Interview

ശൈഖ് ദിദോ ജീവിതം പറയുന്നു-1

(ശൈഖ് ദിദോയുമായി ഇബ്രാഹീം അദ്ദുവൈരി നടത്തിയ ദീര്‍ഘ സംഭാഷണത്തിന്റെ  സംഗ്രഹ വിവര്‍ത്തനം)

മൗറിറ്റാനിയയിലെ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ കേന്ദ്രത്തിന്റെ മേധാവിയായ ശൈഖ് അല്‍ അല്ലാമ മുഹമ്മദ് അല്‍ ഹസ്സന്‍ അല്‍ ദിദോ അല്‍ ഷങ്കീതി, ആന്‍ഡലൂഷ്യയുടെ വൈജ്ഞാനിക പൈതൃകത്തിന്റെ കൈവഴികളിലുടെ വികസിച്ച അറേബ്യന്‍ നാഗരിക വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയുടെ മികച്ച മാതൃകയാണ്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ക്കിടയില്‍ ശൈഖ് ദിദോ താന്‍ നേടിയ വിദ്യാഭ്യാസ പരിശീലനത്തിന്റെ വ്യവഹാരങ്ങളിലുള്ള വ്യതിരിക്തത കാരണം വേറിട്ടുനില്‍ക്കുന്നു. ശരീഅത്തും സാഹിത്യവും ചരിത്രവുമെല്ലാം ഉള്‍പ്പെടുന്ന വിശാലമായ വൈജ്ഞാനിക മണ്ഡലം അദ്ദേഹം കൃത്യതയോടെയും സമഗ്രമായും കൈകാര്യം ചെയ്യുന്നു.

ശൈഖ് ദിദോയുമായുള്ള ഞങ്ങളുടെ സംഭാഷണം അദ്ദേഹത്തിന്റെ അറിവ് എന്താണെന്നും അത് സ്വാംശീകരിക്കുന്നതിനെക്കുറിച്ചും മാത്രമായിരുന്നില്ല, മറിച്ച് ആ വൈജ്ഞാനിക എപ്പിസ്റ്റമോളജി കൈവരിക്കാന്‍ അദ്ദേഹം യോഗ്യമാക്കിയ രീതിയെക്കുറിച്ചും മെക്കാനിസത്തെക്കുറിച്ചുമുള്ളതായിരുന്നു. നൂറ്റാണ്ടുകളായി ഇസ്ലാമിക ചിന്തകര്‍ക്കും പണ്ഡിതന്മാര്‍ക്കും ഇടയില്‍ നിലനിന്നിരുന്ന വിജ്ഞാനപ്രക്രിയയുടെ ചരിത്രസൂത്രവാക്യം, അറിവ് സ്വതന്ത്രവും മൊത്തത്തില്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും ഓരോന്നും മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നതുമായ ഒന്നാണ് എന്നതാണ്.

തന്റെ ബാല്യകാലത്തെക്കുറിച്ച് ശൈഖ് ഞങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: കുട്ടിക്കാലത്ത് തന്നെ, കവിത, ജീവചരിത്രം, തര്‍ബിയത് തുടങ്ങിയ വിഷയങ്ങളില്‍ വീട്ടില്‍ നിന്ന് തന്നെ പരിശീലനം ലഭിച്ചിരുന്നു. വീട്ടിലെ സ്ത്രീകളെല്ലാം ആ വിഷയങ്ങളില്‍ സമര്‍ത്ഥരായിരുന്നു. അതിനാല്‍ തന്നെ പ്രാഥമിക പള്ളിക്കൂടത്തില്‍ നിന്ന് തന്നെ പല കാര്യങ്ങളും അറിയാനും പരിശീലിക്കാനും ചെറുപ്പത്തില്‍ തന്നെ എനിക്ക് സാധിച്ചു.

