Your Voice

മോഷണവും വേശ്യാവൃത്തിയും ഇന്ധനമാക്കുന്നവർ

ഒരു തെമ്മാടിയുടെ അവസാനത്തെ അഭയ കേന്ദ്രമാണ് രാഷ്ടീയമെന്ന ആശയത്തെ കേൾക്കേണ്ട മാത്രം ഏറ്റു പറയുന്നവരെല്ലാം മനസ്സിൽ കാണുന്നത് അധികാര രാഷ്ട്രീയത്തെയാണ്. ശരിയാണ് തെമ്മാടികളുടെ അവസാനത്തെ അഭയ കേന്ദ്രം രാജ്യങ്ങളുടെ ഭരണാധികാരങ്ങൾ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം തന്നെയാണ്. മനുഷ്യന്റെ ജീവിതത്തെ ആപാദചൂഡം ചൂഴ്ന്നു നിൽക്കുന്ന രാഷ്ട്രീയം പക്ഷെ രാജ്യഭരണത്തിൽ മാത്രം പരിമിതമല്ല. മനുഷ്യ ജീവിതത്തിന്റെ ഓരോ മുടിനാരിഴയിലും അധികാരത്തിന് ഇടനാഴികകളുണ്ട്. അവയിലൊന്നായ സ്ത്രീ പുരുഷ അല്ലങ്കിൽ ഭാര്യ ഭർതൃ ബന്ധത്തിലെ അധികാര രാഷ്രീയത്തെ കുറിച്ച ചർച്ച അഭംഗുരം തുടരുകയാണ്. ബഹു ഭാര്യത്വം, വിവാഹ മോചനം, പുരുഷന്റെ കൈകാര്യ കർതൃത്വം തുടങ്ങിയ വിഷയങ്ങളെ കയറിപ്പിടിച്ചു മതങ്ങളെ വീക്കാനുള്ള വ്യഗ്രതകൾക്ക് വില്പന മൂല്യം കൂടി വരുന്ന സന്ദർഭമാണിത്. പക്ഷെ, വിവാഹ മോചനമില്ലാത്ത ഏകപത്നി ജീവിതങ്ങളിലെ ചപ്പും ചവറും ചളിപ്പും കുഴിച്ചെടുത്തു പ്രദർശിപ്പിക്കുന്ന ഒന്നാണ് കെ ആർ മീരയുടെ ആരാച്ചാർ നോവൽ. കുട്ടികളുണ്ടാവാൻ വിവാഹവും ആനന്ദ പൂർത്തീകരണത്തിന് പരസ്ത്രീഗമനവുമെന്നത് ഇന്നത്തെ ലോകത്തു നിലനിൽക്കുന്ന ഒരു കേവല സത്യം മാത്രമാണെന്നു വെളിപ്പെടുത്തുന്നതാണ് നോവൽ. വ്യഭിചാരവും പരസ്ത്രീഗമനവും ജീവിത ചര്യയുടെ അവിഭാജ്യ ഘടകമയക്കിയ പുരുഷന്മാർ നിർദാക്ഷിണ്യം മേയുന്ന ഊഷര ഭൂമിയാണ് ആരാച്ചാർ. ആരാച്ചാരിലെ സ്ത്രീകൾ കണ്ടുമുട്ടുന്ന പുരുഷന്മാർ മുഴുവനും തനി പെൺ പിടിയന്മാരോ വ്യഭിചാരികളോ കാമിനികൾക്ക് വേണ്ടി കൊലനടത്തുന്നവരോ ആണ്.

പരമ്പരാഗതമായി ആരാച്ചർമാരായതിനാൽ നാട്ടിൽ മാത്രമല്ല സർക്കാരിലും കേളി കെട്ടവരായിരുന്ന ഗൃദ്ധാ മല്ലിക്ക് കുടുംബത്തിന്റെ ജീവിത്തിലെ ചില താളുകളാണ് നോവലിന്റെ വിഷയം. നോവലിലെ മുഖ്യ കഥാപാത്രം ചേതന യെന്ന യുവതിയുടെ ചിരപുരാതന കുടുംബത്തിന്റെ ചരിത്രത്തിൽ ആദ്യത്തെ ആരാച്ചാർ എന്നറിയപ്പെട്ടത് പിംഗളകേശിനിയെന്ന ഒരു സ്ത്രീയായിരുന്നു. തന്റെ സമ്മതമില്ലാതെ നീണ്ട 19 വര്ഷം തന്നെ ലൈംഗികമായി ചൂഷണം ചെയ്ത തുഖൻ ഖാൻ എന്ന ബംഗാൾ ഭരണാധികാരിയെ തൂക്കിലേറ്റിയാണ്‌ അവർ ആ പദവിക്ക് അർഹയായത്.

