Current Date

Search
Close this search box.
Search
Close this search box.

ഗ്രന്ഥരചനക്കായി ജീവിതം മാറ്റിവെച്ചവർ

ജീവിതം ഗ്രന്ഥരചനക്കായി മാറ്റിവെക്കുകയും, മരണത്തിന് കീഴടങ്ങിയത് മൂലം അത് പൂർത്തീകരിക്കാൻ കഴിയാതെ വരികയും, മറ്റുള്ളവർ അത് പൂർത്തീകരിക്കുകയും ചെയ്ത ഒരുപാട് പണ്ഡിതന്മാരുടെ ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയുന്നു. ചില പണ്ഡിതർ ഗ്രന്ഥമെഴുതാൻ തീരുമാനിക്കുകുയും, അവർക്കത് രചിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. എന്നാൽ, അല്ലാഹു അവരിലെ സത്യസന്ധത അറിയുകയും, അവരുടെ ആ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിന് ആളുകളെ നിയോഗിക്കുകയും ചെയ്യുന്നു. ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെയും, ഉദ്ദേശശുദ്ധിയുടെയും അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ അടുക്കൽ അവർ പ്രതിഫലം നൽകികൊണ്ട് ആദരിക്കപ്പെടുന്നതാണ്. ദൈർഘ്യം ഭയന്ന് ചില ഉദാഹരണങ്ങളിൽ മാത്രം പരിമിതമാക്കുകയാണ്.

ഇമാം നവിവയും, ഇമാം സുബ്കിയും, ശൈഖ് മുതീഇയും:

ഇമാം നവവിയുടെ അമ്പരപ്പിക്കുന്ന വൈജ്ഞാനിക ശേഖരങ്ങളിലൂടെ ഞാനൊരിക്കൽ സഞ്ചരിച്ചു. ഇമാം നവവി നാൽപത്തിയഞ്ച് വയസ്സ് (631-676) വരെയാണ് ജീവിച്ചത്. എന്നാൽ, വസ്തുത ഇബ്‌നു അതാഉല്ല ഇസ്‌കന്ദരി പറഞ്ഞതുപോലെയാണ്; ‘എത്ര ആളുകളാണ് ആയുസ്സ് നീണ്ടുപോവുകയും, പ്രയോജനമില്ലാതിരിക്കുകയും ചെയ്യുന്നത്. എത്ര ആളുകളാണ് ആയുസ്സ് കുറയുകയും, പ്രയോജനം ധാരാളമാവുകയും ചെയ്യുന്നത്. ഏതൊരുവന് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നുവോ അവന് കുറഞ്ഞ കാലംകൊണ്ട് അത് അളക്കാൻ കഴിയുകയില്ല.’ അല്ലാഹു അദ്ദേഹത്തിന് സൗഭാഗ്യം നൽകുകയും, രചനയിലെ ചിന്താവൈഭവ വ്യതിരിക്തതകൊണ്ട് മുഴുവൻ ഗ്രന്ഥങ്ങൾക്കും സ്വീകാര്യത സമ്മാനിക്കുകയും ചെയ്തു. ഇമാം നവവിയുടെ ജീവചരിത്രം പ്രസിദ്ധവും അറിയപ്പെട്ടതുമായതിനാൽ, ഞാൻ അധികം നീട്ടിപറയുന്നില്ല. അദ്ദേഹത്തിന്റെ നിഷ്‌കളങ്കതയുടെയും, സത്യസന്ധതയുടെയും കഥയാണ് അദ്ദേഹത്തിന്റെ പുസ്തകമായ ‘അൽമജ്മൂഅ് ശർഹുൽ മുഹദ്ദബ്’. ശാഫിഈ മദ്ഹബിൽ കർമശാസ്ത്രപരമായി മുഖ്യമായും അവലംബിക്കുന്ന ഗ്രന്ഥമാണിത്. തീർച്ചയായും, ഇത് ഇസ് ലാമിക പാരമ്പര്യത്തിലെ വിലമതിക്കുന്ന ശേഖരമാണ്, മൂല്യമേറിയ സൂക്ഷിപ്പുമാണ്.

