Studies

കൊറോണ കാലത്തെ വിശുദ്ധ റമദാൻ; ഇഅ്തികാഫ് വീട്ടിലിരിക്കാമോ?

ഭാഗം-1

കൊറോണ വൈറസ് കാരണമായി നിലവിൽ ലോകം ക്വറന്റൈനിൽ കഴിയുകയാണ്. അധിക രാഷ്ട്രങ്ങളും പള്ളികൾ അടച്ചിട്ടിരിക്കുന്നു. പള്ളികളിൽ ജമാഅത്ത് നമസ്കാരമില്ലാതെ, തറാവീഹില്ലാതെ ഒഴിഞ്ഞുകിടക്കുന്നതിന് ഈ വർഷത്തെ വിശുദ്ധ റമദാൻ സാക്ഷിയാവുകയാണ്. അതോടൊപ്പം, മസ്ജിദുകളിൽ ഇഅ്തികാഫിരിക്കാനും കഴിയാതെ വരുന്നു. ഓരോരുത്തരും അവരുടെ വീടുകളിലെ “مسجد البيت” എന്ന് വിളിക്കപ്പെടുന്ന നമസ്കാര മുറികളിലാണ് നമസ്കരിക്കുന്നത്. വീട്ടിൽ ജമാഅത്തായി നമസ്കരിക്കുന്നതിനുള്ള പ്രത്യേകമായ സ്ഥലമാണത്. പ്രവാചക സുന്നത്ത് പിന്തുടരുകയും, പതിവാക്കുകയും ചെയ്യുന്ന വിശ്വാസികളുടെ മനസ്സിലേക്ക് പെട്ടെന്ന് വരുന്ന ചിന്തയാണ് വീട്ടിൽ ഇഅ്തികാഫ് ഇരിക്കാമോ എന്നത്. അവർ അതിന്റെ ഇസ് ലാമിക വിധി ആരായുന്നു. പ്രത്യേകിച്ച്, വിശുദ്ധ ഖുർആനിലെ ” എന്നാൽ നിങ്ങൾ പള്ളികളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോൾ അവരുമായി (ഭാര്യമാരുമായി) സഹവസിക്കരുത് ” (അൽബഖറ: 187) എന്ന സൂക്തത്തെ മുന്നിൽ വെച്ച് അവർ ചോദിക്കുന്നു; വീട്ടിൽ ഇഅ്തികാഫ് ഇരിക്കാമോ?

ഇഅ്തികാഫിന്റെ നിർവചനം:
ഇഅ്തികാഫ് എന്നാൽ പിടിച്ചുവെക്കുക (الاحتباس), ഒരു സ്ഥലത്ത് തങ്ങുക (المكث) എന്നതാണ്. പതിവായി ചെയ്യുന്ന കാര്യങ്ങളിൽനിന്ന് സ്വന്തത്തെ പിടിച്ചുവെക്കുന്നതിനാണ് ഭാഷയിൽ ഇഅ്തികാഫ് എന്ന് പറയുന്നത്. കർമശാസ്ത്ര പണ്ഡിതരുടെ അടുക്കൽ ഇബാദത്തിന്റ ഉദ്ദേശത്തോടെ വിശ്വാസി പള്ളിയിൽ തങ്ങുക എന്നതാണ്. ഇമാം ബുജൈറമി അദ്ദേഹത്തിന്റെ ഹാശിയത് അലാ ശർഹിൽ മൻഹജിൽ പറയുന്നു: ഇഅ്തികാഫെന്നാൽ നിയ്യത്തോടെ ഒരു വ്യക്തി പള്ളിയിൽ തങ്ങുകയെന്നതാണ്. അതിന്റെ അടിസ്ഥാനം വിശുദ്ധ ഖുർആനിലെ സൂക്തമാണ്. ” നിങ്ങൾ പള്ളികളിൽ ഇഅ്തികാഫ് ഇരിക്കുമ്പോൾ ഭാര്യമാരുമായി സഹവസിക്കരുത് ” (അൽബഖറ: 187). ” പ്രദക്ഷിണം ചെയ്യുന്നവർക്കും, ഭജനമിരിക്കുന്നവർക്കും, കുമ്പിടുകയും സാംഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നവർക്കും വേണ്ടി എന്റെ മന്ദിരത്തെ പരിശുദ്ധമാക്കിവെക്കുക എന്ന് ഇബ്രാഹീമിനോടും ഇസ്മാഈലിനോടും അനുശാസിക്കുകയും ചെയ്തിരിന്നു ” (അൽബഖറ: 125).