Also read: അസം തടങ്കല്‍ കേന്ദ്രങ്ങളിലുള്ളവരെ നാം മറന്നുകൂട

ചേതനഃയുടെ അച്ഛൻ ഫണിഭൂഷൺ ഗൃദ്ധാ മല്ലിക്കിലൂടെ ചുരുളഴിയുന്നത് ലക്ഷണമൊത്ത ഒരു സ്ത്രീ വിരുദ്ധ കഥാപാത്രമാണ്. ആരാച്ചാർ ജോലി താവഴിയായി ചേതനക്ക് അർഹത പെട്ടതാണെന്നും ചേതനയുടെ ലിംഗം അതിനൊരു തടസ്സമാവുന്നതു പരിഷ്‌കൃത ലോകം വാനിലുയർത്തിവെച്ചിരിക്കുന്ന പുരോഗമനാശയങ്ങളുടെ പതാകകൾക്ക് കളങ്കമാവുമെന്നും സന്ദർഭത്തിനനുസരിച്ചു വാദിക്കുന്ന ഫണിഭൂഷൺ വീട്ടിൽ സ്ത്രീ നസ്വാതന്ത്ര്യമർഹതിയെന്ന സിദ്ധാന്തത്തിന്റെ ഇരുമ്പു മുഷ്ടിക്കാരനാണ്. ബംഗാളിലെ സ്ത്രീ മാംസ ദാഹികളുടെ ശരണ മായിരുന്ന സോനാഗച്ചിയിലെ നിത്യ സന്ദർശകനായിരുന്നു ഫണിഭൂഷൺ. ഞങ്ങളുടെ കുടുംബത്തിൽ മിച്ചം വരുന്ന ഓരോ ചില്ലി കാശും സമുദ്രത്തിലേക്കു കുതിക്കുന്ന ഗംഗയിലെ നീർമണികൾ പോലെ സോനാഗച്ചിയിൽ വിലയം പ്രാപിച്ചു വെന്ന് ഇതിനെ പറ്റി ചേതനയുടെ ‘അമ്മ നോവലിൽ വിലപിക്കുന്നുണ്ട്. ചേതന ഥാമുക്ക എന്ന് വിളിച്ചിരുന്ന നൂറു വയസ്സ് പിന്നിട്ടിരുന്ന അവളുടെ അച്ഛമ്മ തന്റെ മകനും ചേതനയുടെ അച്ഛനുമായ ഫണിഭൂഷൺ ഗൃദ്ധാ മാലിക്കിന്റെ മഹത്വം വിളമ്പുന്നത് കേട്ട് സഹികെട്ട ചേതനയുടെ അമ്മ സച്ചിൻമയി നോവലിന്റെ തുടക്കത്തിൽ തന്നെ ഫണിഭൂഷൺ മാലിക്കിനെ വിലയിരുത്തുന്നുണ്ട്.

അവർക്കിടയിലെ ആ സംഭാഷണം നോവലിൽ ഇങ്ങനെയാണ്:

“എടീ ഗൃദ്ധാ മല്ലിക്കിന്റെ വിലയെന്താണെന്ന് നീ ഈ നാട്ടിലെ സർക്കാരിനോട് പോയീ ചോദിക്ക് എന്ന് മുത്തശ്ശി ഥാമുക്ക വെല്ലുവിളിച്ചു. അപ്പോൾ മെലിഞ്ഞുണങ്ങിയ ഉയർന്ന മൂക്കും കുഴിഞ്ഞു താണ കണ്ണുകളുമുള്ള മാ പതിവുപോലെ തന്റെ തുറുപ്പു ശീട്ടു പുറത്തെടുത്തു.

വിലയന്താണെന്നു സോനാഗച്ചിയിലെ മറ്റുവളമാരോട് പോയി ചോദിക്ക്.

അവളുമാരു പോരാഞ്ഞിട്ടാണല്ലോ വയസ്സ് കാലത്തു എന്നെ പിന്നെ ഭാരം ചുമപ്പിച്ചത്.
ഇരുപത്തിമൂന്നു വര്ഷം മുമ്പ്, ഏഴു പേരെ കൊന്ന ഒരു പരമ്പര കൊലയാളിയെ തൂക്കിലേറ്റി വന്ന ശേഷം അച്ഛൻ എന്നെ ജനിപ്പിച്ച കഥയാണ് അമ്മ സൂചിപ്പിച്ചത്”.

വേശ്യലയത്തിലെ നിത്യ സന്ദർശകനായിരുന്ന ഫണിഭൂഷൺ തന്നെ പുണർന്നു തന്റെ ഇളയ മകളും നോവലിലെ നായികയുമായ ചേതനയെ ജനിപ്പിച്ചതിനെ കുറിച്ച് അവളുമാര് പോരാഞ്ഞിട്ടാണല്ലോ വയസ്സ് കാലത്തു എന്നെ പിന്നെ ഭാരം ചുമപ്പിച്ചത് എന്ന ഫണിഭൂഷന്റെ ഭാര്യയുടെ പരാമർശത്തിൽ നിന്നും ഫണിഭൂഷൻ ദാമ്പത്യ ജീവിതത്തിനു കല്പിച്ചത് പുല്ലുവിലയായിരുന്നു വെന്ന് മനസ്സിലാക്കാൻ പറ്റും. ജീവിതത്തിൽ താൻ വെച്ചു കൊണ്ടിരുന്ന ഒട്ടനവധി രഹസ്യ കാമുകിമാരുടെ പേർ വിവരങ്ങളും കാലങ്ങളും ഫണിഭൂഷൺ കഥയിൽ വെളിപ്പെടുത്തുന്നുണ്ട്. അതും തന്റെ മകൾ ചേതനയെ താലികെട്ടാനെന്നും പറഞ്ഞു വന്ന യുവാവിനോട്. പേരിനു ഏക പത്‌നി വ്രതക്കാരും പ്രയോഗത്തിൽ പൂന്തോട്ടത്തിൽ ആർത്തുല്ലസിച്ചു വിവിധ പുഷ്പങ്ങളുടെ തേൻ നുകരുന്ന വണ്ടുകളുമായ പുരുഷ ലോകത്തിന്റെ കാപട്യത്തിലേക്കു നോവൽ വെളിച്ചം വീശുന്നു. രോഗിയായ തന്റെ സഹോദരനെ ശുസ്രൂഷിക്കാൻ പണം കണ്ടത്തുന്നതിനു വേണ്ടി അയാളുടെ ഭാര്യ ലൈംഗിക തൊഴിൽ രംഗത്തേക്ക് ഇറങ്ങി പുറപ്പെട്ടതിന്റെ പേരിൽ രണ്ടു പേരെയും കൊന്നു ജയിലിൽ പോവുന്ന ഒരു സദാചാര ഗുണ്ടയായിട്ടാണ് ഈ ആരാച്ചാരെ നോവലിന്റെ അന്ത്യത്തിൽ നാം വായിക്കുന്നത്. എന്തൊരു വിരോധാഭാസം. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ഉരുവിട്ട പ്രവാചകന്മാരുടെ പാരമ്പര്യത്തെ പരിഹസിക്കുന്ന ആധുനിക ലോകം എത്തിപ്പെട്ട ധർമച്യുതി.

Also read: മക്കള്‍ക്കിടയിലെ വഴക്ക് നിങ്ങള്‍ക്കൊരു തലവേദനയാണോ?

അത്യാധുനിക ലോകത്തും സ്ത്രീ സമൂഹം അബലകളാണ്. പ്രതികരണ ശേഷിയില്ലാത്തവർ. പ്രതികരണ മാർഗങ്ങൾ ഇനിയും ലഭിച്ചിട്ടില്ലാത്തവർ. അവളുമാരുടെ അടുത്ത് പോയത് മതിയാകാഞ്ഞിട്ടാണെല്ലോ എന്നെ വീണ്ടും ഭാരം ചുമപ്പിച്ചത് എന്ന ഫണിഭൂഷന്റെ ഭാര്യയുടെ പരാമർശത്തേക്കാൾ സഹതാപമർഹിക്കുന്ന സംഭാഷണങ്ങൾ സ്ത്രീകളുടേതായി കെ ആർ മീരയുടെ ആരാച്ചാർ എന്ന ഈ നോവലിലുണ്ട്. ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ചരിത്രത്തിൽ ആദ്യത്തെ ഔദ്യാഗിക വനിതാ ആരാച്ചാരായി നിയമനം ലഭിച്ച ശേഷം ജയിൽ അധികൃതരെ സന്ദർശിക്കുന്ന വേളയിൽ പുരുഷ കേസരികളുടെ കള്ളനോട്ടത്തിൽ നിന്നും ചേതന സ്വയം രക്ഷ നേടിയതിനെ ചേതന വിവരിക്കുന്നത് ഇങ്ങനെ വായിക്കാം.

“അച്ഛന്റെ കണ്ണടയിൽ പകുതി മറഞ്ഞു ഞാൻ ഐ ജി യുടെയും കറുത്ത കണ്ണടയിലൂടെയുള്ള സഞ്ജീവ് കുമാറിന്റെയും നോട്ടങ്ങളിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു”.

തന്റെ സമ്മതമില്ലാതെ തന്റെ മാറിടത്തിൽ പിടിച്ചു ഞെരുക്കുകയും തന്നെ ഞാൻ അനുഭവിക്കുമെന്നു മൃഗീയമായി ഭീഷണിപ്പെടുത്തുകയും തന്റെ കാമുകനായി അഭിനയിച്ചു കുടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്ന
സഞ്ജീവ് കുമാർ മിത്രയെന്ന പത്രപ്രവർത്തകനോട് പ്രതികാരം വീട്ടിയ രീതി ചേതനയുടെ വാക്കുകളിൽ തന്നെ വായിക്കാം.

“യാത്ര പറയുമ്പോൾ അയാളെ ഞാൻ നോക്കിയതേയില്ല. എന്നെപോലെ ഒരശക്തക്ക് ഒരു പ്രതാപിയോടു ചെയ്യാവുന്ന ആകെ പ്രതികാരം അത് മാത്രമായിരുന്നു. അവഗണന”.

സഞ്ജീവ് മിത്രയെന്ന പത്രപ്രവർത്തകൻ ചേതനയെ പ്രേമിക്കുന്നതായി അഭിനയിക്കുകയായിരുന്നു. പലയിടത്തുനിന്നായി മോഷ്ടിച്ച വസ്തുക്കളായിരുന്നു ചേതനക്ക് അയാൾ സമ്മാനങ്ങളായി നൽകിയിരുന്നത്. അയാൾ ഗംഗയിലെ പോലെ സ്വന്തം മാലിന്യങ്ങൾ എന്റെ ശരീരത്തിൽ നിമഞ്ജനം ചെയ്തു കൊണ്ടിരുന്നുവെന്നാണ് ചേതന അതേപ്പറ്റി പ്രതികരിക്കുന്നത്.

Also read: ആഫ്രിക്കയിലെ മെഡിക്കൽ കൊളോണിയലിസം

മോഷണത്തിലും വേശ്യവൃത്തിയിലും ഇന്ധനം കണ്ടെത്തുന്ന സംസ്കാരങ്ങളുടെ മനുഷ്യനോടുള്ള സമീപനവും ഈ നോവൽ അനാവരണം ചെയ്യുന്നുണ്ട്. പാവപ്പെട്ടവരെ അഗണ്യ കോടികളായി സങ്കൽപ്പിച്ചു അവരുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്നു ഈ സംസ്‍കാരം. തൂക്കിവിറ്റാൽ വില കിട്ടാത്ത ഒരു പാഴ് വസ്തുവോ എടുക്കാച്ചരക്കോ ആണ് ഈ ലോകത്തിലെ സംസ്‌കൃതർക്ക് സത്യസന്ധത. പാവങ്ങൾക്ക് അവർ വധ ശിക്ഷ വിധിച്ചു വെച്ചിരിക്കുകയാണ്. അവരുടെ ആരാച്ചാരായി ക്ഷാമത്തെയും പട്ടിണിയെയും നിയമിച്ചിരിക്കുന്നു.
പട്ടിണിക്കിട്ടു ഇഞ്ചിഞ്ചായി കൊല്ലാതെ ഞങ്ങളെ തൂക്കു മരത്തിലേറ്റി വധിച്ചു കളയാത്തതെന്തെന്നു ചോദിക്കാനുള്ള ഒരു പൊതുബോധവും തിരിച്ചറിവും ഈ നോവലിലെ ഒട്ടനവധി കഥാപാത്രങ്ങളിലും സൃഷ്ടിച്ചെടുക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്.

മറ്റുള്ളവരുടെ കഷ്ടപ്പാടുകളുടെ നേരെ മനുഷ്യർ കാണിക്കുന്ന അങ്ങേയറ്റത്തെ നിസ്സംഗതയും അന്യനോടുള്ള കരുതലില്ലായ്മയുമാണ് ലോകത്തിന്റെ മാറ്റത്തിനു തടസ്സം നിൽക്കുന്നതെന്ന മുകുന്ദന്റെ മരുഭൂമികൾ ഉണ്ടാവുന്നത് എന്ന നോവലിലെ കഥാപാത്രങ്ങളുടെ കണ്ടുപിടുത്തം വായിച്ചതു ഓർത്തുപോയി. തടവ് പുള്ളികളെ രാജ്യത്തിന്റെ രഹസ്യ സങ്കേതങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നതിനെ കുറിച്ചാണ് മുകുന്ദൻ പ്രതിപാദിക്കുന്നത്. ജോലിക്കിടയിലെ ചലനങ്ങൾ അല്പം സാവകാശമാവുകയോ നിലക്കുകയോ ചെയ്താൽ അടിമ പണിയിലേർപ്പെട്ട തടവ് പുള്ളികളെ പിരടിക്കി പിടിച്ചു തള്ളുന്നുണ്ട്‌ മേൽനോട്ടക്കാർ മുകുന്ദന്റെ നോവലിൽ. പാവപ്പെട്ടവരെ വെറും ശവങ്ങളായി മാത്രം കാണുന്ന ആധുനിക ലോക ക്രമത്തെയാണ് രണ്ടു നോവലുകളും വിമർശിക്കുന്നത്.

Facebook Comments
Related Articles
Close
Close