Also read: ശൈഖ് ദിദോ ജീവിതം പറയുന്നു-1

ഇമാം ശീറാസിയുടെ ‘മുഹദ്ദബി’ന്റെ ഉള്ളടക്കത്തെ ഇമാം നവവി തെരഞ്ഞെടുക്കുകയും,  ഒമ്പത് വാള്യങ്ങളായി 140 പേജുകൾ അതിൽ നിന്ന് വിശദീകരിക്കുകയും ചെയ്തു. തുടർന്ന്, അത് പുർത്തീകരിക്കുന്നതിന് മുമ്പ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി. അല്ലാഹു അദ്ദേഹത്തിന്റെ സത്യസന്ധമായ ഉദ്ദേശം അറിയുകയും, അദ്ദേഹത്തിന്റെ കാല ശേഷം അത് പൂർത്തീകരിക്കുന്നതിന് ഒരാളെ നിയോഗിക്കുകയും ചെയ്തു. അത്, 683 മുതൽ 756 വരെ ജീവിച്ച ശൈഖുൽ ഇസ് ലാം ഇമാം തഖ് യുദ്ധീൻ സുബ്കിയായിരുന്നു. ഇമാം സുബ്കി ശറഹുൽ മുഹദ്ദബിലെ മുആമലാത്തിന്റെ (ഇടപാടിന്റെ) ആദ്യ ഭാഗം മുതൽ മുറാബഹ (ലാഭ കച്ചവടം) വരെ പൂർത്തീകരിച്ചു. മൂന്ന് ഭാഗങ്ങളാണ് അദ്ദേഹം പുർത്തീകരിച്ചത്. ശേഷം അദ്ദേഹവും അല്ലാഹിലേക്ക് യാത്രയായി. തുടർന്നും ഗ്രന്ഥം അതിന്റെ ഇതര ഭാഗങ്ങൾ വിശദീകരിക്കുന്നതിന് ആളുകളെ കാത്തിരിക്കുകയായിരുന്നു. 1925ൽ ആദ്യമായി പ്രസദ്ധീകരിക്കപ്പെടുന്നതുവരെ, ആറ് നൂറ്റാണ്ടുകളോളം ഗ്രന്ഥം കൈയെഴുത്തുപ്രതിയായി തന്നെ അവശേഷിച്ചു. തുടർന്നും ഗ്രന്ഥരചന പൂർണമായിരുന്നില്ല. ശേഷം, ഹദീസ് പണ്ഡിതനായ ഹമ്മാം മുഹമ്മദ് നജീബ് മുതീഈ വരുകയും, ഇമാം നവവി അവതരിപ്പിച്ച ശാസ്ത്രീയ രീതിയിൽ ഗ്രന്ഥ പൂർത്തീകരണത്തിനായി വ്യാപൃതനാവുകയും ചെയ്തു.

ഗ്രന്ഥത്തിൽ സ്വീകരിക്കുന്ന ചില രീതിശാസ്ത്രങ്ങളെ വിശദീകരിച്ച് കൊണ്ട് ഇമാം നവവി ‘മജ്മൂഇ’ന്റെ ആമുഖത്തിൽ പറയുന്നു: ‘ഈ ശറഹ് വളരെ വിശദീകരത്തോടെയാണ് ഞാൻ ക്രോഡീകരിച്ചത്. ഹൈളിന്റെ (ആർത്തവം) അവസാന അധ്യായമെത്തിയപ്പോഴേക്ക് വലിയ മൂന്ന് വാള്യങ്ങളായി തീർന്നിരുന്നു. ഈ രീതിയിൽ തുടരുകയാണെങ്കിൽ വായുക്കുന്നവർക്ക് മടുപ്പ് തോന്നുമെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. അത് കുറഞ്ഞ ആളുകൾ മാത്രം ഉപയോഗപ്പെടുത്തുന്നതിന് കാരണമാകുന്നതാണ്. കോപ്പിയെടുക്കുകയെന്നത് കഴിയാതെ വരുകയും ചെയ്യുന്നതാണ്. അതിനാൽ, ആ രീതി ഞാൻ ഒഴിവാക്കി. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ, നന്നെ കുറഞ്ഞ വിശദീകരണമോ അല്ലെങ്കിൽ കൂടുതൽ വിശദീകരണമോ ഇല്ലാതെ മധ്യമമായ രീതിയിലേക്ക് ഞാൻ പ്രവേശിക്കുന്നതാണ്, ശരിയായ ഉദ്ദേശത്തോടെ ഞാൻ പ്രവേശിക്കുന്നതാണ്. അത്, പൊതുവായി ഉപയോഗപ്പെടുത്താത്ത അധ്യായങ്ങളിൽ കൂടുതൽ നീട്ടിപരത്തി പറയുകയില്ലെന്നതാണ്. കാരണം കുറച്ച് മാത്രമേ ഉപയോഗപ്പെടുത്തുകയുള്ളൂ. അത് കിതാബ് ലിആൻ, അവീസുൽ ഫറാഇദ് തുടങ്ങിയവ പോലെയായിരിക്കും. എന്നാൽ, അതിന്റെ ഉദ്ദേശം എടുത്തുപറയേണ്ടതാണ്.’