Also read: ഇസ്‌ലാമിക നാഗരികതയുടെ മഹത്വത്തിന്റെ രഹസ്യം; ഒരു ക്രിസ്ത്യൻ കാഴ്ചപ്പാട്

ഇബ്നു ഖുദാമ മുഗ് നിയിൽ ഇഅ്തികാഫിനെ നിർവചിക്കുന്നു: ഒരു വസ്തുവിലേക്ക് കേന്ദ്രീകരിക്കുകയും, നല്ലതാകട്ടെ ചീത്തയാകട്ടെ മനസ്സിനെ അതിൽ പിടിച്ചുനിർത്തുകയും ചെയ്യുകയെന്നതാണ് ഭാഷയിൽ ഇഅ്തികാഫ് എന്നതുകൊണ്ട് അർഥമാക്കുന്നത്. അല്ലാഹു പറയുന്നു: ” مَا هَذِهِ التَّمَاثِيلُ الَّتِي أَنْتُمْ لَهَا عَاكِفُون ” (നിങ്ങൾ പൂജിക്കുന്ന ഈ വിഗ്രഹങ്ങൾ എന്താകുന്നു), ”  يَعْكُفُونَ عَلَى أَصْنَامٍ لَهُمْ ” (ആ സമുദായം തങ്ങളുടെ ചില വിഗ്രഹങ്ങളെ പൂജിക്കുന്നതിൽ മുഴികിയിരിക്കുന്നു). എന്നാൽ ശറഇൽ, പറയാൻ പോകുന്ന വിശേഷണങ്ങളുടെ അടിസ്ഥാനത്തിൽ പള്ളിയിൽ തങ്ങുക എന്നതാണ്. അഥവാ, അല്ലാഹുവിന്റെ സാമീപ്യം, അല്ലാഹുവിനോടുള്ള അനുസരണം തുടങ്ങിയ വിശേഷണങ്ങളുടെ അടിസ്ഥാനത്തിൽ. അല്ലാഹു പറയുന്നു: ” أَنْ طَهِّرَا بَيْتِي لِلطَّائِفِينَ وَالْعَاكِفِينَ ” (പ്രദക്ഷിണം ചെയ്യുന്നവർക്കും, ഭജനമിരിക്കുന്നവർക്കും വേണ്ടി എന്റെ മന്ദിരത്തെ പരിശുദ്ധമാക്കിവെക്കുക), ” وَلا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ ” (നിങ്ങൾ പള്ളികളിൽ ഇഅ്തികാഫ് ഇരിക്കുമ്പോൾ ഭാര്യമാരുമായി സഹവസിക്കരുത്).

ഇബ്നു മാജ അദ്ദേഹത്തിന്റെ സുനനിൽ ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസിനെ മുൻനിർത്തി എന്തുകൊണ്ട് ഇഅ്തികാഫെന്ന് വിളിക്കുന്നു എന്നതിന്റെ കാരണം ഇബ്നു ഖുദാമ വ്യക്തമാക്കുന്നു: പ്രവാചകൻ(സ) പറയുന്നു: മുഅ്തകഫ് (المعتكف – പാപങ്ങൾ അടക്കിനിർത്തുന്ന സ്ഥലം) എല്ലാ നല്ല പ്രവർത്തനവും ചെയ്യുന്നവനെ പോലെ അവന് നന്മകൾ ഒഴുകുന്നതാണ്. ഇത് ദുർബലമായ (ضعيف) ഹദീസാണ്.

സ്വാവി അദ്ദേഹത്തിന്റെ ഹാശിയത് അലശ്ശറഹ് അസ്സഗീറിൽ ഇഅ്തികാഫിന് മനോഹരമായ അർഥം നൽകുന്നു. അദ്ദേഹം പറയുന്നു: عكف يعكف عكفا وعكوفا എന്നിങ്ങനെ പറയപ്പെടുന്നു, ഒരു വസ്തുവിലേക്ക് നിരന്തരമായി തിരിയുകയെന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. اعتكف , انعكف എന്നതിന് ഒരർഥം തന്നെയാണുള്ളത്. ‘നന്മയിൽ തന്നെ നിലകൊണ്ടു’ ” اعتكف على الخير وانعكف ” ‘തിന്മയിൽ തന്നെ നിലകൊണ്ടു ‘ ” انعكف على الشر ” എന്നിങ്ങനെ പ്രയോഗിക്കപ്പെടുന്നു.

Also read: പട്ടിണി പരിഹരിച്ച് പ്രാർത്ഥിക്കാൻ വരൂ

ഇഅ്തികാഫ് ഇരിക്കുന്നതിന്റെ യുക്തി:
നോമ്പിനെ തുടർന്നുകൊണ്ട്  ഇഅ്തികാഫിനെ കുറിച്ച് പണ്ഡിതർ പറഞ്ഞതിന്റെ കാരണം സ്വാവി വിശദീകരിക്കുന്നു: അല്ലാഹു നോമ്പുമായി ബന്ധപ്പെട്ട് പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞപ്പോൾ, നാവിനെ അടക്കിനിർത്തുന്ന, ഇച്ഛകളെ തടഞ്ഞുനിർത്തുന്ന, ആരാധനകളിൽ മുഴുകുന്ന മാലാഖമാരോട് പൂർണാർഥത്തിൽ സാദൃശ്യം പുലർത്തുന്ന ഇഅ്തികാഫിനെ കുറിച്ച സംസാരത്തിലേക്ക് നീങ്ങി. ബുദ്ധിയെന്ന കണ്ണാടിയെ കൂടുതൽ തിളക്കമുള്ളതാക്കുകയും, ആ സമയത്തെ ആദരണീയരായ മാലാഖമാരോട് സാദൃശ്യപ്പെടുത്തുകയും ചെയ്യുകയെന്നതാണ്
അല്ലാഹു നോമ്പ് നിയമമാക്കിയതിന്റെ യുക്തി.

അല്ലാഹുവിന്റെ അടുക്കൽ പ്രത്യേക സ്ഥാനം തേടികൊണ്ട് അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിനായി പൂർണാർഥത്തിൽ മനസ്സിനെ സമർപ്പിക്കുകയും, അല്ലാഹുവിന്റെ അടുക്കൽ പ്രത്യേക പദവി തേടുന്നതിന് തടയുന്ന ദുനിയാവിന്റെ കാര്യങ്ങളിൽ നിന്ന് മനസ്സിനെ അകറ്റി നിർത്തുകയുമാണ് ഇഅ്തികാഫിലൂടെ ഇഅ്തികാഫിരിക്കുന്ന ഒരു വ്യക്തി ചെയ്യുന്നത്.  അവിടെ മുഅ്തകിഫ് (ഇഅ്തികാഫ് ഇരിക്കുന്നയാൾ) നമസ്കാരത്തിൽ മുഴുകി സമയം ചെലവഴിക്കുന്നു. ജമാഅത്ത് നമസ്കാരത്തിനായി ഒരുങ്ങി കാത്തിരിക്കുകയെന്നതാണ് ഇഅ്തികാഫിന്റെ അടിസ്ഥാന ലക്ഷ്യം. അല്ലാഹുവിന്റെ കല്പനകൾ ധിക്കാരിക്കാത്ത, കല്പിക്കപ്പെട്ടത് തദനുസാരം പ്രവർത്തിക്കുന്ന, ഒരു വീഴ്ചയും വരുത്താതെ രാവും പകലും അവനെ സ്തുതിക്കുന്ന മാലാഖമാരോട് സ്വന്തത്തെ സാദൃശ്യപ്പെടുത്തുകയാണ് ഇഅ്തികാഫിരിക്കുന്ന വ്യക്തി ഇഅ്തികാഫിലൂടെ ചെയ്യുന്നത്.

Also read: കൊറോണ കാലത്ത് വേഗത്തിലാക്കേണ്ട സകാത്ത്

ഇഅ്തികാഫിന്റെ വിധി:
റമദാനിലും അല്ലാത്തപ്പോഴും ഇഅ്തികാഫിരിക്കുകയെന്നത് വിശ്വാസിക്ക് പ്രതിഫലം നേടിതരുന്ന സുന്നത്താണ്. നേർച്ച നേരുകയാണെങ്കിൽ അത് നിർബന്ധവുമാണ്. ഇബ്നു ഖുദാമ മുഗ് നിയില് പറയുന്നു: ഇബ്നു മുൻദിർ പറയുന്നു: ജനങ്ങൾക്ക് ഇഅ്തികാഫ് നിർബന്ധമല്ലെന്നും, സുന്നത്താണെന്നുമുള്ള കാര്യത്തിൽ പണ്ഡിതർ യോജിച്ചിരിക്കുന്നു. എന്നാൽ, ഒരുവൻ സ്വയം ഇഅ്തികാഫിരിക്കാൻ നേർച്ച ചെയ്യുകയാണെങ്കിൽ അവന് അത് നിർബന്ധമാകുന്നതാണ്. ഇഅ്തികാഫ് സുന്നത്താണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. അല്ലാഹുവിലേക്ക് അടുക്കുന്നതിനും, അവനിൽ നിന്നുള്ള പ്രതിഫലം കാംഷിച്ചും പ്രവാചകൻ(സ) ഇഅ്തികാഫ് പതിവാക്കിയിരുന്നു. പത്നിമാർ പ്രവാചകന്റെ കൂടെയും, പ്രവാചകന് ശേഷവും പള്ളിയിൽ ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. പ്രവാചക അനുചരന്മാർ ഇഅ്തികാഫ് ഇരുന്നിരുന്നില്ല എന്നത് ഇഅ്തികാഫ് നിർബന്ധമായിരുന്നില്ല എന്നതിനെ സൂചിപ്പിക്കുന്നു. പ്രവാചകൻ അതിനായി അവരോട് കല്പിച്ചിരുന്നില്ല; ഉദ്ദേശിക്കുന്നവർക്ക് ഇഅ്തികാഫിരിക്കാം എന്നതായിരുന്നു.

പ്രവാചകൻ(സ) പറയുന്നു: ‘ആരെങ്കിലും ഇഅ്തികാഫിരിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവസാനത്തെ പത്തിൽ ഇഅ്തികാഫിരിക്കട്ടെ’. അത് നിർബന്ധമായിരുന്നെങ്കിൽ ഉദ്ദേശിച്ചാൽ എന്ന് പ്രയോഗിക്കുമായിരുന്നില്ല. എന്നാൽ, നേർച്ചയാണെങ്കിൽ അതവന് നിർബന്ധമാകുന്നതാണ്. പ്രവാചകൻ(സ) പറയുന്നു: ‘അല്ലാഹുവിനെ അനുസരിക്കാമെന്ന് ആർ നേർച്ച ചെയ്യുന്നുവോ അവൻ അല്ലാഹുവിനെ അനുസരിക്കട്ടെ.’ ഉമർ(റ)വിൽ നിന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ ദൂതരെ, മസ്ജിദിൽ ഹറാമിൽ ഒരു രാത്രിയിൽ ഇഅ്തികാഫിരിക്കാമെന്ന് ഞാൻ നേർച്ച ചെയ്തിരുന്നു. പ്രവാചകൻ(സ) പറഞ്ഞു: ‘നേർച്ച ചെയ്തത് നീ പൂർത്തീകരിക്കുക.’

ഇഅ്തികാഫിന്റെ ശർതും റുക്നും:
ഭൂരിപക്ഷ പണ്ഡിതന്മാരുടെ അടുക്കൽ ഇഅ്തികാഫിന്റെ റുക്നുകൾ നാലെണ്ണമാണ്. ഇഅ്തികാഫിരിക്കുന്ന വ്യക്തി, നിയ്യത്ത്, ഇഅ്തികാഫിരിക്കുന്ന സ്ഥലം, പള്ളിയിൽ തങ്ങുക എന്നിവയാണ് ആ നാല് റുക്നുകൾ (അടിസ്ഥാനങ്ങൾ). മസ്ജിദിൽ തങ്ങുകയെന്നത് മാത്രമാണ് റുക്നായി ഹനഫികൾ പരിഗണിക്കുന്നത്. ബാക്കിവരുന്നത് നിബന്ധനകളായിട്ടാണ് (شروط وأطراف) അവർ കാണുന്നത്. മാലിക്കികൾ നോമ്പുണ്ടായിരിക്കണമെന്ന മറ്റൊരു റുക്നും കൂടി അധികരിപ്പിക്കുന്നുണ്ട്.

Also read: സ്ത്രീകളുടെ ഇമാമത്ത്

വിവേകമെത്തിയ കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്ക് ഇഅ്തികാഫ് ശരിയാകുന്നതാണ് എന്നതിൽ കർമശാസ്ത്ര പണ്ഡിതർ യോജിച്ചിരിക്കുന്നു. മുസ് ലിമായിരിക്കുക, ബുദ്ധിയും വിവേകവുണ്ടായിരിക്കുക, ആർത്തവത്തിൽ നിന്നും പ്രസവാനന്തരമുള്ള അവസ്ഥയിൽ നിന്നും ശുദ്ധിയായിരിക്കുക, ജനാബത്തിൽ നിന്ന് ശുദ്ധിയായിരിക്കുക എന്നിങ്ങളനെയുള്ള നിബന്ധനകൾ ഇഅ്തികാഫ് (ഐച്ഛികമായാലും, നിർബന്ധമായാലും) ശരിയാകുന്നതിന് പണ്ഡിതർ മുന്നോട്ടുവെക്കുന്നു.

സ്ത്രീകളുടെ ഇഅ്തികാഫ്:
സ്ത്രീകളുടെ ഇഅ്തികാഫ് ശരിയാകുമെന്ന കാര്യത്തിൽ പണ്ഡിതർ യോജിക്കുന്നുവെങ്കിലും, അവർ എവിടെയാണ് ഇഅ്തികാഫ് ഇരിക്കേണ്ടത് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. സ്ത്രീകൾ ഇഅ്തികാഫ് ഇരിക്കേണ്ടത് മസ്ജിദിലാണ് എന്നതാണ് ഭൂരിപക്ഷ പണ്ഡതരും കാണുന്നത്. ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുപ്പെടുന്നു: ‘വീട്ടിലെ മസ്ജിദിൽ (വീട്ടിലെ നമസ്കാര മുറി) ഇഅ്തികാഫ് ഇരിക്കാൻ നേർച്ചയാക്കിയെ ഒരു സ്ത്രീയെ കുറിച്ച് അദ്ദേഹം ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അത് ബിദ്അത്താണ്. അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും വെറുക്കപ്പെട്ട കാര്യം ബിദ്അത്താണ്.’ നമസ്കാരം നിർവിഹിക്കപ്പെടുന്ന പള്ളികളിലല്ലാതെ ഇഅ്തികാഫില്ല. കാരണം, വീട്ടിലെ പള്ളിയെന്ന് പറയുന്നത് യഥാർഥത്തിൽ പള്ളിയല്ല. അത് അവിടെ നിന്ന് മാറ്റാൻ കഴിയുന്നതാണ്. അതിന്റെ ഒരു വശത്ത് ഉറങ്ങാവുന്നതുമാണ്. അപ്രകാരം അനുവദനീയമായിരുന്നെങ്കിൽ പ്രവാചക പത്നിമാർ അനുവദനീയമാണെന്ന് വ്യക്തമാക്കുന്നതിന് ഒരു പ്രാവശ്യമെങ്കിലും ചെയ്യണമായിരുന്നു.

Also read: സ്ത്രീകൾ പുരുഷന്മാര്‍ക്ക് ഇമാമാകാമോ?

സ്ത്രീകൾക്ക് വീടുകളിലെ പള്ളികളിൽ ഇഅ്തികാഫിരിക്കുന്നത് അനുവദനീയമാണ് എന്നതാണ് ഹനഫീ മദ്ഹബിലെയും, പഴയ ശാഫിഈ മദ്ഹബിലെയും വീക്ഷണം. കാരണം, അത് നമസ്കാരം നിർവഹിക്കപ്പെടുന്ന സ്ഥലമാണ്. ജമാഅത്ത് നമസ്കാരം നടക്കുന്ന പള്ളികളിൽ സ്ത്രീകൾ ഇഅ്തികാഫിരിക്കുന്നതിനെ അവർ വെറുക്കുന്നു. വീടാണ് സമീപത്തുള്ള മസ്ജിദിനെക്കാൾ ഉത്തമമെന്നും, വലിയ മസ്ജിദിനെക്കാൾ സമീപത്തുള്ള മസ്ജിദാണ് ഉത്തമമെന്നും അവർ വീക്ഷിക്കുന്നു. എന്നാൽ, വീട്ടിൽ നമസ്കരിക്കുന്ന സ്ഥലത്തല്ലാതെ സ്ത്രീക്ക് ഇഅ്തികാഫിരിക്കാൻ അനുവാദമില്ല.

വിവ: അർശദ് കാരക്കാട്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker