Current Date

Search
Close this search box.
Search
Close this search box.

സംവാദത്തിന്റെ തത്വശാസ്ത്രം -ഏഴ്

എന്തായിരിക്കും ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ടത്? മറ്റു പല ചോദ്യങ്ങൾക്കുമെന്ന പോലെ ഇതിനും ആപേക്ഷികമായ ഉത്തരം മാത്രമേ നല്‍കാൻ പറ്റൂ. പട്ടിണിയിലേക്കെത്തി നിൽക്കുന്ന ഒരാൾക്ക് ഭക്ഷണത്തെക്കാൾ പ്രിയപ്പെട്ടതല്ല ഒന്നും. തണുപ്പ് കൊണ്ട് മരിക്കാൻ പോകുന്നയാൾക്ക് ചൂടായിരിക്കും പ്രിയപ്പെട്ടതെങ്കിൽ ഏകാന്തതയിലകപ്പെട്ടു പോയയാൾ ഏറ്റവും കൂടുതൽ കൊതിക്കുക സഹവാസത്തിനായിരിക്കും.

ഇതൊക്കെത്തന്നെയാണ് അടിസ്ഥാനാവശ്യങ്ങൾ. മനുഷ്യനിലും പ്രഥമമായി ഉണര്‍ന്നിരിക്കുന്നത് അവനിലെ മൃഗം തന്നെയാണ്. എന്നാൽ ഇത്തരം ആവശ്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞാലും പിന്നെയുമെന്തൊക്കെയോ മനുഷ്യൻ ആഗ്രഹിക്കുന്നില്ലേ? മനുഷ്യൻ അപ്പം കൊണ്ട് മാത്രം ജീവിക്കുന്നില്ല എന്ന് ചിന്തിക്കുന്നവരാണ് തത്വചിന്തകന്മാരും പ്രവാചകന്മാരും. അവർ ലോകത്തെയും ജീവിതത്തെയും നിര്‍വികാരമായി നോക്കിക്കണ്ടില്ല.

Also read: കൊറോണ കാലത്തെ വിശുദ്ധ റമദാൻ; ഇഅ്തികാഫ് വീട്ടിലിരിക്കാമോ?

കൊച്ചുകുഞ്ഞുങ്ങൾക്ക് ലോകം അത്യധികം വിസ്മയകരമായിരിക്കും. അതുകൊണ്ടാണ് അവർ നിരന്തരം ചോദ്യങ്ങളുന്നയിക്കുന്നത്. എന്നാൽ ലോകം ഒരു ശീലമാകുന്നതോടെ വിസ്മയം അടങ്ങുകയും നിര്‍വികാരത കൈക്കൊള്ളുകയും ചെയ്യും. ചോദ്യങ്ങളോട് വൈമുഖ്യമുള്ള മുതിര്‍ന്നവർ അവർക്ക് നിയന്ത്രണങ്ങളുണ്ടാക്കുകയും ചെയ്യും. പൊതുവെ അതോടെ അന്വേഷണങ്ങൾ അവസാനിക്കും. അനുധാവനം ശീലിച്ചു തുടങ്ങും. ഒരു പാരമ്പര്യം രൂപപ്പെടും. ഗതാനുഗതികത്വം മാത്രമാവും പിന്നെയുള്ള ശീലം. മുമ്പേ ഗമിച്ചീടിന ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കൾ..

എന്നാൽ ഇത്രയും നിര്‍വികാരതയോടെ ലോകത്തെ കാണാൻ വിസമ്മതിക്കുന്നവരാണ് ജിജ്ഞാസുക്കൾ. അവരെ ചോദ്യങ്ങൾ അസ്വസ്ഥരാക്കും. എല്ലാം അവർ വിസ്മയത്തോടെ നോക്കിക്കാണുകയും വിസ്മയങ്ങൾ അവരെ അന്വേഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. ശാസ്ത്രജ്ഞാനത്തിന്റെയും ആധാരം ഇതുതന്നെയാണ്. ഞെട്ടറ്റുപോകുന്ന ആപ്പിളുകൾ ന്യൂട്ടന് മുമ്പും താഴോട്ട് തന്നെയാണ് വീണു കൊണ്ടിരുന്നത്. (വീഴ്ച എന്ന് പറയുന്നേടത്ത് താഴോട്ട് എന്ന് ദിശ സൂചിപ്പിക്കേണ്ടതില്ല എന്ന ഒരു ഘടനാ പ്രശ്‌നം ഉന്നയിക്കാം ഈ വാക്യത്തിൽ). എന്തായാലും ചിന്താകുലനായ ന്യൂട്ടന്റെ കാഴ്ചവട്ടത്തിലേക്കായതോടെ നിലത്ത് പതിച്ച ആപ്പിൾ ചരിത്രത്തിലേക്കിടിച്ചു കയറി. പുതിയ ചിന്തയുടെയും അന്വേഷണത്തിന്റെയും ശാസ്ത്രരംഗത്തുണ്ടായ പുതിയ വികാസത്തിന്റെയും നിമിത്തമായി അത് മാറി.

Also read: ഇസ്‌ലാമിക നാഗരികതയുടെ മഹത്വത്തിന്റെ രഹസ്യം; ഒരു ക്രിസ്ത്യൻ കാഴ്ചപ്പാട്

ചുരുക്കിപ്പറഞ്ഞാൽ,
– ഗതാനുഗതികത്വവും കേവലാനുധാവനവും വലിയൊരു ജനവിഭാഗത്തിന്റെ ശീലങ്ങളാവാം. ആ ജനവിഭാഗം അവരുടെ പ്രവൃത്തികളിൽ പരമ്പരാഗതമായി നന്മ കാത്തുസൂക്ഷിക്കുകയും അവരുടെ വിശ്വാസങ്ങൾ സത്യവും യുക്തിഭദ്രവുമായിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാവാം, അങ്ങനെയല്ലാതെയുമിരിക്കാം. എന്നാൽ അതത്ര അഭികാമ്യമൊന്നുമല്ല.

– വിസ്മയിക്കുക, അന്വേഷിക്കുക, സംശയിക്കുക, ചോദ്യം ചെയ്യുക തുടങ്ങിയ പ്രക്രിയകൾ പ്രധാനമാണ്.

വിസ്മയം, അന്വേഷണം തുടങ്ങിയ ആധാരങ്ങളില്‍ത്തന്നെയാണ് ആരോഗ്യകരമായ സംവാദങ്ങളും വികസിക്കേണ്ടത്. ഒപ്പം തന്നെ പ്രധാനമാണ് മനുഷ്യജ്ഞാനത്തിന്റെ ആപേക്ഷികതയുമായി ബന്ധപ്പെട്ട വിഷയവും. അത് അടുത്ത പോസ്റ്റിൽ പറയാം.

Related Articles