ശൈഖ് മുഹമ്മദ് നജീബ് മുതീഈ ഗ്രന്ഥം പൂർത്തീകരിക്കുന്നതിനിടയിലുണ്ടായ അനുഭവം ഇവിടെ ഓർക്കേണ്ടതുണ്ട്. അദ്ദേഹം പറയുന്നു: ഇമാം നവവി ഉദ്ദേശിച്ച അതേ രീതിയിൽ ഫറാഇദിന്റെ (അനന്തരാവകാശം) ശറഹിനായി ദുർബലനെ അല്ലാഹു ഉദ്ദേശിച്ചു. ഞാൻ അദ്ദേഹം പല തവണ ചിരിക്കുന്നതായി സ്വപ്‌നത്തിൽ കണ്ടു. പതിനെട്ട് ഭാഗങ്ങളായി ശൈഖ് മുഹമ്മദ് നജീബ് അത് പൂർത്തീകരിച്ചു. ഇത് നിഷ്‌കളങ്കക്ക് ലഭിക്കുന്ന അനുഗ്രഹമാണ്. ഇവിടെ നമുക്കെല്ലാവർക്കും നിർവഹിക്കേണ്ട ഉത്തരവാദിത്തമുണ്ട്. സഹോദരാ, ഫലത്തിന്റെ കാര്യത്തിൽ നിങ്ങൾ അസ്വസ്ഥപ്പെടേണ്ടതില്ല. ശരിയായ ഉദ്ദേശത്തെയും, പരിശുദ്ധ തീരുമാനത്തെയും, അങ്ങേയറ്റത്തെ പരിശ്രമത്തെയും മനസ്സിൽ നിറക്കുകയെന്നതാണ് അനിവാര്യമായിട്ടുള്ളത്. അപ്പോൾ നിങ്ങൾക്ക് ദൈവികമായ സൗഭാഗ്യവും ഉദാരതയും കാണാൻ കഴിയുന്നതാണ്.

Also read: ആയാ സോഫിയയിലെ ബാങ്ക് സ്വപ്നം കണ്ട ദേശാഭിമാനി

ഇവിടെ, തഫ്‌സീർ ജലാലൈനിയുടെ സംഭവം അനുസ്മരിക്കപ്പെടേണ്ടതുണ്ട്. ഉസ്വൂലിയും കർമശാസ്ത്ര പണ്ഡിതനുമായ ഇമാം ജലാലുദ്ധീൻ മഹല്ലി (791-864) വിശുദ്ധ ഖുർആനിന് ലളിതമായ തഫ്‌സീർ നൽകാൻ ആരംഭിച്ചു. സൂറത്ത് കഹ്ഫിൽ നിന്ന് തുടങ്ങി സൂറത്ത് നാസ് വരെ. എന്നാൽ, അദ്ദേഹത്തിന് അത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി. സത്യസന്ധമായ തീരുമാനം കാരണമായി അദ്ദേഹത്തിന്റെ ഉദ്യമത്തെ പൂർത്തീകരിക്കുന്നതിന് അല്ലാഹു ഒരാളെ നിയോഗിച്ചു. അത് ഇമാമുൽ മൗസൂഇയായ ജലാലുദ്ധീൻ സുയൂത്വിയായിരുന്നു (849-91). അദ്ദേഹമത് പൂർത്തീകരിക്കകയും ചെയ്തു. അല്ലാഹുവാണ് സത്യം! നന്മ വിതയ്ക്കുന്ന, പ്രബോധനത്തിന്റെയും, പ്രവർത്തനത്തിന്റെയും, വിജ്ഞാനത്തിന്റെയും വിത്ത് നടുന്ന ഓരോ പണ്ഡിതനും, പ്രബോധകനും, പരിഷ്കർത്താവിനും, പരിശീലകനുമുള്ള സന്ദേശമാണിത്. അവർ‍ക്ക് മേൽ കാരുണ്യത്തിന്റെ മേഘങ്ങൾ വിരിയുകയും, അല്ലാഹുവിന്റെ കൽപന പ്രകാരം അത് മഴയായി പെയ്തിറങ്ങുകയും, രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നൽകികൊണ്ടിരിക്കുകയും ചെയ്യുന്നതാണ്.

(തുടരും)

വിവ: അർശദ് കാരക്കാട്

Related Articles