Current Date

Search
Close this search box.
Search
Close this search box.

മറ്റുള്ളവരെ കുറിച്ച് നല്ലത് വിചാരിക്കുക

രാജ്ഞിയുടെ കൂടെ മുറിയില്‍ നിര്‍ബന്ധിതാവസ്ഥയില്‍ കഴിയേണ്ടി വന്നിട്ടും യൂസുഫ് (അ) അന്യായമായി ജയിലിലായി. പ്രത്യക്ഷത്തില്‍ ഇത് കാണുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവര്‍ക്കിടയില്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുക പ്രയാസമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ അദ്ദേഹം നിരപരാധിയാണ്. സമാനമായ ഒരു സംഭവം ആഇശ (റ) യെയും സഫ്‍വാനുബ്‌നു ഉമയ്യ (റ) നെയും പറ്റി പ്രചരിച്ചിരുന്നു. ഇവിടെയും പുറമെ നിന്നും നോക്കുന്നയാള്‍ക്ക് അവര്‍ക്കിടയില്‍ അരുതാത്തത് സംഭവിച്ചു എന്ന് തോന്നും. അതാണ് മുനാഫിഖുകള്‍ ആഇശ (റ) യെ അപമാനിക്കണമെന്ന ഉദ്ദേശത്തില്‍ ആഗ്രഹിച്ചതും. തന്നെ കുറിച്ചുള്ള ജനങ്ങളുടെ ജല്‍പനങ്ങള്‍ കാരണം പ്രസ്തുത സംഭവത്തെ തുടര്‍ന്ന് ഒരുമാസത്തോളമാണ് ഉമ്മുല്‍ മുഅ്മിനീന്‍ വേദനയും പേറി കഴിഞ്ഞത്. യൂസുഫ് നബിയാവട്ടെ, ഏഴ് വര്‍ഷക്കാലമാണ് ജയിലിലുള്ളവര്‍ തന്നെക്കുറിച്ച് പറയുന്നതും കേട്ട് കഴിയേണ്ടി വന്നത്.

വേവലാതിയും വ്യസനവും അല്ലാഹുവോട് മാത്രം ബോധിപ്പിച്ച യഅ്ഖൂബ് നബി (അ) യുടെ പ്രിയപുത്രനാണ് യൂസുഫ് (അ). യഅ്ഖൂബ് നബിയുടെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു: “അദ്ദേഹം പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാന്‍ അറിയുന്നുണ്ട്”. ആഇശ ബീവിയുടെ തേട്ടവും മറ്റൊന്നായിരുന്നില്ല. അങ്ങനെ രണ്ടുപേരുടെയും നിരപരാധിത്വം തെളിയിച്ചുകൊണ്ട് എന്നെന്നേക്കുമായി ഏഴാനാകാശത്ത് നിന്നും നാഥന്‍ ആയത്തുകളിറക്കുയാണ്.

ഇതുപോലുള്ള കഥകള്‍ ഖുര്‍ആന്‍ വെറുതെ രസത്തിന് പറയുന്നതല്ല. ആളുകളുടെ പ്രവര്‍ത്തനങ്ങളെ അവയുടെ ഉദ്ദേശമറിയാതെ തീര്‍ച്ചപ്പെടുത്താന്‍ പോവരുത് എന്ന് പറയാനാണ്. ഉറ്റവരോടും ഉടയവരോടും മാത്രമല്ല, ബദ്ധവൈരികളോട് പോലും അങ്ങനെ വേണം പെരുമാറാന്‍ എന്നതാണ് ദീനിന്റെ മനുഷ്യബന്ധങ്ങളിലുള്ള അടിസ്ഥാനം. ഉസാമത്ത് ബിന്‍ സൈദ് (റ) നെയും മറ്റൊരു സ്വഹാബിയെയും ജുഹൈന ഗോത്രത്തിലേക്ക് പ്രവാചകന്‍ (സ) അയച്ച സന്ദര്‍ഭം. അവിടെ ഉസാമ (റ) വിനും കൂടെയുണ്ടായിരുന്ന അന്‍സാരിക്കും ഒരാളെ നേരിടേണ്ടി വന്നു. അവര്‍ അയാളെ വധിക്കാന്‍ തുനിഞ്ഞപ്പോള്‍ അയാള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞു. ഇതുകേട്ട കൂടെയുണ്ടായിരുന്ന സ്വഹാബി അയാളെ കൊല്ലാതെ വിട്ടുനിന്നു. എന്നാല്‍ ഉസാമ (റ) അയാളുടെ കഥ കഴിച്ചു. മദീനയിലെത്തിയപ്പോള്‍ വിവരമറിഞ്ഞ പ്രവാചകന്‍ (സ) ഉസാമയെ രൂക്ഷമായി ശകാരിക്കുകയുണ്ടായി. ഉസാമ (റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ കൊല്ലുമെന്ന് മനസ്സിലാക്കിയപ്പോള്‍ അയാള്‍ ശഹാദത്ത് പറഞ്ഞതാണ്”. അപ്പോള്‍ തിരുദൂതര്‍ പറഞ്ഞ മറുപടിയാണ് സകല മാനുഷിക ബന്ധങ്ങളുടെയും ആണിക്കല്ല്: “അങ്ങനെയാണെന്ന് പറയാന്‍ നീ അയാളുടെ ഹൃദയം പിളര്‍ന്നു നോക്കിയോ ഉസാമാ..? ശഹാദത്ത് കലിമ ചൊല്ലിയതിനു ശേഷവും അയാളെ നീ വകവരുത്തിയോ..”?. ഉസാമ (റ) പറയുകയാണ്: “പ്രവാചകന്‍ അതാവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ആ ദിവസം മുസ്‌ലിമല്ലായിരുന്നെങ്കില്‍ എന്ന് വരെ ഞാനാഗ്രഹിച്ചുപോയി”.

പലപ്പോഴും മനുഷ്യര്‍ കാര്യങ്ങളെ ഉപരിപ്ലവമായി സമീപിക്കാറുണ്ട്. അങ്ങനെ ആളുകളെ വിലയിരുത്തുന്നതില്‍ അബദ്ധം സംഭവിക്കുന്നു. ഇതിനര്‍ത്ഥം ജീവിതത്തില്‍ നുണയന്‍മാരും വഞ്ചകരും ഇല്ലെന്നല്ല. ഒരാളെ കുറിച്ചുള്ള നമ്മുടെ വിലയിരുത്തലുകള്‍ ശരിയാവുന്നത് അയാള്‍ ചെയ്യുന്നതെന്ത് എന്നതിനേക്കാള്‍ അയാളുടെ സംസാരവും ചെയ്തികളും അടിമുടി പരിശോധിക്കുമ്പോള്‍ മാത്രമാണ്. എന്തെന്നാല്‍, മനുഷ്യനാവുമ്പോള്‍ കുറച്ച് തെറ്റുകളൊക്കെ പറ്റും. ഒരാളുടെ നന്മ തിന്മകള്‍ അളന്ന് നോക്കുമ്പോള്‍ നന്മകളാണ് കൂടുതലെങ്കില്‍ അയാളുടെ ചെറിയ തെറ്റുകള്‍ പൊറുക്കാവുന്നതാണ്. ‘തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്‌കര്‍മ്മങ്ങളെ നീക്കിക്കളയുന്നതാണ്’ എന്നാണല്ലോ പ്രമാണം.

എന്തുകൊണ്ടാവും ഇങ്ങനെ തെറ്റായ ഊഹങ്ങള്‍ പരസ്പരമുള്ള ബന്ധങ്ങളില്‍ വില്ലനായി വരുന്നത്? അത്തരത്തിലുള്ള ചിന്തകളുടെ ഉറവിടം പിശാചില്‍ നിന്നാണ് എന്നതാണ് അതിന്റെ ഉത്തരം. അല്ലാഹുവുമായുള്ള ബന്ധമാവട്ടെ, ഇണകള്‍ തമ്മിലുള്ള ബന്ധമാവട്ടെ, സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധമാവട്ടെ അതിനെയൊക്കെയും വഷളാക്കുക എന്നത് ഇബ്‌ലീസിന്റെ പ്രധാന പദ്ധതിയാണ്.

അതുകൊണ്ട് തന്നെ ആരെകുറിച്ചാണോ നിങ്ങള്‍ തെറ്റായ വാര്‍ത്ത കേട്ടത് അയാളോട് തന്നെ ചെന്ന് സംസാരിച്ച് ആ തെറ്റായ ധാരണ തിരുത്തേണ്ടത് വളരെ പ്രധാനമാണ്. അത് നിങ്ങളുടെ ചിന്തയും കാഴ്ചപ്പാടും കൂടുതല്‍ തെളിമയുള്ളതാവാന്‍ ഉപകരിക്കും. മിക്കവാറും ഇത്തരം വാര്‍ത്തകള്‍ നാം പലവുരു അന്വേഷിക്കേണ്ടതായി വരും. യൂസുഫ് നബി (അ) യുടെയും ആഇശ (റ) ടെയും ഉസാമ (റ) വിന്റെയുമെല്ലാം ചരിത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന പാഠമതാണ്. ഇനി, നിങ്ങളെ കുറിച്ചുള്ള അപവാദമാണ് മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ കേള്‍ക്കുന്നതെങ്കില്‍ ‘എനിക്ക് അല്ലാഹു മതി. ഭരമേല്‍പ്പിക്കാന്‍ അവനത്രെ മതിയായവന്‍’ എന്ന് പറഞ്ഞുകൊണ്ടിരിക്കുക. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചിരിക്കുകയാണ്. ഏറെ പ്രിയപ്പെട്ടവരില്‍ നിന്നാണ് നിങ്ങളിങ്ങനെ കേള്‍ക്കുന്നതെങ്കില്‍ ‘അല്ലാഹുവേ, ഞാന്‍ അക്രമിക്കപ്പെട്ടിരിക്കുന്നു. സത്യം മനസ്സിലാവാന്‍ അവരുടെ ഹൃദയം നീ വിശാലമാക്കി കൊടുക്കേണമേ..’ എന്ന് പ്രാര്‍ഥിക്കുക.

വിവ: മുഖ്താര്‍ നജീബ്‌

Related Articles