Also read: പൊതുവാഹനങ്ങളിലെ വിശുദ്ധ ഖുർആൻ പാരായണം

യഥാര്‍ഥത്തില്‍ അറിവ് ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നത് തന്നെയാണ്. ഒരു വിദ്യാര്‍ഥി തന്റെ കോളേജില്‍ പ്രവേശിക്കുന്നത് ഒരു വൈജ്ഞാനിക അന്തരീക്ഷത്തിലാണ്. പ്രഭാതത്തിന് മുമ്പായി അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും രാത്രിയില്‍ വലിയൊരു ഭാഗം കടന്നുപോകുന്നതുവരെ അത് അവസാനിക്കാതിരിക്കുകയും ചെയ്യുന്നു. ഈ സ്വാതന്ത്ര പരിത:സ്ഥിതിയില്‍ അറിവുള്ള കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കപ്പെടുകയും അറിവില്ലാത്ത കാര്യങ്ങള്‍ പരസ്പരം ശേഖരിക്കപ്പെടുകയും ചെയ്യുന്നു. അവിടെ 3 ഘടകങ്ങളുമായി വിദ്യാര്‍ഥി വൈകാരികമായ ബന്ധം സ്ഥാപിക്കുന്നു. ശൈഖ്, കിതാബ്, സുഹൃത്തുക്കള്‍. അറിവുല്‍പ്പാദനത്തില്‍ ഈ 3 ഘടകങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്.

തന്നെക്കുറിച്ചും തന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കാന്‍ ശൈഖ് മടികാണിച്ചിരുന്നു. എങ്കിലും പൈതൃകം, പഠനം, അധ്യാപനം എന്നിവ കൈകാര്യം ചെയ്യുന്നതിലെ തന്റെ പ്രധാനപ്പെട്ടതും പ്രചോദനാത്മകവുമായ അനുഭവങ്ങള്‍ നമ്മുടെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം പങ്കുവെക്കുകയുണ്ടായി.

ചോദ്യം: ആദ്യമായി ഇങ്ങനെയൊരു അഭിമുഖത്തിന് നിങ്ങളുടെ വിലയേറിയ സമയം അനുവദിച്ചതില്‍ ഹൃദ്യമായ നന്ദിയറിയിച്ചുകൊണ്ട് തുടങ്ങട്ടെ. പണ്ഡിതന്മാരുടെയും പ്രമുഖരുടേയും വളര്‍ച്ചയുടെ ആദ്യഘട്ടത്തെക്കുറിച്ചറിയാനാണ് എല്ലാവര്‍ക്കും എല്ലായിപ്പോഴും താത്പര്യം. നിങ്ങളുടെ പ്രാഥമിക പള്ളിക്കൂട വിദ്യാഭ്യാസത്തെക്കുറിച്ചും വൈജ്ഞാനിക മണ്ഡലങ്ങളിലുള്ള നിങ്ങളുടെ ഇടപെടലുകളെക്കുറിച്ചും അത് നിങ്ങളുടെ ജീവിതത്തിലും കരിയറിലും ഏത് തരത്തിലുള്ള സ്വാധീനമാണ് ചെലുത്തിയതെന്നും പറയാമോ?

ശൈഖ്: ഇപ്പോഴും ഞാന്‍ എന്റെ ജീവിതം തൃപ്തികരമാണെന്നും എല്ലാവര്‍ക്കും പിന്തുടരാന്‍ യോഗ്യമാണെന്നും വിശ്വസിക്കുന്നില്ല. ശാസ്ത്രവിഷയങ്ങളിലും മറ്റു പല മേഖലകളിലും ഞാന്‍ ദുര്‍ബലനാണ്. എന്റെ ജീവിതത്തിന്റെ തുടക്കകാലത്തെക്കുറിച്ച് ഓര്‍ക്കുന്ന കുറച്ച് കാര്യങ്ങള്‍ ഞാന്‍ പങ്കുവെക്കാം. എന്റെ കുട്ടിക്കാലത്തെ ഒരു ദിവസം, അത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്റെ അഞ്ചാം വയസ്സിലാണത്. എന്നേക്കാള്‍ രണ്ട് വയസ്സ് പ്രായം കൂടുതലുള്ള എന്റെ ബന്ധുക്കളിലൊരാളുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. അവന്റെ കയ്യില്‍ അക്ഷരങ്ങള്‍ എഴുതിയ സ്ലേറ്റ് ഉണ്ട്. അത് കണ്ടപ്പോള്‍ എനിക്ക് പ്രയാസം തോന്നുകയും കരയുകയും ചെയ്തു. അത് കണ്ടപ്പോള്‍ എനിക്ക് ഒരു സ്ത്രീ അക്ഷരങ്ങളെഴുതിയ ഒരു സ്ലേറ്റ് നല്‍കുകയുണ്ടായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ എന്റെ അമ്മായി എനിക്കത് പഠിപ്പിച്ചുതന്നു. പിന്നെ, ഞാന്‍ ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങി. ഏഴാം വയസ്സിന്റെ അവസാനത്തില്‍ ഞാന്‍ ഖുര്‍ആന്‍ മുഴുവനായും മന:പാഠമാക്കി.

Also read: ഖലീഫാ ഉമറുൽ ഫാറൂഖിൻറെ കാലത്തെ മുസ്ലിം ജനസംഖ്യ മൂന്ന് ശതമാനം

അക്കാലത്ത്, കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസമെന്നോണം തംയീസുല്‍ ഇമാമി എന്ന പേരിലുള്ള ഒരു കോഴ്‌സ് ചെറുപ്പത്തില്‍തന്നെ സ്വയത്തമാക്കിയിരുന്നു. പ്രമുഖ പണ്ഡിതനായിരുന്ന അല്ലാമാ മുഹമ്മദ് അല്‍-ഷന്‍കീതി (മരണം 1876) എന്നവരിലേക്ക് ചേര്‍ത്തുകൊണ്ടായിരുന്നു ആ പേര് വന്നത്. അതായത്, കലാമിന്റെ വിവിധയിനങ്ങളായ ഇസ്മ്, ഫിഅ്‌ല്, ഹര്‍ഫ് എന്നിവ വേര്‍തിരിച്ച് പഠിക്കുന്ന സമ്പ്രദായമാണത്. കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനും പക്വതക്കുമനുസരിച്ച് അറബി ഭാഷ പഠിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണത്. ഇശാ-മഗ്‌രിബിന്റെ ഇടയിലുള്ള സമയത്തായിരുന്നു ഇത് അഭ്യസിക്കപ്പെട്ടിരുന്നത്.

ഉമ്മമാര്‍ കവിതകളോ ഖുര്‍ആന്‍ ആയതുകളോ ഹദീസുകളോ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും അത് മന:പാഠമാക്കിപ്പിക്കുകയും ചെയ്യുന്നു. ശേഷം, അതില്‍ അടങ്ങിയിരിക്കുന്ന വ്യത്യസ്തമായ ഘടകങ്ങളെക്കുറിച്ചും അര്‍ഥങ്ങളെക്കുറിച്ചും കുട്ടികളോട് ചോദിക്കുന്നു. ഇതായിരുന്നു അതിന്റെ പ്രായോഗിക വശം. ഇമാം ബുസ്വീരിയുടെ കവിതകളായിരുന്നു ആദ്യമായി എല്ലാവരും പഠിച്ചിരുന്നത്. ഓരോ കവിതകള്‍ പഠിക്കുമ്പോള്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോഴുള്ള അര്‍ഥ വ്യത്യാസങ്ങളും വ്യാകരണ നിയമങ്ങളും പഠിപ്പിക്കപ്പെടുന്നു. ഒപ്പം ഓരോ വാക്കും എടുത്ത് അത് ഇസ്മാണോ അതോ ഫിഅ്‌ലാണോ അതോ ഹര്‍ഫാണോ എന്ന് കൃത്യമായി വേര്‍തിരിച്ച് ചോദിച്ച് മനസ്സിലാക്കിത്തരുന്നു. ഒന്നിനെക്കുറിച്ച് ഫിഅ്‌ലാണ് എന്ന് പറഞ്ഞാല്‍ അടുത്ത ചോദ്യം അത് മുഅ്‌റബാണോ അതോ മബ്‌നിയ്യ് ആണോ എന്നതാണ്. മുഅ്‌റബ് ആണെങ്കില്‍ എന്താണ് അതിന്റെ ഇഅ്‌റാബ്? അതിന്റെ അലാമത് എന്താണ്? പിന്നെ ആ ഫിഅ്‌ലിന്റെ അസ്വ്‌ല് എന്താണ്? തുടങ്ങി ആഴത്തിലുള്ള അന്വേഷണങ്ങള്‍ ഓരോ വാക്കിനെക്കുറിച്ചും നടത്തും.

ഇതാണ് ഇശാ-മഗ്‌രിബിന്റെ ഇടയില്‍ നടന്നിരുന്ന പഠനപ്രക്രിയയുടെ സംഗ്രഹം. ചിലപ്പോള്‍ കുട്ടികള്‍ ശരിയുത്തരം നല്‍കും, ചിലപ്പോള്‍ ഉത്തരങ്ങള്‍ തെറ്റും. തെറ്റ് വരുമ്പോള്‍ ഉമ്മമാര്‍ തിരുത്തിക്കൊടുക്കും. ഉമ്മയുടെ ചോദ്യത്തിന് ഞാന്‍ തെറ്റുത്തരം പറഞ്ഞപ്പോള്‍ അത് കേട്ട് എല്ലാവരും ചിരിച്ച സമയത്ത് ഞാന്‍ കരഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ നമ്മള്‍ വ്യാകരണനിയമങ്ങളും ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിലെ പൊതു തത്ത്വങ്ങളും, ശുദ്ധി, നിസ്‌ക്കാരം തുടങ്ങിയ വിഷയങ്ങളിലെ മസ്അലകളും കൃത്യമായി പഠിച്ച് മന:പാഠമാക്കിയിട്ടുണ്ട്.

Also read: കുട്ടികളൂടെ ശിക്ഷണം: വിവിധ ഘട്ടങ്ങളും രീതികളും

കഥകളും കവിതകളും
ഈ കാലയളവില്‍ തന്നെ കുട്ടികള്‍ പ്രവാചകരുടെ ജീവചരിത്രവും കൃത്യമായി പഠിക്കുന്നു. ഉമ്മമാരില്‍ നിന്നും പ്രവാചകരുടേയും സ്വഹാബികളുടേയും കഥകള്‍ കേട്ട് കൊണ്ടായിരുന്നു സീറ പഠനം ആരംഭിക്കുന്നത്. എല്ലാ ദിവസവും ഉമ്മമാര്‍ പുതിയ പുതിയ കഥകള്‍ പറഞ്ഞുകൊടുക്കുന്നു. ചില കഥകള്‍ ദൈര്‍ഘ്യമുള്ളതാവും, അപ്പോള്‍ രണ്ടും മൂന്നും രാത്രികള്‍ കഴിഞ്ഞാലാണ് കഥ പൂര്‍ത്തിയാവുക. കഥയുടെ ഏറ്റവും ട്വിസ്റ്റ് നിറഞ്ഞ ഭാഗങ്ങളില്‍ വെച്ച് തന്നെ അങ്ങനെയുള്ള ദിവസങ്ങളില്‍ കഥയവസാനിപ്പിക്കാന്‍ ഉമ്മമാര്‍ ശ്രദ്ധിച്ചിരുന്നു. അതായത്, ബദര്‍ യുദ്ധത്തിന്റെ കഥ പറയുമ്പോള്‍ അവസാനിപ്പിച്ചിരുന്നത് നദ്‌റ്ബിന്‍ ഹാരിസിനേയും ഉഖ്ബതുബ്‌നു അബീ മുഈത്വിനേയും വധിക്കുന്ന സന്ദര്‍ഭം പറഞ്ഞുകൊണ്ടാണ്. അത്‌കൊണ്ട്തന്നെ ഓരോ കഥകളും നന്നായി ഓര്‍ക്കുന്നുണ്ട്.

മൗറിറ്റാനിയയിലെ പ്രബലമായ ഹസാനി ഭാഷയിലാണ് ഉമ്മമാര്‍ കഥകള്‍ പറഞ്ഞിരുന്നത്. ഓരോ കഥകളില്‍ നിന്നും കുട്ടികള്‍ കഥാപാത്രങ്ങളുടെ പേരുകളും അവരുടെ വംശവും ചോദിച്ച് പഠിക്കുന്നു. എന്റെ ചെറുപ്പത്തില്‍ എന്റെ സഹോദരങ്ങളില്‍ ഒരാള്‍ എന്നോട് അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ)നെക്കുറിച്ച് അറിയാമോ എന്ന് ചോദിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു: അറിയാം. അദ്ദേഹം ഇന്നാലിന്ന ദിവസം നമ്മുടെ അടുത്ത് വന്നിട്ടുണ്ട്. കാരണം, അബ്ദുല്ലാഹിബ്‌നു ഉമറിന്റെ കഥ കേട്ട് അദ്ദേഹം നമ്മുടെ അടുത്ത് അതിഥി ആയി വന്നത് പോലെയുള്ള പ്രതീതി ചെറുപ്പത്തില്‍ ഉണ്ടായിരുന്നു. നമ്മുടെ ചെറുപ്പകാലത്ത് തന്നെ, അദ്ദേഹം അബൂ അബ്ദിര്‍റഹ്മാന്‍ എന്നാണ് വിളിക്കപ്പെടുന്നതെന്നും അദ്ദേഹത്തിന്റെ വിശദമായ വംശചരിത്രവുമെല്ലാം നമ്മള്‍ മന:പാഠമാക്കിയിരുന്നു. മറ്റുള്ള സ്വഹാബിമാരെക്കുറിച്ചും കുട്ടികളെല്ലാം തന്നെ അവരുടെ വിശദമായ ചരിത്രങ്ങള്‍ സനദ് സഹിതം മന:പാഠമാക്കിവെച്ചിരുന്നു.

Also read: മറ്റുള്ളവർക്ക് പ്രതീക്ഷയും സമാധാനവും നൽകുക

മാത്രമല്ല, ഓരോ കഥകള്‍ക്കിടയിലും ചില കവിതകളും അടങ്ങിയിട്ടുണ്ടായിരുന്നു. ആ കവിതകളും  മന:പാഠമാക്കും. ഹസ്സാന്ബ്‌നു സാബിതിന്റെ കവിതകളും കൂടുതലായും പഠിച്ചിരുന്നത്. ബദ്‌റ് യുദ്ധം, ഉഹ്ദ് യുദ്ധം തുടങ്ങിയവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കവിതകള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അപ്രകാരം, കഅബ്ബ്‌നുമാലിക്കിന്റേയും മറ്റു പ്രമുഖരായ കവികളുടേയും കവിതകള്‍  മന:പാഠമാക്കിയിരുന്നു. ഇസ്‌ലാമിന് മുമ്പുള്ള ബഹുദൈവ വിശ്വാസികളുടെ കവിതകളും  പഠിച്ചിരുന്നു. ഒപ്പം വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാരുടെ കഥകളും വിശദമായി  പഠിച്ചു. യൂസ്വുഫ് നബി(അ)ന്റെ കഥ കേട്ടപ്പോള്‍ ഞങ്ങള്‍ തീവ്രമായി കരയുകയായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. ചെറുപ്പത്തില്‍ കഥകള്‍  ഏറെ സ്വാധീനിച്ചിരുന്നു. പ്രതിവാര-വാര്‍ഷിക ലീവുകളില്‍ പഠിച്ച കാര്യങ്ങള്‍ ഞങ്ങള്‍ അവലോകനം ചെയ്തിരുന്നു. ഈദുല്‍ ഫിത്വ്‌റ്, ഈദുല്‍ അദ്ഹ സമയങ്ങളില്‍ പഠനം ലീവായിരുന്നു. ആ സമയങ്ങളിലൊക്കെ പഠിച്ച കാര്യങ്ങള്‍ മനനം ചെയ്യാന്‍ ഉപയോഗിച്ചു.

കവിതകള്‍ അതിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ചുകൊണ്ട് തന്നെ പഠിക്കാന്‍ പ്രത്യേകം ശ്രദ്ധച്ചിരുന്നു. ഓരോ സന്ദര്‍ഭത്തിനനുസരിച്ച് എങ്ങനെ കവിതകള്‍ രചിക്കാം എന്നതുള്‍പ്പെടെ പ്രസ്തുത ജ്ഞാനശാഖയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള അന്വേഷണങ്ങള്‍ പഠനാനുബന്ധിയായി നടന്നിരുന്നു. കവിതാപഠനത്തില്‍ പ്രകീര്‍ത്തന കാവ്യങ്ങളും യുദ്ധ കാവ്യങ്ങളും അനുശോചനകാവ്യങ്ങളുമെല്ലാം തന്നെ ഇടം പിടിച്ചിരുന്നു.

ചോദ്യം: പാരമ്പര്യ വിദ്യാഭ്യാസ പ്രക്രിയയിലെ അനുപേക്ഷണീയഘടകങ്ങളായ ശൈഖ്, വിദ്യാര്‍ഥി, രീതിശാസ്ത്രം എന്നീ മൂന്ന് ഘടകങ്ങള്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് പറയാമോ ?

ശൈഖ്: തീര്‍ച്ചയായും ഇത് മൂന്നും അത്യാവശ്യകാര്യങ്ങളാണ്. ശൈഖില്ലാതെ ഒരാള്‍ക്ക് പഠിക്കാന്‍ കഴിയില്ല. പഠന പ്രക്രിയയില്‍ ശൈഖ് അത്യാവശ്യമാണെന്ന് ശര്‍ഇയ്യായ നസ്വുകളില്‍ തന്നെ വ്യക്തമായി വന്നിട്ടുണ്ട്. പ്രവാചകര്‍ (സ്വ)ക്ക് വഹ്‌യ് ഇറക്കുന്ന സമയത്ത് അല്ലാഹു ജിബ്‌രീല്‍(അ)നെ പ്രവാചകരിലേക്ക് അയക്കുകയുണ്ടായി. മൂസാ നബി (അ) ഖളിര്‍ (അ)നെ തന്റെ വൈജ്ഞാനിക യാത്രയില്‍ പിന്തുടരുന്നുണ്ട്. അപ്പോള്‍ ജ്ഞാനസമ്പാദനത്തിന് ഗുരു അനിവാര്യമാണ്. ശൈഖ് തികഞ്ഞ പാണ്ഡിത്യമുള്ളയാളും പരിചയസമ്പന്നനും ഉപദേശം സിദ്ധിച്ചയാളുമാകണമെന്നതും നിര്‍ബന്ധമാണ്. ചില ശാസ്ത്രങ്ങളില്‍ മാത്രമാണ് ഗുരു പ്രാവീണം നേടിയുട്ടള്ളത് എങ്കില്‍ അദ്ദേഹം പ്രാവീണ്യം നേടിയ ജ്ഞാനശാഖകള്‍ മാത്രം അദ്ദേഹത്തില്‍ നിന്ന് അഭ്യസിക്കുകയും മറ്റുള്ളവ വേറെ ഗുരുക്കന്മാരില്‍ നിന്നും അഭ്യസിക്കേണ്ടതുമാണ്.

Also read: റജബ് തയ്യിബ് എർദോഗാൻ്റെ ഖത്തർ സന്ദർശനം

ശൈഖിന് ശേഷമാണ് കിതാബ് വരുന്നത്. കിതാബ് വിദ്യാര്‍ഥിയുടെ രണ്ടാമത്തെ ശൈഖാണ്. കാരണം അവന്റെ ഓര്‍മ്മയില്‍ ഇല്ലാത്തതോ നില്‍ക്കാത്തതോ ആയ കാര്യങ്ങള്‍ അവന്‍ കിതാബില്‍ കണ്ടെത്തുന്നു. അത്‌കൊണ്ടാണ് പണ്ഡിതന്മാര്‍ കിതാബുകളെ ഗുരു എന്ന ഗണത്തില്‍ എണ്ണുന്നത്. വിവിധിയനങ്ങളിലുള്ള കിതാബുകള്‍ ഉണ്ട്. ഏറ്റവും എളുപ്പമുളളതില്‍ നിന്നും തുടങ്ങി പ്രയാസമുള്ളതിലേക്ക് എത്തുന്ന ഒരു ക്രമത്തില്‍ നാം കിതാബുകള്‍ പഠിക്കുന്നു. ചില കേവല മുത്വാലഅ മാത്രം മതിയാവുന്ന കിതാബുകളും അക്കൂട്ടത്തിലുണ്ട്. ചില കിതാബുകള്‍ നിരോധിത ഗണത്തില്‍ പെടുന്നതും ഉണ്ടാവും. അവ വായനക്ക് മാത്രമുള്ളതാണ്, വിതരണം ചെയ്യപ്പെടുന്നില്ല. പക്ഷെ, പത്രങ്ങള്‍ക്കും മാസികകള്‍ക്കും വേണ്ടിയുമൊക്കെ പലപ്പോഴും അത് ഉപയോഗപ്പെടുത്തുന്നു. അപ്രകാരം, പല ഗ്രന്ഥങ്ങളും വായനക്ക് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. ശറഹും ഹാശിയയുമെല്ലാം അതില്‍ തന്നെ ഉള്‍ക്കൊള്ളുന്നതിനാല്‍ ശൈഖിന്റെ ശറഹിലേക്ക് അത്തരം ഗ്രന്ഥങ്ങള്‍ ആവശ്യമായി വരുന്നില്ല.

വിചിത്രമായ ഒരു കാര്യം, വായന ആളുകളുടെ മനസ്സിനെ ഭ്രമിപ്പിക്കുന്ന ഒരു പ്രക്രിയ ആണ്. ചിലപ്പോഴെങ്കിലും ആളുകള്‍ക്ക് ഭക്ഷണവും പാനീയവുമെല്ലാം വായനയില്‍ മുഴുകി മറന്നുപോകാറുണ്ട്. ചിലപ്പോള്‍ പുസ്തകം വായിക്കുന്നതില്‍ മുഴുകുക വഴി പ്രാര്‍ഥിക്കാന്‍ പോലും മറക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുന്നു. ഞങ്ങള്‍ അത്രമേല്‍ പുസ്തകങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. മുഹ്യുദ്ദീന്‍ അല്‍ മറാകിശി എഴുതിയ അല്‍ മുഅ്ജിബ് ഫീ തല്‍ഖീസി അഖ്ബാരില്‍ മഗ്‌രിബ് എന്ന പുസ്തകമാണ് ആദ്യത്തെ എന്റെ വായനോര്‍മ്മ. അതിന് ശേഷം ചരിത്രത്തില്‍ ഞാന്‍ ഊളിയിടുകയായിരുന്നു. അദ്ദേഹത്തിന്റെ തന്നെ ഒട്ടേറെ കൃതികള്‍ പിന്നീട് ഞാന്‍ വായിക്കുകയുണ്ടായി. സാഹിത്യവും കവിതയും കഥകളും അദ്ദേഹം എഴുതിയിരുന്നു. ധാരാളം കുട്ടികള്‍ അവരുടെ പുസ്തകങ്ങളില്‍ ഉറങ്ങുകയും കിടക്കയില്‍ ആയിരിക്കുമ്പോള്‍ നെഞ്ചില്‍ പിടിക്കുകയും ചെയ്തത് ഞാന്‍ ഓര്‍ക്കുന്നു. നമ്മുടെ പുസ്തകത്തിലെ പല പേജുകളിലും ചോരപ്പാടുകള്‍ കാണാം. വായനക്കിടെ മൂക്ക് പുസ്തകത്തില്‍ മുട്ടിയുരസി ചോരപൊടിക്കുമ്പോഴാണ് ചിലപ്പോഴൊക്കെ ഉണരാറുള്ളത്!

ശൈഖും ഗ്രന്ഥങ്ങളും കഴിഞ്ഞാല്‍ പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് സഹപാഠികള്‍. അറിവ് സ്വായത്തമാക്കാനുളള അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്നാണിത്. ഒരു വ്യക്തി തന്റെ ആദ്യവിദ്യാലയമായ വീട്ടില്‍ നിന്നും ഖുര്‍ആനും ചെറിയ ഗ്രന്ഥങ്ങളും പഠിച്ച് സ്ഥാപനങ്ങളിലേക്ക് പോകുമ്പോള്‍ ആദ്യം അന്വേഷിക്കുന്നത് തന്റെ സഹപാഠികളെക്കുറിച്ചാണ്. ഒരാള്‍ക്ക് മാത്സര്യബോധം നല്‍കുന്നതും തന്റെ കുറവുകള്‍ നികത്തിക്കൊടുക്കുന്നതും ചെയ്യേണ്ട കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊടുക്കുന്നതും തന്റെ സഹപാഠിയാണ്. ശ്ത്രുക്കളായാലും മിത്രങ്ങളായാലും സഹപാഠികള്‍ നമ്മുടെ വളര്‍ച്ചയിലും സ്വത്വ രൂപീകരണത്തിലും വലിയ പങ്ക് വഹിക്കുന്നുണ്ട്.

അത്‌കൊണ്ട്തന്നെ ഒരുവ്യക്തിക്ക് അവനുമായി മത്സരിക്കാനും അവനോടൊപ്പം ജീവിക്കാനും ആരെങ്കിലും ഉണ്ടാവുന്നത് അത്യാവശ്യമാണ്. തങ്ങള്‍ പഠിക്കുന്ന ശാസ്ത്രശാഖകള്‍ പരസ്പരം പങ്ക് വെക്കാനും അത് ആസ്വദിക്കാനും ഓരോരുത്തരുടേയും വിശദീകരണങ്ങള്‍ അറിയുമ്പോഴുണ്ടാകുന്ന അറിവിന്റെ പ്രകാശനത്തിനും നല്ല സഹപാഠികള്‍ അത്യാവശ്യമാണ്.

അക്കാലത്ത് എഴുത്ത് മെച്ചപ്പെടുത്താന്‍ കൂട്ടുകാര്‍ തമ്മില്‍ മത്സരിക്കാറുണ്ട്. പ്രത്യേകിച്ചും അച്ചടിശാലകള്‍ നമ്മുടെ രാജ്യത്ത് ഇല്ലാത്തതിനാല്‍ പുസ്തകങ്ങള്‍ കൂടുതലും കൈയെഴുത്തുപ്രതികളായിരുന്നു. ചില ഉമ്മമാര്‍ മകന് എഴുതിക്കൊടുക്കുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. ഉമ്മമാര്‍ അവരോട് പറഞ്ഞു; നിന്റെ സഹപാഠികള്‍ സ്വന്തമായി എഴുതുന്നത് ഞാന്‍ നിനക്ക് വേണ്ടി എഴുതിത്തരികയാണ്. അതിന്റെ പ്രധാനലക്ഷ്യം നീ വിദ്യാഭ്യാസം നേടണം എന്നുള്ളത് കൊണ്ടാണ്. എന്റെ ഉമ്മൂമ്മയുടെ കൈയക്ഷരമുള്ള ഏകദേശം 41 വാല്യങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്.

(തുടരും)

വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker