖ്യാപിച്ചതോടെ, അടുത്തതെന്തു സംഭവിക്കുമെന്ന ചോദ്യവുമായി ലോകം ഫലസ്തീനിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. 

തെക്കൻ ഇസ്രായേലിലെ ഒന്നിലധികം പട്ടണങ്ങളിൽ ഹമാസ് പോരാളികൾ നടത്തിയ ആക്രമണത്തിൽ 800-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടു.  ഇതിന് മറുപടിയായി ഇസ്രായേൽ ഗസ്സ മുനമ്പിൽ ബോംബാക്രമണം നടത്തി 500 ലധികം ഫലസ്തീനികളെ കൊന്നൊടുക്കി. ഗസ്സ അതിർത്തിയിൽ സൈന്യത്തെ അണിനിരത്തി കരയാക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ. തിങ്കളാഴ്‌ച, ഗസ്സ മുനമ്പിൽ ‘സമ്പൂർണ ഉപരോധം’ പ്രഖ്യാപിച്ച് ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിതരണം നിർത്തുകയും ചെയ്ത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റത്തിന് തുല്യമായ ഒരു പ്രവൃത്തിയാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിലും ആഴ്‌ചകളിലും സംഭവിക്കാൻ പോകുന്ന കാര്യങ്ങൾക്ക് ചരിത്രത്തിൽ വേരുകളുണ്ട്. ദശാബ്ദങ്ങളായി, പാശ്ചാത്യ മാധ്യമങ്ങളും അക്കാദമീഷ്യന്മാരും സൈനിക വിദഗ്ധരും ലോക നേതാക്കളും ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ ഒരിക്കലും പരിഹരിക്കാനാകാത്തതും സങ്കീർണ്ണവും നിശ്ചലവുമായാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഘട്ടനങ്ങളിലൊന്നിൻ്റെ നാൾവഴികൾ മനസ്സിലാക്കാം:

എന്തായിരുന്നു ബാൽഫോർ പ്രഖ്യാപനം

 • 100-ലധികം വർഷങ്ങൾക്ക് മുമ്പ്, 1917 നവംബർ 2-ന്, ബ്രിട്ടന്റെ അന്നത്തെ വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫോർ, ബ്രിട്ടീഷ് ജൂത സമൂഹത്തിലെ പ്രമുഖനായ ലയണൽ വാൾട്ടർ റോത്ത്‌സ്‌ചൈൽഡിന് ഒരു കത്ത് എഴുതി. കത്ത് ചെറുതായിരുന്നു – വെറും 67 വാക്കുകൾ – എന്നാൽ അതിന്റെ ഉള്ളടക്കം ഫലസ്തീനിൽ ഇന്നും അനുഭവപ്പെടുമാറ് ഭൂകമ്പ സമാനമായ പ്രതീതിയുണ്ടാക്കി.
 • ‘ഫലസ്തീനിൽ ജൂതർക്ക് ഒരു ദേശീയ ഭവനം സ്ഥാപിക്കുന്നതിനും’ ‘ഈ വസ്തുവിന്റെ നേട്ടം’ സുഗമമാക്കുന്നതിനും ബ്രിട്ടീഷ് സർക്കാരിനെ ഇത് ചുമതലപ്പെടുത്തി. ബാൽഫോർ ഡിക്ലറേഷൻ എന്നാണ് ഈ കത്ത് അറിയപ്പെടുന്നത്. 
 • ചുരുക്കത്തിൽ, ഒരു യൂറോപ്യൻ ശക്തി സയണിസ്റ്റ് പ്രസ്ഥാനത്തിന് ജനസംഖ്യയുടെ 90 ശതമാനത്തിലധികം ഫലസ്തീൻ അറബ് സ്വദേശികൾ ജീവിക്കുന്ന ഒരു രാജ്യം വാഗ്ദാനം ചെയ്തു.
 • 1923-ൽ ഒരു ബ്രിട്ടീഷ് മാൻഡേറ്റ് സൃഷ്ടിക്കപ്പെടുകയും 1948 വരെ അത് നീണ്ടുനിൽക്കുകയും ചെയ്തു. ആ കാലഘട്ടത്തിൽ, ബ്രിട്ടീഷുകാർ കൂട്ട ജൂത കുടിയേറ്റത്തിന് സൗകര്യമൊരുക്കി – പുതിയ താമസക്കാരിൽ പലരും യൂറോപ്പിൽ നാസിസത്തിൽ നിന്ന് രക്ഷപ്പെടാൻ പലായനം ചെയ്തവരായിരുന്നു – അവർ പ്രതിഷേധങ്ങളും സമരങ്ങളും നേരിട്ടു.  തങ്ങളുടെ രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാശാസ്‌ത്രവും ബ്രിട്ടീഷുകാർ തങ്ങളുടെ ഭൂമി പിടിച്ചെടുത്ത് ജൂത കുടിയേറ്റക്കാർക്ക് കൈമാറുന്നതും ഫലസ്തീനികളെ പരിഭ്രാന്തരാക്കി.

1930-കളിൽ എന്താണ് സംഭവിച്ചത്?

 • വർദ്ധിച്ചുവന്ന സംഘർഷങ്ങൾ ഒടുവിൽ അറബ് പ്രക്ഷോഭത്തിലേക്ക് നയിച്ചു, അത് 1936 മുതൽ 1939 വരെ നീണ്ടുനിന്നു.
 • 1936 ഏപ്രിലിൽ, പുതുതായി രൂപീകരിച്ച അറബ് നാഷണൽ കമ്മിറ്റി ഫലസ്തീനികളോട് ബ്രിട്ടീഷ് കൊളോണിയലിസത്തിലും വർദ്ധിച്ചുവരുന്ന ജൂത കുടിയേറ്റത്തിലും പ്രതിഷേധിച്ചുകൊണ്ട് ഒരു പൊതു പണിമുടക്ക് നടത്താനും നികുതി അടയ്ക്കൽ നിർത്തിവയ്ക്കാനും ജൂത ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനും ആവശ്യപ്പെട്ടു.
 • ആറ് മാസത്തെ പണിമുടക്ക് ബ്രിട്ടീഷുകാർ ക്രൂരമായി അടിച്ചമർത്തി, അവർ കൂട്ട അറസ്റ്റ് ക്യാമ്പയിൻ ആരംഭിക്കുകയും വീടുകൾ തകർക്കുകയും ചെയ്തു. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ ഇന്നും തുടരുന്ന ഒരു സമീപനമാണിത്. 1937 അവസാനത്തോടെ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു, ബ്രിട്ടീഷ് സേനയെയും കൊളോണിയലിസത്തെയും ലക്ഷ്യം വച്ചുള്ള ഫലസ്തീനിയൻ കർഷക പ്രതിരോധ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു ഇത്.
 • 1939-ന്റെ രണ്ടാം പകുതിയിൽ ബ്രിട്ടൻ ഫലസ്തീനിൽ 30,000 സൈനികരെ വിന്യസിച്ചു. ഗ്രാമങ്ങൾക്കുനേരെ ബോംബെറിഞ്ഞു, കർഫ്യൂ ഏർപ്പെടുത്തി, വീടുകൾ തകർത്തു, ഭരണപരമായ തടങ്കലുകളും കൊലപാതകങ്ങളും വ്യാപകമായി.
 • അതോടൊപ്പം, ബ്രിട്ടീഷുകാർ ജൂത കുടിയേറ്റ സമൂഹവുമായി സഹകരിച്ചു സായുധ സംഘങ്ങൾ രൂപീകരിച്ചു. ‘സ്പെഷ്യൽ നൈറ്റ് സ്‌ക്വാഡ്‌സ്’ എന്ന് പേരിട്ട ജൂത പോരാളികളുടെ ബ്രിട്ടീഷ് നേതൃത്വത്തിലുള്ള ‘കൌണ്ടർ ഇൻസർജൻസി ഫോഴ്സ്’ രൂപീകരിച്ചു.
 • കുടിയേറ്റ സമൂഹമായ യിഷുവുകൾക്കിടയിൽ ആയുധങ്ങൾ രഹസ്യമായി ഇറക്കുമതി ചെയ്യുകയും ഇസ്രായേൽ സൈന്യത്തിന്റെ കേന്ദ്രമായി മാറിയ ജൂത അർദ്ധസൈനിക വിഭാഗമായ ഹഗാനയെ വികസിപ്പിക്കുന്നതിനായി ആയുധ ഫാക്ടറികൾ സ്ഥാപിക്കുകയും ചെയ്തു.
 • ആ മൂന്ന് വർഷത്തെ സംഘർഷത്തിൽ 5,000 ഫലസ്തീനികൾ കൊല്ലപ്പെടുകയും 15,000 മുതൽ 20,000ത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും 5,600 പേർ തടവിലാവുകയും ചെയ്തു.

എന്തായിരുന്നു യു.എൻ വിഭജന പദ്ധതി?

 • 1947 ആയപ്പോഴേക്കും ഫലസ്തീനിലെ ജൂത ജനസംഖ്യ 33 ശതമാനമായി ഉയർന്നു, എന്നാൽ ഭൂമിയുടെ 6 ശതമാനം മാത്രമേ അവരുടെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ.
 • ഫലസ്തീനെ അറബ്, ജൂത രാഷ്ട്രങ്ങളായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ‘പ്രമേയം 181’ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.
 • എന്നാൽ ഫലസ്തീനികൾ പദ്ധതി നിരസിച്ചു, കാരണം ഫലസ്തീന്റെ 56 ശതമാനം ഫലഭൂയിഷ്ഠമായ തീരപ്രദേശങ്ങൾ ഉൾപ്പെടെ ജൂത രാഷ്ട്രത്തിന് അത് അനുവദിച്ചുകൊടുത്തിരുന്നു.
 • അക്കാലത്ത് ഫലസ്തീനിന്റെ 94 ശതമാനം ചരിത്രപരമായ മേഖലകൾ ഫലസ്തീനികളുടെ ഉടമസ്ഥതയിലായിരുന്നു, കൂടാതെ ജനസംഖ്യയുടെ 67 ശതമാനവും അവരായിരുന്നു.

1948 ലെ നഖ്ബ – ഫലസ്തീനിലെ വംശീയ ഉന്മൂലനം

 • 1948 മെയ് 14-ന് ബ്രിട്ടീഷ് മാൻഡേറ്റ് അവസാനിക്കുന്നതിന് മുമ്പ്തന്നെ സയണിസ്റ്റ് സമാന്തരസൈനിക വിഭാഗം ഫലസ്തീനിയൻ പട്ടണങ്ങളും ഗ്രാമങ്ങളും നശിപ്പിക്കാനുള്ള സൈനിക നടപടിക്ക് തുടക്കമിട്ടിരുന്നു.
 • 1948 ഏപ്രിലിൽ ജറുസലേമിന്റെ പ്രാന്തപ്രദേശമായ ദേർ യാസിൻ ഗ്രാമത്തിൽ 100-ലധികം ഫലസ്തീൻ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു.
 • കൃത്യനിർവ്വഹണത്തിൻ്റെ ബാക്കി ഭാഗങ്ങൾക്കായുള്ള തുടക്കമായിരുന്നു അത്. 1947 മുതൽ 1949 വരെ 500-ലധികം പലസ്തീനിയൻ ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളും നശിപ്പിക്കപ്പെട്ടു. ഇതിനെ ഫലസ്തീനികൾ അറബിയിൽ “ദുരന്തം” എന്നർത്ഥംവരുന്ന നഖ്ബ എന്ന് വിളിക്കുന്നു.
 • ഡസൻ കണക്കിന് കൂട്ടക്കൊലകളിൽ 15,000ത്തോളം ഫലസ്തീനികൾ കൊല്ലപ്പെട്ടു.
 • സയണിസ്റ്റ് പ്രസ്ഥാനം ചരിത്രപ്രധാനമായ ഫലസ്തീനിന്റെ 78 ശതമാനവും പിടിച്ചെടുത്തു.  ശേഷിക്കുന്ന 22 ശതമാനം അധിനിവേശ വെസ്റ്റ് ബാങ്ക്, ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പ് എന്നിങ്ങനെ വിഭജിക്കപ്പെട്ടു.
 • ഏകദേശം 750,000 ഫലസ്തീനികൾ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു.
 • ഇന്ന് അവരുടെ പിൻഗാമികൾ ഫലസ്തീനിലുടനീളവും അയൽരാജ്യങ്ങളായ ലെബനാൻ, സിറിയ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലെയും 58 ദുർഘട ക്യാമ്പുകളിൽ ആറ് ദശലക്ഷം അഭയാർത്ഥികളായി ജീവിക്കുന്നു.
 • 1948 മെയ് 15ന് ഇസ്രായേൽ എന്ന രാജ്യം സ്ഥാപിതമായതായി പ്രഖ്യാപിക്കപ്പെട്ടു.
 • അടുത്ത ദിവസം ആദ്യത്തെ അറബ്-ഇസ്രായേൽ യുദ്ധം ആരംഭിക്കുകയും 1949 ജനുവരിയിൽ ഇസ്രായേലും ഈജിപ്ത്, ലെബനൻ, ജോർദാൻ, സിറിയ എന്നിവയും തമ്മിലുള്ള യുദ്ധവിരാമ കരാറിന് ശേഷം അത് അവസാനിക്കുകയും ചെയ്തു.
 • 1948 ഡിസംബറിൽ യു.എൻ ജനറൽ അസംബ്ലി ഫലസ്തീൻ അഭയാർത്ഥികൾക്ക് മടങ്ങിവരാനുള്ള അവകാശം ആവശ്യപ്പെടുന്ന 194-ാം പ്രമേയം പാസാക്കി.

നക്ബയ്ക്ക് ശേഷമുള്ള വർഷങ്ങൾ

 • കുറഞ്ഞത് 150,000 ഫലസ്തീനികളെങ്കിലും പുതുതായി രൂപീകരിക്കപ്പെട്ട ഇസ്രായേലിൽ തുടരുകയും -ഇസ്രായേൽ പൗരത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ- ഏകദേശം 20 വർഷത്തോളം കർശന നിയന്ത്രണങ്ങളുള്ള സൈനിക അധിനിവേശത്തിന് കീഴിൽ ജീവിക്കുകയും ചെയ്തു.
 • ഈജിപ്ത് ഗസ്സ മുനമ്പ് ഏറ്റെടുത്തു, 1950-ൽ ജോർദാൻ വെസ്റ്റ് ബാങ്കിൽ അതിന്റെ ഭരണം ആരംഭിച്ചു.
 • 1964-ൽ ഫലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) രൂപീകരിച്ചു, ഒരു വർഷത്തിനുശേഷം ഫതഹ് രാഷ്ട്രീയ പാർട്ടിയും സ്ഥാപിക്കപ്പെട്ടു.

നക്സ – ആറ് ദിവസത്തെ യുദ്ധവും കുടിയേറ്റവും 

 • 1967 ജൂൺ 5-ന, അറബ് സൈന്യങ്ങളുടെ സന്ധിക്കെതിരായ ആറ് ദിവസത്തെ യുദ്ധത്തിൽ ഗസ്സ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, സിറിയൻ ഗോലാൻ കുന്നുകൾ, ഈജിപ്ഷ്യൻ സിനായ് പെനിൻസുല എന്നിവയുൾപ്പെടെയുള്ള ഫലസ്തീന്റെ ചരിത്രപരമായ ബാക്കി ഭാഗങ്ങൾ ഇസ്രായേൽ കൈവശപ്പെടുത്തി.
 • ചില ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ നിർബന്ധിത പുറത്താക്കലിലേക്ക് നയിച്ച ഇത് അറബിയിൽ ‘തിരിച്ചടി’ എന്നർത്ഥം വരുന്ന നക്‌സയെന്നറിയപ്പെടുന്നു.
 • 1967 ഡിസംബറിൽ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീൻ രൂപീകരിച്ചു.  അടുത്ത പത്തുവർഷത്തിൽ നടന്ന ഇടതുപക്ഷ ഗ്രൂപ്പുകളുടെ ആക്രമണങ്ങളുടെയും വിമാന ഹൈജാക്കിംഗുകളുടെയും പരമ്പര ഫലസ്തീനികളുടെ ദുരവസ്ഥയി ലോകശ്രദ്ധയിലേക്ക് കൊണ്ടുനരുന്നതിൽ വിജയിച്ചു.
 • അധിനിവേശ വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും കുടിയേറ്റം ആരംഭിച്ചു.  യഹൂദ കുടിയേറ്റക്കാർക്ക് ഇസ്രായേൽ പൗരന്മാരാകാനുള്ള എല്ലാ അവകാശങ്ങളും വിശേഷാധികാരങ്ങളും നൽകുന്ന ഒരു ദ്വിതല സംവിധാനം സൃഷ്ടിക്കപ്പെട്ടു, അതേസമയം ഫലസ്തീനികൾക്ക് തീർത്തും വിവേചനപരമായ ഒരു തരത്തിലുള്ള രാഷ്ട്രീയമോ പൗരസംബന്ധമോ ആയ  പ്രകടനങ്ങൾ നടത്താൻ അനുവാദമില്ലാത്ത സൈനിക അധിനിവേശത്തിന് കീഴിൽ ജീവിക്കേണ്ടി വന്നു.

ഒന്നാം ഇൻതിഫാദ 1987-1993

 • 1987 ഡിസംബറിൽ ഫലസ്തീൻ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന രണ്ട് വാനുകളിൽ ഇസ്രായേൽ ട്രക്ക് കൂട്ടിയിടിച്ച് നാല് ഫലസ്തീനികൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഗസ്സ മുനമ്പിൽ ആദ്യത്തെ ഫലസ്തീൻ ഇൻതിഫാദ പൊട്ടിപ്പുറപ്പെട്ടു.
 • ഇസ്രായേൽ സൈനിക ടാങ്കുകൾക്കും സൈനികർക്കും നേരെ കല്ലെറിഞ്ഞ ഫലസ്തീനികളുടെ പ്രതിഷേധം വെസ്റ്റ്ബാങ്കിലേക്ക് അതിവേഗം പടർന്നു.
 • ഇസ്രായേൽ അധിനിവേശത്തിനെതിരായ സായുധ ചെറുത്തുനിൽപ് നടത്തിയിരുന്ന മുസ്ലിം ബ്രദർഹുഡിന്റെ ശാഖയായ ഹമാസ് സ്ഥാപിക്കുന്നതിലേക്കും ഇത് നയിച്ചു.
 • ഇസ്രയേലീ സൈന്യത്തിന്റെ കനത്ത പ്രതികരണം അന്നത്തെ പ്രതിരോധ മന്ത്രി യിത്സാക് റാബിൻ പറഞ്ഞ ‘അവരുടെ അസ്ഥികൾ തകർക്കുക’ എന്ന നയത്തിൻ്റെ ഭാഗമാണ്. സംഗ്രഹ കൊലപാതകങ്ങൾ (നിയമ നടപടികളും വിചാരണയുമില്ലാതെ കുറ്റാരോപിതനെ കൊല്ലുന്ന രീതി), സർവകലാശാലകൾ അടച്ചുപൂട്ടൽ, ആക്ടിവിസ്റ്റുകളെ നാടുകടത്തൽ, വീടുകൾ നശിപ്പിക്കൽ എന്നിവ അതിൽ ഉൾപ്പെടുന്നു.
 • ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീൻ സ്വാതന്ത്ര്യം സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധരായ ഫലസ്തീൻ രാഷ്ട്രീയ വിഭാഗങ്ങളുടെ കൂട്ടായ്മയായ യൂണിഫൈഡ് നാഷണൽ ലീഡർഷിപ്പ് ഓഫ് ദി അപ്‌റൈസിംഗ് ആണ് ഇൻതിഫാദ ഒന്നാമതായി നടപ്പിലാക്കിയത്.
 • 1988 ൽ അറബ് ലീഗ് പി.എൽ.ഒയെ ഫലസ്തീൻ ജനതയുടെ ഏകപ്രതിനിധിയായി അംഗീകരിച്ചു.
 • ജനകീയ സമരങ്ങൾ, പ്രതിഷേധങ്ങൾ, നിസ്സഹകരണങ്ങൾ, സംഘടിത പണിമുടക്കുകൾ, സഹകരണ സംഘങ്ങൾ എന്നിവയായിരുന്നു ഇൻതിഫാദയുടെ സവിശേഷത.
 • ഇസ്രയേലി മനുഷ്യാവകാശ സംഘടനയായ ബത് സെലമിൻ്റെ കണക്കുകൾ പ്രകാരം, ഇൻതിഫാദയിൽ 237 കുട്ടികൾ ഉൾപ്പെടെ 1,070 ഫലസ്തീനികൾ ഇസ്രായേൽ സൈന്യത്താൽ കൊല്ലപ്പെട്ടു.  175,000 ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
 • സംഘർഷത്തിന് പരിഹാരം തേടാൻ ഇൻതിഫാദ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിച്ചു.

ഓസ്ലോ ഉടമ്പടി കാലവും ഫലസ്തീൻ ആധിപത്യവും

 • 1993-ൽ ഓസ്‌ലോ ഉടമ്പടിയിൽ ഒപ്പുവെക്കുകയും അധിനിവേശ വെസ്റ്റ് ബാങ്കിന്റെയും ഗസ്സ മുനമ്പിന്റെയും സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ പരിമിതമായ സ്വയംഭരണം അനുവദിച്ച ഇടക്കാല ഗവൺമെന്റായ ഫലസ്തീനിയൻ അതോറിറ്റി (പി.എ) രൂപീകരിക്കുകയും ചെയ്തതോടെ ഇൻതിഫാദ അവസാനിച്ചു.
 • ദ്വിരാഷ്ട്ര പരിഹാരത്തിന്റെ (two-state solution) അടിസ്ഥാനത്തിൽ പി.എൽ.ഒ ഇസ്രായേലിനെ അംഗീകരിക്കുകയും വെസ്റ്റ് ബാങ്കിന്റെ 60 ശതമാനവും ഭൂപ്രദേശത്തിന്റെ ഭൂരിഭാഗം ഭൂജല സ്രോതസ്സുകളുടെയും നിയന്ത്രണം ഇസ്രായേലിന് നൽകുന്ന കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു.
 • കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും സ്വതന്ത്ര രാഷ്ട്രമായി ഭരിക്കാൻ  ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഫലസ്തീൻ സർക്കാരിന് പി.എ വഴിയൊരുക്കേണ്ടതായിരുന്നു, പക്ഷേ അത് ഒരിക്കലും സംഭവിച്ചില്ല.
 • ഇസ്രയേലിനെതിരായ പ്രതിഷേധങ്ങളും രാഷ്ട്രീയ സംഘാടനങ്ങളും  തടയുന്നതിൽ ഇസ്രായേൽ സൈന്യവുമായി അടുത്ത് സഹകരിക്കുന്ന അവരുടെ തന്നെ അഴിമതിക്കാരനായ ഉപകരാറുകാരനായാണ് പി.എയുടെ വിമർശകർ അതിനെ വീക്ഷിക്കുന്നത്.
 • 1995-ൽ വിഭജിക്കപ്പെട്ട ഫലസ്തീൻ പ്രദേശങ്ങൾ തമ്മിലുള്ള ഇടപാടുകൾ ഇല്ലാതാക്കാൻ ഇസ്രായേൽ ഗസ്സ മുനമ്പിന് ചുറ്റും ഒരു ഇലക്ട്രോണിക് വേലിയും കോൺക്രീറ്റ് മതിലും നിർമ്മിച്ചു.

രണ്ടാം ഇൻതിഫാദ

 • 2000 സെപ്തംബർ 28-ന്, ജറുസലേമിലെ പഴയ നഗരത്തിലും പരിസരത്തും ആയിരക്കണക്കിന് സുരക്ഷാ സേനയെ വിന്യസിച്ച് ലിക്കുഡ് പ്രതിപക്ഷ നേതാവ് ഏരിയൽ ഷാരോൺ അൽ-അഖ്സ മസ്ജിദിൽ പ്രകോപനപരമായ സന്ദർശനം നടത്തിയതോടെയാണ് രണ്ടാം ഇൻതിഫാദ ആരംഭിച്ചത്.
 • ഫലസ്തീൻ പ്രതിഷേധക്കാരും ഇസ്രായേൽ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ദിവസങ്ങളിലായി അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
 • സംഭവം വ്യാപകമായ സായുധ കലാപത്തിന് കാരണമായി.  ഇൻതിഫാദയുടെ കാലത്ത് ഇസ്രായേൽ, ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും അഭൂതപൂർവമായ നാശം വരുത്തി.
 • ഫലസ്തീനിയൻ അതോറിറ്റി ഭരിക്കുന്ന പ്രദേശങ്ങൾ ഇസ്രായേൽ വീണ്ടും കൈവശപ്പെടുത്തുകയും വിഭജന ഭിത്തിയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. വ്യാപകമായ അധിവാസ നിർമ്മാണത്തോടൊപ്പം ഫലസ്തീനികളുടെ ജീവിതത്തെയും ഉപജീവനമാർഗങ്ങളെയും അത് തകർത്തു കളഞ്ഞു.
 • അന്താരാഷ്‌ട്ര നിയമപ്രകാരം കുടിയേറ്റം നിയമവിരുദ്ധമാണ്, എന്നാൽ വർഷങ്ങളായി ലക്ഷക്കണക്കിന് ജൂത കുടിയേറ്റക്കാരാണ് പിടിച്ചെടുത്ത ഫലസ്തീനിയൻ ഭൂമിയിൽ നിർമ്മിച്ച കോളനികളിലേക്ക് മാറിയത്.  കുടിയേറ്റക്കാർക്ക് മാത്രമുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളും അധിനിവേശ വെസ്റ്റ് ബാങ്കിനെ വെട്ടിമാറ്റുകയും ഫലസ്തീനിയൻ നഗരങ്ങളെയും പട്ടണങ്ങളെയും ബന്തുസ്താനുകളാക്കി (കറുത്ത വർഗ്ഗക്കാർക്ക് ദക്ഷിണാഫ്രിക്കൻ പൗരത്വം ഇല്ലാതാവുകയും അവർക്കായി സ്ഥാപിക്കപ്പെട്ട പത്ത് ഗോത്രാടിസ്ഥാനത്തിലുള്ള സ്വയംഭരണ പ്രദേശങ്ങൾ) മാറ്റുകയും ചെയ്തതിനാൽ ഫലസ്തീനികളുടെ സ്ഥലം ചുരുങ്ങി.
 • ഓസ്ലോ ഉടമ്പടി ഒപ്പുവച്ച സമയത്ത്, കിഴക്കൻ ജറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ 110,000 ജൂത കുടിയേറ്റക്കാരാണ് താമസിച്ചിരുന്നത്. ഇന്ന്, ഫലസ്തീനിൽ നിന്ന് തട്ടിയെടുക്കപ്പെട്ട 100,000 ഹെക്ടറിലധികം (390 ചതുരശ്ര മൈൽ) ഭൂമിയിൽ ജീവിക്കുന്നവരുടെ എണ്ണം ഏഴ് ലക്ഷത്തിലധികമാണ്.

ഫലസ്തീൻ വിഭജനവും ഗസ്സ ഉപരോധവും

 • പി.എൽ.ഒ നേതാവ് യാസർ അറഫാത്ത് 2004-ൽ മരിച്ചു. ഒരു വർഷത്തിനുശേഷം രണ്ടാം ഇൻതിഫാദ അവസാനിച്ചു. ഗസ്സ മുനമ്പിലെ ഇസ്രായേൽ കോളനികൾ പൊളിക്കപ്പെടുകയും ഇസ്രായേൽ സൈനികരും 9,000 കുടിയേറ്റക്കാരും പ്രദേശം വിടുകയും ചെയ്തു.
 • ഒരു വർഷത്തിനുശേഷം ഫലസ്തീനികൾ ആദ്യമായി ഒരു പൊതു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഹമാസ് ഭൂരിപക്ഷം നേടി. എങ്കിലും, മാസങ്ങളോളം നീണ്ടുനിന്ന ഫതഹ്-ഹമാസ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട് നൂറുകണക്കിന് ഫലസ്തീനികളുടെ മരണത്തിൽ കലാശിച്ചു.
 • ഹമാസ് ഗസ്സ മുനമ്പിൽ നിന്ന് ഫതഹിനെ പുറത്താക്കി. ഫലസ്തീൻ അതോറിറ്റിയുടെ പ്രധാന കക്ഷിയായ ഫതഹ് വെസ്റ്റ് ബാങ്കിന്റെ ചിലഭാഗങ്ങളുടെ നിയന്ത്രണം പുനരാരംഭിച്ചു.
 • 2007 ജൂണിൽ, ഹമാസിനെതിരെ ‘ഭീകരവാദം’ ആരോപിച്ച് ഇസ്രായേൽ ഗസ്സ മുനമ്പിൽ കര, വ്യോമ, നാവിക ഉപരോധം ഏർപ്പെടുത്തി.

ഗസ്സ മുനമ്പിലെ യുദ്ധങ്ങൾ

 • 2008, 2012, 2014, 2021 വർഷങ്ങളിലായി ഇസ്രായേൽ ഗസ്സയിൽ നീണ്ട നാല് സൈനിക ആക്രമണങ്ങൾ നടത്തി. നിരവധി കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് വീടുകളും സ്കൂളുകളും ഓഫീസ് കെട്ടിടങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തു.
 • സ്റ്റീൽ, സിമന്റ് തുടങ്ങിയ നിർമ്മാണ സാമഗ്രികൾ ഗസ്സയിൽ എത്തുന്നത് ഉപരോധം മൂലം തടയുന്നതിനാൽ പുനർനിർമ്മാണം അസാധ്യമാണ്.
 • 2008-ലെ ആക്രമണത്തിൽ ഫോസ്ഫറസ് വാതകം പോലെയുള്ള അന്താരാഷ്ട്ര നിരോധിത ആയുധങ്ങൾ വരെ ഉപയോഗിച്ചിരുന്നു.
 • 2014-ൽ, 50 ദിവസത്തിനുള്ളിൽ, 1,462 സാധാരണക്കാരും 500 ഓളം കുട്ടികളും ഉൾപ്പെടെ 2,100-ലധികം ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തി.
 • ഇസ്രായേലികൾ ‘ഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജ്’ എന്ന് വിളിക്കുന്ന ആക്രമണത്തിൽ ഏകദേശം 11,000 ഫലസ്തീനികൾക്ക് പരിക്കേൽക്കുകയും 20,000 വീടുകൾ നശിപ്പിക്കപ്പെടുകയും അരലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

 

വിവ: ഹിറ പുത്തലത്ത്

കടപ്പാട്: അൽജസീറ

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles